അവർ “അവന്റെ ശബ്ദം അറി”യുന്നു
“യഹോവ എന്റെ ഇടയനാകുന്നു.” സങ്കീർത്തനം 23-ന്റെ പ്രാരംഭ വാക്കുകളാണ് ഇവ. യെശയ്യാവിന്റെ പ്രവചനത്തിൽ തിരുവെഴുത്തുകൾ വീണ്ടും യഹോവയെ ഒരു ഇടയനോട് ഉപമിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.”—യെശയ്യാവു 40:11.
സമാനമായി, യേശുക്രിസ്തുവിനെയും ഒരു ഇടയനോടു സാമ്യപ്പെടുത്തിയിരിക്കുന്നു. അവൻ പറഞ്ഞു: “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാൻ 10:11) “ആടുകൾ അവന്റെ [ഇടയന്റെ] ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു” എന്ന് യേശു പറഞ്ഞു. തുടർന്ന് അവൻ ഇതും പറഞ്ഞു: “ആടുകൾ അവന്റെ [ഇടയന്റെ] ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യൻമാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.”—യോഹന്നാൻ 10:2-5.
മേൽപ്പറഞ്ഞ തിരുവെഴുത്തുകളിൽ ചിത്രീകരിച്ചിരിക്കുന്ന പ്രതിച്ഛായക്കു ചേർച്ചയിലാണ് യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും പ്രവർത്തിച്ചിട്ടുള്ളത്. തങ്ങളുടെ പ്രതീകാത്മക ചെമ്മരിയാടുകളോടുള്ള അവരുടെ ഇടപെടലിൽ ആർദ്രതയും സ്നേഹനിർഭരമായ പരിപാലനവുമുണ്ട്. തത്ഫലമായി, തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ്, സുരക്ഷിതരാണ്, സംരക്ഷിക്കപ്പെടുന്നവരാണ് എന്നൊക്കെയുള്ള തോന്നൽ ചെമ്മരിയാടുതുല്യരായവർക്കുണ്ട്.
അക്ഷരീയ ചെമ്മരിയാടുകൾക്ക് ഇടയനോടുള്ള ബന്ധത്തോടാണ് ഈ ബന്ധത്തെ ഉചിതമായി ഉപമിച്ചിരിക്കുന്നത്. ഈ വിഷയത്തിലുള്ള തന്റെ നിരീക്ഷണങ്ങൾ 1831-ൽ ജോൺ ഹാർട്ട്ലി എഴുതുകയുണ്ടായി. ഇടയൻമാർ തങ്ങളുടെ ചെമ്മരിയാടുകൾക്കു പേരു കൊടുക്കുക എന്നതു ഗ്രീസിൽ ഒരു പതിവു സംഗതിയായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. പേരു ചൊല്ലി വിളിക്കുമ്പോൾ ഇടയന്റെ ശബ്ദത്തോടു ചെമ്മരിയാടു പ്രതികരിക്കും. ഏതാണ്ട് 51 വർഷം കഴിഞ്ഞ്, 1882-ൽ ജെ. എൽ. പോർട്ടർ സമാനമായ നിരീക്ഷണങ്ങൾ നടത്തി. “പരുപരുത്ത ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടുള്ള . . . ഒരു വിളി” നടത്തുന്ന ഇടയൻമാരെയും അനുസരണയോടെ അതിനോടു പ്രതികരിച്ച് ഇടയൻമാരെ അനുഗമിക്കുന്ന ചെമ്മരിയാടുകളെയും അദ്ദേഹം നേരിട്ടു കണ്ടിട്ടുണ്ട്. ഇടയനെ എങ്ങനെ പിൻപററണമെന്നും അയാളുടെ ശബ്ദം എങ്ങനെ തിരിച്ചറിയണമെന്നും ചെമ്മരിയാടുകളെ പഠിപ്പിക്കാനാവുമെന്ന് ആവർത്തിച്ചുള്ള പരീക്ഷണങ്ങൾ തെളിയിച്ചതായി അതേ വർഷംതന്നെ വില്യം എം. തോംസൺ എഴുതി.
ഇടയൻമാരും അവരുടെ ചെമ്മരിയാടുകളും തമ്മിലുള്ള ഈ അനുപമ ബന്ധം ആധുനിക നാളുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് അതിന്റെ 1993 സെപ്ററംബർ ലക്കത്തിൽ ഉത്തരപശ്ചിമേന്ത്യയിലെ കന്നുകാലിവളർത്തുകാരായ റാബാരിമാരെപ്പററി ഓസ്ട്രേലിയൻ സാഹസഗവേഷകയായ റോബിൻ ഡേവിഡ്സൻ ഇങ്ങനെ എഴുതി: “സ്വരത്തിൽ അൽപ്പസ്വൽപ്പ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടുള്ള വ്യത്യസ്ത ഉദ്ദേശ്യത്തിലുള്ള വിളികൾ ഓരോ ഇടയനുമുണ്ട്. രാവിലെ അവയെ പുറത്തേക്കു കൊണ്ടുവരാനും ചെമ്മരിയാടുകൾക്കു വെള്ളംകൊടുക്കാനുമൊക്കെയായി വിവിധതരം വിളികളുണ്ട്. ഓരോ മനുഷ്യനും തന്റെ ചെമ്മരിയാടുകളെയും അവയ്ക്ക് അയാളെയും അറിയാം. അയാളുടെ പ്രത്യേക ആട്ടിൻകൂട്ടം വലിയ ആട്ടിൻകൂട്ടത്തെ വിട്ടുപിരിഞ്ഞ് രാവിലെ അയാൾക്കു പിന്നാലെ പുറത്തേക്കു പോരുന്നു.”
നിസ്സംശയമായും, യേശു നിരീക്ഷിച്ചത് ഈ നാലു സഞ്ചാരികളും വർണിച്ചിരിക്കുന്നതുതന്നെയാണ്. തന്റെ ശബ്ദം അറിയുന്ന ചെമ്മരിയാടുകളെ കുറിച്ചുള്ള അവന്റെ ദൃഷ്ടാന്തത്തിന് അവന്റെതന്നെ നിരീക്ഷണങ്ങൾ നിമിത്തം വാസ്തവികത കൈവന്നു. നിങ്ങൾ യേശുവിന്റെ ചെമ്മരിയാടുകളിൽ ഒന്നാണോ? നിങ്ങൾ അവന്റെ ശബ്ദം അറിഞ്ഞ് അവനെ ശ്രദ്ധിക്കുന്നുവോ? അവന്റെ പഠിപ്പിക്കലുകളെ സത്യമായി തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നെങ്കിൽ, നിങ്ങൾ അവന്റെ കൽപ്പനകൾ അനുസരിച്ച് യഹോവയെ ആരാധിക്കുന്നതിൽ അവന്റെ നേതൃത്വം പിൻപററുന്നെങ്കിൽ യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും സ്നേഹാർദ്രമായ മേയ്ക്കൽ അനുഭവിക്കാൻ നിങ്ങൾക്കു കഴിയും.—യോഹന്നാൻ 15:10.