ഫിജിയിലെ വെള്ളങ്ങളിൽ “മീൻപിടിക്കൽ”
ഫിജി—ആ പേര് ദക്ഷിണ മഹാസമുദ്രത്തിലെ ഒരു പറുദീസയുടെ ദൃശ്യം മനസ്സിലേക്കു വിളിച്ചുവരുത്തുന്നു. നീല-ഹരിത ജലാശയങ്ങൾ, പവിഴപ്പുററുകൾ, കാററിലുലയുന്ന തെങ്ങുകൾ, ഹരിതമോഹന മലകൾ, ഉഷ്ണമേഖലാ മത്സ്യങ്ങൾ, വിദേശത്തുനിന്നു കൊണ്ടുവന്ന പഴങ്ങളും പൂക്കളും. ഇവയെല്ലാം, ദക്ഷിണ പസഫിക്കിലെ ന്യൂസിലൻഡിന് ഏതാണ്ട് 1,800 കിലോമീററർ വടക്കായി സ്ഥിതിചെയ്യുന്ന 300 ദീപുകളുള്ള ഈ ദ്വീപസമൂഹത്തിൽ നിങ്ങൾക്കു സമൃദ്ധമായി കാണാൻ കഴിയും. അതിനാൽ ഫിജി സകലരുടേയും സ്വപ്നമായ ഒരു ഉഷ്ണമേഖലാ പറുദീസയാണ് എന്നു നിങ്ങൾ സമ്മതിച്ചേക്കും.
എന്നാൽ, ഫിജി അതിന്റെ പ്രകൃതി സൗന്ദര്യത്തിലുമധികം വശ്യസുന്ദരമാണ്. അതേ, പവിഴപ്പുററുകളിൽ നാനാതരത്തിലുള്ള മത്സ്യങ്ങൾ ഉള്ളതുപോലെ കരയിലും വൈവിധ്യം കാണാവുന്നതാണ്. ഫിജിയിലെ ജനക്കൂട്ടങ്ങൾക്കിടയിലുള്ളതുപോലത്തെ വ്യത്യാസങ്ങൾ ദക്ഷിണ പസഫിക്കിൽ വേറൊരിടത്തും കാണാൻ കഴിഞ്ഞെന്നുവരില്ല. അവിടെ ഏതാണ്ട് 7,50,000 നിവാസികളുണ്ട്. അവരുടെയിടയിലുള്ള രണ്ടു വലിയ സമൂഹങ്ങൾ മലനേഷ്യാ ഉത്ഭവമുള്ള സ്വദേശികളായ ഫിജിക്കാരും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നാളുകളിൽ ഇന്ത്യയിൽനിന്നു കൊണ്ടുവന്ന തൊഴിലാളികളുടെ പിൻഗാമികളായ, ഫിജിയിൽ ജനിച്ചുവളർന്ന ഇന്ത്യാക്കാരുമാണ്. എന്നാൽ അവരെക്കൂടാതെ ബനാബക്കാരും ചൈനാക്കാരും യൂറോപ്യൻമാരും ഗിൽബർട്ടുകാരും റോട്ടുമക്കാരും തുവാലുക്കാരും വേറെ ചിലരും അവിടെയുണ്ട്.
ഈ ബഹുസംസ്കാര സമൂഹത്തിൽ യഹോവയുടെ സാക്ഷികൾ ഒരു “മീൻപിടുത്ത”വേലയിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയാണ്. (മർക്കൊസ് 1:17) നാനാപ്രകാരത്തിലുള്ള അത്തരമൊരു സമുദായത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നത് വളരെ രസാവഹമാണ്. ആദ്യമേതന്നെ ഭാഷാ-സംസ്കാര പ്രതിബന്ധങ്ങളെ തരണംചെയ്യേണ്ടതുണ്ട്. വ്യവഹാരഭാഷ ഇംഗ്ലീഷാണ് എന്നുവരികിലും പലപ്പോഴും ഫിജിയൻ, ഹിന്ദി, റോട്ടുമൻ എന്നിവയോ മററു ചില ഭാഷകളോ ഉപയോഗിക്കേണ്ടതായിവരും.
വ്യത്യസ്ത മതപശ്ചാത്തലങ്ങളിലുള്ളവരുമായി സംഭാഷണം നടത്തുന്നതിനും വ്യത്യസ്ത സമീപനം സ്വീകരിക്കേണ്ടതായുണ്ട്. സ്വദേശികളായ അനേകം ഫിജിക്കാരും മററു ദ്വീപുവാസികളും വ്യത്യസ്ത ക്രിസ്തീയ വിഭാഗങ്ങളിൽപ്പെട്ടവരാണ്. ഇന്ത്യാക്കാരായ ജനതതി ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരുമടങ്ങിയതാണ്. എങ്കിലും ഹിന്ദുക്കൾക്കാണു ഭൂരിപക്ഷം. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പള്ളികൾ ധാരാളമുണ്ട്. എന്നാൽ ഫിജിയുടെ വലിയ രണ്ടു ദ്വീപുകളിലുള്ള ഹൈന്ദവ ക്ഷേത്രങ്ങളും മുസ്ലീം മോസ്കുകളും എടുത്തുപറയത്തക്ക വ്യത്യാസം കാണിക്കുന്നു.
പ്രദേശത്തെ അനേകം സാക്ഷികൾ പ്രധാനപ്പെട്ട മൂന്നു ഭാഷകൾ—ഇംഗ്ലീഷ്, ഫിജിയൻ, ഹിന്ദി—സംസാരിക്കാൻപോന്നവിധമാണു വളർന്നുവന്നത്. ഈ സിദ്ധിയുണ്ടായിരിക്കുന്നത് “മീൻപിടുത്ത”വേലയിൽ വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ഒരു ഫിജിക്കാരൻ സ്ഫുടമായി ഹിന്ദി സംസാരിക്കുന്നതും ഒരു ഹൈന്ദവൻ ഒഴുക്കോടെ ഫിജിയൻ സംസാരിക്കുന്നതും കേൾക്കുമ്പോൾ ചിലപ്പോഴെല്ലാം ആളുകൾക്ക് ആശ്ചര്യം തോന്നാറുണ്ട്. സാംസ്കാരികവും മതപരവും ഭാഷാപരവുമായ വ്യത്യാസങ്ങളെ തരണംചെയ്യേണ്ടതുള്ളതിനാൽ “[സുവിശേഷത്തിൽ] ഒരു പങ്കാളിയാകേണ്ടതിന്നു” വൈവിധ്യമാർന്ന സമീപനം ആവശ്യമാണ്.—1 കൊരിന്ത്യർ 9:23.
ഒരു ഫിജിയൻ ഗ്രാമത്തിലെ “മീൻപിടുത്തം”
സ്വദേശികളായ ഫിജിക്കാർ സൗഹൃദവും ആതിഥ്യമര്യാദയുമുള്ള ജനങ്ങളാണ്. ഒരു നൂററാണ്ടിന് അല്പംമുമ്പുവരെ ഗോത്രയുദ്ധം പ്രബലപ്പെട്ടിരിക്കുകയായിരുന്നുവെന്നു ചിന്തിക്കുകതന്നെ പ്രയാസമാണ്. വാസ്തവത്തിൽ യൂറോപ്യൻമാർ ആദ്യം സമ്പർക്കം സ്ഥാപിച്ചപ്പോൾ നരഭോജി ദ്വീപുകൾ എന്നാണ് ഫിജി അറിയപ്പെട്ടിരുന്നത്. കാലക്രമേണ, സർവാധികാരിയായ ഒരാൾ അധികാരത്തിലേക്കു വരികയും ക്രിസ്ത്യാനിത്വം സ്വീകരിക്കുകയും ചെയ്തപ്പോൾ യുദ്ധത്തിനും നരഭോജനത്തിനും അറുതിയുണ്ടായി. ഗോത്ര വൈപരീത്യം വ്യത്യസ്ത പ്രവിശ്യകളിലെ പ്രാദേശിക ഭാഷകളിൽ മാത്രം നിലനിന്നു. എന്നുവരികിലും ബവുവാൻ ഭാഷയാണ് വ്യാപകമായി ഉപയോഗത്തിലുള്ളത്.
തലസ്ഥാന നഗരിയായ സുവാ കൂടാതെ അനേകം പട്ടണങ്ങൾ ഫിജിയിലാകമാനം ഉണ്ട്. അനേകം ഫിജിക്കാരും ഒരു ററുറാങ്കാ നീ കോറോ അഥവാ പ്രധാനിയുടെ അധീനതയിലുള്ള ഗ്രാമ സമൂഹങ്ങളിലാണു താമസിക്കുന്നത്. “മീൻപിടുത്ത”ത്തിൽ ഏർപ്പെടുന്നതിനായി ഒരു ഗ്രാമത്തിലുള്ള വ്യത്യസ്ത ബൂറേകളിൽ അഥവാ പ്രാദേശിക ഭവനങ്ങളിൽ പ്രവേശിക്കുന്നതിനുള്ള അനുവാദത്തിനുവേണ്ടി ഈ മനുഷ്യനെ സമീപിക്കുന്നതു നാട്ടുനടപ്പാണ്. ചിലപ്പോഴൊക്കെ അനുവാദം കിട്ടാറില്ല. പലപ്പോഴും അതിനുപിന്നിൽ സാക്ഷികളോടു വിരോധമുള്ള ഏതെങ്കിലുമൊരു ഗ്രാമ വൈദികനായിരിക്കും. ഒരു ഫിജിക്കാരന്റെ ഭവനം സന്ദർശിക്കുക എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?
ബൂറേയിൽ പ്രവേശിച്ചു കഴിഞ്ഞാലുടനെ ഞങ്ങൾ ചമ്പ്രംപടിഞ്ഞു തറയിലിരിക്കുകയായി. പാശ്ചാത്യ നാടുകളിൽ ശ്രദ്ധ പിടിച്ചുപററുന്നതിന് ഉപയോഗിക്കാറുള്ള സസൂക്ഷ്മ പദപ്രയോഗംകൊണ്ടുള്ള ഒരു മുഖവുര ഇവിടെ വേണ്ടിവരുന്നില്ല. ദൈവത്തെക്കുറിച്ചു സംസാരിക്കാൻ വരുന്ന ആർക്കും ഇവിടെ സ്വാഗതമുണ്ട്. ബൈബിൾ എടുക്കുവാൻ അഭ്യർഥിക്കുന്ന ഉടനെ “തൂലോ” (ക്ഷമിക്കണം) എന്നു പറഞ്ഞുകൊണ്ട് വീട്ടുകാരൻ എഴുന്നേററുകഴിഞ്ഞു. അലമാരയിലിരിക്കുന്ന ഫിജിയൻ ഭാഷയിലുള്ള ബൈബിൾ എടുത്തുകൊണ്ടുവരികയും സന്ദർശനം നടത്തുന്ന ശുശ്രൂഷകൻ സൂചിപ്പിക്കുന്ന വാക്യങ്ങൾ ആകാംക്ഷയോടെ വായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ആതിഥ്യമര്യാദയും ആദരവുമുള്ള ഫിജിക്കാരൻ വേറൊരു വിധത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നു. വീട്ടുകാരനെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ന്യായവാദം പിന്തുടരുന്നതിനും തങ്ങളുടെ വിശ്വാസങ്ങൾ ബൈബിൾ പഠിപ്പിക്കലുകളുമായി താരതമ്യം ചെയ്യുന്നതിന്റെ ആവശ്യം തിരിച്ചറിയുവാൻ അവരെ സഹായിക്കുന്നതിനും ഗണ്യമായ വിവേചനയും നയവും ആവശ്യമാണ്.
സമുദായപരമായ അവസ്ഥകളോ വിഷയങ്ങളോ ചർച്ചചെയ്യുന്നതിനെക്കാൾ താത്ത്വിക വിഷയങ്ങൾ ചർച്ചചെയ്യുന്നതിലാണു ഫിജിക്കാരായ വീട്ടുകാർക്കു പൊതുവേ താത്പര്യം. വാസ്തവത്തിൽ, നരകം ഏതു തരം സ്ഥലമാണ്? സ്വർഗത്തിൽപോകുന്നത് ആർ? ഭൂമി നശിപ്പിക്കപ്പെടുമോ? എന്നീ ചോദ്യങ്ങളുടെമേലുള്ള ചർച്ചയുടെ ഫലമായിട്ടാണ് ഫിജിയിലുള്ള 1,400-ൽപ്പരം സജീവ സാക്ഷികളിൽ അനേകരും ബൈബിൾ സത്യങ്ങളിൽ തത്പരരായത്. പ്രകടിപ്പിച്ച താത്പര്യം നിലനിർത്തിക്കൊണ്ടുപോകുന്നതിനു സാഹചര്യത്തിനൊത്തുള്ള പൊരുത്തപ്പെടലും സ്ഥിരതയും ആവശ്യമാണ്. പറഞ്ഞൊത്ത സമയത്തു തിരികെ ചെല്ലുമ്പോൾ മിക്കപ്പോഴും വീട്ടുകാരൻ റെറയ്ററയിലേക്കോ (തോട്ടം) മറെറവിടേക്കോ പോയതായിരിക്കും. സന്ദർശനത്തിൽ അവർ വിലമതിപ്പില്ലാത്തവരാണ് എന്ന് അതിനർഥമില്ല മറിച്ച്, സമയത്തെക്കുറിച്ചുള്ള അവരുടെ ബോധം വ്യത്യസ്തമാണ് എന്നതാണു കാരണം. പ്രദേശത്തെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ല. അവർ സ്ഥിരോത്സാഹത്തോടെ മറെറാരു സമയത്ത് സന്ദർശിക്കുന്നു. കുറിച്ചിടുന്നതിനു സ്ഥലപ്പേരോ വീട്ടുനമ്പരോ ഇല്ല. അതുകൊണ്ട്, മടക്കസന്ദർശനം നടത്തുമ്പോൾ ഒരുവന് നല്ല ഓർമശക്തി ആവശ്യമാണ്.
“മീൻപിടിക്കൽ” പോളിനേഷ്യാ രീതിയിൽ
നമുക്കിപ്പോൾ, ഒരു സഞ്ചാരമേൽവിചാരകനോടൊപ്പം അഥവാ ഒരു സർക്കിട്ട് മേൽവിചാരകനോടൊപ്പം ‘മീൻപിടിക്കാൻ’ പോകാം. അദ്ദേഹം റോട്ടുമയിലെ ചെറിയ സഭ സന്ദർശിക്കുകയാണ്. അഗ്നിപർവത ദീപുകളുടെ ഈ കൂട്ടം ഫിജിയിൽനിന്ന് 500 കിലോമീററർ വടക്കു സ്ഥിതിചെയ്യുന്നു. അവിടെ എത്തുന്നതിന് 19 സീററുകളുള്ള ഒരു വിമാനത്തിൽ നാം യാത്രചെയ്യുന്നു. പ്രധാന ദ്വീപിന്റെ വ്യാപ്തി 50 ചതുരശ്ര കിലോമീററർ ആണ്. അവിടത്തെ മൊത്തം ജനസംഖ്യ 3,000-ഉം. ഏതാണ്ട് 20 ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരത്തോടു ചേർന്ന് ഒരു ചരൽപാത പോകുന്നു. റോട്ടുമ ഫിജിയുടെ ഭരണത്തിൻകീഴിലാണെങ്കിലും അവിടത്തെ സംസ്കാരത്തിലും ഭാഷയിലും വ്യത്യാസമുണ്ട്. പോളിനേഷ്യാ ഉത്ഭവം ഉള്ളതിനാൽ അവിടത്തെ ജനങ്ങളും മലനേഷ്യക്കാരായ ഫിജിക്കാരും തമ്മിൽ ആകാരത്തിൽ വ്യത്യാസമുണ്ട്. കൂടുതൽപേരും റോമൻ കത്തോലിക്കരോ മെഥഡിസ്ററുകാരോ ആണ്.
നിലത്തിറക്കാനുള്ള ഒരുക്കത്തിൽ വിമാനം താഴുമ്പോൾ ദ്വീപിൽ തഴച്ചുവളരുന്ന വൃക്ഷസസ്യാദികൾ നമ്മുടെ ദൃഷ്ടിയിൽപ്പെടുന്നു. തെങ്ങിന്റെ തൂവൽപോലുള്ള ഓലമടൽ എല്ലായിടത്തും കാണാൻ കഴിയും. ആഴ്ചയിലൊരിക്കൽ വന്നെത്തുന്ന വിമാനത്തെ സ്വാഗതം ചെയ്യുന്നതിന് ഒരു വലിയ പുരുഷാരം സന്നിഹിതരാണ്. അക്കൂട്ടത്തിൽ ഒരു കൂട്ടം സാക്ഷികളുമുണ്ട്. നമുക്ക് ഊഷ്മളമായ സ്വാഗതമരുളപ്പെടുന്നു. നമ്മുടെ ദാഹശമനത്തിനായി “കണ്ണ്” ചെത്തിത്തുറന്ന അനേകം കരിക്കുകൾ നമുക്കു തരികയായി.
ഹ്രസ്വയാത്രയ്ക്കുശേഷം ഇതാ, നാം താമസസ്ഥലങ്ങളിലെത്തിക്കഴിഞ്ഞു. നിലം കുഴിച്ചുണ്ടാക്കിയ അടുപ്പിൽ പാകംചെയ്ത ഒരു ഊണ് തയ്യാറായിരിക്കും. പൊരിച്ച പന്നിയും കോഴിയും വറുത്ത മീനും ചിററക്കൊഞ്ചും പ്രാദേശിക കിഴങ്ങും ചേമ്പും നമ്മുടെ മുമ്പിൽ നിരത്തുന്നു. എന്തൊരു സദ്യയും സജ്ജീകരണങ്ങളുമാണ്, തൈത്തെങ്ങുകളുടെ കീഴിലെ പറുദീസാ സജ്ജീകരണം!
അടുത്തദിവസം നാം റോട്ടുമയിൽ ഹുവാങ്കാ എന്നുപേരുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ സന്ദർശിക്കുന്നു. ആദ്യത്തെ വീടിനോടു സമീപിക്കവേ കൂട്ടിൽനിന്നു രക്ഷപെട്ട ഒരു കുട്ടിപ്പന്നി നിലവിളിച്ചുകൊണ്ടു വിരണ്ടോടുകയാണ്. നാം വരുന്നതു വീട്ടുകാരൻ കണ്ടിട്ട് ഒരു മന്ദസ്മിതത്തോടെ വാതിൽതുറന്ന് റോട്ടുമ ഭാഷയിൽ “നോയ!” എന്നു പറഞ്ഞുകൊണ്ടു നമ്മെ അഭിവാദനം ചെയ്യുന്നു. പിന്നീട് നമ്മോട് ഇരിക്കാൻ അഭ്യർഥിക്കുന്നു. നമ്മുടെ മുമ്പിൽ ഒരു പ്ലേററുനിറയെ നേന്ത്രപ്പഴം വെച്ചിരിക്കുന്നു. കരിക്കിൻവെള്ളം കുടിക്കാനും നമ്മെ ക്ഷണിക്കുന്നുണ്ട്. റോട്ടുമയിൽ അതിഥിസത്കാരം കഴിഞ്ഞേയുള്ളൂ ബാക്കി എന്തും.
അജ്ഞേയതാവാദികളോ പരിണാമവാദികളോ ഇവിടെയില്ല. സകലരും ബൈബിളിൽ വിശ്വസിക്കുന്നു. ഭൂമിയോടുള്ള ബന്ധത്തിൽ ദൈവത്തിനുള്ള ഉദ്ദേശ്യംപോലത്തെ വിഷയങ്ങൾ എളുപ്പത്തിൽ അവരുടെ ശ്രദ്ധ പിടിച്ചുപററും. ഭൂമി നശിപ്പിക്കപ്പെടുകയില്ല മറിച്ച്, നീതിമാൻമാരായ ആളുകൾ എന്നെന്നേക്കും അതിൽ അധിവസിക്കുമെന്നു കേൾക്കുമ്പോൾ വീട്ടുകാരൻ അതിശയംകൂറുന്നു. (സങ്കീർത്തനം 37:29) ഈ ആശയത്തെ സംസ്ഥാപിക്കുന്ന തിരുവെഴുത്തുകൾ ബൈബിളിൽനിന്നു വായിക്കുമ്പോൾ അയാൾ സസൂക്ഷ്മം ശ്രദ്ധിക്കുകയും നാം നൽകുന്ന ബൈബിൾ സാഹിത്യങ്ങൾ ആകാംക്ഷയോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാം പുറപ്പെടാൻ തുടങ്ങുമ്പോൾ അത്തരമൊരു സന്ദർശനം നടത്തിയതിനു നമുക്കു നന്ദി നൽകുന്നതോടൊപ്പം വഴിയിൽവെച്ചു തിന്നുന്നതിന് ഒരു പ്ലാസ്ററിക്ക് കൂടു നിറയെ നേന്ത്രപ്പഴവും നൽകുന്നു. ഇവിടെ പ്രസംഗവേലയിൽ ഏർപ്പെടുന്നതുമൂലം ഒരുവന് എളുപ്പം വണ്ണംവയ്ക്കാൻ കഴിയും!
ഇന്ത്യാക്കാരുടെ സമുദായത്തോട് പൊരുത്തപ്പെടുന്നു
ദക്ഷിണ പസഫിക്കിലെ മററനേകം ദ്വീപു രാജ്യങ്ങളും പലജനവർഗങ്ങളുള്ളതാണെങ്കിലും ഇക്കാര്യത്തിൽ ഫിജി മുൻപന്തിയിൽ നിൽക്കുന്നു. മലനേഷ്യ, മൈക്രോനേഷ്യ, പോളിനേഷ്യ സംസ്കാരങ്ങളോടു തൊട്ടുതൊട്ടായി നിൽക്കുന്നതാണ് ഏഷ്യയിൽനിന്നു പറിച്ചുനട്ട ഒന്ന്. 1879-നും 1916-നും ഇടയിൽ കരാറടിസ്ഥാനത്തിൽ തൊഴിൽചെയ്യുന്നതിന് ഇന്ത്യാക്കാരെ കരിമ്പിൻതോട്ടങ്ങളിൽ കൊണ്ടുവന്നിരുന്നു. ഗിർമിത്ത് (കരാർ) എന്നു പേർപറയുന്ന ഈ ക്രമീകരണത്തിന്റെ ഫലമായി ആയിരക്കണക്കിന് ഇന്ത്യാക്കാർ ഫിജിയിലെത്തി. ഈ തൊഴിലാളികളുടെ പിൻഗാമികൾ ദേശത്തിലെ ജനസംഖ്യയുടെ ഒരു വലിയ ഭാഗമായിത്തീർന്നു. അവർ തങ്ങളുടെ സംസ്കാരവും ഭാഷയും മതവും നിലനിർത്തി.
ഫിജിയുടെ പ്രധാന ദ്വീപിന്റെ കാററുതട്ടാത്ത ഭാഗത്താണു ലൗട്ടോക്ക പട്ടണം സ്ഥിതിചെയ്യുന്നത്. ഇത് ഫിജിയുടെ കരിമ്പു വ്യവസായകേന്ദ്രവും ദേശത്തെ ഇന്ത്യൻ ജനസമൂഹത്തിൽ മിക്കവരുടെ ഭവനവും കൂടിയാണ്. യഹോവയുടെ സാക്ഷികളുടെ മൂന്നു സഭകളിലുള്ള അംഗങ്ങൾ തങ്ങളുടെ “മീൻപിടിക്കൽ”വേലയിൽ വളരെ വഴക്കമുള്ളവരായിക്കേണ്ടതുണ്ട്. വീടുതോറും സന്ദർശിക്കുമ്പോൾ വീട്ടുകാരന്റെ വംശവും മതവും അടിസ്ഥാനപ്പെടുത്തി തന്റെ ചർച്ചാവിഷയം അനുരൂപപ്പെടുത്തണം. ലൗട്ടോക്കയ്ക്കു പുറത്തുള്ള കരിമ്പിൻതോട്ടങ്ങളിൽ ചിതറിക്കിടക്കുന്ന ഭവനങ്ങളിൽ സന്ദർശനം നടത്തുന്ന പ്രദേശത്തെ ഒരു കൂട്ടം സാക്ഷികളോടൊപ്പം നമുക്കും പങ്കുചേരാം.
ആദ്യത്തെ വീടിനോടു സമീപിക്കവേ, മതിൽക്കെട്ടിന്റെ മുന്നിലത്തെ മൂലയിലായി അററത്തു ചുവന്ന തുണിക്കഷണങ്ങൾ കെട്ടിയ ഏതാനും നീണ്ട മുളക്കുററികൾ നാം ശ്രദ്ധിക്കുന്നു. ഇത് ഒരു ഹൈന്ദവ കുടുംബമാണ് എന്നു തിരിച്ചറിയിക്കുന്നു. മിക്കവാറും എല്ലാ ഹൈന്ദവ കുടുംബങ്ങളും തങ്ങളുടെ ദൈവങ്ങളുടെ ചിത്രങ്ങളാൽ അലങ്കൃതമാണ്. അനേകർക്കും കൃഷ്ണനെപ്പോലുള്ള ഇഷ്ടദേവനുണ്ട്. മിക്കപ്പോഴും വീട്ടിനുള്ളിൽതന്നെ ഒരു ചെറിയ ക്ഷേത്രവുമുണ്ടാകും.a
എല്ലാ മതങ്ങളും നല്ലതാണെന്നും അവ ആരാധനയ്ക്കുവേണ്ടിയുള്ള വ്യത്യസ്ത പാതകൾ മാത്രമാണെന്നും മിക്ക ഹൈന്ദവരും വിശ്വസിക്കുന്നു. അതുകൊണ്ട് ഒരു വീട്ടുകാരൻ മര്യാദയോടെ ശ്രദ്ധനൽകുകയും ചില സാഹിത്യങ്ങൾ സ്വീകരിക്കുകയും ശീതളപാനീയങ്ങൾ നൽകുകയും ചെയ്തേക്കാം. അങ്ങനെ തന്റെ കൃത്യം നിർവഹിച്ചതായി അയാൾക്കു തോന്നുന്നു. വീട്ടുകാരനെ അർഥസമ്പൂർണമായ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ ഉചിതമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കുന്ന ചില കഥകൾ അറിഞ്ഞിരിക്കുന്നതു മിക്കപ്പോഴും സഹായകരമാണ്. ഉദാഹരണത്തിന് അവരുടെ ദൈവങ്ങൾ അനേകർ ചോദ്യംചെയ്യുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതായി അവരുടെ ചില കഥകൾ ചിത്രീകരിക്കുന്നുവെന്ന് നമുക്ക് അറിയാമെങ്കിൽ അവരോട് ഇങ്ങനെ ചോദിക്കാൻ കഴിയും: “നിങ്ങളുടെ ഭാര്യയുടെ (ഭർത്താവിന്റെ) അത്തരം നടത്തയ്ക്കു നിങ്ങൾ അനുമതി നൽകുമോ?” “ഇല്ല, തീർച്ചയായും ഇല്ല!” എന്നാണു സാധാരണമായുള്ള ഉത്തരം. പിന്നീട്, വ്യക്തിയോട് ഇങ്ങനെ ചോദിക്കാവുന്നതാണ്: “എങ്കിൽപ്പിന്നെ ഒരു ദൈവം ഇങ്ങനെ പ്രവർത്തിക്കാൻ പാടുണ്ടോ?” അത്തരം ചർച്ചകൾ മിക്കപ്പോഴും ബൈബിളിന്റെ മൂല്യം തിരിച്ചറിയുന്നതിനുള്ള അവസരം തുറന്നുകൊടുക്കുന്നു.
ഹിന്ദുമതത്തിന്റെ മറെറാരു പ്രത്യേകതയായ പുനർജൻമത്തിലുള്ള വിശ്വാസം ചർച്ചയ്ക്കുള്ള ഫലപ്രദമായ ഒരു വിഷയമാണ്. അടുത്തയിടെ പിതാവു മരിച്ചുപോയ വിദ്യാസമ്പന്നയായ ഒരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: “നിങ്ങളുടെ പിതാവിനെ മുമ്പ് ആയിരുന്നതുപോലെതന്നെ വീണ്ടും കാണാൻ നിങ്ങൾ ആഗ്രഹിക്കുമോ?” അവർ ഉത്തരം പറഞ്ഞു: “തീർച്ചയായും, അത് മഹത്തായ ഒരു കാര്യമായിരിക്കും.” തന്റെ പിതാവ് മറേറതെങ്കിലും രൂപത്തിൽ ജീവിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തെ വീണ്ടും അറിയുകയില്ല എന്നുമുള്ള വിശ്വാസത്തിൽ അവർ സംതൃപ്തയല്ല എന്ന് അവരുടെ പ്രതികരണത്തിൽനിന്നും തുടർന്നുള്ള സംസാരത്തിൽനിന്നും വ്യക്തമായിരുന്നു. എന്നാൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ മഹത്തായ പഠിപ്പിക്കൽ അവളുടെ ഹൃദയത്തെ സ്പർശിച്ചു.
ചില ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾ ഉണ്ടെന്നുമാത്രമല്ല അവർ സംതൃപ്തികരമായ ഉത്തരങ്ങൾ തേടുകയുമാണ്. ഒരു സാക്ഷി ഒരു ഹൈന്ദവന്റെ വീടു സന്ദർശിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: “നിങ്ങളുടെ ദൈവത്തിന്റെ പേർ എന്താണ്?” ദൈവത്തിന്റെ പേർ യഹോവ എന്നാണെന്നു സങ്കീർത്തനം 83:18-ൽനിന്നു വായിച്ചു കേൾപ്പിച്ചു. റോമർ 10:13 പറയുന്നതനുസരിച്ച്, രക്ഷ പ്രാപിക്കുന്നതിനു നാം ദൈവനാമത്തിൽ വിളിച്ചപേക്ഷിക്കേണ്ടത് ആവശ്യമാണെന്നും സാക്ഷി വിശദീകരിച്ചു. അതിൽ മതിപ്പുതോന്നിയ ആ മനുഷ്യനു കൂടുതലറിയാൻ ആഗ്രഹമായി. വാസ്തവത്തിൽ അയാൾക്ക് അറിഞ്ഞേപററൂ എന്നായി. തങ്ങളുടെ കുടുംബ വിഗ്രഹത്തോടു വളരെ അർപ്പണബോധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അതിന്റെമുമ്പിൽവച്ച് ആരാധന അർപ്പിച്ചതിനുശേഷം രോഗബാധിതനായെന്നും താമസിയാതെ മരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. “ആ വിഗ്രഹം ഞങ്ങൾക്കു ജീവനല്ല മരണമാണു കൈവരുത്തുന്നത്. അതുകൊണ്ട് അതിനെ ആരാധിക്കുന്നതിൽ എന്തെങ്കിലും പിശകുകാണണം. ഒരുപക്ഷേ, ഈ ദൈവത്തിന്, യഹോവക്ക്, ജീവനിലേക്കുള്ള മാർഗം കണ്ടുപിടിക്കുന്നതിനു ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ അദ്ദേഹത്തോടും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ബൈബിളധ്യയനം തുടങ്ങി. അവർ ത്വരിതഗതിയിൽ പുരോഗമിക്കുകയും പെട്ടെന്നു സ്നാപനമേൽക്കുകയും ചെയ്തു. അവർ തങ്ങളുടെ വിഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ഇപ്പോൾ ജീവന്റെ ദൈവമായ യഹോവയുടെ മാർഗത്തിൽ നടക്കുകയാണ്.
അടുത്തതായി നാം ഒരു മുസ്ലീം കുടുംബത്തിൽ വന്നെത്തിയിരിക്കുന്നു. അതേ ആതിഥ്യമര്യാദ ഇവിടെയും വ്യക്തമാണ്. ഉടൻതന്നെ ശീതളപാനീയവും കൈയിൽ പിടിച്ചുകൊണ്ട് നാം ഇരിപ്പായി. അറബി ലിപിയിൽ എഴുതി ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന ചെറിയ വാക്യങ്ങൾ മാത്രമേ നാം ഭിത്തിയിൽ കാണുന്നുള്ളൂ. അല്ലാതെ യാതൊരു മത ചിത്രങ്ങളും അവിടെയില്ല. ബൈബിളും ഖുറാനും തമ്മിൽ ഗോത്രപിതാവായ അബ്രഹാമിലൂടെ പൊതുവായ ഒരു ബന്ധമുണ്ട് എന്നും തന്റെ സന്തതിമുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്നും നാം സൂചിപ്പിക്കുന്നു. ഈ വാഗ്ദത്തം തന്റെ പുത്രനായ യേശുക്രിസ്തുവിൽ നിവൃത്തിയേറേണ്ടതാണ്. ദൈവത്തിന് ഒരു പുത്രനുണ്ട് എന്ന ആശയത്തോടു ചില മുസ്ലീങ്ങൾക്ക് എതിർപ്പാണ്. ആദ്യമനുഷ്യനായ ആദാം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതിനാൽ ദൈവപുത്രനെന്നു വിളിക്കപ്പെടുന്നതുപോലെതന്നെ യേശുവും ദൈവപുത്രനെന്നു വിളിക്കപ്പെടുന്നുവെന്നു നാം വിശദീകരിക്കുന്നു. അത്തരം പുത്രൻമാരെ സൃഷ്ടിക്കുന്നതിന് അക്ഷരീയമായ ഭാര്യമാരെ ദൈവത്തിന് ആവശ്യമില്ല. മുസ്ലീങ്ങൾ ത്രിത്വോപദേശത്തിൽ വിശ്വസിക്കുന്നില്ലാത്തതിനാൽ യഹോവയാം ദൈവമാണു പരമോന്നതനെന്നു കാണിക്കുന്നതിനു നാം ഈ പൊതു പശ്ചാത്തലം ഉപയോഗിക്കുന്നു.
ഇപ്പോൾ ഉച്ചയൂണിനു സമയമായി. കൂട്ടത്തിൽപ്പെട്ട മററംഗങ്ങൾ പട്ടണത്തിലേക്കുള്ള ബസ് കിട്ടുന്നതിനുവേണ്ടി കരിമ്പിൻതോട്ടങ്ങളിൽനിന്നു റോഡിലേക്കു തിരികെ വരുന്നു. അല്പം ക്ഷീണിതരെങ്കിലും രാവിലത്തെ “മീൻപിടിക്കൽ” പ്രവർത്തനം സംബന്ധിച്ചു സകലരും ആവേശഭരിതരാണ്. അഭിമുഖീകരിക്കേണ്ടിവന്ന വ്യത്യസ്ത സാഹചര്യങ്ങളോടും വിശ്വാസങ്ങളോടും പൊരുത്തപ്പെടുവാൻ നടത്തിയ ശ്രമം തക്ക ഫലം ചെയ്യുന്നതായിരുന്നു.
ഫിജിയിലെ വെള്ളങ്ങളും പവിഴപുററുകളും വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങളാൽ സമ്പന്നമാണ്. വിജയപ്രദരായിരിക്കുന്നതിനു ഫിജിയിലെ ങ്കൊനൻഡോ (മുക്കുവൻ) തന്റെ തൊഴിലിൽ നിപുണനായിരിക്കേണ്ടതുണ്ട്. യേശുക്രിസ്തു തന്റെ ശിഷ്യൻമാർക്കു നിയോഗം നൽകിയിരിക്കുന്ന “മീൻപിടിക്കൽ” വേലയുടെ കാര്യത്തിലും ഇതു വാസ്തവമാണ്. “മനുഷ്യരെ പിടിക്കുന്ന” ക്രിസ്തീയർ നിപുണരായിരിക്കണം. ജനതതിയുടെ വ്യത്യസ്ത വിശ്വാസങ്ങളുമായി ഒത്തുപോകുന്നതിനു തങ്ങളുടെ അവതരണവും വാദഗതിയും സാഹചര്യത്തിനൊത്തവണ്ണം അനുയോജ്യമാക്കുന്നതിൽ വൈഭവമുള്ളവരായിരിക്കണം. (മത്തായി 4:19) ഇതു ഫിജിയിൽ തീർച്ചയായും ആവശ്യമാണ്. അതിന്റെ ഫലം യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകളിൽ തെളിവായി കാണാവുന്നതാണ്. അവിടെ ഫിജിക്കാരും ഇന്ത്യാക്കാരും റോട്ടുമക്കാരും മിശ്രവംശ പശ്ചാത്തലമുള്ള ആളുകളും യഹോവയെ ഐക്യത്തിൽ ആരാധിക്കുകയാണ്. അതേ, ഫിജിയിലെ വെള്ളങ്ങളിലുള്ള ഈ “മീൻപിടിക്കൽ”വേലയിൽ യഹോവയുടെ അനുഗ്രഹമുണ്ട്.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ച ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ 115-17 പേജുകൾ കാണുക.
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വിററി ലെവു
വനുവ ലെവു
സുവ
ലൗട്ടോക്ക
നാണ്ടി
0 100 കി.മീ.
0 100 മൈ.
18°
180°
[24-ാം പേജിലെ ചിത്രം]
ഒരു ബൂറേ അഥവാ പ്രാദേശിക ഭവനം
[24-ാം പേജിലെ ചിത്രം]
ഫിജിയിലെ ഒരു ഹൈന്ദവ ക്ഷേത്രം
[25-ാം പേജിലെ ചിത്രം]
ഫിജിയിൽ മനുഷ്യർക്കുവേണ്ടിയുള്ള വിജയകരമായ “മീൻപിടിക്കൽ”
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Fiji Visitors Bureau