“യഹോവയുടെ സാക്ഷികൾ എന്നെ സംരക്ഷിച്ചു!”
അവസാന നാളുകളിൽ അനേകർ “ക്രൂരൻമാരും നൻമയെ വെറുക്കുന്നവരു”മാണെന്നു സ്വയം തെളിയിച്ചിരിക്കുന്നു. (2 തിമോത്തേയോസ് 3:1, 3, പി.ഒ.സി. ബൈബിൾ) പശ്ചിമാഫ്രിക്കയിലെ വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിലെ ഒരു സ്വമേധയാ ശുശ്രൂഷകനായ ഐസക്കിന് ഉണ്ടായ അനുഭവം ഇതു ശരിയാണെന്നു തെളിയിക്കുന്നു. അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:
“1992 ജനുവരിയിലായിരുന്നു സംഭവം. ഞാനും മററ് അഞ്ചു യാത്രക്കാരുംകൂടി ഒരു ടാക്സിയിൽ ആളൊഴിഞ്ഞ ഒരു റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. എന്റെ അടുത്തിരുന്ന ഒരു സ്ത്രീയുമായി ഞാൻ സംഭാഷണമാരംഭിച്ചു. അവൾ സന്തോഷപൂർവം ഒരു ബൈബിളധിഷ്ഠിത ലഘുപത്രിക സ്വീകരിക്കുകയും ചെയ്തു.
“ഉച്ചകഴിഞ്ഞ് നാലു മണിയായിക്കാണും, നമ്പർ പ്ലെയ്റെറാന്നുമില്ലാതെ ചീറിപ്പാഞ്ഞുവന്ന ഒരു പുത്തൻ കാർ ഞങ്ങളുടെ കാറിന്റെ മുമ്പിൽ പെട്ടെന്നു നിർത്തി. വല്ലാത്ത ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് പിന്നാലെ ഞങ്ങളുടെ കാറും. അതിൽനിന്നു ചാടിയിറങ്ങിയ തോക്കുധാരികളായ മൂന്ന് അതികായകൻമാർ ഞങ്ങളുടെ കാറിന്റെ വാതിൽ വലിച്ചുതുറന്നു. അതിലൊരാൾ അലറി: ‘ഇറങ്ങെല്ലാവരും.’
“മറെറാരാൾ എന്റെ പുസ്തകബാഗു തട്ടിപ്പറിച്ചെടുത്തു. അതിൽ ബൈബിൾ സാഹിത്യം മാത്രമേയുള്ളൂ എന്നു കണ്ട അയാൾ അതു ദൂരേക്കു വലിച്ചെറിഞ്ഞു. എന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു: ‘വേറെ എന്താ നിന്റെ പക്കലുള്ളത്?’ ഞാൻ പെട്ടെന്നുതന്നെ പേഴ്സിലുണ്ടായിരുന്ന പണം അയാൾക്ക് എടുത്തുകൊടുത്തു. ‘ഇത്രയേ ഉള്ളോ?,’ പിന്നെയും അദ്ദേഹത്തിന്റെ ചോദ്യം. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്നും സാക്ഷികൾ കള്ളം പറയില്ലെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം എന്റെ പേഴ്സ് തട്ടിപ്പറിച്ചെടുത്തു. അതിൽ എന്റെ വാച്ച് ടവർ തിരിച്ചറിയിക്കൽ കാർഡ് കണ്ട അദ്ദേഹം പറഞ്ഞു: ‘ഓഹോ, വാച്ച്ടവർ. എന്നാൽ ഇങ്ങോട്ടു മാറിനിൽക്കൂ.’
“പിന്നെ അദ്ദേഹം തിരിഞ്ഞത് ടാക്സിയിൽവെച്ചു ഞാൻ സംസാരിച്ച സ്ത്രീയുടെ അടുത്തേക്കായിരുന്നു. ഒട്ടുംതാമസിച്ചില്ല, അവൾ നെക്ക്ലെയ്സും പേഴ്സിലുണ്ടായിരുന്ന പണവും എടുത്തുകൊടുത്തു. അവളുടെ വിറയ്ക്കുന്ന കയ്യിൽ ലഘുപത്രിക കണ്ടപ്പോൾ അവളും എന്റെ കൂട്ടത്തിൽപ്പെട്ടതായിരിക്കും എന്നു പിടിച്ചുപറിക്കാരനു തോന്നി. അതുകൊണ്ട്, അയാൾ അവളെ എന്റെ അടുത്തേക്കു നീക്കിനിർത്തി.
“അതിനിടെ, ആയുധധാരികളായ മററു കൊള്ളക്കാർ ഞങ്ങളുടെ സഹയാത്രികരെ നിഷ്കരുണം ആക്രമിച്ചു. ഡ്രൈവറെയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറെറാരു മനുഷ്യനെയും അവർ അടിക്കുകയും അവരുടെ പണമെല്ലാം തട്ടിയെടുക്കുകയും ചെയ്തു. ഒരു തസ്കരൻ രണ്ടാമത്തെ സ്ത്രീയുടെ മാലയിൽ കടന്നുപിടിച്ചു. ചെറുക്കാൻ ശ്രമിച്ച അവളോട് അവർ ഒരു ദയയും കാണിച്ചില്ല. തലയ്ക്കും മാറത്തും തോക്കിന്റെ പാത്തികൊണ്ട് അടിയേററ അവൾ മരിച്ചുവീണു. മൂന്നാമത്തെ സ്ത്രീയെ വണ്ടിയിൽനിന്നു വലിച്ചിഴച്ചു പുറത്തുകൊണ്ടുവന്നു. അവർ അവളുടെ നെഞ്ചത്തു നിറയൊഴിച്ചു. കഷ്ടം, അവളും മരിച്ചു. ഒട്ടും പരിക്കേൽക്കാതെ അവശേഷിച്ചതു ഞാനും ആ ചെറുപ്പക്കാരിയും മാത്രം.
“കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അതുവഴി വന്ന മറെറാരു വണ്ടി കിട്ടി. അതിൽ യാത്ര ചെയ്യവേ, പേടിച്ചുവിറങ്ങലിച്ച ആ സ്ത്രീ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു, ‘യഹോവയുടെ സാക്ഷികൾ എന്നെ സംരക്ഷിച്ചു!’”