മലാവിയിൽനിന്നൊരു സദ്വാർത്ത!
ദക്ഷിണപൂർവാഫ്രിക്കൻ രാജ്യമായ മലാവിയിൽ 1993 നവംബർ 15-നു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയ ഔദ്യോഗികമായി രജിസ്ററർ ചെയ്തു. ഇതു യഹോവയുടെ സാക്ഷികൾക്കു മലാവിയിലെ ആളുകളോടു ബൈബിൾ സത്യങ്ങൾ പ്രസംഗിക്കാനുള്ള നിയമപരമായ അംഗീകാരവും സ്വാതന്ത്ര്യവും നൽകും.
മുമ്പ് 1948-ൽ, മലാവിയിൽ യഹോവയുടെ സാക്ഷികളുടെ വേല ഏകോപിപ്പിക്കുന്നതിനുവേണ്ടി വാച്ച് ടവർ സൊസൈററിയുടെ ഒരു ബ്രാഞ്ച് അവിടെ സ്ഥാപിച്ചിരുന്നു. എന്നാൽ 1957 ജനുവരി 8-നായിരുന്നു വാച്ച് ടവർ സൊസൈററിയുടെ രജിസ്ട്രേഷൻ ആദ്യമായി നടന്നത്. ഏതാനും വർഷത്തേക്കു യഹോവയുടെ സാക്ഷികൾക്ക് ദ്രുതഗതിയിലുള്ള പുരോഗതിയായിരുന്നു. പക്ഷേ, 1964-ൽ അവർക്കെതിരെ കടുത്ത പീഡനം അഴിച്ചുവിട്ടു. കാരണം?
ദൈവത്തോടുള്ള അനുസരണംനിമിത്തം യഹോവയുടെ സാക്ഷികൾ രാഷ്ട്രീയത്തിൽ കണിശമായ നിഷ്പക്ഷത പാലിച്ചു. (യോഹന്നാൻ 17:16) തിരുവെഴുത്തുപരമായ ഈ നിലപാടു മനസ്സിലാകാഞ്ഞതുകൊണ്ട്, ചിലർ യഹോവയുടെ സാക്ഷികൾ ഒരു വിപ്ലവ മതമാണെന്നും മത്സരികളാണെന്നുമുള്ള തെററിധാരണ പറഞ്ഞുപരത്തി. അതുകൊണ്ട്, ചിലർക്ക് ഈ സമാധാന പ്രേമികളായ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ യാതൊരു പന്തികേടും തോന്നിയില്ല. സാക്ഷികളായ അനേകർക്കു സംഭവിച്ചതു നോക്കുക, ജോലി പോയി, തല്ലുകൊണ്ടു, അല്ലെങ്കിൽ അവമാനിതരായി. തങ്ങളെ ബലമായി കുട്ടികളിൽനിന്ന് അകററിയതിന്റെ വേദനയായിരുന്നു മററു ചിലർക്കു സഹിക്കേണ്ടിവന്നത്.
1972-ൽ 30,000-ത്തിലധികം സാക്ഷികൾക്കും അവരോടൊത്തു ബൈബിൾ പഠിച്ചിരുന്ന ചിലർക്കും ജീവനെ ഭയന്നു രാജ്യം വിട്ടുപോകേണ്ടിവന്നു. അടുത്ത രാജ്യമായ മൊസാമ്പിക്കിലെ അഭയാർഥി ക്യാമ്പുകളിൽ ചെന്നുകൂടിയത് ആയിരങ്ങളായിരുന്നു. എന്നാൽ 1975-ൽ മലാവിയിലേക്കു തിരിച്ചയയ്ക്കപ്പെട്ട ഇവർക്ക് അവിടെ കൂടുതലായ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. പലരും തടങ്കൽപ്പാളയങ്ങളിലായി. ഈ കുഴപ്പങ്ങൾക്കിടയിൽ മലാവിയിലെ നിയമപരമായ സംഘടനകളുടെ ഔദ്യോഗിക ലിസ്ററിൽനിന്നു വാച്ച് ടവർ സൊസൈററിയുടെ പേരു വെട്ടി. അന്നുമുതൽ ആ രാജ്യത്ത് യഹോവയുടെ സാക്ഷികളും അവരുടെ നിയമപരമായ സ്ഥാപനങ്ങളും നിരോധനത്തിൻ കീഴിലായി.
ഈ സംഭവവികാസങ്ങൾ ഒക്കെയുണ്ടായിരുന്നിട്ടും യഹോവയുടെ സാക്ഷികൾ തിരിച്ചടിച്ചില്ല. അവർ ഗവൺമെൻറിനെതിരെ ആളെ കൂട്ടുകയോ പ്രതിഷേധം പ്രകടിപ്പിക്കാൻ ലഹള അഴിച്ചുവിടുകയോ ചെയ്തില്ല. അതിനുപകരം, “ശ്രേഷ്ഠാധികാരങ്ങ”ളായ ഗവൺമെൻറുകളോടു ശരിയായ ബഹുമാനവും ആദരവും കാണിക്കാനുള്ള തങ്ങളുടെ ക്രിസ്തീയ കടമ അവർ പ്രാർഥനാപൂർവം നിറവേററി. (റോമർ 13:1-7; 1 തിമൊഥെയൊസ് 2:1, 2) സാക്ഷികൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തീയ ജീവിതത്തിന്റെ ഉന്നത നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ അവർ നടത്തയിൽ മികച്ച മാതൃക വെച്ചു.
ഇപ്പോൾ സ്വാതന്ത്ര്യം നേടിയിരിക്കുന്നതിനാൽ “സാഹചര്യങ്ങൾ അനുകൂലമാ”യിരിക്കുന്ന ഈ ഘട്ടത്തിൽ ബൈബിൾ സത്യങ്ങൾ അടിയന്തിരതയോടെ പ്രസംഗിക്കുന്നതിൽ തുടരാൻ മലാവിയിലെ സാക്ഷികൾ ദൃഢചിത്തരാണ്.—2 തിമോത്തേയോസ് 4:2, പി.ഒ.സി. ബൈബിൾ.
[31-ാം പേജിലെ ചിത്രം]
1960-കളിൽ മലാവിയിലെ ബെഥേൽ കുടുംബത്തോടൊപ്പം എം. ജി. ഹെൻഷൽ