അലാസ്കയുടെ അതിർത്തിദേശത്തിന്റെ മൂടുപടം നീക്കുന്നു
സ്വർണംതേടിയുള്ള പ്രവാഹത്തിനു പേരുകേട്ട പട്ടണമായ അലാസ്കയിലെ നോമിൽ ഒരു ചെറിയ മുറിയിൽ ഞങ്ങൾ നാലുപേരും തിങ്ങിക്കൂടി താമസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്കു രണ്ടു ദിവസമായി. 1898-ൽ 40,000-ത്തിലധികം ഖനിജാന്വേഷകർ ഇവിടെ ഒരേ ഒരു വസ്തു തേടി എത്തിച്ചേർന്നു—സ്വർണം! അതിൽനിന്നു വിഭിന്നമായി ഒരു വ്യത്യസ്ത നിധി തേടുകയാണു ഞങ്ങൾ.
ബറിങ് സ്ട്രെയ്ററിനു 300 കിലോമീററർ വടക്കുള്ള സെൻറ് ലോറൻസ് ദ്വീപിലെ ഗാംബലിലും സവൂങ്കയിലും താമസിക്കുന്നവരുടെ ഇടയിൽ ഉണ്ടായിരുന്നേക്കാവുന്ന “മനോഹരവസ്തു”ക്കളിലാണു ഞങ്ങൾ തത്കാലം തത്പരരായിരിക്കുന്നത്. (ഹഗ്ഗായി 2:7) അവിടെ ഇനൂയിററുകാർ ഉത്തരധ്രുവത്തിലെ ഹിമജലത്തെ ചെറുത്തുനിന്ന് മുൻ സോവിയററ് യൂണിയനിൽനിന്ന് ഏതാനും കിലോമീറററുകൾ മാത്രം അകലെ തിമിംഗല വേട്ട നടത്തുകയാണ്. എന്നാൽ വീശിയടിക്കുന്ന മഞ്ഞും മൂടൽമഞ്ഞിന്റെ ഇരുണ്ട കരിമ്പടവും ഞങ്ങളെ ബന്ധനസ്ഥരാക്കി. ഞങ്ങളുടെ വിമാനം നിലത്തിറക്കിയിരിക്കയാണ്.
അങ്ങനെ ഞങ്ങൾ കാത്തിരിക്കുന്നേരം കഴിഞ്ഞ ഏതാനും ചില വർഷങ്ങളിലെ സംഭവങ്ങൾ ഞാൻ അയവിറക്കുകയും ജനവാസം തീരെ കുറഞ്ഞ പ്രദേശത്തെ സാക്ഷീകരണത്തിൽ യഹോവ നൽകിയ അനുഗ്രഹങ്ങൾക്ക് അവിടുത്തേക്കു നന്ദി പറയുകയുമാണ്. അലാസ്കയിൽ—ചിലയാളുകൾ അതിനെ ലോകത്തിന്റെ ഒടുവിലത്തെ അതിർത്തിദേശം എന്നു വിളിക്കുന്നു—16,00,000 ചതുരശ്ര കിലോമീററർ വിസ്തീർണമായ മരുഭൂമിയിൽ യാതൊരു വിധ റോഡുകളാലും ബന്ധിക്കപ്പെടാതെ ഒററപ്പെട്ടുകിടക്കുന്ന 150-ലധികം സമൂഹങ്ങളിലായി 60,000 സ്വദേശികളാണുള്ളത്. വാച്ച് ടവർ സൊസൈററിയുടെ വിമാനം ഉപയോഗിച്ചുകൊണ്ട് ഇതിനോടകം ഈ ഒററപ്പെട്ട ഗ്രാമങ്ങളുടെ മൂന്നിലൊന്നിലധികം സ്ഥലങ്ങളിൽ ദൈവരാജ്യത്തിന്റെ സുവാർത്തയുമായി ഞങ്ങൾ എത്തിക്കഴിഞ്ഞു.—മത്തായി 24:14.
ഈ വിദൂര അധിവാസപ്രദേശത്ത് എത്തിച്ചേരുന്നതിന് ദേശത്തു ദിവസങ്ങളോളം മൂടിക്കിടക്കുന്ന മേഘങ്ങളിലൂടെയും മൂടൽമഞ്ഞിലൂടെയും മിക്കപ്പോഴും വിമാനം താഴെയിറക്കേണ്ടിവരും. തറയിൽ എത്തിയെന്നിരിക്കട്ടെ, തുളച്ചുകയറേണ്ടിവരുന്ന മറെറാരു മൂടൽമഞ്ഞ് അവിടെയും ഉണ്ട്. ദയയുള്ളവരും സമാധാനപ്രിയരുമായ ഈ ജനങ്ങളുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഒരു മൂടുപടംപോലെ അത് ആവരണം ചെയ്തിരിക്കുന്നു.—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 3:15, 16.
വേദനാജനകമായ ഒരു പരിവർത്തനം
അലാസ്കയിലെ വനപ്രദേശത്ത് ഇനൂയിററുകാർ, അല്യൂഷർ, ഇൻഡ്യാക്കാർ എന്നിവരാണു വസിക്കുന്നത്. ഇവയിൽ ഓരോന്നിനും അതിന്റേതായ പൈതൃകഗുണത്തിന് ഒത്ത തനതായ ആചാരങ്ങളും സവിശേഷതകളുമുണ്ട്. ഉത്തരധ്രുവത്തിലെ തണുപ്പിനെ അതിജീവിക്കാൻ വേട്ടയാടിയും മീൻപിടിച്ചും തിമിംഗലം പിടിച്ചും ദേശീയ വിഭവങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ടു ജീവിക്കാൻ അവർ പഠിച്ചിട്ടുണ്ട്.
1700-കളുടെ മധ്യത്തിൽ വിദേശ സ്വാധീനം അവരുടെമേൽ വന്നു പതിച്ചു. റഷ്യക്കാരായ മൃദുരോമചർമക്കച്ചവടക്കാർ മൃഗത്തോൽ ധരിച്ചതും സീൽ എണ്ണയുടെ മണമുള്ളതുമായ ഒരുകൂട്ടം ആളുകളെ കണ്ടെത്തി. അവർ താമസിച്ചിരുന്നതു മഞ്ഞിൽ തീർത്ത ഇഗ്ലൂകളിലല്ല മറിച്ച്, പുല്ലുകൊണ്ടുള്ള മേൽക്കൂരയും ഭൂമിക്കടിയിൽ പ്രവേശനകവാടവുമുള്ള അർധഭൂഗർഭ വീടുകളിലാണ്. മൃദുഭാഷികളും സൗമ്യരും എന്നാൽ കരുത്തരുമായ ഈ ആളുകളുടെ ഇടയിൽ വ്യാപാരികൾ ചില കുലത്തിന്റെ ജനസംഖ്യ പകുതിയാക്കിത്തീർത്ത പുതിയ സംസ്കാരവും പുതിയ രോഗങ്ങളുമുൾപ്പെടെ ഗൗരവതരമായ അനേകം പ്രശ്നങ്ങൾ കൊണ്ടുവന്നു. മദ്യം ആളുകളുടെമേൽ വളരെ പെട്ടെന്ന് ഒരു ശാപമായിത്തീർന്നു. ജീവിതനിവൃത്തിക്കുണ്ടെങ്കിൽ മതി എന്ന രീതിയിൽനിന്ന് പണം കുന്നുകൂട്ടിയിട്ടു ജീവിക്കുക എന്ന വിധത്തിലുള്ള മാററം പുതിയ സമ്പദ്വ്യവസ്ഥ അടിച്ചേല്പിച്ചു. അതൊരു വേദനാജനകമായ പരിവർത്തനമായിരുന്നു എന്നാണ് ഇന്നും ചിലർ വിചാരിക്കുന്നത്.
ക്രൈസ്തവലോകത്തിലെ മിഷനറിമാർ എത്തിച്ചേർന്നപ്പോൾ മറെറാരു വിധത്തിലുള്ള മാററം അലാസ്കയിലെ നിവാസികളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. കാററ്, ഹിമം, കരടി, കഴുകൻ തുടങ്ങിയവയുടെ പരമ്പരാഗതമായ ആരാധനാ സമ്പ്രദായങ്ങൾ ചിലർ വൈമനസ്യത്തോടെ ഉപേക്ഷിച്ചപ്പോൾ മററുചിലർ മതങ്ങളുടെ സംയോജനത്തിലും കുഴച്ചിലിലും കലാശിച്ച ധാരണകളുടെ ഒരു കൂട്ടിക്കലർത്തൽ വികസിപ്പിച്ചെടുത്തു. ഇതെല്ലാം മിക്കപ്പോഴുംതന്നെ അപരിചിതരെ സംശയിക്കുന്നതിനും അവിശ്വസിക്കുന്നതിനും ഇടയാക്കി. ചില ഗ്രാമങ്ങളിൽ സന്ദർശകന് എല്ലായ്പോഴും സ്വാഗതമില്ല.
അതുകൊണ്ട്, ഈ വിശാലമായ അതിർത്തിദേശത്തു വ്യാപിച്ചുകിടക്കുന്ന സ്ഥലവാസികളുടെ പക്കൽ എങ്ങനെ എത്തിച്ചേരുമെന്നതാണ് ഞങ്ങൾ നേരിടേണ്ടിയിരുന്ന വെല്ലുവിളി. അവരുടെ സംശയത്തെ എങ്ങനെ നിരാകരിക്കാനാകും? മൂടുപടം നീക്കുന്നതിനു ഞങ്ങൾക്ക് എന്തുചെയ്യാനാകും?
സാക്ഷ്യം നൽകുന്നതിനുള്ള മുൻകാല ശ്രമങ്ങൾ
1960-കളുടെ ആരംഭത്തിൽ അലാസ്കയിലെ കരുത്തരായ ഒരു കൂട്ടം സാക്ഷികൾ ധൈര്യസമേതം ഉഗ്രമായ കാററും പൂജ്യത്തിലും താണ താപനിലയും മഞ്ഞുപടലവും സഹിച്ച് വടക്കുഭാഗത്തായി വ്യാപിച്ചു കിടക്കുന്ന ഗ്രാമങ്ങളിൽ പ്രസംഗിക്കുന്നതിനുവേണ്ടി ഓരോ എഞ്ചിൻ വീതമുള്ള തങ്ങളുടെ സ്വകാര്യ വിമാനം പറത്തിപ്പോയി. ധീരരായ ഈ സഹോദരങ്ങൾ തങ്ങളെത്തന്നെ ഒരു വലിയ അപകടത്തിലാക്കുകയായിരുന്നു എന്നു പിന്തിരിഞ്ഞുനോക്കിയാൽ കാണാവുന്നതാണ്. ഒരു യന്ത്രത്തകർച്ച നാശത്തിലേക്കു നയിക്കുമായിരുന്നുവെന്നതു തീർച്ചതന്നെ. സുരക്ഷിതമായി താഴെയിറങ്ങാൻ സാധിക്കുമായിരുന്നുവെങ്കിൽപ്പോലും പൂജ്യത്തിനുതാഴെയുള്ള താപനിലയും യാത്രാസൗകര്യത്തിന്റെ അഭാവവും കാരണം സഹായംതേടുക എളുപ്പമായിരിക്കുമായിരുന്നില്ല. അതിജീവനം ഭക്ഷണവും ശരണവും ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുമായിരുന്നു, അതു മിക്കവാറും ദുർലഭമായിരുന്നു. ദൈവാനുഗ്രഹത്താൽ ഗുരുതരമായ ഒരു അപകടവും ഉണ്ടായില്ല. എന്നാൽ, അത്തരം അപകടങ്ങൾ അവഗണിക്കാവതായിരുന്നില്ല. അതുകൊണ്ട് വാച്ച് ടവർ സൊസൈററിയുടെ അലാസ്ക ബ്രാഞ്ച് ഈ സമീപനത്തെ നിരുത്സാഹപ്പെടുത്തി.
വേല മുന്നോട്ടുകൊണ്ടുപോകുന്നതിന് ഫെയർബാങ്ക്സ്, നോർത്ത് പോൾ സഭകളിലുള്ള സഹോദരങ്ങൾ കമേഴ്സ്യൽ വിമാനയാത്രാസൗകര്യമുള്ള നോം, ബാരോ, കട്ട്സിബ്യൂ എന്നിങ്ങനെയുള്ള വലിയ ഗ്രാമങ്ങളിൽ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. വടക്കും പടിഞ്ഞാറുമായി 720 കിലോമീററർവരെ യാത്രചെയ്യുന്നതിന് അവർ തങ്ങളുടെ സ്വന്തം പണമാണ് ഉപയോഗിച്ചത്. താത്പര്യമുള്ളവരോടൊത്തു ബൈബിളധ്യയനം നടത്തുന്നതിനു ചിലർ മാസങ്ങളോളം നോമിൽതന്നെ തങ്ങി. 45 ഡിഗ്രി സെൽഷിയസ് ന്യൂന ഊഷ്മാവിൽനിന്ന് അഭയം നേടുന്നതിനു ബാരോയിൽ ഒരു മുറി വാടകയ്ക്കെടുത്തു. ഭൂമിയുടെ അററംവരെ സുവാർത്ത പ്രസംഗിക്കുവാനുള്ള യേശുവിന്റെ കല്പന ഹൃദയത്തിൽ ഉൾക്കൊണ്ടിട്ടുള്ള ആളുകൾ വർഷങ്ങളായി 15,000-ത്തിലധികം അമേരിക്കൻ ഡോളർ ചെലവഴിച്ചിട്ടുണ്ട്.—മർക്കൊസ് 13:10.
അപ്രതീക്ഷിതമായ സഹായം ലഭ്യമാകുന്നു
കൂടുതൽ ഒററപ്പെട്ടുകിടക്കുന്ന പ്രദേശത്ത് എത്തിച്ചേരാൻവേണ്ട മാർഗത്തിനുള്ള തിരച്ചിൽ തുടർന്നു, യഹോവ വഴി തുറന്നുതരികയും ചെയ്തു. അലാസ്കയിലെ ദുർഘടമായ പർവതനിര കുറുകെ കടക്കുന്നതിന് ആവശ്യമായ രണ്ട് എഞ്ചിനുള്ള വിമാനം ലഭ്യമായിത്തീർന്നു. 4,200 മീറററിലധികം ഉയരമുള്ള അനേകം പർവതങ്ങൾ അലാസ്കയിൽ ഉണ്ട്, പ്രസിദ്ധിയാർജിച്ച മൗണ്ട് മക്കിൻളിയുടെ (ദനാലി) ഉയരം സമുദ്രനിരപ്പിൽനിന്ന് 6,193 മീറററാണ്.
ഒടുവിൽ വിമാനം എത്തിച്ചേർന്നു. തേഞ്ഞ്, നിറംമങ്ങി, കഷണങ്ങൾ ചേർത്തൊട്ടിച്ച ഒരു പറക്കും യന്ത്രം റൺവേയിൽ വന്നുതാണപ്പോൾ ഞങ്ങൾക്കുണ്ടായ നിരാശ ഒന്ന് ആലോചിച്ചുനോക്കൂ. അതിനു പറക്കാൻ കഴിയുമോ? നമ്മുടെ സഹോദരങ്ങളുടെ ജീവൻ അതിനെ ഏൽപ്പിക്കാനാകുമോ? യഹോവയുടെ കൈ കുറിയതല്ലായിരുന്നു. ലൈസൻസുള്ള മെക്കാനിക്കുകളുടെ സഹായത്തോടെ 200-ലധികം സഹോദരങ്ങൾ ആയിരക്കണക്കിനു മണിക്കൂർ ചെലവിട്ടുകൊണ്ടു വിമാനം പുത്തനാക്കിയെടുക്കുന്നതിനുള്ള സ്വമേധയാ സേവനത്തിൽ പങ്കുചേർന്നു.
വാലിൽ 710WT എന്ന രജിസ്ട്രേഷൻ നമ്പർ വിളക്കിച്ചേർത്ത, വെട്ടിത്തിളങ്ങുന്ന, പുതിയതെന്നുതോന്നിക്കുന്ന വിമാനം അലാസ്കയുടെ വിഹായസ്സിലേക്കു കുതിച്ചുയരുന്ന ആ കാഴ്ച എത്ര ആനന്ദമുളവാക്കുന്ന ഒന്നായിരുന്നു! 7-ഉം 10-ഉം പൂർണതയെ കുറിക്കുന്നതിനുള്ള പ്രതീകങ്ങളായി ബൈബിളിൽ ഉപയോഗിക്കുന്നതിനാൽ അന്ധകാരാവൃതമായ ഹൃദയങ്ങളിൽനിന്നു മൂടുപടം മാററുന്നതിനു യഹോവയുടെ സ്ഥാപനം നൽകിയ പിന്തുണ ഊന്നിപ്പറയുന്നതിന് 710 തെളിവായി എടുക്കാവുന്നതാണ്.
അല്യൂഷൻ ദ്വീപുകളിലേക്ക്
വിമാനം കിട്ടിയതുമുതൽ 54-ലധികം ഗ്രാമങ്ങളിൽ രാജ്യസുവാർത്തയും ബൈബിൾ സാഹിത്യങ്ങളും എത്തിച്ചുകൊണ്ടു ഞങ്ങൾ വിജനപ്രദേശത്തിലൂടെ 80,000 കിലോമീററർ യാത്രചെയ്തു. ഇത് വൻകരയാകുന്ന ഐക്യനാടുകൾ 19 പ്രാവശ്യം കുറുകെ കടക്കുന്നതിനു സമമാണ്!
ബറിങ് കടലിൽനിന്നു പസഫിക്ക് സമുദ്രത്തെ വേർതിരിക്കുന്ന, 1,600 കിലോമീററർ നീളമുള്ള അല്യൂഷൻ ദ്വീപുകൾ കടന്നു മൂന്നു പ്രാവശ്യം ഞങ്ങൾ അതിന്റെ അങ്ങേയററത്ത് എത്തി. ആ ശൃംഖലയിൽപ്പെട്ട മിക്കവാറും വൃക്ഷശൂന്യമായ 200-ലധികം ദ്വീപുകൾ അല്യൂഷ നിവാസികളുടേതു മാത്രമല്ല, ആയിരക്കണക്കിനു കടൽപക്ഷികളുടെയും മൊട്ടത്തലയൻ കഴുകൻമാരുടെയും തൂവെള്ള നിറത്തിലുള്ള തലകളും എടുത്തറിയാവുന്നവിധം കറുപ്പും വെളുപ്പും തൂവലുള്ള ചക്രവർത്തി ഗീസുകളുടെയുംകൂടി ഭവനമാണ്.
വശ്യമോഹനമായ ആ പ്രദേശം അപകടരഹിതമല്ല. കടലിനുമീതെ പറക്കുമ്പോൾ ഐസുവെള്ളത്തിൽ മൂന്നു മീററർമുതൽ അഞ്ചു മീററർവരെ വെള്ളിത്തിരമാലകൾ നമുക്കു കാണാനാകും. അതിന്റെ ശൈത്യത്തെ ഒരുവനു വേനൽക്കാലത്തുപോലും 10 മുതൽ 15 വരെ മിനിററുമാത്രമേ അതിജീവിക്കാനാകൂ. വിമാനമിറക്കാൻ നിർബന്ധിതനായാൽ ദുർഘടമായ പാറക്കെട്ടുകളാൽ ചുററപ്പെട്ട ദ്വീപോ തണുത്തുമരവിച്ച മാരകമായ കടലോ അല്ലാതെ പൈലററിനു മറെറാരിടമില്ല. വിമാനം ഇത്രയും ഉത്തമമാക്കിത്തീർക്കാൻ സ്വമേധയാ സേവനമനുഷ്ഠിച്ച അംഗീകൃത A & E (എയർക്രാഫ്ററ് ആൻഡ് എൻജിൻ) മെക്കാനിക്കുകളായ നമ്മുടെ പ്രഗത്ഭരായ സഹോദരങ്ങളോടു നാം എത്ര നന്ദിയുള്ളവരാണ്!
യാത്രാവേളയിൽ ഒരിക്കൽ ഞങ്ങൾ ഡച്ച് തുറമുഖത്തേക്കും അനലാസ്കയിലെ മുക്കുവ ഗ്രാമത്തിലേക്കും പോയി. ഇതു മണിക്കൂറിൽ 70 മുതൽ 100 വരെ കിലോമീററർ വേഗതയുള്ള കാററിനു പേരു കേട്ട സ്ഥലമാണ്. സന്തോഷകരമെന്നു പറയട്ടെ, അന്നത്തെ ദിവസം വളരെ ശാന്തമായിരുന്നു എങ്കിലും പല തവണ ഞങ്ങളെ അനിശ്ചിതാവസ്ഥയിലാക്കാൻ പോന്നവിധം പ്രക്ഷുബ്ധമായിരുന്നു. വിമാനമിറക്കാനുള്ള താവളം—പാറനിറഞ്ഞ മലഞ്ചെരുവിൽ കുത വെട്ടിയുണ്ടാക്കിയ ഒരു പ്രദേശം—കണ്ടപ്പോൾ ഞങ്ങൾക്ക് എന്തൊരാശ്ചര്യം തോന്നിയെന്നോ! റൺവേയുടെ ഒരു വശം കിഴുക്കാംതൂക്കായ പാറയായിരുന്നു, മറുവശം ബറിങ് കടലിന്റെ തണുത്തുമരവിച്ച വെള്ളവും! ഞങ്ങൾ ഇറങ്ങിയപ്പോൾ റൺവേ നനഞ്ഞുകിടക്കുകയായിരുന്നു. വർഷത്തിൽ 200-ലധികം ദിവസവും അവിടെ മഴയാണ്.
ദൈവത്തിന്റെ വചനവും ഉദ്ദേശ്യവും സംബന്ധിച്ച് ആ പ്രദേശത്തെ നിവാസികളുമായി ചർച്ചചെയ്യുക എന്നത് എത്ര സന്തോഷകരമായ സംഗതിയായിരുന്നു! പ്രായംചെന്ന അനേകരും യുദ്ധം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു വിലമതിപ്പു പ്രകടമാക്കി. രണ്ടാംലോകമഹായുദ്ധത്തിൽ ഡച്ച് തുറമുഖത്തിനുമേൽ ജപ്പാൻകാർ നടത്തിയ ബോംബാക്രമണത്തെക്കുറിച്ച് അവർക്കു നല്ല ഓർമയുണ്ട്. സാക്ഷ്യവേലയിലെ അത്തരം യാത്രകളെക്കുറിച്ചുള്ള ഞങ്ങളുടെ ഓർമകളും അതുപോലെതന്നെ അവിസ്മരണീയമാണ്.
മെല്ലെ ചൂടുപിടിച്ചുവരുന്നു
കാലാവസ്ഥ വീണ്ടും പരിശോധിച്ചപ്പോൾ താപനിലയിൽ പതുക്കെയുള്ള ഒരു വർധനവു ഞങ്ങൾ നിരീക്ഷിച്ചു. ജനങ്ങൾ വിരളമായി വസിക്കുന്ന സ്ഥലത്തെ ഞങ്ങളുടെ സാക്ഷ്യവേലയെക്കുറിച്ചു ഞാൻ ചിന്തിക്കാൻ അത് ഇടയാക്കി. ജനങ്ങളുടെ ഹൃദയങ്ങളിൽ മെല്ലെ എന്നാൽ ഉറച്ച ഒരു മാററം ഞങ്ങൾ കണ്ടു.
പുറംനാട്ടുകാരെക്കുറിച്ചു ജനങ്ങൾക്കുള്ള സംശയവും വിദ്വേഷവും മാറുന്നതിനു സമയമെടുത്തു. ഞങ്ങളുടെ ആദ്യ ഉദ്യമങ്ങളിൽ ഗ്രാമത്തിലെ പള്ളിനേതാക്കൻമാർ വിമാനത്തിനു സമീപം വന്നു ഞങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കുന്നതും പിന്നെ അവിടം വിടാൻ തിടുക്കത്തിൽ ആവശ്യപ്പെടുന്നതും അസാധാരണമല്ലായിരുന്നു. അത്തരത്തിലുള്ള സ്വീകരണം തീർച്ചയായും നിരാശാജനകമായിരുന്നു. എന്നാൽ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ” എന്നു മത്തായി 10:16-ൽ യേശു നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം ഞങ്ങൾ അനുസ്മരിച്ചു. അതുകൊണ്ടു വിമാനം നിറയെ പുത്തൻ പച്ചടിക്കീരയും തക്കാളിയും ചെറിയ ഇനം മത്തങ്ങയും അതുപോലെ അവിടെ ലഭ്യമല്ലാത്ത മററുചില സാധനങ്ങളുമായി ഞങ്ങൾ തിരികെ ചെന്നു. മുമ്പു പകയുണ്ടായിരുന്ന നിവാസികൾ ഞങ്ങളുടെ ചരക്കുവിമാനം കണ്ടതിൽ ആനന്ദഭരിതരായിത്തീർന്നു.
ഈ പുത്തൻ സാധനങ്ങളുടെ വിതരണത്തിനു സംഭാവനകൾ സ്വീകരിച്ച് ഒരു സഹോദരൻ “കട”യിലിരിക്കുമ്പോൾ മററനേകം സഹോദരങ്ങളും പുതിയ ചരക്കു വിമാനത്തെക്കുറിച്ചു പറയുന്നതിനു വീടുതോറും പോകും. വാതിൽക്കൽ അവർ ഇങ്ങനെയും അന്വേഷിച്ചു: “ആകട്ടെ, ഇതൊക്കെയാണെങ്കിലും നിങ്ങൾ ഒരു ബൈബിൾ വായനക്കാരനാണോ? ദൈവം നമുക്കു പറുദീസ വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്നു കാണിക്കുന്ന ഈ ബൈബിൾ പഠന സഹായി നിങ്ങൾക്ക് ആസ്വാദ്യമായിരിക്കുമെന്ന് എനിക്കറിയാം.” പ്രലോഭനകരമായ അത്തരമൊരു വാഗ്ദാനം ആർക്കു നിരസിക്കാനാകും? എല്ലാവരും ഭൗതികവും ആത്മീയവുമായ ഭക്ഷണത്തെ വിലമതിച്ചു. സ്വീകരണം ആനന്ദകരമായിരുന്നു. അനേകം സാഹിത്യങ്ങൾ സമർപ്പിച്ചു, കൂടാതെ ചുരുക്കം ചിലരുടെ ഹൃദയത്തെയും ഊഷ്മളമാക്കി.
അതിർത്തിക്കപ്പുറം കടക്കുന്നു
കാനഡയിലേക്കു “കടന്നുവന്നു” വടക്കു പടിഞ്ഞാറു പ്രദേശത്തെ വിദൂരസ്ഥലങ്ങളിൽ ചില പ്രദേശങ്ങൾ സന്ദർശിക്കാൻ യൂക്കോൺ പ്രദേശത്തുള്ള വൈററ്ഹോഴ്സ് സഭ ഞങ്ങൾക്ക് ഒരു “മക്കദോന്യ”വിളി നൽകി. (പ്രവൃത്തികൾ 16:9) ഉത്തരധ്രുവത്തിനു വടക്ക് ബ്യൂഫോർട്ടു കടലിലെ മക്കൻസീ കടലിടുക്കിലുള്ള ഒരു ഗ്രാമമായ ടൂക്ട്ടോയാക്ക്ടൂക്കിലേക്കു പോകാൻ ഞങ്ങൾ 5 പേർ യാത്രതിരിച്ചു.
‘വിചിത്രമായ ഈ പേരിന്റെ ഉച്ചാരണമെന്തായിരിക്കും?’ എന്ന് അവിടെ എത്തിയപ്പോൾ ഞങ്ങൾ ആലോചിക്കുകയായിരുന്നു.
ഒരു ചെറുപ്പക്കാരൻ ഒരു വലിയ ചിരി സമ്മാനിച്ചുകൊണ്ട് “ടൂക്ക്” എന്ന് ഉത്തരം നൽകി.
“നാം എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചില്ല?” എന്നു ഞങ്ങൾ വിസ്മയിച്ചു.
ടൂക്ട്ടോയാക്ക്ടൂക്കിലെ ജനങ്ങൾ തിരുവെഴുത്തുമായി സുപരിചിതരാണെന്ന വസ്തുത ഞങ്ങളെ അതിശയിപ്പിച്ചു. തദ്ഫലമായി ഞങ്ങൾക്ക് അനേകം സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നതിനും ധാരാളം സാഹിത്യങ്ങൾ സമർപ്പിക്കുന്നതിനും കഴിഞ്ഞു. ഞങ്ങളുടെ യുവ പയനിയർമാരിൽ ഒരാൾക്ക് ഒരു വീട്ടുകാരനുമായി പ്രചോദനാത്മകമായ ഒരു സംഭാഷണത്തിലേർപ്പെടാൻ കഴിഞ്ഞു.
“ഞാൻ ഒരു ആംഗ്ലിക്കൻ സഭക്കാരനാണ്” എന്നു വീട്ടുകാരൻ പറഞ്ഞു.
“ആംഗ്ലിക്കൻ സഭ സ്വവർഗസംഭോഗം അനുവദിക്കുന്നുവെന്നകാര്യം നിങ്ങൾക്കറിയാമോ?” നമ്മുടെ പയനിയർ ചോദിച്ചു.
“നേരോ?” അയാൾ ചോദിച്ചു. “എങ്കിൽ മേലാൽ ഞാൻ ഒരു ആംഗ്ലിക്കൻ സഭക്കാരനായിരിക്കുന്നില്ല.” ബൈബിളിലെ സുവാർത്ത കൈക്കൊള്ളുന്നതിന് ഒരാളുടെയുംകൂടെ ഹൃദയം തുറക്കുകയായിരുന്നിരിക്കണം.—എഫെസ്യർ 1:18.
ആ ഭാഗത്തുള്ള എല്ലാ വീടും സന്ദർശിക്കണമെന്ന ഞങ്ങളുടെ തീരുമാനം പ്രായമുള്ള ഒരാൾക്കു നന്നേ ബോധിച്ചു. ഞങ്ങളുടെ വേലയിലുടനീളം ഞങ്ങൾ കാൽനടയായി പോകണമായിരുന്നു. വിമാനം നിർത്തിയിരിക്കുന്നിടത്തുനിന്നും ഗ്രാമത്തിലേക്ക് ഒന്നോ അതിലധികമോ കിലോമീററർ നടക്കണം. പിന്നെ ഓരോ വീട്ടിലും എത്തുന്നതിന് ചരലോ ചെളിയോ നിറഞ്ഞ പാതയിലൂടെ ആയാസപ്പെട്ടു നടക്കേണ്ടിയിരുന്നു. ഈ മനുഷ്യൻ തന്റെ ട്രക്ക് തത്കാലോപയോഗത്തിനായി ഞങ്ങൾക്കു നൽകി. അത് എന്തോരു അനുഗ്രഹമായിരുന്നു! അതിർത്തിയിലേക്കു കടന്നു ചെന്ന് കാനഡയുടെ പ്രദേശത്തു സഹായം നൽകാൻ കഴിഞ്ഞത് ഒരു മികച്ച പദവിയായിരുന്നു.
അതു തക്ക ഫലമുള്ളതോ?
മോശമായ കാലാവസ്ഥയാൽ ഞങ്ങൾ നിരാലംബരോ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥപോലെ അനിശ്ചിതമായി വൈകുകയോ ചെയ്യുകയാണ്, അതല്ല, ഒരു മുഴുദിവസത്തെയും സാക്ഷ്യവേല താത്പര്യമില്ലായ്മയോ വെറുപ്പോ പോലുമാണ് ഉളവാക്കുന്നത് എങ്കിൽ ചെലവഴിക്കുന്ന സമയവും ഊർജവും പണവുമെല്ലാം തക്ക ഫലമുള്ളതാണോ എന്ന് അപ്പോൾ ഞങ്ങൾ ചിന്തിക്കാൻ തുടങ്ങും. താത്പര്യം കാണിക്കുകയും കത്തിടപാടുകളിലൂടെ ബൈബിളധ്യയനം നടത്താമെന്നു വാഗ്ദാനം ചെയ്തിട്ട് അതിനു മെനക്കെടാത്തതുമായ വ്യക്തികളെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചേക്കാം. കത്തെഴുതുക എന്നത് അനേക ദേശക്കാരുടെയും ആചാരമല്ലെന്നും സൗഹൃദത്തെ ബൈബിൾ സന്ദേശത്തിലുള്ള താത്പര്യമെന്ന് എളുപ്പത്തിൽ തെററിദ്ധരിച്ചേക്കാമെന്നും പിന്നീടു ഞങ്ങൾ ഓർമിക്കുന്നു. ചിലപ്പോഴെല്ലാം വിജയത്തിന്റെ അളവു കുറിക്കുകയെന്നതു വളരെ പ്രയാസകരമായി തോന്നുന്നു.
മററു രാജ്യപ്രസാധകരുടെ നല്ല അനുഭവങ്ങൾ അനുസ്മരിക്കുമ്പോൾ ഇപ്രകാരമുള്ള നിഷേധാത്മക ചിന്തകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. ദൃഷ്ടാന്തത്തിന്, ഫെയർബാങ്ക്സിൽ നിന്നുള്ള ഒരു സാക്ഷി വടക്കേ അററത്തുള്ള ബാരോ ഗ്രാമത്തിൽ പ്രസംഗിച്ചു. അവിടെ അവൾ കാലിഫോർണിയയിലെ കോളെജിൽനിന്ന് അവധിക്കുവന്നിരിക്കുന്ന ഒരു കൗമാരപ്രായക്കാരിയെ കണ്ടുമുട്ടി. കത്തിടപാടുകളിലൂടെ സഹോദരി അവളുടെ താത്പര്യം നിലനിർത്തുകയും കോളെജിലേക്കു തിരികെപോയശേഷവും ആ പെൺകുട്ടിയെ തുടർന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന് ആ യുവതി യഹോവയുടെ സന്തുഷ്ടിയുള്ള സ്നാപനമേററ സേവികയാണ്.
കതകിലൊരു മുട്ട്, അത് എന്നെ ഓർമയിൽനിന്നു തട്ടിയുണർത്തി. ഏതു ശ്രമവും ഫലം ചെയ്യുന്നുവെന്നതിന് ഒരു തെളിവുകൂടി നൽകുന്നു. വാതിൽക്കൽ നിൽക്കുന്നതു സമർപ്പിച്ച് സ്നാപനമേററ നോമിലെ ഏക ഇനൂയിററുകാരനായ സാക്ഷി എൽമർ ആണ്.
“താങ്കൾ ശുശ്രൂഷയിൽ പങ്കുപററാൻ പുറത്തുപോകുന്നുണ്ടെങ്കിൽ ഞാനും പോരട്ടെ?” എന്ന് അദ്ദേഹം ചോദിച്ചു. തൊട്ടടുത്ത സഭയിൽനിന്ന് 800 കിലോമീററർ ദൂരെ ഒററപ്പെട്ടു താമസിക്കുന്ന അദ്ദേഹം അവസരം ഒത്തുവന്നപ്പോൾ തന്റെ സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
സൂര്യകിരണങ്ങൾ മേഘപാളികളെ കീറിമുറിച്ചു പ്രകാശം പരത്താൻ തുടങ്ങി. പുറപ്പെടാനുള്ള അവസരം ഉടനെ ലഭിക്കുമെന്നു ഞങ്ങൾക്കറിയാം. വിമാനത്തിലേക്കു പ്രവേശിക്കുമ്പോഴത്തെ എൽമറിന്റെ സന്തോഷം സ്ഫുരിക്കുന്ന മുഖം ഞങ്ങളെ ഉത്സാഹപൂർണരാക്കുന്നു. എൽമറിന് ഇത് പ്രത്യേകദിനമാണ്. അദ്ദേഹം ലോകത്തിന്റെ ഒടുവിലത്തെ അതിർത്തിദേശത്തിലെ ജനങ്ങളുടെ ഹൃദയങ്ങളിലെ മൂടുപടം മാററാനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ ചേർന്നുകൊണ്ട് ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന ഗ്രാമത്തിൽ അദ്ദേഹത്തിന്റെ നാട്ടുകാരായ ഇനൂയിററുകാരോടു പ്രസംഗിക്കാൻ പോരുകയാണ്.—സംഭാവനചെയ്തത്.
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1. ഗാംബൽ
2. സവൂങ്കാ
3. നോം
4. കട്ട്സിബ്യൂ
5. ബാരോ
6. ടൂക്ട്ടോയാക്ക്ടൂക്ക്
7. ഫെയർബാങ്ക്സ്
8. അങ്കറിജ്
9. അനലാസ്ക
10. ഡച്ച് തുറമുഖം
[24-ാം പേജിലെ ചിത്രം]
ഒററപ്പെട്ട സമൂഹങ്ങളിൽ ചെന്നെത്തുന്നതിന് അലാസ്കയിലെ അനവധി പർവതനിരകളിൽ ഒരെണ്ണം കുറുകെ കടക്കുക മിക്കപ്പോഴും ആവശ്യമാണ്
[25-ാം പേജിലെ ചിത്രം]
ബെററി ഹോവ്സും, സോഫി മെസാക്കും, ക്യാരി ററീപ്പിൾസും ചേർന്ന് 30 വർഷത്തിലധികം മുഴുസമയസേവനം അനുഷ്ഠിച്ചിരിക്കുന്നു