“ഉറപ്പുള്ള പട്ടണത്തെക്കാൾ കവിഞ്ഞത്”
“ഇപ്പോഴത്തെ നിരക്കിൽ, ഐക്യനാടുകളിലെ കുട്ടികളിൽ ഏതാണ്ടു 40 ശതമാനം പേർ തങ്ങളുടെ 18-ാമത്തെ വയസ്സിനകം സ്വന്തം മാതാപിതാക്കളുടെ വിവാഹത്തകർച്ച കാണും.” (സയൻസ്, 1991 ജൂൺ 7) സ്ഥിതിവിവരക്കണക്ക് എത്ര ഭയാനകം! എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്?
കുടുംബകാര്യം, മരണാനന്തരസ്വത്തവകാശത്തർക്കം എന്നിവക്കുവേണ്ടിയുള്ള കോടതിയിലെ ന്യായാധിപനായ എഡ്വേർഡ് എം. ഗിൻസ്ബർഗ് ദ ബോസ്ററൺ ഗ്ലോബിനു കൊടുത്ത ഒരു അഭിമുഖത്തിൽ തന്റെ കാഴ്ചപ്പാടു വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “നമ്മുടേത് ഒരു സ്വാർഥസമൂഹമാണ്. ‘എനിക്കു’ വേണം എന്ന ചിന്തയാണു നമുക്ക്. ‘ഇപ്പോൾ എനിക്ക് അതിലെന്താണുള്ളത്?’ എന്നാണു നാം ചോദിക്കുക. നാം ആഗ്രഹിക്കുന്നതു ക്ഷണത്തിലുള്ള തൃപ്തിയാണ്.”
വിവാഹത്തിലെ കയ്പും കലഹവുമാണ് അത്തരം അപക്വമായ സ്വാർഥത കൈവരുത്തുന്നത്. ദമ്പതികൾ അവസാനം വിവാഹമോചനക്കോടതിയിൽ എത്തുമ്പോൾ ഭർത്താവിനും ഭാര്യക്കും വേണ്ടത് അവരവരുടെ വാദത്തിന്റെ സംസ്ഥാപനമാണ് എന്നു ന്യായാധിപനായ ഗിൻസ്ബർഗ് പറയുന്നു. തങ്ങളുടെ ഭാഗത്താണു ശരി, പങ്കാളിയാണു തെററുചെയ്തിരിക്കുന്നത് എന്ന് ആരെങ്കിലും അവരോട് ഒന്നുപറഞ്ഞാൽ മതി. “പോരാട്ടത്തിൽ ജയിച്ചതു നിങ്ങളാണ്” എന്ന് ആരെങ്കിലും അവരോടു പറയണം, അതാണ് അവർ ആഗ്രഹിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഈ നിശ്വസ്ത സദൃശവാക്യത്തെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ കവിഞ്ഞവനാകുന്നു.” (സദൃശവാക്യങ്ങൾ 18:19, NW) അതേ, വിവാഹത്തിൽ കലമ്പൽ ആരംഭിക്കുന്നതോടെ ഏററുമുട്ടുന്നവർ യുക്തിയെ കാററിൽപ്പറത്തി കടുംപിടുത്തക്കാരാകുന്നു. പലപ്പോഴും, ഉപരോധിക്കപ്പെട്ട ഒരു ‘ഉറപ്പുള്ള പട്ടണം’പോലെ അവർ പിടിവാശിക്കാരായി വിട്ടുവീഴ്ച ചെയ്യാൻ വിസ്സമ്മതിക്കുന്നു.
ഇത് ഇങ്ങനെതന്നെയായിരിക്കണമോ? വേണ്ട, ഒരു പകരോപാധിയുണ്ട്. രണ്ടു കൂട്ടരും അപ്പോസ്തലനായ പൗലോസിന്റെ ഈ വാക്കുകൾ തുടക്കംമുതലേ ചെവിക്കൊള്ളുമ്പോൾ വിവാഹങ്ങൾ ഉറപ്പുള്ളതും നിലനിൽക്കുന്നതും ആയിത്തീരുന്നു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:32) അത്തരം ഗുണങ്ങൾ നട്ടുവളർത്തുക എളുപ്പമാണോ? എല്ലായ്പോഴുമല്ല. എന്നാൽ വിവാഹമോചനം എത്ര എളുപ്പമാണ്? ഒരു തകർന്ന വിവാഹത്തിന്റെ വൈകാരികവും സാമ്പത്തികവുമായ ഭാരങ്ങൾ എത്ര വേദനാജനകമാണ്? മാതാപിതാക്കളുടെ വിവാഹമോചനത്തിന്റെ കറുത്തപാടുകളും പേറി വളരേണ്ടിവരുന്ന കുട്ടികളുടെ കാര്യമോ?
ഒരു “ഉറപ്പുള്ള പട്ടണ”ത്തെപ്പോലെ ഇരു പങ്കാളികളും അവരവരുടെ ഉറച്ച നിലപാടിൽ തുടരാതെ വിവാഹം നിലനിർത്തിക്കൊണ്ടുപോകാൻ പ്രയത്നിക്കുന്നത് എത്രയോ നല്ലതാണ്. ക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം വിശേഷാൽ വിവാഹിതദമ്പതികൾക്കു ബാധകമാണ്: “എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”—കൊലൊസ്സ്യർ 3:14.
[32-ാം പേജിലെ ചിത്രത്തിന്റെ കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck