വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
‘പാപം വാതിൽക്കൽ പതിയിരിക്കുകയായിരുന്നു, അത് അവനിൽ തീവ്രമായ താത്പര്യം വെച്ചിരിക്കുകയായിരുന്നു,’ എന്നു ദൈവം കയീനു മുന്നറിയിപ്പു കൊടുത്തു. ഇതു ഒരു വന്യമൃഗത്തെയും അതിന്റെ ഇരയെയും സൂചിപ്പിക്കുന്നതായി തോന്നുന്നു. (ഉൽപ്പത്തി 4:7, NW) പ്രളയത്തിനു മുമ്പു മൃഗങ്ങൾ ഭക്ഷിച്ചിരുന്നതു സസ്യാഹാരം മാത്രമാണെങ്കിൽ അത്തരം ഭാഷ എന്തുകൊണ്ട് ഉപയോഗിക്കണം?
ചരിത്രപശ്ചാത്തലവുമായി ഇണങ്ങാത്തതെന്നു തോന്നിയേക്കാവുന്ന വസ്തുതകളോ ചരിത്രസംഭവവികാസങ്ങളോ ആയ അനേകം വാക്യങ്ങൾ മോശ എഴുതിയ പുസ്തകങ്ങളിൽ നാം കാണുന്നുണ്ട്.
ഉദാഹരണത്തിന്, ഉല്പത്തി 2:10-14-ലെ വിവരണം ഏദൻതോട്ടത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ നൽകുന്നു. ഒരു നദി “അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു” എന്നു മോശ എഴുതി. എന്നാൽ അശ്ശൂർ എന്ന ദേശത്തിന്റെ പേരു വരുന്നതു പ്രളയത്തിനു ശേഷം, ശേമിനു ജനിച്ച പുത്രനായ അശ്ശൂരിൽനിന്നാണ്. (ഉല്പത്തി 10:8-11, 22; യെഹെസ്കേൽ 27:23; മീഖാ 5:6) മോശ തന്റെ കൃത്യമായ, നിശ്വസ്ത രേഖയിൽ “അശ്ശൂർ” എന്ന പദം വായനക്കാർക്കു സുപരിചിതമായ ഒരു പ്രദേശത്തെ പരാമർശിക്കാൻ ഉപയോഗിക്കുകയായിരുന്നു എന്നതു വ്യക്തമാണ്.
ഉല്പത്തിയുടെ ആദ്യ അധ്യായങ്ങളിൽനിന്നുള്ള മറെറാരു ഉദാഹരണം ശ്രദ്ധിക്കുക. ആദാമും ഹവ്വായും പാപം ചെയ്ത് ഏദനിൽനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം അവർ അവിടേക്കു തിരിച്ചുവരുന്നതു യഹോവ തടഞ്ഞു. എങ്ങനെ? ഉല്പത്തി 3:24 ഇങ്ങനെ പറയുന്നു: “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” “വാളിന്റെ ജ്വാലയുമായി” എന്ന പ്രയോഗം ശ്രദ്ധിക്കുക. ദൈവം വാൾ കണ്ടുപിടിച്ചിരുന്നോ?
വാൾ എന്നു നമുക്കറിയാവുന്ന ഉപകരണം ഉണ്ടാക്കിയ ആദ്യവ്യക്തി നമ്മുടെ സ്നേഹവാനായ സ്രഷ്ടാവാണ് എന്നു നാം നിഗമനം ചെയ്യേണ്ടതില്ല. ആദാമും ഹവ്വായും ദൂതൻമാരുടെ മുന്നിൽ ജ്വാലപോലെ, ചുററിത്തിരിയുന്ന എന്തോ കണ്ടു. കൃത്യമായും അതെന്തായിരുന്നു? മോശ ഉൽപ്പത്തിപ്പുസ്തകം എഴുതിയ സമയമായപ്പോഴേക്കും വാളുകൾ നന്നായി അറിയപ്പെട്ടിരുന്നു, യുദ്ധങ്ങളിൽ അവ ഉപയോഗിക്കപ്പെട്ടിരുന്നു. (ഉല്പത്തി 31:26; 34:26; 48:22; പുറപ്പാടു 5:21; 17:13) അതുകൊണ്ട്, “വാളിന്റെ ജ്വാലയുമായി” എന്ന മോശയുടെ വാക്കുകൾ അദ്ദേഹത്തിന്റെ വായനക്കാരെ ഏദൻതോട്ടത്തിന്റെ കവാടത്തിൽ സ്ഥിതിചെയ്തിരുന്നത് എന്താണോ അതിനെ ഒരളവോളം ഭാവനയിൽ കാണാൻ പ്രാപ്തരാക്കി. മോശയുടെ നാളുകളിൽ അറിയാമായിരുന്ന വിവരങ്ങൾ അത്തരം സംഗതികളുടെ ഗ്രാഹ്യത്തിനു സഹായമായിഭവിച്ചു. മോശ ഉപയോഗിച്ച ഭാഷ കൃത്യമായിരുന്നിരിക്കണം, അതുകൊണ്ടാണു യഹോവ അതിനെ ബൈബിളിൽ ഉൾപ്പെടുത്തിയത്.—2 തിമൊഥെയൊസ് 3:16.
അപ്പോൾ ഉൽപ്പത്തി 4:7-ന്റെ കാര്യമോ? അവിടെ ദൈവം കയീന് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നീ നൻമ ചെയ്യാൻ ഒരുമ്പെടുന്നെങ്കിൽ ഉന്നതിയുണ്ടാകില്ലേ? എന്നാൽ നൻമ ചെയ്യാൻ ഒരുമ്പെടുന്നില്ലെങ്കിൽ പാപം വാതിൽക്കൽ പതിയിരിക്കുന്നുണ്ട്, അതു നിന്നിൽ തീവ്രമായ താത്പര്യം വെച്ചിരിക്കുന്നു; നീയോ, അതിനെ കീഴടക്കുമോ?” [NW] മുകളിൽ പറഞ്ഞതുപോലെ, ഇരയുടെമേൽ ചാടിവീണു വിഴുങ്ങാൻവേണ്ടി പതിയിരിക്കുന്ന, വിശന്നുവലഞ്ഞ ഒരു വന്യമൃഗത്തെ വരച്ചുകാട്ടുന്ന ഒരു ഭാഷ ഇവിടെ ഉപയോഗിച്ചിരിക്കുന്നതായി തോന്നുന്നു.
എന്നിരുന്നാലും, ആദാമും ഹവ്വായും എല്ലാ മൃഗങ്ങളുമായി സമാധാനത്തിലായിരുന്നു എന്നാണു ബൈബിളിലെ തെളിവു ചൂണ്ടിക്കാട്ടുന്നത്. ജന്തുജാലങ്ങളിൽ ചിലതു മനുഷ്യനുമായി വളരെ ഇണക്കത്തിലായിരുന്നിരിക്കാം, സാമീപ്യത്തിൽനിന്നു പ്രയോജനം അനുഭവിക്കുകപോലും ചെയ്തിരിക്കാം. മററുള്ളവ വന്യമൃഗങ്ങൾ, സ്വാഭാവികമായും മനുഷ്യരിൽനിന്നകലെയുള്ള വാസസ്ഥലം തേടിയ മൃഗങ്ങളായിരുന്നു. (ഉല്പത്തി 1:25, 30; 2:19) എന്നാൽ ഏതെങ്കിലും മൃഗം മററു മൃഗങ്ങളെയോ മനുഷ്യരെയോ ഇരപിടിച്ചിരുന്നു എന്നു ബൈബിൾ പറയുന്നില്ല. ആരംഭത്തിൽ, ദൈവം മൃഗങ്ങൾക്കും മനുഷ്യർക്കും ഭക്ഷണമായി നിശ്ചയിച്ചതു വ്യക്തമായും സസ്യാഹാരമായിരുന്നു. (ഉല്പത്തി 1:29, 30; 7:14-16) പ്രളയംവരെ ആ രീതിക്കു മാററംവന്നില്ലെന്ന് ഉല്പത്തി 9:2-5 സൂചിപ്പിക്കുന്നു.
അപ്പോൾ, ഉൽപ്പത്തി 4:7-ൽ നാം വായിക്കുന്നതുപോലെ, കയീനോടുള്ള ദൈവത്തിന്റെ മുന്നറിയിപ്പോ? ഇരയുടെമേൽ ചാടിവീഴാൻ പതിയിരിക്കുന്ന ഒരു കാട്ടുമൃഗത്തിന്റെ രൂപം തീർച്ചയായും മോശയുടെ നാളിൽ എളുപ്പം മനസ്സിലാകുമായിരുന്നു, നാമും മനസ്സിലാക്കുന്നു. അപ്പോൾ, മോശ പ്രളയാനന്തര ലോകവുമായി പരിചിതരായ വായനക്കാർക്കു യോജിച്ചവിധം ഭാഷ ഉപയോഗിക്കുകയായിരുന്നിരിക്കണം. കയീൻ അത്തരമൊരു ജന്തുവിനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിൽപ്പോലും തന്നിലെ പാപപൂരിതമായ ആഗ്രഹത്തെ വിശന്നുവലഞ്ഞ, ആർത്തിപൂണ്ട ഒരു വന്യമൃഗത്തോടു സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു മുന്നറിയിപ്പിന്റെ ആശയം അവനു പിടികിട്ടുമായിരുന്നു.
നമ്മുടെമേൽ കൂടുതൽ സ്വാധീനമുണ്ടാകേണ്ട പ്രാഥമിക സംഗതികൾ ഇവയാണ്: കയീനു മുന്നറിയിപ്പു കൊടുക്കുന്നതിലെ ദൈവത്തിന്റെ ദയ, താഴ്മയോടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിന്റെ മൂല്യം, അസൂയ ഒരുവനെ എത്ര എളുപ്പം ദുഷിപ്പിക്കാം, നമുക്കുവേണ്ടി തിരുവെഴുത്തുകളിൽ ദൈവം വെച്ചിട്ടുള്ള മററു ദിവ്യ മുന്നറിയിപ്പുകളെ നാം എത്ര ഗൗരവത്തോടെ എടുക്കണം.—പുറപ്പാടു 18:20; സഭാപ്രസംഗി 12:12; യെഹെസ്കേൽ 3:17-21; 1 കൊരിന്ത്യർ 10:11; എബ്രായർ 12:11; യാക്കോബ് 1:14, 15; യൂദാ 7, 11.