രാജ്യവേലയിൽ നമ്മുടെ കണ്ണ് “ലഘുവായി” സൂക്ഷിക്കൽ
പൂർവ ജർമനി എന്നറിയപ്പെടുന്ന ജർമൻ ഡമോക്രാററിക്ക് റിപ്പബ്ലിക്ക് (ജി.ഡി.ആർ.) കഷ്ടിച്ച് മധ്യവയസ്സിലെത്തിയതേയുള്ളു. ഏതാണ്ടു ലൈബീരിയയുടെ വലിപ്പമുള്ള അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസ്സി സ്റേറററിന്റെ വലിപ്പമുള്ള അതിന്റെ പ്രദേശം 1990 ഒക്ടോബർ 3-ാം തീയതി പശ്ചിമ ജർമനി എന്നറിയപ്പെട്ടിരുന്ന ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയോടു ചേർക്കപ്പെട്ടപ്പോൾ 41 വർഷത്തെ അതിന്റെ അസ്തിത്വം അവസാനിച്ചു.
ഈ രണ്ടു ജർമനികളുടെ പുനരേകീകരണം വിപുലമായ നവീകരണ പരിപാടികൾക്കു വഴിതുറന്നിരിക്കുകയാണ്. ഈ രണ്ടു രാജ്യങ്ങളെ വേർതിരിച്ചു നിർത്തിയതു വെറുമൊരു അക്ഷരീയ അതിർത്തിയല്ല, മറിച്ച് ഒരുപിടി തത്ത്വസംഹിതകളുടെ വേലിക്കെട്ടായിരുന്നു. ഇതെല്ലാം അവിടത്തെ ആളുകൾക്ക് എന്തർഥമാക്കി, യഹോവയുടെ സാക്ഷികളുടെ ജീവിതം എങ്ങനെ മാറിയിരിക്കുന്നു?
ഈ ഏകീകരണത്തിനു വഴിയൊരുക്കിയ 1989 നവംബറിലെ വെണ്ടെവിപ്ലവം പൊട്ടിപ്പുറപ്പെട്ടതു നാലു പതിററാണ്ടുകാലം നീണ്ടുനിന്ന കർക്കശമായ സോഷ്യലിസത്തിന്റെ തൊട്ടുപിന്നാലെയായിരുന്നു. ആ കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരുന്നുവെന്നുമാത്രമല്ല അവരോടുള്ള പീഡനം ചിലപ്പോഴൊക്കെ അതികഠിനവുമായിരുന്നു.a ഒടുവിൽ ജി.ഡി.ആർ. സ്വാതന്ത്ര്യം നുകർന്നപ്പോൾ ജനങ്ങൾക്കിടയിലെങ്ങും ഹർഷോൻമാദം തിരതല്ലി. എന്നാൽ ആ തിമിർപ്പങ്ങു കെട്ടടങ്ങിയപ്പോൾ അനേകരും കണക്കുകൂട്ടലുകൾ തെററിയവരും നിരാശരും മോഹമുക്തരുമായിത്തീർന്നു. ഇരു ജർമനികളെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി ഒരവസ്ഥയിൽ കൂട്ടിച്ചേർക്കുക എന്നതു ദുഷ്കരമായ ഒരു വേലയാണെന്നു തെളിയുകയാണ്.
ഡേർ സ്പീഗലിലെ “162 ടാജ് ഡൊയിഷെ ഗെഷിക്റെറ” എന്ന പ്രത്യേക റിപ്പോർട്ട് പറയുന്നപ്രകാരം ഏകീകരണത്തെ തുടർന്ന് തൊഴിലില്ലായ്മ, പണപ്പെരുപ്പം, വർധിച്ച വാടക എന്നിവയെക്കുറിച്ചു ഭീതി പരന്നിരുന്നു. “എനിക്കു വേണ്ടത്ര പെൻഷൻ ഉണ്ടായിരിക്കുമോ” എന്ന് മുൻ ജി.ഡി.ആറിലെ അനേകർ വേവലാതിപ്പെട്ടു. പാർപ്പിടത്തെക്കുറിച്ചെന്ത്? “ജി.ഡി.ആറിലെ പഴയ കെട്ടിടങ്ങളെല്ലാം ദ്രവിച്ചുകൊണ്ടിരിക്കുകയാണ്, ആ തെരുവുകളൊന്നും വാസയോഗ്യമല്ലാതാകുകയാണ്.” മലിനീകരണം ഭയാനകമായ പരിധികളിലെത്തിയിരിക്കയാണ്.
ഇത്തരം സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയെ അഭിമുഖീകരിക്കെ, മുൻ ജി.ഡി.ആറിലെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു സ്ഥിതിഗതികളെ നേരിട്ടിരിക്കുന്നത്?
കണ്ണു ശരിയായി കേന്ദ്രീകരിക്കൽ
യഹോവയുടെ സാക്ഷികൾക്കു തത്ത്വസംഹിതകളുടെ വേലിക്കെട്ടുകളില്ല. കിഴക്കായാലും പടിഞ്ഞാറായാലും അവരുടെ ബൈബിളധിഷ്ഠിത വിശ്വാസം ഒന്നുതന്നെയാണ്. തങ്ങളുടെ സാമൂഹിക പരിതസ്ഥിതി മാററത്തിനു വിധേയമായിരിക്കുന്നതിനാൽ സാക്ഷികളിൽ മിക്കവരും യഹോവയെ സേവിക്കുക എന്ന പ്രഥമ ലക്ഷ്യത്തിൽ കണ്ണു നട്ടുകൊണ്ട് തങ്ങളുടെ ആത്മീയ സമനില നിലനിർത്തുകയാണ്. ഇത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്ന”തുകൊണ്ട്. (1 കൊരിന്ത്യർ 7:31, NW) വെണ്ടെയ്ക്കു മുമ്പ്, നിരോധനത്തിൻ കീഴിൽ പ്രസംഗിക്കാൻ ധൈര്യമാവശ്യമായിരുന്നു; അതു സാക്ഷികളെ യഹോവയിൽ ആശ്രയിക്കാൻ പഠിപ്പിക്കുകയും ബൈബിൾ കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു എന്ന് ഒരു ക്രിസ്തീയ മൂപ്പൻ അഭിപ്രായപ്പെടുന്നു. എന്നാൽ ഇപ്പോൾ, “ഭൗതികത്വചിന്താഗതിയാലും ജീവിതോത്കണ്ഠകളാലും വഴിതെററിക്കപ്പെടാതിരിക്കാൻ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.”
സ്വാതന്ത്ര്യവും പുരോഗതിയും മിക്കപ്പോഴും ഭൗതിക മാനങ്ങളാലാണ് അളക്കപ്പെടുന്നത്. മുമ്പു സാധ്യമല്ലായിരുന്ന ഉല്ലാസങ്ങളുടെയും പ്രവൃത്തികളുടെയും കുറവു നികത്തണമെന്നു വിചാരിക്കുന്ന അനേകർ ഈ രാജ്യത്തുണ്ട്. തെക്കു തുറിങ്ക്യയിലും സാക്സണിലുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കല്ലു പാകിയ റോഡുകളിലൂടെ ഓടിച്ചുപോകുമ്പോൾ ഇതു വ്യക്തമാകും. റോഡു പൊട്ടിപ്പൊളിഞ്ഞതും വീടുകൾ ലളിതവുമായിരിക്കാം, എന്നാൽ ഉപഗ്രഹ ടെലിവിഷൻ ഡിഷ് ആൻറീനകൾ എത്രയധികമുണ്ടെന്നോ! കണ്ണിനു കാണുന്നതെല്ലാം ഉണ്ടെങ്കിൽ സുരക്ഷിതത്വവും സന്തോഷവും ഉണ്ടാകും എന്ന ചിന്തയാൽ ഒരുവൻ വഞ്ചിക്കപ്പെടാൻ വളരെ എളുപ്പമാണ്. അത് എന്തൊരു അപകടം നിറഞ്ഞ കെണിയാണ്!
ഭൗതിക വസ്തുക്കൾക്കും ജീവിതോത്കണ്ഠകൾക്കും അതിരുകടന്ന ശ്രദ്ധ കൊടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് യേശു ഗിരിപ്രഭാഷണത്തിൽ പ്രതിപാദിക്കുകയുണ്ടായി. “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപങ്ങൾ സ്വരൂപിക്കരുതു” എന്ന് അവിടുന്നു മുന്നറിയിപ്പു നൽകി. എന്നിട്ട് ഇങ്ങനെയും കൂട്ടിച്ചേർത്തു: “ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ [ലഘുവാണെങ്കിൽ, NW] നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.” (മത്തായി 6:19, 22) അവിടുന്ന് എന്താണ് അർഥമാക്കിയത്? ദൃഷ്ടിയെ ഏകത്ര കേന്ദ്രീകരിച്ചുനിർത്തുന്നതും മനസ്സിലേക്കു വ്യക്തമായ പ്രതിബിംബങ്ങൾ അയയ്ക്കുന്നതുമായ ഒന്നാണു ലഘുവായ കണ്ണ്. ലഘുവായ ഒരു ആത്മീയ കണ്ണ് ദൈവരാജ്യത്തിന്റെ ചിത്രം വ്യക്തമായി സൂക്ഷിക്കും. അതുകൊണ്ട്, ദൈവരാജ്യത്തിൽ വ്യക്തമായി ദൃഷ്ടി കേന്ദ്രീകരിച്ച് തന്റെ കണ്ണു ലഘുവായി സൂക്ഷിക്കാനും ഉത്കണ്ഠകളെ പിന്നിലേക്കു തള്ളിക്കളയാനുമുള്ള ഒരു ക്രിസ്ത്യാനിയുടെ ദൃഢനിശ്ചയം അയാളെ ആത്മീയമായി സന്തുലിതാവസ്ഥയിലായിരിക്കാൻ സഹായിക്കുന്നു.
ഇതു സാക്സണിലെ സിക്കാവുവിൽനിന്നുള്ള ഒരു ദമ്പതികളുടെ അനുഭവത്തിലൂടെ ദൃഷ്ടാന്തീകരിക്കാവുന്നതാണ്. അവർ വെണ്ടെക്കാലത്തു ബൈബിളിൽ താത്പര്യം പ്രകടിപ്പിച്ചു. അവരുടെ ബിസിനസ് വളരെ സമയം കവർന്നെടുക്കുന്നതായിരുന്നു. എങ്കിലും അവർ എല്ലാ യോഗങ്ങളിലും പങ്കെടുത്തുകൊണ്ട് ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വെച്ചു. “ഞങ്ങളുടെ ബിസിനസിന്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ, ഞങ്ങൾക്കു വാസ്തവത്തിൽ സമയമില്ല, എന്നാൽ ആത്മീയമായി, സമയമുണ്ടാക്കേണ്ടതു ഞങ്ങളുടെ അത്യാവശ്യമാണ്” എന്ന് അവർ സമ്മതിച്ചു. എന്തൊരു ബുദ്ധിപൂർവകമായ തീരുമാനം!
സാക്സണിൽത്തന്നെ പ്ലോവനിലുള്ള ഒരു കുടുംബത്തെക്കുറിച്ചും പരിചിന്തിക്കുക. സ്വന്തമായി വാച്ച് റിപ്പയറിങ് ബിസിനസ്സുള്ള ഒരു വിദഗ്ധനായിരുന്നു ഭർത്താവ്. വെണ്ടെയെത്തുടർന്ന് തന്റെ കെട്ടിടത്തിന്റെ വാടക കുതിച്ചുയർന്നു. അദ്ദേഹം എന്തു ചെയ്യണം? “അതിനു വളരെയധികം പണമാവശ്യമായിരുന്നു, തന്നെയുമല്ല, സത്യത്തിനുവേണ്ടി ജീവിക്കുക എന്ന സത്യം ഞാൻ മനസ്സിലാക്കുകയും ചെയ്തു.” അതുകൊണ്ട് അദ്ദേഹം താഴ്ന്ന വാടകയുള്ള സൗകര്യം കുറഞ്ഞ ഒരു കെട്ടിടത്തിലേക്കു മാറി. അതേ, തന്റെ കണ്ണു ലഘുവായി സൂക്ഷിക്കാൻ ആ വാച്ചുനന്നാക്കുകാരൻ ശീഘ്രം പഠിച്ചു.
എന്നാൽ ചിലർ വളരെ വൈകിയാണു പഠിച്ചത്. സ്വതന്ത്ര-കമ്പോള സമ്പദ്വ്യവസ്ഥ (free-market economy) വളരെ ആകർഷകമായി കണ്ട ഒരു മൂപ്പൻ ബിസിനസ് തുടങ്ങി. ആത്മീയതക്കു മങ്ങലേൽക്കാൻ ബിസിനസ് കടപ്പാടുകളെ അനുവദിക്കരുതെന്ന് ഒരു സഞ്ചാരമേൽവിചാരകൻ അദ്ദേഹത്തോടു ദയാപൂർവം ബുദ്ധ്യുപദേശിച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതുതന്നെയാണു സംഭവിച്ചത്. കുറെ മാസങ്ങൾക്കുശേഷം ആ സഹോദരൻ മൂപ്പൻ സ്ഥാനത്തുനിന്നു രാജിവച്ചു. അദ്ദേഹം പിന്നീട് ഇങ്ങനെയെഴുതി: “സേവനപദവികളിലേക്ക് എത്തിപ്പിടിക്കുന്ന ഒരു സഹോദരനും സ്വന്തമായി ബിസിനസ് തുടങ്ങരുതേയെന്ന് എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉപദേശിക്കുകയാണ്.” സ്വയം-തൊഴിൽ കണ്ടെത്തുന്നതു തെററാണെന്നല്ല ഇതിന്റെ അർഥം. നമുക്കു സ്വന്തമായ തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും സാമ്പത്തിക ഉത്കണ്ഠകൾക്ക് അമിതമായ ശ്രദ്ധ കൊടുത്താൽ നാമറിയാതെ അതു നമ്മെ പണത്തിന് അടിമയാക്കും. പരിണതഫലം എന്തായിരിക്കുമെന്നു യേശു വ്യക്തമാക്കി: “രണ്ടു യജമാനൻമാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മററവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പററിച്ചേർന്നു മററവനെ നിരസിക്കും.” (മത്തായി 6:24) ജർമൻ കവിയായ ഗോത്തെ ഇങ്ങനെ പറഞ്ഞു: “തങ്ങൾ സ്വതന്ത്രരെന്നു തെററായി വിശ്വസിക്കുന്നവരോളം വലിയ അടിമകൾ വേറെയില്ല.”
അക്ഷരാർഥത്തിൽ നാം ഒരു കാററിൽ പെട്ടുപോയാൽ നമ്മുടെ ലക്ഷ്യം ദൃഷ്ടിയിൽ സൂക്ഷിക്കുന്നതിന് കണ്ണ് അൽപ്പം മാത്രം തുറന്നോ കൈകൊണ്ട് കണ്ണു പൊത്തിയിട്ട് ഉളിഞ്ഞോ നോക്കേണ്ടതുണ്ടായിരിക്കാം. രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികളാൽ ചുററപ്പെടുമ്പോൾ ആത്മീയ ലക്ഷ്യം ദൃഷ്ടിയിൽ സൂക്ഷിക്കുന്നതിന് ഏകാഗ്രത ആവശ്യമാണ്. രാജ്യവേലയിൽ തങ്ങളുടെ കണ്ണു ലഘുവായി സൂക്ഷിക്കുന്നതിന് ചില ക്രിസ്ത്യാനികൾ എന്താണു ചെയ്യുന്നത്?
വർധിച്ച രാജ്യപ്രവർത്തനം
മുൻ ജി.ഡി.ആറിലെവിടെയും പ്രസംഗവേലയിൽ സാക്ഷികൾ മുമ്പെന്നത്തെക്കാളേറെ സമയം ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വയൽസേവനത്തിൽ ചെലവഴിച്ച ശരാശരി സമയം 21 ശതമാനം കണ്ടു വർധിച്ചു. ഫലമോ? ഭവന ബൈബിളധ്യയനത്തിൽ ഒരു വമ്പിച്ച 34 ശതമാനം വർധനവ്. കൂടാതെ, നിരന്തര പയനിയർമാരുടെ എണ്ണം വെറും രണ്ടു വർഷം മുമ്പത്തേതിനെക്കാൾ ഇപ്പോൾ നാലു മടങ്ങായി ഉയർന്നു. മററുള്ളവർ ഉത്കണ്ഠപ്പെടുകയും പരാതിപ്പെടുകയും ചെയ്യുമ്പോൾ മുൻ ജി.ഡി.ആറിലെ 23,000-ത്തിലധികം ക്രിസ്ത്യാനികൾ തങ്ങളുടെ കണ്ണു ലഘുവായി നിലനിർത്തിക്കൊണ്ട് സാഹചര്യത്തോടു പൊരുത്തപ്പെടുകയാണ്. ഇതു രാജ്യപ്രവർത്തനത്തിലെ വിസ്മയകരമായ വർധനവിനു കാരണമായിട്ടുണ്ട്.—യോശുവ 6:15 താരതമ്യം ചെയ്യുക.
വർധിച്ച രാജ്യപ്രവർത്തനമെന്നാൽ സാക്ഷികളിൽ ഏറിയപങ്കും ജീവിക്കുന്ന തെക്കൻഭാഗത്തെ പ്രദേശം നന്നായി പ്രവർത്തിക്കുന്നു എന്നു സാരം. നിരവധി സ്ഥലപ്പേരുകൾ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ്. നിങ്ങൾ കളിമൺപാത്രത്തിൽ താത്പര്യമുള്ള ഒരാളാണെങ്കിൽ ഡ്രെസ്ഡനു സമീപമുള്ള മെയ്സൺ ആണു കളിമൺപാത്രങ്ങളിൽ വച്ചേററവും കനംകുറഞ്ഞ ചില ഇനങ്ങളുടെ ഉറവിടമെന്നു നിങ്ങൾ കണ്ടെത്തും. മെയ്സണിൽ ഇപ്പോൾ 130 രാജ്യപ്രസാധകരുണ്ട്. ഇനി “ജർമനിയുടെ പൗരാണിക തലസ്ഥാന”മായ വെയ്മറിന്റെ കാര്യമെടുക്കാം. പട്ടണമധ്യത്തിലുള്ള ഗോഥെ-ഷില്ലർ സ്മാരകം ആ രണ്ട് എഴുത്തുകാരുമായുള്ള വെയ്മറിന്റെ കുലീനമായ ബന്ധങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിനു പുറമേ അത് അവിടത്തെ അനേകരുടെ അഭിമാനഭാജനം കൂടിയാണ്. ഇന്നു വെയ്മറിനു തന്റെ 150-ലേറെ സുവാർത്താ പ്രസാധകരെ ചൊല്ലി അഭിമാനിക്കാൻ വകയുണ്ട്.
എന്നാൽ, പ്രസാധകർ കുറവും സഭകൾ തമ്മിലുള്ള അകലം കൂടുതലും ആയിരിക്കുന്ന വടക്കൻ ഭാഗത്തു സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്. തൊഴിൽ ഇവിടെ വിരളമാണ്. ഉള്ളവരിൽ അനേകരോ തങ്ങൾക്കതു നഷ്ടപ്പെടാതിരിക്കേണ്ടതിന് അധികസമയം ജോലി ചെയ്യാനുള്ള സമ്മർദത്തിലാണ്. വടക്കൻ ഭാഗത്തു മുഴുസമയ പ്രഘോഷകനായി സേവിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ വിശദീകരിച്ചു: “നിരോധനത്തിൻ കീഴിൽ ഓരോ സഹോദരനും യഹോവയുടെ സംരക്ഷണം ആവശ്യമായിരുന്നതു വയൽസേവനത്തിലായിരുന്നു, എന്നാൽ ഒരു തൊഴിൽ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നില്ല. ഇന്നു സ്ഥിതി നേരെ മറിച്ചാണ്. പ്രസംഗിക്കാൻ ഞങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്, എന്നാൽ തൊഴിലിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അവിടുത്തെ മാർഗദർശനം ആവശ്യമാണ്. ഇത്തരം മാററം പരിചയിക്കേണ്ട ഒന്നാണ്.”
കൂടെക്കൂടെ പ്രസംഗിക്കാൻ കഴിയുന്നതിൽ പ്രസാധകർ സന്തുഷ്ടരാണോ? വുൾഫ്ഗാങ്ങിന്റെ വീക്ഷണം ഇങ്ങനെയാണ്: “ഒരേ പ്രസാധകൻ ഒരേ പ്രദേശംതന്നെ വീണ്ടുംവീണ്ടും പ്രവർത്തിക്കുന്നതാണ് ഏറെ മെച്ചം. ആളുകൾ അദ്ദേഹത്തെ കൂടുതൽ വിശ്വസിക്കുകയും തുറന്നിടപെടുകയും ചെയ്യും.” കൂടാതെ, വീട്ടുകാർ “മററുള്ളവരുടെ കേൾക്കെപ്പോലും വീട്ടുവാതിൽക്കൽവച്ച് മതത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിൽ വിമുഖത കാട്ടാറില്ല. മതം മേലാൽ ആർക്കും നിഷിദ്ധമായ ഒരു വിഷയമല്ല” എന്നു റാൽഫും മാർട്ടീനായും സമ്മതിക്കുന്നു. “ഞങ്ങളുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്നതു ഞങ്ങൾ ആസ്വദിക്കുന്നു. വ്യക്തിപരമായി ഞങ്ങൾക്ക് ആളുകളെ പരിചയപ്പെടാം, വളരെ വൈവിധ്യമാർന്ന സാഹിത്യങ്ങൾ ലഭ്യമായിരിക്കുന്നതിനാൽ ഞങ്ങൾ പുളകിതരുമാണ്.”
നമ്മുടെ സാഹിത്യത്തോടുള്ള വിലമതിപ്പ്
റാൽഫും മാർട്ടീനയും ജീവൻ—അത് ഇവിടെ വന്നത് എങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? [ഇംഗ്ലീഷ്] എന്ന പുസ്തകം പ്രത്യേകിച്ചും വിലമതിക്കുന്നു. മുൻ ജി.ഡി.ആറിൽ നിരീശ്വരവാദത്തെ പുണർന്ന അനേകർക്ക് ഇതൊരു അത്ഭുതകരമായ ബൈബിൾ പഠനസഹായിയാണെന്നു തെളിയുകയാണ്. സമാനമായ വിഷയമടങ്ങിയ ഒരു ചെറിയ പ്രസിദ്ധീകരണവും കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് അവർ ആശിച്ചിരുന്നു. “ഡ്രെസ്ഡനിൽ നടന്ന 1992-ലെ ‘പ്രകാശവാഹകർ’ ഡിസ്ട്രിക്ററ് കൺവെൻഷനിൽവച്ച് ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക പ്രകാശനം ചെയ്തപ്പോൾ ഞങ്ങൾ എത്ര ഉത്തേജിതരായെന്നോ. അതു ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഒരു ഉത്തരമായിരുന്നു.”
സാക്ഷികളല്ലാത്ത അനേകർ വാച്ച് ടവർ പ്രസിദ്ധീകരണങ്ങളെ വിലമതിക്കാനിടയായിരിക്കുന്നു. 1992 ജൂലൈയിൽ, താൻ ക്ലാസ്സ് ലെക്ചറിനു തയ്യാറാകാൻ ഉപയോഗിക്കുന്ന ഈ പ്രസിദ്ധീകരണങ്ങളോടുള്ള തന്റെ “ഏററവും ഉന്നതമായ ബഹുമാനവും ഊഷ്മളമായ നന്ദിയും” പ്രകടമാക്കുന്നതിനു സാമൂഹിക വിദ്യാഭ്യാസത്തിൽ ലെക്ചറർ ആയ ഒരു സ്ത്രീ കത്തെഴുതി. 1992 ജനുവരിയിൽ റോസ്റേറാക്കിലെ ഒരു സ്ത്രീ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു പ്രതി തന്റെ വീട്ടിൽ വന്ന രണ്ടു സാക്ഷികളിൽനിന്നു വാങ്ങി. അവർ ജർമനിയിലെ ബ്രാഞ്ച് ഓഫീസിലേക്കെഴുതി: “ഞാൻ ലൂഥറൻ സഭയിൽ പെട്ടവളാണ്. യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളോട് എനിക്ക് ഏററവും ഉന്നതമായ ബഹുമാനമാണുള്ളത്. ദൈവത്തിന്റെ മാർഗനിർദേശമില്ലാതെ മനുഷ്യനു മേലാൽ ജീവിക്കാൻ കഴിയില്ല എന്ന് അവർ തീർത്തു പറയുന്നു.”
ക്രൈസ്തവലോകത്തിലെ സഭകൾ തങ്ങളുടെ സഭാംഗങ്ങൾക്ക് എത്രമാത്രം ആത്മീയ മാർഗനിർദേശമാണു നൽകിയിരിക്കുന്നത്? ലൂഥറൻ സഭ “കുറച്ചു കാലത്തേക്കു സമാധാന വിപ്ലവത്തിന്റെ മാതാവ് എന്ന കീർത്തി ആസ്വദിച്ചിരുന്നെങ്കിലും അതിന്റെ ജനസമ്മതി കുത്തനെ താണുപോകുന്നതായിട്ടാണു കാണുന്നത്” എന്ന് 1991 ഡിസംബറിൽ ഡീ സൈററ് എന്ന പ്രശസ്ത പത്രം അഭിപ്രായപ്പെടുകയുണ്ടായി. വാസ്തവത്തിൽ ലൂഥറൻ സഭയുടെ ഒരു പ്രതിനിധി ഇങ്ങനെ വിലപിക്കുകയുണ്ടായി: “സ്വതന്ത്ര-കമ്പോള വ്യവസ്ഥിതിയിലെ ജീവിതത്തെ ആളുകൾ പറുദീസയാണെന്നു തെററിദ്ധരിച്ചു.” മാഗ്ഡിബേർഗിലുള്ള ഒരു സഭാംഗം ചില വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് എഴുതി. എന്തിന്? “ശങ്കാലുവായി ഞാൻ വർഷങ്ങൾ ചിരിച്ചു തള്ളിയിട്ട്, ഇപ്പോൾ ഈ ലോകം അതിന്റെ അന്ത്യനാളുകളിലാണെന്നും അനതിവിദൂരഭാവിയിൽ നാം വൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമെന്നും എനിക്കു നല്ല ബോധ്യമായിരിക്കുന്നു” എന്ന് ആ മാന്യദേഹം എഴുതുകയുണ്ടായി.—2 തിമൊഥെയൊസ് 3:1-5.
വികസനത്തിനുള്ള നിർമാണം
വെണ്ടെയ്ക്കു മുമ്പു ജി.ഡി.ആറിൽ രാജ്യഹാളുകൾ അനുവദിച്ചിരുന്നില്ല. ഇപ്പോൾ അവ അടിയന്തിരമായി വേണം; അവ പണിയുന്നതിനാണ് ഇപ്പോൾ മുൻഗണന. ഇതാണു സത്യാരാധനയിലെ ശ്രദ്ധേയമായ വ്യതിയാനം സംഭവിച്ച മറെറാരു ഘടകം. ഈ വ്യതിയാനം എത്ര ത്വരിതഗതിയിലാണെന്ന് ഒരു സഹോദരന്റെ അനുഭവം ചിത്രീകരിക്കുന്നു.
1990 മാർച്ചിൽ, ജി.ഡി.ആറിൽ യഹോവയുടെ സാക്ഷികൾക്ക് അംഗീകാരം ലഭിച്ച് വെറും മണിക്കൂറുകൾക്കകം ഒരു കൂട്ടം സാക്ഷികളെ അഭിസംബോധന ചെയ്യാൻ ഒരു സഹോദരനെ ക്ഷണിച്ചു. അദ്ദേഹം ജീവിതത്തിലാദ്യമായാണ് അന്നു മൈക്കിലൂടെ പ്രസംഗിച്ചത്. രണ്ടര വർഷത്തിനുശേഷം അദ്ദേഹം സഹവസിക്കുന്ന സഭ ഒരു പുതുപുത്തൻ രാജ്യഹാളിന്റെ സമർപ്പണം നടത്തി. 1992 അവസാനത്തോടെ 16 സഭകൾക്കായി ഏഴു രാജ്യഹാളുകൾ പണികഴിപ്പിക്കപ്പെട്ടു. എന്നാലിപ്പോൾ മറെറാരു 30 എണ്ണവും അതോടൊപ്പം ഒരു ആകർഷകമായ സമ്മേളനഹാളും ആസൂത്രണഘട്ടത്തിലാണ്.
ദൈവരാജ്യത്തിൽ കണ്ണുനട്ടിരിക്കുന്നു
“വെണ്ടെയ്ക്കു തൊട്ടുപിന്നാലെ അനേകർ ബൈബിൾ തിരസ്കരിച്ചു. അന്തിമമായി മെച്ചപ്പെട്ട അവസ്ഥകൾ വാഗ്ദാനം ചെയ്ത പുതിയ ഗവൺമെൻറിൽ അവർ ആശ വെച്ചു” എന്ന് ഒരു ക്രിസ്തീയ മൂപ്പൻ പറഞ്ഞു. അവരുടെ ആശ നിറവേറിയോ? “രണ്ടു വർഷത്തിനുള്ളിൽ അവർ തങ്ങളുടെ മനസ്സു മാററി. മാനുഷ ഗവൺമെൻറുകൾക്കു നീതിയും സമാധാനവും ഒരിക്കലും കൊണ്ടുവരാൻ കഴിയില്ലെന്ന് അവർ ഇപ്പോൾ ഞങ്ങളോടു സമ്മതിക്കുന്നു.”
ജി.ഡി.ആറിലെ കർക്കശമായ സോഷ്യലിസം മൺമറഞ്ഞുപോയപ്പോൾ പാശ്ചാത്യ തത്ത്വസംഹിതയുടെ സുവർണയുഗം എന്നു തങ്ങൾ കരുതിയതിനു സ്വാഗതമരുളിക്കൊണ്ടു ജനങ്ങൾ ആഹ്ലാദിച്ചു. എന്നാൽ അവർ നിരാശരായി. ഏതു ഗവൺമെൻറ് അധികാരത്തിലിരുന്നാലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ കണ്ണു ലഘുവാക്കി, സ്വർഗങ്ങളിൽ ഒരു നക്ഷത്രംപോലെ ശോഭിക്കുന്ന ദൈവരാജ്യത്തിൽ ഉറപ്പോടെ ദൃഷ്ടി കേന്ദ്രീകരിച്ചുനിർത്തുന്നു. അത്തരം പ്രത്യാശ ഒരിക്കലും നിരാശയിലേക്കു നയിക്കില്ല.—റോമർ 5:5.
[അടിക്കുറിപ്പ്]
a 1992 ജൂലൈ 15, ആഗസ്ററ് 1, ആഗസ്ററ് 15 എന്നീ വീക്ഷാഗോപുര ലക്കങ്ങളിലെ “നിരോധനത്തിൻകീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു” എന്ന ലേഖനത്തിന്റെ ഒന്നു മുതൽ മൂന്നു വരെയുള്ള ഭാഗങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രം]
ജർമനിയിലെ സാക്ഷികൾ രാജ്യ പ്രവർത്തനത്തിൽ അധികമധികം ഉൾപ്പെടാൻ തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു