വൈപരീത്യങ്ങളുടെ ഒരു നാട്ടിൽ പ്രസംഗിക്കൽ
കംഗാരു, കോലാ, വൂംബാററ്, പ്ലാററിപ്പസ്, ആയേഴ്സ് പാറ, ഗ്രേററ് ബാരിയർ റീഫ്—ആസ്ട്രേലിയയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആളുകളുടെ മനസ്സിലേക്കോടിയെത്തുന്ന പേരുകളാണിവ. എന്നാൽ, ആസ്ട്രേലിയക്കാരിൽ ഭൂരിപക്ഷം പേരും ഒരിക്കലും ആയേഴ്സ് പാറയോ ഗ്രേററ് ബാരിയർ റീഫോ സന്ദർശിക്കുകയാകട്ടെ, ഒരു കോലായെയോ വൂംബാററിനെയോ പ്ലാററിപ്പസിനെയോ വന്യമൃഗ പാർക്കിനു പുറത്തെവിടെയെങ്കിലും കാണുകയാകട്ടെ ചെയ്തിട്ടില്ലെന്നത് അതിശയമായിരുന്നേക്കാം. അതിന്റെ കാരണം, ഒരു കോടി 73 ലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനവും തീരദേശത്തുള്ള അഞ്ചു വൻനഗരങ്ങളിൽ ജീവിക്കുന്ന നഗരവാസികളാണെന്നതാണ്.
തീരത്തിന്റെ ഓരം വിട്ട് ഉള്ളിലേക്ക് ഏതാണ്ട് 200 കിലോമീററർ സഞ്ചരിക്കുമ്പോൾ, ഭൂഖണ്ഡത്തിലെ പേരുകേട്ട മധ്യസമതലത്തിന്റെ തുടക്കത്തിലെത്തുന്നു. തഴച്ചുവളരുന്ന മഴവനങ്ങളിൽനിന്നും സമൃദ്ധമായ കൃഷിയിടങ്ങളിൽനിന്നും, കുററിച്ചെടികളും പരുപരുത്ത പുല്ലുകളും മാത്രം അതിജീവിക്കുന്ന, ഉണങ്ങി വരണ്ട തുറസ്സായ നിലമായി ഭൂപ്രദേശം മാറുന്നു. എന്നിരുന്നാലും, സമതലത്തിൽ മൃഗങ്ങളുണ്ട്. ആടുകളുടെയും മാടുകളുടെയും വിസ്തൃതമായ മേച്ചിൽപ്രദേശങ്ങൾ നൂറുകണക്കിനു ചതുരശ്ര മൈലുകളിലായി വ്യാപിച്ചുകിടക്കുന്നു. അതിനുമുള്ളിൽ, വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തപ്പോൾ ചിലപ്പോഴൊക്കെ മനുഷ്യജീവൻ നഷ്ടപ്പെടാറുള്ള ചുട്ടുപഴുത്ത മരുഭൂമികളാണ്.
സുവാർത്ത തഴച്ചുവളരുന്നു
ഇത്തരമൊരു പരിതസ്ഥിതിയിലാണ് ആസ്ട്രേലിയയിൽ സുവാർത്ത പ്രസംഗിക്കപ്പെടുന്നത്. യഹോവയുടെ നീതിയുള്ള പുതിയ ഭൂമിയുടെ വാഗ്ദാനത്തോടു വർഷംതോറും ആയിരക്കണക്കിനാളുകളാണു പ്രതികരിക്കുന്നത്. കഴിഞ്ഞ സേവനവർഷത്തിൽ, രാജ്യപ്രസാധകരുടെ സംഖ്യ പത്തു വർഷം മുമ്പത്തേതിന്റെ ഇരട്ടിയോടടുത്ത 57,000 എന്ന അത്യുച്ചത്തിലേക്കുയർന്നു. മിക്ക ജനങ്ങളെയുംപോലെ പ്രസാധകരിൽ അധികപങ്കും തീരത്തുള്ള നഗരങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ, സുവാർത്ത ഉൾപ്രദേശത്തേക്കും തഴച്ചുവളരുന്നു.
വൈപരീത്യങ്ങളുടെ ഈ വിശാലമായ ദേശത്തെ പ്രസംഗവേല എങ്ങനെയുള്ളതാണെന്ന ഒരു വീക്ഷണം കിട്ടുന്നതിന്, നമുക്കു നമ്മുടെ അഞ്ചു ഡിസ്ട്രിക്ററ് മേൽവിചാരകൻമാരിൽ ഒരാൾ ഭാര്യാസമേതം വിദൂരത്തിൽക്കിടക്കുന്ന ഈ സമതലപ്രദേശത്തുള്ള ചില സഭകൾ സന്ദർശിക്കുമ്പോൾ അവരോടൊപ്പം ചേരാം. അവർ പശ്ചിമ ആസ്ട്രേലിയാ സംസ്ഥാനവും ക്വീൻസ്ലാൻഡ് സംസ്ഥാനത്തിന്റെ പകുതിയും വടക്കൻ പ്രദേശവും ഉൾപ്പെടെ 47 ലക്ഷം ചതുരശ്ര കിലോമീറററിലധികം സഞ്ചരിക്കുന്നു. അതു മുൻ സോവിയററ് യൂണിയൻ ഒഴിച്ചുള്ള യൂറോപ്പിന്റെ പാതിയോളം വലുപ്പം വരും.
നമ്മുടെ യാത്ര ആരംഭിക്കുന്നതു പശ്ചിമ ആസ്ട്രേലിയയുടെ തലസ്ഥാന നഗരമായ പെർത്തിലാണ്. പന്ത്രണ്ടു ലക്ഷം ജനങ്ങളുള്ള, തികച്ചും ആധുനികമായ ഈ നഗരത്തിൽ യഹോവയുടെ സാക്ഷികളുടെ 49 സഭകളുണ്ട്. ഇംഗ്ലീഷ് കൂടാതെ ഗ്രീക്ക്, ഇററാലിയൻ, പോർച്ചുഗീസ്, സ്പാനീഷ് സഭകളും മററു ഭാഷകളിലുള്ള ചെറിയ കൂട്ടങ്ങളുമുണ്ട്. വൻകരയിലെ ആദിവാസികൾക്കിടയിൽ പ്രസംഗവേല കേന്ദ്രീകരിച്ചിരിക്കുന്ന ആദിവാസി സഹോദരീസഹോദരൻമാർ മാത്രമുള്ള ഒരു സഭയുമുണ്ട്. ഈ എളിയ ജനങ്ങളിൽ അനവധി പേർ ഇപ്പോൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നുണ്ട്. എന്നാൽ വൻനഗരങ്ങളിൽനിന്നകലെ സ്ഥിതിഗതികൾ എങ്ങനെയിരിക്കുന്നു?
പെർത്തിൽനിന്ന് 1,800 കിലോമീററർ വടക്കോട്ടു സഞ്ചരിച്ച് നാം ഒരു സർക്കിട്ട് സമ്മേളനം നടക്കാനിരിക്കുന്ന പോർട്ട് ഹെഡ്ലാൻഡിലെത്തുന്നു. ഹാജരായിരിക്കുന്ന 289-ലധികം പേരും ഇവിടെയെത്തുന്നതിന് 200 കിലോമീറററിനും 700 കിലോമീറററിനും ഇടയിൽ സഞ്ചരിച്ചിരിക്കുന്നു. അവർ തൊട്ടടുത്ത സഭയിൽനിന്ന് 250 കിലോമീററർ അകലമുള്ള ഒററപ്പെട്ട പ്രദേശങ്ങളിൽനിന്നു വരുന്നു. റോഡുകൾ, കാറിന്റെ ടയറുകൾ കുത്തിത്തുളയ്ക്കുന്ന കൂർത്ത കല്ലുകൾ നിറഞ്ഞ, ടാറിടാത്തവയാണ്. ഈ പ്രദേശത്തുള്ള മൂന്നു സഭകൾ അടുത്തയിടെ ശീഘ്ര-നിർമിതിയുടെ രീതിയുപയോഗിച്ചു രാജ്യഹാളുകൾ നിർമിച്ചു.
ഒററപ്പെട്ട പ്രദേശങ്ങളിൽ ശീഘ്ര-നിർമിത ഹാളുകൾ
ഈ പ്രദേശങ്ങളിൽ ഒരു രാജ്യഹാൾ നിർമിക്കുന്നതും നഗരങ്ങളിലോ വലിയ പട്ടണങ്ങളിലോ ഒന്നു നിർമിക്കുന്നതും തമ്മിൽ എന്തൊരന്തരം! ഒട്ടുമിക്ക നിർമാണവസ്തുക്കളും 1,600 കിലോമീററർ തെക്കുള്ള പെർത്തിൽനിന്നു കൊണ്ടുവരണം. മുൻനിശ്ചയിച്ച ഒരു വാരാന്തത്തിൽ 40 മുതൽ 45 വരെ ഡിഗ്രി സെൽഷ്യസ് ചൂടത്തു രാജ്യഹാൾ പണിയുന്നതിനു നൂറുകണക്കിനു സഹോദരീസഹോദരൻമാർ ഇക്കണ്ട ദൂരവും അതിലധികവും താണ്ടിയാണു വരുന്നത്. ചെറിയ, ഒററപ്പെട്ട ജനസമൂഹങ്ങളിലേക്കുള്ള ഇത്തരം ജനപ്രവാഹംതന്നെ ഒരു വലിയ സാക്ഷ്യമാണ്. ഇരുമ്പയിരു ഖനികളുള്ള ടോംപ്രൈസ് എന്ന ഒരു ചെറിയ പട്ടണത്തിൽ ഒരു രാജ്യഹാൾ നിർമിച്ചപ്പോൾ ഒരു പ്രാദേശിക പത്രത്തിന്റെ പുറംപേജ് ഇങ്ങനെ പ്രസ്താവിച്ചു: “ടോംപ്രൈസിലെ യഹോവയുടെ സാക്ഷികളുടെ ത്രിദിന രാജ്യഹാളിന്റെ ‘ശീഘ്രനിർമാണ’ത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധവേലക്കാർക്കും സഹായികൾക്കും ഊഷ്മളമായ സ്വാഗതം.”
പട്ടണത്തിലെ മിക്കവാറും എല്ലാവർക്കും സഹകരിക്കാൻ ആകാംക്ഷയുള്ളതായി തോന്നി. അൻപതു ടൺ സാധനങ്ങൾ കൊണ്ടുവരുന്നതിനു സാധാരണമായി വേണ്ടിവരുന്ന 11,000 ഡോളറിനു പകരം സഹോദരൻമാർ ഇന്ധനച്ചെലവു മാത്രം കൊടുത്താൽ മതിയെന്നു വിശാലഹൃദയനായ ഒരു ലോറിയുടമസ്ഥൻ പറഞ്ഞു. സ്ഥലത്തെ പെയിൻറിംഗ് കോൺട്രാക്ടർമാർ 100 ലിററർ പെയിൻറ് സംഭാവന നൽകി. മണ്ണുമാററുന്ന കോൺട്രാക്ടർമാർ അതിനുവേണ്ട യന്ത്രങ്ങൾ തരുകയും ഖനനകമ്പനി വാടകകൂടാതെ ഒരു ക്രെയിൻ അനുവദിക്കുകയും ചെയ്തു. മുന്നൂറു പേർക്കുള്ള താമസസ്ഥലം കണ്ടെത്തലായിരുന്നു ഉയർന്നുവന്ന വലിയൊരു പ്രശ്നം. എന്നാൽ പട്ടണത്തിലെ ജനങ്ങളുടെ സഹകരണം മികച്ചതായിരുന്നു. ചിലർ കിടക്കകൾ നൽകാമെന്നു ഫോൺവിളിച്ചറിയിച്ചു. ഒരാൾ താൻ വാരാന്തത്തിൽ വെളിയിൽ പോകുകയാണെന്നും വീടിന്റെ പിൻവാതിൽ തുറന്നിട്ടേക്കാമെന്നും ഫോണിലൂടെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: “ഈ പദ്ധതിക്കാലത്തേക്കു വീടു നിങ്ങളുടേതാണ്.”
പ്രാദേശിക സർക്കിട്ടിന്റെ ഒരു ട്രെയിലർ വലിച്ചുകൊണ്ടുവരുന്നതിനു സഹോദരൻമാർക്ക് അതിന്റെ മേൽവിലാസം നൽകിയപ്പോൾ ഒരു രസകരമായ സംഭവമുണ്ടായി. അവർ ചെന്നെത്തിയ ഇടത്തെ ഗേററിൽ “മതസന്ദർശകർ പാടില്ല” എന്നൊരു ബോർഡു കണ്ട് അന്തംവിട്ടുപോയി. എന്നാൽ അവിടെയായിരുന്നു ട്രെയിലർ കിടന്നത്. അതുകൊണ്ട്, ചപ്പുചവറു നിറഞ്ഞ ആ ട്രെയിലർ തങ്ങൾ കൊണ്ടുപോകുകയാണെന്ന് അവർ വീട്ടുടമസ്ഥയോടു പറഞ്ഞു. അതു വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ അതല്ലായിരുന്നു സർക്കിട്ടിന്റെ ട്രെയിലറെന്നു മനസ്സിലായി! ട്രെയിലറിന്റെ ഉടമസ്ഥൻ വീട്ടിലെത്തിയപ്പോൾ, യഹോവയുടെ സാക്ഷികൾ ട്രെയിലർ കൊണ്ടുപോയെന്നു ഭാര്യ അദ്ദേഹത്തോടു പറഞ്ഞു. സഹോദരൻമാർ പെട്ടെന്നു കാലി ട്രെയിലറുമായി തിരിച്ചുചെന്ന് തങ്ങൾക്കു പററിയ അബദ്ധം വിവരിച്ചു. തുടർന്ന് ഒരു നല്ല സംഭാഷണം നടന്നു. മുൻപ് എതിർപ്പുണ്ടായിരുന്ന അവർക്കു നമ്മെയും നമ്മുടെ വേലയെയും കുറിച്ചു നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. അവർക്ക് അതോടെ ഈ പുതിയ രാജ്യഹാൾ കാണാൻ വലിയ ആകാംക്ഷയായി.
ഈ പ്രദേശത്തു സുവാർത്ത പ്രസംഗിക്കാൻ സഹിഷ്ണുത ആവശ്യമാണ്. ഒന്നാമതായി, ദീർഘ ദൂരമുണ്ട്. മടക്കസന്ദർശനങ്ങളും അധ്യയനങ്ങളും നടത്തുന്നതിന് ഒരു പയനിയർ സഹോദരിയും ഭർത്താവും ടാറിടാത്ത, പൊടിനിറഞ്ഞ റോഡുകളിലൂടെ പോർട്ട് ഹെഡ്ലാൻഡ്മുതൽ മാർബിൾ ബാർവരെ ക്രമമായി 350-കിലോമീറററിലധികം ദൂരം വാഹനത്തിൽ ചുററി സഞ്ചരിക്കുന്നു. മാർബിൾ ബാർ ആസ്ട്രേലിയയിലെ ഏററവും ചൂടുള്ള സ്ഥലങ്ങളിൽ ഒന്നാണ്, ഒക്ടോബർമുതൽ മാർച്ച്വരെ താപനില മിക്കപ്പോഴും 50 ഡിഗ്രി സെൽഷ്യസ്വരെ ഉയരാറുണ്ട്.
“മേലഗ്ര”ത്തിലേക്ക്
സർക്കിട്ട് സമ്മേളനത്തിനുള്ള അടുത്ത പട്ടണം 2,500 കിലോമീററർ വടക്കോട്ടു മാറിയുള്ള ഡാർവിൻ ആണ്. ഡിസ്ട്രിക്ററ് മേൽവിചാരകനും ഭാര്യയും ഈ ദൈർഘ്യമേറിയ യാത്രാവേള വ്യക്തിപരമായ പഠനം നടത്തുന്നതിന് ഉപയോഗിക്കുന്നു. ഒന്നാമതായി, അവർ ദിനവാക്യം വായിക്കുകയും പരിശോധിക്കുകയും ചെയ്യും. എന്നിട്ട് അവർ ടേപ്പിൽ ബൈബിൾവായന ശ്രദ്ധിക്കും. മാറിമാറി വാഹനമോടിക്കുന്നതനുസരിച്ചു മാറിമാറി അവർ വീക്ഷാഗോപുരത്തിൽനിന്നും ഉണരുക!യിൽനിന്നും ലേഖനങ്ങളും വായിക്കും.
“റോഡ്ട്രെയിനുക”ളെക്കുറിച്ചു ജാഗ്രത പുലർത്താൻ ഒരു റോഡടയാളം അവർക്കു മുന്നറിയിപ്പു നൽകുന്നു. അവ, ഫോർ-വീൽ ഡ്രൈവ് എൻജിനുള്ളതും മൂന്നോ നാലോ ട്രെയിലറുകൾ വലിച്ചുകൊണ്ടു പോകുന്നതുമായ ശക്തി കൂടിയ ട്രക്കുൾപ്പെടെ മൊത്തം 55 മീററർവരെ നീളമുള്ള വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങളെ കടന്നുപോകാൻ ധാരാളം സ്ഥലം വേണം. ഒററപ്പെട്ട പട്ടണങ്ങളിലേക്കു കന്നുകാലികളെ കൊണ്ടുപോകുന്നതിനും സാധനങ്ങൾ വഹിച്ചുകൊണ്ടുപോകുന്നതിനും ആണ് ഇവ ഉപയോഗിക്കുന്നത്.
കാലാവസ്ഥ എപ്പോഴും ചൂടുള്ളതും ഉൾനാടുകൾ എപ്പോഴും വരണ്ടതുമാണ്. ഇങ്ങനെ തരിശായിക്കിടക്കുന്ന നാട്ടിൻപുറത്തിന്റെ ആകൃതി കണ്ട് വിശാലമായ ശവക്കോട്ടയാണെന്നു തെററിദ്ധരിച്ചേക്കാം എന്തെന്നാൽ നിലം കൃത്യമായ അകലത്തിലുള്ള ചിതൽപ്പുററുകൾകൊണ്ടു നിറഞ്ഞിരിക്കയാണ്. ചിതൽ ഉപയോഗിച്ച മണ്ണിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഈ ചിതൽപ്പുററുകൾ വിവിധ നിറങ്ങളുള്ളവയും ഒരു മീററർമുതൽ രണ്ടര മീററർവരെ ഉയരമുള്ളവയുമാണ്. പിന്നെ നമ്മുടെ യാത്രികർ വിക്ടോറിയാ നദി കുറുകെ കടന്നുപോകുമ്പോൾ നിരവധി ഭവനനിർമിത മുന്നറിയിപ്പിൻ ബോർഡുകൾ അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അവയിൽ ഒന്ന് ഇങ്ങനെയാണ്, “അപകടം: നീന്തൽ നിരോധിച്ചിരിക്കുന്നു. നരഭോജികളായ മുതലകൾ ഈ നദികളിലുണ്ട്!” ബുദ്ധിപൂർവം, അവർ കുളിക്കുന്നതിനും ശരീരം തണുപ്പിക്കുന്നതിനും മററു മാർഗങ്ങൾ തേടുന്നു!
അവസാനം, അവർ “മേലഗ്രം” എന്നറിയപ്പെടുന്ന, ആസ്ട്രേലിയയുടെ വടക്കേ അററത്ത് എത്തുന്നു. വടക്കൻ പ്രദേശത്തിന്റെ തലസ്ഥാനമായ ഡാർവിൻ യഹോവയുടെ സാക്ഷികളുടെ വലിയ രണ്ടു സഭകളുടെ തറവാടാണ്. ഡാർവിന്റെ ബഹുസംസ്കാര സ്വഭാവം സർക്കിട്ട് സമ്മേളനത്തിൽ പങ്കുപററുമ്പോൾ അനായാസം മനസ്സിലാക്കാം. യുദ്ധംകൊണ്ടു താറുമാറായ ഇൻഡോനേഷ്യയിലെ കിഴക്കൻ ടൈമോറിൽനിന്നു പണ്ടു വന്നുചേർന്ന 30 വയസ്സുകാരൻ ചാൾസിനെ പരിചയപ്പെടൂ. ചൈനക്കാരായ മാതാപിതാക്കൾ പൂർവികാരാധന നടത്താൻ അദ്ദേഹത്തെ പഠിപ്പിച്ചു. ആയോധന കലകളിലും അദ്ദേഹം ആഴത്തിൽ അകപ്പെട്ടുപോയിരുന്നു. ഭൂതവിദ്യയുമായുള്ള ശക്തമായ ബന്ധം കാരണം വിട്ടുപോരുക വളരെ പ്രയാസമായിരുന്നു. എന്നിരുന്നാലും, “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന യേശുവിന്റെ വാഗ്ദാനം മനസ്സിൽ വെച്ചുകൊണ്ട് അദ്ദേഹം ഈ ജീവിതരീതിയിൽനിന്നു സ്വതന്ത്രനായി. (യോഹന്നാൻ 8:32) “ഇന്ന് എനിക്കു യഹോവയുടെ മുമ്പാകെ ഒരു നല്ല മനഃസാക്ഷിയുണ്ട്, ഞാനിപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. എന്റെ ലക്ഷ്യം ശുശ്രൂഷാപരിശീലന സ്കൂളിൽ പങ്കെടുക്കുക എന്നതാണ്.”
അടുത്തതായി, പാപ്പുവ ന്യൂഗിനിയിൽനിന്നുള്ള ബിവർലിയെ പരിചയപ്പെടൂ. “ആദ്യമൊക്കെ എനിക്കു വെള്ളക്കാരോടു സാക്ഷീകരിക്കാൻ ഒട്ടും ധൈര്യമില്ലായിരുന്നു” ബിവർലി സമ്മതിക്കുന്നു, “കാരണം ഇംഗ്ലീഷ് എന്റെ ഉപഭാഷയായിരുന്നു, കൂടാതെ, ആസ്ട്രേലിയക്കാരുടെ ഉച്ചാരണശൈലിയിൽ ചില പദങ്ങൾ മനസ്സിലാക്കാൻ എനിക്കു ബുദ്ധിമുട്ടുമായിരുന്നു. എന്നാൽ യഹോവയിൽ ആശ്രയിച്ച് അവിടുന്നു നല്ലവനെന്നു രുചിച്ചറിയാൻ ബൈബിൾ പറയുന്നുവെന്നത് അനുസ്മരിച്ചുകൊണ്ട് ഞാൻ 1991 ജനുവരിയിൽ മുഴുസമയ പയനിയർ ശുശ്രൂഷയാരംഭിച്ചു. എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥി ഇപ്പോൾ ഒരു പയനിയറാണ്. അവരുടെ രണ്ടു പെൺമക്കൾകൂടി സത്യം സ്വീകരിച്ചു, അവരിലൊരാൾ ഭർത്താവിനോടൊപ്പം പയനിയറിംഗ് നടത്തുന്നു.”
ഡാർവിൻ വിടുന്നതിനുമുമ്പ്, നമുക്ക് 250 കിലോമീററർ കിഴക്കോട്ട്, പക്ഷിജീവികളുടെ സമൃദ്ധിക്കു വിഖ്യാതമായ കാക്കഡു ദേശീയ പാർക്കിലേക്ക് ഒരു ഹ്രസ്വ പര്യടനം നടത്താം. ഇവിടെ നാം ആ പ്രദേശത്താകെയുള്ള, ഒററപ്പെട്ടു കിടക്കുന്ന, സുവാർത്താ പ്രസംഗകയായ ഡെബിയെ കണ്ടുമുട്ടുന്നു. ഈ ഒററപ്പെട്ട അവസ്ഥയിൽ അവർക്ക് ആത്മീയമായി എങ്ങനെ ശക്തമായി നിൽക്കാൻ കഴിയുന്നുവെന്നു ചോദിക്കുമ്പോൾ അവരുടെ മറുപടി: “ഒന്നാമതു പ്രാർഥനയാൽ . . . പിന്നെ, ‘നീ ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചു നോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’ എന്നു പറയുന്ന യെശയ്യാവു 41:10 പോലുള്ള തിരുവെഴുത്തുകളിൽനിന്നു ഞാൻ ആശ്വാസം കണ്ടെത്തുന്നു.”
ഡാർവിന്റെ 450 കിലോമീററർ തെക്കുള്ള ജിൽക്ക്മിൻഗാനിൽ നാം ഒരു ചെറുകൂട്ടം ആദിവാസികളെ കണ്ടുമുട്ടുന്നു. അനേകവർഷങ്ങളായി ഈ ആദിവാസി സമൂഹത്തെ യഹോവയുടെ സാക്ഷികളുടെ ഒരു സമൂഹമായാണു കണക്കാക്കിപ്പോന്നത്, കാരണം അവരിൽ ആരും സ്നാപനമേററിരുന്നില്ലെങ്കിലും അനേകം പേർ കൺവെൻഷനുകൾക്കും സമ്മേളനങ്ങൾക്കും ക്രമമായി ഹാജരായിരുന്നു. ആ സമൂഹം തങ്ങളുടെ ശുചിത്വം നിമിത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ചിലർ സത്യത്തിനുവേണ്ടി ഉറച്ച ഒരു നിലപാടെടുക്കുകയും സ്നാപനമേൽക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ചെയ്യുന്ന, നഗരവാസികളല്ലാത്ത ആദ്യത്തെ ആദിവാസികളാണ് ഇവർ. നൂററാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളും തങ്ങളുടെ ഗോത്ര ജനങ്ങളുടെ ഭൂതവിദ്യാചാരങ്ങളും പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രരാകുന്നതിന് ഈ എളിയ മനുഷ്യർക്കു യഥാർഥ ധൈര്യവും യഹോവയുടെ പരിശുദ്ധാത്മാവിലുള്ള ആശ്രയവും ആവശ്യമാണ്.
ആലീസ് സ്പ്രിങ്സിലേക്കും സമതലത്തിനു വെളിയിലേക്കും
ഇപ്പോൾ “മേലഗ്രം” വിട്ട് തെക്കോട്ട് 1,600 കിലോമീററർ താണ്ടി പ്രശസ്ത ആയേഴ്സ് പാറക്കു സമീപത്തുള്ള, വൻകരയുടെ “ചെമന്ന കേന്ദ്ര”(Red Center)ത്തിലുള്ള, ആലീസ് സ്പ്രിങ്സിലേക്കു പോകാനുള്ള സമയമായി. ഇവിടെ, എയർക്കണ്ടീഷൻ ചെയ്ത രാജ്യഹാളിൽ ഈ പ്രദേശത്തെ രണ്ടു സഭകളിൽനിന്നുള്ള 130-ഓ അതിലധികമോ പേർക്ക് ഇരുന്നു സമ്മേളനം ആസ്വദിക്കുന്നതിനു സുഖകരമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വീണ്ടും, പോളിനേഷ്യക്കാരും യൂറോപ്യൻമാരും ആദിവാസികളും ക്രിസ്തീയ സഹവാസത്തിൽ ഒന്നിച്ചു ചേരുന്ന ആനന്ദ ദൃശ്യം നമുക്ക് ഇവിടെ കാണാം.
അവസാനമായി, നാം ആലീസ് സ്പ്രിങ്സ് വിട്ട്, സഞ്ചാരികളായ ഡിസ്ട്രിക്ററ് മേൽവിചാരകനോടും ഭാര്യയോടുമൊപ്പം യാത്രയുടെ അന്തിമ ഘട്ടത്തിലേക്കു കടക്കുകയാണ്. ഈ പര്യടനം നമ്മെ വൻകരക്കു കുറുകെ 2,000 കിലോമീററർ വടക്കുകിഴക്കു കൊണ്ടെത്തിക്കുന്നു. അങ്ങനെ നാം സമതലത്തോടു യാത്ര പറഞ്ഞുപോകുകയാണ്, കാരണം നാം ക്രമേണ ക്വീൻസ്ലാൻഡിലെ തഴച്ചുവളരുന്ന മഴവനങ്ങളിലെത്തുകയാണ്. ഇവിടെ, ഉത്തര ക്വീൻസ്ലാൻഡിന്റെ തീരത്ത്—ഗ്രേററ് ബാരിയർ റീഫിന്റെ നാട്ടിൽ—ജനസംഖ്യയോട് ഉയർന്ന അനുപാതത്തിൽ സാക്ഷികളുള്ള നിരവധി സഭകളുണ്ട്.
എന്നാൽ, ഒരു സർക്കിട്ട് സമ്മേളനത്തിലുംകൂടെ പങ്കെടുക്കാതെ നമ്മുടെ യാത്ര അവസാനിക്കുന്നില്ല. ക്വീൻസ്ലാൻഡിലെ, ബാരിയർ റീഫിനു പ്രശസ്തമായ ഉഷ്ണമേഖലാ പട്ടണമായ കാൺസിൽനിന്നു വിമാനമേറി ആസ്ട്രേലിയാ വൻകര വിട്ട് കേപ്യോർക്ക് ഉപദ്വീപിന്റെ വടക്കേ അഗ്രത്തിനു മുകളിലൂടെ ടോറീസ് കടലിടുക്കിനു കുറുകെ തേഷ്ഡേ ദ്വീപിലേക്കു നാം പറന്നെത്തുന്നു. ഇവിടെ വെറും 23 പ്രസാധകരുള്ള ഒരു ചെറിയ സഭയുണ്ട്. ഈ പര്യടനത്തിലെ നമ്മുടെ അവസാന സമ്മേളനത്തിൽ 63 പേർ ഹാജരായിരിക്കുന്നതു കാണുന്നത് എത്ര സന്തോഷമാണ്!
വൈപരീത്യങ്ങളുടെ ഈ നാട്ടിൽ നിർവഹിക്കപ്പെടുന്ന രാജ്യപ്രസംഗവേലയുടെ ഈ ദൃശ്യം നിങ്ങൾ ആസ്വദിച്ചെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആശ്ചര്യാതിരേകത്തിലാഴ്ത്തുന്ന ഈ ദേശത്തു ഞങ്ങളെ വന്നു സന്ദർശിച്ച്, തങ്ങളുടെ അതുല്യമായ നിയമനത്തിൽ വിശ്വസ്തമായി ശുശ്രൂഷ നിറവേററുന്ന സഹോദരീസഹോദരൻമാരെ നേരിട്ടു കാണാൻ ഒരുപക്ഷേ എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്ക് ഇടവന്നേക്കാം.
[23-ാം പേജിലെ ഭൂപടം/ചിത്രം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
പോർട്ട് ഹെഡ്ലാൻഡ്
ക്യാൻബെറ
ടോംപ്രൈസ്
മാർബിൾ ബാർ
ന്യൂമാൻ
ഡാർവിൻ
കാതറിൻ
ആലീസ് സ്പ്രിങ്സ്
ആയേഴ്സ് പാറ
തേഷ്ഡേ ദ്വീപ്
കാൺസ്
അഡിലെയ്ഡ്
മെൽബോൺ
ഹോബർട്ട്
സിഡ്നി
ബ്രിസ്ബെയിൻ
പെർത്ത്
[24-ാം പേജിലെ ചിത്രം]
പശ്ചിമ ആസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്ത്
[25-ാം പേജിലെ ചിത്രം]
തെരുവുസാക്ഷീകരണം നല്ല ഫലങ്ങൾ ഉത്പാദിപ്പിക്കുന്നു