തത്ത്വമോ ജനസമ്മതിയോ—ഏതാണു നിങ്ങളുടെ വഴികാട്ടി?
ആറാം ക്ലാസുകാരൻ നോരിഹിതോ ഒരു കായികമേളയിൽ പങ്കെടുക്കുകയായിരുന്നു. പെട്ടെന്ന് അവന് ഒരു തീരുമാനത്തെ അഭിമുഖീകരിക്കേണ്ടിവന്നു. എല്ലാ വിദ്യാർഥികളോടും ഒരു ദേശഭക്തിപരമായ ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പതിവു പരിപാടിയെന്നു തോന്നുന്ന ഈ ചടങ്ങിൽ തന്റെ സഹപാഠികളോടൊപ്പം അവൻ ചേരണമോ?
യഹോവക്കല്ലാതെ മറെറാരു ദൈവത്തിനുള്ള ഏതെങ്കിലും ആരാധനാക്രിയയിൽ ചേരുന്നതു തെററാണെന്നു നോരിഹിതോ ബൈബിളിൽനിന്നു പഠിച്ചിരുന്നു. (പുറപ്പാടു 20:4, 5; മത്തായി 4:10) ക്രിസ്ത്യാനികൾ ലോകത്തിലെ സകല രാഷ്ട്രീയ കാര്യങ്ങളിലും നിഷ്പക്ഷരായി നിലകൊള്ളണമെന്നും അവൻ അറിഞ്ഞിരുന്നു. (ദാനീയേൽ 3:1-30; യോഹന്നാൻ 17:16) അതുകൊണ്ട് അവന്റെ സഹപാഠികൾ അതിൽ ചേരാൻ അവനെ പ്രോത്സാഹിപ്പിച്ചിട്ടുപോലും അവൻ ധൈര്യപൂർവം, അതേസമയം ആദരപൂർവം തന്റെ നിലപാടിൽ ഉറച്ചുനിന്നു. സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?
ഉൾപ്പെടാനുള്ള ആഗ്രഹം
ദൈവം മനുഷ്യരെ സൃഷ്ടിച്ചതു സാമൂഹിക ജീവികളായിരിക്കാനും അന്യോന്യം ഇണങ്ങിപ്പോകാനും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കാനും ആണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. സമപ്രായക്കാരോടൊത്ത് ആയിരിക്കാനും അംഗീകരിക്കപ്പെടാനും ഉൾപ്പെടാനും ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. അത്തരം വികാരങ്ങൾ ജീവിതത്തെ കൂടുതൽ സുഖകരമാക്കുകയും മററുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിലെ സമാധാനത്തിനും ഐക്യത്തിനും സംഭാവന ചെയ്യുകയും ചെയ്യുന്നു.—ഉല്പത്തി 2:18; സങ്കീർത്തനം 133:1; 1 പത്രൊസ് 3:8.
ഇന്നുപോലും ചില സംസ്കാരങ്ങളിൽ കണ്ടുവരുന്ന, അനുരൂപതക്കു കൊടുക്കുന്ന ശക്തമായ ഊന്നൽ ബന്ധപ്പെട്ടുനിൽക്കാനുള്ള ജൻമനായുള്ള ആഗ്രഹത്തെയാണു പ്രതിഫലിപ്പിക്കുന്നത്. ഉദാഹരണത്തിന്, ജപ്പാൻകാരായ കുട്ടികൾ ഭൂരിപക്ഷത്തിന്റെ നിർദേശങ്ങൾ അറിഞ്ഞിരിക്കാനും അവയുമായി യോജിച്ചുപോകാനും ശൈശവംമുതലേ പരിശീലിപ്പിക്കപ്പെടുന്നു. സമൂഹവുമായി പൊരുത്തപ്പെടുന്നതാണു തങ്ങളുടെ ഏററവും വലിയ കടമകളിലൊന്ന് എന്ന് അവരുടെ പൈതൃകം അവരെ പഠിപ്പിക്കുന്നു. “കൂട്ടായി പ്രവർത്തിക്കാൻ പാശ്ചാത്യരെക്കാൾ വളരെയധികം സാധ്യതയുള്ളതു ജപ്പാൻകാർക്കാണ്” എന്നു ജപ്പാനിലെ മുൻ അമേരിക്കൻ അംബാസിഡറും ജപ്പാൻകാരുടെ ആചാരനടപടികളുടെ ഒരു സൂക്ഷ്മ നിരീക്ഷകനും ആയ എഡ്വിൻ റീഷോർ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “പാശ്ചാത്യർ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിമുദ്രയുടെയും ഒരു പ്രകടനമെങ്കിലും കാഴ്ചവെക്കുമ്പോൾ മിക്ക ജപ്പാൻകാരും വസ്ത്രധാരണത്തിലും നടപ്പിലും ജീവിതരീതിയിലും ചിന്തയിൽപ്പോലും അവരുടെ സമൂഹത്തിന്റെ നിയമങ്ങളോടു യോജിച്ചുപോകുന്നതിൽ വളരെ സംതൃപ്തരായിരിക്കും.” എന്നിരുന്നാലും അനുരൂപപ്പെടാനുള്ള ആഗ്രഹം ഒരു പ്രകാരത്തിലും ജപ്പാൻകാരിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അതു സാർവജനീനമാണ്.
അനുരൂപപ്പെടാനുള്ള സമ്മർദങ്ങൾ
മററുള്ളവരുമായി ഒത്തൊരുമിച്ചുപോകാൻ ഒരാൾ തന്റെ പരമാവധി ചെയ്യുന്നത് അഭികാമ്യമാണെങ്കിൽപ്പോലും ജനസമ്മതിയുള്ളവയോട് അന്ധമായി അനുരൂപപ്പെടുന്നതിൽ അപകടമുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ജനരഞ്ജകമായിരിക്കുന്നതു പലപ്പോഴും ദൈവത്തിനു സ്വീകാര്യമായിരിക്കുന്നതിനു വിരുദ്ധമാണ്. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (1 യോഹന്നാൻ 5:19) സാത്താൻ തന്റെ സ്വാധീനത്തിലുള്ള സകല ഉപാധികളെയും—ഭൗതികവാദം, താണതരം ധാർമിക തത്ത്വങ്ങൾ, വർഗീയ മുൻവിധി, മതഭ്രാന്ത്, ദേശീയവാദം മുതലായവ—ജനക്കൂട്ടങ്ങളെ സ്വാധീനിക്കാനും അവരെ ദൈവത്തിൽനിന്ന് അകററാനും കൗശലപൂർവം ഉപയോഗപ്പെടുത്തുന്നു. അത്തരം നടപടികളോട് അനുരൂപപ്പെടുന്നത് ഒരുവനെ, ഫലത്തിൽ യഹോവയാം ദൈവത്തിനും അവിടുത്തെ ഉദ്ദേശ്യങ്ങൾക്കും എതിരാക്കുന്നു. അതുകൊണ്ടാണു ക്രിസ്ത്യാനികളെ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നത്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നൻമയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:2.
ഈ വ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ ജനപ്രീതിയുള്ള സംഗതികളോട് അനുരൂപപ്പെടാനുള്ള നിരന്തര സമ്മർദത്തിൻ കീഴിലാണു ക്രിസ്ത്യാനികൾ. യുവാക്കൾ വിശേഷിച്ച് ഇക്കാര്യത്തിൽ അപകടത്തിലാകാൻ പാകത്തിലാണ്. സ്കൂളിലെ തങ്ങളുടെ സഹപാഠികളെപ്പോലെ തങ്ങളും വീക്ഷിക്കപ്പെടണമെന്നും അവരെപ്പോലെ പ്രവർത്തിക്കണമെന്നും ഉള്ള ആഗ്രഹം അങ്ങേയററം ശക്തമാണ്. ചില പ്രവർത്തനങ്ങളിൽ തങ്ങൾ എന്തുകൊണ്ടു പങ്കെടുക്കുന്നില്ല എന്നു സമപ്രായക്കാരോടു വിശദീകരിക്കാൻ അവർക്കു യഥാർഥ ധൈര്യം ആവശ്യമാണ്. എന്നിരുന്നാലും, ധൈര്യസമേതം സംസാരിക്കാനുള്ള പരാജയം അവർക്ക് ആത്മീയ ദുരന്തത്തെ അർഥമാക്കിയേക്കാം.—സദൃശവാക്യങ്ങൾ 24:1, 19, 20.
മുതിർന്നവരും തങ്ങളുടെ ജോലിസ്ഥലത്ത് അത്തരം സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. ജോലി കഴിഞ്ഞുള്ള സമയങ്ങളിലോ ചില അവധി ദിവസങ്ങളിലോ അവർ ചില സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കപ്പെടാം. യോജിച്ചുപോകാൻ വിസമ്മതിക്കുന്നത് അവർ ഒഴിഞ്ഞുനിൽക്കുന്നവരും നിസ്സഹകരിക്കുന്നവരും ആണെന്നു തോന്നിച്ചേക്കാം, ജോലിസ്ഥലത്ത് ഒരു പ്രയാസകരമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടുതന്നെ. മററുള്ളവർ ചെയ്യുന്നു, അതിനാൽ തങ്ങളും അപ്രകാരം ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നു എന്ന കാരണത്താൽ സമയം കഴിഞ്ഞും ദീർഘനേരം ജോലിചെയ്യാൻ തങ്ങളും നിർബന്ധിതരാകുന്നതായി ചിലർക്കു തോന്നിയേക്കാം. അത്തരം കാര്യങ്ങളിൽ വഴങ്ങിക്കൊടുക്കുന്നതു തങ്ങളുടെ മററു കടപ്പാടുകൾ നിറവേററുന്നതിൽനിന്ന് അവരെ തടയുകയും അവർക്ക് ആത്മീയമായി ദോഷം വരുത്തുകയും ചെയ്തേക്കാം.—1 കൊരിന്ത്യർ 15:33; 1 തിമൊഥെയൊസ് 6:6-8.
സ്കൂളോ ജോലിസ്ഥലമോ അല്ലാത്തിടത്തുപോലും അനുരൂപപ്പെടാനുള്ള സമ്മർദം മററുള്ളിടങ്ങളിലും ഉണ്ട്. സന്നിഹിതരായിരുന്ന മററു വീട്ടമ്മമാർ അംഗീകരിക്കില്ലെന്നു വിചാരിച്ചതുകൊണ്ട് ഒരു ക്രിസ്തീയ മാതാവ് ഒരു സന്ദർഭത്തിൽ തന്റെ കുട്ടിക്കു വാസ്തവത്തിൽ ആവശ്യമായിരുന്നിട്ടും ശിക്ഷണം കൊടുക്കാൻ കൂട്ടാക്കിയില്ലെന്നു പറഞ്ഞു.—സദൃശവാക്യങ്ങൾ 29:15, 17.
ജനങ്ങൾ ചെയ്യുന്നതു തെററായിരിക്കാം
ആൾക്കൂട്ടത്തെ പിൻപററുന്നതിനെ സംബന്ധിച്ചു പറയുമ്പോൾ ബൈബിൾ നമുക്കു വളച്ചുകെട്ടില്ലാത്ത ബുദ്ധ്യുപദേശം നൽകുന്നു. ഉദാഹരണത്തിന്, ഇസ്രയേൽ ജനതയോട് ഇങ്ങനെ പറയപ്പെട്ടു: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.” (പുറപ്പാടു 23:2; റോമർ 6:16 താരതമ്യപ്പെടുത്തുക.) അവർ ഈ ബുദ്ധ്യുപദേശം എല്ലായ്പോഴും പിൻപററിയില്ല. ഒരിക്കൽ, ഈജിപ്ററ് വിട്ടുപോന്ന് അൽപ്പകാലം കഴിഞ്ഞ്, മോശ സ്ഥലത്തില്ലാതിരുന്നപ്പോൾ ചില വ്യക്തികൾ ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കാനും “യഹോവെക്കു ഒരു ഉത്സവം” ആയി അതിനെ ആരാധിക്കാനും അഹരോനെയും ജനത്തെയും സ്വാധീനിച്ചു. സ്വർണക്കാളക്കുട്ടിക്കു ബലിയർപ്പിച്ചപ്പോൾ ആളുകൾ തിന്നുകയും കുടിക്കുകയും പാട്ടുപാടി ഉല്ലസിക്കുകയും നൃത്തം വെക്കുകയും ചെയ്തു. ഈ നിയന്ത്രണംവിട്ട, വിഗ്രഹാരാധനാപരമായ പ്രവൃത്തി മുഖാന്തരം ഏതാണ്ടു 3,000 ലഹളത്തലവൻമാർ വധിക്കപ്പെട്ടു. എന്നാൽ ചിന്തയില്ലാതെ ആൾക്കൂട്ടത്തെ പിൻപററിയതിനു മററുപലർക്കും യഹോവയിൽനിന്നുള്ള ബാധയേററു.—പുറപ്പാടു 32:1-35.
ബഹുജനത്തെ പിൻപററി ദോഷം ചെയ്തതിന്റെ മറെറാരു ഉദാഹരണം ഒന്നാം നൂററാണ്ടിൽ യേശുക്രിസ്തുവിന്റെ മരണത്തോടുള്ള ബന്ധത്തിലായിരുന്നു. അസൂയാലുക്കളായ മതനേതാക്കളാൽ പ്രേരിതരായി അനേകം ആളുകൾ യേശുവിന്റെ വധത്തിനുവേണ്ടി മുറവിളികൂട്ടുന്നതിൽ ചേർന്നു. (മർക്കൊസ് 15:11) യേശുവിന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം പെന്തക്കോസ്തു ദിനത്തിൽ തങ്ങളുടെ ഗൗരവമായ തെററ് പത്രോസ് ചൂണ്ടിക്കാട്ടിയപ്പോൾ അനേകരും “ഹൃദയത്തിൽ കുത്തുകൊണ്ടു” ആൾക്കൂട്ടത്തെ പിൻപററി തങ്ങൾ ചെയ്തത് എന്തെന്നു തിരിച്ചറിഞ്ഞു.—പ്രവൃത്തികൾ 2:36, 37.
ബൈബിൾതത്ത്വങ്ങൾ ഏറെ മെച്ചം
ഈ വിവരണങ്ങൾ വ്യക്തമായി ദൃഷ്ടാന്തീകരിക്കുന്നതുപോലെ ജനപ്രീതിയുള്ളവയെ അന്ധമായി പിൻപററുന്നതു ഗൗരവാവഹമായ ഭവിഷ്യത്തുകളിലേക്കു നയിക്കാം. ബൈബിൾ പിൻപററുന്നതും അതിന്റെ തത്ത്വങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു വഴികാട്ടിയാകാൻ അനുവദിക്കുന്നതും എത്രയധികം മെച്ചമാണ്! “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശയ്യാവു 55:9) ധാർമികതത്ത്വങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും കാര്യത്തിൽ—നിശ്ചയമായും ജീവിതത്തിന്റെ എല്ലാ തീരുമാനങ്ങളിലും—യഹോവയുടെ വഴികൾ പിൻപററുന്നതു ജനപ്രീതിയുള്ളതിനെ പിൻപററുന്നതിനെക്കാളും വളരെ മെച്ചമാണെന്ന് ആവർത്തിച്ചു പ്രകടമാക്കപ്പെട്ടിരിക്കുന്നു. അതു കൂടുതൽ സന്തുഷ്ടവും കൂടുതൽ ആരോഗ്യകരവും ആയ ജീവിതരീതിക്കുള്ള താക്കോലാണ്.
ഉദാഹരണമായി, കാസൂയായുടെ അനുഭവമെടുക്കുക. കുറെ നാൾ ബൈബിൾ പഠിച്ചിരുന്നുവെങ്കിലും അദ്ദേഹം ജനപ്രീതിയുള്ള ജീവിതഗതി പിൻപററുന്നതിൽ തുടർന്നു—ധനവാനാകാനും വിജയം വരിക്കാനും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടുതന്നെ. തന്റെ മേലധികാരികളെ പ്രീതിപ്പെടുത്താനും തന്റെ സഹപ്രവർത്തകർ തന്നെക്കുറിച്ചു നന്നായി വിചാരിച്ചുകാണാനും ഉള്ള അയാളുടെ ശ്രമങ്ങൾ പലപ്പോഴും അർധരാത്രിവരെ മദ്യപാനവെറിക്കൂത്തുകളിൽ ഉൾപ്പെടുന്നതിലേക്കു നയിച്ചു. അദ്ദേഹം ക്രമാതീതമായി ആവശ്യപ്പെടുന്നവനും അസഹിഷ്ണുവും ദേഷ്യപ്പെടുന്നവനും ആയിത്തീർന്നു. അദ്ദേഹത്തിന്റെ അതിരുവിട്ട ജീവിതരീതി താമസിയാതെ ഒരു ആഘാതത്തിന് ഇടയാക്കി, അത് അദ്ദേഹത്തെ ഭാഗികമായി തളർത്തി. ആശുപത്രിയിൽ കിടന്നു സുഖംപ്രാപിച്ചു വരുന്നവേളയിൽ താൻ ബൈബിളിൽനിന്നു പഠിച്ചിരുന്നതിനെയും താൻ നയിച്ചിരുന്ന ജീവിതരീതിയെയും സംബന്ധിച്ചു ധ്യാനിക്കാൻ അദ്ദേഹത്തിനു സമയം ലഭിച്ചു. താൻ പഠിച്ചിട്ടുള്ളതു ബാധകമാക്കിത്തുടങ്ങാനുള്ള സമയമാണ് അതെന്ന് അദ്ദേഹം തീരുമാനിച്ചു. മാനേജർസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കുകയും തന്റെ സഹവാസങ്ങൾ മാററുകയും ചെയ്തു. അദ്ദേഹം ക്രിസ്തീയ വ്യക്തിത്വം ധരിക്കാനും ഭൗതിക സ്വത്തുക്കളോടുള്ള തന്റെ കാഴ്ചപ്പാടിനു മാററം വരുത്താനും ആത്മാർഥമായ ശ്രമങ്ങൾ നടത്തുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ മൂല്യങ്ങൾക്കു മാററം വന്നു, ആരോഗ്യവും മെച്ചപ്പെട്ടു. അവസാനം അദ്ദേഹം തന്റെ ജീവിതം യഹോവക്കു സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു.
ജനപ്രീതിയില്ലാത്ത ജീവിതരീതി പിൻപററുന്നതിൽ വിജയിക്കാൻ ഒരാൾ ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ അറിയുകയും അവ ശരിയാണെന്നു പൂർണമായി ബോധ്യപ്പെടുകയും വേണം. മസാരൂവിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതായിരുന്നു. അവൻ പ്രൈമറി സ്കൂളിൽ ആറാം ക്ലാസിലായിരുന്നപ്പോൾ സഹപാഠികൾ വിദ്യാർഥി സമിതിയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരു സ്ഥാനാർഥിയായി അവനെ ശുപാർശ ചെയ്തു. ഉൾപ്പെട്ടിരിക്കുന്ന ബൈബിൾതത്ത്വങ്ങൾ പൂർണമായി മനസ്സിലാകാതിരുന്നതുകൊണ്ടു തനിക്ക് ഒരു രാഷ്ട്രീയ സ്ഥാനത്തിനായി എന്തുകൊണ്ടു നിൽക്കാൻ കഴിയില്ലെന്നു സഹപാഠികളോടു വിശദീകരിക്കാൻ സാധിച്ചില്ലെന്നു തെല്ല് അമ്പരപ്പോടെ അവൻ ഓർക്കുന്നു. അവന്റെ മാനുഷഭയം താൻ ഒരു ക്രിസ്ത്യാനിയാണെന്നു വെളിപ്പെടുത്തുന്നതിൽനിന്ന് അവനെ തടഞ്ഞിരുന്നു. അവന് ആകെ ചെയ്യാൻ കഴിഞ്ഞതു കണ്ണീരൊഴുക്കി ലജ്ജിച്ചു തലതാഴ്ത്തി ഇങ്ങനെ ആവർത്തിക്കാനായിരുന്നു, “എനിക്കതിനു കഴിയില്ല.”
ഈ വേദനാജനകമായ അനുഭവം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒരു ക്രിസ്ത്യാനി എന്തുകൊണ്ട് ഉൾപ്പെടുന്നില്ലെന്ന് അവൻ അന്വേഷിക്കാൻ ഇടയാക്കി. (യോഹന്നാൻ 6:15 താരതമ്യപ്പെടുത്തുക.) പിന്നീട്, അവൻ ജൂണിയർ ഹൈസ്കൂൾ വിദ്യാർഥിയായപ്പോൾ ഒരു സമാനമായ സാഹചര്യം ഉടലെടുത്തു. എന്നിരുന്നാലും ഈ പ്രാവശ്യം അധ്യാപകനോടു തന്റെ നിലപാടു ബോധ്യത്തോടെ വിശദീകരിക്കാൻ അവൻ ഒരുങ്ങിയിരുന്നു. അവന്റെ ബൈബിളധിഷ്ഠിത വിശ്വാസങ്ങളെക്കുറിച്ച് അവനോടു ചോദിച്ച സഹപാഠികളിൽ അനേകരെപ്പോലെ അധ്യാപകനും അവന്റെ വിശദീകരണം സ്വീകരിച്ചു.
എല്ലാവരും ശരിയായതു ചെയ്യുന്ന സമയം
ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ വരാനിരിക്കുന്ന പുതിയ ലോകത്തിൽ ജനസമ്മതിയുള്ളത് ചെയ്യേണ്ട ശരിയായ സംഗതിക്കായിരിക്കും. അതുവരെ ജനസമ്മതിയുള്ളതിനോട് അനുരൂപപ്പെടുവാനുള്ള പ്രേരണക്കെതിരെ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്. പൗലോസിന്റെ മുന്നറിയിപ്പിൽനിന്നു നമുക്കു പ്രോത്സാഹനം നേടാൻ കഴിയും: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുററും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.”—എബ്രായർ 12:1.
വാദവിഷയങ്ങളും വെല്ലുവിളികളും നിങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ മനുഷ്യഭയത്തിനു വിധേയരായി ജനസമ്മതിയുള്ള സംഗതികൾക്കു വഴിപ്പെടുമോ? അതോ നിങ്ങൾ ദൈവവചനമായ ബൈബിളിലേക്കു തിരിഞ്ഞ് അതിന്റെ തത്ത്വങ്ങളെ പിൻപററുമോ? രണ്ടാമതു പറഞ്ഞ ജീവിതഗതി നിങ്ങൾക്ക് ഇപ്പോൾ ഗുണം ചെയ്യുമെന്നു മാത്രമല്ല, “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ” ഇടയിലാകാനുള്ള പ്രതീക്ഷയും നിങ്ങൾക്കു നൽകുന്നു.—എബ്രായർ 6:12.