മഞ്ഞിന്റെയും തീയുടെയും നാട്ടിൽ സഹിഷ്ണുതയോടെ പ്രസംഗിക്കൽ
ഐസ്ലാൻഡ് വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും മധ്യത്തിലായി ഉത്തര അററ്ലാൻറിക്കിൽ സ്ഥിതി ചെയ്യുന്നു. അത് ഉത്തരധ്രുവരേഖയ്ക്കു തൊട്ടു താഴെയാണു കിടക്കുന്നതെങ്കിലും മെക്സിക്കോ ഉൾക്കടലിൽനിന്നുള്ള ഉഷ്ണജലപ്രവാഹത്തിന്റെ മന്ദോഷ്ണ പ്രഭാവത്താൽ അതിന്റെ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിലും ശൈത്യം കുറഞ്ഞതാണ്. ഐസ്ലാൻഡ് മഞ്ഞിന്റെയും തീയുടെയും നാട് എന്നു വിളിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അതിനു യൂറോപ്പിലെ ഏററവും വലിയ ഹിമാനി ഉണ്ടെന്നു മാത്രമല്ല അതു ലോകത്തിലെ ഏററവും സജീവമായ അഗ്നിപർവതപ്രദേശങ്ങളിൽ ഒന്നുംകൂടെയാണ്. ഉഷ്ണവാതകങ്ങളും ഗന്ധകവാതകങ്ങളും വമിക്കുന്ന അനേകം പർവതപ്രദേശങ്ങളായ അവിടത്തെ സോൾഫററാറാകളും ഉഷ്ണനീരുറവകളും സുപ്രസിദ്ധങ്ങളാണ്.
യൂറോപ്പിലെ, വലിപ്പത്തിൽ രണ്ടാമത്തേതായ ഈ ദ്വീപിലെ 2,60,000 നിവാസികൾ 1,100-ൽപ്പരം വർഷം മുമ്പ് ഇവിടെ കുടിയേറിപ്പാർത്ത പുരാതന സ്കാൻഡിനേവിയൻ കടൽക്കൊള്ളക്കാരുടെ (Vikings) പിൻതലമുറക്കാരാണ്. ഐസ്ലാൻഡിക്ക് ഏറെക്കുറെ വൈക്കിങ് യുഗത്തിലെ സ്കാൻഡിനേവിയൻ ഭാഷയായിരുന്ന പഴയ നോഴ്സു തന്നെയാണ്. അതു മിക്കവാറും മാററമില്ലാതെതന്നെ തുടർന്നിരിക്കുന്നു, കാരണം ഐസ്ലാൻഡുകാർ, ഏറെയും 13-ാം നൂററാണ്ടിൽ എഴുതപ്പെട്ട തങ്ങളുടെ പഴയ ഇതിഹാസകഥകൾ വായിക്കാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
പതിനാറാം നൂററാണ്ടോടുകൂടി ബൈബിൾ ഐസ്ലാൻഡിക്കിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങി. ആയിരത്തഞ്ഞൂററിനാൽപ്പതിൽ “പുതിയ നിയമ”വും 1584-ൽ മുഴുബൈബിളും പ്രത്യക്ഷപ്പെട്ടു. തൊണ്ണൂറു ശതമാനത്തിലധികം ആളുകളും ദേശീയമതമായ ഇവാൻജലിക്കൽ ലൂഥറൻ സഭയിൽപ്പെട്ടവരാണ്. ബൈബിൾ മിക്കവാറും എല്ലാ ഭവനങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും അതു ദൈവവചനമാണെന്ന് അധികംപേർ വിശ്വസിക്കുന്നില്ല. മിക്ക ഐസ്ലാൻഡുകാർക്കും മതത്തെക്കുറിച്ചു വിശാലമായ വീക്ഷണങ്ങളാണുള്ളത്, പൊതുവെ അവർ സ്വതന്ത്ര ചിന്താഗതിക്കാരുമാണ്.
സുവാർത്ത ഐസ്ലാൻഡിൽ എത്തുന്നു
രാജ്യസുവാർത്ത ആദ്യമായി കേട്ട ഐസ്ലാൻഡുകാർ അപ്പോൾ കാനഡയിൽ ജീവിക്കുകയായിരുന്നു. അവരിൽ ഒരാൾ ജോർജ് ഫ്യോൽനീർ ലിൻഡാൽ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഐസ്ലാൻഡിൽ നിന്നുള്ളവരായിരുന്നു, അദ്ദേഹം ഐസ്ലാൻഡിക്ക് സംസാരിച്ചിരുന്നു. തന്റെ ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിച്ചതിനുശേഷം താമസിയാതെ അദ്ദേഹം സുവാർത്തയുടെ ഒരു മുഴുസമയ പ്രസംഗകനായിത്തീർന്നു. ആയിരത്തിത്തൊള്ളായിരത്തിയിരുപത്തൊമ്പതിൽ, തനിക്കു 40 വയസ്സു പ്രായമുള്ളപ്പോൾ, അദ്ദേഹം മഞ്ഞിന്റെയും തീയുടെയും നാട്ടിലെ ജനങ്ങളിലേക്കു സുവാർത്ത എത്തിച്ചു.
ഒരു വ്യക്തിക്കുള്ള എന്തു ബൃഹത്തായ വേല! ഐസ്ലാൻഡ് തെക്കുവടക്കായി ഏകദേശം 320 കിലോമീറററും കിഴക്കുപടിഞ്ഞാറായി ഏകദേശം 500 കിലോമീറററുമാണ്. കിഴുക്കാംതൂക്കായ പാറക്കെട്ടുകളും ഉൾക്കടലുകളും ഉള്ള തീരദേശം 6,400 കിലോമീററർ ദൈർഘ്യമുള്ളതാണ്. അക്കാലത്തു ശരിക്കുള്ള റോഡുകളില്ലായിരുന്നു, കൂടാതെ വാഹനങ്ങളോ സഞ്ചരിക്കാനുള്ള ആധുനിക മാർഗങ്ങളോ ഒന്നുംതന്നെയില്ലായിരുന്നു. എന്നിട്ടും ലിൻഡാൽ സഹോദരൻ മുഴുദ്വീപും 10 വർഷത്തിനുള്ളിൽ പ്രസംഗിച്ചുതീർക്കുകയും ആയിരക്കണക്കിനു പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തീരത്തുകൂടെ അദ്ദേഹം ബോട്ടുകളിൽ സഞ്ചരിച്ചു, ഉൾപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങൾ സന്ദർശിച്ചപ്പോൾ അദ്ദേഹം രണ്ടു കുതിരകളെ ഉപയോഗിച്ചു, ഒന്നു തന്നെ വഹിക്കുന്നതിനും, മറെറതു തന്റെ സാഹിത്യങ്ങളും സാമഗ്രികളും വഹിക്കുന്നതിനും.
ഏതാണ്ടു 18 വർഷങ്ങളോളം ലിൻഡാൽ സഹോദരൻ മാത്രമായിരുന്നു ഐസ്ലാൻഡിലെ ഏക സാക്ഷി. തന്റെ കഠിനവേലയെല്ലാമുണ്ടായിരുന്നിട്ടും അക്കാലത്തു രാജ്യത്തിനുവേണ്ടി ആരെങ്കിലും ഒരു നിലപാട് എടുക്കുന്നതായി അദ്ദേഹം കണ്ടില്ല. വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂളിലെ ആദ്യത്തെ ബിരുദധാരികൾ വന്നുചേർന്ന 1947 മാർച്ച് 25-ന് അദ്ദേഹത്തിന്റെ തനിച്ചുള്ള ദീർഘമായ വാസം അവസാനിച്ചു. കൊയ്ത്തിനു കൂടുതൽ വേലക്കാർക്കുവേണ്ടിയുള്ള തന്റെ പ്രാർഥനകൾ അവസാനം യഹോവ കേട്ടപ്പോഴത്തെ അദ്ദേഹത്തിന്റെ സന്തോഷം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. (മത്തായി 9:37, 38) ആയിരത്തിത്തൊള്ളായിരത്തമ്പത്തിമൂന്നിൽ കാനഡയിലേക്കു മടങ്ങുന്നതുവരെ ലിൻഡാൽ സഹോദരൻ ഐസ്ലാൻഡിലെ തന്റെ സേവനം തുടർന്നു.
കൊയ്ത്തിനുവേണ്ടി കൂടുതൽ വേലക്കാർ
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തേഴിൽ വന്ന മിഷനറിമാർ ഡെൻമാർക്കിൽനിന്നുള്ള രണ്ടു സഹോദരൻമാർ ആയിരുന്നു. രണ്ടു വർഷത്തിനുശേഷം കൂടുതൽ മിഷനറിമാർ എത്തി. ഐസ്ലാൻഡിലേക്കു മാറിത്താമസിച്ചിരുന്ന ഏതാനും സുഹൃത്തുക്കളോടൊപ്പം അവർ പ്രസംഗവേല തുടർന്നപ്പോൾ ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യപ്പെട്ടു. ഐസ്ലാൻഡുകാരിൽ ഏറിയ പങ്കും വായനാകുതുകികളാണ്, എങ്കിലും അധികംപേർ സുവാർത്തയോടു പ്രതികരിച്ചില്ല. ഇരുപത്തേഴു വർഷത്തെ നടീലിനും നനയ്ക്കലിനുംശേഷം ആ ക്ഷമാശീലരായ സഹോദരൻമാർ തങ്ങളുടെ അധ്വാനഫലം കണ്ടുതുടങ്ങി. ആയിരത്തിത്തൊള്ളായിരത്തമ്പത്താറിൽ പുതിയ ഏഴുപേർ രാജ്യത്തിനുവേണ്ടി തങ്ങളുടെ നിലപാടു സ്വീകരിക്കുകയും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തു വർഷങ്ങളിൽ, രാജ്യപ്രസാധകരുടെ സംഖ്യ ഇരട്ടിയിലധികമായി. ഇപ്പോൾ അവിടെയുള്ള ഏഴു സഭകളിലും ഒററപ്പെട്ട ഒരു കൂട്ടത്തിലുമായി മൊത്തം 280 സുവാർത്താപ്രസംഗകർ ഉണ്ട്. ഈ സഭകൾ സന്ദർശിക്കുന്നതിനു നമുക്ക് ആ ദ്വീപിനുചുററും ഒരു പര്യടനം നടത്താം.
തലസ്ഥാനത്തിനു ചുററും
ആ വർഷങ്ങളിലെല്ലാം സഹിച്ചുനിന്ന സഹോദരീസഹോദരൻമാർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരമായ റെക്ക്യാവിക്കിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രണ്ടു സഭകൾ ഉണ്ട്. അവർ 1975-ൽ സമർപ്പിക്കപ്പെട്ട, ബ്രാഞ്ചോഫീസിന്റെ കെട്ടിടത്തിൽത്തന്നെ സ്ഥിതിചെയ്യുന്ന മനോഹരമായ രാജ്യഹാളിൽ കൂടുന്നു.
ഫ്രെത്രിക്കും ഏഡായും 1956-ൽ സ്നാപനമേററ ഏഴു പേരിൽപ്പെട്ടവരായിരുന്നു. “മിഷനറിമാർ താമസിച്ചുകൊണ്ടിരുന്ന, തട്ടിൻപുറത്തിലെ ഒരു കൊച്ചുമുറിയിൽ യോഗങ്ങൾ നടത്തിക്കൊണ്ടിരുന്നതു ഞാൻ ഓർക്കുന്നു” എന്നു ഫ്രെത്രിക്ക് പറയുന്നു. “അവിടെ 12 കസേരയ്ക്കുള്ള സ്ഥലമുണ്ടായിരുന്നു, എന്നാൽ ചിലപ്പോൾ സാധാരണയിൽക്കവിഞ്ഞ് ആളുകൾ വന്നപ്പോൾ ഞങ്ങൾ അടുത്ത കൊച്ചു മുറിയിലേക്കുള്ള വാതിൽ തുറന്നു. ഇന്നു രണ്ടു സഭകൾ രാജ്യഹാളിൽ നിറയുമ്പോൾ എന്തൊരന്തരം!”
ആദ്യത്തെ സമ്മേളനങ്ങൾ നടന്നപ്പോൾ ഭക്ഷ്യസേവന വിഭാഗം ഫ്രെത്രിക്കിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. “മിക്ക ജോലികളും ഞാൻതന്നെയാണു ചെയ്തത്, അതേസമയംതന്നെ ദിവസവും പരിപാടിയിൽ എനിക്കു മൂന്നോ നാലോ ഭാഗങ്ങൾ ഉണ്ടായിരിക്കുക അസാധാരണമായിരുന്നുമില്ല. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഞാൻ ഒരു മുന്നാരത്തുണി (Apron) ധരിക്കും. പ്രസംഗിക്കാനുള്ള സമയമാകുമ്പോൾ ഞാൻ കോട്ടിട്ടു ഹാളിലേക്കോടും. മുന്നാരത്തുണി മാററാൻ പലപ്പോഴും സഹോദരൻമാർ എന്നെ ഓർമിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ, പരിപാടിയിൽ ഭാഗങ്ങൾ നിർവഹിക്കുന്നതിൽ പങ്കുവഹിക്കുന്ന നല്ല മൂപ്പൻമാർ ഉൾപ്പെടെ 400-നും 500-നും ഇടയ്ക്ക് ആളുകൾ സമ്മേളനങ്ങളിൽ ഹാജരാകുന്നുണ്ട്. ഭക്ഷ്യസേവന വിഭാഗത്തെ മനസ്സോടെ സഹായിക്കാനും അനേകരുണ്ട്.”
റെക്ക്യാവിക്കിന് ഏററവും അടുത്തുള്ള സഭ അവിടെനിന്ന് ഏകദേശം 50 കിലോമീററർ പടിഞ്ഞാറുമാറിയുള്ള ക്യെബ്ലാവിക്ക് ആണ്. അങ്ങോട്ടുള്ള യാത്ര നമ്മെ ലാവാപ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നു. ഐസ്ലാൻഡിന്റെ 10 ശതമാനം ലാവാകൊണ്ടു നിറഞ്ഞിരിക്കയാണ്. ഈ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ സസ്യങ്ങൾ കൽപ്പായലുകളും പൂപ്പുകളും ആണ്. എന്നാൽ പഴയ ലാവാനിലങ്ങളിൽ നിങ്ങൾക്കു കാട്ടുകായ്കളും കുററിച്ചെടികളും കാണാൻ സാധിക്കും.
ക്യെബ്ലാവിക്കിലെ സഭയിൽ 19 പ്രസാധകരുണ്ട്, അത് 1965-ൽ രൂപീകരിച്ചതാണ്. അതിനു സമീപം അന്താരാഷ്ട്ര വിമാനത്താവളവും ഒരു യു.എസ്. സൈനിക താവളവും ഉണ്ട്. താവളത്തിൽ വീടുതോറുമുള്ള വേല ചെയ്യാൻ സാക്ഷികൾക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെങ്കിലും അവിടെ നിരവധി ബൈബിളധ്യയനങ്ങൾ നടത്തുകയും ഏതാനും വ്യക്തികൾ സത്യം പഠിക്കുകയും ചെയ്തിട്ടുണ്ട്.
മറെറാരു സഭ റെക്ക്യാവിക്കിന് 55 കിലോമീററർ കിഴക്കുള്ള സെൽഫോസിലാണ്. ഐസ്ലാൻഡിലെ ഏററവും വലിയ പാലുത്പാദന കേന്ദ്രം ഉൾപ്പെടെ ആടുമാടുകൾ ഉള്ള പച്ചനിറഞ്ഞ കൃഷിയിടങ്ങൾ നാം കാണുന്നു. വഴിക്കു നാം പ്രകൃതിരമണീയമായ ഒരു താഴ്വരയിലെ കൊച്ചുപട്ടണമായ ക്വേറാഗെർത്തീയിലൂടെ കടന്നുപോകുന്നു. ദൂരത്തുനിന്നു നമുക്കു താഴ്വരയിലുടനീളം ഉഷ്ണ നീരുറവകളിൽനിന്നുള്ള നീരാവി സ്തംഭങ്ങൾ കാണാം. ഇതു ദേശത്തുള്ള ഉഷ്ണപ്രദേശങ്ങളിൽ ഏററവും വിശാലമായവയിൽ ഒന്നാണ്, അതിനാൽ ഈ വിഭവങ്ങൾ ഉപയോഗിച്ച് ഉഷ്ണഗൃഹ-തക്കാളിയും വെള്ളരിക്കയും വിവിധ പുഷ്പങ്ങളും ലഭ്യമാക്കാൻ അനവധി ഹരിതഗൃഹങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശത്തു ചെറുതെങ്കിലും 19 പ്രസാധകരുള്ള ഒരു സജീവമായ സഭയുണ്ട്. ആയിരത്തിത്തൊള്ളായിരത്തെൺപത്തെട്ടിൽ ഈ സഭ രൂപീകരിച്ച സമയത്തോടടുത്ത് ഈ ചെറുകൂട്ടത്തെ പിന്തുണയ്ക്കുന്നതിനുവേണ്ടി സീകുർത്തുറും ഗ്രോത്രൂൻ സ്വാവായും റെക്ക്യാവിക്കിൽനിന്നു മാറിത്താമസിച്ചു. സീകുർത്തുർ ആണ് ഇവിടത്തെ ഏക മൂപ്പൻ. ഏകദേശം പത്തു വർഷം മുമ്പ്, ഒരു യഹോവയുടെ സാക്ഷിയാകുന്നതിനു മുമ്പ്, അദ്ദേഹം വിവിധ സംഘങ്ങളിൽ മൃദംഗം വായിച്ചിരുന്ന ഒരു സുപ്രസിദ്ധ സംഗീതജ്ഞനായിരുന്നു. ഇന്ന്, അദ്ദേഹം ജനൽ തുടയ്ക്കുന്ന ഒരുവൻ എന്നനിലയിൽ ഉപജീവനമാർഗം കണ്ടെത്തുന്നു, അദ്ദേഹം സംഗീതവും പഠിപ്പിക്കുന്നുണ്ട്. ഒരു വിനോദകൻ എന്നനിലയിലുള്ള തന്റെ ജീവിതരീതി അദ്ദേഹത്തിനു മയക്കുമരുന്നു ദുരുപയോഗവും മുഴുക്കുടിയും വിവാഹത്തകർച്ചയും പോലുള്ള നിരവധി പ്രശ്നങ്ങൾ വരുത്തിക്കൂട്ടി. ജീവിതത്തിൽ ഒരുദ്ദേശ്യം ഉണ്ടായിരിക്കയും യഹോവയെ സേവിക്കുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അദ്ദേഹം എത്ര സന്തുഷ്ടനാണ്!
കിഴക്കേ അററത്തേക്ക്
സെൽഫോസ് വിട്ടു നാം ഏറെയും വീതികുറഞ്ഞതും ഒപ്പനിരപ്പില്ലാത്തതുമായ ചരൽറോഡിലൂടെയുള്ള ഒരു 680 കിലോമീററർ സവാരി തുടങ്ങുന്നു. കിഴക്കേ തീരത്തെ റേത്താർഫ്യോർത്തോർ പട്ടണത്തിലുള്ള അടുത്ത സഭയാണു നമ്മുടെ ലക്ഷ്യം. അര മണിക്കൂറിനുള്ളിൽ നാം ഐസ്ലാൻഡിലെ ഏററവും പ്രസിദ്ധമായ ഹെക്ക്ളാ അഗ്നിപർവതം കാണുന്നു. ഈ നൂററാണ്ടിൽ അതു നാലു പ്രാവശ്യം പൊട്ടിത്തെറിച്ചിട്ടുണ്ട്.
ആയിരത്തിത്തൊള്ളായിരത്തെഴുപത്തിമൂന്നിൽ വെസ്ററ്മാനേയാറിൽ (വെസ്ററ്മേൻ ദ്വീപുകളിൽ) അഗ്നിപർവതത്തിന്റെ ഒരു നാടകീയ പൊട്ടിത്തെറി ഉണ്ടായി. ഏതാണ്ട് 5,300 പേരടങ്ങിയ അവിടത്തെ മുഴുജനങ്ങളെയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൻകരയിലേക്കു സുരക്ഷിതമായി മാററി. പട്ടണം പുനഃസ്ഥാപിച്ചതിനുശേഷം നിവാസികളിൽ അധികപങ്കും ക്രമേണ തിരിച്ചുപോയി. രണ്ടു സാക്ഷികൾ ഇവിടെ താമസിച്ച് ഈ ചെറു ജനസമുദായത്തിൽ സുവാർത്ത പ്രസംഗിക്കുന്നുണ്ട്. മറെറാരു രണ്ടു മണിക്കൂർ സഞ്ചരിക്കുമ്പോൾ 8,300 ചതുരശ്ര കിലോമീററർ വിസ്തൃതിയുള്ള, ഐസ്ലാൻഡിലെ ഹിമാനികളിൽ ഏററവും വലിപ്പമുള്ള ഗംഭീരൻ വാട്ട്നായകൂട്ടലിന്റെ സുന്ദരകാഴ്ച നമുക്കു വിരുന്നൊരുക്കുന്നു. പോകുന്ന വഴിക്ക് നാം മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളെയും നദികളെയും കടന്നുപോകുകയും ചെയ്യുന്നു.
വഴിയിൽ ഏതാണ്ടു പത്തു മണിക്കൂർ ചെലവഴിച്ച് നാം നമ്മുടെ ലക്ഷ്യത്തിലെത്തുന്നു. റേത്താർഫ്യോർത്തോറിൽ നമ്മൾ ഐസ്ലാൻഡിലെ ഏററവും ചെറുപ്പമായ സഭയിലെ 12 പ്രസാധകരെ കണ്ടുമുട്ടുന്നു. ആയിരത്തിത്തൊള്ളായിരത്തെൺപത്തെട്ടിന്റെ അവസാനഭാഗത്ത് ഒരു മിഷനറിഭവനം സ്ഥാപിക്കുന്നതുവരെ ഈ പ്രദേശത്തു സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഐസ്ലാൻഡിൽ 1963 മുതൽ സേവിച്ചിട്ടുള്ള സ്വീഡനിൽനിന്നുള്ള മിഷനറി ദമ്പതികളായ ചെല്ലും ഈറസും ഈ ഗ്രാമ പ്രദേശത്തെ 15,000 ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണു നിയമിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 500 കിലോമീററർ നീണ്ടുകിടക്കുന്ന തീരത്തോടു ചേർന്നുള്ള ചെറു മത്സ്യബന്ധന ഗ്രാമങ്ങളിലാണ് അനേകർ വസിക്കുന്നത്.
ചെൽ വിവരിക്കുന്നു: “ഐസ്ലാൻഡിന്റെ ഈ ഭാഗത്തെ രാജ്യവേലയെ യഹോവ അനുഗ്രഹിച്ചിരിക്കുന്നെന്നതിൽ ഒരു സംശയവുമില്ല. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്നു ജനുവരി 1-ന് ഒരു സഭ രൂപീകരിക്കപ്പെട്ടു. തന്നെയുമല്ല, നന്നായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളുമായി ഞങ്ങൾ നിരവധി ബൈബിളധ്യയനങ്ങൾ നടത്തുന്നുമുണ്ട്. ലിൻഡാൽ സഹോദരൻ കുതിരപ്പുറത്തു സഞ്ചരിച്ചതിനുശേഷം ഗതാഗതമാർഗങ്ങൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും, ഇരുട്ടു വ്യാപിക്കുന്ന ശൈത്യകാലമാസങ്ങളിൽ പർവതപാതയിൽ മഞ്ഞുമൂടിയ റോഡുകളിലൂടെ ഫോർവീൽ ഡ്രൈവ് ജീപ്പുപോലും ഓടിച്ചുപോകുക എപ്പോഴും എളുപ്പമല്ല. ഒരിക്കൽ, അതു മഞ്ഞുറോഡിൽനിന്നു തെറിച്ചു താഴ്വരയിലേക്കു രണ്ടുമൂന്നു തകിടംമറിഞ്ഞു. പരിക്കുകൂടാതെ രക്ഷപ്പെട്ടതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണ്!”
ഐസ്ലാൻഡിൽ 30 വർഷം പിന്നിട്ടതിനുശേഷം ഈറിസ് പറയുന്നു: “മററു രാജ്യങ്ങളിൽനിന്നു കഴിഞ്ഞകാലങ്ങളിലെല്ലാം അനേകർ സഹായിക്കാൻ വന്നിട്ടുണ്ട്. വിവിധ കാരണങ്ങളാൽ അവരിൽ മിക്കവരും ഉപേക്ഷിച്ചുപോകേണ്ടിവന്നെങ്കിലും അവർക്കു തീർച്ചയായും നടീൽവേലയിലും നനയ്ക്കൽവേലയിലും വലിയ പങ്കുണ്ടായിരുന്നിട്ടുണ്ട്. വിളവു ശേഖരിക്കപ്പെടുന്നതു കാണാനുള്ള പദവിയുള്ളതുകൊണ്ടു ഞങ്ങൾക്കു തങ്ങാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. യഹോവ തന്റെ വേല ഇവിടെയും ത്വരിതപ്പെടുത്തുകയാണ്.”
വർധനവിൽ അധികവും ഉണ്ടായിട്ടുള്ളതു പുതിയവർ തങ്ങളുടെ സഹപ്രവർത്തകരോടു സാക്ഷീകരിക്കുന്നതുകൊണ്ടാണ്. ആററ്ലി മിഷനറിമാരിൽനിന്നു സത്യം പഠിക്കുകയും താൻ ജോലി ചെയ്യുന്ന നിർമാണക്കമ്പനിയിൽ മററുള്ളവരോടു സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ രണ്ടുപേർ ഇപ്പോൾ പ്രസംഗവേലയിൽ പങ്കെടുക്കുന്നുണ്ട്, അവരിൽ ഒരാൾ ഭാര്യയോടൊപ്പം 1992 നവംബറിൽ സ്നാപനമേററു. മൂന്നാമതൊരു സഹപ്രവർത്തകൻ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കയാണ്.
വടക്കൻ വഴിയിൽ പോകുന്നു
റേത്താർഫ്യോർത്തോർ വിട്ട് നാം പടിഞ്ഞാറോട്ടു പോകുന്നു. അടുത്ത സഭ 300 കിലോമീററർ അകലെ ആക്കറെറി പട്ടണത്തിലാണ്. അവിടെ പ്രവർത്തിക്കാൻ 1950-കളുടെ പ്രാരംഭത്തിൽ പ്രത്യേക മുഴുസമയ പ്രസംഗകരെ നിയമിച്ചിരുന്നു. തുടക്കംമുതൽതന്നെ വേലയ്ക്കു ചില പുരോഹിതൻമാരിൽനിന്നു കഠിനമായ എതിർപ്പുണ്ടായി. യഹോവയുടെ സാക്ഷികൾക്കെതിരെ ആളുകൾക്കു മുന്നറിയിപ്പു നൽകുന്നതിനു പ്രാദേശിക പത്രത്തിൽ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. പട്ടണത്തിലെ ആളുകളിൽ ഒട്ടധികം പേരും ആത്മവിദ്യയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എങ്കിലും വിവിധ പയനിയർമാരുടെയും മിഷനറിമാരുടെയും സഹിഷ്ണുതയും ക്ഷമയും കാരണം ഇന്നു 35 രാജ്യപ്രസംഗകരുടെ സജീവവും സ്നേഹനിർഭരവുമായ ഒരു സഭയുണ്ട്.
ഇവിടെയുള്ള മൂപ്പൻമാരിലൊരാളായ ഫ്രെത്രിക്ക് ഒരു മുക്കുവനായിരുന്നു. താൻ പഠിച്ചുകൊണ്ടിരുന്നതു സത്യമാണെന്ന് ആയിരത്തിത്തൊള്ളായിരത്തെൺപത്തിരണ്ടിലെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുത്തശേഷം അദ്ദേഹത്തിനു ബോധ്യമായി. തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും സാക്ഷീകരിക്കുമെന്നു ദൃഢനിശ്ചയമെടുത്തുകൊണ്ട് അദ്ദേഹം ആക്കറെറിയിലേക്കു മടങ്ങി. സഭയോടൊത്തു ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടായിരിക്കാൻ തക്കവണ്ണം തന്റെ മുക്കുവത്തൊഴിൽ ഉപേക്ഷിക്കാൻ ഫ്രെത്രിക്ക് പദ്ധതി തയ്യാറാക്കി. താൻ യഹോവയുടെ സാക്ഷിയാകാൻ പോകുന്നതുകൊണ്ടു വിവാഹം കഴിക്കാതെ തങ്ങൾക്കു മേലാൽ ഒരുമിച്ചു താമസിക്കാൻ പററില്ലെന്ന് അദ്ദേഹം തന്റെ കാമുകി ഹേൽഗയോടു പറഞ്ഞു. ‘ഒരു അവിശ്വാസിയെ വിവാഹം കഴിക്കുക’യില്ലാത്തതുകൊണ്ട് അവരും ബൈബിൾ പഠിക്കണമെന്നു ഫ്രെത്രിക്ക് ആഗ്രഹിച്ചു. (1 കൊരിന്ത്യർ 7:39) അദ്ദേഹത്തെ വിസ്മയിപ്പിച്ചുകൊണ്ട് അവർ പഠിക്കാൻ തുടങ്ങി. അവർ 1983 ഫെബ്രുവരിയിൽ വിവാഹിതരാകുകയും താമസിയാതെ സ്നാപനമേൽക്കുകയും ചെയ്തു. കാലക്രമേണ ഫ്രെത്രിക്കിന്റെ അമ്മയും സഹോദരിയും സത്യം സ്വീകരിച്ചു.
നമ്മുടെ അവസാനസ്ഥലം ആക്കറെറിയിൽനിന്നു 350 കിലോമീററർ അകലെ മൂന്നു പർവതനിരകളും സുന്ദരമായ നിരവധി താഴ്വരകളും താണ്ടിയെത്തുന്ന ആക്രാനെസ് ആണ്. ഇവിടെ റോഡ് കല്ലു പാകിയതാകയാൽ, സഞ്ചരിച്ച മാർഗത്തിലെ ഏറെയും നിരപ്പില്ലാത്ത ഇടുങ്ങിയ ചരൽറോഡിനോടുള്ള താരതമ്യത്തിൽ ഇത് ഒരു സുഖകരമായ സവാരിയാണ്. ആക്രാനെസിലാണ് ഐസ്ലാൻഡിൽ നമുക്കുള്ള ഏററവും ചെറിയ സഭ—മൂപ്പൻമാരായി സേവിക്കുന്ന രണ്ടു പേരുൾപ്പെടെ അഞ്ചു പ്രസാധകർ. അവരിൽ മക്കദോന്യവിളിയോടു പ്രതികരിച്ച് റെക്ക്യാവിക്കിലെ വലിയ സഭകളിലൊന്നു വിട്ട് ആവശ്യം അധികമുള്ളടത്തു സേവിക്കുന്നതിന് ഈ ചെറിയ പട്ടണത്തിൽ താമസമുറപ്പിച്ച രണ്ടു കുടുംബങ്ങൾ ഉൾപ്പെടുന്നു. (പ്രവൃത്തികൾ 16:9, 10) യഹോവ കാര്യങ്ങൾ വളരുമാറാക്കുമെന്ന ഉറപ്പോടെ അവർ ഇപ്പോൾ രണ്ടു വർഷത്തിലധികമായി ക്ഷമാപൂർവം ഈ പ്രദേശത്തു സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.—1 കൊരിന്ത്യർ 3:6.
വർധനവിനുള്ള ശോഭനമായ പ്രതീക്ഷകൾ
ഭൂ താപോർജത്താലും കൃത്രിമ പ്രകാശനത്താലും ചൂടേകുന്ന ഹരിതഗൃഹങ്ങളാൽ ഐസ്ലാൻഡിലെ കൃഷിക്കാർക്കു വൈവിധ്യമാർന്ന ഫലങ്ങളും പച്ചക്കറികളും മററു ചെടികളും വളർത്താൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ, ആത്മീയ സത്യങ്ങളാലും സൗമ്യമായ ബോധ്യപ്പെടുത്തലിനാലും യഹോവയുടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലും സജ്ജരാക്കപ്പെട്ട സാക്ഷികൾ ഐസ്ലാൻഡിലെ വയലിൽ അത്ഭുതകരമായ ഫലങ്ങൾ അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്.
ഈ വർഷം, ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് 542 പേർ സന്നിഹിതരായി, ഇപ്പോൾ 200-നടുത്തു ഭവന ബൈബിളധ്യയനങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു. അതിനുംപുറമെ, നിയമിക്കപ്പെടാത്ത പ്രദേശങ്ങളിൽ സേവിക്കുന്നതിനുള്ള പ്രോത്സാഹനത്തോടു കാട്ടിയ ക്രിയാത്മകമായ പ്രതികരണം ഈ വിശാലമായ ദ്വീപിലെ ചെമ്മരിയാടുതുല്യരായ എല്ലാ ആടുകളും നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ശബ്ദം കേൾക്കുമെന്നു ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. (യോഹന്നാൻ 10:14-16) മഞ്ഞിന്റെയും തീയുടെയും നാട്ടിൽ കഴിഞ്ഞ 64 വർഷങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിൽ വളരെയധികം ക്ഷമയും സഹിഷ്ണുതയും പ്രകടമാക്കിയിട്ടുള്ള വിശ്വസ്തരായ രാജ്യപ്രഘോഷകർക്ക് എന്തോരു സന്തുഷ്ടമായ ഫലം!
[24-ാം പേജിലെ ഭൂപടം]
(For fully formatted text, see publication)
ആക്കറെറി
ആക്രാനെസ്
ക്യെബ്ലാവിക്ക്
സെൽഫോസ്
വെസ്ററ്മാനേയാർ
റേത്താർഫ്യോർത്തോർ
ഹെക്ക്ളാ
ഗൈസർ
വാട്ട്നായകൂട്ടൽ
റെക്ക്യാവിക്ക്
[കടപ്പാട്]
Based on map by Jean-Pierre Biard