നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
നിത്യജീവൻ ദൈവത്തോടും അയൽക്കാരനോടും ഉള്ള നമ്മുടെ സ്നേഹത്തിൽ ആശ്രയിച്ചിരിക്കുന്നു. ഏകദേശം 2,000 വർഷം മുമ്പു നടന്ന ഒരു സംഭാഷണത്തിൽ ആ ആശയം സ്ഥാപിക്കപ്പെട്ടു.
മോശയുടെ ന്യായപ്രമാണം സംബന്ധിച്ച് അഭിജ്ഞനായിരുന്ന ഒരു മനുഷ്യൻ യേശുക്രിസ്തുവിനോട്: “ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം” എന്നു ചോദിച്ചു. യേശു മറുപടി നൽകി: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു?” ന്യായപ്രമാണം ഉദ്ധരിച്ചുകൊണ്ട് അയാൾ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ (യഹോവയെ, NW) നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ.” “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും (ജീവൻ കിട്ടും, NW)” എന്നു യേശു പറഞ്ഞു.—ലൂക്കൊസ് 10:25-28.
അപ്പോൾ, യേശുവിനോട് അന്വേഷണം നടത്തിയ ആൾ: “എന്റെ കൂട്ടുകാരൻ (അയൽക്കാരൻ, NW) ആർ” എന്നു ചോദിച്ചു. നേരിട്ടു മറുപടി നൽകുന്നതിനു പകരം യേശു, അപഹരിക്കപ്പെട്ട്, അടിയേററ്, അർധപ്രാണനായി ഉപേക്ഷിക്കപ്പെട്ട ഒരു യഹൂദന്റെ ദൃഷ്ടാന്ത കഥ പറഞ്ഞു. രണ്ടു യഹൂദൻമാർ ആ വഴി വന്നു—ആദ്യം ഒരു പുരോഹിതനും പിന്നെ ഒരു ലേവ്യനും. അവർ ഇരുവരും തങ്ങളുടെ സഹയഹൂദന്റെ അവസ്ഥ കണ്ടുവെങ്കിലും അയാൾക്ക് ഒരു സഹായവും ചെയ്തില്ല. അടുത്തതായി ഒരു ശമര്യാക്കാരൻ വന്നു. കനിവു തോന്നി അയാൾ പരിക്കേററ യഹൂദന്റെ മുറിവുകൾ വെച്ചുകെട്ടി അയാളെ ഒരു വഴിയമ്പലത്തിലേക്കു കൊണ്ടുപോകുകയും അയാളുടെ കൂടുതലായ പരിരക്ഷക്കുവേണ്ടി പണം നൽകുകയും ചെയ്തു.
യേശു അന്വേഷിയോട്: “കള്ളൻമാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?” എന്നു ചോദിച്ചു. അതു ദയാലുവായ ശമര്യാക്കാരനായിരുന്നെന്നു വ്യക്തമാണ്. അങ്ങനെ, യഥാർഥ അയൽസ്നേഹം വംശീയ അതിർവരമ്പുകൾക്കതീതമായി പോകുന്നുവെന്നു യേശു പ്രകടമാക്കി.—ലൂക്കൊസ് 10:29-37.
അയൽസ്നേഹത്തിന്റെ കുറവ്
ഇന്നു വ്യത്യസ്ത വംശീയസമൂഹങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ വർധിച്ചുവരുന്ന ശത്രുതയുണ്ട്. ഉദാഹരണത്തിന്, അടുത്തകാലത്തു ജർമനിയിൽ നവീനനാസികൾ ഒരു മനുഷ്യനെ നിലത്തുതള്ളിയിട്ടു തങ്ങളുടെ ഭാരിച്ച ബൂട്ടിട്ടു ചവിട്ടി അയാളുടെ എല്ലുകൾ എല്ലാംതന്നെ ഒടിച്ചു. എന്നിട്ട് അവർ അയാളുടെമേൽ വീര്യം കൂടിയ മദ്യമൊഴിച്ചു തീകൊളുത്തി. മരിക്കാനായി ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യൻ ഒരു യഹൂദനാണെന്നു വിചാരിച്ചതുകൊണ്ടാണ് ആക്രമിക്കപ്പെട്ടത്. ഇതിനോടു ബന്ധമില്ലാത്ത മറെറാരു സംഭവത്തിൽ, ഹാംബേർഗിനടുത്തുള്ള ഒരു വീട്ടിൽ ബോംബെറിഞ്ഞ് തുർക്കി വംശജരായ മൂന്നുപേരെ അഗ്നിക്കിരയാക്കി—അവരിൽ ഒരാൾ പത്തു വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു.
അതിനിടെ, ബാൾക്കൻസിലും അതിനു കിഴക്കും വംശീയ യുദ്ധങ്ങൾ ആയിരക്കണക്കിനു ജീവൻ അപഹരിക്കുകയായിരുന്നു. മററു ചിലർ ബംഗ്ലാദേശിലും ഇൻഡ്യയിലും പാക്കിസ്ഥാനിലും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾക്കിടയിലെ ലഹളകളിൽ മരണമടഞ്ഞു. ആഫ്രിക്കയിൽ ഗോത്രപരവും വർഗീയവുമായ ലഹളകൾ മററനവധി ആളുകളുടെ കൂടെ ജീവൻ അപഹരിച്ചു.
മിക്കയാളുകളും ഇത്തരം അക്രമങ്ങളാൽ സംഭീതരായിത്തീരുന്നു, അവർ തങ്ങളുടെ അയൽക്കാരെ ഉപദ്രവിക്കുന്നതിനു യാതൊന്നും ചെയ്യുകയില്ല. വാസ്തവത്തിൽ ജർമനിയിൽ കൂററൻ പ്രകടനങ്ങൾ അവിടത്തെ വംശീയ അക്രമങ്ങളെ അപലപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നു: “ലോകത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലുംപെട്ട അംഗങ്ങൾ തങ്ങളുടെ സ്വന്തം ജീവിതരീതിയെ അടുത്ത ബന്ധമുള്ള അയൽക്കാരുടേതിനെക്കാൾപ്പോലും വളരെ മേൻമയുള്ളതായി കരുതുന്നു.” ഇത്തരം വീക്ഷണങ്ങൾ അയൽസ്നേഹത്തെ തടസ്സപ്പെടുത്തുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ, വിശേഷിച്ചു ജീവൻ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തിൽ ആശ്രയിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞതുകൊണ്ട്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover: Jules Pelcog/Die Heilige Schrift
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Good Samaritan/The Doré Bible Illustrations/Dover Publications, Inc.