അതു യോനായെ വിഴുങ്ങിയോ?
യഹോവയുടെ, പൊ.യു.മു. ഒമ്പതാം നൂററാണ്ടിലെ ഒരു പ്രവാചകനായിരുന്ന യോനാ ഒരു നിയമനം വിട്ടോടി ഒരു കപ്പലിൽ കയറിപ്പോയെന്നു ബൈബിൾ നമ്മോടു പറയുന്നു. മധ്യധരണ്യാഴിയിലെ കൊടുങ്കാററിലൂടെയുള്ള യാത്രക്കിടയിൽ കപ്പൽജോലിക്കാർ യോനായെ കടലിലെറിഞ്ഞു. “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയററിൽ കിടന്നു.”—യോനാ 1:3-17.
‘അസാധ്യം! കടലിലുള്ള യാതൊരു ജീവിക്കും ഒരു മനുഷ്യനെ വിഴുങ്ങാൻ കഴിയില്ല’ എന്നു ചിലർ പറയുന്നു. എന്നാൽ ഒരു സ്‌പേം തിമിംഗിലത്തിനോ വലിയ വെൺസ്രാവിനോ അതു സാധിക്കും. നാഷണൽ ജോഗ്രാഫിക് (1992 ഡിസംബർ) മറെറാരു സാധ്യത അവതരിപ്പിച്ചു—തിമി-സ്രാവ്. അറിയപ്പെടുന്ന ഏററവും വലിയ സ്രാവായ ഇതിന് 20 മീററർ വരെ നീളത്തിലും 70 ടൺ വരെ തൂക്കത്തിലും വളരാൻ കഴിയും.
“തിമി-സ്രാവിന്റെ അസാധാരണമായ ദഹനേന്ദ്രീയ ഘടന യോനാക്കഥകൾക്ക് അനുയോജ്യമാണ്. നിങ്ങൾ ഉദ്ദേശിച്ചിരിക്കാതെ വലിപ്പമേറിയ ഒരു തിമി-സ്രാവിന്റെ വായിലേക്കു വലിച്ചെടുക്കപ്പെടുന്നതു സങ്കൽപ്പിക്കുക എളുപ്പമാണ് . . . പരുവമായ ഒരു ചെറിയ തിമി-സ്രാവിന്റെപോലും പൊള്ളയായ വായ്‌ക്ക് ഒരു ജോടി യോനകളെ നിസ്സാരമായി ഉൾക്കൊള്ളാൻ കഴിയും.”
തിമി-സ്രാവുകൾ ചെറു പ്ലവകങ്ങളും ക്രിൽ എന്ന സസ്യവും ഭക്ഷിക്കുന്നു. “അവ അന്നനാളത്തിലൂടെ ഒഴുകി ബൃഹത്തും വലിയുന്നതുമായ ഭോജനശാലയിൽ അഥവാ ജഠരത്തിൽ എത്തുന്നു.” എന്നുവരികിലും, ഒരുവനു പുറത്തു കടക്കാൻ എങ്ങനെ കഴിയും? നാഷണൽ ജോഗ്രാഫിക് പറയുന്നു: “തങ്ങൾ വിഴുങ്ങുന്ന, ദഹിക്കുമോ എന്നു ശങ്കയുള്ള വലിയ വസ്തുക്കൾ ഒഴിവാക്കാനുള്ള ഒരു അഹിംസാത്മക മാർഗം സ്രാവുകൾക്കുണ്ട് . . . ഒരു സ്രാവിന് അതിന്റെ ജഠരം മറിച്ച് അതിനെ വായിലൂടെ പുറത്തേക്കു തള്ളിക്കൊണ്ട് അതു സാവധാനത്തിൽ ശൂന്യമാക്കാൻ കഴിയും. അങ്ങനെ നിങ്ങൾക്കു ശ്ലേഷ്‌മം നിറഞ്ഞ ഒരു പരവതാനിയിലൂടെ ഏറെ വഴുവഴുപ്പോടെ ആ അനുഭവത്തിൽ നിന്ന് എന്തെങ്കിലും പഠിച്ചുകൊണ്ടു തെന്നി പുറത്തേക്കു വരാൻ കഴിയും.”
ഇന്ന്, തിമി-സ്രാവുകളെ വടക്കു ന്യൂയോർക്ക് നഗരം വരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ മധ്യധരണ്യാഴിയിൽ കാണപ്പെടുന്നില്ല. യോനായുടെ കാലത്ത് അവ മധ്യധരണ്യാഴിയിൽ ഉണ്ടായിരുന്നോ? തീർച്ച ആർക്കറിയാം? യഹോവ ഉപയോഗിച്ചത് ഏതുതരം കടൽജീവിയെ ആണെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല, എന്നാൽ യോനായുടെ വിവരണം സത്യമാണെന്നു യേശു തന്നെ ഉറപ്പു നൽകി.—മത്തായി 12:39, 40.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Norbert Wu/Peter Arnold Inc.