നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾക്കു പ്രായോഗിക മൂല്യമുള്ളതാണെന്നു നിങ്ങൾ കണ്ടെത്തിയിരിക്കുന്നുവോ? എങ്കിൽ പിൻവരുന്ന ചോദ്യങ്ങളാൽ നിങ്ങളുടെ ഓർമ എന്തുകൊണ്ടു പരിശോധിച്ചുകൂടാ:
◻ ക്ഷണിക്കപ്പെടാതെ ഏതെങ്കിലും അധാർമിക ചിന്ത നമ്മുടെ മനസ്സിൽ പ്രവേശിച്ചാൽ നാം എന്തു ചെയ്യണം? നാം മാനസികമായി വിഷയം മാററുകയോ, ഒന്നു നടക്കാൻ പോകുകയോ, എന്തെങ്കിലും വായിക്കുകയോ, എന്തെങ്കിലും വീട്ടുജോലികൾ ചെയ്യുകയോ വേണം. ഇത്തരം സാഹചര്യത്തിൽ പ്രാർഥനയും ഒരു ശക്തമായ സഹായമാണ്. (സങ്കീർത്തനം 62:8)—ssbr (വിട്ടുകളഞ്ഞ അധ്യയന ലേഖനങ്ങളുടെ ലഘുപത്രിക) പേജ് 33.
◻ തങ്ങൾ ശ്രദ്ധിക്കുന്നതരം സംഗീതം സംബന്ധിച്ചു യുവജനങ്ങൾ ശ്രദ്ധാലുക്കളായിരിക്കേണ്ടത് എന്തുകൊണ്ട്? സംഗീതത്തിനു ഇളക്കിമറിക്കുന്നതിനും വശീകരിക്കുന്നതിനും സ്വാധീനിക്കുന്നതിനും ഉള്ള ശക്തിയുണ്ട്. ജനപ്രീതിയുള്ള നിരവധി സംഗീത ശകലങ്ങളിൽ ഭീതിപ്പെടുത്തുന്ന അളവിൽ ലൈംഗിക വ്യംഗ്യോക്തികളും ദുർമാർഗത്തിന്റെ മൂടുപടമണിഞ്ഞ പരാമർശങ്ങളും ഉള്ളതിനാൽ റിക്കാർഡുകളും ടേപ്പുകളും ഡിസ്കുകളും തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നതു മനസ്സിലാക്കുക വളരെ എളുപ്പമാണ്.—ssbr പേജ് 37.
◻ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം” എന്ന പ്രസ്താവന എന്തർഥമാക്കുന്നു? (1 തെസ്സലൊനീക്യർ 5:23) ഇത് 1914 മുതൽ സ്വർഗത്തിലെ തന്റെ സിംഹാസനാരോഹണത്തെത്തുടർന്നു രാജാവെന്നനിലയിലുള്ള കർത്താവായ യേശുക്രിസ്തുവിന്റെ അദൃശ്യ രാജകീയ സാന്നിധ്യത്തെ അർഥമാക്കുന്നു. (സങ്കീർത്തനം 110:1, 2)—ssbr പേജ് 51.
◻ യഹോവ തന്റെ ആത്മീയ ആലയത്തെ ശുദ്ധീകരിച്ചതിനാൽ എന്തുദ്ദേശ്യം സാധിച്ചു? (മലാഖി 3:1-4) തന്റെ ആലയം ശുദ്ധിയുള്ള അവസ്ഥയിലായിരിക്കാൻ യഹോവ ആഗ്രഹിച്ചു. തന്നിമിത്തം ഭൗമിക പ്രത്യാശയുള്ള പെരുകിവരുന്ന ആരാധകരെ അവിടേക്കു വരുത്തുമ്പോൾ അവർ അവിടുത്തെ സാർവത്രിക പരമാധികാരം ആദരിക്കപ്പെടുന്ന, അവിടുത്തെ ദിവ്യനാമം വിശുദ്ധീകരിക്കപ്പെടുന്ന, അവിടുത്തെ നീതിയുള്ള നിയമങ്ങൾ പാലിക്കപ്പെടുന്ന, ഒരു സ്ഥലം കണ്ടെത്തുമായിരുന്നു.—ssbr പേജ് 56.
◻ ക്രിസ്തുയേശു തന്റെ നിയമിത അടിമക്കു നൽകുന്ന “സ്വത്തുക്കൾ” എന്തൊക്കെയാണ്? (മത്തായി 24:45-47, NW) ഈ “സ്വത്തുക്കൾ” സ്വർഗീയ രാജാവെന്ന നിലയിലുള്ള തന്റെ അധികാരത്തോടു ബന്ധപ്പെട്ടു ക്രിസ്തുവിന്റെ വകയായിത്തീർന്ന ഭൂമിയിലെ സകല ആത്മീയ ആസ്തികളുമാണ്. ഇതിൽ സകല ജനതകളിലെയും ആളുകളിൽനിന്നു ക്രിസ്തുവിനു ശിഷ്യരെ ഉളവാക്കാനുള്ള നിയോഗവും ഉൾപ്പെടും. (മത്തായി 28:19, 20)—ssbr പേജ് 57.
◻ ഒന്നു പത്രോസ് 5:2, (NW) പ്രകാരം ക്രിസ്തീയ മൂപ്പൻമാർ എങ്ങനെയാണു “മനസ്സോടെ” മേയിക്കുന്നത്? ആടുകളെ പരിപാലിക്കുന്ന ഒരു ക്രിസ്തീയ മൂപ്പൻ യേശുക്രിസ്തു എന്ന നല്ല ഇടയന്റെ മാർഗനിർദേശത്തിൻകീഴിൽ, തന്റെ മേയിക്കൽ മനസ്സോടെ, തന്റെ സ്വതന്ത്രമായ ഇച്ഛപ്രകാരം, നടത്തും. മനസ്സോടെ സേവിക്കുക എന്നതിന് ഒരു ക്രിസ്തീയ ഇടയൻ യഹോവയുടെ അധികാരത്തിനു കീഴ്പെടുന്നുവെന്നും ദിവ്യാധിപത്യ ക്രമീകരണത്തോട് ആദരവു പ്രകടമാക്കുന്നുവെന്നും കൂടെ അർഥമുണ്ട്.—ssbr പേജ് 48.
◻ തന്നെ അനുഗമിക്കുന്ന ഏവനും “തന്നെത്താൻ ത്യജി“ക്കണമെന്നു യേശു പറഞ്ഞപ്പോൾ അവിടുന്ന് എന്താണ് അർഥമാക്കിയത്? (മത്തായി 16:24) ‘നിന്നെത്തന്നെ ത്യജിക്കുക’ എന്നതിന്റെ അർഥം നിങ്ങളുടെ ഉടമസ്ഥത യഹോവക്കു വിട്ടുകൊടുക്കുക എന്നാണ്. (1 കൊരിന്ത്യർ 6:19, 20) നിങ്ങൾ ജീവിക്കുന്നതു സ്വയം പ്രീതിപ്പെടുത്താനല്ല, മറിച്ചു ദൈവത്തെ പ്രീതിപ്പെടുത്താനാണ് എന്ന് അത് അർഥമാക്കുന്നു. (റോമർ 14:8)—6⁄1 പേജ് 9.
◻ ഒരു വ്യക്തിയെ സന്തുഷ്ടനാക്കുന്നതിന് ആവശ്യമായിരിക്കുന്നത് എന്താണ്? യഹോവയുമായി ഒരു നല്ല ബന്ധം ആസ്വദിക്കുന്നതും അവിടുത്തെ സേവനത്തിൽ തിരക്കുള്ളവനായിരിക്കുന്നതുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ യഥാർഥ സന്തോഷം കൈവരുത്തുന്നത്.—6⁄1, പേജ് 22.
◻ സോദോമിനെ നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു സംസാരിക്കവെ, യഹോവ എന്തുകൊണ്ടാണ് അബ്രാഹാമിനെ അത്ര സ്വതന്ത്രമായി തന്നോടു സംസാരിക്കാൻ അനുവദിച്ചത്? (ഉൽപ്പത്തി 18:22-32) അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നുവെന്നതാണ് ഒരു കാരണം. (യാക്കോബ് 2:23) കൂടാതെ യഹോവക്ക് അബ്രാഹാമിന്റെ ശോകാകുലമായ വികാരങ്ങൾ അറിയാമായിരുന്നു. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്ത് സോദോമിൽ ജീവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അബ്രാഹാം വളരെ ചിന്തയുള്ളവനാണെന്നും യഹോവക്ക് അറിയാമായിരുന്നു. ഇക്കാരണങ്ങളാൽ സോദോമിനെ നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം സംബന്ധിച്ചുള്ള അബ്രാഹാമിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ യഹോവ മനസ്സുള്ളവനായിരുന്നു.—6⁄15, പേജ് 16.
◻ പതിനാറാം നൂററാണ്ടിലെ പ്രോട്ടസ്ററൻറ് നവീകരണം സത്യക്രിസ്ത്യാനിത്വത്തിലേക്കുള്ള ഒരു തിരിച്ചുവരവിനെ സൂചിപ്പിച്ചോ? ഇല്ല, അതു തിരിച്ചുവരവിനെ സൂചിപ്പിച്ചില്ല! സത്യക്രിസ്ത്യാനിത്വത്തിലേക്കുള്ള തിരിച്ചുവരവിനു പകരം നവീകരണം രാഷ്ട്രങ്ങളുടെ പ്രീതി നേടുകയും അവരുടെ യുദ്ധങ്ങളിൽ അവരെ സജീവമായി പിന്താങ്ങുകയും ചെയ്ത ദേശീയമോ പ്രാദേശികമോ ആയ ഒരു പററം സഭകളെ ഉളവാക്കി.—7⁄1 പേജ് 10-11.
◻ മത്തായി 6:20-ൽ യേശു പറഞ്ഞ ‘സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ’ എന്താണ്? അത് യഹോവയുടെ മുമ്പാകെയുള്ള ഒരു നല്ല പേരും വിശ്വസ്തമായ ക്രിസ്തീയ ശുശ്രൂഷയുടെ ഒരു രേഖയും ഉൾപ്പെടുന്ന ഒരിക്കലും ക്ഷയിക്കാത്ത നിക്ഷേപങ്ങളാണ്. ഇവ യഹോവ ഒരിക്കലും മറക്കാത്ത കാര്യങ്ങളിൽ പെടുന്നവയാണ്. (എബ്രായർ 6:10)—7⁄1, പേജ് 32.
◻ നമ്മുടെ വിശ്വാസത്തിന്റെ അനിവാര്യ ഘടകങ്ങളെന്നനിലയിൽ ഏതു ഗുണങ്ങളെക്കുറിച്ചാണു പത്രോസ് പറയുന്നത്? (2 പത്രൊസ് 1:5-7) നമ്മുടെ വിശ്വാസത്തിനു സദ്ഗുണവും അറിവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവഭക്തിയും സഹോദരപ്രീതിയും സ്നേഹവും പ്രദാനം ചെയ്യാനാണു പത്രോസ് പറഞ്ഞത്.—7⁄15, പേജ് 13.
◻ ബത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപത്തിന്റെ വിവരണത്തിൽ ദൈവത്തിന്റെ ദാസൻമാർക്കായി എന്തു മുന്നറിയിപ്പാണ് അടങ്ങിയിരിക്കുന്നത്? (2 ശമൂവേൽ 11:2-4) തന്റെ സ്വന്തം വിവാഹബന്ധത്തിനുള്ളിൽ ഉല്ലാസം ആസ്വദിക്കാൻ സ്വതന്ത്രനായിരുന്നെങ്കിലും അവിഹിത ലൈംഗിക തൃഷ്ണ വളരാൻ ദാവീദ് അനുവദിച്ചു. ഊരിയാവിന്റെ ഭാര്യ എത്ര ആകർഷകത്വമുള്ളവളാണെന്നു കണ്ട് അവളിൽ അവിഹിത ഹർഷം കണ്ടെത്താൻ അദ്ദേഹം തന്റെ ചിന്തയുടെയും—പ്രവൃത്തിയുടെയും—കടിഞ്ഞാൺ ഊരിവിട്ടു. ഇമ്മാതിരിയുള്ള അത്യാഗ്രഹത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ ദാസൻമാരിൽ ഏതൊരാൾക്കും ഇതുതന്നെ സംഭവിക്കാം. (യാക്കോബ് 1:14, 15)—8⁄1, പേജ് 14.