മറഞ്ഞിരിക്കുന്ന നിധി അന്വേഷിക്കൽ
ആയിരത്തെണ്ണൂററിനാൽപ്പെത്തെട്ടിൽ യു.എസ്.എ.യിലെ കാലിഫോർണിയയിലുള്ള സററർ മിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു സ്വർണം കണ്ടെത്തി. ആയിരത്തെണ്ണൂററിനാൽപ്പത്തൊമ്പതോടെ, പെട്ടെന്നു ധനികരാകാൻ മോഹിച്ചുകൊണ്ട് ആയിരക്കണക്കിനാളുകൾ അവിടെ തടിച്ചുകൂടുകയായിരുന്നു. ഐക്യനാടുകളുടെ ചരിത്രത്തിലെ സ്വർണത്തിനായുള്ള ഏററവും വലിയ പരക്കംപാച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു വർഷംകൊണ്ട് ഏററവും അടുത്ത തുറമുഖമായ സാൻഫ്രാൻസിസ്കോ ഒരു ചെറിയ പട്ടണത്തിൽനിന്ന് 25,000 പേരുള്ള ഒരു നഗരമായി വളർന്നു. പെട്ടെന്നു സമ്പത്തു ലഭിക്കാനുള്ള സാധ്യത ഒരു ശക്തമായ വശീകരണമാണെന്നു തെളിഞ്ഞു.
മറഞ്ഞിരിക്കുന്ന നിധിക്കുവേണ്ടി മനുഷ്യർ എത്ര ഊർജസ്വലതയോടെ കുഴിക്കുമെന്നു പുരാതന ഇസ്രയേലിലെ ശലോമോൻ രാജാവ് അറിഞ്ഞിരുന്നു, അദ്ദേഹം ഇപ്രകാരം എഴുതിയപ്പോൾ ഇതിനെ പരാമർശിച്ചു: “നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:3-5.
സ്വർണംകൊണ്ടും വെള്ളികൊണ്ടും നിങ്ങൾക്കു വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും, വിവേകംകൊണ്ടും വിവേചനകൊണ്ടും നിങ്ങൾക്ക് അതിലും കൂടുതൽ ചെയ്യാൻ കഴിയും. ശരിയായ തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വിവാഹജീവിതത്തിൽ വിജയിക്കാനും സന്തുഷ്ടി കണ്ടെത്താനും ഇവ നിങ്ങളെ സഹായിക്കും. (സദൃശവാക്യങ്ങൾ 2:11, 12) അതുപോലെതന്നെ, യഥാർഥ അറിവും ജ്ഞാനവും നിങ്ങളുടെ സ്രഷ്ടാവിനെ അറിയാനും അവിടുത്തെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും അവിടുത്തെ അനുസരിക്കാനും പ്രസാദിപ്പിക്കാനും നിങ്ങളെ സഹായിക്കും. ഇവയൊന്നും നിങ്ങൾക്കു നൽകാൻ സ്വർണത്തിനാകില്ല.
ബൈബിളിലെ വാക്കുകൾ സത്യമാണ്: “പണം ഒരു സങ്കേതമായിരിക്കുന്നതുപോലെ ജ്ഞാനം ഒരു സങ്കേതമാണ്, എന്നാൽ പരിജ്ഞാനത്തിന്റെ മേൻമ ഇതാണ്: ജ്ഞാനം അതിന്റെ ഉടമസ്ഥന്റെ ജീവനെ സംരക്ഷിക്കുന്നു.” (സഭാപ്രസംഗി 7:12, ന്യൂ ഇൻറർനാഷണൽ വേർഷൻ) പെട്ടെന്നുണ്ടാകുന്ന ധനത്തെക്കുറിച്ചു പലരും സ്വപ്നം കാണുമ്പോൾ ബൈബിൾ തുറന്ന്, യഥാർഥ സമ്പത്തായ വിവേചനയ്ക്കും വിവേകത്തിനും അറിവിനും ജ്ഞാനത്തിനുംവേണ്ടി കുഴിക്കുന്നത് എത്രയധികം ജ്ഞാനപൂർവകമായിരിക്കും.