അഹങ്കാരത്തിന്റെ ആത്മാവ് ഒഴിവാക്കുക!
“വാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ക്ഷണിച്ചു വരുത്തുന്നു” എന്നു ബൈബിളിലെ ജ്ഞാനമുള്ള ഒരു സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 17:19, പി.ഒ.സി.ബൈബിൾ) വാതിൽ ഉയർത്തിപ്പണിയുന്നതിൽ എന്താണു കുഴപ്പം? കൂടാതെ, ഈ സദൃശവാക്യത്തിലെ മുഖ്യ ആശയമെന്താണ്?
പുരാതന കാലങ്ങളിൽ വ്യക്തികളും കൊള്ളസംഘങ്ങളും കുതിരപ്പുറത്തു സഞ്ചരിക്കുന്നത് അസാധാരണമല്ലായിരുന്നു. തുറസ്സായ സ്ഥലങ്ങളിലെ സംരക്ഷണമില്ലാഞ്ഞ വീടുകൾ കള്ളൻമാർക്കു കക്കുന്നതിനു പററിയവയായിരുന്നു. തങ്ങളുടെ വസ്തുക്കൾ മോഷ്ടിക്കപ്പെടാതിരിക്കേണ്ടതിനു ചില വീട്ടുടമസ്ഥർ ഒരു വിശേഷപ്പെട്ട വാതിലോടുകൂടി മതിൽ പണിതിരുന്നു. മതിൽ ഉയരമുള്ളതായിരുന്നെങ്കിലും വാതിൽ ഉയരം കുറഞ്ഞതായിരുന്നു. വാസ്തവത്തിൽ, ചില വാതിലുകൾക്ക് ഒരു മീറററിൽ കൂടുതൽ ഉയരമില്ലായിരുന്നു. ഇത് ഒരുവനു കുതിരപ്പുറത്തിരുന്നു പ്രവേശിക്കുക അസാധ്യമാക്കി. തങ്ങളുടെ മുററത്തേക്കുള്ള പ്രവേശനകവാടം ചെറുതാക്കാഞ്ഞവർക്ക് ആളുകൾ കുതിരപ്പുറത്തു വന്ന് സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനുള്ള അപകടസാധ്യതയുണ്ടായിരുന്നു.
നഗരങ്ങളിൽ, മുററത്തേക്കുള്ള പ്രവേശനകവാടങ്ങൾ പൊതുവെ ഉയരം കുറഞ്ഞവയും അനാകർഷകവും മതിലിനുള്ളിലെ സമ്പത്തുക്കളുടെ യാതൊരു സൂചനയും നൽകാത്തവയും ആയിരുന്നു. എന്നിരുന്നാലും, പേർഷ്യയിൽ ഉയർന്ന കവാടം രാജത്വത്തിന്റെ ഒരു അടയാളമായിരുന്നു. ഇതു ചില പ്രജകൾ അനുകരിക്കുകയും വലിയ അപകടം വിളിച്ചുവരുത്തുകയും ചെയ്തു. ഉയർന്ന കവാടം പണിത ഏതൊരുവനും തന്റെ സമൃദ്ധിയുടെ പ്രകടനത്താൽ മോഷണത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു.
അതുകൊണ്ട്, തങ്ങളുടെ പ്രവേശന കാവടം ഉയർത്തിപ്പണിയുന്നവർ തങ്ങളുടെ യഥാർഥ ആസ്തിക്കപ്പുറം സങ്കൽപ്പിക്കുന്നതിനാൽ നാശം വിളിച്ചുവരുത്തുകയാണെന്നു സദൃശവാക്യങ്ങൾ 17:19 പ്രകടമാക്കുന്നു. ഈ സദൃശവാക്യത്തിന്, പൊങ്ങച്ചവും ധിക്കാരവും നിറഞ്ഞ സംസാരത്താൽ ഉയർത്തിക്കെട്ടിയ ഒരു പ്രവേശന കവാടമെന്നവണ്ണം വായയെയും അർഥമാക്കാവുന്നതാണ്. അത്തരം സംസാരം വിദ്വേഷത്തെ വളർത്തുന്നു, കൂടാതെ അതിനു കാലക്രമത്തിൽ അഹങ്കാരമുള്ള വ്യക്തിയെ നാശത്തിലേക്കു നയിക്കാനും കഴിയും. അതുകൊണ്ട് അഹങ്കാരത്തിന്റെ ആത്മാവ് ഒഴിവാക്കുന്നത് എത്രയോ ബുദ്ധിയാണ്!
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Picturesque Palestine, Sinai and Egypt, Volume 1, by Colonel Wilson (1881)