ഹംഗറിയിൽ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു
യൂറോപ്പിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഹംഗറി മിക്കപ്പോഴും ചരിത്രത്തിന്റെ സംക്ഷോഭങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതിലെ ജനങ്ങൾ കന്യാമറിയത്തിനു സമർപ്പിക്കപ്പെടുകയും അവരുടെ ആദ്യ രാജാവായിരുന്ന സ്ററീഫനാൽ 1001-ൽ നാമമാത്ര ക്രിസ്ത്യാനികളായിത്തീരാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തെങ്കിലും ധാരാളം കഷ്ടപ്പാടുകൾ അനുഭവിച്ചിരിക്കുന്നു.
മററു ദേശങ്ങൾ ആവർത്തിച്ചു കീഴടക്കാൻ അനുവദിച്ച അനേകം ആഭ്യന്തര പോരാട്ടങ്ങളാൽ ഹംഗറി നൂററാണ്ടുകളിൽ ദുർബലമാക്കപ്പെട്ടു. പിന്നീടു വിദേശികളാൽ നിറയുവാൻ തക്കവണ്ണം ഈ പോരാട്ടങ്ങളിൽ മുഴു ഗ്രാമങ്ങളിലെയും ജനസംഖ്യ തുടച്ചുമാററപ്പെട്ടു. അങ്ങനെ ജനത അനേകം ജനപദങ്ങളുടെ ഒരു സമ്മിശ്രണം ആയിത്തീർന്നു. മതപരമായി പറഞ്ഞാൽ നവീകരണപ്രസ്ഥാനം ചില സ്ഥലങ്ങളിലേക്കു വ്യാപിച്ചുവെങ്കിലും രാജ്യത്തിലെ ജനസംഖ്യയിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗം കത്തോലിക്കരായിത്തന്നെ നിലകൊണ്ടു.
ഒരു എളിയ തുടക്കം
ഹംഗറിയിൽ ബൈബിൾ സത്യത്തിന്റെ വിത്ത് ആദ്യമായി വിതച്ചത് 1908-ൽ ആയിരുന്നു. ഇതു ചെയ്തതു ബൈബിൾ വിദ്യാർഥികളിൽനിന്ന്—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—സത്യം പഠിച്ച ഒരു സ്ത്രീയാണ്. അവരുടെ പ്രസംഗത്താൽ അനേകരും സുവാർത്തയിൽ തത്പരരായി. അതിനുശേഷം താമസിയാതെ ഐക്യനാടുകളിൽനിന്നു ഹംഗറിയിലേക്കു തിരിച്ചുവന്ന രണ്ടു പുരുഷൻമാർ കോൾപോർട്ടർമാർ എന്നനിലയിൽ മുഴുസമയവും സുവാർത്ത പ്രചരിപ്പിച്ചു. പതുക്കെയാണെങ്കിലും സുനിശ്ചിതമായി സത്യം പ്രചരിക്കുകയും ക്ലജ്-നപ്പോക്കയിൽ ഒരു അച്ചടിശാല സ്ഥാപിക്കുകയും ചെയ്തു.
ആദ്യത്തെ വിശ്വസനീയമായ റിപ്പോർട്ടു കിട്ടിയത് 1922-ൽ ആയിരുന്നു, അന്ന് ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് പത്തു പട്ടണങ്ങളിൽനിന്നുള്ള 67 ബൈബിൾ വിദ്യാർഥികൾ സന്നിഹിതരായി. അവരുടെ സാക്ഷ്യവേലയ്ക്ക് സത്വരമായ ഒരു ഫലമുണ്ടായി, തന്നിമിത്തം പ്രസംഗവേലക്കു തടസ്സംവരുത്തുന്നതിനു വൈദികർ ഗവൺമെൻറിനെയും പ്രസ്സിനെയും സ്വാധീനിക്കവേ എതിർപ്പുണ്ടായി.
ആക്രമണം തീവ്രമാകുന്നു
കത്തോലിക്കാ പുരോഹിതനായ സോൽത്താൻ നീസ്റേറാർ 1928-ൽ സഹസ്രാബ്ദ വാദികളായ ബൈബിൾ വിദ്യാർഥികൾ (Millennialist Bible Students) എന്ന പേരിൽ ഒരു ലഘുലേഖ ഇറക്കി. അതിൽ അദ്ദേഹം ബൈബിൾ വിദ്യാർഥികളെപ്പററി ഇപ്രകാരം ഉറപ്പിച്ചു പറഞ്ഞു: “ആയുധങ്ങളുമായി ആക്രമിക്കുന്ന ചുവന്ന ബോൾഷേവിക്കുകാരെക്കാളും വഷളാണ് അവർ, കാരണം ബൈബിളിനു പിന്നിൽ മറഞ്ഞിരുന്നുകൊണ്ട് ഇവർ നിരപരാധികളെ വഴിതെററിക്കുന്നു. ഹംഗേറിയൻ യോയൽ സ്റേറററ് പൊലീസ് അവരുടെ പ്രവർത്തനത്തെ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.”
അക്കാലത്ത് തീക്ഷ്ണതയുള്ള ഒരു സഹോദരനായ ജോസഫ് കീസ് സഭകൾ സന്ദർശിച്ചു. ആയുധധാരികളായ പൊലീസുകാർ രഹസ്യമായി അദ്ദേഹത്തെ പിന്തുടർന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊന്നിൽ അദ്ദേഹം ഒരു സഹോദരന്റെ വീട്ടിലായിരിക്കുമ്പോഴാണ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉടൻ സ്ഥലം വിടാൻ പൊലീസ് ആവശ്യപ്പെട്ടത്. കീസ് സഹോദരൻ തന്റെ സാമാനങ്ങൾ പായ്ക്ക്ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ആയുധധാരി തന്റെ തോക്കിന്റെ ചട്ടപ്പാത്തികൊണ്ട് അദ്ദേഹത്തെ അടിക്കുകയും, “പെട്ടെന്നുവേണം, അല്ലെങ്കിൽ നിന്നെ കുത്തിക്കൊല്ലും!” എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കീസ് സഹോദരൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “എങ്കിൽ ഞാൻ കുറേക്കൂടെ നേരത്തെ വീട്ടിൽ പോകും.” ഒരു അഭിഷിക്ത ക്രിസ്ത്യാനിയെന്ന നിലയിൽ തന്റെ സ്വർഗീയ പ്രത്യാശയെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
കീസ് സഹോദരനെ പട്ടാളക്കാർ തീവണ്ടിയുടെ അടുത്തേക്കു പിന്തുടർന്നു. ഡെബ്രിസെനിലുള്ള സഭയിൽ 1931 ജൂൺ 20-ന് അദ്ദേഹം എത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നത്, എന്നാൽ അദ്ദേഹം ഒരിക്കലും എത്തിച്ചേർന്നില്ല. ശത്രുക്കൾ അദ്ദേഹത്തെ കൊന്നുകളഞ്ഞുവെന്നും അദ്ദേഹം വാസ്തവമായും സ്വർഗീയ പ്രതിഫലമായ ‘വീട്ടിൽ പോയി’ എന്നും സഹോദരങ്ങൾ അനുമാനിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം നിർത്തലാക്കിയെങ്കിലും സത്യത്തിന്റെ പ്രകാശം കെടുത്താൻ അധികാരികൾക്ക് ഒരിക്കലും കഴിഞ്ഞില്ല.
സാക്ഷ്യം കൊടുക്കാൻ മിക്കപ്പോഴും സാമർഥ്യം ഉപയോഗിച്ചിരുന്നു. ദൃഷ്ടാന്തത്തിന്, 1930-കളുടെ മധ്യത്തിൽ ടിസൊക്കോറാഡിൽ ഒരു സഹോദരൻ മരിച്ചു. അധികാരികളുടെ അനുവാദത്തോടെ മാത്രമേ അന്നു ശവസംസ്കാരം നടത്തുവാൻ കഴിഞ്ഞിരുന്നുള്ളു. പ്രാർഥനക്കും പാട്ടിനും വേണ്ടി ഓരോ മിനിററുവീതം സഹോദരങ്ങൾക്ക് അനുവദിച്ചുകൊടുത്തു. തോക്കുകളും ബയണററുകളുമായി ശവസംസ്കാരസ്ഥലത്തേക്കു വന്ന ആയുധധാരികളായ പൊലീസുകാരായിരുന്നു ഇതു നടപ്പിലാക്കേണ്ടിയിരുന്നത്. ശവസംസ്കാരം എങ്ങനെ നടക്കും എന്ന ജിജ്ഞാസയിൽ പട്ടണനിവാസികളിൽ അനേകർ വന്നുചേർന്നു.
ഒരു സഹോദരൻ ശവപ്പെട്ടിക്കു സമീപം നിന്നുകൊണ്ട്, ഇപ്രകാരം ഒരു പ്രാർഥന ഒരിക്കലും കേട്ടിട്ടില്ല എന്ന് ആളുകൾ പറയാൻ ഇടയാകത്തക്കവണ്ണം അര മണിക്കൂർനേരം പ്രാർഥിച്ചു. “ആറു പുരോഹിതൻമാർ ശവസംസ്കാരം നടത്തിയാൽപ്പോലും ഇത്രയും ഹൃദയസ്പൃക്കാകുകയില്ലായിരുന്നു” എന്ന് അവർ പറഞ്ഞു. നല്ല ശബ്ദമുള്ള ഒരു സഹോദരൻ ഗീതം പാടുന്നതിനു നേതൃത്വം വഹിക്കാൻ ആരംഭിച്ചു, പക്ഷേ അദ്ദേഹത്തോടു നിശബ്ദനായിരിക്കാൻ ഒരു ആയുധധാരി ആജ്ഞാപിച്ചു. അവർക്ക് അസഹ്യമായി തോന്നിയിരുന്നുവെങ്കിലും പ്രാർഥനയെ തടസ്സപ്പെടുത്താൻ കഴിഞ്ഞില്ല എന്നു പിന്നീടു പൊലീസ് ഏററുപറഞ്ഞു.
ആക്രമണം തുടർന്നുകൊണ്ടിരുന്നപ്പോൾ റിഫോംഡ് ചർച്ചിലെ ഒരു പുരോഹിതൻ ററിസാ നദീതീരത്തുള്ള എതിർക്രിസ്തു (Antichrist by the River Tisza) എന്ന തന്റെ 1935-ലെ ലഘുപുസ്തകത്തിൽ ഇങ്ങനെ എഴുതി: “മതത്തിന്റെ പേരിൽ ആളുകളെ ബോൾഷേവിക്വാദംകൊണ്ടു മാനസികമായി പോഷിപ്പിക്കുന്നത് ഒരു വിദഗ്ദ്ധ ആശയമായിരുന്നു . . . മാർക്സ് ക്രിസ്തുവിന്റെ രൂപം എടുത്തു . . . എതിർക്രിസ്തു തന്റെ ചെങ്കുപ്പായമണിഞ്ഞ് യഹോവയുടെ സാക്ഷികളോടൊത്ത് ഇവിടെ ഉണ്ടായിരുന്നു.”
വർഷങ്ങളോളം നിരോധനത്തിൻകീഴിൽ
യഹോവയുടെ സാക്ഷികളുടെ വേല 1939-ൽ സമൂലം നിരോധിച്ചു. “മതത്തിനും സമുദായത്തിനും എതിരായുള്ള” ഒരു പ്രവർത്തനമെന്ന് അതിനെ മുദ്രയടിച്ചു. അഡ്വെൻറിസ്ററുകാരും ബാപ്ററിസ്ററുകാരും ഇവാൻജലിക്കൽകാരും പ്രെസ്ബിറേററിയൻകാരും യഹോവയുടെ സാക്ഷികൾക്കെതിരായി ലഘുലേഖകൾ അച്ചടിച്ചിറക്കി. എന്നാൽ യഹോവ തന്റെ ദാസൻമാരെ കൈവിട്ടില്ല, മററു ദേശങ്ങളിലെ സാക്ഷികൾ അവരെ പരിപാലിച്ചു. അതിനുംപുറമേ ഹംഗറിയിൽ യഹോവയുടെ ജനത്തിനു വിശ്വാസത്തെ ബലപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടായി.
ദൃഷ്ടാന്തത്തിന്, ചെക്കോസ്ലോവാക്യയിൽനിന്ന് ഒരു സഹോദരൻ നമ്മുടെ മാസികകളുടെ ഒരു കെട്ടു കൊണ്ടുവന്നപ്പോൾ കസ്ററംസിലെ ഉദ്യോഗസ്ഥൻ ചോദിച്ചു: “നിങ്ങളുടെ പൊതിക്കെട്ടിൽ എന്താണ്?” സഹോദരൻ സത്യസന്ധതയോടെ മറുപടി പറഞ്ഞു: “വീക്ഷാഗോപുരം.” തത്സമയം സഹോദരൻ ചിത്തഭ്രമം പിടിപെട്ടവനാണെന്നു തോന്നിക്കുന്നമട്ടിൽ ആ ഉദ്യോഗസ്ഥൻ കൈകൊണ്ട് ആംഗ്യം കാട്ടി സഹോദരനെ പോകാൻ അനുവദിച്ചു. അങ്ങനെ ആത്മീയാഹാരം സുരക്ഷിതമായി ഹംഗറിയിലെത്തി.
എങ്കിലും പീഡനം നിലച്ചില്ല. കൂടുതൽ കൂടുതൽ സഹോദരങ്ങളെ അറസ്ററുചെയ്യുകയും വ്യത്യസ്ത കാലയളവുകളിലേക്കു തടവുകാരാക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികൾക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിരണ്ടിൽ പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടിച്ചേർത്തു ലായങ്ങളിലും ശൂന്യമായിക്കിടന്ന യഹൂദ സ്കൂളുകളിലും ആക്കി. രണ്ടുമാസത്തെ ദണ്ഡനത്തിനുശേഷം അവരെ വിചാരണചെയ്യുകയും കുററവാളികളെന്നു വിധിക്കുകയും ചെയ്തു. ചിലരെ ജീവപര്യന്തം തടവിനു വിധിച്ചു; മററുചിലർ 2മുതൽ 15വരെ വർഷം തടവുശിക്ഷ സ്വീകരിക്കേണ്ടിവന്നു. ഡാനിഷ് ഫാലുവാഗീ, ആൻഡ്രാഷ് ബാർററാ, യാനോഷ് കോൺറാഡ് എന്നിങ്ങനെ മൂന്നു സഹോദരങ്ങളെ തൂക്കിക്കൊല്ലുന്നതിനു വിധിച്ചെങ്കിലും പിന്നീടു ശിക്ഷ ജീവപര്യന്തം തടവാക്കി മാററി. പിന്നീട് 160 സഹോദരങ്ങളെ ബോറിലുള്ള മരണ ക്യാമ്പിലേക്കു കൊണ്ടുപോയി. അവർ ഒരിക്കലും ജീവനോടെ തിരിച്ചെത്തുകയില്ല എന്ന് അതിർത്തി കടന്നശേഷം അവരോടു പറഞ്ഞു. ഈ ക്യാമ്പിലേക്കു കൊണ്ടുപോയ 6,000 യഹൂദൻമാരിൽ 83 പേർ മാത്രം ജീവനോടെ അവശേഷിച്ചു. എന്നാൽ, നാലു പേർ ഒഴികെ എല്ലാ സാക്ഷികളും തിരിച്ചെത്തി.
യഹോവയുടെ സാക്ഷികളിൽ ചിലർ രക്തസാക്ഷികളായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ നാസികൾ നിരവധി സഹോദരങ്ങളെ കൊന്നുകളഞ്ഞു. ബാർത്തെലാൻ സാബോ, ജാനോസ് സ്സോൻഡോർ, ആൻറൽ ഹോണിഷ് എന്നിവരെ വെടിവെച്ചു കൊല്ലുകയും ലാജോസ് ഡെലിയെ തൂക്കിക്കൊല്ലുകയും ചെയ്തു.—മത്തായി 24:9.
അനുകൂലമായ ഒരു മാററം താത്കാലികം മാത്രമാകുന്നു
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാഹചര്യം വീണ്ടും മാറി. ഒരു കൂട്ടുകക്ഷി ഗവൺമെൻറ് മനുഷ്യാവകാശങ്ങൾ വാഗ്ദാനം ചെയ്തു. ക്യാമ്പുകളിൽനിന്നു തിരിച്ചെത്തിയ സഹോദരങ്ങൾ പെട്ടെന്നു പ്രസംഗിക്കാനും സഭകൾ സംഘടിപ്പിക്കാനും തുടങ്ങി. തങ്ങൾക്കു ഭൗതിക സ്വത്തുക്കൾ കുന്നുകൂട്ടാൻ ശ്രമിക്കുന്നതിനല്ല യഹോവയുടെ നാമത്തെ സ്തുതിക്കുന്നതിനാണ് അവിടുന്നു സ്വാതന്ത്ര്യം നൽകിയതെന്ന് അവർക്കുതോന്നി. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തഞ്ചിന്റെ അവസാനത്തോടെ പ്രവർത്തനനിരതരായ 590 രാജ്യപ്രഘോഷകർ അവിടെയുണ്ടായിരുന്നു. വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസായി ഉപയോഗിക്കുന്നതിന് ഒരു ഗ്രാമീണബംഗ്ലാവ് 1947-ൽ വിലയ്ക്കു വാങ്ങി, ആദ്യത്തെ കൺവെൻഷൻ ഒരു സ്പോർട്സ് ഹാളിൽ നടത്തുകയും ചെയ്തു. ഹാജർ 1,200 ആയിരുന്നു തന്നെയുമല്ല, കൺവെൻഷനിൽ പങ്കെടുക്കാനായി യാത്രചെയ്യുന്നവർക്കു ഹംഗേറിയൻ സംസ്ഥാന റെയിൽവേ 50 ശതമാനം ഇളവു കൊടുത്തു.
എന്നിരുന്നാലും, സ്വാതന്ത്ര്യം അധികനാൾ നിലനിന്നില്ല. താമസിയാതെ കമ്മ്യൂണിസ്ററ് പാർട്ടി അധികാരത്തിലേക്കുവന്നു, ഭരണമാററവും നടന്നു. യഹോവയുടെ ജനത്തിന്റെ വർധനവ് പുതിയ ഗവൺമെൻറിന്റെ ശ്രദ്ധയിൽപ്പെട്ടു, കാരണം 1947-ലെ 1,253 പ്രസാധകരിൽനിന്ന് 1950-ൽ 2,307 ആയി അവർ വളർന്നിരുന്നു. ആ വർഷം ഗവൺമെൻറ് അധികാരികൾ പ്രസംഗവേലയ്ക്ക് മാർഗതടസ്സം സൃഷ്ടിച്ചു തുടങ്ങി. പ്രസംഗിക്കാനുള്ള അനുവാദം ആവശ്യമായിരുന്നു, എന്നാൽ അതു നൽകുന്നതിനു ഗവൺമെൻറ് വിസമ്മതിച്ചു. അനുവാദത്തിന് അപേക്ഷിച്ചവരെ ദേശീയഗാർഡുകൾ പ്രഹരിച്ചു. വർത്തമാനപത്രങ്ങളിലെ ലേഖനങ്ങൾ സാക്ഷികളെ “സാമ്രാജ്യവാദികളുടെ ഏജൻറുമാർ” എന്നപേരിൽ നിരന്തരം അപലപിച്ചു. രസകരമെന്നുപറയട്ടെ, കമ്മ്യൂണിസ്ററ് അധികാരത്തിലേക്കു വരുന്നതിനുമുമ്പ് സാക്ഷികളെ ‘കമ്മ്യൂണിസ്ററ് യഹൂദ കിങ്കരൻമാർ’ എന്നു കുററം വിധിച്ചുകൊണ്ട് തടങ്കൽപാളയങ്ങളിലേക്ക് അയച്ചിരുന്നു.
ഭീഷണി ആരംഭിക്കുന്നു
ബ്രാഞ്ച് മേൽവിചാരകനെയും പരിഭാഷകനെയും (നേരത്തെ മരണത്തിനു വിധിച്ചിരുന്നവരിൽ രണ്ടുപേർ) 1950 നവംബർ 13-ന് ആദ്യത്തെ സർക്കിട്ട് മേൽവിചാരകനോടൊപ്പം അറസ്ററുചെയ്തു. അവരെ ബുഡാപെസ്ററിലുള്ള 60 ആൻഡ്രസി തെരുവിലെ കുപ്രസിദ്ധ ഭൂഗർഭ ജയിലിലേക്ക് “മയപ്പെടുത്തുന്നതിനു”വേണ്ടി കൊണ്ടുപോയി. അടുത്തവർഷം ഫെബ്രുവരി 2-ന് അവരെ വിചാരണചെയ്തു. ബ്രാഞ്ച് മേൽവിചാരകനെ പത്തുവർഷത്തേക്കും പരിഭാഷകനെ ഒൻപതു വർഷത്തേക്കും സർക്കിട്ട് മേൽവിചാരകനെ എട്ടുവർഷത്തേക്കും തടവിനു വിധിച്ചു. അവരുടെ മൂന്നുപേരുടെയും ഭൂസ്വത്ത് കണ്ടുകെട്ടി. ഗവൺമെൻറിനെ മറിച്ചിടാൻ ശ്രമിക്കുന്നുവെന്ന കുററമാരോപിച്ചു വിചാരണസമയത്തു വേറെ നാലു സഭാമേൽവിചാരകൻമാർക്കും അഞ്ചുമുതൽ ആറുവരെ വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
കത്തുകളോ പായ്ക്കററുകളോ സന്ദർശകരെയോ സ്വീകരിക്കാൻ പററാത്ത, കർശനമായ സുരക്ഷാസംവിധാനമുള്ള ജയിലിലാണ് സഹോദരങ്ങളെ ഇട്ടിരുന്നത്. അവരുടെ കുടുംബങ്ങൾക്ക് അവരെപ്പററി ഒരു വാർത്തയും കിട്ടുന്നില്ലായിരുന്നു. പാറാവുകാർ അവരുടെ പേർപോലും പറയാൻ പാടില്ലായിരുന്നു. തിരിച്ചറിയുന്നതിനു നമ്പരോടുകൂടിയ ഒരു പലകമുറി ഓരോരുത്തരുടെയും കഴുത്തിൽ തൂക്കിയിട്ടിരുന്നു. “ജയിൽപുള്ളികളെ വെറുതെ സൂക്ഷിച്ചാൽ മാത്രം പോരാ; അവരെ വെറുക്കുക” എന്നു വായിക്കപ്പെടുന്ന ഒരു സൈൻബോർഡുപോലും ഭിത്തിയിൽ തറച്ചിരുന്നു.
സാക്ഷികൾ ഒളിവിൽപോയി, പക്ഷേ പ്രസംഗവേല നിലച്ചില്ല. ജയിലിലടച്ച സാക്ഷികളുടെ സ്ഥാനത്തു മററു സാക്ഷികൾ തുടർന്നു. കാലക്രമത്തിൽ പകരം വന്നവരും അറസ്ററ് ചെയ്യപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തമ്പത്തിമൂന്ന് ആയപ്പോഴേക്കും 500-ൽ അധികം സഹോദരങ്ങളെ കുററം വിധിച്ചു ജയിലിലടച്ചു, എന്നാൽ സുവാർത്തയെ ചങ്ങലകൊണ്ടു ബന്ധിക്കാൻ കഴിഞ്ഞില്ല. ചുരുക്കം ചില സഹോദരങ്ങൾ മാത്രം പാറാവുകാരുടെ വശീകരിക്കുന്ന വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും അനുരഞ്ജനം ചെയ്യുകയും ചെയ്തു.
ശോഭനമായ പ്രതീക്ഷകൾ
ജനങ്ങൾ 1956-ന്റെ ശരത്കാലത്ത് ഗവൺമെൻറിനെതിരെ ലഹള തുടങ്ങി. സോവിയററ് സേന വിപ്ലവത്തെ അടിച്ചമർത്തുകയും കമ്മ്യൂണിസ്ററ് പാർട്ടി അധികാരം വീണ്ടെടുക്കുകയും ചെയ്തു.
തടവിലാക്കപ്പെട്ട എല്ലാ സാക്ഷികളെയും സ്വതന്ത്രരാക്കിയിരുന്നു. എന്നാൽ, പുതിയ ആളുകളെ കുററംവിധിച്ചില്ലെങ്കിലും ചുരുക്കം ചില പ്രസിദ്ധ സഹോദരങ്ങളെ തങ്ങളുടെ ശിക്ഷാവിധി തുടരുന്നതിനുവേണ്ടി ജയിലിലേക്കു തിരികെ അയച്ചു. അവസാനം 1964-ൽ സാഹചര്യം മെച്ചമാകാൻ തുടങ്ങി. ശവസംസ്കാരങ്ങളും വിവാഹസദ്യകളും തടസ്സപ്പെടുത്തുന്നതിന് അധികാരികൾ മേലാൽ ഒന്നും ചെയ്തില്ല. സർക്കിട്ട് അസംബ്ലികൾ വനങ്ങളിൽ നടത്തി. ഇവയിൽ ചിലതിനൊക്കെ തടസ്സം നേരിട്ടെങ്കിലും വേറെ ഒരു സാക്ഷിയെയും ജയിലിൽ അയച്ചില്ല.
നേതൃത്വം വഹിച്ചിരുന്ന സഹോദരങ്ങളെ 1978-ൽ വിയന്നയിലെ കൺവെൻഷനിൽ ഹാജരാകുവാൻ അനുവദിച്ചു. യഹോവയുടെ സാക്ഷികൾക്കു നിയമപരമായ അംഗീകാരം നൽകാമെന്ന് ആ വർഷവും അധികാരികൾ വാഗ്ദാനം ചെയ്തുവെങ്കിലും അതു യഥാർഥത്തിൽ സംഭവിക്കുന്നതിനു പത്തുവർഷംകൂടെ എടുത്തു. കാമറാ വനത്തിലെ യൂത്ത് പാർക്കിൽ 1986-ൽ അധികാരികളുടെ അറിവോടെ ആദ്യത്തെ ഡിസ്ട്രിക്ററ് കൺവെൻഷൻ നടന്നു. ഇതു യഹോവയുടെ സാക്ഷികളുടെ “ദിവ്യ സമാധാന” ഡിസ്ട്രിക്ററ് കൺവെൻഷനാണെന്നു പ്രസ്താവിക്കുന്ന ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നു. അടുത്ത വർഷം “യഹോവയിൽ ആശ്രയ” കൺവെൻഷൻ നടന്നു, കൂടാതെ 1988-ൽ സഹോദരങ്ങൾ “ദിവ്യ നീതി” കൺവെൻഷനും ആസ്വദിച്ചു.
അവസാനം സ്വതന്ത്രർ!
ആയിരത്തിത്തൊള്ളായിരത്തെൺപത്തൊൻപത് ജൂൺ 27 ഒരു വിശിഷ്ടമായ ദിവസമായിരുന്നു, കാരണം അന്നാണു ഹംഗറിയിൽ യഹോവയുടെ സാക്ഷികളുടെ മതപരമായ സ്ഥാപനത്തിന് ഔദ്യോഗികമായ അംഗീകാരം അനുവദിക്കുന്ന പ്രമാണങ്ങൾ സഹോദരങ്ങൾക്കു ലഭിച്ചത്. ബുഡാപെസ്ററിലെ ഗംഭീരമായ സ്പോർട്സ് ഹാൾ ജൂലൈയിൽ “ദൈവിക ഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരായ 9,477 പേർക്ക് ഇരിപ്പിടം കൊടുത്തു. അതേ ഹാൾ 1990-ൽ “നിർമ്മല ഭാഷ” ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടിയും ഉപയോഗിച്ചു, ഹംഗറിയിൽ വേറെ മൂന്നു വലിയ പട്ടണങ്ങളിലും കൺവെൻഷനുകൾ നടത്തപ്പെട്ടു.
നിരോധനം പാടേ നീക്കം ചെയ്തതോടെ ആദ്യത്തെ സാർവദേശീയ കൺവെൻഷൻ ക്രമീകരിക്കുക സാധ്യമായി. മോശമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടുപോലും ബുഡാപെസ്ററിലെ നാപ്ഷ്ററാഡിയനിൽ അതു നടത്തപ്പെട്ടു, അവിടെ 40,601 പേർ സാഹോദരസ്നേഹത്തിന്റെ ഊഷ്മളത ആസ്വദിക്കുന്നതിനു കൂടിവന്നു. ഭരണസംഘത്തിലെ അംഗങ്ങൾ പങ്കെടുത്ത് അവരുടെ പ്രസംഗങ്ങളാൽ സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തി, മുഴുവർണ ചിത്രങ്ങളുള്ള പുതിയ പുസ്തകങ്ങളും ലഘുപത്രികകളും ഈ കൺവെൻഷനിൽ പ്രകാശനം ചെയ്തു.
ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്
ഇപ്പോൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഹംഗേറിയൻ പതിപ്പുകൾ അവയുടെ ഇംഗ്ലീഷ് പതിപ്പുകൾക്കൊപ്പം ഏകകാലികമായി മനോഹരമായ അതേ ബാഹ്യരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിൽ ഹംഗേറിയൻ ഭാഷയിൽ ഇയർബുക്ക് പ്രസിദ്ധീകരിക്കാൻ തുടങ്ങി. പ്രസാധകരുടെ എണ്ണം 1971-ലെ 6,352-ൽ നിന്ന് 1993 ജനുവരിയിൽ 13,136 ആയി കുതിച്ചുയർന്നു.
ഇന്ന്, ഹംഗറിയിലെ യഹോവയുടെ സാക്ഷികൾ മതസ്വാതന്ത്ര്യം ആസ്വദിക്കുകയും വീടുതോറും സ്വതന്ത്രമായി പ്രസംഗിക്കുകയും ചെയ്യുന്നു. അവിടെ ഇപ്പോൾ 205 സഭകളുണ്ട്, 1992 ഏപ്രിൽ 17-ന് 27,844 പേർ സ്മാരകത്തിനു ഹാജരായി. വേണ്ടത്ര രാജ്യഹാളുകൾ ലഭ്യമാകുന്നതുവരെ സഭകൾ സ്കൂളുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ശൂന്യമായിക്കിടക്കുന്ന സേനാഗൃഹങ്ങളിലും മാത്രമല്ല കമ്മ്യൂണിസ്ററ് പാർട്ടിയുടെ ഒഴിഞ്ഞുകിടക്കുന്ന ഓഫീസുകളിൽപ്പോലും കൂടിവരുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടുവരെ പത്തു സഭകൾ തങ്ങളുടെ സ്വന്തം രാജ്യഹാളുകൾ സമർപ്പിച്ചിരിക്കുന്നു, മററു ഹാളുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ മാററങ്ങളിലും വിപ്ലവങ്ങളിലും സഹോദരങ്ങൾ വിശ്വസ്തതയോടെ യഹോവയാം ദൈവത്തിന്റെയും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്റെയും പക്ഷത്തു നിലകൊള്ളുകയും പ്രസംഗവേലയിൽ തുടരുകയും ചെയ്തിരിക്കുന്നു. ആ കാലങ്ങളിലെ കൊടുങ്കാററുകൾ അവരെ നശിപ്പിച്ചില്ല, കാരണം യഹോവ ഹംഗറിയിലുള്ള തന്റെ ജനത്തെ സംരക്ഷിച്ചിരിക്കുന്നു.—സദൃശവാക്യങ്ങൾ 18:10.
[9-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക]
വിയന്ന
ആസ്ട്രിയ
ബുഡാപെസ്ററ്
ദെബ്രീൻ
ഹംഗറി
റൊമാനിയ
[10-ാം പേജിലെ ചിത്രം]
യഹോവയുടെ ജനം ബുഡാപെസ്ററിൽ സമ്മേളിച്ചു