റൊമാനിയയിൽ—യഹോവ സമയങ്ങളും കാലങ്ങളും മാററുന്നു
മാററത്തിന്റെ കാററ് 1989-ൽ പൂർവയൂറോപ്പിലുടനീളം വീശിയടിച്ചു. മാസങ്ങൾക്കുള്ളിൽ, ഒരിക്കൽ അജയ്യമായ കോട്ടകൾപോലെ നിലനിന്നിരുന്ന ഗവൺമെൻറുകൾ ഒന്നിനുപിറകെ ഒന്നായി തകർന്നുവീണു. രാഷ്ട്രീയ പരിവർത്തനത്തോടൊപ്പം സാമുദായികവും സാമ്പത്തികവും, യഹോവയുടെ സാക്ഷികൾക്കു വലിയ താത്പര്യമുള്ള മതപരവുമായ മാററങ്ങൾ സംഭവിച്ചു. രാജ്യംതോറും യഹോവയുടെ സാക്ഷികൾക്ക് ഔദ്യോഗിക അംഗീകാരം നൽകപ്പെട്ടു, തങ്ങളുടെ മതപരമായ പ്രവർത്തനം നടത്തുവാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകിട്ടുകയും ചെയ്തു.
എന്നാൽ റൊമാനിയയിൽ സംഗതികൾ വ്യത്യസ്തമായിരിക്കുമെന്നു തോന്നിച്ചു. ഗവൺമെൻറിനു ജനങ്ങളുടെമേലുള്ള കർശനമായ നിയന്ത്രണം നിമിത്തം മാററത്തിന്റെ കാററു യാതൊരു പ്രഭാവവും വരുത്തുകയില്ലെന്നു തോന്നിച്ചു. മററു പൂർവയൂറോപ്യൻ നാടുകളിൽ നടക്കുന്നതെന്താണെന്ന് അവിടെയുള്ള യഹോവയുടെ സാക്ഷികൾ കേട്ടപ്പോൾ അവർ തങ്ങളോടുതന്നെ ചോദിച്ചു, ‘അർമഗെദ്ദോനുമുമ്പ് എന്നെങ്കിലും നമുക്ക് ആരാധനാസ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുമോ?’ തങ്ങളുടെ ആത്മീയ സഹോദരീസഹോദരൻമാരോടൊപ്പം ക്രിസ്തീയ യോഗങ്ങൾക്കായി ഒത്തുകൂടുന്നതിനും സുവാർത്ത പരസ്യമായി പ്രസംഗിക്കുന്നതിനും എല്ലാസമയത്തും മറച്ചുവെക്കേണ്ട ആവശ്യമില്ലാതെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരസ്യമായി പഠിക്കുന്നതിനും വേണ്ടി അവരുടെ ഹൃദയം കൊതിച്ചു. അതെല്ലാം വെറും ഒരു സ്വപ്നംപോലെ തോന്നിച്ചു.
പിന്നീട് ആ സ്വപ്നം യാഥാർഥ്യമായി! അതു സംഭവിച്ചത് 1989 ഡിസംബറിലാണ്. എല്ലാവരെയും ആശ്ചര്യപ്പെടുത്തുമാറ് ചെസെക്യുവിന്റെ ഭരണം പെട്ടെന്നു മറിച്ചിടപ്പെട്ടു. പെട്ടെന്ന് ആ ക്രിസ്ത്യാനികൾ ആശ്വാസം കണ്ടെത്തി. റൊമാനിയയിൽ 1990 ഏപ്രിൽ 9-നു യഹോവയുടെ സാക്ഷികൾ ഒരു മതസ്ഥാപനമായി നിയമപരമായി അംഗീകരിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന 17,000 സജീവ സാക്ഷികൾക്കുവേണ്ടി യഹോവ സമയങ്ങളും കാലങ്ങളും മാററിയിരുന്നു.—ദാനീയേൽ 2:21 താരതമ്യപ്പെടുത്തുക.
ഒരു നീണ്ട ചരിത്രം
കരോൾ സാബോയും ജോസിഫ് കിസും, 1911-ൽ ഐക്യനാടുകളിൽനിന്നു തിരിച്ചുവന്നു, അവിടെവച്ച് അവർ ബൈബിൾസത്യം പഠിക്കുകയും തങ്ങളുടെ ജീവൻ യഹോവയുടെ ഹിതം ചെയ്യുന്നതിനുവേണ്ടി സമർപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നാട്ടുകാരുമായി സുവാർത്ത പങ്കിടുന്നതിന് അവർ ആഗ്രഹിച്ചു. റൊമാനിയയിൽ എത്തിയ ഉടനെതന്നെ പ്രസംഗം ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർ ചെയ്തുകൊണ്ടിരുന്ന ഈ വേലനിമിത്തം അവരെ അറസ്ററുചെയ്തു. എങ്കിലും അവർ പാകിയ രാജ്യവിത്തുകൾ ഫലം ഉത്പാദിപ്പിക്കാൻ തുടങ്ങി. വേല 1920-ൽ പുനസംഘടിപ്പിച്ചപ്പോൾ റൊമാനിയയിൽ ഏതാണ്ട് 1,800 രാജ്യ പ്രസാധകരുണ്ടായിരുന്നു.
അതിനോടകം ബാൾക്കൻക്കാരിൽ ജ്വലിച്ചുനിന്ന വിപ്ലവ മനോഭാവം റൊമാനിയയിൽ കൂടുതൽ കൂടുതൽ അനുഭവപ്പെടുകയും പ്രക്ഷുബ്ധത പടർന്നുപിടിക്കുകയും ചെയ്തു. പ്രയാസകരമായ അവസ്ഥകൾ കൂട്ടാക്കാതെ നമ്മുടെ സഹോദരങ്ങൾ വേല തുടർന്നു. റൊമാനിയ, ഹംഗറി, ബൾഗേറിയ, യൂഗോസ്ലാവിയ, അൽബേനിയ എന്നിവിടങ്ങളിലെ വേലക്കു മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി വാച്ച് ടവർ സൊസൈററി, 1924-ൽ ക്ലജ്-നപ്പോക്കയിലെ 26 റെജിന മരിയ തെരുവിൽ ഒരു ഓഫീസ് തുറന്നു.
എങ്കിലും രാഷ്ട്രീയാവസ്ഥ വളരെ പ്രക്ഷുബ്ധമായി, തന്നെയുമല്ല അധികാരികളിൽനിന്നുള്ള ബുദ്ധിമുട്ടുകൾക്കു പുറമേ സ്ഥാപനത്തിനുള്ളിൽത്തന്നെ കുഴപ്പമുണ്ടായിരുന്നു. ഇയർ ബുക്ക് 1930 റിപ്പോർട്ടു ചെയ്യുന്നു: “സൊസൈററി അവിടേക്ക് അയച്ച ഒരാളുടെ അവിശ്വസ്തതനിമിത്തം സ്നേഹിതർ ചിതറിപ്പോകുന്നതിനും അവരുടെ ആത്മവിശ്വാസം ശക്തമായി ഇളകുന്നതിനും ഇടയായി. ആ രാജ്യത്തു വീണ്ടും വേല ഏർപ്പെടുത്തുന്നതിനു സൊസൈററി ഏതെങ്കിലും അവസരം നോക്കിപ്പാർത്തിരിക്കുകയായിരുന്നു, എന്നാൽ പ്രാദേശിക അധികാരികൾ സർവവും വിലക്കുന്നു, കർത്താവ് കൂടുതൽ അനുകൂലമായ ഒരു മാർഗം തുറക്കുന്നതുവരെ നാം കാത്തിരിക്കേണ്ടതുണ്ട്.” പിന്നീട് 1930-ൽ റൊമാനിയക്കാരനും 1922-ൽ സ്നാപനമേററവനുമായ മാർട്ടിൻ മാഗ്യാരോസി എന്ന സഹോദരനെ പുതിയ ബ്രാഞ്ച് ദാസനായി നിയമിക്കുകയും ഓഫീസ് ബുക്കാറെസ്ററിലുള്ള 33 ക്രിസാന തെരുവിലേക്കു മാററുകയും ചെയ്തു. നീണ്ട യത്നത്തിനുശേഷം ഒടുവിൽ 1933-ൽ സൊസൈററി ഒരു നിയമപരമായ കോർപ്പറേഷനായി രജിസ്ററർ ചെയ്യപ്പെട്ടു.
പ്രയാസങ്ങൾ തുടർന്നു
റൊമാനിയയിലെ സാക്ഷികളുടെമേൽ കഠിനമായ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇയർ ബുക്ക് 1936 റിപ്പോർട്ടുചെയ്യുന്നു: “സംശയലേശമെന്യേ, റൊമാനിയയിലേതിനെക്കാൾ കൂടിയ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടു ഭൂമിയുടെ വേറൊരുഭാഗത്തും സഹോദരങ്ങൾ പ്രവർത്തിക്കുന്നില്ല.” ഇപ്രകാരമുള്ള പ്രതികൂലാവസ്ഥയിൽപ്പോലും 856 പ്രസാധകരോടുകൂടി 75 സഭകൾ റൊമാനിയയിൽ ഉണ്ടായിരുന്നതായി 1937-ലെ സേവന റിപ്പോർട്ടു സൂചിപ്പിച്ചു. സസ്മാരകത്തിന് 2,608 പേർ ഹാജരായിരുന്നു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ അതു റൊമാനിയയെ ബാധിക്കാതിരുന്നില്ല. ജനറൽ യോൺ അന്റൊനെസ്ക്യൂ 1940 സെപ്ററംബറിൽ ഗവൺമെൻറിൽ അധികാരം പിടിച്ചെടുക്കുകയും ഹിററ്ലറിന്റേതിനു സമാനമായ ഭരണം തുടങ്ങുകയും ചെയ്തു. ഭീകരകൃത്യങ്ങൾ പതിവായിരുന്നു. നമ്മുടെ നൂറുകണക്കിനു സഹോദരങ്ങളെ അറസ്ററു ചെയ്യുകയും മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മാഗ്യാരോസി സഹോദരനെ 1942 സെപ്ററംബറിൽ അറസ്ററുചെയ്തുവെങ്കിലും ജയിലിൽക്കിടന്നുകൊണ്ടു ട്രാൻസിൽവാനിയയിലെ വേല ഏകോപിപ്പിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു.
ഹിററ്ലറുടെ സൈന്യം 1944-ൽ രാജ്യത്തിലുടനീളം പാഞ്ഞുകയറിയപ്പോൾ പീഡനം തുടർന്നു. ബുക്കാറെസ്ററിൽനിന്നുള്ള ഒരു റിപ്പോർട്ട്, നാസി ഭരണത്തിൻകീഴിലെ അവസ്ഥ ഇപ്രകാരം വിവരിച്ചു: “ഈ രാജ്യത്തെ യഹോവയുടെ സാക്ഷികൾ ഭയങ്കരമായി പീഡിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്ററുകളെക്കാൾ വഷളരെന്നു ഹിററ്ലറിന്റെ വൈദികരാൽ കുററംചുമത്തപ്പെട്ടു കമ്മ്യൂണിസ്ററുകളോടുകൂടെ തടവിലാക്കപ്പെട്ട ഞങ്ങളിൽ അനേകർ ഒന്നുകിൽ 25 വർഷത്തെ തടവിനോ, ജീവപര്യന്തം തടവുശിക്ഷക്കോ അല്ലെങ്കിൽ മരണത്തിനോ വിധിക്കപ്പെട്ടു.”
ഒടുവിൽ യുദ്ധം അവസാനിക്കുകയും 1945 ജൂൺ 1-നു സൊസൈററിയുടെ ബുക്കാറെസ്ററിലുള്ള ഓഫീസ് അതിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. കടലാസു കിട്ടുന്നതിനു പ്രയാസമുണ്ടായിരുന്നിട്ടും അർപ്പിതരായ വേലക്കാർ 8,60,000-ലധികം ചെറുപുസ്തകങ്ങളും വീക്ഷാഗോപുരത്തിന്റെ 85,000-ത്തിൽ അധികം പ്രതികളും റൊമാനിയൻ, ഹംഗേറിയൻ ഭാഷകളിൽ അച്ചടിച്ചു. യഹോവ അവരുടെ കഠിനവേലയെ സമൃദ്ധമായി അനുഗ്രഹിച്ചു. ഏതാണ്ട് 1,630 പുതിയവർ 1946-നുള്ളിൽ സ്നാപനമേററു. ആ വർഷത്തെ വിശേഷസംഭവം ബുക്കാറെസ്ററിൽ സെപ്ററംബർ 28, 29 തീയതികളിൽ നടന്ന ദേശീയ കൺവെൻഷനായിരുന്നു. പുരോഹിതൻമാർ ഇടപെട്ട് ഈ കൺവെൻഷൻ തടയുന്നതിനു അങ്ങേയററം പരിശ്രമിച്ചു, എന്നാൽ അവർ വിജയിച്ചില്ല, 15,000 ആളുകൾ പരസ്യപ്രസംഗത്തിനു ഹാജരാകുകയും ചെയ്തു. ആദ്യമായിട്ടാണു റൊമാനിയയിലെ സഹോദരങ്ങൾക്ക് അപ്രകാരം ഒരു കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞത്.
സ്വിസ് ബ്രാഞ്ചിൽനിന്നും ആൽഫ്രഡ് റൂട്ടിമാൻ സഹോദരനെ സൊസൈററി റൊമാനിയക്ക് അയച്ചു. അദ്ദേഹത്തിന് 1947 ഓഗസ്ററിൽ 16 വ്യത്യസ്ഥ സ്ഥലങ്ങളിലായി 4,500-നുമേലെ സഹോദരങ്ങളോടു സംസാരിക്കുന്നതിനും വരാൻ പോകുന്നതിനുവേണ്ടി അവരെ കെട്ടുപണിചെയ്യുന്നതിനും കഴിഞ്ഞു. ഉടനെതന്നെ സാക്ഷികളുടെമേൽ സമ്മർദങ്ങൾ വീണ്ടും വരാൻപോകുകയായിരുന്നു, ഇത്തവണ കമ്മ്യൂണിസ്ററു ഭരണത്തിൽനിന്നും. അധികാരികൾ 1948 ഫെബ്രുവരിയിൽ നമ്മുടെ അച്ചടിയും പ്രസംഗവേലയും നിരോധിച്ചു. പിന്നീട് 1949 ഓഗസ്ററിൽ 38 ആലിയോൺ തെരുവിലുള്ള ഓഫീസ് റെയ്ഡുചെയ്തു. അനന്തരം മാഗ്യാരോസി സഹോദരനടക്കം അനേകം സഹോദരങ്ങളെ അറസ്ററു ചെയ്തു. ഇത്തവണ സാമ്രാജ്യവാദികൾ എന്നപേരിൽ പഴിചാരി അവരെ ജയിലുകളിലേക്കോ ലേബർ ക്യാമ്പുകളിലേക്കോ അയച്ചു. അടുത്ത 40 വർഷക്കാലത്തേക്കു പ്രവർത്തനം നിരോധിച്ചിരുന്നു, യഹോവയുടെ സാക്ഷികൾ വളരെ കഷ്ടപ്പെടുകയുംചെയ്തു. സ്ഥാപനത്തിനുള്ളിൽ ശത്രു ഇളക്കിവിട്ട കുഴപ്പങ്ങൾ സമ്മർദത്തിന് ആക്കംകൂട്ടി. ഒടുവിൽ 1989-ൽ ചെസെക്യുവിന്റെ ഭരണം മറിച്ചിടപ്പെട്ടു, അവർ സ്വതന്ത്രരുമായി! അവരുടെ സ്വാതന്ത്ര്യത്തെ ഇപ്പോൾ അവർ എങ്ങനെ ഉപയോഗിക്കും?
വീണ്ടും പരസ്യമായി പ്രസംഗിക്കുന്നു
സാക്ഷികൾ ഒട്ടും സമയം പാഴാക്കിയില്ല. അവർ ഉടനെതന്നെ വീടുതോറും പ്രസംഗിക്കാൻ തുടങ്ങി. എന്നാൽ, അനൗപചാരിക സാക്ഷീകരണത്താൽ രഹസ്യമായി വർഷങ്ങളോളം ധൈര്യപൂർവം വേലതുടർന്നവർക്ക് ഇത് അത്ര എളുപ്പമായിരുന്നില്ല. അവർക്കു പരസ്യമായി പ്രസംഗിക്കാൻ കഴിയുമെന്നതിൽ അവർ പരിഭ്രാന്തരായിരുന്നു. അവരിലനേകരും ഇതു മുമ്പൊരിക്കലും ചെയ്തിട്ടില്ലായിരുന്നു, തന്നെയുമല്ല, അവരിലാരെങ്കിലും അവസാനമായി വീടുതോറും പ്രസംഗിച്ചത് 1940-കളുടെ അവസാനവർഷങ്ങളിലായിരുന്നു. ഏതുതരം ഫലങ്ങളാണു അവർക്കുള്ളത്? നമുക്കു കാണാം.
തുടങ്ങുന്നതിനു യോജിച്ചസ്ഥലം, 25 ലക്ഷം നിവാസികളുള്ള തലസ്ഥാനമായ ബുക്കാറെസ്ററ് ആണ്. രണ്ടു വർഷംമുമ്പ് ആ നഗരത്തിൽ വെറും നാലു സഭകളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അവിടെ പത്തു സഭകളുണ്ട്, 2,100-ൽപ്പരം ആളുകൾ 1992-ലെ സ്മാരകാഘോഷത്തിനു ഹാജരാകുകയും ചെയ്തു. അഭിവൃദ്ധിപ്പെടുന്ന അനേകം ഭവന ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ പുതിയ ചില സഭകൾ ഉടനെ രൂപംകൊണ്ടേക്കാം.
ഏതാണ്ട് 3,00,000 നിവാസികളോടുകൂടിയ ക്രെയോവ, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു നഗരമാണ്. ഈ മുഴു പട്ടണത്തിലുമായി 1990വരെ ഏതാണ്ട് 80 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടു പയനിയർ ആത്മാവു പ്രചരിക്കുകയും വേല തിരയടിച്ചുയരുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ടിൽ മാത്രം 74 ആളുകൾ സ്നാപനമേററു, 150-ൽപ്പരം ബൈബിൾ അധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവർ 200-ലധികം പ്രസാധകരുമായി ഒരു രാജ്യഹാളിന് അനുയോജ്യമായ സ്ഥലം തിരയുകയാണ്.
ററിർഗു-മൂറസിൽ സാക്ഷിയായ ഒരു സഹോദരിയും രണ്ടു സഹോദരൻമാരും പള്ളിയിലെ നാമാവലിയിൽനിന്നും സഹോദരിയുടെ പേര് നീക്കംചെയ്യുന്നതിനുവേണ്ടി ഓർത്തഡോക്സ് പാതിരിയുടെ അടുക്കൽപോയി. സന്ദർശനത്തിന്റെ ഉദ്ദേശ്യമറിഞ്ഞ പാതിരി അവരെ അകത്തേക്കു ക്ഷണിക്കുകയും അവർ ഒരു നല്ല ചർച്ച നടത്തുകയും ചെയ്തു. പിന്നീടു പാതിരി പറഞ്ഞു: “എനിക്കു നിങ്ങളോട് അസൂയതോന്നുന്നു പക്ഷേ മോശമായ രീതിയിലല്ല. നിങ്ങൾ ചെയ്യുന്ന വേല ഞങ്ങൾ ചെയ്യേണ്ടതാണ്. ഓർത്തഡോക്സ് സഭ ഒരു ഉറങ്ങുന്ന ഭീമനാണെന്നുള്ളതു വളരെ മോശമാണ്”! അദ്ദേഹം നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയും വീക്ഷാഗോപുരത്തിന്റെ ഒരു പ്രതിയും സ്വീകരിച്ചു. താൻ മേലാൽ ആ “ഉറങ്ങുന്ന ഭീമന്റെ” ഭാഗമല്ലാത്തതിനാൽ ഈ സഹോദരി സന്തുഷ്ടയാണ്.—വെളിപ്പാടു 18:4.
ഇന്നു സത്യം പഠിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നുള്ളതു പ്രധാനമാണ്. എന്തുകൊണ്ട്? സ്പഷ്ടമായും അവർ ഗവൺമെൻറിൽ വന്ന വ്യതിയാനത്തിൽനിന്നും വളരെയധികം പ്രതീക്ഷിച്ചിരുന്നു, എന്നാൽ അവർക്ക് അബദ്ധധാരണ മാറേറണ്ടിവന്നു. യഹോവയുടെ രാജ്യത്തിനുമാത്രമേ നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു നിലനിൽക്കുന്ന പരിഹാരം കൊണ്ടുവരുവാൻ കഴിയുകയുള്ളുവെന്നറിയുന്നതിൽ അവർ സന്തുഷ്ടരാണ്.—സങ്കീർത്തനം 146:3-5.
ചെറിയസ്ഥലങ്ങളിൽ വലിയകാര്യങ്ങൾ നടക്കുന്നു
വടക്കൻ റൊമാനിയയിലെ ഒരു ചെറിയ ഗ്രാമമാണ് ഒക്കോളിഷ്. യുദ്ധത്തടവുകാരനായി പിടിച്ചുകൊണ്ടുപോകപ്പെട്ട പിൻറാ മോയിസ എന്നു പേരുള്ള ഒരാൾ 1920-ൽ റഷ്യൻ മുന്നണിയിൽനിന്നു തിരിച്ചെത്തി. അദ്ദേഹം ഒരിക്കൽ കത്തോലിക്കനായിരുന്നുവെങ്കിലും തിരിച്ചെത്തുന്നതിനുമുമ്പ് ഒരു ബാപ്ററിസ്ററ് ആയിത്തീർന്നിരുന്നു. മൂന്നാഴ്ചക്കുശേഷം ബൈബിൾ വിദ്യാർഥികൾ, യഹോവയുടെ സാക്ഷികൾ അപ്രകാരമാണ് അന്ന് അറിയപ്പെട്ടിരുന്നത്, അദ്ദേഹത്തെ സന്ദർശിച്ചു. ആ സന്ദർശനത്തിനുശേഷം അദ്ദേഹം പ്രഖ്യാപിച്ചു: “ഇപ്പോൾ ഞാൻ ദൈവത്തെപ്പററിയുള്ള സത്യം കണ്ടെത്തിയിരിക്കുന്നു!” ഒക്കോളിഷിൽ 1924 ആയപ്പോഴേക്കും 35 പേരുടെ ഒരു കൂട്ടം ഉണ്ടായിരുന്നു.
ഇന്ന് അവിടെ പ്രാദേശിക ജനസംഖ്യയായ 473-ൽ, 170 രാജ്യ പ്രസാധകരുണ്ട്. ഓരോ പ്രസാധകനും പ്രസംഗപ്രദേശമായി ഏതാണ്ടു രണ്ടു വീടുകൾ നിയമിച്ചുകൊടുത്തിരിക്കുന്നു, അവർ ചുററുമുള്ള ഗ്രാമങ്ങളിലും പ്രവർത്തിക്കുന്നു. എന്നിട്ടും അവർ ശുഭാപ്തിവിശ്വാസമുള്ളവരാണ്. അവർ ഈയിടെ 400 പേർക്കിരിക്കാവുന്ന ഒരു മനോഹരമായ രാജ്യഹാൾ പണിതു. എല്ലാ വേലയും സ്ഥലത്തെ സാക്ഷികൾത്തന്നെയാണു ചെയ്തത്.
സഹോദരൻമാരായ സാബൊയും കിസും 1914-ൽ താമസമുറപ്പിച്ചതു വല്യാ ലാർഗയിലാണ്. അവിടത്തെ 3,700 നിവാസികൾക്കിടയിൽ 1991-ൽ എട്ടു സഭകളും 582 രാജ്യപ്രസാധകരും ഉണ്ടായിരുന്നു. അവിടെ 1992-ലെ സസ്മാരകത്തിന് 1,082-പേർ സന്നിഹിതരായിരുന്നു—ഈ താഴ്വരയിലെ ഏതാണ്ട് ഓരോ 3 വ്യക്തികളിലും ഒരാൾ.
പ്രത്യേകപയനിയർമാർ വഴിയൊരുക്കുന്നു
ഉൾപ്രദേശങ്ങളിലെ ആളുകൾക്കു സുവാർത്ത എത്തിച്ചുകൊടുക്കുന്നതിൽ പ്രത്യേക പയനിയർമാർ ഒരു വലിയ പങ്കുവഹിക്കുന്നു. പ്രസംഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയ ഉടനെതന്നെ യോനൽ ആൽബാൻ രണ്ടു നഗരങ്ങളിൽ, ഓരോ ആഴ്ചയിലും ഒർസോവയിൽ രണ്ടുദിവസവും തുർനു-സേവറിനിൽ അഞ്ചുദിവസവും വീതം പ്രവർത്തിക്കാൻ തുടങ്ങി.
യോനൽ ഒർസോവയിൽ എത്തിയപ്പോൾ അവിടെ ഒരു സാക്ഷിയും ഇല്ലായിരുന്നു. ആദ്യത്തെ ആഴ്ചയിൽ അദ്ദേഹം 14 വയസ്സുള്ള ഒരു പയ്യനുമായി ബൈബിളധ്യയനം തുടങ്ങി. ഒരു സുഹൃത്തും ഒരു അയൽക്കാരനും ബൈബിൾ പഠിക്കാൻ തക്കവണ്ണം രണ്ടു മാസത്തിനുള്ളിൽ ഈ യുവാവ് പല മാററങ്ങൾ വരുത്തി. ഒരു കത്തോലിക്കനായിരുന്ന അയൽക്കാരൻ, റോലൻഡ് വിസ്മയാവഹമായ പുരോഗതി വരുത്തി. വെറും ഒന്നരമാസത്തിനുള്ളിൽ അദ്ദേഹം പ്രസംഗവേലയിൽ യോനലിനെ അനുഗമിക്കുകയും അഞ്ചുമാസത്തിനുള്ളിൽ സ്നാപനമേൽക്കുകയും ചെയ്തു. അദ്ദേഹം ഉടനെതന്നെ മുഴുസമയ സേവനത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ അമ്മയും പഠിക്കാൻ തുടങ്ങി, 1992-ലെ “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സ്നാപനമേൽക്കുകയും ചെയ്തു. ഇപ്പോൾ ഒർസോവയിൽ പത്തു പ്രസാധകരുണ്ട്, അവർ 30 ബൈബിളധ്യയനം നടത്തുന്നു.
തുർനു-സേവറിനിൽ സത്യം സ്വീകരിച്ച ആദ്യത്തെ വ്യക്തി യോനൽ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്ററ് ആയിരുന്നു. രണ്ടു മാസത്തിനുശേഷം അദ്ദേഹം സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായിത്തീരുകയും മൂന്നു മാസത്തിനുള്ളിൽ സ്നാപനമേൽക്കുകയും ചെയ്തു. ഇപ്പോൾ അവിടെ മൊത്തം 84 ഭവന ബൈബിളധ്യയനം നടത്തുന്ന 32 പ്രസാധകരിൽ ഒരാളാണ് അദ്ദേഹം.
മറെറാരു പ്രത്യേക പയനിയറായ ഗാബ്രീലാ ജാക്കാ നമ്മുടെ പ്രവർത്തനം നിരോധനത്തിലായിരുന്നപ്പോൾപ്പോലും നിരന്തരപയനിയറായി സേവിച്ചിരുന്നു. ആവശ്യം കൂടുതലുള്ളിടത്തു പ്രവർത്തിക്കാനായിരുന്നു അവരുടെ ആഗ്രഹം. ഒരു വലിയ സേവനപ്രദേശം അവർക്കു നിയമിച്ചുകൊടുത്തു. താത്പര്യമുള്ള ആളുകളെ സന്ദർശിക്കുന്നതിനായി ചിലപ്പോഴെല്ലാം അവർ 100 കിലോമീററർമുതൽ 160 കിലോമീററർവരെ യാത്രചെയ്തു. അവർ പ്രവർത്തിച്ച ഒരു നഗരം നാലു സാക്ഷികൾ മാത്രമുള്ള മോർട്ടുവായിരുന്നു. “മോർട്ടുവിലെ വർധിച്ച പ്രവർത്തനത്താൽ പാതിരിമാരും മററു മതവിഭാഗങ്ങളും ഞങ്ങളെ എതിർക്കാൻ തുടങ്ങി” എന്ന് അവർ പറയുന്നു. “എനിക്കു താമസസൗകര്യം തന്ന വീട്ടുകാരുടെമേൽ സമ്മർദം ചെലുത്തുന്നതിന് അവർ മേയറെയും പൊലീസിനെയും സ്വാധീനിച്ചു. അവർ എന്നെ പുറത്താക്കി, അതുകൊണ്ട് ഒന്നിടവിട്ടുള്ള മാസങ്ങളിൽ എനിക്കു താമസസ്ഥലം തേടേണ്ടിവന്നു.”
മതത്തിലോ ബൈബിളിലോ താത്പര്യമില്ല എന്നു പറഞ്ഞ ഒരു നിരീശ്വരവാദിയുമായി ഒർസോവയിൽ ഗാബ്രീല അധ്യയനം തുടങ്ങി. എന്നാൽ വെറും നാലു മാസത്തെ പഠനശേഷം ഈ സ്ത്രീ ബൈബിളിനുവേണ്ടി പ്രതിവാദം നടത്താൻ തുടങ്ങി. അവരുടെ ഭർത്താവ് അവർക്കു രാത്രിയിൽ വീട്ടിൽ പ്രവേശനം നിരോധിക്കുകയും, വിവാഹമോചനം നടത്തുമെന്നും കൊന്നുകളയുകപോലും ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും അവർ തന്റെ നിർമലത കാത്തുകൊണ്ടു. സ്നാപനമേൽക്കുന്നതിനു മുമ്പുപോലും അവർ പത്തു ബൈബിളധ്യയം നടത്തി.
മുന്നിൽ അത്ഭുതകരമായ പ്രതീക്ഷകൾ
റൊമാനിയ, 1992 ഓഗസ്ററിൽ, 286 സഭകളിലായി 24,752 പ്രസാധകരുടെ ഒരു അത്യുച്ചത്തിൽ എത്തി. സ്മാരകഹാജർ 66,000-ലധികം ആയിരുന്നു. ബുക്കാറെസ്ററിലുള്ള ചെറിയ ബ്രാഞ്ച് ഓഫീസിൽ 17 ജോലിക്കാർ തങ്ങളുടെ സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേററുന്നതിനുവേണ്ടി കഴിവിന്റെ പരമാവധി ചെയ്യുകയാണ്. ഒരു വലിയ ബ്രാഞ്ചിന്റെ പണി ഉടനെ ആരംഭിക്കുന്നതിലേക്ക് അവർ നോക്കിപ്പാർത്തിരിക്കുന്നു.
റൊമാനിയയിലുള്ള യഹോവയുടെ സാക്ഷികൾക്കു ത്വരിതഗതിയിലുള്ള മാററങ്ങളിൽ വിസ്മയപ്പെടാതിരിക്കാൻ കഴിയുന്നില്ല. യഹോവയുടെ നാമം വഹിക്കുന്നതും ആളുകളെ തന്നെക്കുറിച്ചും തന്റെ മാററമില്ലാത്ത ഉദ്ദേശ്യങ്ങളെക്കുറിച്ചും സൂക്ഷ്മപരിജ്ഞാനത്തിലേക്കു നയിക്കുന്നതും ആയ സാർവദേശീയ സഭയുടെ ഭാഗവുമായിരിക്കുന്നതിൽ അവർ യഹോവയോടു നന്ദിയുള്ളവരാണ്. അനേകം വർഷത്തെ കഷ്ടപ്പാടിനും പീഡനത്തിനും ശേഷം വാസ്തവമായും റൊമാനിയയിലെ സമയങ്ങളും കാലങ്ങളും മാററിയതിൽ അവർ യഹോവയോട് എത്ര നന്ദിയുള്ളവരാണ്!
[23-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ഹംഗറി
റൊമാനിയ
ബുക്കാറെസ്ററ്
ക്ലജ്-നപ്പോക്ക
ക്രെയോവ
ററിർഗു-മൂറസ്
ഒർസോവ
തുർനു-സേവറിൻ
മോർട്ടു
തുർഡാ
ബൾഗേറിയ
[24, 25 പേജുകളിലെ ചിത്രങ്ങൾ]
1.ഏകദേശം 700 സാക്ഷികൾ 1947-ൽ വനത്തിൽ കൂടിവന്നു
2. ഒരു പരസ്യ പ്രസംഗത്തിനുവേണ്ടിയുള്ള നോട്ടീസ് 1946-ൽ
3. അൽബാ യൂളിയയിൽ 1992-ലെ സമ്മേളനം
4. ഇന്ന് ക്ലജ്-നപ്പോക്കയിലെ സാക്ഷീകരണം
5. തുർഡായ്ക്ക് അടുത്തുള്ള രാജ്യഹാൾ
6. ബുക്കാറെസ്ററിലെ ബെഥേൽ കുടുംബം