സൃഷ്ടി പറയുന്നു, “അവർക്ക് ഒഴികഴിവില്ല”
“അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു [ഒഴികഴിവില്ല, NW] തന്നേ.”—റോമർ 1:20.
1, 2. (എ) ഇയ്യോബ് യഹോവയോടു പറഞ്ഞ പരുഷമായ പരാതി എന്തായിരുന്നു? (ബി) ഇയ്യോബ് പിന്നീട് എന്ത് പിൻമാററം നടത്തി?
ദൈവത്തോട് അഖണ്ഡമായ നിർമലത പാലിച്ചിരുന്ന ഇയ്യോബ് എന്നു പേരുള്ള പുരാതനകാലത്തെ ഒരു മനുഷ്യൻ സാത്താന്റെ ഭയാനകമായ പരീക്ഷണത്തിനു വിധേയനായി. ഇയ്യോബിന്റെ മുഴു ഭൗതിക സമ്പത്തുക്കളും നഷ്ടപ്പെടുന്നതിനും പുത്രൻമാരും പുത്രിമാരും മരിക്കുന്നതിനും അദ്ദേഹത്തിനു ബീഭത്സമായ രോഗം ബാധിക്കുന്നതിനും സാത്താൻ ഇടയാക്കി. ദൈവമാണ് ഈ വിപത്തുകൾ തന്റെമേൽ വരുത്തുന്നത് എന്നു വിചാരിച്ചുകൊണ്ട് ഇയ്യോബ് യഹോവയോടു പരുഷമായി പരാതിപറഞ്ഞു: “പീഡിപ്പിക്കുന്നതു . . . നിനക്കു യോഗ്യമോ? . . . നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്വാനും . . . ? ഞാൻ കുററക്കാരനല്ല എന്നു നീ അറിയുന്നു.”—ഇയ്യോബ് 1:12-19; 2:5-8; 10:3, 5-7.
2 കുറച്ചു കാലത്തിനുശേഷം ദൈവത്തോടുള്ള ഇയ്യോബിന്റെ വാക്കുകളിൽ ഒരു പൂർണമായ മാററം പ്രതിഫലിച്ചു: “എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോബ് 42:3, 5, 6) ഇയ്യോബിന്റെ മനോഭാവം മാററാൻ തക്കവണ്ണം എന്താണു സംഭവിച്ചത്?
3. ഇയ്യോബ് സൃഷ്ടിയെപ്പററിയുള്ള എന്തു പുതിയ വീക്ഷണഗതി നേടിയെടുത്തു?
3 ഇതിനിടയിൽ യഹോവ ഇയ്യോബിനെ ചുഴലിക്കാററിൽ നിന്ന് അഭിമുഖീകരിച്ചിരുന്നു. (ഇയ്യോബ് 38:1) അവിടുന്ന് ഇയ്യോബിനുനേരെ ചോദ്യശരങ്ങൾ എയ്തു. ‘ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ച് അതിന്റെ അലകൾക്ക് അതിരുവെച്ചവൻ ആർ? മേഘങ്ങൾ ഭൂമിയുടെമേൽ മഴപെയ്യിക്കേണ്ടതിനു നിനക്കിടവരുത്താമോ? നിനക്കു പുല്ലുമുളപ്പിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ?’ ഇയ്യോബിന്റെ പുസ്തകം 38മുതൽ 41വരെയുള്ള അധ്യായങ്ങളിലുടനീളം യഹോവ ഇയ്യോബിനോട് ഇത്തരം ചോദ്യങ്ങളും അവിടുത്തെ സൃഷ്ടിയെ സംബന്ധിച്ച മററനേകം ചോദ്യങ്ങളും ചോദിച്ചു. ഇയ്യോബ് മനുഷ്യനും ദൈവത്തിനും ഇടയ്ക്കുള്ള അതിമഹത്തായ അന്തരം കാണാൻ അവിടുന്ന് ഇടയാക്കി, ഇയ്യോബിന്റെ ശക്തിക്കതീതമായ, ദൈവത്തിന്റെ സൃഷ്ടിയിൽ പ്രതിഫലിച്ചിരിക്കുന്ന ജ്ഞാനവും ശക്തിയും നിർവഹിക്കുന്നതിനോ ഗ്രഹിക്കുന്നതിനോപോലും നിർബന്ധപൂർവം ഇയ്യോബിനെ അനുസ്മരിപ്പിച്ചുകൊണ്ടുതന്നെ. സർവശക്തനായ ദൈവത്തിന്റെ സൃഷ്ടികളിൽക്കൂടി വെളിപ്പെടുത്തിയിരിക്കുന്ന അവിടുത്തെ ഭയാവഹമായ ശക്തിയിലും അവിശ്വസനീയമായ ജ്ഞാനത്തിലും ഇയ്യോബ് പരവശനായി, യഹോവയോടു തർക്കിക്കുവാൻ സാഹസം കാണിച്ചതിൽ ചകിതനായിത്തീർന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞു “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.”—ഇയ്യോബ് 42:5.
4. യഹോവയുടെ സൃഷ്ടികളിൽനിന്നു നാം എന്തു ഗ്രഹിക്കേണ്ടതുണ്ട്, അതു മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നവരുടെ അവസ്ഥ എന്താണ്?
4 അനേകം നൂററാണ്ടുകൾക്കുശേഷം ഒരു നിശ്വസ്ത ബൈബിൾ എഴുത്തുകാരൻ യഹോവയുടെ ഗുണങ്ങൾ അവിടുത്തെ സൃഷ്ടികളിലൂടെ കാണാമെന്നു സ്ഥിരീകരിച്ചു. അപ്പോസ്തലനായ പൗലോസ് റോമർ 1:19, 20-ൽ എഴുതി: “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നെ.”
5. (എ) ജൻമസിദ്ധമായ എന്ത് ആവശ്യമാണു മനുഷ്യർക്കുള്ളത്, ചിലർ അതു തെററായി നിറവേററിയിരിക്കുന്നതെങ്ങനെ? (ബി) അഥേനയിലെ യവനരോട് അപ്പോസ്തലനായ പൗലോസിന്റെ ശുപാർശ എന്തായിരുന്നു?
5 ഒരു ഉന്നതശക്തിയെ ആരാധിക്കുന്നതിനുള്ള ജൻമസിദ്ധമായ ആവശ്യത്തോടെയാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ദി അൺഡിസ്ക്കവേർഡ് സെൽഫ് എന്ന പുസ്തകത്തിൽ ഡോ. കെ. ജി. ജങ്ങ് ഈ ആവശ്യത്തെ “കേവലം മനുഷ്യർക്കുള്ള സഹജമനോഭാവമായും അതിന്റെ പ്രകടനങ്ങൾ മനുഷ്യചരിത്രത്തിലുടനീളം കാണാൻകഴിയുന്ന” ഒന്നായും പരാമർശിച്ചു. അപ്പോസ്തലനായ പൗലോസ് ആരാധിക്കുവാനുള്ള മമനുഷ്യന്റെ ജൻമസിദ്ധമായ പ്രചോദനത്തെപ്പററി പറഞ്ഞു, അത് അഥേനയിലുള്ള യവനർ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം ദൈവങ്ങളുടെ വിഗ്രഹങ്ങളും ബലിപീഠങ്ങളും ഉണ്ടാക്കിയത് എന്തുകൊണ്ടാണെന്നു വിശദമാക്കി. പൗലോസ് അവർക്കു സത്യദൈവത്തെ വെളിപ്പെടുത്തിക്കൊടുക്കുകയും സത്യദൈവമായ യഹോവയെ അന്വേഷിച്ചുകൊണ്ട് അവർ ഈ നൈസർഗികമായ പ്രചോദനത്തെ ശരിയായ വിധം തൃപ്തിപ്പെടുത്തണമെന്നു തെളിയിച്ചുകൊടുക്കുകയും ചെയ്തു, “ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിന്നുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.” (പ്രവൃത്തികൾ 17:22-30) അവിടുത്തെ സൃഷ്ടിയോടു നാം എത്ര അടുക്കുന്നുവോ അത്രയും അടുത്ത് അവിടുത്തെ ഗുണങ്ങളും സവിശേഷതകളും നാം തിരിച്ചറിയുന്നു.
വിസ്മയജനകമായ ജലപരിവൃത്തി
6. ജലപരിവൃത്തിയിൽ നാം യഹോവയുടെ എന്തു ഗുണങ്ങൾ കാണുന്നു?
6 മാർദവമുള്ള മേഘങ്ങളുടെ ടൺകണക്കിനു വെള്ളം വഹിക്കുന്നതിനുള്ള കഴിവിൽനിന്നും ദൈവത്തിന്റെ എന്തു ഗുണമാണു നാം ഗ്രഹിച്ചറിയുന്നത്? ഭൂമിയുടെ അനുഗ്രഹത്തിനായി അപ്രകാരം മഴപെയ്യിക്കുന്നതിനാൽ നാം അവിടുത്തെ സ്നേഹവും ജ്ഞാനവും കാണുന്നു. അവിടുന്ന് ഇതു ചെയ്യുന്നത് സഭാപ്രസംഗി 1:7-ൽ പറഞ്ഞിരിക്കുന്ന ജലപരിവൃത്തിയിൽ അടങ്ങിയിരിക്കുന്ന അത്ഭുതകരമായ രൂപകല്പന മുഖാന്തരമാണ്: “സകല നദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” ഇയ്യോബ് എന്ന ബൈബിൾ പുസ്തകം ഇത് എപ്രകാരം സംഭവിക്കുന്നുവെന്നകാര്യത്തിൽ വളരെ സ്പഷ്ടമാണ്.
7. വെള്ളം സമുദ്രത്തിൽനിന്നും മേഘങ്ങളിലേക്ക് എത്തുന്നതെങ്ങനെ, മാർദവമുള്ള മേഘങ്ങൾ ടൺകണക്കിനു വെള്ളത്തെ പിടിച്ചുനിർത്തുന്നതെങ്ങനെ?
7 ശരത്കാല നദികൾ കടലിലേക്ക് ഒഴുകിവീഴുമ്പോൾ അവ അവിടെത്തന്നെ തങ്ങുന്നില്ല. യഹോവ “കടലിൽനിന്നും നീർത്തുള്ളികളെ ആകർഷിക്കുകയും താൻ നിർമിച്ച ബാഷ്പകണങ്ങളിൽനിന്നും തുള്ളിതുള്ളിയായി മഴപെയ്യിക്കുകയും ചെയ്യുന്നു.” എന്തുകൊണ്ടെന്നാൽ വെള്ളം നീരാവിയുടെ രൂപത്തിൽ ആണ്, ഒടുവിൽ ഒരു നേർത്ത ബാഷ്പപടലവും, “മേഘങ്ങൾ തലക്കുമീതെ തൂങ്ങിക്കിടക്കുന്നു, അവന്റെ തികഞ്ഞ വൈദഗ്ദ്ധ്യത്തിന്റെ ഒരു അത്ഭുതവേലതന്നെ.” (ഇയ്യോബ് 36:27; 37:16; ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) മേഘങ്ങൾ ബാഷ്പകണമായിരിക്കുന്നിടത്തോളംകാലം വായുവിൽ പൊങ്ങിക്കിടക്കുന്നു: “അവൻ വെള്ളത്തെ തന്റെ മേഘങ്ങളിൽ ബന്ധിക്കുന്നു—ബാഷ്പകണങ്ങൾ അവയുടെ ഭാരത്താൽ കീറിപ്പോകുന്നില്ല.” അല്ലെങ്കിൽ മറെറാരു ഭാഷാന്തരം പറയുന്നപ്രകാരം: “അവൻ വെള്ളത്തെ കനത്ത മേഘക്കൂട്ടങ്ങളിൽ കൂട്ടിവെക്കുന്നു, അവയുടെ ഭാരത്താൽ കാർമുകിൽ പിളർന്നുപോകുന്നില്ല.”—ഇയ്യോബ് 26:8, ജെറൂശലേം ബൈബിൾ; NE.
8. ഏന്തു വ്യത്യസ്തനടപടികളാലാണ് “ആകാശത്തിലെ തുരുത്തികൾ” ചരിക്കുകയും ജലപരിവൃത്തി പൂർത്തിയാക്കുകയും ചെയ്യുന്നത്?
8 ഭൂമിയിൽ മഴപെയ്യിക്കാൻ തക്കവണ്ണം “ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ”? (ഇയ്യോബ് 38:38) ആരുടെ “തികഞ്ഞ വൈദഗ്ദ്ധ്യം” അവയെ അവിടെ സ്ഥാപിച്ചുവോ അവൻ, “താൻ നിർമിച്ച ബാഷ്പകണങ്ങളിൽനിന്നും തുള്ളിതുള്ളിയായി മഴപെയ്യിക്കുന്ന”വൻതന്നെ. ബാഷ്പകണങ്ങളിൽനിന്നും തുള്ളിമഴപെയ്യിക്കാൻ ആവശ്യമായിരിക്കുന്നത് എന്താണ്? ചെറുതുള്ളികൾ രൂപം പ്രാപിക്കുന്നതിനു കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നതിനുവേണ്ടി പൊടിയോ ലവണ കണികകളോ പോലെ അതിസൂക്ഷ്മമായ ഖരവസ്തു ഉണ്ടായിരിക്കണം—വായുവിന്റെ ഓരോ ഘന സെൻറീമീറററിലും ആയിരങ്ങൾമുതൽ ലക്ഷങ്ങൾവരെ അടങ്ങിയിട്ടുമുണ്ട്. ഒരു സാധാരണ മഴത്തുള്ളിയുണ്ടാകാൻ പത്തുലക്ഷം അതിസൂക്ഷ്മമായ ചെറുതുള്ളി ആവശ്യമുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. ഇപ്രകാരമുള്ള എല്ലാ പ്രതിഭാസങ്ങൾക്കുംശേഷം മാത്രമാണു വെള്ളം കടലിലേക്കു തിരികെച്ചേരുന്ന ജലപ്രവാഹമാകുവാൻ തക്കവണ്ണം മേഘങ്ങൾക്കു ധാരപൊഴിക്കാൻ കഴിയുകയുള്ളു. അങ്ങനെ ജലപരിവൃത്തി തന്നെത്താൻ പൂർത്തിയാകുന്നു. ഇതെല്ലാം അന്ധമായ ആകസ്മിക സംഭവത്താലാണോ? വാസ്തവമായും “ഒഴികഴിവില്ല!”
ശലോമോന്റെ ജ്ഞാനത്തിന്റെ ഒരു ഉറവ്
9. ഒരു ഇനം ഉറുമ്പിന്റെ കാര്യത്തിൽ ശലോമോൻ എന്താണു ശ്രദ്ധേയമായി കണ്ടത്?
9 പുരാതനലോകത്തു ശലോമോന്റെ ജ്ഞാനം അതുല്യമായിരുന്നു. ആ ജ്ഞാനത്തിൽ അധികവും യഹോവയുടെ സൃഷ്ടിയെ സ്പർശിച്ചുകൊണ്ടുള്ളതായിരുന്നു: “[ശലോമോൻ] ലെബാനോനിലെ ദേവദാരുമുതൽ ചുവരിൻമേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും പ്രസ്താവിച്ചു.” (1 രാജാക്കൻമാർ 4:33) ഈ ശലോമോൻ രാജാവുതന്നെയാണ് ഉറുമ്പിനെപ്പററി: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു” എന്ന് എഴുതിയത്.—സദൃശവാക്യങ്ങൾ 6:6-8.
10. കൊയ്ത്തുകാരായ ഉറുമ്പുകളെപ്പററിയുള്ള ശലോമോന്റെ വിശദീകരണം സംസ്ഥാപിക്കപ്പെട്ടത് എങ്ങനെ?
10 ശിശിരകാലത്തെ തണുപ്പിൽ ഭക്ഷിക്കുന്നതിനുവേണ്ടി വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ ആരാണ് ഉറുമ്പിനെ പഠിപ്പിച്ചത്? ശൈത്യകാലത്തെ ഉപയോഗത്തിനായി ഈ ഉറുമ്പുകൾ ധാന്യങ്ങൾപെറുക്കി ശേഖരിച്ചുവെക്കുന്നുവെന്ന ശലോമോന്റെ വിവരണത്തിന്റെ കൃത്യത നൂററാണ്ടുകളോളം സംശയിച്ചിരുന്നു. അവയുടെ അസ്തിത്വത്തിന്റെ ഒരു തെളിവും ആരും കണ്ടുപിടിച്ചിരുന്നില്ല. എന്നാൽ 1871-ൽ ഒരു ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞൻ അവയുടെ കളപ്പുര ഭൂമിക്കടിയിൽ കണ്ടുപിടിച്ചപ്പോൾ അവയെപ്പററി ബൈബിൾ നൽകുന്ന വിവരങ്ങളുടെ കൃത്യത സംസ്ഥാപിക്കപ്പെട്ടു. ശിശിരകാലത്തെ തണുപ്പു വരാൻപോകുന്നുവെന്നു വേനൽക്കാലത്ത് അറിയാനുള്ള ദീർഘദൃഷ്ടിയും ഇക്കാര്യത്തിൽ എന്തുചെയ്യണമെന്നുള്ള ജ്ഞാനവും ഈ ഉറുമ്പുകൾ എങ്ങനെയാണ് സമ്പാദിച്ചത്? യഹോവയുടെ മിക്ക സൃഷ്ടികൾക്കും അതിജീവനത്തിനായി അവയിൽ ജ്ഞാനം സജ്ജീകരിച്ചുകൊടുത്തിട്ടുണ്ടെന്നു ബൈബിൾത്തന്നെ വിശദീകരിക്കുന്നു. തങ്ങളുടെ സൃഷ്ടികർത്താവിൽനിന്നും ഈ അനുഗ്രഹം ലഭിച്ച ഉപഭോക്താക്കളാണു കൊയ്ത്തുകാരായ ഉറുമ്പുകൾ. സദൃശ്യവാക്യങ്ങൾ 30:24-ൽ [NW] അവയെപ്പററി “അവ സഹജമായി ജ്ഞാനമുള്ളവയാകുന്നു” എന്നു പറയുന്നു. അപ്രകാരമുള്ള ജ്ഞാനം ആകസ്മികമായി സംഭവിക്കാമെന്നു പറയുന്നത് യുക്തിഹീനമാണ്; അതിന്റെ പിന്നിലുള്ള ജ്ഞാനിയായ സ്രഷ്ടാവിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതിന് ഒഴികഴിവില്ല.
11. (എ) ഭീമാകാരമായ സെക്കോയവൃക്ഷം വളരെ ഭയജനകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പ്രകാശസംശ്ലേഷണത്തിലെ ആദ്യ രാസപ്രവർത്തനത്തിൽ വളരെ വിസ്മയാവഹമായിട്ടുള്ളത് എന്ത്?
11 ഭീമാകാരമായ ഒരു സെക്കോയ വൃക്ഷത്തിന്റെ ചുവട്ടിൽ അതിന്റെ വലിപ്പത്താൽ വിസ്മയഭരിതനായ ഒരുവന് താനൊരു ചെറിയ ഉറുമ്പിന്റെ അത്രയുമേ ഉള്ളു എന്ന തോന്നൽ ഉണ്ടാകുന്നു. ആ വൃക്ഷത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്: 90 മീററർ ഉയരം, 11 മീററർ വ്യാസം, മരത്തൊലിയുടെ കട്ടി 0.6 മീററർ, മൂന്നോ നാലോ എക്കറിൽ വ്യാപിച്ചുകിടക്കുന്ന വേരുകൾ. എന്നാൽ അതിലും അമ്പരപ്പിക്കുന്നത് അവയുടെ വളർച്ചയിൽ ഉൾപ്പെട്ടിട്ടുള്ള രസതന്ത്രവും ഊർജതന്ത്രവും ആണ്. അവയുടെ ഇലകൾ പഞ്ചസാര ഉത്പാദിപ്പിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നതിനുവേണ്ടി വേരുകളിൽനിന്നു ജലവും വായുവിൽനിന്നു കാർബൺഡൈയോക്സൈഡും സൂര്യനിൽനിന്നു ഊർജവും വലിച്ചെടുക്കുന്നു—എല്ലാററിനെപ്പററിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത, ഏതാണ്ട് 70 രാസപ്രവർത്തനങ്ങൾ അടങ്ങിയ പ്രകാശസംശ്ലേഷണം എന്നറിയപ്പെടുന്ന ഒരു പ്രക്രിയയാണിത്. വിസ്മയാവഹമായി, ആദ്യത്തെ രാസപ്രവർത്തനം ആശ്രയിച്ചിരിക്കുന്നതു കൃത്യമായ നിറവും കൃത്യമായ തരംഗദൈർഘ്യവും ഉള്ള സൂര്യപ്രകാശത്തിലാണ്; അല്ലാത്തപക്ഷം പ്രകാശസംശ്ലേഷണ പ്രക്രിയ തുടങ്ങുന്നതിനായി ഹരിതക തന്മാത്രകൾ അവയെ ആഗിരണം ചെയ്യുകയില്ല.
12. (എ) സെക്കോയവൃക്ഷം വെള്ളം ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധേയമായ സംഗതി എന്താണ്? (ബി) ചെടികളുടെ വളർച്ചക്കു നൈട്രജൻ ആവശ്യമുള്ളതെന്തുകൊണ്ട്, അതിന്റെ പരിവൃത്തി എങ്ങനെ പൂർത്തീകരിക്കപ്പെടുന്നു?
12 വിസ്മയാവഹമായ മറെറാരു വസ്തുത 90 മീററർ ഉയരമുള്ള ഈ ഭീമാകാരമായ മരത്തിന്റെ അഗ്രഭാഗത്തേക്കു വേരിൽനിന്നും ജലധാര വലിച്ചെടുക്കുന്നതിനു മരത്തിനു കഴിയുമെന്നതാണ്. പ്രകാശസംശ്ലേഷണത്തിന് ആവശ്യമായതിലും വളരെയധികം ജലം മുകളിലേക്കു വലിച്ചെടുക്കപ്പെടുന്നുണ്ട്. മിച്ചം ജലം സ്വേദനത്താൽ ഇലകളിലൂടെ വായുവിലേക്കു തുറന്നുവിടുന്നു. വിയർക്കുമ്പോൾ ഏതാണ്ടു നമുക്കനുഭവപ്പെടുന്ന കുളിർമപോലെ ഇതു മരത്തിനു കുളിർമ പകരുന്നു. വളർച്ചക്കുവേണ്ടിയ പ്രോട്ടീൻ ഉണ്ടാക്കുന്നതിനു പഞ്ചസാരയോടൊ കാർബോഹൈഡ്രേററിനോടൊ നൈട്രജൻ ചേർക്കേണ്ടതാവശ്യമാണ്. വായുവിൽനിന്നെടുത്ത വാതകരൂപത്തിലുള്ള നൈട്രജൻ ഇലകൾക്ക് ഉപയോഗിക്കാൻ കഴിയുകയില്ല, എന്നാൽ മണ്ണിലുള്ള അണുജീവികൾക്കു വാതകരൂപത്തിലുള്ള നൈട്രജനെ വെള്ളത്തിൽ ലയിക്കുന്ന നൈട്രേററും നൈട്രൈററും ആയി രൂപാന്തരപ്പെടുത്തുന്നതിനു കഴിയും, അതു പിന്നീടു വേരിൽനിന്നും ഇലകളിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നു. ഈ നൈട്രജൻ തങ്ങളുടെ പ്രോട്ടീനുകളിൽ ഉപയോഗിച്ചിട്ടുള്ള സസ്യങ്ങളും മൃഗങ്ങളും ചത്തഴുകുമ്പോൾ നൈട്രജൻ പരിവൃത്തി പൂർത്തീകരിച്ചുകൊണ്ടു നൈട്രജൻ പുറത്തു പോകുന്നു. ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സങ്കീർണത അന്ധാളിപ്പിക്കുന്നതാണ്, ആകസ്മികമായി ഒരിക്കലും സംഭവിക്കാൻ കഴിയാത്ത ഒരു സംഗതിതന്നെ.
ഭാഷണമോ വാക്കുകളോ ശബ്ദമോ ഇല്ലാതെ അവ സംസാരിക്കുന്നു!
13. നക്ഷത്രനിബിഡമായ ആകാശം ദാവീദിനോട് എന്തു പ്രഖ്യാപിച്ചു, അവ നമ്മോടും എന്തു പറയുന്നതിൽ തുടരുന്നു?
13 ദർശകരെ ഭയഭക്തികൊണ്ടു നിറയ്ക്കുന്ന നക്ഷത്രനിബിഡമായ രാത്രിയിലെ ആകാശത്തിൽനിന്നു സൃഷ്ടികർത്താവിനെക്കുറിച്ച് എത്ര ഭയങ്കരമായ ആശയഗതിയാണു ലഭിക്കുന്നത്! സങ്കീർത്തനം 8:3, 4-ൽ ദാവീദിന് അനുഭവപ്പെട്ട ഭയഭക്തി അദ്ദേഹം വെളിപ്പെടുത്തി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” കാണാൻ കണ്ണുള്ളവരോടും കേൾക്കാൻ ചെവിയുള്ളവരോടും അനുഭവിക്കാൻ ഹൃദയമുള്ളവരോടും നക്ഷത്രനിബിഡമായ ആകാശം ദാവീദിനോടു സംസാരിച്ചതുപോലെതന്നെ സംസാരിക്കുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു.”—സങ്കീർത്തനം 19:1-4.
14. നക്ഷത്രങ്ങളിലൊന്നിന്റെ ഗതിക ഊർജം നമുക്കു ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 നക്ഷത്രങ്ങളെപ്പററി എത്രയും കൂടുതൽ നമ്മൾ അറിയുന്നോ അത്രയും ഉച്ചത്തിൽ അവ നമ്മോടു സംസാരിക്കുന്നു. അവയുടെ അതിബൃഹത്തായ ഊർജം കുറിക്കൊള്ളുന്നതിന് യെശയ്യാവ് 40:26 [NW] നമ്മെ ക്ഷണിക്കുന്നു: “നിങ്ങളുടെ കണ്ണുകളെ മേലോട്ടുയർത്തി നോക്കുക. ഇവയെ സൃഷ്ടിച്ചതാർ? അത് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുന്നവനും അവയെയെല്ലാം പേർ ചൊല്ലി വിളിക്കുന്നവനുമാണ്. ഗതിക ഊർജത്തിന്റെ സമൃദ്ധിനിമിത്തവും അവിടുന്നു ശക്തിയിൽ ഊർജ്വസ്വലനാകയാലും അവയിൽ ഒന്നുപോലും ഇല്ലാതെ പോകുന്നില്ല.” അവയിലൊന്നായ നമ്മുടെ സൂര്യന്റെ ഗുരുത്വാകർഷണബലവും വീര്യമഹാശക്തിയും ഭൂമിയെ അതിന്റെ ഭ്രമണപഥത്തിൽ പിടിച്ചു നിർത്തുകയും സസ്യങ്ങൾ വളരാനിടയാക്കുകയും നമുക്കു ചൂടു നൽകുകയും ചെയ്യുന്നു. അതു ഭൂമിയിൽ സകല ജീവനും നിലനിൽക്കാൻ സാധ്യമാക്കിത്തീർക്കുന്നു. നിശ്വസ്തതയിൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” (1 കൊരിന്ത്യർ 15:41) നമ്മുടെ സൂര്യനെപ്പോലെയുള്ള മഞ്ഞ നക്ഷത്രങ്ങളെയും നീല നക്ഷത്രങ്ങളെയും അരുണദീപ്തിയോടുകൂടിയ നക്ഷത്രങ്ങളെയും ശ്വേതനക്ഷത്രങ്ങളെയും ന്യൂട്രൺ നക്ഷത്രങ്ങളെയും അജ്ഞേയമായ ശക്തി പുറത്തുവിടുന്ന പൊട്ടിത്തെറിക്കുന്ന സൂപ്പർനോവകളെ (Supernovas) സംബന്ധിച്ചുമെല്ലാം ശാസ്ത്രത്തിന് അറിയാം.
15. അനേകം കണ്ടുപിടിത്തക്കാർ സൃഷ്ടിയെപ്പററി എന്തു പഠിക്കുകയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്?
15 അനേകം കണ്ടുപിടിത്തക്കാരും സൃഷ്ടിയിൽനിന്നു പഠിക്കുകയും ജീവജന്തുക്കളുടെ കഴിവുകൾ പകർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. (ഇയ്യോബ് 12:7-10) സൃഷ്ടിയുടെ ചുരുക്കംചില പ്രമുഖവശങ്ങൾ കുറിക്കൊള്ളുക. കടൽവെള്ളത്തിന്റെ ഉപ്പുനീക്കുന്ന ഗ്രന്ഥികളോടുകൂടിയ കടൽപക്ഷികൾ; വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളും ഈലുകളും; പ്രകാശം ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളും വിരകളും പ്രാണികളും; സോണാർ ഉപയോഗിക്കുന്ന വവ്വാലുകളും ഡോൾഫിനുകളും; പേപ്പറുണ്ടാക്കുന്ന കടന്നലുകൾ; പാലങ്ങൾ പണിയുന്ന ഉറുമ്പുകൾ; അണക്കെട്ടുകൾ നിർമിക്കുന്ന നീർനായ്ക്കൾ; ഉള്ളിൽനിർമിതമായ തെർമോമീറററുകളുള്ള പാമ്പുകൾ; മേൽപ്പരപ്പിൽനിന്നും ശ്വസനവായു വലിച്ചെടുക്കുന്നതിനും പുറത്തുവിടുന്നതിനും സൗകര്യമുള്ള ഉപകരണങ്ങളോടുകൂടി കുളത്തിൽജീവിക്കുന്ന പ്രാണികൾ; ജലധാരയുടെ തള്ളൽശക്തികൊണ്ടു പായുന്ന നീരാളി; ഏഴുതരത്തിലുള്ള ചിലന്തിവലകൾ നിർമ്മിക്കുകയും കെണിവാതിലും കൂടും കുരുക്കും ഉണ്ടാക്കുകയും വളരെ ഉയരത്തിൽ ആയിരക്കണക്കിനു കിലോമീററർ യാത്രചെയ്യുന്ന ബലൂൺസഞ്ചാരികളായ കുഞ്ഞുങ്ങളുള്ളവയുമായ ചിലന്തികൾ; അന്തർവാഹിനികളെപ്പോലെ പ്ലവനടാങ്കുകൾ ഉപയോഗിക്കുന്ന മത്സ്യങ്ങളും കവചജീവികളും; ദേശാന്തരഗമനത്തിന്റെ വിസ്മയാവഹമായ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന പക്ഷികളും പ്രാണികളും കടലാമകളും മത്സ്യങ്ങളും സസ്തനികളും—ശാസ്ത്രത്തിന്റെ ശക്തിക്കു വിശദീകരിക്കാൻ അതീതമായ പ്രാപ്തികൾതന്നെ.
16. ഏതു ശാസ്ത്രീയ സത്യങ്ങൾ ശാസ്ത്രം അവ കണ്ടുപിടിക്കുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു ബൈബിളിൽ രേഖപ്പെടുത്തി?
16 ശാസ്ത്രീയസത്യങ്ങളെപ്പററി ശാസ്ത്രം അറിയുന്നതിന് ആയിരക്കണക്കിനു വർഷംമുമ്പു ബൈബിൾ അവ രേഖപ്പെടുത്തുകയുണ്ടായി. പാസ്റററിന് ആയിരക്കണക്കിനു വർഷംമുമ്പ് മോശൈക ന്യായപ്രമാണം (പൊ.യു.മു. 16-ാം നൂററാണ്ട്) രോഗാണുക്കളെപ്പററി ജാഗ്രത പ്രകടിപ്പിച്ചു. (ലേവ്യപുസ്തകം 13, 14 അധ്യായങ്ങൾ) പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 17-ാം നൂററാണ്ടിൽ ഇയ്യോബ് പ്രസ്താവിച്ചു: “അവിടുന്ന് . . . ഭൂമിയെ ശൂന്യത്തിൻമേൽ തൂക്കുന്നു.” (ഇയ്യോബ് 26:7, NW) ക്രിസ്തുവിന് ഒരായിരം വർഷം മുമ്പു ശലോമോൻ രക്തചംക്രമണത്തെപ്പററി എഴുതി. വൈദ്യശാസ്ത്രത്തിന് ഇതേപ്പററി അറിയാൻ 17-ാം നൂററാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു. (സഭാപ്രസംഗി 12:16) അതിനും മുമ്പേ ജനിതകസംഹിതയുടെ ജ്ഞാനത്തെപ്പററി സങ്കീർത്തനം 139:16 പ്രകാശനം നൽകി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” ദേശാന്തരഗമനത്തെപ്പററി പ്രകൃതിശാസ്ത്രജ്ഞൻമാർ മനസ്സിലാക്കുന്നതിനുമുമ്പു പൊ.യു.മു. 7-ാം നൂററാണ്ടിൽ യിരെമ്യാവു 8:7-ൽ രേഖപ്പെടുത്തിയ പ്രകാരം “ആകാശത്തിലെ പെരുഞാറ ദേശാന്തരഗമനത്തിനുള്ള സമയം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരുവാനുള്ള കാലം അറിയുന്നു” എന്ന് യിരെമ്യാവ് എഴുതി.—NE.
പരിണാമവാദികൾ തിരഞ്ഞെടുക്കുന്ന “സ്രഷ്ടാവ്”
17. (എ) സൃഷ്ടിക്കപ്പെട്ട അത്ഭുതങ്ങളുടെ പിന്നിൽ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിനെ കാണാൻ വിസമ്മതിക്കുന്ന ചിലരെപ്പററി റോമർ 1:21-23 എന്തു പറയുന്നു? (ബി) ഒരർഥത്തിൽ പരിണാമവാദികൾ അവരുടെ “സ്രഷ്ടാവ്” ആയി തിരഞ്ഞെടുക്കുന്നത് എന്തിനെയാണ്?
17 സൃഷ്ടിയിൽ അത്ഭുതങ്ങൾക്കു പിന്നിലുള്ള ബുദ്ധിശാലിയായ ഒരു സ്രഷ്ടാവിനെക്കുറിച്ചു ഗ്രഹിക്കുവാൻ വിസമ്മതിക്കുന്ന ചിലരെപ്പററി ഒരു തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: “അവർ . . . തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാററിക്കളഞ്ഞു.” “ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാററിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു.” (റോമർ 1:21-23, 25) ഏകകോശ ജീവിയിൽനിന്ന് ഉയർന്നുവരുന്ന ഒരു സാങ്കല്പിക ശൃംഖലയെ-വിരകൾ-മത്സ്യങ്ങൾ-ഉഭയജീവികൾ-ഇഴജന്തുക്കൾ-സസ്തനികൾ-“മനുഷ്യക്കുരങ്ങുകൾ” എന്നിവയെ തങ്ങളുടെ “സ്രഷ്ടാവാ”യി ഫലത്തിൽ മഹത്വപ്പെടുത്തുന്ന പരിണാമവാദികളുടെ കാര്യത്തിലും അവ്വണ്ണം തന്നെയാണ്. എന്നിരുന്നാലും അങ്ങനെയൊരു ശൃംഖല തുടങ്ങുവാൻ യഥാർഥത്തിൽ ലളിതമായ ഒരു ഏകകോശ ജീവി ഇല്ലെന്ന് അവർക്കറിയാം. അറിയപ്പെടുന്നതിൽ ഏററവും ലളിതമായ ജീവിയിൽ ഒരേസമയം ആയിരക്കണക്കിനു രാസപ്രവർത്തനങ്ങൾ നടക്കുന്ന 10,000 കോടി പരമാണുക്കൾ അടങ്ങിയിട്ടുണ്ട്.
18, 19. (എ) ജീവനു കാരണഭൂതൻ എന്ന നിലയ്ക്ക് അർഹമായി ആർക്കാണു ബഹുമതി കൊടുക്കേണ്ടത്? (ബി) യഹോവയുടെ സൃഷ്ടിയിൽ എത്രത്തോളം നമുക്കു കാണാൻകഴിയും?
18 ജീവന്റെ സ്രഷ്ടാവ് യഹോവയാം ദൈവമാണ്. (സങ്കീർത്തനം 36:9) അവിടുന്നാണു വലിയ ആദികാരണം. യഹോവയെന്ന അവിടുത്തെ നാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. അവിടുത്തെ സൃഷ്ടികൾ നമുക്ക് എണ്ണാൻ കഴിയുന്നതിലധികമാണ്. തീർച്ചയായും മനുഷ്യർക്ക് അറിയാവുന്നതിനെക്കാൾ ലക്ഷക്കണക്കിന് അധികമാണവ. ഇതേപ്പററി സങ്കീർത്തനം 104:24, 25 സൂചിപ്പിക്കുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു.” ഇക്കാര്യത്തിൽ ഇയ്യോബ് 26:14 സുവ്യക്തമാണ്: “എന്നാൽ ഇവ അവന്റെ വഴികളുടെ അററങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?” നമ്മൾ ഏതാനും അററങ്ങൾ മാത്രമേ കാണുന്നുള്ളു, നമ്മൾ ഒരു മന്ദസ്വരമേ കേൾക്കുന്നുള്ളു, എന്നാൽ അവിടുത്തെ ശക്തമായ ഇടിമുഴക്കത്തിന്റെ മുഴുവൻ വിവക്ഷയും ഗ്രഹിക്കുക നമുക്ക് അസാധ്യമാണ്.
19 അവിടുത്തെ കാണുന്നതിനു നമുക്ക് അവിടുത്തെ ഭൗതികസൃഷ്ടികളെക്കാൾ മെച്ചമായ ഒരു സ്രോതസ്സുണ്ട്. ആ മെച്ചപ്പെട്ട സ്രോതസ്സ് അവിടുത്തെ വചനമായ ബൈബിൾ ആണ്. അടുത്ത ലേഖനത്തിൽ നാം ആ സ്രോതസ്സിലേക്കു തിരിയുന്നു.
നിങ്ങൾ ഓർക്കുന്നുണ്ടോ?
◻ യഹോവ ചുഴലിക്കാററിൽനിന്ന് ഇയ്യോബിനോടു സംസാരിച്ചപ്പോൾ അദ്ദേഹം എന്തു പഠിച്ചു?
◻ ചിലർ ഒഴികഴിവില്ലാത്തവരാണെന്നു പൗലോസ് പറഞ്ഞതെന്തുകൊണ്ട്?
◻ ജലപരിവൃത്തി നടക്കുന്നത് എപ്രകാരം?
◻ സൂര്യപ്രകാശം നമുക്കുവേണ്ടി എന്തു പ്രധാനകാര്യങ്ങൾ ചെയ്യുന്നു?
◻ ശാസ്ത്രം കണ്ടുപിടിക്കുന്നതിനുമുമ്പു ബൈബിൾ ഏതു ശാസ്ത്രീയ സത്യങ്ങൾ വെളിപ്പെടുത്തി?