ബൈബിൾ ചരിത്രം എത്ര കൃത്യതയുള്ളതാണ്?
“ഞാൻ . . . ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു,” എന്ന് ഒരു ബൈബിൾ എഴുത്തുകാരൻ തന്റെ യുവസുഹൃത്തിന് എഴുതി. (1 തിമൊഥെയൊസ് 2:7) പൗലോസിന്റെ ലേഖനങ്ങളിലുള്ള അത്തരം പ്രസ്താവനകൾ ബൈബിൾ വിമർശകർക്ക് ഒരു വെല്ലുവിളി ഉയർത്തുന്നു.a പൗലോസിന്റെ ലേഖനങ്ങൾ എഴുതിയിട്ട് 1,900-ത്തിൽപ്പരം വർഷങ്ങൾ കടന്നുപോയിരിക്കുന്നു. അത്രയും കാലത്തിനുശേഷവും ആരും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഏതെങ്കിലും ഒരാശയം കൃത്യതയില്ലാത്തതാണെന്നു വിജയകരമായി സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടില്ല.
ബൈബിൾ എഴുത്തുകാരനായ ലൂക്കോസും കൃത്യതയിലുള്ള താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഒരു വിവരണവും അതിനെതുടർന്ന് അപ്പോസ്തലൻമാരുടെ പ്രവൃത്തികൾ എന്ന പേരിലുള്ള തന്റെ വിവരണവും രേഖപ്പെടുത്തി. “ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചു” എന്നു ലൂക്കോസ് എഴുതി.—ലൂക്കൊസ് 1:4.
കൃത്യതയുടെ തെളിവുകൾ
പത്തൊമ്പതാം നൂററാണ്ടിന്റെ ആരംഭത്തിലെ ബൈബിൾ വിമർശകർ ഒരു ചരിത്രകാരൻ എന്നനിലയിലുള്ള ലൂക്കോസിന്റെ കൃത്യതയെ വെല്ലുവിളിച്ചു. കൂടാതെ അവർ പ്രവൃത്തികളിലെ ചരിത്രം പൊ.യു. (പൊതുയുഗം) രണ്ടാം നൂററാണ്ടിന്റെ മദ്ധ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞനായ സർ വില്യം മിച്ചൽ രാംസേ ഇതു വിശ്വസിച്ചയാളായിരുന്നു. എന്നാൽ ലൂക്കോസ് പരാമർശിച്ചിരിക്കുന്ന പേരുകളും സ്ഥലങ്ങളും പരിശോധിച്ചശേഷം അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “വിവിധ വിശദാംശങ്ങളിൽ വിവരണം വിസ്മയജനകമായ സത്യത പ്രകടമാക്കി എന്ന് എനിക്കു ക്രമേണ ബോധ്യമായി.”
രാംസേ മേൽപ്പറഞ്ഞത് എഴുതിയപ്പോൾ ലൂക്കോസിന്റെ കൃത്യതയെ സംബന്ധിച്ച ഒരു വിവാദപ്രശ്നം പരിഹാരമാവാതെ അവശേഷിച്ചു. അത് അന്യോന്യം ബന്ധപ്പെട്ടുകിടന്നിരുന്ന ഇക്കോന്യ, ലുസ്ത്ര, ദെർബ്ബ എന്നീ പട്ടണങ്ങളെ സംബന്ധിച്ചായിരുന്നു. ലുസ്ത്ര, ദെർബ്ബ എന്നീ പട്ടണങ്ങളെ “ലുക്കവോന്യപട്ടണങ്ങൾ” ആയി വർണ്ണിച്ചുകൊണ്ട് ഇക്കോന്യ അവയിൽനിന്നു വ്യത്യസ്തമാണെന്നു ലൂക്കോസ് സൂചിപ്പിച്ചു. (പ്രവൃത്തികൾ 14:6) എന്നിരുന്നാലും, പിൻവരുന്ന ഭൂപടം പ്രകടമാക്കുന്നതുപോലെ ലുസ്ത്ര ദെർബ്ബയെക്കാൾ ഇക്കോന്യയോട് അടുത്തായിരുന്നു. ചില പുരാതന ചരിത്രകാരൻമാർ ഇക്കോന്യയെ ലുക്കവോന്യയുടെ ഒരു ഭാഗമായി വർണിച്ചു; അതുകൊണ്ടു വിമർശകർ ലൂക്കോസും അപ്രകാരം ചെയ്യാഞ്ഞതിന് അദ്ദേഹത്തെ വെല്ലുവിളിച്ചു.
അങ്ങനെയിരിക്കെ, 1910-ൽ രാംസേ ഇക്കോന്യയുടെ ഭാഷ ലുക്കവോന്യൻ അല്ലായിരുന്നു, മറിച്ചു ഫ്രൈജിയനായിരുന്നെന്നു പ്രകടമാക്കുന്ന ഒരു സ്മാരകം ആ നഗരത്തിന്റെ ശൂന്യശിഷ്ടങ്ങളിൽ കണ്ടെത്തി. “ഇക്കോന്യയിൽനിന്നും അതിന്റെ പരിസരപ്രദേശങ്ങളിൽനിന്നും കണ്ടെടുത്ത മററു പല ആലേഖനങ്ങൾ വർഗപരമായി ആ പട്ടണത്തെ ഫ്രൈജിയൻ എന്നു വർണിക്കാവുന്നതാണെന്ന വസ്തുതയെ തെളിയിക്കുന്നു” എന്നു ഡോ. മെരിൽ അൻജർ തന്റെ പുരാവസ്തുശാസ്ത്രവും പുതിയ നിയമവും (Archaeology and the New Testament) എന്ന പുസ്തകത്തിൽ പറയുന്നു. നിശ്ചയമായും പൗലോസിന്റെ നാളിലെ ഇക്കോന്യ, സംസ്ക്കാരത്തിൽ ഫ്രൈജിയനും ജനങ്ങൾ “ലുക്കവോന്യ ഭാഷ” സംസാരിച്ചിരുന്ന “ലുക്കവോന്യ പട്ടണങ്ങ”ളിൽനിന്നു വ്യത്യസ്തവുമായിരുന്നു.—പ്രവൃത്തികൾ 14:6, 11.
തെസ്സലൊനീക്യ പട്ടണത്തിന്റെ ഭരണാധിപൻമാർക്കു “നഗരാധിപൻമാർ” (Politarchs) എന്ന വാക്കു ലൂക്കോസ് ഉപയോഗിക്കുന്നതിനെയും ബൈബിൾ വിമർശകർ ചോദ്യം ചെയ്തു. (പ്രവൃത്തികൾ 17:6, NW, അടിക്കുറിപ്പ്) യവന സാഹിത്യത്തിൽ ഈ പദപ്രയോഗം അജ്ഞാതമായിരുന്നു. അങ്ങനെയിരിക്കെ പുരാതന നഗരത്തിൽ “പോളിററാർക്സ്” എന്നു വർണിക്കപ്പെട്ട നഗര ഭരണാധിപൻമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഒരു ആർച്ചു കണ്ടെത്തി. ലൂക്കോസ് ഉപയോഗിച്ചതും കൃത്യമായും അതേ വാക്കുതന്നെ. “ലൂക്കോസിന്റെ കൃത്യത ആ പദത്തിന്റെ ഉപയോഗത്താൽ സംസ്ഥാപിക്കപ്പെട്ടിരിക്കുന്നു” എന്നു ഡബ്ലിയു. ഈ. വൈൻ അദ്ദേഹത്തിന്റെ എക്സ്പോസിറററി ഡിക്ഷനറി ഓഫ് ഓൾഡ് ആൻറ് ന്യൂ ടെസ്ററമെൻറ് വേഡ്സ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു.
ലൂക്കോസിന്റെ സമുദ്രയാത്ര
നാവിക വിദഗ്ധർ പ്രവൃത്തികൾ 27-ാം അധ്യായത്തിൽ വർണ്ണിച്ചിരിക്കുന്ന കപ്പലപകടത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ലൂക്കോസ് പറയുന്ന പ്രകാരം, അദ്ദേഹവും പൗലോസും യാത്ര ചെയ്തിരുന്ന വലിയ കപ്പൽ ക്ലൌദ എന്ന ചെറു ദ്വീപിനടുത്തുവെച്ച് ഒരു വടക്കുകിഴക്കൻ കൊടുങ്കാററിൽ അകപ്പെട്ടു. നാവികർ ആഫ്രിക്കയുടെ വടക്കെ തീരത്തിനടുത്തുള്ള അപകടംനിറഞ്ഞ മണൽത്തിട്ടയിൽ അടിച്ചുകയററപ്പെടുമെന്നു ഭയപ്പെട്ടു. (പ്രവൃത്തികൾ 27:14, 17, NW, അടിക്കുറിപ്പ്) നാവികവൈദഗ്ധ്യം ഉപയോഗിച്ച് അവർക്ക് ആഫ്രിക്കയിൽനിന്ന് അകലെ പശ്ചിമദിശയിൽ കപ്പലിന്റെ ഗതി മാററാൻ കഴിഞ്ഞു. കൊടുങ്കാററ് ശമിക്കാതെ തുടർന്നു. അവസാനം കപ്പൽ ഏതാണ്ട് 870 കിലോമീററർ ദൂരം താണ്ടി മാൾട്ടാതീരത്ത് അടുത്തു. കൊടുങ്കാററിലൂടെ സഞ്ചരിക്കുന്ന ഒരു വലിയ കപ്പലിന് അത്രയും ദൂരം പായിക്കപ്പെടുവാൻ 13 ദിവസത്തിലധികം വേണ്ടിവരുമെന്നു നാവിക വിദഗ്ധർ കണക്കാക്കുന്നു. അവരുടെ കണക്കുകൂട്ടൽ 14-ാമത്തെ ദിവസം കപ്പലപകടം ഉണ്ടായി എന്ന ലൂക്കോസിന്റെ വിവരണവുമായി യോജിക്കുന്നു. (പ്രവൃത്തികൾ 27:27, 33, 39, 41) ലൂക്കോസിന്റെ സമുദ്രയാത്രയുടെ എല്ലാ വിശദാംശങ്ങളും പരിശോധിച്ചതിനുശേഷം യാച്സ്മാൻ ജയിംസ് സ്മിത്ത് ഇങ്ങനെ ഉപസംഹരിച്ചു: “അവയിൽ വ്യക്തിപരമായി ഉൾപ്പെട്ട ഒരാൾ എഴുതിയ, യഥാർഥ സംഭവങ്ങളുടെ ഒരു വിവരണമാണത് . . . ശരിയായ നിരീക്ഷണത്തിൽനിന്നല്ലാതെ, അതിന്റെ എല്ലാഭാഗങ്ങളിലും അസാമാന്യ യോജിപ്പോടെ ഒരു സമുദ്രയാത്രാവിവരണം എഴുതാൻ നാവികനല്ലാത്ത ഒരു മനുഷ്യനു കഴിയുമായിരുന്നില്ല.”
അത്തരത്തിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ, ചില ദൈവശാസ്ത്രജ്ഞൻമാർ കൃത്യതയുള്ള ചരിത്രമെന്നനിലയിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾക്കനുകൂലമായി വാദിക്കാൻ മനസ്സൊരുക്കം കാണിക്കുന്നുണ്ട്. എന്നാൽ എബ്രായ തിരുവെഴുത്തുകളിൽ കാണുന്ന കുറേക്കൂടെ നേരത്തെയുള്ള ചരിത്രത്തെ സംബന്ധിച്ചെന്ത്? പല പുരോഹിതൻമാരും ആധുനിക തത്ത്വശാസ്ത്രത്തിനു മുമ്പിൽ മുട്ടു മടക്കിക്കൊണ്ട്, അവയിൽ കെട്ടുകഥകൾ അടങ്ങിയിരിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും, ബൈബിളിന്റെ ആദിമകാല ചരിത്രത്തിന്റെ നിരവധി വിശദാംശങ്ങൾ, വിമർശകരെ അമ്പരപ്പിച്ചുകൊണ്ട്, സത്യമെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന്, ഒരിക്കൽ വിസ്മൃതിയിലാണ്ടുപോയ അസ്സീറിയൻ സാമ്രാജ്യത്തിന്റെ കണ്ടെത്തൽ പരിചിന്തിക്കുക.
[അടിക്കുറിപ്പ്]
a റോമർ 9:1; 2 കൊരിന്ത്യർ 11:31; ഗലാത്യർ 1:20 എന്നിവകൂടെ കാണുക.
[3-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
പ്രുഗ്യ
ലുക്കവോന്യ
ഇക്കോന്യ
ലുസ്ത്ര
ദെർബ്ബ
മദ്ധ്യധരണി കടൽ
കുപ്രൊസ്