നിങ്ങൾ ഇവയിൽ ഒന്നുപോലെയാണോ?
‘ഒരു ദിവസത്തേക്കു ഒരു സിംഹമായിരിക്കുന്നത് ഒരായിരം വർഷം ഒരു കുഞ്ഞാടായിരിക്കുന്നതിനെക്കാൾ നല്ലതാണ്.’ ഒരു കാലത്ത് ഇററലിയിലെ സ്വേച്ഛാധിപതിയായിരുന്ന ബെനിറേറാ മുസ്സോളിനി പറഞ്ഞതാണ് ഈ വാക്കുകൾ എന്നു പ്രസ്താവിക്കപ്പെടുന്നു.
അനേകർ കുഞ്ഞാടുകളും ആടുകളുമായി തരംതിരിക്കപ്പെടുന്നതിനെ മുസ്സോളിനിയെപ്പോലെ എതിർക്കും. എന്നിരുന്നാലും, പുരാതന സങ്കീർത്തനക്കാരൻ-രാജാവായിരുന്ന ദാവീദ് ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ എന്റെ ഇടയനാകുന്നു. . . . സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.” (സങ്കീർത്തനം 23:1, 2) അതേ, യഹോവയാം ദൈവമാണു വലിയ ഇടയൻ, അവിടുന്നു തന്റെ ജനം നിരുപദ്രവികളായ ആടുകളായിരിക്കുന്നതുപോലെ അവർക്കു സ്നേഹപൂർവകമായ പരിചരണം കൊടുക്കുന്നു.
ദൈവജനം സങ്കീർത്തനം 95:7-ൽ ആലങ്കാരിക ആടുകളായിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു, അവിടെ നാം ഇങ്ങനെ വായിക്കുന്നു: “[യഹോവ] നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” സങ്കീർത്തനക്കാരൻ “അവൻ മേയിക്കുന്ന ആടുകളെ”ക്കുറിച്ചും “അവന്റെ കൈക്കലെ ജന”ത്തെക്കുറിച്ചും പറയാൻ ചിലർ പ്രതീക്ഷിച്ചിരിക്കാം. എന്നാൽ ഇവിടെ കാര്യങ്ങൾ നേരേ തിരിഞ്ഞിരിക്കുന്നു, അങ്ങനെ യഹോവയുടെ ജനംതന്നെ അവന്റെ ആടുകളായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. അവർ ദൈവത്തിന്റെ മേച്ചിൽസ്ഥലത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുകയും അവന്റെ സ്നേഹംനിറഞ്ഞ കൈയാൽ നടത്തപ്പെടുകയും ചെയ്യുന്നു.
യഹോവയുടെ പുത്രനായ യേശുക്രിസ്തുവാണു നല്ല ഇടയൻ. അവിടുന്നു മിക്കപ്പോഴും ആളുകളെ ആടുകളായി പരാമർശിച്ചു. ഉദാഹരണത്തിന്, യേശു “ചെറിയ ആട്ടിൻകൂട്ട”ത്തെക്കുറിച്ചും തന്റെ “വേറെ ആടുകളെ”ക്കുറിച്ചും പ്രസ്താവിച്ചു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:14-16) തന്റെ വിനീതരായ ആടുതുല്യശിഷ്യരെക്കുറിച്ചു യേശു പറഞ്ഞു: “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയും ഇല്ല.” (യോഹന്നാൻ 10:27, 28) ഉദാരനായ ഒരു ഭരണാധികാരിയുടെ കയ്യിൽ, പ്രജകൾ അവന്റെ ശക്തിയിൽനിന്നും പ്രീതിയിൽനിന്നും മാർഗ്ഗനിർദ്ദേശത്തിൽനിന്നും സംരക്ഷണത്തിൽനിന്നും പ്രയോജനമനുഭവിക്കുന്നു.—വെളിപ്പാടു 1:16, 20; 2:1.
യഥാർത്ഥത്തിൽ ആടുതുല്യരായ ആളുകളെ യേശുവിന്റെ സംരക്ഷണാത്മകമായ കയ്യിൽനിന്ന് ആർക്കും പിടിച്ചുപറിക്കാൻ കഴികയില്ല. ഇന്ന്, ഒന്നുകിൽ തന്റെ പ്രീതിയില്ലാത്ത “കോലാടുക”ളായോ അല്ലെങ്കിൽ ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിന്റെ ഭരണത്തിൻകീഴിൽ നിത്യജീവൻ ആസ്വദിക്കാനിരിക്കുന്ന “ചെമ്മരിയാടുകൾ” ആയോ അവിടുന്ന് ആളുകളെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 25:31-46) നിങ്ങൾ ആ അനുഗൃഹീത ചെമ്മരിയാടുകളിൽ ഒന്നാണെന്നു തെളിയുമോ?
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Garo Nalbandian