വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു ക്രിസ്ത്യാനിക്ക് ഒരു അനുയോജ്യ വിവാഹപങ്കാളിയെ കണ്ടെത്താൻ കഴിയാതെവരുമ്പോൾ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് എന്തു ചെയ്യാൻ കഴിയും?
അർപ്പിതരായ ക്രിസ്ത്യാനികളായിരിക്കുന്നെങ്കിലും നാം സാക്ഷാത്കരിക്കപ്പെടാത്ത എന്തിനെങ്കിലുംവേണ്ടി ആത്മാർത്ഥമായി പ്രത്യാശിക്കുമ്പോൾ നാം ദുഃഖിതരായിത്തീർന്നേക്കാം. നമ്മുടെ വികാരങ്ങൾ സദൃശവാക്യങ്ങൾ 13:12-ൽ നന്നായി പ്രകടമാക്കിയിരിക്കുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്ന് അതു പറയുന്നു. വിവാഹംചെയ്യാൻ ആഗ്രഹിച്ചിട്ട് ഒരു അനുയോജ്യപങ്കാളിയെ കണ്ടെത്താൻ കഴിയാഞ്ഞ ചില ക്രിസ്ത്യാനികൾക്ക് അനുഭവപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. അപ്പോസ്തലനായ പൗലോസ് “വികാരത്താൽ ജ്വലിക്കുന്നവർ” എന്നു വർണ്ണിച്ചവരെ സംബന്ധിച്ച് ഇതു വിശേഷാൽ അങ്ങനെതന്നെയാണ്.—1 കൊരിന്ത്യർ 7:9, NW.
വിപരീതലിംഗവർഗ്ഗത്തിൽപെട്ട ഒരാളെ ഒരു യഥാർത്ഥ അനുപൂരകമായി കണ്ടെത്താനുള്ള ആഗ്രഹം യഹോവ മനുഷ്യരിൽ വെച്ചു. അതുകൊണ്ട്, അങ്ങനെയുള്ള വികാരങ്ങൾ അനേകം അവിവാഹിതക്രിസ്ത്യാനികളിൽ ശക്തമായി അനുഭവപ്പെടുന്നത് അതിശയമല്ല. (ഉല്പത്തി 2:18) വിവാഹത്തിന് (അല്ലെങ്കിൽ ഒരു പ്രത്യേകപ്രായത്തിൽ വിവാഹം കഴിക്കുന്നതിനു) വലിയ ഊന്നൽ കൊടുക്കുന്ന സംസ്കാരങ്ങളിൽ അല്ലെങ്കിൽ അവിവാഹിതക്രിസ്ത്യാനികൾ സഭയിലെ സന്തുഷ്ടദമ്പതികളാൽ ചുററപ്പെടുമ്പോൾ ഈ സാധാരണവികാരങ്ങൾ വർദ്ധിതമായേക്കാം. എന്നിരുന്നാലും, ഒരു ദീർഘകാലം ഉത്ക്കണ്ഠ നീണ്ടുനിൽക്കാൻ അനുവദിക്കുന്നതു നന്നല്ല. അതുകൊണ്ട് അമിതമായി ഉത്ക്കണ്ഠപ്പെടാതെ ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികൾക്ക് എങ്ങനെ സാഹചര്യത്തെ കൈകാര്യംചെയ്യാൻ കഴിയും?
അത് എളുപ്പമല്ല, ഈ ഉത്ക്കണ്ഠയെ കേവലം പെരുപ്പിച്ചുകാണിക്കുന്നത് അല്ലെങ്കിൽ ഒരു നിസ്സാര അസൗകര്യം എന്നപോലെ മററുള്ളവർ കരുതരുത്. എന്നാൽ സാഹചര്യത്തെ നേരിടാനുള്ള അല്ലെങ്കിൽ അതിനു തീരുമാനമുണ്ടാക്കാനുള്ള പ്രാപ്തി വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നത് അവിവാഹിതനായ ആളിനു സ്വീകരിക്കാൻ കഴിയുന്ന നടപടികളിലാണ്.
“സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടിയുണ്ട്” എന്ന പ്രായോഗിക ബൈബിൾതത്ത്വത്തിൽ നാം ഒരു താക്കോൽ കണ്ടെത്തുന്നു. (പ്രവൃത്തികൾ 20:35, NW) അത് അവിവാഹിതമനുഷ്യനായിരുന്ന യേശുക്രിസ്തുവാണു പറഞ്ഞത്, താൻ പറയുന്നതെന്താണെന്ന് അവന് അറിയാമായിരുന്നു. ഒരു നിസ്വാർത്ഥമായ ആന്തരത്തോടെ മററുള്ളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതു നീട്ടിവെക്കപ്പെടുന്ന പ്രതീക്ഷയിൽനിന്നു സംജാതമാകുന്ന വികാരങ്ങളെ തരണംചെയ്യുന്നതിനു നമ്മിൽ ഏതൊരാളെയും സഹായിക്കുന്ന ഒരു നടപടിയാണ്. അവിവാഹിതനായ ക്രിസ്ത്യാനിയെസംബന്ധിച്ചടത്തോളം ഇതിന്റെ അർത്ഥമെന്താണ്?
നിങ്ങളുടെ സ്വന്തം കുടുംബത്തിനുവേണ്ടിയും സഭയിലെ മററുള്ളവർക്കുവേണ്ടിയും ദയാപ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കുകയും നിങ്ങളുടെ ശുശ്രൂഷാപ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുക. ഈ ബുദ്ധ്യുപദേശം ‘തിരക്കുണ്ടായിരിക്കുക, അപ്പോൾ വിവാഹംചെയ്യാനുള്ള ആഗ്രഹം നിങ്ങൾ മറക്കും’ എന്നു പറയുന്ന ഒരു രീതി മാത്രമല്ല. അല്ല. ഈ ഫലപ്രദമായ ക്രിസ്തീയ വ്യാപാരങ്ങളിൽ ഏർപ്പെടുന്നതിനാൽ നിങ്ങൾ ‘നിങ്ങളുടെ സ്വന്തം ഇച്ഛാശക്തിയുടെമേലുള്ള അധികാരത്തോടെ ഹൃദയത്തിൽ ഉറച്ചവരായി’ത്തീരുന്നതായും നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെ പ്രയോജനകരമായ വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്നതായും നിങ്ങൾ കണ്ടെത്തിയേക്കാം.—1 കൊരിന്ത്യർ 7:37, NW.
വിവാഹംചെയ്യാൻ അതിയായി ആഗ്രഹിച്ചിട്ടുള്ള ചിലർ അത് ഒരു തീക്ഷ്ണമായ ശ്രദ്ധാവിഷയമായിത്തീരാൻ അനുവദിച്ചിരിക്കുന്നു. അവർ ഇണകൾക്കുവേണ്ടി പത്രങ്ങളിൽ പരസ്യംകൊടുക്കാൻവരെ മുതിർന്നിരിക്കുന്നു. എന്നാൽ അവിവാഹിതാവസ്ഥയുടെ കാലത്തുനിന്നു ലഭിക്കാവുന്ന പ്രയോജനങ്ങളെ വിലമതിക്കുന്നതിനു കൂടുതൽ ഊന്നൽ കൊടുക്കുന്നത് എത്രയോ മെച്ചമായിരിക്കും.—ദയവായി 1988 മെയ് 1-ലെ വീക്ഷാഗോപുരത്തിലെ “അവിവാഹിതരെങ്കിലും ദൈവസേവനത്തിനുവേണ്ടി പൂർണ്ണതയുള്ളവർ,” “ഏകാകിത്വം—പ്രതിഫലദായകമായ ഒരു ജീവിതരീതി” എന്നീ ലേഖനങ്ങളും 1992 ഓഗസ്ററ് 15-ലെ വീക്ഷാഗോപുരത്തിലെ “വിവാഹം സന്തുഷ്ടിയുടെ ഏക താക്കോലാണോ?” എന്ന ലേഖനവും കാണുക.
അവിവാഹിതാവസ്ഥയിൽ പിടിച്ചുനിൽക്കുന്നതിനുള്ള സഹായത്തിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുക. (ഫിലിപ്പിയർ 4:6, 7, 13) ദൈവവചനം പഠിക്കുന്നതിനും വിചിന്തനം ചെയ്യുന്നതിനും ക്രിസ്തീയയോഗങ്ങളിൽ ഹാജരാകുന്നതിനും പങ്കുപററുന്നതിനും തങ്ങളുടെ സമയം ഉപയോഗിക്കുന്നതിനാൽ, യേശു തന്നെ അനുഗമിക്കുന്നവർക്കു വാഗ്ദത്തം ചെയ്തതുപോലെ, തങ്ങൾ കൂടുതലായി ‘ദേഹിക്കു നവോൻമേഷം’ അനുഭവിച്ചിട്ടുണ്ടെന്ന് അനേകം അവിവാഹിതക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു. (മത്തായി 11:28-30) കാലക്രമത്തിൽ ഒരു അനുയോജ്യ ഇണയെ കണ്ടെത്തുകതന്നെ ചെയ്യുന്നുവെങ്കിൽ മെച്ചപ്പെട്ട ഭർത്താക്കൻമാരോ ഭാര്യമാരോ ആയിരിക്കത്തക്കവണ്ണം ആത്മീയമായി വികാസം പ്രാപിക്കാൻ ഇതു അവരെ സഹായിച്ചിട്ടുണ്ട്.
തന്നെ സേവിക്കുന്ന സകല അവിവാഹിതരുടെയും സാഹചര്യം യഹോവക്കു മനസ്സിലാകുന്നുണ്ടെന്ന് ഒരിക്കലും മറക്കരുത്. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതാണെന്നു നിങ്ങൾ വിചാരിക്കാതിരുന്നേക്കാമെന്നു അവിടുന്ന് അറിയുന്നുണ്ട്. നിങ്ങൾക്ക് ആത്മീയമായും വൈകാരികമായും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നതെന്തെന്നും നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിനറിയാം. ക്രമത്തിൽ ഇതു നിങ്ങൾക്കു തീർച്ചയായും അറിയാൻകഴിയും: യഹോവക്കായി ക്ഷമയോടെ കാത്തിരിക്കുന്നതിനാലും അവിടത്തെ വചനത്തിലെ തത്ത്വങ്ങൾ അനുദിനജീവിതത്തിൽ ബാധകമാക്കുന്നതിനാലും നിങ്ങളുടെ നിത്യനൻമക്കായിരിക്കുന്ന ഒരു വിധത്തിൽ അവിടുന്നു നിങ്ങളുടെ അതിപ്രധാനമായ ആവശ്യങ്ങൾ നിറവേററുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 145:16 താരതമ്യപ്പെടുത്തുക.