നിങ്ങൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമോ?
മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകുമെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ ഉത്പ്രാപണം എന്നു പറയപ്പെടുന്നതിലൂടെ തങ്ങളെ സ്വർഗ്ഗത്തിലേക്ക് എടുക്കുമെന്നു ചിലർ വിചാരിക്കുന്നു. അതാണോ നിങ്ങളുടെ പ്രതീക്ഷ?
“എവിടെ പോയെന്നുള്ളതിന്റെ ഒരു ലാഞ്ഛനയുമില്ലാതെ സംഭവിക്കുന്ന കോടിക്കണക്കിനാളുകളുടെ പെട്ടെന്നുള്ള അപ്രത്യക്ഷതയാണ് ഉത്പ്രാപണം!” അങ്ങനെയാണ് ഒരു പ്രോട്ടസ്ററൻറ് സുവിശേഷകൻ പറഞ്ഞത്. സുവിശേഷപരമായ ദൈവശാസ്ത്രനിഘണ്ടു പറയുന്നതനുസരിച്ച്, “റാപ്ചർ” (ഉത്പ്രാപണം) എന്ന പദം “സഭ ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ അവനോടു ചേരുന്നതിനെ” പരാമർശിക്കുന്നു.
യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനു സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥതക്കിടയാക്കുന്നതായി ചിലർ കണ്ടെത്തുന്നു. എന്നിരുന്നാലും, ഉത്പ്രാപണം സംഭവിക്കേണ്ടതാണെന്നു ചിലർ വിശ്വസിക്കുന്നു. അതു നടക്കുമോ? നടക്കുമെങ്കിൽ എപ്പോൾ?
ഉത്പ്രാപണത്തെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങൾ
ക്രിസ്തുവിന്റെ വാഗ്ദത്ത സഹസ്രാബ്ദവാഴ്ചയുടെ തുടക്കത്തിനു മുമ്പു “മഹോപദ്രവം” എന്നറിയപ്പെടുന്ന ഒരു കാലഘട്ടമുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നു. യേശു പറഞ്ഞു: “ലോകാരംഭംമുതൽ ഇപ്പോൾവരെ സംഭവിച്ചിട്ടില്ലാത്ത, ഇല്ല, വീണ്ടും സംഭവിക്കുകയില്ലാത്ത മഹോപദ്രവം ഉണ്ടായിരിക്കും.” (മത്തായി 24:21, NW; വെളിപ്പാടു 20:6) ചിലർ മഹോപദ്രവത്തിനു മുമ്പാണ് ഉത്പ്രാപണം നടക്കുന്നതെന്നു പറയുന്നു. അത് മഹോപദ്രവസമയത്തു നടക്കാൻ ചിലർ പ്രതീക്ഷിക്കുന്നു. ഇനിയും മററു ചിലർ വിചാരിക്കുന്നത്, മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആ മഹാകഷ്ടത്തിനുശേഷം അതുണ്ടാകുമെന്നാണ്.
മഹോപദ്രവശേഷം ഉത്പ്രാപണം നടക്കുമെന്നുള്ള വീക്ഷണം 19-ാം നൂററാണ്ടിന്റെ പ്രാരംഭംവരെ പ്രമുഖമായി നിന്നിരുന്നു. അങ്ങനെയിരിക്കെ, ഇംഗ്ലണ്ടിൽ ഒരു മുൻ ചർച്ച് ഓഫ് അയർലണ്ട് വൈദികനായിരുന്ന ജോൺ നെൽസൺ ഡാർബിയുടെ നേതൃത്വത്തിൽ ഒരു പ്രസ്ഥാനം ഉടലെടുത്തു. അദ്ദേഹവും സമാനചിന്താഗതിക്കാരായ ആംഗ്ലിക്കൻസും ബ്രത്റൺ എന്നറിയപ്പെട്ടു. ഡാർബി തന്റെ പ്ലിമത്ത് താവളത്തിൽനിന്നു സ്വിററ്സർലണ്ടിലും യൂറോപ്പിലെ മററു സ്ഥലങ്ങളിലും പ്രസംഗിക്കുന്നതിനു യാത്രചെയ്തു. ക്രിസ്തുവിന്റെ തിരിച്ചുവരവു രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഒരു സപ്തവർഷ ഉപദ്രവകാലഘട്ടം ഭൂമിയെ ശൂന്യമാക്കുന്നതിനു മുമ്പ് “വിശുദ്ധൻമാർ” എടുക്കപ്പെടുന്ന ഒരു രഹസ്യ ഉത്പ്രാപണത്തോടെ അതു തുടങ്ങും. പിന്നീട് ഈ “വിശുദ്ധൻമാരാൽ” അനുഗതനായി ക്രിസ്തു ദൃശ്യനായി പ്രത്യക്ഷപ്പെടുകയും അവരെല്ലാവരുംകൂടെ ഒരു ആയിരം വർഷം ഭൂമിയിൽ ഭരിക്കുകയും ചെയ്യും.
ലോകത്തിൽനിന്നു വേർപെട്ടിരിക്കേണ്ടതിന്റെ ആവശ്യകത ഡാർബി ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ വീക്ഷണം ഉണ്ടായിരുന്നവർ ഒടുവിൽ എക്സ്ക്ലൂസീവ് ബ്രത്റൺ എന്നറിയപ്പെട്ടു. ബി.ഡബ്ലിയൂ. ന്യൂട്ടൻ ഒരു വ്യത്യസ്ത കക്ഷിയുടെ തലവനായിത്തീർന്നു, അവർ ഉത്പ്രാപണത്തിൽ വിശ്വസിച്ചുവെങ്കിലും മഹോപദ്രവത്തിനുമുമ്പു നടക്കുന്ന ഉത്പ്രാപണത്തിൽ വിശ്വസിച്ചില്ല. മഹോപദ്രവാനന്തര ഉത്പ്രാപണത്തിന്റെ വക്താവായിരുന്ന അലക്സാണ്ടർ റീസ് “രഹസ്യ-ഉത്പ്രാപണ സിദ്ധാന്തങ്ങൾ ക്രിസ്തുവിന്റെ ആഗമനപ്രത്യാശക്ക് ഒരു ഭീഷണിയാണ്” എന്നു വാദിച്ചു.
മഹോപദ്രവത്തിനു മുമ്പ് ഉത്പ്രാപണം നടക്കുമെന്നു വാദിക്കുന്നവർ വീക്ഷണത്തിലെ ഈ വ്യത്യാസം “ക്രിസ്തുവിന്റെ വരവിനോടുള്ള ബന്ധത്തിലുള്ള [തങ്ങളുടെ] പ്രത്യാശയുടെ സ്വഭാവ”ത്തെ ബാധിക്കാൻതക്ക ഗൗരവമുള്ളതാണെന്നു വിശ്വസിക്കുന്നു. മററു ചിലർ, ക്രിസ്തുവിനോട് ഏററവും വിശ്വസ്തരായിരിക്കുന്നവർ ആദ്യം ഉത്പ്രാപണം അനുഭവിക്കുമെന്നും കൂടുതൽ ലൗകികരായവർ പിന്നീട് എടുക്കപ്പെടുന്നതെന്നും വിശ്വസിച്ചുകൊണ്ട് ഒരു “ഭാഗിക ഉത്പ്രാപണ സിദ്ധാന്ത”ത്തിൽ വിശ്വാസമർപ്പിക്കുന്നു.
അനേകം ഇവാൻജലിക്കൽ സമൂഹങ്ങൾ വിശ്വസ്തക്രിസ്ത്യാനികളുടെ ഒരു ആസന്നമായ ഉത്പ്രാപണത്തെ ഘോഷിക്കുന്നു. എന്നിരുന്നാലും, വ്യത്യസ്ത അഭിപ്രായങ്ങളുടെ വീക്ഷണത്തിൽ, “കർത്താവായ യേശുവിന്റെ തിരിച്ചുവരവിനോടു ബന്ധപ്പെട്ട സംഭവങ്ങളുടെ ഒരു വിശാലമായ ബാഹ്യരേഖയിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നിരിക്കെ, വ്യക്തിയുടെ ബോദ്ധ്യമനുസരിച്ചുള്ള പ്രവചനത്തിന്റെ വ്യാഖ്യാനത്തിനു സ്വാതന്ത്ര്യം അനുവദിക്കുന്നു. അനേകർ പ്രാവചനിക പദ്ധതിയെ സംഭവങ്ങൾതന്നെ ചുരുളഴിക്കാൻ ക്ഷമാപൂർവം കാത്തിരുന്നുകൊണ്ടു സിദ്ധാന്തപരമല്ലാത്ത ഒരു നിലപാടു സ്വീകരിക്കുന്നു,” ബ്രിട്ടന്റെ ഇലിം പെന്തെക്കോസ്തു സഭ പ്രസിദ്ധീകരിച്ച ഒരു ചെറുപുസ്തകം പറയുന്നു.
എല്ലാ വിശ്വാസങ്ങളുടെയും സത്യതയെ അളക്കാനുള്ള പ്രമാണം ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിളാണ്. (2 തിമൊഥെയൊസ് 1:13; 3:16, 17) അതുകൊണ്ട്, ഉത്പ്രാപണത്തെക്കുറിച്ച് അത് എന്തു പറയുന്നു?