“സകലതരം മനുഷ്യരിലേക്കും” എത്തുന്നു—ബൽജിയത്തിൽ
അപ്പൊസ്തലനായ പൗലോസ് “സകലതരം മനുഷ്യരും രക്ഷപെടണമെന്നും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തണ”മെന്നുമുള്ള ദൈവേഷ്ടത്തെക്കുറിച്ച് അഭിഷിക്തരായ തന്റെ സഹക്രിസ്ത്യാനികളെ ഓർമ്മപ്പെടുത്തി. കേൾക്കുന്ന കാതുള്ള എല്ലാവരോടും രാജ്യസുവാർത്ത ഘോഷിക്കാൻ കഴിയേണ്ടതിന് “സാവധാനതയും സ്വസ്ഥതയും ഉള്ള ജീവനം” അനുവദിച്ചുകിട്ടുന്നതിനുവേണ്ടി അവർ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.—1 തിമൊഥെയൊസ് 2:1-4.
ഇന്നു സുവാർത്തയുമായി “സകലതരം മനുഷ്യരിലേക്കും” എത്തുന്നതിൽ ബൽജിയത്തിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചടത്തോളം പ്രത്യേക അർത്ഥമുണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം, ററാൻഗനിക തടാകത്തിലോ മിഷിഗൻ തടാകത്തിന്റെ പകുതിയിലോ ഒതുങ്ങുന്ന ഈ ചെറുരാജ്യം അതിന്റെ വർഗ്ഗപരവും സാംസ്കാരികവുമായ ഘടനയിൽ വമ്പിച്ച മാററങ്ങൾക്കു വിധേയമായി. ഫെമ്ലിഷ്കാരും (ഡച്ച്) ഫ്രഞ്ചുകാരും ജർമ്മൻകാരും ആയ മൂന്നു പരമ്പരാഗത സമുദായങ്ങൾക്കു പുറമേ ഇപ്പോൾ ബൽജിയത്തിൽ നിരവധി ഭാഷാക്കൂട്ടങ്ങളും സാംസ്കാരിക സംഘങ്ങളും ഉണ്ട്. ഏതാനും ചിലതു പറഞ്ഞാൽ, അവിടെ അറബികളും തുർക്കികളും ഇന്ത്യക്കാരും ചീനക്കാരും ഫിലിപ്പൈൻസുകാരും ആഫ്രിക്കക്കാരും അമേരിക്കക്കാരും ഉണ്ട്. ബൽജിയത്തിലെ ഓരോ പത്തിലൊരാളും വിദേശ വംശജനാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
അങ്ങനെ ബൽജിയത്തിലെ സാക്ഷികൾ ലോകത്തെവിടെയുമുള്ള അവരുടെ സഹക്രിസ്ത്യാനികളെപ്പോലെതന്നെ സുവാർത്തയുമായി “സകലതരം മനുഷ്യരിലേക്കും” എത്തുന്നതിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത്തരം വൈവിദ്ധ്യമാർന്ന ദേശക്കാരുടെയിടയിൽ പ്രസംഗിക്കുന്നത് എങ്ങനെയിരിക്കും? മതപരവും സാംസ്കാരികവുമായി തീർത്തും ഭിന്നമായ പശ്ചാത്തലമുള്ള വ്യക്തികളെ ഒരുവൻ എങ്ങനെ സമീപിക്കും? ബൈബിൾദൂതിനോടുള്ള അവരുടെ പ്രതികരണം എന്താണ്?
ഉദ്യമം ഫലം കൈവരുത്തുന്നു
രാജ്യ സുവാർത്തയെക്കുറിച്ച് “സകലതരം മനുഷ്യരോടും” സംസാരിക്കുന്നത് സന്തോഷകരവും പുളകപ്രദവുമായ ഒരു അനുഭവമാണ്. തിരക്കേറിയ തെരുവുകളിലും ചന്തസ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും വീടുതോറുമുള്ള വേലയിലും എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള ആളുകളെ കണ്ടെത്തുന്നു. അല്പമായ ഉദ്യമംകൊണ്ടു രാജ്യപ്രസാധകന് എളുപ്പം ഒരു സംഭാഷണം തുടങ്ങാൻ കഴിയും, പലപ്പോഴും ഇതു കൃതാർത്ഥരാക്കുന്ന ഫലങ്ങളിലേക്കും നയിക്കുന്നു.
ഒരു ബസ്സ് സ്റേറാപ്പിൽ, ഒരു സാക്ഷി കേവലം ഊഷ്മളമായൊരു പുഞ്ചിരിയോടെ ഒരു ആഫ്രിക്കൻ വനിതയുമായി സംഭാഷണം തുടങ്ങി. ആ സ്ത്രീ ദൈവരാജ്യത്തെക്കുറിച്ചു കേട്ടതിൽ അവരുടെ സന്തോഷം പ്രകടമാക്കുകയും ബൈബിളിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്തു. അവർ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിക്കുകയും അവരുടെ മേൽവിലാസം സാക്ഷിയെ ഏൽപിക്കുകയും ചെയ്തു. താൻ താമസിയാതെ അവരെ സന്ദർശിക്കാമെന്ന് പറഞ്ഞപ്പോൾ, “വേണ്ട! വേണ്ട! നിങ്ങൾ വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരിക്കത്തക്കവണ്ണം നമുക്ക് കൃത്യമായ ഒരു സമയം നിശ്ചയിക്കാം” എന്ന് ആ സ്ത്രീ തടസ്സം പറഞ്ഞു.
മൂന്നു ദിവസത്തിനുശേഷം അവിടെ സന്ദർശിക്കേണ്ട സമയമായപ്പോൾ ആ സ്ത്രീയുടെ മേൽവിലാസം നഷ്ടപ്പെട്ടതായി സാക്ഷി കണ്ടെത്തി. എന്നാൽ തെരുവിന്റെ പേര് ഓർത്തുകൊണ്ട്, ഒരു ആഫ്രിക്കൻ പേരു കണ്ടെത്താൻ കഴിയുമോയെന്നറിയാൻ അവർ എല്ലാ ഭവനത്തിലും പോയി പരിശോധന നടത്തി. താൻ അന്വേഷിച്ചത് കണ്ടെത്താനാകാതെ അവർ ആ തെരുവിന്റെ അറുതിയിൽ എത്തി. എത്ര വലിയൊരു നിരാശ! അവർ തിരിച്ചുപോകാൻ തയ്യാറെടുക്കുമ്പോൾ, പെട്ടെന്ന്, പറന്നുവന്നു നിന്നപോലെ അതാ താൻ അന്വേഷിച്ചു നടന്ന സ്ത്രീ തന്റെ മുമ്പിൽ നിൽക്കുന്നു, അത് അവർ സന്ദർശിക്കാമെന്നു സമ്മതിച്ചിരുന്ന അതേ സമയംതന്നെയായിരുന്നു! ഒരു ഭവന ബൈബിളദ്ധ്യയനം തുടങ്ങി.
വ്യത്യസ്ത ആചാരങ്ങളെയും വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, ഹൈന്ദവ വിശ്വാസങ്ങളെ സംബന്ധിച്ചെന്ത്? കൊള്ളാം, താൻ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിൽ വായിച്ചത് ഒരു പയനിയർ ഓർത്തു. അതു പറയുന്നു: “ഹിന്ദു തത്വശാസ്ത്രത്തിന്റെ സങ്കീർണ്ണതകളെപ്പററി സംസാരിക്കാൻ ശ്രമിക്കുന്നതിനുപകരം വിശുദ്ധബൈബിളിൽ കാണുന്ന സംതൃപ്തിദായകമായ സത്യങ്ങൾ അവതരിപ്പിക്കുക. . . . അവന്റെ വചനത്തിലെ വ്യക്തമായ സത്യങ്ങൾ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിൽ ചെന്നെത്തും.”
ഒരു ബൈബിളദ്ധ്യയനം സ്വീകരിച്ച ഇന്ത്യക്കാരിയായ കാഷിയെ കണ്ടുമുട്ടിയപ്പോൾ പയനിയർ ചെയ്തതു കൃത്യമായും അതുതന്നെയാണ്. കാഷി ക്രമമായി പുരോഗതി പ്രാപിച്ചു, വേഗംതന്നെ അവർ പഠിച്ചുകൊണ്ടിരുന്നതു തന്റെ എല്ലാ സ്നേഹിതരോടും സംസാരിച്ചുതുടങ്ങി. ഒരു ദിവസം പയനിയർ ഒരു സ്ഥാനപതിയുടെ ഭാര്യയെ കണ്ടുമുട്ടി. “നിങ്ങളാണോ കാഷിയെ ബൈബിൾ പഠിപ്പിക്കുന്നത്?” എന്ന് അവർ ചോദിച്ചു. “അവൾ എത്ര മികച്ച അദ്ധ്യാപികയാണ്! പല ആശയങ്ങളും എന്നെ ബോദ്ധ്യപ്പെടുത്താൻ അവൾക്കു കഴിഞ്ഞു. ഒരു ഹിന്ദുവായ അവൾ ഒരു കത്തോലിക്കയായ എന്നെ ബൈബിൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നു സങ്കൽപിച്ചുനോക്കൂ!” എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ പയനിയർ എത്ര ആശ്ചര്യപ്പെട്ടുപോയി.
നിങ്ങൾ ഫിലിപ്പൈൻസുകാരെ കണ്ടുമുട്ടുമ്പോൾ അവരിൽ മിക്കവരും ബൈബിളിനെ ഇഷ്ടപ്പെടുന്നുവെന്നു നിങ്ങൾ ഉടൻതന്നെ തിരിച്ചറിയുന്നു. അവർ ഹൃദയാലുക്കളും അതിഥിപ്രിയരും ആണ്, അവരുമായി ഒരു സംഭാഷണം തുടങ്ങുന്നത് വളരെ എളുപ്പവുമാണ്. ഒരു ഫിലിപ്പൈൻസുകാരി സ്ത്രീ നിഷ്പ്രയാസം രണ്ടു മാസികകൾ വാങ്ങി, എന്നാൽ ഒരു കത്തോലിക്കയായതുകൊണ്ട് അവർ അത് എറിഞ്ഞുകളഞ്ഞു. ചില ആഴ്ചകൾക്കുശേഷം അവർ വീണ്ടും രണ്ടു മാസികകൾ വാങ്ങി, അത് അവർ ബാഗിൽ ഇട്ടിരുന്നു. ഒരു രാത്രിയിൽ അവർക്ക് എന്തെങ്കിലും വായിക്കണമെന്നു തോന്നി. രസകരമായ എന്തെങ്കിലും കണ്ടെത്താൻ വേണ്ടി അന്വേഷിച്ചുനടന്നശേഷം അവർ മാസികകൾ കണ്ടെത്തി. മനസ്സില്ലാമനസ്സോടെ അവർ വായിച്ചുതുടങ്ങി, അവരുടെ താത്പര്യം വർദ്ധിച്ചു. അതിനുശേഷം അധികം താമസിയാതെ ഒരു സാക്ഷി അവരുടെ വീടുസന്ദർശിച്ചു, ആ സ്ത്രീ പല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. അവർ തന്റെ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിൾ പറയുന്നതുമായി താരതമ്യം ചെയ്തു നോക്കിയത് ഇതാദ്യമായിട്ടായിരുന്നു. സയുക്തികമായ തിരുവെഴുത്തു ചർച്ചകൾ ഒടുവിൽ താൻ സത്യം കണ്ടെത്തിയതായി അവർക്കു ബോദ്ധ്യം വരുത്തി.
“നിങ്ങളുടെ അപ്പം എറിയുക”
വിദേശികളിൽ പലരും ബൽജിയത്തിൽ ആയിരിക്കുന്നതു വ്യാപാര ഉദ്ദേശ്യങ്ങൾക്കോ, 150 അംഗീകൃത എംബസികളിൽ ഒന്നിലോ യൂറോപ്യൻ കമ്മ്യൂണിററി കമ്മീഷനിലോ ജോലിചെയ്യുന്നതിനോ വേണ്ടിയാണ്. അവരിൽ മിക്കവരും എതാനും വർഷത്തേക്കുമാത്രമേ താമസിക്കുന്നുള്ളു. അവരോടു സാക്ഷീകരിക്കുന്നതും അവരുമൊത്ത് ബൈബിൾ പഠിക്കുന്നതും ആദ്യം നിഷ്ഫലമായി തോന്നിയേക്കാം. എന്നാൽ ബൈബിൾ നമ്മെ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: “നിന്റെ അപ്പത്തെ വെള്ളത്തിൻമേൽ എറിയുക; ഏറിയനാൾ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും.” (സഭാപ്രസംഗി 11:1) മിക്കപ്പോഴും ഫലങ്ങൾ ആശ്ചര്യകരമാംവണ്ണം പ്രതിഫലദായകമാണ്.
ഒരു സാക്ഷിയിൽനിന്നു ക്രമമായി മാസികകൾ ലഭിച്ചുകൊണ്ടിരുന്ന ഒരു അമേരിക്കക്കാരിയുടെ സംഗതി ഇതായിരുന്നു. ബൈബിൾ ക്രമമായി പഠിക്കുന്നതിന്റെ പ്രയോജനം സാക്ഷി തക്കസമയത്തു ചൂണ്ടിക്കാണിച്ചു, അവരോടൊത്തു പഠിക്കാമെന്നു സഹോദരി വാഗ്ദാനം ചെയ്തു. സ്ത്രീ വാഗ്ദാനം സ്വീകരിക്കുകയും ത്വരിതപുരോഗതി വരുത്തുകയും ചെയ്തു. വേഗംതന്നെ സത്യമതവും വ്യാജമതവും തമ്മിലുള്ള വ്യത്യാസം അവർ മനസ്സിലാക്കി. അതുകൊണ്ട് അവർ ഭവനത്തിൽനിന്ന് എല്ലാ മതപ്രതിമകളും നീക്കംചെയ്തു. അപ്പോൾ അവർ ഐക്യനാടുകളിലേക്കു തിരിച്ചുപോകുന്നതിനുള്ള സമയമായി. അത് അവരുടെ ആത്മീയ പുരോഗതി അവസാനിച്ചുവെന്ന് അർത്ഥമാക്കിയോ? ആ സ്ത്രീ അവരുടെ അദ്ധ്യയനം തുടർന്നുവെന്നും യഹോവയാം ദൈവത്തിനു തന്റെ ജീവിതം സമർപ്പിച്ചുവെന്നും സ്നാപനമേററുവെന്നും ഐക്യനാടുകളിലെ ഒരു സാക്ഷി ഇവിടെയുള്ള സാക്ഷിയെ ഫോൺചെയ്ത് അറിയിച്ചപ്പോൾ അവരുടെ സന്തോഷവും ആശ്ചര്യവും ഒന്നു ഭാവനയിൽ കാണുക! വാസ്തവത്തിൽ, അവർ ഒരു സഹായപയനിയർ ശുശ്രൂഷകയായി അപ്പോൾതന്നെ സേവനം അനുഷ്ഠിക്കുകയായിരുന്നു.
ഇന്ത്യക്കാരിയായ കാഷിയുടെ കാര്യത്തിലും മുമ്പു പരാമർശിച്ച ഫിലിപ്പൈൻസുകാരി സ്ത്രീയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. കാഷി ഇന്ത്യയിലേക്കു തിരിച്ചുപോയപ്പോൾ അവരും ഭർത്താവും അവരുടെ ബൈബിളദ്ധ്യയനം പുനരാരംഭിച്ചു. ഒടുവിൽ അവർ ഇരുവരും തങ്ങളെത്തന്നെ യഹോവക്കു സമർപ്പിക്കുകയും പ്രസംഗവേലയിൽ പങ്കെടുക്കുകയും ചെയ്തു. അവർ മററു സാക്ഷികളാരും ഇല്ലാഞ്ഞ ഒരു പ്രദേശത്തു താമസിച്ചിരുന്നതുകൊണ്ട് അവർ തങ്ങളുടെ ഭവനം ഒരു സഭാപുസ്തകാദ്ധ്യയനത്തിനു വിട്ടുകൊടുത്തു. കാഷി തന്റെ ആരോഗ്യം അനുവദിക്കുന്ന അളവോളം ഒരു സഹായപയനിയറായി സേവിച്ചു, മൊത്തം 31 പേർ ഉൾപ്പെടുന്ന ആറു ബൈബിളദ്ധ്യയനങ്ങൾ അവർ നടത്തിക്കൊണ്ടിരുന്നു. അതുപോലെതന്നെ കുറെക്കാലത്തിനുശേഷം ഫിലിപ്പൈൻസുകാരി സ്ത്രീ ഐക്യനാടുകളിലേക്ക് താമസം മാററി, സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും പുരോഗമിക്കുകയും ഒരു നിരന്തര പയനിയറായിത്തീരുകയും ചെയ്തു. ഇവ ബൽജിയത്തിലെ രാജ്യപ്രഘോഷകർ തങ്ങളുടെ പ്രദേശത്തുള്ള ആളുകളോടു സാക്ഷീകരിക്കുന്നതിൽ തുടരുമ്പോൾ അവർ ആസ്വദിക്കുന്ന അനേകം സന്തോഷകരമായ ഫലങ്ങളിൽ ചിലതാണ്.
ഭാഷകളുടെ വെല്ലുവിളി
“സകലതരം മനുഷ്യരോടും” പ്രസംഗിക്കുന്നതിനുള്ള ചുമതല നിറവേററുന്നതിന് ബ്രാഞ്ചോഫീസിനു നൂറിലധികം ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ കൈവശംവെക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ബൽജിയൻ സഭകൾ പത്തു ഭാഷകളിൽ ഉണ്ട്. മുന്നൂററി നാല്പത്തിയൊന്നു സഭകളിൽ 61 എണ്ണം വിദേശ ഭാഷകളിലാണ്, 26,000 രാജ്യ പ്രസാധകരിൽ 5,000 പേർ വിദേശപൗരൻമാരാണ്. ഒരു സഭയിൽ 25 വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള സ്ത്രീപുരുഷൻമാർ ഉൾപ്പെടുന്നു. അവരുടെ യോഗങ്ങളിലെ ബഹുനിറങ്ങളും നാനാത്വങ്ങളും ഭാവനയിൽ കാണുക! എങ്കിലും സഹോദരങ്ങളുടെ ഇടയിലുള്ള സ്നേഹവും ഐക്യവും സത്യക്രിസ്തീയ ശിഷ്യത്വത്തിനുള്ള ശക്തമായ ഒരു സാക്ഷ്യമാണ്.—യോഹന്നാൻ 13:34, 35.
ബൽജിയത്തിൽ വിദേശഭാഷകളിൽ സുവാർത്ത കേൾക്കേണ്ട അനേകം താമസക്കാർ ഉള്ളതുകൊണ്ടു ചില പ്രസാധകർ തുർക്കിയും അറബിയും ചൈനീസും പോലെ പ്രയാസമുള്ള ഭാഷകൾ പഠിക്കുന്നതിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. അവരുടെ ശ്രമങ്ങൾക്കു സമൃദ്ധമായ പ്രതിഫലം ലഭിച്ചിട്ടുണ്ട്.
അറബികളുടെയിടയിൽ പ്രവർത്തിക്കുന്നവർ ബൈബിളിന്റെ പ്രായോഗികമൂല്യം എടുത്തുകാണിച്ചുകൊണ്ടു തങ്ങൾക്കു മിക്കപ്പോഴും അതിൽ താത്പര്യം ഉണർത്താൻ കഴിയുമെന്നു കണ്ടെത്തുന്നു. ഒരു രാജ്യപ്രസാധകന് ഒരു അറബി പ്രൊഫസറുമായി രസകരമായ ഒരു ചർച്ച നടത്താൻ കഴിഞ്ഞു, അതിനുശേഷം മൂന്നുവർഷത്തേക്ക് പ്രൊഫസറെ വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞില്ല. വേഗത്തിൽ നിരുത്സാഹിതനാകാതെ, പ്രസാധകൻ പ്രൊഫസർക്കു ചില ബൈബിൾ ചോദ്യങ്ങളുമായി ഒരു കുറിപ്പു വച്ചിട്ടുപോരാൻ തീരുമാനിച്ചു. അയാൾ ബൈബിളിന്റെ വസ്തുനിഷ്ഠമായ ഒരു പരിശോധന നടത്താൻ മനസ്സുള്ളവനായിത്തീരത്തക്കവണ്ണം ഇത് അയാളെ വളരെ വിസ്മയിപ്പിച്ചു. അയാളും ഭാര്യയും ഒരുമിച്ചിരുന്നു ബൈബിൾ വായിക്കാൻ ചില സായാഹ്നങ്ങൾ വേർതിരിക്കത്തക്കവണ്ണം താൻ കണ്ടെത്തിയത് അയാളെ വളരെ വിസ്മയിപ്പിച്ചു, ഇരുവരും മുസ്ലീങ്ങൾതന്നെ.
പ്രമുഖ നഗരങ്ങളിലുള്ള വലിയ ചൈനീസ് സമൂഹത്തെ സഹായിക്കാൻ ശ്രമിക്കുന്നവർക്കു ഭാഷാതടസ്സത്തിനു പുറമേ മറെറാരു പ്രതിബന്ധവും തരണംചെയ്യേണ്ടതായി വന്നു. മിക്ക ചൈനക്കാരും സ്രഷ്ടാവെന്നനിലയിൽ ദൈവത്തിലോ ദൈവവചനമെന്ന നിലയിൽ ബൈബിളിലോ വിശ്വസിക്കുന്നില്ല. എങ്കിലും, അവർ ആകാംക്ഷയുള്ളവരും അതിനെക്കുറിച്ചെല്ലാം അറിയാൻ ആഗ്രഹിക്കുന്നവരും ആണ്. അവർ ആർത്തിയോടെ വായിക്കുന്നവരുമാണ്. ഏതു ബൈബിൾ സാഹിത്യം അവർക്കു കൊടുത്താലും അഥവാ ബൈബിളിന്റെ അധികഭാഗവുംപോലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ വായിച്ചു തീർക്കുന്നത് അസാധാരണമല്ല. അവരുടെ ഹൃദയം നേരുള്ളതാണെങ്കിൽ ദൈവവചനത്തിന്റെ ശക്തിയാൽ അവർ പ്രചോദിപ്പിക്കപ്പെടുന്നു.
ഒരു സ്രഷ്ടാവിന്റെ ആശയം സ്വീകരിക്കുന്നത് വളരെ പ്രയാസമായി ഒരു ചൈനക്കാരി സ്ത്രീ കണ്ടെത്തി. എന്നാൽ അവരുടെ രണ്ടാമത്തെ അദ്ധ്യയനത്തിൽ, “ഇപ്പോൾ ഞാൻ യഹോവയാം ദൈവത്തിൽ വിശ്വസിക്കുന്നു, എന്തുകൊണ്ടെന്നാൽ 40 വ്യത്യസ്ത മനുഷ്യർ 1,600 വർഷങ്ങളുടെ ഒരു കാലഘട്ടംകൊണ്ടു ബൈബിൾ എഴുതുകയും എങ്കിലും ഒരു പ്രതിപാദ്യവിഷയത്തോടെ അതു പൂർണ്ണയോജിപ്പുള്ളതായിരിക്കുകയും ചെയ്യുന്നെങ്കിൽ അപ്പോൾ എഴുത്തിനെ നയിച്ചത് യഹോവയാം ദൈവമായിരിക്കണം. അതു വളരെ യുക്തിപൂർവ്വകമാണ്!” എന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുനിറഞ്ഞു.
മറെറാരു ചൈനക്കാരിയെ ട്രാംവണ്ടിയിൽ ഒരു സാക്ഷി സമീപിച്ചു. “നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ?” അവർ സാക്ഷിയോടു ചോദിച്ചു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ വളരെയധികം വൈരുദ്ധ്യങ്ങൾ കാണുന്നതിൽ താൻ വളരെ ഭഗ്നാശയാണെന്ന് അപ്പോൾ അവർ പറഞ്ഞു. അവർ പറഞ്ഞതിനോടു സാക്ഷി യോജിക്കുകയും എന്നാൽ ബൈബിൾ പരസ്പര വിരുദ്ധമല്ലെന്നു വിശദീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ആ സ്ത്രീക്ക് ഇറങ്ങേണ്ടിവന്നു. അവർ സാക്ഷിക്കു തന്റെ മേൽവിലാസം കൊടുത്തു, തുടർന്നു സാക്ഷി അവരെ സന്ദർശിച്ചപ്പോൾ ആ സ്ത്രീ ഇപ്രകാരം പറഞ്ഞു: “ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു വർഷം മുമ്പേ ട്രാംവണ്ടിയിൽ യാത്രചെയ്യുമായിരുന്നു!” അവർ എന്താണർത്ഥമാക്കിയതെന്നു ചോദിച്ചപ്പോൾ ആ സ്ത്രീ ഇപ്രകാരം വിശദീകരിച്ചു: “ഞാൻ സർവ്വകലാശാലയിലേക്കു ട്രാംവണ്ടിയിൽ പോയത് ആദ്യമായിട്ടായിരുന്നു. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഞാൻ ഒരുവർഷം കളഞ്ഞുകുളിച്ചു!” ചൈനയിലേക്കു തിരിച്ചുപോകുന്നതിനുമുമ്പ് ഏതാനും മാസത്തേക്കാണെങ്കിലും ബൈബിൾ പഠിക്കാൻ കഴിഞ്ഞതിൽ അവർ വളരെ സന്തോഷവതിയായിരുന്നു.
ഇത്തരത്തിലുള്ള അനുഭവങ്ങൾ ബൽജിയൻ സാക്ഷികളെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. “രാവിലെ നിന്റെ വിത്തു വിതക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ,” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 11:6) ഭാഷയുടെയും ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതിബന്ധങ്ങളെ തരണംചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ ഫലങ്ങൾ അർഹിക്കുന്നവതന്നെയാണ്. ഉൻമേഷം കൈവരുത്തുന്ന പ്രതികരണങ്ങൾ എല്ലാററിനുമുപരി ദൈവത്തിനു സത്യത്തിൽ “മുഖപക്ഷമില്ലെന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” തെളിയിക്കുന്നു.—പ്രവൃത്തികൾ 10:34, 35.