നൈജീരിയയിലെ സുപ്രീം കോടതി മതസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു
ഗ്രാമവാസികൾ ഒരു കൃഷിക്കാരന്റെ വിളവു കൊള്ളയടിക്കുന്നു. മററുള്ളവർ ഒരു കൽപ്പണിക്കാരന്റെ ഭവനം ആക്രമിക്കുകയും അയാളുടെ പണിയായുധങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുന്നു. മററുചിലർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽനിന്ന് ഒരു സ്ത്രീയെ തടയുന്നു. അത്തരം ദ്രോഹം എന്തുകൊണ്ട്? അതിനിരയാകുന്നവർ, എല്ലാവരും യഹോവയുടെ സാക്ഷികൾതന്നെ, എയ്ജ് ഗ്രേഡ് അസോസിയേഷനുകളിൽ പങ്കെടുക്കുകയില്ലാത്തതുകൊണ്ടാണ് അതു സംഭവിക്കുന്നത്. ‘എന്തിൽ?’ എന്നു നിങ്ങൾ അതിശയിച്ചേക്കാം.
ഒരു എയ്ജ് ഗ്രേഡ് അസോസിയേഷൻ ഏതാണ്ട് ഒരേ സമയത്ത് ഒരേ ഗ്രാമത്തിൽ ജനിച്ച ആളുകൾ, സാധാരണഗതിയിൽ ആണുങ്ങൾ ചേർന്നുള്ള ഒരു സമാജമാണ്. എയ്ജ് ഗ്രേഡ് സമാജങ്ങൾ കിഴക്കൻ നൈജീരിയയിൽ സാധാരണമാണ്. അവർ ഒരു സാമൂഹികപദ്ധതി ഏറെറടുത്തു നടത്തിയേക്കാം, എന്നാൽ അവർ വിഗ്രഹാരാധനയിൽ ഏർപ്പെടുകയും പ്രായപൂർത്തിയായിരിക്കുന്നു എന്നു പ്രകടമാക്കാൻ ആത്മവിദ്യാചാരങ്ങൾ നടത്തുകയും കൂടെ ചെയ്യുന്നു. ബൈബിൾ അത്തരം ആചാരങ്ങളെ സത്യക്രിസ്ത്യാനികൾക്കു വിലക്കുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾ അത്തരം സമാജങ്ങളിൽ പങ്കെടുക്കുന്നില്ല.—1 കൊരിന്ത്യർ 10:20, 21; 1 യോഹന്നാൻ 5:21.
ശമുവേൽ ഒകോബു നൈജീരിയയിലെ ആബാ പട്ടണത്തിൽ ഒരു തയ്യൽക്കാരനായി ജോലിചെയ്തിരുന്നു. ആലായിയിലെ ഉമുങ്കാലു എയ്ജ് ഗ്രേഡ് അസോസിയേഷനിലെ അംഗങ്ങൾ ഒരു ആരോഗ്യകേന്ദ്രം പണിയാൻ സഹായിക്കുന്നതിന് അയാൾ ഒരു “നികുതി” കൊടുക്കണമെന്ന് 1978-ന്റെ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടു. ഒരു സത്യക്രിസ്ത്യാനിയെന്നനിലയിൽ ശമുവേൽ മററ് ആളുകളെ സഹായിക്കാൻ കഠിനയത്നം ചെയ്യുന്നു, എന്നാൽ അയാൾ മനഃസാക്ഷിപൂർവ്വം എയ്ജ് ഗ്രേഡ് സമാജത്തിൽ ഉൾപ്പെടുന്നതിനു വിസമ്മതിച്ചു. ആ വർഷം ഏപ്രിൽ 22-ാം തീയതി സംഘത്തിലെ ആറ് അംഗങ്ങൾ അയാളുടെ കടയിലേക്ക് അതിക്രമിച്ചുകയറുകയും അയാളുടെ തയ്യൽമെഷീൻ എടുത്തുകൊണ്ടുപോവുകയും ചെയ്തു, അയാൾ പണം കൊടുക്കുന്നതുവരെ അതു പിടിച്ചുവെക്കുമെന്ന് അവർ പറഞ്ഞു. താൻ അവരുടെ അസോസിയേഷനിൽ അംഗമല്ലാത്തതിനാൽ ഒന്നും കൊടുക്കാൻ ബാദ്ധ്യസ്ഥനല്ലെന്നു ശമുവേൽ എതിർത്തു പറഞ്ഞു. അയാൾക്കു തയ്യൽമെഷീൻ വീണ്ടെടുക്കാൻ കഴിയാതെ വന്നപ്പോൾ ശമുവേൽ പ്രശ്നം കോടതിയിലേക്കു കൊണ്ടുപോയി.
കോടതിയിൽനിന്നു കോടതിയിലേക്ക്
ശമുവേലിന്റെ പ്രായം നിമിത്തം അയാൾ സ്വയമേവ അവരുടെ ഒരു അംഗമാണെന്നും അവർ തങ്ങളുടെമേൽത്തന്നെ ചുമത്തുന്ന ഏതു നികുതിയും കൊടുക്കാൻ അയാൾ ബാദ്ധ്യസ്ഥനാണെന്നും മുഖ്യ മജിസ്ട്രേററ് കോടതിയിൽ എയ്ജ് ഗ്രേഡ് സമാജം വാദിച്ചു. ഒരു അംഗം നികുതികൊടുത്തില്ലെങ്കിൽ അയാൾ അതു കൊടുക്കുന്നതുവരെ അയാളുടെ സ്വത്തു കൈവശപ്പെടുത്തുന്ന രീതി പ്രാദേശിക ആചാരത്തിൽ ഉണ്ടായിരുന്നു.
കോടതി വിയോജിച്ചു. ഒരു എയ്ജ് ഗ്രേഡ് സമാജത്തിൽ അംഗമായിത്തീരാൻ ശമുവേലിനെ നിർബന്ധിക്കാവുന്നതല്ലെന്ന് 1980 ഫെബ്രുവരി 28-നു കോടതി വിധിച്ചു. മുഖ്യ മജിസ്ട്രേററ് ഇപ്രകാരം പ്രഖ്യാപിച്ചു: “കൂട്ടായ്മയുടെ കാര്യത്തിൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു പൗരനു നിഷേധിക്കുന്ന ഒരു ആചാരം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയുടെ ഭരണഘടനയുടെ 37-ാം വകുപ്പിന് എതിരാണ്, അതുകൊണ്ട് അതിനു നിയമപ്രാബല്യമില്ല.”
എയ്ജ് ഗ്രേഡ് സമാജം ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുകയും വിജയിക്കുകയും ചെയ്തു. അവിടെ ജഡ്ജി നികുതികൊടുക്കാൻ ശമുവേലിനോട് ആവശ്യപ്പെട്ടു, അത് തന്റെ ജൻമസമുദായത്തിന്റെ പുരോഗതിക്കു സംഭാവന ചെയ്യുന്ന ഒരു വിധം മാത്രമാണെന്നു പ്രസ്താവിച്ചുകൊണ്ടുതന്നെ.
അപ്പോൾ ശമുവേൽ ഒരു അനീതിയായി താൻ കണക്കാക്കിയതിനെതിരെ അപ്പീൽ കൊടുത്തു. അപ്പീൽകോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ശമുവേലിനു അനുകൂലമായി തീർപ്പുകല്പിച്ചു. പരാജയം സമ്മതിക്കാൻ മനസ്സില്ലാതെ എയ്ജ് ഗ്രേഡ് സമാജം നൈജീരിയയിലെ സുപ്രീംകോടതിയിൽ കേസു കൊടുത്തു.
അതേസമയം, സമാജത്തിലെ അംഗങ്ങൾ ശമുവേലിന്റെ ഗ്രാമത്തിൽ ഓടിനടക്കുകയായിരുന്നു. സാക്ഷികൾ എല്ലാ സാമുദായിക പദ്ധതികൾക്കും എതിരാണെന്നു വാദിച്ചുകൊണ്ട് ആ പ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കാൻ അവർ ഗ്രാമത്തലവനെ വശീകരിച്ചു. പട്ടണത്തിൽ തീരുമാനങ്ങൾ പ്രസിദ്ധമാക്കുന്ന ഉദ്യോഗസ്ഥൻ, യഹോവയുടെ സാക്ഷികളുമായി ഇടപാടുകൾ നടത്തുന്ന ഏതൊരുവനിൽനിന്നും പിഴ ഈടാക്കുമെന്നു വിളംബരംചെയ്തു. അയൽപട്ടണങ്ങളിൽനിന്നുള്ള സാക്ഷികൾ ഇടപെടുകയും ഗ്രാമ മൂപ്പൻമാർക്കു കാര്യം വിശദമാക്കിക്കൊടുക്കുകയും ചെയ്തു. ദൈവത്തിന്റെ ജനം സാമുദായിക പുരോഗതിക്ക് ഒരിക്കലും എതിരല്ലെന്ന് അവർ വിശദീകരിച്ചു. വാസ്തവത്തിൽ, ശമുവേൽ എയ്ജ് ഗ്രേഡ് സമാജങ്ങളുടെ ഉത്തരവാദിത്വത്തിലല്ലാതെയുള്ള സാമുദായിക പദ്ധതികൾക്ക് സംഭാവനകൊടുത്തിട്ടുണ്ടെന്നു തെളിയിക്കുന്ന രസീതുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഗ്രാമ മൂപ്പൻമാർ അതിനുശേഷം സാക്ഷികൾക്കു സമുദായഭ്രഷ്ടു കല്പിക്കുന്ന തീരുമാനം അസ്ഥിരപ്പെടുത്തി.
മതസ്വാതന്ത്ര്യം വിജയിക്കുന്നു
നൈജീരിയൻ സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാർ 1991 ഒക്ടോബർ 21-ാം തീയതി ശമുവേലിന് അനുകൂലമായി ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചു. ജസ്ററിസ് പോൾ നൊക്കേഡിയുടെ പ്രധാനവിധി വിശദീകരിച്ചുകൊണ്ടു ജസ്ററിസ് അബുബക്കർ വാലി ഇപ്രകാരം പ്രസ്താവിച്ചു: “പ്രതിക്ക് [ശമുവേൽ] എതിർപ്പുള്ളത് ചുമത്തിയ നികുതിയോടല്ല, പിന്നെയോ അയാൾ യഹോവയുടെ സാക്ഷികളിലെ ഒരു അംഗമായതുകൊണ്ട് അയാളുടെ മതവിശ്വാസത്തിന് എതിരാകയാൽ ഏതെങ്കിലും സമുദായത്തിന്റെയോ ക്ലബ്ബിന്റെയോ എയ്ജ് ഗ്രേഡിന്റെയോ ഒരു അംഗമായിരുന്നുകൊണ്ട് അതു കൊടുക്കുന്നതിനോടാണ്.”
ജഡ്ജി ഇപ്രകാരം തുടർന്നു: “എല്ലാ നൈജീരിയൻ പൗരൻമാർക്കും 1963-ലെ ഭരണഘടനയുടെ സെക്ഷൻ 24 (1) മനഃസാക്ഷി, ചിന്ത, മതം എന്നിവയിൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. പ്രതിക്കു തന്റെ മതവിശ്വാസവും ചിന്താഗതിയും മനഃസാക്ഷിയും പിടിച്ചുകൊള്ളുന്നതിന് അവകാശം നൽകിയിരിക്കുന്നു, അവ എയ്ജ് ഗ്രേഡിൽ ചേരുന്നതിൽനിന്ന് അയാളെ തടയുന്നു. മറിച്ചൊരു കാര്യം അടിച്ചേൽപിക്കുന്ന ഏത് ആചാരവും ഭരണഘടനക്ക് എതിരാണ് അതുകൊണ്ട് ആ അളവിൽ അസാധുവും നിരർത്ഥകവുമാണ്.”
ചുരുക്കിപ്പറഞ്ഞാൽ, അംഗത്വം ഒരു സാമുദായിക ആചാരമായിരിക്കാമെങ്കിലും എയ്ജ് ഗ്രേഡ് സമാജത്തിൽ ചേരുന്നതിന് ഒരാളെയും നിർബ്ബന്ധിക്കാവുന്നതല്ലെന്ന് കോടതി വിധിയെഴുതി. താൻ അംഗമല്ലാത്ത ഒരു അസോസിയേഷനിൽകൂടെ നികുതി കൊടുപ്പാൻ യാതൊരാളെയും നിർബ്ബന്ധിക്കാവുന്നതല്ലെന്നും അതു വിധിച്ചു, ആ നികുതികൾ സാമുദായിക പുരോഗതിക്കുവേണ്ടി ആയിരിക്കുമ്പോൾപോലും അതാണു സംഗതി. അങ്ങനെ, ബാഹ്യദൃഷ്ട്യാ ഈ നിസ്സാര കാര്യത്തിൽപോലും എല്ലാ നൈജീരിയക്കാർക്കുമുള്ള മതസ്വാതന്ത്ര്യം മുറുകെപിടിക്കപ്പെട്ടു.