നമീബിയായിൽ അറിവു പകർന്നുകൊടുക്കൽ
“എനിക്ക് അറിയില്ല” എന്ന പ്രയോഗം നിങ്ങൾ എത്ര ഭാഷയിൽ കേട്ടിട്ടുണ്ട്? തന്റെ നീളമുള്ള, പരമ്പരാഗതവസ്ത്രവും കൊമ്പിന്റെ ആകൃതിയിലുള്ള തലപ്പാവും അണിഞ്ഞ ഹെരേരോ സ്ത്രീ പറഞ്ഞു: “ഹി നോക്കുതൂവാ” മന്ദസ്മിതംതൂകി ക്വന്യാമ പെൺകുട്ടി “നി ഉടിറെറ കോ” എന്നു പ്രതികരിച്ചു. തോളുകൾ കുലുക്കിക്കൊണ്ടു നോങ്കാ ഗ്രാമവാസി “കോൺഡൂവിറെറ കോ” എന്നു മറുപടി പറഞ്ഞു. “കോപീ നോ കുസൂവോ” എന്ന് ഒരു ക്വാങ്കിളി ആട്ടിടയൻ പ്രസ്താവിച്ചു.
ഈ വ്യക്തികളെല്ലാം പറഞ്ഞത് “എനിക്ക് അറിയില്ല” എന്നായിരുന്നു. ഏതാണ്ട് 8,24,000 ചതുരശ്ര കിലോമീറററുള്ള ഈ വിസ്തൃത പ്രദേശത്തെ 13,70,000 നിവാസികളെ സമീപിക്കാൻ ശ്രമിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ പ്രയാസമേറിയ ഭാഷാപ്രശ്നങ്ങളെ അഭിമുഖീകരിച്ചുവെന്ന് ഇത് എത്ര നന്നായി ചിത്രീകരിക്കുന്നു!
ഇത് ഒരു അതിശയമല്ല! നമീബിയായിൽ ഹെരേരോജനവും നാമാ ജനവും മാത്രമല്ല ഓവമ്പോ, കവാങ്കോ, ററ്സാനാ, കപ്രിവിയൻ, ഹിമ്പാ, ബുഷ്മാൻ, ഡാമാരാ എന്നീ ജനങ്ങൾക്കും അവരുടെ സ്വന്തം ഭാഷകളുണ്ട്. ഇതിനു വിപരീതമായി, സാക്ഷികൾക്ക് ഇംഗ്ലീഷിലും ആഫ്രിക്കാൻസിലും മാത്രമേ ബൈബിൾസാഹിത്യങ്ങൾ ഉണ്ടായിരുന്നുള്ളു. വ്യക്തമായും, സത്യം കൂടുതലാളുകൾക്കു ഗ്രഹിക്കാവുന്നതാകുന്നതിനു വിവർത്തനവേല അത്യന്താപേക്ഷിതമായിരുന്നു. ഇത് അന്നത്തെ ദക്ഷിണ-പശ്ചിമ ആഫ്രിക്കയുടെ തലസ്ഥാനനഗരമായ വിൻഡ്ഹുക്കിൽ വളരെ വർഷങ്ങൾക്കു മുമ്പ് വളരെ ചെറിയ തോതിൽ ആരംഭിച്ചു.
“വിൻഡ്ഹുക്കിൽ നമ്മുടെ സാക്ഷ്യവേലക്കു പള്ളിയിൽനിന്നും പൊലീസിൽനിന്നും ശക്തമായ എതിർപ്പു നേരിട്ടു” എന്നു ഡിക്ക് വോൾഡ്രൻ അനുസ്മരിക്കുന്നു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ ഒരു ബിരുദധാരിയെന്നനിലയിൽ അദ്ദേഹം ഭാര്യയായ കോറലിയോടൊപ്പം 1953-ൽ ഈ രാജ്യത്തെത്തി. “കറുത്ത ജനങ്ങൾ പാർത്തിരുന്ന സ്ഥലങ്ങളിലേക്കു പോകാൻ ഞങ്ങൾക്ക് അനുവാദമില്ലായിരുന്നു. കറുത്തവരോടു സംസാരിക്കുന്നതായി കാണപ്പെടുമ്പോൾ ഞങ്ങളെ ചിലപ്പോൾ ഉപദ്രവിച്ചിരുന്നു. അവസാനം ഞങ്ങൾ സ്വൈരമായി വിടപ്പെട്ട ഒരു സ്ഥലം ഞങ്ങൾ കണ്ടെത്തി, അവിടെ ഞങ്ങൾക്കു സ്വൈരത കിട്ടി—ഉണങ്ങിയ ഗാമൻസ് നദീതടം! ഇതു പട്ടണത്തിനു തൊട്ടുപുറത്തായിരുന്നു. അക്കേഷ്യാകുററിക്കാടുകളുടെ മറവിൽ ഞങ്ങൾ അവിടെ ബൈബിളദ്ധ്യയനങ്ങൾ നടത്തി.”
വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് ആദ്യമായി വിവർത്തനം ചെയ്തതും അവിടെത്തന്നെയായിരുന്നു. അവയിൽ ക്വന്യാമായിലുള്ള ചില ലഘുലേഖകളും നാമായിലുള്ള “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകവും ഉൾപ്പെട്ടിരുന്നു. ഒരു താത്പര്യക്കാരന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തിയ ഈ ചെറുപുസ്തകത്തോടുള്ള ബന്ധത്തിൽ വോൾഡ്രൻ സഹോദരൻ രസകരമായ ഒരനുഭവം ഓർക്കുന്നു. “ആദാം ഒരു പൂർണ്ണ മനുഷ്യനായിരുന്നു” എന്ന വാക്യത്തിനു തത്തുല്യവാക്യം നാമായിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് താത്പര്യക്കാരൻ പറഞ്ഞു: “ആദാം പീച്ച്പഴം പോലെയായിരുന്നു എന്ന് എഴുതിയാൽ മതി. അവൻ പൂർണ്ണനായിരുന്നു എന്നു നാമാക്കാർ മനസ്സിലാക്കും.” ഇങ്ങനെയാണ് നമീബിയായിലെ നാട്ടുകാരിൽ അനേകർക്കു തിരുവെഴുത്തുകളുടെ ഗ്രാഹ്യം പകർന്നുകൊടുക്കുന്നതിനു തുടക്കം കുറിച്ചത്.—ദാനീയേൽ 11:33 താരതമ്യം ചെയ്യുക.
ഒരു നാഴികക്കല്ലിൽ എത്തുന്നു
ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകളുടെ ആരംഭത്തിൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം നോങ്കാ, ക്വന്യാമാ എന്നീ ഭാഷകളിലേക്കു വിവർത്തനം ചെയ്തപ്പോൾ ഒരു നാഴികക്കല്ലിൽ എത്തിച്ചേർന്നു. ഇവയാണ് വിൻഡ്ഹുക്കിന് ഏതാണ്ട് 700 കിലോമീററർ വടക്കുള്ള ഓവാമ്പോലാൻറിലെ നമീബിയാക്കാരുടെ വലിയ കൂട്ടം സംസാരിക്കുന്ന രണ്ടു പ്രമുഖ ഭാഷകൾ. ഓവാമ്പോലാൻറുകാരുടെ കോളനിയായ ഓഡാൻവായിൽ ഒരു പയനിയർ ഭവനം സ്ഥാപിക്കപ്പെട്ടു. വീക്ഷാഗോപുരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിവാര ബൈബിൾ ചർച്ചയിൽനിന്നു പ്രയോജനം നേടാൻ ഈ പ്രദേശത്തെ താത്പര്യക്കാരെ സഹായിക്കുന്നതിന് ഇംഗ്ലീഷിലെ അദ്ധ്യയനലേഖനങ്ങളുടെ സംഗ്രഹം നോങ്കായിലേക്കും ക്വന്യാമായിലേക്കും വിവർത്തനം ചെയ്യാൻ ഓവാമ്പോലാൻറിൽ സേവിക്കുന്ന പ്രത്യേക പയനിയർമാരെ നിയമിച്ചു.
വിവർത്തന “ഓഫീസ്” ഗാരേജിലെ വേർതിരിക്കപ്പെട്ട ഒരു മൂലയായിരുന്നു. അവിടെ പഴയ ഒരു പകർപ്പെടുപ്പുയന്ത്രത്തിന്റെ സഹായത്തോടെ, പരിഭാഷപ്പെടുത്തിയ വാച്ച്ടവർ ഭാഗത്തിന്റെ കോപ്പികൾ ഉണ്ടാക്കി. ഈ ബുദ്ധിമുട്ടുള്ള വേലയിൽ ശ്രദ്ധകേന്ദ്രീകരിക്കുക എളുപ്പമല്ലായിരുന്നു, കാരണം സ്ഥിതിഗതികൾ ഏറെക്കുറെ പ്രാകൃതമായിരുന്നു, വേനൽക്കാലതാപനില ശരാശരി 38-ഉം 44-ഉം ഡിഗ്രി സെൽഷ്യസിനിടയിലുമായിരുന്നു. എന്നുവരികിലും, ഇവിടെയായിരുന്നു പുതിയ ലഘുപത്രികകളും നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവും വിവർത്തനം ചെയ്തത്.
ഓവാമ്പോലാൻറിലും നമീബിയയിൽ മററുള്ളിടങ്ങളിലും സഭകൾ രൂപീകരിച്ചപ്പോൾ വലിപ്പമേറിയ ഭേദപ്പെട്ട കെട്ടിടങ്ങൾ ആവശ്യമാക്കിത്തീർത്ത വിധത്തിലായിരുന്നു പ്രതികരണം. കൂടുതലായി, രാജ്യത്തിന്റെ മററു ഭാഗങ്ങളിലെ ആവശ്യങ്ങൾക്കു ശ്രദ്ധനൽകാൻ കഴിയേണ്ടതിനു കുറച്ചുകൂടെ മദ്ധ്യത്തിലുള്ള ഒരു സ്ഥലം ആവശ്യമായി വന്നു. ഇതിനിടയിൽ രാജ്യപ്രസംഗവേലക്കെതിരെയുള്ള മുൻവിധി കുറഞ്ഞിരുന്നു. അതുകൊണ്ട്, വിൻഡ്ഹുക്കിലുള്ള ഒരു യഹോവയുടെ സാക്ഷി സംഭാവന ചെയ്ത ഒരു വിശാലമായ സ്ഥലത്തു പണിയുന്നതിനുള്ള അനുവാദം നേടി. പെട്ടെന്ന്, 40-തിലധികം സ്വമേധയാവേലക്കാരെ കെട്ടിടനിർമ്മാണസ്ഥലത്തു താമസിപ്പിക്കുകയും 1990 ഡിസംബറിൽ വിവർത്തന ഓഫീസുകളുടെ പണി പൂർത്തീകരിക്കുകയും ചെയ്തു.
ഇപ്പോൾ, ഈ ആധുനിക കെട്ടിടത്തിലെ സൗകര്യപ്രദമായ ഓഫീസുകളിലും മുറികളിലും അനേകർക്ക് അറിവു പകർന്നുകൊടുക്കാനുള്ള വേല ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. പുതിയ സാഹിത്യങ്ങൾ ഹെരേരോയിലേക്കും ക്വാങ്കളിയിലേക്കും തുടർച്ചയായി വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. ദ വാച്ച്ടവറിന്റെ നോങ്കായും ക്വന്യാമയും ഉൾപ്പെടുന്ന ഇരുഭാഷാപതിപ്പിന്റെ മാസംതോറുമുള്ള പതിപ്പു കളറിൽ പ്രത്യക്ഷപ്പെടുന്നു. അതിൽ എല്ലാ അദ്ധ്യയനലേഖനങ്ങളും മററു വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതു വളരെ വർഷങ്ങൾക്കുമുമ്പത്തെ, വരണ്ട നദീതടത്തിലെ ചെറിയ തുടക്കത്തിൽനിന്നു തീർച്ചയായും ഏറെ വ്യത്യസ്തംതന്നെ.
“എനിക്ക് അറിയില്ല” എന്നു വിരളമായേ ഇന്നു കേൾക്കാറുള്ളു. പകരം, നമീബിയായിലുള്ള 600-ലധികം യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വർഗ്ഗീയ പിതാവിനോട് ആഴമായി നന്ദിയുള്ളവരാണ്. ഇപ്പോൾ അവർക്കിങ്ങനെ പറയാൻ കഴിയും, “നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാൻമാരാക്കുന്നു.”—സങ്കീർത്തനങ്ങൾ 119:130.
[25-ാം പേജിലെ ചിത്രങ്ങൾ]
ഹെരേരോ ജനങ്ങൾക്കിടയിൽ സുവാർത്ത ഘോഷിക്കുന്നു
നമീബിയായിലെ ജനങ്ങളുടെ പ്രയോജനത്തിനായി ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ വിവർത്തനം ചെയ്യുന്നു
നമീബിയായിലെ വിവർത്തന ഓഫീസുകൾ