യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതു കാണുക!
“അത്തരമൊരു അവസരത്തിനായി ഞങ്ങൾ പതിവായി പ്രാർത്ഥിച്ചിരുന്നു,” ഒരു മനുഷ്യൻ പറഞ്ഞു. മറെറാരുവൻ പ്രാർത്ഥിക്കാനായി എല്ലാ പ്രഭാതത്തിലും നാലു മണിക്ക് എഴുന്നേററു. എന്തിനുവേണ്ടി? “യഹോവയെ സ്വതന്ത്രമായി ആരാധിക്കാൻ ഒരുനാൾ ഞങ്ങൾക്കു സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി,” അയാൾ പറഞ്ഞു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂററിരണ്ട് ജനുവരിയിൽ എത്യോപ്യയിലുള്ള യഹോവയുടെ സാക്ഷികൾ അഡിസ് അബാബയിൽ തങ്ങളുടെ “സ്വാതന്ത്ര്യ സ്നേഹികൾ” ഡിസ്ട്രിക്ട് കൺവെൻഷനു കൂടിവന്നപ്പോൾ ഈ എളിയ, ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരുന്നുവെന്നു വ്യക്തമായിരുന്നു.
എത്യോപ്യയിലെ ആ സമ്മേളനം ആഫ്രിക്കയിൽ കാര്യങ്ങൾക്ക് എങ്ങനെ മാററം ഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു സൂചനയായിരുന്നു. തങ്ങൾ മുമ്പു നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിരുന്ന അവിടത്തെ 13 ദേശങ്ങളിലെ യഹോവയുടെ ജനം സമീപവർഷങ്ങളിൽ നിയമപരമായ സ്വാതന്ത്ര്യം ലഭിച്ചതിൽ സന്തോഷിച്ചിരിക്കുന്നു. എത്യോപ്യയിൽ 1991 നവംമ്പർ 11-നു ഗവൺമെൻറ് അധികാരികൾ അംഗീകാരം നൽകുകയും രജിസ്ട്രേഷൻ നടക്കുകയും ചെയ്തപ്പോൾ 34 വർഷത്തെ ഔദ്യോഗിക നിരോധനം അവസാനിച്ചു. ഉടൻതന്നെ, സാക്ഷികൾ ഒരു അന്തർദ്ദേശീയ കൺവെൻഷൻ നടത്താൻ ക്രമീകരണങ്ങൾ ചെയ്തു. അഡിസ് അബാബ സിററി സ്റേറഡിയത്തിൽ സമ്മേളിച്ച 7,573 പേരുടെ കൂട്ടത്തെ കണ്ടത് ഏതൊരുവന്റെയും അതിപ്രിയങ്കരമായ ഭാവനയ്ക്ക് അതീതമായിരുന്നു. ഹാജരായിരുന്നവരിൽ അനേകർക്കും അതു സ്വപ്നം കാണുന്നതുപോലെയായിരുന്നു. “സഹോദരാ, നമ്മുടെ ദൈവമായ യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതു കാണുക!” എന്ന് അവർ വീണ്ടും വീണ്ടും അന്യോന്യം പറഞ്ഞുകൊണ്ടിരുന്നു.—സങ്കീർത്തനം 66:1-5; 126:1 താരതമ്യം ചെയ്യുക.
അവർ 34 വർഷം നിരോധനത്തിൻ കീഴിൽ കഴിഞ്ഞതു ചില അപ്രതീക്ഷിത പ്രശ്നങ്ങൾ സൃഷ്ടിച്ചു. മിക്കവർക്കും മനോഹരമായ രാജ്യഗീതങ്ങൾ പരിചിതമായിരുന്നില്ല. കൺവെൻഷനു മുമ്പ് അവർ അതെങ്ങനെ പാടാൻ പഠിക്കും? കൺവെൻഷൻ പരിപാടിയിൽ ഉപയോഗിച്ച 17 എണ്ണം ഉൾപ്പെടെ 40 ഗീതങ്ങൾ അമാരിക്ക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. അതിനുശേഷം, ഈ ഗീതങ്ങൾ ഓഡിയോ കാസററുകളിൽ റെക്കോർഡു ചെയ്യുന്നതിന് ഒരു പ്രത്യേക ഗായകസംഘത്തെ സംഘടിപ്പിച്ചു. തലസ്ഥാനത്തുള്ള ഓരോ സഭയ്ക്കും ഈ ടേപ്പിന്റെ ഓരോ കോപ്പിവീതം ലഭിച്ചു, യോഗങ്ങൾക്കു മുമ്പും ശേഷവും ഗീതങ്ങൾ അഭ്യസിക്കുന്നതിനു മുഴുസഭയും 30 മിനിട്ടു ചെലവഴിക്കുമായിരുന്നു. ഫലമെന്തായിരുന്നു? കൺവെൻഷൻ സമയത്തു മുഴുഹൃദയത്തോടുകൂടിയ, സന്തോഷഭരിതമായ ഗീതാലാപനത്താൽ സ്റേറഡിയം നിറഞ്ഞു.
ആ രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള കുഴപ്പങ്ങൾ നിമിത്തം ഡിറിഡവയിൽനിന്നും ഹാരറിൽനിന്നും തലസ്ഥാനത്തേക്കുള്ള വഴി അടച്ചിരുന്നു. അവിടെനിന്നു യാത്ര ചെയ്യാനുള്ള ഏകമാർഗ്ഗം വിമാനം വഴിയായിരുന്നു. വിമാനയാത്രക്കൂലി വഹിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടും കൺവെൻഷനിൽ പങ്കെടുക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്ന ഹാരറിലെ എട്ടു സഹോദരൻമാർ ഒരു പട്ടാളത്താവളത്തിലേക്കു ചെന്ന് ഒരു സൈനികവിമാനത്തിൽ യാത്ര ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിച്ചു. അവർ അതിശയിച്ചുപോകുമാറ് അവർക്കു യാത്രാനുമതി ലഭിച്ചു. അവർക്കു കൺവെൻഷൻ സ്ഥലത്തേക്ക് ഒരു സൗജന്യ യാത്ര ഏർപ്പാടുചെയ്തു!
കഴിഞ്ഞ മൂന്നു ദശകങ്ങളോളം കഷ്ടതയും പീഡനവും സഹിച്ചുനിന്നവരും തങ്ങളുടെ സ്നേഹിതർ വിശ്വാസത്തിൻപേരിൽ വധിക്കപ്പെടുന്നതു കാണുകപോലും ചെയ്തവരുമായ ഈ എത്യോപ്യൻ സഹോദരങ്ങൾക്കു തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചതായി കണ്ടതു സന്തോഷാശ്രുക്കൾക്ക് ഇടയാക്കി. ഒരു പ്രതിനിധി ഇപ്രകാരം പറഞ്ഞു: “കൺവെൻഷൻ തുടങ്ങിയതുമുതൽ ഞാൻ കരഞ്ഞിരിക്കുന്നു.” മറെറാരുവൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഹൃദയങ്ങളെ മനസ്സിലാക്കാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, ഞാനെത്ര സന്തുഷ്ടനാണെന്നു നിങ്ങൾ കാണുമായിരുന്നു.” അതെ, ഈ വിശ്വസ്ത സാക്ഷികൾക്കായി യഹോവ എന്തൊരു അത്ഭുതകാര്യമാണു ചെയ്തത്!—സങ്കീർത്തനം 66:16, 19.
പശ്ചിമ ആഫ്രിക്കയിലും മദ്ധ്യ ആഫ്രിക്കയിലും വർദ്ധിച്ച സ്വാതന്ത്ര്യം
യഹോവയുടെ ജനത്തിന്റെ വേലയ്ക്കു സമീപകാലത്തു നിയമാംഗീകാരം ലഭിച്ച മറെറാരു ദേശമാണു ബനിൻ. സാക്ഷികൾക്ക് അതുസംബന്ധിച്ച് എങ്ങനെ തോന്നുന്നു? അവിടത്തെ ഒരു ക്രിസ്തീയ യോഗത്തിലെ ഒരു പ്രസംഗകൻ ഇപ്രകാരം സമ്മതിച്ചു: “ഈ രാജ്യത്തെ ആരാധനാസ്വാതന്ത്ര്യം യഥാർത്ഥത്തിൽ യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്.” അതെ, ആരാധനയ്ക്ക് ഒരുമിച്ചുകൂടുന്നതിനും തങ്ങളുടെ അയൽക്കാരോടു യഹോവയുടെ രാജ്യത്തേക്കുറിച്ചു സംസാരിക്കുന്നതിനുമുള്ള അനിയന്ത്രിതസ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്നതിൽ അവിടെയുള്ള യഹോവയുടെ ദാസൻമാർ അഗാധമായ നന്ദിയുള്ളവരാണ്—നമ്മിൽ ഒട്ടേറെപ്പേർ അലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യങ്ങൾ തന്നെ.
അവർ തങ്ങളുടെ സന്തോഷം എങ്ങനെ പ്രകടമാക്കും? മേലുദ്ധരിച്ച പ്രസംഗകൻ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിധത്തിലേക്കു വിരൽചൂണ്ടി: “പ്രസംഗവേലയിലെ നമ്മുടെ പങ്കുപററൽ—പ്രത്യേകിച്ചു നാം വീടുതോറും സുവാർത്തയുമായി പോകുന്നത്—ഈ സ്വാതന്ത്ര്യത്തോടുള്ള നമ്മുടെ വിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നു.” തീർച്ചയായും ബനിനിൽ ഇതാണു വാസ്തവമായിരിക്കുന്നത്. തെളിവെന്നനിലയിൽ, പയനിയർമാരുടെ എണ്ണം നോക്കുക. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറു ജനുവരിയിൽ, 14 വർഷത്തെ നിരോധനം നീക്കം ചെയ്യപ്പെട്ട മാസം, 77 പ്രസാധകർ നിരന്തരമുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. രണ്ടു വർഷത്തിനുശേഷം ആ സംഖ്യ മൂന്നുമടങ്ങിലധികം വർദ്ധിച്ച് 244 ആയി!
നിരോധനം നീക്കപ്പെടുന്നതിനുമുമ്പു ബനിനിലെ സാക്ഷികൾ സജീവരല്ലായിരുന്നു എന്നല്ല പറയുന്നത്. അവരെ അറസ്ററു ചെയ്തു കൊണ്ടുവന്ന ക്യാമ്പിൽ നിയോഗിക്കപ്പെട്ട ഒരു പട്ടാള ഉദ്യോഗസ്ഥന്റെ മേൽ അവരുടെ സഹിഷ്ണുതക്ക്, തീർച്ചയായും, ആഴമായ ഫലം ഉളവാക്കാൻ കഴിഞ്ഞു. യഹോവയെ സേവിക്കാനുള്ള അവരുടെ ദൃഢനിശ്ചയം കൂടെക്കൂടെയുള്ള അറസ്ററുകളിലേക്കു നയിച്ചതിനാൽ, താൻ മിക്കപ്പോഴും സാക്ഷികളുമായി നിരന്തരസമ്പർക്കത്തിലാണെന്ന് അയാൾ കണ്ടെത്തി. എന്നാൽ ഇത് അവർ നിയമപരമായ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്ന മുൻകാലങ്ങളിൽ തനിക്ക് അവരോടൊത്തുണ്ടായിരുന്ന ആസ്വാദ്യമായ ബൈബിൾ ചർച്ചകളേക്കുറിച്ച് അയാളെ ഓർമ്മിപ്പിക്കാൻ ഉതകിയതേയുള്ളു.
ഒടുവിൽ, അവരുടെ ശക്തമായ വിശ്വാസം അയാളിൽ ആത്മീയ വിശപ്പിന്റെ ഒരു വികാരം ഉണർത്തി. അയാൾ വ്യത്യസ്ത സഭകളും വിഭാഗങ്ങളും സന്ദർശിച്ചുവെങ്കിലും ഒരിക്കലും ആ വിശപ്പു തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറു ജനുവരിയിൽ നിരോധനം നീക്കം ചെയ്യപ്പെട്ടതിനുശേഷം മാത്രമാണ് അയാൾക്കു സാക്ഷികളുമായി സ്വതന്ത്രമായി ബൈബിൾചർച്ച നടത്താനും തന്റെ ആത്മീയ ആവശ്യത്തിനു പരിഹാരം കണ്ടെത്താനും കഴിഞ്ഞത്. അയാൾ ഇപ്പോൾ സ്നാപനമേററ് ഒരു പയനിയറായി പ്രവർത്തിക്കുന്നു. ഒരർത്ഥത്തിൽ, അയാളുടെ മാററം തർസൊസിലെ ശൗലിനു വന്ന മാററത്തേക്കുറിച്ചു ബനിനിലെ സഹോദരൻമാരെ ഓർമ്മിപ്പിക്കുന്നു: “മുമ്പു നമ്മെ പീഡിപ്പിച്ച ഈ മനുഷ്യൻ ഇപ്പോൾ വിശ്വാസത്തെ സംബന്ധിച്ച സുവാർത്ത പ്രഖ്യാപിക്കുന്നു.”—ഗലാത്യർ 1:23, NW.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂററിയൊന്നു ഡിസംബറിൽ മറെറാരു പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ യഹോവയുടെ സക്ഷികൾ ഒരു നിയമാനുസൃത കോർപ്പറേഷൻ എന്ന നിലയിൽ രജിസ്ററർ ചെയ്യപ്പെടുകയും അവരുടെ വേലയിൻമേലുള്ള നിയന്ത്രണങ്ങൾ അവസാനിക്കുകയും ചെയ്തു. ഇവിടെയും ഒരു സന്തോഷഭരിതമായ പ്രതികരണം ഉണ്ടായിരുന്നു. നൈജറിനുവേണ്ടി ഉത്തരവാദിത്വം വഹിക്കുന്ന നൈജീരിയ ബ്രാഞ്ച് ഒരു കൺവെൻഷനിലെ പ്രതികരണത്തേക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “മറോഡി കൺവെൻഷനിലെ വെള്ളിയാഴ്ചത്തെ മുഖ്യവിഷയപ്രസംഗത്തിനുശേഷം നമുക്ക് ഇപ്പോൾ നൈജറിൽ നിയമാംഗീകാരം ഉണ്ട് എന്നു സഹോദരൻമാരെ അറിയിച്ചു. അവർ വളരെ ആവേശഭരിതരായിത്തീരുകയും അനേകമിനിട്ടുകളോളം കരഘോഷം മുഴക്കുകയും ചെയ്തു. സെഷൻ സമാപിച്ചപ്പോൾ സഹോദരങ്ങൾ അന്യോന്യം കെട്ടിപ്പുണർന്ന് അത്തരമൊരു സുവാർത്തയിൽ സന്തോഷിച്ചുകൊണ്ടു വികാരപ്രകടനം നടത്തി.” ആ രംഗം നമുക്കു ഭാവനയിൽ കാണാൻ കഴിയും, നാം അവരോടൊത്തു സന്തോഷിക്കുന്നു.
പുതുതായി ലഭിച്ച തങ്ങളുടെ സ്വാതന്ത്ര്യത്തെ അവിടെയുള്ള സഹോദരങ്ങൾ എങ്ങനെ വിനിയോഗിക്കും? ആ ചോദ്യത്തിന്റെ ഉത്തരം സംബന്ധിച്ചു നൈജറിലെ ഒരു പയനിയർ സഹോദരിക്കു യാതൊരു സംശയവുമില്ല. അവൾ എഴുതുന്നു: “നൈജറിലെ ഞങ്ങളുടെ പ്രദേശത്ത് അവസാനത്തിനുമുമ്പു മഹാബാബിലോനിൽ നിന്നു പുറത്തുവരാനിരിക്കുന്നവരുടെ എണ്ണം ധാരാളമാണെന്നു വസ്തുതകൾ പ്രകടമാക്കുന്നു. ഇതിന്റെ തെളിവെന്നനിലയിൽ, എന്റെ ധാരാളം സന്ദർശനങ്ങൾ ഞാൻ മററു പ്രസാധകർക്കു കൈമാറിയിരിക്കുന്നു എന്ന വസ്തുത ഉണ്ടായിരുന്നിട്ടും ഓരോ മാസവും 80 മുതൽ 85 വരെ മടക്കസന്ദർശനങ്ങൾ റിപ്പോർട്ടു ചെയ്യാനും 13-ഓ 14-ഓ ബൈബിൾ അദ്ധ്യയനങ്ങൾ നടത്താനും എനിക്കു കഴിഞ്ഞിട്ടുണ്ട്.” ഈ വിശ്വസ്ത സഹോദരി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ഞാൻ ആഗ്രഹിക്കുന്ന അളവോളം വയൽശുശ്രൂഷയിൽ പ്രവർത്തിക്കാൻ എനിക്കു കഴിയുന്നില്ല, എന്നാൽ ഓരോരുത്തരും തന്നാൽ ആവുന്നതു ചെയ്യുന്നു.”
മദ്ധ്യാഫ്രിക്കയിലുള്ള റുവാണ്ടയിലെ യഹോവയുടെ സാക്ഷികളുടെ അവസ്ഥയും നാടകീയമായി മാറിയിരിക്കുന്നു. ഒടുവിൽ അവരെ ഒരു നിയമാധിഷ്ഠിത സ്ഥാപനമാക്കിക്കൊണ്ട് 1992 ഏപ്രിലിൽ ഒരു പ്രമാണം വിളംബരം ചെയ്യപ്പെട്ടു. ഈ പ്രമാണം സ്മാരകത്തിന്റെ അതേ ആഴ്ചയിലാണ് ലഭിച്ചത്. ആറായിരത്തിയിരുനൂററി ഇരുപത്തെട്ടു പേർ ഈ സംഭവത്തിനു ഹാജരായതു കണ്ടതിൽ റുവാണ്ടയിലെ 1,526 പ്രസാധകർ പുളകിതരായി. ഈ പ്രിയ സഹോദരങ്ങൾ സുവാർത്ത പ്രസംഗിക്കുന്നതിലെ കൂടുതൽ പ്രവർത്തനത്താൽ തങ്ങളുടെ സന്തോഷവും വിലമതിപ്പും പ്രകടമാക്കുമോ? അതു വ്യക്തം! അതേ ഏപ്രിൽ മാസത്തിൽ സഭാപ്രസാധകർ പ്രസംഗവേലയിൽ 27.7 മണിക്കൂറിന്റെയും 17 മടക്കസന്ദർശനത്തിന്റെയും ശരാശരിയിലെത്തുകയും ശരാശരി 2.4 ബൈബിളദ്ധ്യയനങ്ങൾ നടത്തുകയും ചെയ്തു. അവരിൽ ഏകദേശം 40 ശതമാനം പേർ ഏതെങ്കിലും രൂപത്തിലുള്ള മുഴുസമയസേവനത്തിലായിരുന്നു.
തെക്കൻ ആഫ്രിക്കയിൽ നിയമാംഗീകാരം ലഭിക്കുന്നു
അങ്ങു തെക്കൻ ആഫ്രിക്കയിൽ രണ്ടു മനോഹര ദേശങ്ങളായ മൊസാംബിക്കിലും അംഗോളയിലും സ്വാതന്ത്ര്യത്തിന്റെ പുത്തൻ കാററുകൾ വീശി. മൊസാംബിക്കിൽ 1991 ഫെബ്രുവരിയിൽ നിയമാംഗീകാരം നൽകപ്പെട്ടു. അവിടത്തെ സ്ഥിതി ശാന്തമായപ്പോൾ, ആഭ്യന്തരയുദ്ധത്താൽ ദാരുണമായി തരിപ്പണമാക്കപ്പെട്ട ആ രാജ്യത്തേക്കു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി മിഷണറിമാരെ അയച്ചു. ആ മിഷണറിമാർ ഫലഭൂയിഷ്ഠമായ മണ്ണു കണ്ടെത്തി. ബൈബിൾസാഹിത്യത്തിന്—വിശേഷാൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്—വർദ്ധിച്ച ആവശ്യമുണ്ട്. രണ്ടര മണിക്കൂറിൽ കുറഞ്ഞ സമയംകൊണ്ട് 50 പുസ്തകങ്ങൾ സമർപ്പിച്ചതായി ഒരു മിഷനറി സഹോദരി റിപ്പോർട്ടു ചെയ്യുന്നു.
താൽപര്യക്കാരായ ആളുകൾ പെട്ടെന്നു പ്രതികരിക്കുന്നു. സൊസൈററിക്കു കൊടുക്കപ്പെട്ട ഒരു മേൽവിലാസത്തിൽ ഒരു മിഷനറി സന്ദർശനം നടത്തി, അതൊരു പട്ടാളക്കാരന്റേതായിരുന്നു. ആ മനുഷ്യനുമായും അയാളുടെ രണ്ടു ബന്ധുക്കളുമായും ഒരു നല്ല ചർച്ച നടത്തി. മടക്കസന്ദർശനം നടത്തിയപ്പോൾ അയാളുമായും വേറെ അഞ്ചുപേരുമായും ഫലകരമായ മറെറാരു ചർച്ച നടത്തി. അതിനുശേഷം അവർ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അദ്ധ്യയനത്തിനും ഹാജരാകുന്നതിനുള്ള ക്ഷണം സ്വീകരിച്ചു—എല്ലാം നാലു ദിവസത്തിനുള്ളിൽ.
അംഗോളയിൽ സാക്ഷികൾ 1992 ഏപ്രിലിൽ തങ്ങളുടെ വേലക്കു നിയമാംഗീകാരം ലഭിക്കുന്നതിൽ പരമകാഷ്ഠ പ്രാപിച്ച, വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം ആസ്വദിച്ചിരിക്കുന്നു. അവർ തങ്ങളുടെ വർദ്ധിച്ച സ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്? അവർ വയൽ സേവനത്തിൽ പങ്കുപററുകയാണ്! അംഗോളയിൽ 17,000-ത്തോടടുത്തു പ്രസാധകർ ഉണ്ട്, ആ പ്രസാധകർ ഏകദേശം 60,000 ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നു. ഭാവിവർദ്ധനവിന് എന്തൊരു പ്രതീക്ഷ!
കുട്ടികൾ സാക്ഷീകരണത്തിൽ പങ്കെടുക്കുന്നു
സമീപകാലത്തു പ്രസംഗവേല നിയമപരമാക്കപ്പെട്ട ഈ രാജ്യങ്ങളിൽ കുട്ടികളും ഇപ്പോഴും സ്നാപനമേൽക്കാത്തവരും പോലും ശുശ്രൂഷയിലെ പ്രവർത്തനത്താൽ തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുകയാണ്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറു നവംബറിൽ യഹോവയുടെ സാക്ഷികളെ നിയമപരമായി അംഗീകരിച്ച കേപ്പ് വെർഡി റിപ്പബ്ലിക്കിലെ ഒരു കൺവെൻഷനിൽ വിശ്വാസത്തിന്റെ ഒരു പരസ്യപ്രകടനം നടത്താൻ 17 വയസ്സുള്ള ഒരു പെൺകുട്ടി എഴുന്നേററു നിന്നു. സ്നാപനത്തിനുശേഷം അവളുടെ ചുററും ഒരു ആൾക്കൂട്ടം നിൽക്കുന്നത് ഒരു സന്ദർശകൻ കണ്ടു. അവളെ അഭിനന്ദിക്കാൻ അയാൾ അവളുടെ അടുത്തേക്കു പോയി, ആ ആൾക്കൂട്ടം ആരാണെന്ന് അയാൾ തിരക്കി. “ഓ, ഇതെന്റെ ബൈബിൾ അദ്ധ്യയനങ്ങളാണ്,” അവൾ മറുപടി പറഞ്ഞു. അവൾ ഏഴ് അദ്ധ്യയനങ്ങൾ നടത്തിയിരുന്നു, അവർ അവളുടെ സ്നാപനത്തിൽ അവളെ അഭിനന്ദിച്ചുകൊണ്ട് അവിടെ എത്തിയിരുന്നു. അവൾ ഒരു സഹായപയനിയറായി സേവിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു, കാലക്രമത്തിൽ ഒരു നിരന്തര പയനിയറായി യോഗ്യത നേടുന്നതിലേക്ക് അവൾ നോക്കിപ്പാർത്തിരുന്നു.
അംഗോളയിലെ പത്തു വയസ്സുകാരിയായ ഒരു പെൺകുട്ടിയോട് അവൾ ഒരു പ്രസാധകയാണോയെന്നു ചോദിച്ചു. അവൾ മറുപടി പറഞ്ഞു: “അതെ.” അവൾ ഏതെങ്കിലും ബൈബിളദ്ധ്യയനങ്ങൾ നടത്തിയിരുന്നോ? “തീർച്ചയായും.” എത്ര? “ഏഴ്,” ഈ പത്തു വയസ്സുകാരി ഉത്തരം നൽകി.
ഒന്നാം നൂററാണ്ടിൽ ഒരു സമയത്ത്, “യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അത് ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു” എന്നു നാം അപ്പൊസ്തലപ്രവൃത്തികളുടെ പുസ്തകത്തിൽ വായിക്കുന്നു. (പ്രവൃത്തികൾ 9:31) ആഫ്രിക്കയിലെ നമ്മുടെ സഹോദരങ്ങൾക്ക് ഇതും സാമാധാനത്തിന്റെ ഒരു കാലഘട്ടമായി പരിണമിക്കട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. അവർ കെട്ടുപണി ചെയ്യപ്പെടുമ്പോൾ നാം അവരോടൊത്തു സന്തോഷിക്കുന്നു, അവർ തങ്ങളുടെ സ്വാതന്ത്ര്യം സുവാർത്ത വ്യാപിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയും വർദ്ധിച്ചുവരികയും ചെയ്യുമ്പോൾ യഹോവയുടെ ആത്മാവ് അവരുടെമേൽ ഉണ്ടായിരിക്കട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
[24-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
യഹോവയുടെ സാക്ഷിൾക്കു നിയമാംഗീകാരം കൊടുക്കപ്പെട്ടതോ അവരുടെമേലുള്ള നിയന്ത്രണങ്ങൾ നീക്കംചെയ്യപ്പെട്ടതോ ആയ ദേശങ്ങൾ
1. ഗാംബിയ, ഡിസംബർ 1989
2. ബനിൻ, ജനുവരി 1990
3. കേപ്പ് വെർഡി റിപ്പബ്ലിക്ക്, നവംബർ 1990
4. മൊസാംബിക്, ഫെബ്രുവരി 1991
5. ഘാന, നവംബർ 1991
6. എത്യോപ്യ, നവംബർ 1991
7. കോംഗോ, നവംബർ 1991
8. നൈജർ, ഡിസംബർ 1991
9. ടോഗോ, ഡിസംബർ 1991
10. ചാഡ്, ജനുവരി 1992
11. കെനിയ, മാർച്ച് 1992
12. അംഗോള, ഏപ്രിൽ 1992
13. റുവാണ്ട, ഏപ്രിൽ 1992
[23-ാം പേജിലെ ചിത്രം]
ബനിനിൽ ഒരു രാജ്യപ്രസാധകൻ സംസാരിക്കുന്ന തന്റെ ചെണ്ടയിൽ മത്തായി 24:14-ലെ വാക്കുകൾ കൊട്ടിഘോഷിക്കുന്നു
[25-ാം പേജിലെ ചിത്രം]
ആഫ്രിക്കയിലെ അനേകം ദേശങ്ങളിൽ സത്യക്രിസ്ത്യാനികൾ പുതുതായി തങ്ങൾക്കു ലഭിച്ച സ്വാതന്ത്രത്തെ നന്നായി ഉപയോഗപ്പെടുത്തുന്നു
[26-ാം പേജിലെ ചിത്രം]
പുതിയ സാക്ഷികൾ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നു