പ്രവചനം നിവർത്തിക്കപ്പെടുന്നു
യേശുക്രിസ്തുവിന്റെ രാജ്യാധികാരത്തിലുള്ള അദൃശ്യസാന്നിദ്ധ്യത്തെക്കുറിച്ച് അവന്റെ ശിഷ്യൻമാർ ചോദിച്ചപ്പോൾ അവൻ “അധർമ്മം പെരുകുന്നതിനെ”പ്പററി മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:3,12) ഈ പ്രവചനം നമ്മുടെ നാളിൽ നിവൃത്തിയേറുന്നുണ്ടോ?
തീർച്ചയായും ഉണ്ട്! ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിയൊന്ന് ഒക്ടോബറിൽ യു.എൻ പ്രസിദ്ധീകരിച്ച “ഐക്യരാഷ്ട്രങ്ങളും കുററകൃത്യം തടയലും (The United Nations and Crime Prevention) എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ലോകത്തിലെ ഭൂരിപക്ഷം രാഷ്ട്രങ്ങൾക്കും ഗുരുതരമായ കുററകൃത്യം അസാധാരണമാംവിധം കഠിനമായ ഒരു പ്രശ്നമാണ്. സ്വന്തരാജ്യത്തെ കുററകൃത്യങ്ങൾ അതതു രാജ്യങ്ങളുടെ പിടിയിൽ ഒതുങ്ങുന്നില്ല, അന്താരാഷ്ട്ര കുററകൃത്യങ്ങളാകട്ടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇപ്പോഴത്തെ എത്തുപാടിൽ നിൽക്കാത്തവണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. . . . കുററവാളികളുടെ സംഘടിത സംഘങ്ങളാലുള്ള കുററകൃത്യങ്ങൾ ഭീതിദമായ അളവിൽ പെരുകിയിരിക്കുന്നു, ഉദ്യോഗസ്ഥൻമാരെ ശാരീരികമായി ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, അവരെക്കൊണ്ട് അഴിമതി ചെയ്യിക്കുക എന്നിവപോലുള്ള ഗുരുതരമായ ഫലങ്ങൾ ഉളവാക്കിക്കൊണ്ടുതന്നെ. ഭീകരപ്രവർത്തനങ്ങൾ പതിനായിരക്കണക്കിനു നിരപരാധികളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. ആസക്തിയുളവാക്കുന്ന മയക്കുമുരുന്നുകളുടെ ഇരപിടിയൻ കച്ചവടം ഒരു ലോകവ്യാപക ദുരന്തമായിത്തീർന്നിരിക്കുന്നു. കുററകരവും അശ്രദ്ധവുമായ പരിസ്ഥിതിനശീകരണം വളരെ ഭീഷകമായ രൂപവും ഭാവവും കൈക്കൊണ്ടിരിക്കുന്നതിനാൽ അതു ലോകത്തിനെതിരെതന്നെയുള്ള ഒരു കുററകൃത്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.”
ആക്രമണങ്ങൾ: ആയിരത്തിത്തൊള്ളായിരത്തിഎഴുപതിലെ 1,00,000 ആളുകൾക്കു 150 എന്ന നിരക്കിൽനിന്ന് 1990-ൽ 1,00,000 ആളുകൾക്ക് ഏകദേശം 400 എന്ന തോതിൽ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്നു.
മോഷണം: ആയിരത്തിത്തൊള്ളായിരത്തിഎഴുപതിലെ 1,00,000 പേർക്കു 1,000-ത്തിൽ അല്പം കവിഞ്ഞ നിരക്കിൽ നിന്നു 1990-ൽ 1,00,000 പേർക്കു 3,500 ആയി വർദ്ധിച്ചിരിക്കുന്നു.
അന്താരാഷ്ട്ര നരഹത്യകൾ: വികസ്വര രാജ്യങ്ങളിൽ 1975-നും 1985-നും ഇടക്കു 1,00,000 ആളുകൾക്ക് ഒന്ന് എന്നതിൽ നിന്ന് അത് 2.5 ആയി. വികസിത രാജ്യങ്ങളിൽ അതേ കാലയളവിൽ അതു മൂന്നിൽ കുറവിൽ നിന്നു 3.5 ആയി വർദ്ധിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുററകൃത്യങ്ങൾ: മേലുദ്ധരിച്ച പുസ്തകം ഇപ്രകാരം നിരീക്ഷിക്കുന്നു: “പ്രമുഖ വ്യാപാര ശൃംഖലകൾക്കു ചെറിയ രാഷ്ട്രങ്ങളിലെ ഗവൺമെൻറുകളേക്കാൾ കൂടുതൽ പണം ചെലവിടാനും തോക്കുകൾ പ്രയോഗിക്കാനും കഴിയുന്നു, ഇന്നോളം അവയ്ക്ക് വ്യവസായവൽകൃത രാജ്യങ്ങളുടെ വിലക്കുകളെയും നിയമപാലനശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.”
ആകമാന കുററകൃത്യ നിരക്ക്: ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയഞ്ചിലെ 1,00,000 പേർക്കു 4,000 എന്നതിൽ നിന്ന് 2,000-ാമാണ്ടാകുമ്പോഴേക്ക് ഏതാണ്ട് 8,000 ആയി വർദ്ധിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.
കുററകൃത്യത്തിന്റെ ആഗോളവർദ്ധന നാം “വ്യവസ്ഥിതിയുടെ സമാപന”ത്തിലാണ് ജീവിക്കുന്നത് എന്നു സൂചിപ്പിക്കുന്ന യേശുവിന്റെ പ്രവചനത്തിന്റെ ഒരുവശം മാത്രമാണ്. (മത്തായി 24:3, NW) “ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ” എന്നു യേശു പറഞ്ഞു.—ലൂക്കോസ് 21:31. (w92 10/15)