ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കൽ
ധാർമ്മിക വക്രതയാലും വികടത്തരത്താലും ദുഷിച്ചുപോയിരിക്കുന്ന ഒരു ലോകത്തിൽ ഭൂവ്യാപകമായി സത്യക്രിസ്ത്യാനികൾ പ്രകാശത്തിന്റെ ഉറവുകളായിക്കേണ്ടതാണ്. അവർ ഇരുണ്ട ഒരു ലോകത്തിൽ ജ്യോതിസ്സുകളായിരിക്കേണ്ടതാണ്. (ഫിലിപ്പിയർ 2:15) അനേകായിരങ്ങൾ പയനിയർമാർ അഥവാ മുഴുസമയ പ്രസംഗകരെന്ന നിലയിൽ ഇതു ചെയ്യാൻ സന്നദ്ധരാണ്. അവരിൽ ഒരു വലിയ സംഖ്യ സേവനത്തിൽ ദീർഘവർഷങ്ങൾ ചെലവഴിക്കുകയും എല്ലാത്തരമാളുകളും യേശുക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായിത്തീരാൻ ജീവിതത്തിൽ മാററം വരുത്തുന്നതു കണ്ടതിലൂടെ പ്രതിഫലം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.—മത്തായി 28:19.
ഈ പവിത്ര സേവനത്തിൽ തുടരാനും തങ്ങളുടെ പഠിപ്പിക്കൽ വൈദഗ്ദ്ധ്യത്തിൽ മെച്ചപ്പെടാനും ഈ പയനിയർമാരെ പ്രോൽസാഹിപ്പിക്കുന്നതിനു യഹോവയുടെ സാക്ഷികൾ പയനിയർസേവനസ്കൂൾ ക്രമീകരിച്ചിരിക്കുന്നു. അതു പയനിയർമാരെ മൂന്നു മണ്ഡലങ്ങളിൽ സഹായിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന പത്തു ദിവസത്തെ ഒരു ബൈബിളധിഷ്ഠിത പഠനപദ്ധതി ആണ്: യേശുക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ യഹോവയോടുകൂടെ നടക്കുന്നതിൽ; സഹോദരൻമാരുടെ മുഴു സമൂഹത്തോടുമുള്ള സ്നേഹം വർദ്ധിതമാക്കുന്നതിൽ; ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുന്നതിൽ.
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ പയനിയർസ്കൂൾ
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാംഗ്വിയിൽ 1991 ഓഗസ്ററിൽ 48 വിദ്യാർത്ഥികളും 2 അദ്ധ്യാപകരും ഒരുമിച്ചുകൂടി. വിദ്യാർത്ഥികൾക്കു തങ്ങളുടെ വേലക്കുവേണ്ടി പ്രബോധനങ്ങളും പ്രായോഗികനിർദ്ദേശങ്ങളും സ്വീകരിക്കണമായിരുന്നു. ബാംഗ്വി ക്ലാസ് സംബന്ധിച്ചു വളരെ ആവേശകരമായിരുന്നതെന്തായിരുന്നു?
ഒരു സംഗതി വിദ്യാർത്ഥികളിൽ 21 പേർ അപ്പോഴും ലൗകികസ്കൂളിൽ പോകുന്നവരായിരുന്നു എന്നതാണ്. സ്കൂളിലായിരിക്കെ, അവർക്കു നിരന്തരപയനിയർ സേവനത്തിലേർപ്പെടാൻ ക്രമീകരണംചെയ്യാൻ കഴിഞ്ഞു. അവർ പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും തങ്ങളുടെ അവധിക്കാലമാസങ്ങളും ഒഴിവുള്ള വാരാന്തങ്ങളും അപരാഹ്നങ്ങളും ഉപയോഗിച്ചു.
ഈ യുവജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ ഇപ്പോൾ സേവിക്കുന്നതിന്റെ പ്രാധാന്യം കണ്ടിരിക്കുന്നു. (സഭാപ്രസംഗി 12:1; 1 കൊരിന്ത്യർ 7:29 താരതമ്യപ്പെടുത്തുക.) അവരിൽ 12 പേർക്ക് അവിശ്വാസികളായ മാതാപിതാക്കളാണുണ്ടായിരുന്നതെന്ന വസ്തുത ശ്രദ്ധാർഹമായിരുന്നു. ജഡികസഹോദരൻമാരായിരുന്ന രണ്ടു ബാലൻമാർ തങ്ങളുടെ വിശ്വാസംനിമിത്തം അവരുടെ പിതാവിനാൽ വീട്ടിൽനിന്ന് ഇറക്കിവിടപ്പെട്ടു. സഭയിലെ ഒരു യുവദമ്പതികൾ ഈ രണ്ടു ബാലൻമാർക്കു തങ്ങളുടെ വീടു തുറന്നുകൊടുത്തു.
മീക്കേയുടെയും സൂലാമിത്ത് കാലേബിന്റെയും സംഗതി വ്യത്യസ്തമായിരുന്നു. ഇരുവരും പയനിയർമാരായിരുന്നു. അവരും സ്കൂളിൽ പോകുന്നു, എന്നാൽ അവരുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണ്. യഥാർത്ഥത്തിൽ അവരുടെ പിതാവ് അതേ ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയായിരുന്നു!
ബാംഗ്വിയിലെ സഭകളും ക്ലാസ്സിൽ പങ്കെടുത്തു, ഒരു വ്യത്യസ്ത വിധത്തിലായിരുന്നുവെന്നുമാത്രം. ഭക്ഷണംപോലെയുള്ള ഭൗതികാവശ്യങ്ങളിൽ അവർ സഹായിച്ചു. ക്ലാസ്സിനു ഭക്ഷണം കൊടുക്കാൻ പണവും അതുപോലെതന്നെ കോഴികളും പഞ്ചസാരയും അരിയും മരച്ചീനിയും സംഭാവനചെയ്യപ്പെട്ടു.
ലളിതമെങ്കിലും രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതിന് അടുത്തുള്ള സഭകൾ അടുക്കളജോലിക്കാരെ സംഘടിപ്പിച്ചു. മദ്ധ്യാഫ്രിക്കൻ റിപ്പബ്ലിക്ക് എല്ലാവരും വിലമതിക്കുന്ന ഒരു ഭോജനമായ എൻഗൂൺസായിക്കു പ്രസിദ്ധമാണ്. അതിന്റെ പാചകവിധി എന്താണ്? മരച്ചീനിയില, പാമോയിൽ, ഉള്ളി, ധാരാളം വെളുത്തുള്ളി, ഗണ്യമായ അളവിൽ നിലക്കടല നെയ്യ് എന്നിവയും നന്നായി വേകാനനുവദിക്കുന്നതിനുള്ള ക്ഷമയും. ഓരോ അടുക്കളജോലിസംഘത്തിനും അതു പാചകംചെയ്യുന്നതിനുള്ള സ്വന്തം പ്രത്യേക രീതി ഉണ്ടായിരുന്നു. അത് ഒരു വലിയ വിജയമായിരുന്നു; ആർക്കും അതു വേണ്ടെന്നു പറയാൻ കഴിയുമായിരുന്നില്ല.
ബാംഗ്വിക്കു വെളിയിൽ രണ്ടു ക്ലാസ്സുകൾ നടത്തപ്പെട്ടു, ഒന്നു ബ്വാറിലും ഒന്നു ബാംബാറിയിലും; അങ്ങനെ വിദ്യാർത്ഥികളുടെ മൊത്തം സംഖ്യ 68 ആയി. കഴിഞ്ഞ രണ്ടു വർഷക്കാലത്ത്, മദ്ധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽ പയനിയർമാരുടെ എണ്ണത്തിൽ ഒരു വർദ്ധനവുണ്ടായി. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടു ജനുവരിയിൽ 149 നിരന്തര പയനിയർമാരും 17 പ്രത്യേക പയനിയർമാരും 78 സഹായ പയനിയർമാരും ഉണ്ടായിരുന്നു. ഇതു പ്രസംഗകരുടെയും മണിക്കൂറുകളുടെയും മടക്കസന്ദർശനങ്ങളുടെയും ബൈബിളദ്ധ്യയനങ്ങളുടെയും പുതിയ അത്യുച്ചങ്ങൾ സഹിതം മുഴു രാജ്യത്തും വർദ്ധിച്ച പ്രവർത്തനത്തിൽ കലാശിച്ചു. കൂടുതൽ പ്രവർത്തകരുള്ളപ്പോൾ, കൊയ്ത്തു വർദ്ധിക്കുന്നു.—യെശയ്യാവു 60:21, 22; മത്തായി 9:37, 38.
ഈ കരുതലുകൾക്കുവേണ്ടി നാം യഹോവയാം ദൈവത്തിനും ഈ ക്ലാസ്സുകൾ ക്രമീകരിച്ചതിന് അവന്റെ ഭൗമികസ്ഥാപനത്തിനും നന്ദി കൊടുക്കുന്നു. ഈ അന്ധകാരലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കാൻ അവ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ സഹായിക്കുന്നു.
[24-ാം പേജിലെ ചിത്രം]
ഇപ്പോഴും ഹൈസ്കൂളിൽ പഠിക്കുന്ന ഇരുപത്തൊന്നു പയനിയർ-സ്കൂൾ വിദ്യാർത്ഥികൾ
25-ാം പേജിലെ ചിത്രം]
ഈ രണ്ടു ബാലൻമാർ സത്യം നിമിത്തം വീടുവിട്ടുപോകേണ്ടിവന്നു