അവർ “പറുദീസ”യിൽ യഥാർത്ഥ സന്തുഷ്ടി കണ്ടെത്തുന്നു
പറുദീസ! ആളുകൾ ഹവായിയെപ്പററി ചിന്തിക്കുമ്പോൾ മിക്കപ്പോഴും ആ വാക്ക് ഓർമ്മയിലേക്കു വരുന്നു—നല്ല കാരണങ്ങളാൽ. മിതമായ കാലാവസ്ഥയും നീലാകാശവും കാററിൽ ആടിയുലയുന്ന പനമരങ്ങളും നവോൻമേഷദായകമായ മന്ദമാരുതനും മണൽ വിരിച്ച കടൽത്തീരങ്ങളും—പറുദീസാതുല്യമായി ആളുകൾ കണക്കാക്കുന്ന പല ഘടകങ്ങളും—ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.
ഈ സവിശേഷതകൾ വിദൂരത്തുനിന്നും സമീപത്തുനിന്നും ആളുകളെ ആകർഷിച്ചിരിക്കുന്നു. ഏഷ്യയിൽ നിന്നും പസഫിക്കിൽ നിന്നും അമേരിക്കാകളിൽനിന്നും കരീബിയൻ ദ്വീപുകൾ, യൂറോപ്പ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽനിന്നുപോലും അവർ വന്നിരിക്കുന്നു. വർഷത്തിലുടനീളം ലഭിക്കുന്ന മിതമായ കാലാവസ്ഥനിമിത്തം ചിലർ ഇവിടെ വന്നു താമസമാക്കിയിരിക്കുന്നു. മററു ചിലരാകട്ടെ സാമ്പത്തിക സുരക്ഷിതത്വം—തീർച്ചയായും സന്തുഷ്ടിയും—തേടി എത്തിയിരിക്കുന്നു. നിറപ്പകിട്ടാർന്ന വിവിധ സംസ്കാരങ്ങളും മതപരമായ ആശയങ്ങളും സഹിതം വ്യത്യസ്ത രാജ്യക്കാരും ഭാഷാകൂട്ടങ്ങളും ഉരുകി ഒന്നായിരിക്കുന്നു എന്നതാണ് ഫലം.
എന്നിരുന്നാലും ഈ ചിത്രത്തിനു മറെറാരു വശവുംകൂടെയുണ്ട്. ഭൂമിയിലെ സുന്ദരമായ അനേകം പ്രദേശങ്ങളെപ്പോലെ, ഒരുവൻ എവിടെ ജീവിച്ചാലും അവിടെയെല്ലാം മാനവ കുടുംബത്തിൻമേൽ വന്നുകയറുന്ന കുററകൃത്യം, മയക്കു മരുന്നുകൾ, ദുഷ്കൃത്യം, മലിനീകരണം എന്നിവയും മററനേകം പ്രശ്നങ്ങളും ഹവായിയെയും ബാധിച്ചിരിക്കുന്നു. മമനുഷ്യന്റെ അവഗണനയിലൂടെയും സ്വാർത്ഥതയിലൂടെയും ക്രമേണ ഹവായി ദ്വീപുകളിൽനിന്ന് അവയുടെ പ്രകൃതിരമണീയത കവർന്നെടുക്കപ്പെടുന്നു. പറുദീസയിലിരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു, എന്നാൽ ഇവിടെ ജീവിക്കുന്ന എല്ലാവരും ഈ ദ്വീപുകളെ ഒരു പറുദീസയാക്കാനോ കുറഞ്ഞപക്ഷം അങ്ങനെ നിലനിർത്താനോ വേണ്ടത്ര താൽപര്യമുള്ളവരല്ല. ഒരു പറുദീസ നിർമ്മിക്കാൻ സുന്ദരമായ പ്രകൃതിദൃശ്യങ്ങളും സുഖപ്രദമായ കാലാവസ്ഥയും മാത്രം പോരാ.
എന്നിരുന്നാലും ഈ പറുദീസതുല്യമായ ചുററുപാടുകളിൽ യഥാർത്ഥ സന്തുഷ്ടി ആസ്വദിക്കുന്ന, എണ്ണത്തിൽ പെരുകിവരുന്ന ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്. അവർ ബൈബിൾസത്യങ്ങൾ ആശ്ലേഷിക്കുകയും ദൈവത്തിന്റെ പിൻവരുന്ന അത്ഭുതകരമായ വാഗ്ദാനം കാര്യമായി എടുക്കുകയും ചെയ്യുന്ന വ്യക്തികളാണ്: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” അപ്പോസ്തലനായ പത്രോസിന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട് ഈ ആളുകൾ സന്തുഷ്ടിയോടെ ഭാവിയിലേക്കു നോക്കുകയാണ്: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (യെശയ്യാവു 65:17; 2 പത്രൊസ് 3:13) ഈ ആളുകൾ ആരാണ്? ബൈബിളിലുള്ള ഈ അത്ഭുതകരമായ പ്രത്യാശയെപ്പററി അവർ പഠിക്കാനിടയായത് എങ്ങനെയാണ്? അവരുടെ ജീവിതത്തിൽ എന്തു മാററങ്ങളാണു വന്നിട്ടുള്ളത്?
മരണത്തോടുള്ള ഭയത്തെ കീഴടക്കിയിരിക്കുന്നു
ഇസബേലും അവളുടെ ഭർത്താവു ജോർജ്ജും ഫിലിപ്പീനോ വർഗ്ഗത്തിൽപ്പെട്ടവരാണ്. അവൾ ഒരിക്കലും ബൈബിൾ തുറന്നു നോക്കിയിട്ടില്ലായിരുന്നെങ്കിലും അവളുടെ മാതാപിതാക്കളുടെ റോമൻ കത്തോലിക്കാ മതമനുസരിച്ച് അവൾ വളർത്തപ്പെട്ടു. മാനുഷദേഹി അമർത്ത്യമാണെന്ന് അവളെ പഠിപ്പിച്ചിരുന്നു. അവൾ ഈ വ്യാജോപദേശത്തോട് എങ്ങനെയാണ് പ്രതികരിച്ചത്? കൊള്ളാം, മരണത്തെപ്പററിയുള്ള ചിന്ത അവളെ ഭയപ്പെടുത്തി. കാരണം, അവളുടെ ദേഹിയെ പുറത്തു കടക്കാനാവാത്ത വിധം എന്നേക്കുമായി ജീവനോടെ ഒരു ശവപ്പെട്ടിയിൽ കുഴിച്ചുമൂടപ്പെടുമെന്നതായിരുന്നു അവളുടെ ചിന്ത. എന്നാൽ 1973-ൽ ഇസബേൽ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. മാനുഷദേഹി അമർത്ത്യമല്ലെന്നും പുനരുത്ഥാനത്തിലൂടെ ദൈവം മരണത്തെ ഇല്ലായ്മ ചെയ്യുമെന്നും മനസ്സിലാക്കിയപ്പോൾ അവൾ വളരെയധികം സന്തോഷിക്കുകയും അവൾക്കു വലിയ ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. (യെഹെസ്ക്കേൽ 18:4, 20; യോഹന്നാൻ 5:28, 29) ബൈബിൾ സത്യം അവളുടെമേൽ നല്ല ഒരു ധാരണ ഉളവാക്കിയതിനാൽ അവൾ വളരെ വേഗം പുരോഗമിച്ചു.
ജോർജ്ജിനെ സംബന്ധിച്ചെന്ത്? അയാളും ബൈബിൾ ചർച്ചയിൽ പങ്കെടുത്തു, എന്നാൽ യഹോവയുടെ സാക്ഷികൾക്കു തെററുപററി എന്നു തെളിയിക്കുകയെന്ന ആശയത്തോടെയായിരുന്നു. എന്നാൽ തന്നെയും ഭാര്യയെയും അവർ പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ യാതൊരു തെററും അയാൾക്കു കണ്ടെത്താൻ കഴിഞ്ഞില്ല. വാസ്തവത്തിൽ അവർ പഠനം തുടങ്ങി ഏറെ താമസിയാതെ രക്തത്തിന്റെ വിഷയം പൊന്തിവന്നു. അന്നുവരെ രക്തം ചേർത്തു തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതു ജോർജ്ജിന് ഇഷ്ടമായിരുന്നു. എന്നാൽ രക്തം ഭക്ഷിക്കുന്നതു ബെബിൾ വ്യക്തമായി കുററം വിധിക്കുന്നു എന്നു കണ്ടപ്പോൾ അയാൾ അതുപേക്ഷിച്ചു. (ഉൽപത്തി 9:3, 4; ലേവ്യപുസ്തകം 17:10-12; പ്രവൃത്തികൾ 15:28, 29) അയാൾ ബൈബിൾ അദ്ധ്യയനത്തിൽ തുടർന്നു പങ്കുപററുകയും ഒടുവിൽ സത്യം കണ്ടെത്തിയതിൽ പുളകിതനായിത്തീരുകയും ചെയ്തു. ഇന്നു ജോർജ്ജും ഇസബേലും അവരുടെ നാലു മക്കളും ദൈവത്തിന്റെ പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നതിൽ യഥാർത്ഥ സന്തുഷ്ടി ആസ്വദിക്കുന്നു.
സത്യക്രിസ്ത്യാനിത്വത്താൽ ആകർഷിക്കപ്പെടുന്നു
ജപ്പാൻകാരനായ ജോർജ്ജും അയാളുടെ പോർച്ചുഗീസ് ഭാര്യ ലില്ലിയനും അവരുടെ 60-കളിലാണ്. അവർ ഇരുവരും ഹവായിയിൽ ജനിച്ചുവളർന്നവരാണ്. ജോർജ്ജിനു മാതാപിതാക്കളിൽനിന്നു മതപരമായ പ്രബോധനമൊന്നും ലഭിക്കാഞ്ഞതിനാൽ അയാൾ ഒരിക്കലും മതത്തെ ഗൗരവമായി എടുത്തിരുന്നില്ല. എന്നിരുന്നാലും അയാൾ എന്നും ദൈവത്തിൽ വിശ്വസിച്ചിരുന്നു. നേരെമറിച്ചു ലില്ലിയന്റെ മാതാപിതാക്കൾ അവരെ അവരുടെ മതത്തിൽ ഒരു റോമൻ കത്തോലിക്കയായി വളർത്തിക്കൊണ്ടുവന്നു.
ജോർജ്ജിനു ബൈബിൾവായനയിൽ അത്ര വലിയ താത്പര്യമൊന്നും ഇല്ലായിരുന്നെങ്കിലും അയാൾ 30 വർഷമായി വീക്ഷഗോപുരം, ഉണരുക! മാസികകൾ വായിക്കുന്നുണ്ടായിരുന്നു. അങ്ങനെ അയാൾ ബൈബിളിനെക്കുറിച്ചു വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ കനത്ത പുകവലിക്കാരനും മദ്യപാനിയുമായിരുന്നതിനാൽ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്ന കാര്യത്തിൽ അയാൾ മടിച്ചുനിന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ജോർജ്ജു മാസികകൾ വായിക്കുകയും വല്ലപ്പോഴുമൊക്കെ രാജ്യഹാളിലെ മീററിംഗുകൾക്കു ഹാജരാവുകയും ചെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അയാൾ പറഞ്ഞപ്രകാരം, ബൈബിളിൽ കുററംവിധിച്ചിരിക്കുന്ന ചീത്തക്കാര്യങ്ങൾ ശരിവക്കുന്ന “മററു മതങ്ങളെല്ലാം അങ്ങേയററം കപടഭക്തിപരമാണ്.” യഹോവയുടെ സാക്ഷികൾ വ്യത്യസ്തരാണെന്ന് അയാൾക്കു കാണാൻ കഴിഞ്ഞു.
തന്റെ മാതാപിതാക്കളുടെ മതത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടും ജോർജ്ജിന്റെ വിശ്വസ്ത ഭാര്യയായിരുന്ന ലില്ലിയനെ ദൈവവചനത്തിലെ സത്യത്തിലേക്ക് ആകർഷിച്ചതെന്തായിരുന്നു? കൊള്ളാം, അവരുടെ ജഡിക സഹോദരി അവരെ രാജ്യഹാളിലെ മീററിംഗുകൾക്കു ക്ഷണിച്ചു. “സന്തുഷ്ടമായ കുടുംബാന്തരീക്ഷവും സൗഹൃദഭാവത്തിലുള്ള പുഞ്ചിരിയും ഞാൻ ആസ്വദിച്ചു,” ലില്ലിയൻ അനുസ്മരിച്ചു. യഹോവയുടെ ജനത്തിന്റെ ഇടയിൽ പ്രകടമാക്കപ്പെട്ട യഥാർത്ഥ സ്നേഹം ഇതാണു സത്യമെന്ന് അവരെ ബോദ്ധ്യപ്പെടുത്തി. (യോഹന്നാൻ 13:34, 35) അവർ ഒരു ബൈബിളദ്ധ്യയനത്തിനു സമ്മതിച്ചു, കാലക്രമത്തിൽ അവളുടെ ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിക്കുകയും അവരുടെ ഭർത്താവു സ്നാപനമേററു ഏതാനും മാസങ്ങൾക്കുശേഷം അവരും സ്നാപനമേൽക്കുകയും ചെയ്തു.
ജോർജ്ജ് ഇപ്പോൾ പുകവലിക്കുകയോ കുടിച്ചുമത്തനാവുകയോ ചെയ്യുന്നില്ല, ലില്ലിയനാകട്ടെ അവരുടെ മതപരമായ വിഗ്രഹങ്ങളെല്ലാം ദൂരെ കളഞ്ഞിരിക്കുന്നു. സ്നേഹം നിറഞ്ഞ ഹൃദയങ്ങളോടെ അവർ തങ്ങൾ പഠിച്ച കാര്യങ്ങൾ തങ്ങളുടെ 25 കൊച്ചുമക്കളും അവരുടെ മക്കളായ 4 പേരും ഉൾപ്പെടെയുള്ള മററുള്ളവരുമായി പങ്കുവയ്ക്കുന്നു. അവരുടെ മുഖത്തേക്ക് ഒന്നു നോക്കുക, ജോർജ്ജും ലില്ലിയനും എത്ര സന്തുഷ്ടരാണെന്നു കാണുക!
സമാധാനവും സന്തുഷ്ടിയും കണ്ടെത്തി
മദ്ധ്യവയസ്ക്കനായ ഐറിഷ്കാരൻ പാട്രിക്കും അയാളുടെ യഹൂദ്യ ഭാര്യ നീനയും ഹവായിയിലേക്കു വന്നത് ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറെ ഭാഗത്തു നിന്നാണ്. നേരത്തെ അവർ മയക്കുമരുന്നുകളും മതപരമായ പരീക്ഷണങ്ങളും അഴിഞ്ഞ ധാർമ്മികതയും സഹിതം സ്വതന്ത്രജീവിതരീതി എന്നു വിളിക്കപ്പെടുന്ന ജീവിതമാണ് നയിച്ചിരുന്നത്. ഒരു ഉപാസനാക്രമത്തിലെ അംഗങ്ങളെന്നനിലയിൽ മയക്കുമരുന്നുകളിലൂടെയും ധ്യാനത്തിലൂടെയും അവരുടെ സ്വകാര്യഗുരുവിലൂടെയും ഉപരിജ്ഞാനം നേടാൻ ശ്രമിച്ചുകൊണ്ട് അവർ അനേകം വർഷം ചെലവഴിച്ചിരുന്നു. ഒടുവിൽ, ‘ഉപരിജ്ഞാനം’ നേടിയതായി അവകാശപ്പെട്ടിരുന്ന ഉപാസനാക്രമ അംഗങ്ങൾക്കിടയിലെ അസൂയയും മത്സരവും നിരന്തര ശണ്ഠയും പാട്രിക്കിനു മടുത്തു. അയാൾ കൂട്ടംവിട്ടു മനസ്സമാധാനം കണ്ടെത്താമെന്നുള്ള പ്രതീക്ഷയോടെ താൻ ഒരു കാലത്തു ജീവിച്ചിരുന്ന ഹവായിയിലേക്ക് മടങ്ങി. പിന്നീട് അന്നു തന്റെ കൂട്ടുകാരി മാത്രമായിരുന്ന നീനയെ അവിടം സന്ദർശിക്കാൻ അയാൾ സമ്മതിപ്പിച്ചു. കാലക്രമത്തിൽ അവർ വിവാഹം കഴിച്ച് അവിടെ പാർപ്പാരംഭിച്ചു.
സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അവരുടെ അന്വേഷണം ഒടുവിൽ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കുന്നതിലേക്കു നയിക്കുമെന്നു പാട്രിക്കും നീനയും ഒട്ടും അറിഞ്ഞിരുന്നില്ല. തന്റെ ജീവിതകാലം മുഴുവൻ ഒരു ഉറച്ച നിരീശ്വരവാദിയായിരുന്ന നീന തിൻമ സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്, നല്ല ആളുകൾക്കു തിൻമ ഭവിക്കുന്നതെന്തുകൊണ്ട് എന്നുംമററുമുള്ള കുഴക്കുന്ന ചോദ്യങ്ങൾക്ക് ബൈബിളിൽ നിന്നു തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തിത്തുടങ്ങി. പാട്രിക്കിന്റെ പത്തു വർഷത്തെ സത്യാന്വേഷണവും സന്തുഷ്ടികരമായി പര്യവസാനിച്ചു. പെട്ടെന്നു തന്നെ, അയാളും നീനയും ബൈബിളിൽ നിന്നു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ അവരുടെ സദാചാരപരമായ വീക്ഷണത്തിനു മാററം വരുത്തിത്തുടങ്ങി. ദീർഘവും കഠിനവുമായ ഒരു പോരാട്ടത്തിനുശേഷം പാട്രിക്കിന് ആഴത്തിൽ വേരോടിയിരുന്ന തന്റെ പുകയില ആസക്തിയെ കീഴടക്കാൻ കഴിഞ്ഞു. ഇപ്പോൾ ഒരു ദശകത്തോളം അയാളും ഭാര്യയും ദൈവത്തിന്റെ പ്രമാണങ്ങളനുസരിച്ച് ശുദ്ധവും ധാർമ്മികവുമായ ജീവിതം നയിച്ചുപോരുന്നു. നിർമ്മലഹൃദയത്തോടും ശുദ്ധ മനസ്സാക്ഷിയോടും കൂടെ അവർ തേടിയിരുന്ന സമാധാനം അവർ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
ത്യാഗങ്ങളും പ്രതിഫലങ്ങളും
“ഇടുക്കു വാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴിയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 13:24) ദൈവത്തെ സേവിക്കുന്നതും തിരുവെഴുത്തു പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നതും എളുപ്പമല്ല എന്നു യേശുക്രിസ്തുവിന്റെ ആ വാക്കുകൾ വ്യക്തമായി കാണിക്കുന്നു. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരും അതിന് ആവശ്യമായ ശ്രമം ചെയ്യുക മാത്രമല്ല ആവശ്യമായ ത്യാഗങ്ങളും അനുഷ്ഠിക്കണം. ഈ വിവരണത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികളുടെ സംഗതിയിൽ തീർച്ചയായും അങ്ങനെയായിരുന്നു. എന്നാൽ എത്ര അത്ഭുതകരമായ പ്രതിഫലമാണ് അവർക്കു ലഭിച്ചിരിക്കുന്നത്!
ഉദാഹരണമായി, ഇപ്പോൾ പറഞ്ഞ പാട്രിക്കിന്റെയും നീനയുടെയും കാര്യം തന്നെ എടുക്കാം. വളരെയധികം പണം സമ്പാദിച്ചിരുന്ന ഒരു ജീവിതരീതിയിൽ നിന്നു ഒരു അംശകാല ലൗകിക ജോലിയാൽ പിന്താങ്ങപ്പെടുന്ന ഒരു മുഴുസമയ ക്രിസ്തീയ ശുശ്രൂഷയിലേക്കുള്ള വലിയ മാററം അവർ വരുത്തി. എന്നിരുന്നാലും, തങ്ങൾ അനുഷ്ഠിച്ച ഭൗതിക ത്യാഗങ്ങളേക്കാൾ ഏറെ ഈടുററത് തങ്ങളുടെ ആത്മീയ നേട്ടങ്ങളാണെന്ന് അവർക്കു ബോദ്ധ്യമുണ്ട്. അവർ യഥാർത്ഥത്തിൽ സന്തുഷ്ടരാണ്.
തങ്ങളുടെ പ്രായം നിമിത്തം ജോർജ്ജിനും ലില്ലിയനും മാററങ്ങൾ വരുത്തുക എളുപ്പമായിരുന്നില്ല. ക്രിസ്തീയ മീററിംഗുകളിലും ശുശ്രൂഷയിലും പങ്കുപററുന്നതിനു സമയവും ശ്രദ്ധയും കായിക ശ്രമവും ആവശ്യമാണ്. എന്നിരുന്നാലും അവർക്കു വലിയ സന്തോഷത്തിനിടയാക്കിക്കൊണ്ട് അവരുടെ ആരോഗ്യം മെച്ചപ്പെട്ടു, ഇന്ന് അവർ നയിക്കുന്ന ജീവിതത്തെ തിരക്കേറിയത്, തികഞ്ഞത്, സന്തുഷ്ടം എന്നേ വർണ്ണിക്കാൻ കഴിയുകയുള്ളു.
ജോർജ്ജിനെയും ഇസബേലിനെയും സംബന്ധിച്ചടത്തോളം അവരുടെ മുമ്പാകെയുള്ള ഏററം വലിയ വെല്ലുവിളി അവരുടെ കുട്ടികളെ പരിശീലിപ്പിക്കുകയും ജീവന്റെ വഴിയെ മുന്നേറാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്. ക്രിസ്തീയ മീററിംഗുകളിൽ പങ്കുപററാനും ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടാനും നാലു യുവപ്രായക്കാരെ സജ്ജരാക്കുന്നതിനു വളരെ സമയവും ശ്രമവും ആവശ്യമാണ്. ഒരു ഘട്ടത്തിൽ നിരന്തര സമ്മർദ്ദം, ജോർജ്ജും ഇസബേലും മാതാപിതാക്കളെന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വം അവഗണിക്കാനിടയാക്കി. എന്നാൽ “ആത്മത്യാഗത്തിന്റെ ആത്മാവിനെ പുതുക്കുക” എന്ന ഒരു ബൈബിൾ പ്രസംഗം ‘യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടു വരുവാൻ’ ആവശ്യമായ ശ്രദ്ധയും പരിശീലനവും തങ്ങളുടെ നാലു കുട്ടികൾക്കു കൊടുക്കാനുള്ള ശ്രമങ്ങളെ ഇരട്ടിക്കാൻ അവരെ പ്രേരിപ്പിച്ചു. അത്തരം ശ്രമങ്ങൾക്കു സമൃദ്ധമായ പ്രതിഫലം ലഭിച്ചു എന്നു പറയേണ്ടതില്ലല്ലോ.—എഫെസ്യർ 6:4, NW.
സുന്ദരമായ പ്രകൃതിദൃശ്യങ്ങളോ സുഖപ്രദമായ കാലാവസ്ഥയോ തിരക്കു കുറഞ്ഞ ജീവിതമോ അല്ല ഈ വ്യക്തികൾക്കും മററ് അനേകർക്കും യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്നത്. മറിച്ച്, അത് അവർ തങ്ങളുടെ ജീവിതത്തെ ദൈവേഷ്ടത്തോടു ചേർച്ചയിൽ ഉപയോഗിക്കയാണെന്നും അവന്റെ വചനമായ ബൈബിളിലെ പ്രമാണങ്ങളനുസരിച്ചു ജീവിക്കയാണെന്നുമുള്ള അറിവാണ്. (സഭാപ്രസംഗി 12:13) മാത്രവുമല്ല, ഭൂവിസ്തൃതമായി ഒരു ഭൗമിക പറുദീസ പുനഃസ്ഥാപിതമാകുന്ന ആ സന്തോഷകരമായ സമയത്തെപ്പററി ധ്യാനിക്കുമ്പോൾ യഥാർത്ഥ സന്തുഷ്ടി അവരുടെ ഹൃദയങ്ങളിൽ നുരഞ്ഞുപൊന്തുന്നു.—ലൂക്കോസ് 23:43.
[24-ാം പേജിലെ ചിത്രം]
ജോർജ്ജും ഇസബേലും അവരുടെ കുട്ടികളും ബൈബിൾ വായിക്കുന്നതിൽ ഉല്ലാസം കണ്ടെത്തുന്നു
[25-ാം പേജിലെ ചിത്രം]
ജോർജ്ജും ലില്ലിയനും ക്രിസ്തീയശുശ്രൂഷയിൽ സന്തുഷ്ടി കണ്ടെത്തുന്നു
[26-ാം പേജിലെ ചിത്രം]
പാട്രിക്കും നീനയും യഹോവയുടെ സേവനത്തിൽ യഥാർത്ഥ സമാധാനം ആസ്വദിക്കുന്നു