മൊസാംബിക്കിന്റെ ജിജ്ഞാസയുണർത്തുന്ന തലസ്ഥാനമായ—മാപ്പുട്ടോയിൽ പ്രസംഗിക്കൽ
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നിൽ മൊസാംബിക്കിൽ യഹോവയുടെ സാക്ഷികൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. അന്നുമുതൽ ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്തെ ഈ ഉഷ്ണമേഖലാ രാജ്യത്ത് ദൈവരാജ്യസുവാർത്തയുടെ പ്രസംഗം പകിട്ടാർന്ന പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. ചുവടെ ചേർക്കുന്നതു യഹോവയുടെ സാക്ഷികൾ മൊസാംബിക്കിൽ, വിശേഷാൽ തലസ്ഥാനമായ മാപ്പുട്ടോയിൽ, തങ്ങളുടെ ബൈബിൾവിദ്യാഭ്യാസവേല നിർവഹിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു വിവരണമാണ്.
ഇൻഡ്യൻ മഹാസമുദ്രത്തിലെ മിതശീതോഷ്ണത്താൽ സ്വാധീനിക്കപ്പെടുന്ന മൊസാംബിക്കിന് സുഖദമായ ഒരു കാലാവസ്ഥയാണുള്ളത്. മനോഹരമായ പനമരങ്ങൾ നിറഞ്ഞ അരികുപാളികളാൽ അലംകൃതമായ കടപ്പുറങ്ങളും പവിഴപ്പുററുകളും തീരത്തുടനീളമുണ്ട്. സംരക്ഷിതവെള്ളങ്ങളോടുകൂടിയ ഒരു വലിയ ഉൾക്കടൽ രാജ്യത്തിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്നു—അതിന്റെ തലസ്ഥാനമായ മാപ്പുട്ടോയ്ക്ക് ഒരു അനുയോജ്യമായ സ്ഥാനംതന്നെ.
എന്നിരുന്നാലും ഈ ദേശത്തിന്റെ ചരിത്രത്തിലെ അക്രമം അതിന്റെ മനോഹാരിതക്കും പ്രശാന്തതക്കും വിരുദ്ധമായി നിലകൊള്ളുന്നു. നൂററാണ്ടുകളോളം അത് വിദേശമേധാവിത്വത്തിൻകീഴിൽ ഞെളിപിരികൊണ്ടു, ആദ്യം അറബികളുടെയും പിന്നീടു പോർച്ചുഗീസുകാരുടെയും. ഒടുവിൽ പറഞ്ഞവർ രാജ്യത്തെ നിക്ഷേപങ്ങൾ—ദന്തവും സ്വർണ്ണവും അടിമകളും—കവർച്ചചെയ്യാൻ കത്തോലിക്കാസഭയുടെ പൂർണ്ണമായ അനുഗ്രഹത്തോടെയാണു വന്നത്. ഒടുവിൽ, നൂററാണ്ടുകളിലെ കൊളോണിയൽ മർദ്ദനത്തിനുശേഷം ഉഗ്രമായ ഒരു ആഭ്യന്തര പോരാട്ടം പൊട്ടിപ്പുറപ്പെട്ടു, അത് 1975-ൽ സ്വാതന്ത്ര്യത്തിലേക്കു നയിച്ചു. നിർഭാഗ്യവശാൽ, ജനങ്ങൾക്ക്, വിശേഷാൽ നിർദ്ദോഷികളായ ഗ്രാമീണജനത്തിനു വളരെയധികം ദുരിതം വരുത്തിയ ആഭ്യന്തരയുദ്ധത്തിൽ രാജ്യം കുരുങ്ങിയതുകൊണ്ട് ഈ മാററം ജീവിതത്തെ കൂടുതൽ സുരക്ഷിതമാക്കിയില്ല.
തലസ്ഥാനമായ മാപ്പുട്ടോ
കഴിഞ്ഞ ദശാബ്ദത്തിൽ, ആയിരക്കണക്കിനു മൊസാംബിക്കുകാർ പട്ടണങ്ങളിലെയും നഗരങ്ങളിലെയും ആപേക്ഷികസുരക്ഷിതത്വത്തിലേക്ക് ഓടിപ്പോയി. വിചിത്രമായ പോർച്ചുഗീസ് ശില്പകലയുടെയും നിറമാർന്ന ആഫ്രിക്കയുടെയും ഒരു മിശ്രിതം നഗരത്തിന് ഉജ്ജ്വലമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്ന മാപ്പുട്ടോയിൽ ഇതു വിശേഷാൽ ദൃശ്യമാണ്. മാപ്പുട്ടോയിലെ വീതിയുള്ള, വൃക്ഷനിരകളോടുകൂടിയ തെരുവുകളിലൂടെ നടക്കുമ്പോൾ നിങ്ങൾ ആദ്യം കാണുന്നതു തങ്ങളുടെ അനുദിനവ്യാപാരങ്ങളിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടു പരക്കംപായുന്ന ജനക്കൂട്ടങ്ങളെയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. “അനുദിനജീവിതത്തിലെ തിക്കലും പ്രയാസവും ഗണ്യമാക്കാതെ ആളുകൾ എല്ലായ്പ്പോഴും സൗഹൃദമുള്ളവരായിരിക്കാൻ ആകാംക്ഷയുള്ളവരാണ്” എന്ന് മാപ്പുട്ടോയിലെ ഒരു മിഷനറിയായ റോഡ്രിഗോ പ്രസ്താവിക്കുന്നു. “നിങ്ങൾ ഒരിക്കലും പരുഷരായ ആളുകളെ കാണുന്നില്ല!” അതെ, മൊസാംബിക്കുകാർ സ്വാഭാവികതയും സൗഹൃദവുമുള്ള ഒരു ജനമായി അറിയപ്പെടുന്നു.
തീർച്ചയായും, ആഫ്രിക്കയിലെ അധികഭാഗത്തെയുംപോലെ, ആളുകളെ കാണാനുള്ള സ്വാഭാവികസ്ഥലം പ്രാദേശിക ചന്തയാണ്. അവിടെ ചെന്നെത്തുന്നതിനു നിങ്ങൾക്ക് ഒരു ചാപ്പാ 100-ൽ സഞ്ചരിക്കാൻ കഴിയും. അതു പൊതു ഗതാഗതത്തിനുപയോഗിക്കപ്പെടുന്ന അനേകം ചരക്കുട്രക്കുകളുടെ തദ്ദേശീയ പേരാണ്. പതിവുപോലെ, ഉള്ളിലുള്ളതിൽ കൂടുതൽ പേർ ട്രക്കിന്റെ പുറത്തു പററിപ്പിടിച്ചു കിടക്കുന്നതായി തോന്നുന്നു. ഒരുപക്ഷേ നടക്കുന്നതായിരിക്കും മെച്ചം.
മൊസാംബിക്കുകാർ കടുത്ത സംരംഭകരാണ്. മാപ്പുട്ടോ സന്ദർശിക്കുന്ന ഒരാൾ നടപ്പാതകളിലും തെരുക്കോണുകളിലും ചെറിയ സ്ററാളുകൾ സ്ഥാപിച്ചുകൊണ്ട് എത്രയേറെ ആളുകളാണു സ്വയം തൊഴിൽ കണ്ടെത്തുന്നതെന്നു നിസ്സംശയമായി കാണും. നിങ്ങൾ കേടില്ലാത്ത പഴങ്ങളോ സസ്യങ്ങളോ ഓഷധികളോ സുഗന്ധദ്രവ്യങ്ങളോ വാങ്ങാനാഗ്രഹിക്കുന്നുവോ? എല്ലാവർക്കും വേണ്ടതിലധികമുണ്ട്. ജീവനുള്ള ഒരു കോഴിയും കപ്പലണ്ടിയും നിങ്ങളുടെ വീടുണ്ടാക്കാനുള്ള ഈറലും സംബന്ധിച്ചെന്ത്? യാതൊന്നും ചെയ്യുക വലിയ പ്രയാസമല്ല, എല്ലാം സൗഹാർദ്ദപരമായ ഒരു ആത്മാവിൽ ചെയ്യപ്പെടുന്നു. നിങ്ങളുടെ ഷൂ പോളീഷ്ചെയ്യുന്നതോ കാർ കഴുകുന്നതോ പോലെയുള്ള സേവനങ്ങളും ലഭ്യമാണ്. ഒരു ചൂടുകമ്പിയും ഒരു ഷീററു പ്ലാസ്ററിക്കും ഉപയോഗിച്ചുകൊണ്ട് ഒരു ബാലൻ നിങ്ങളുടെ വിലയേറിയ പ്രമാണങ്ങൾ പൊതിഞ്ഞുതരുകപോലും ചെയ്യും.
യഥാർത്ഥത്തിൽ, എല്ലാ തെരുവുവാണിഭവും തികച്ചും നിയമാനുസൃതമല്ല. എങ്ങനെയായാലും അവ ചെയ്യപ്പെടുന്നു. നിയമവിരുദ്ധ വ്യാപാരികൾ ഡംബാ നെൻജെ എന്നു വിളിക്കപ്പെടുന്നു, അതിന്റെ അർത്ഥം “നിങ്ങളുടെ പാദങ്ങളെ ആശ്രയിക്കുക” എന്നാണ്. ഇതിനു കാരണം നിസ്സംശയമായി അധികാരികൾ പരിശോധിക്കാൻ വരുമ്പോൾ ശീഘ്രം ഓടാനുള്ള പ്രാപ്തി അവരുടെ അപകടകരമായ തൊഴിലിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്നതാണ്.
മണത്തെ അടിസ്ഥാനപ്പെടുത്തി വിധിച്ചാൽ, നമ്മൾ മീൻചന്തയെ സമീപിക്കുകയാണ്! ഓരോ ദിവസവും സായാഹ്നത്തിൽ കോസ്ററാ ഡോ സോളിലെ കടപ്പുറങ്ങളിൽ മത്സ്യബന്ധനബോട്ടുകൾ, പിടിച്ച മത്സ്യങ്ങളുമായി എത്തുമ്പോൾ അവക്കു ചുററും തിരക്കിട്ട വ്യാപാരമാണു നടക്കുന്നത്. സകല ആകൃതിയിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങൾക്കു പുറമേ ഞണ്ടുകളും കൊഞ്ചുകളും തീർച്ചയായും പ്രസിദ്ധമായ മൊസാമ്പിക്കൻ ചെമ്മീനുമുണ്ട്. എന്നിരുന്നാലും, മാപ്പുട്ടോയിലെങ്ങും നടക്കുന്ന മറെറാരുതരം മീൻപിടുത്തത്തിൽ നിങ്ങൾ തത്പരരായിരിക്കാം.
“മനുഷ്യരെ വീശിപ്പിടിക്കുന്നവർ”
മൊസാംബിക്കിൽ നിയമപരമായ അംഗീകാരം ലഭിച്ചശേഷം യഹോവയുടെ സാക്ഷികൾക്കു പൊതുജനങ്ങളിൽനിന്നു നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞുകൊണ്ടു തന്റെ വിലമതിപ്പു പ്രകടമാക്കി: “ലണ്ടനിൽ ഞാൻ നിങ്ങളിൽ അനേകരെ തെരുവുകളിൽ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഞാൻ പോയിട്ടുള്ളടത്തെല്ലാം യഹോവയുടെ സാക്ഷികളെ കണ്ടിട്ടുണ്ട്. ഇവിടെയും ഞാൻ നിങ്ങളെ കാണുന്നത് എന്നെ സന്തോഷിപ്പിക്കുന്നു.”
തദ്ദേശ ഭാഷകളായ പോർച്ചുഗീസിലും ററ്സോംഗായിലുമുള്ള ബൈബിളുകളുടെയും ബൈബിളധിഷ്ഠിത സാഹിത്യങ്ങളുടെയും സ്വീകരണം എന്തെങ്കിലും സൂചനയാണെങ്കിൽ, ഇതു തീർച്ചയായും ആത്മീയചായ്വുള്ള ഒരു ജനതയാണ്. ഒരു സാധാരണ ശനിയാഴ്ച രാവിലെ ബസാറിൽ അല്ലെങ്കിൽ കേന്ദ്ര കമ്പോളത്തിൽ 50-ൽപരം മാസികകൾ സമർപ്പിക്കുക തികച്ചും സാധ്യമാണ് എന്ന് മറെറാരു മിഷനറിയായ പോലാ റിപ്പോർട്ടുചെയ്യുന്നു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം അത്യന്തം ജനസമ്മതിയുള്ളതാണെന്നു തെളിയുകയാണ്. അനേകം യുവജനങ്ങൾ യുദ്ധത്താൽ ബഹിഷ്ക്കരിക്കപ്പെടുകയോ അനാഥരാകുകയോ ചെയ്തിട്ടുണ്ട്, അവർ ഈ പുസ്തകം പ്രദാനംചെയ്യുന്ന മൂല്യങ്ങളെയും മാർഗ്ഗനിർദ്ദേശത്തെയും വിലമതിക്കുന്നതായി തോന്നുന്നു.
സാധാരണ സ്വതന്ത്രമായ ആഫ്രിക്കൻ രീതിയിൽ, താത്പര്യക്കാരുടെ വലിയ കൂട്ടങ്ങൾ മിഷനറിക്കു ചുററും പറയുന്നതു കേൾക്കാൻ കൂടും. അങ്ങനെയുള്ള നടപ്പാതകളിലെ കൂട്ടങ്ങൾ മിക്കപ്പോഴും സജീവമായ തിരുവെഴുത്തുചർച്ചകളായി വികാസംപ്രാപിക്കുന്നു. ഒരു സഹോദരി ആവേശകരമായ ഒരു അനുഭവം അനുസ്മരിക്കുന്നു.
“ഒരു സന്ദർഭത്തിൽ തെരുവുസാക്ഷീകരണം നടത്തിക്കൊണ്ടിരുന്നപ്പോൾ, എന്റെ അടുത്ത് ഒരു പട്ടാള ജീപ്പ് ചീറിവന്നുനിന്ന സമയത്തു ഞാൻ പേടിച്ചുപോയി. ഒരു യുവ പടയാളി അടുത്തുനിന്നിരുന്ന ചിലരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ഹെയ്, അവിടെ ആ സ്ത്രീയോടു പറയണം ഇങ്ങോട്ടുവരാൻ.’ ഞാൻ അയാളുടെ അടത്തുചെന്നപ്പോൾ ആ പടയാളി ഇങ്ങനെ പറയവേ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടിവിടർന്നു: ‘നിങ്ങൾ നല്ല ആളുകളാണ്. നിങ്ങളെ ഇവിടെ കണ്ടതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. നിങ്ങൾക്കു യുവജനങ്ങളെക്കുറിച്ച് ഒരു പുസ്തകമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കും ഒരെണ്ണം വേണം.’ എന്റെ കൈവശം ഒന്നുമില്ലെന്നു ഞാൻ മറുപടിപറഞ്ഞു, എന്നാൽ അവയുടെ സ്റേറാക്കുണ്ടാകുമ്പോൾ ഒരെണ്ണം അയാളുടെ വീട്ടിൽ എത്തിക്കാമെന്നു ഞാൻ അയാൾക്ക് ഉറപ്പുകൊടുത്തു.”
ഡിപ്പോകളിലൂടെ വിതരണം
സാഹിത്യത്തിന്റെ വർദ്ധിച്ച ആവശ്യം നേരിടുന്നതിന്, ദക്ഷിണാഫ്രിക്കയിലെ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസ് രണ്ടുവാരത്തിലൊരിക്കൽ മാപ്പുട്ടോയിലെ ഒരു ഡിപ്പോയിൽ സാഹിത്യം എത്തിച്ചുകൊടുക്കുന്നു. ഒരു മിഷനറിയായ മാനുവെൽ ഡിപ്പോയുടെ ചുമതല വഹിക്കുകയും സാഹിത്യവിതരണം സംഘടിപ്പിക്കുന്നതിന് ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നു.
ഒരു ദിവസം രാവിലെ മദ്ധ്യവയസ്കനായ ഒരു മനുഷ്യൻ കറങ്ങിത്തിരിഞ്ഞുവന്ന് ഇത് എന്തിനുവേണ്ടിയുള്ള സ്ഥലമാണെന്നു ചോദിച്ചു. ഇതു ബൈബിൾസാഹിത്യത്തിനുവേണ്ടിയുള്ള ഒരു ഡിപ്പോ ആണെന്നു മാനുവെൽ മറുപടി പറഞ്ഞു. മനുഷ്യൻ ഇറങ്ങിപ്പോയി, എന്നാൽ ഒരു മിനിററിനുള്ളിൽ അയാൾ തിരിച്ചുവന്നു.
“ഇതു ബൈബിൾപുസ്തകങ്ങളാണെന്നു നിങ്ങൾ പറഞ്ഞു, ഇല്ലേ?” അയാൾ ചോദിച്ചു.
“അതെ, ശരിയാണത്,” മാനുവെൽ മറുപടി പറഞ്ഞു.
“ഇത് ഏതു സ്ഥാപനത്തിനുവേണ്ടിയാണ്?” ആ മനുഷ്യൻ ചോദിച്ചു.
“യഹോവയുടെ സാക്ഷികൾക്ക്,” മാനുവെൽ മറുപടിപറയുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു, “ഞങ്ങൾ സ്ഥലത്തെ സഭകൾക്ക് ഈ സാഹിത്യങ്ങൾ കൊടുക്കുന്നു.”
“ഹാ, യഹോവയുടെ സാക്ഷികളോ!” ആ മമനുഷ്യന്റെ മുഖം ജ്വലിച്ചു. “നിങ്ങളുടെ വളരെയധികം കാര്യങ്ങൾ എനിക്കിഷ്ടമാണ്. എന്നാൽ അതേസമയം, നിങ്ങളെ സംബന്ധിച്ച് എനിക്കിഷ്ടമില്ലാത്ത ചിലതുണ്ട്.”
“ശരി, താങ്കൾക്ക് ഞങ്ങളെ സംബന്ധിച്ച് ഇഷ്ടമുള്ള സംഗതി എന്താണ്?” മാനുവെൽ നയപൂർവം ചോദിച്ചു.
“നിങ്ങൾ ഉത്പാദിപ്പിക്കുന്ന രസകരവും വിദ്യാഭ്യാസപരവുമായ പുസ്തകങ്ങൾ എനിക്കിഷ്ടമാണ്,” ആ മനുഷ്യൻ വിശദീകരിച്ചു. “എനിക്കിഷ്ടമില്ലാത്തത് എനിക്കവ ഒരിക്കലും വേണ്ടത്ര കിട്ടുന്നില്ല എന്നതാണ്. നിങ്ങളുടേതുപോലെയുള്ള സാഹിത്യങ്ങൾക്കുവേണ്ടി മാപ്പുട്ടോയിൽ ഞങ്ങൾ എത്ര വിശപ്പുള്ളവരാണെന്ന് നിങ്ങൾക്കു വിശ്വസിക്കാൻ കഴികയില്ല.” പിന്നീട് അയാൾ തനിക്കു കിട്ടാതിരുന്ന വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ പഴയ അനേകം ലക്കങ്ങൾ ഉൾപ്പെടെ വാച്ച്ററവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു ലിഖിത ലിസ്ററ് പുറത്തെടുത്തു.
“ഞാൻ ഈ ലിസ്ററുമായി നടക്കുകയാണ്,” അയാൾ മാനുവേലിനോടു പറഞ്ഞു. “ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുമ്പോഴൊക്കെ, അവർക്കുള്ള ഏതു പ്രസിദ്ധീകരണങ്ങളും ഞാൻ വാങ്ങാൻ ശ്രമിക്കുന്നു. എന്റെ കൈയിലെ ലിസ്ററിലുള്ളവ കിട്ടാൻ നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ സ്വർണ്ണത്തിന്റെ വില നൽകാൻ ഞാൻ സന്നദ്ധനാണ്.”
തുടർന്ന് ഒരു സംഭാഷണം നടന്നു. സൃഷ്ടി എന്ന പുസ്തകം വായിച്ച 1950-കളിലാണ് ഈ മനുഷ്യൻ ആദ്യം യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നതെന്നു മാനുവെൽ മനസ്സിലാക്കി. എന്നാൽ പോർച്ചുഗീസ് ഗവൺമെൻറിന്റെ കീഴിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടതുകൊണ്ടു പുരോഗതിയുണ്ടായില്ല.
തുടർന്നു മാനുവെൽ ആ മമനുഷ്യന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ അയാൾക്കുണ്ടായിരുന്ന സകല വാച്ച്ററവർ പ്രസിദ്ധീകരണങ്ങളും പ്ലാസ്ററിക്കിൽ പൊതിഞ്ഞ് ഭംഗിയായി ഫയൽചെയ്തുവെച്ചിരിക്കുന്നതായി മാനുവെൽ കണ്ടെത്തി. തന്റെ ശേഖരം പൂർത്തിയാക്കുന്നതിന് ആ മനുഷ്യന് ആവശ്യമുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം കൊടുക്കാൻ മാനുവെലിനു കഴിഞ്ഞു, അയാൾ ആ മനുഷ്യനും അയാളുടെ കുടുംബവുമായി ഒരു ബൈബിളദ്ധ്യയനം നടത്താനും ക്രമീകരണംചെയ്തു.
“ദൈവം വളർത്തിക്കൊണ്ടിരിക്ക”വേ, ഈ ആത്മീയ നടീലും നനക്കലുമെല്ലാം ഫലം കായിച്ചുതുടങ്ങുകയാണ്. നീതിഹൃദയികളായ വ്യക്തികളുടെ ഒരു കൊയ്ത്ത് മൊസാംബിക്കിൽ ഒരു വമ്പിച്ച വിളവെടുക്കാൻ പോകുകയാണെന്നുള്ള ശക്തമായ സൂചനകളുണ്ട്!—1 കൊരിന്ത്യർ 3:6; യോഹന്നാൻ 4:36.
തടസ്സങ്ങളുണ്ടെങ്കിലും ദിവ്യാധിപത്യ പുരോഗതി
ഇന്നു മാപ്പുട്ടോ നഗരത്തിനുള്ളിലും ചുററിലുമായി 50-ൽപരം സഭകളുണ്ട്. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ ഒരൊററ രാജ്യഹാൾ പോലും കാണാനില്ല. എന്തുകൊണ്ട്? ചില സഭകൾക്കു പലവർഷങ്ങളായി സ്വന്തം സ്ഥലമുണ്ടെങ്കിലും മോശമായ സാമ്പത്തികാവസ്ഥകൾ നിമിത്തം അവർക്കു പണിനടത്താൻ കഴിഞ്ഞിട്ടില്ല.a
എന്നിരുന്നാലും അങ്ങനെയുള്ള തടസ്സങ്ങൾ പുരോഗതിക്കു വിഘ്നമാകുന്നില്ല. ഇപ്പോൾ മൊസാംബിക്കിന്റെ ദക്ഷിണഭാഗത്ത് 5,000-ത്തിൽപരം ഭവന ബൈബിളദ്ധ്യനങ്ങൾ നടത്തപ്പെടുന്നുണ്ട്. അദ്ധ്യയനങ്ങളുടെ ആവശ്യം വളരെ വലുതാകയാൽ ചില മുൻഗണനകൾ വെക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും ഒരു അദ്ധ്യയനം വേണമെന്ന് അപേക്ഷിക്കുന്നുവെങ്കിൽ, അയാൾ സകല സഭാമീററിംഗുകൾക്കും ഹാജരാകുമെന്ന് സങ്കല്പിക്കപ്പെടുന്നു.
ഒരു ചേരിപ്രദേശത്തെ ഒരു സഭയിൽ സുവാർത്തയുടെ 71 പ്രസംഗകരേ ഉള്ളുവെങ്കിലും ഞായറാഴ്ചയോഗങ്ങൾക്ക് അടുത്ത കാലത്ത് 189 പേർ ഉണ്ടായിരുന്നു. ഈ വലിയ കൂട്ടം ഒരു വീട്ടുമുററത്തെ തുറസ്സായ സ്ഥലത്താണു കൂടിവരുന്നത്. ഈ പ്രദേശം ചുളുക്കത്തകിടും ഈറലും വെച്ചുകൊണ്ടു ഭിത്തി കെട്ടി പൊതുജനവീക്ഷണത്തിൽനിന്നു മറച്ചിരിക്കുന്നു. ഓരോ യോഗത്തിനും മുമ്പ് സ്ഥലം അടിച്ചുവൃത്തിയാക്കുന്നു. അനേകം മുതിർന്നവർ ഉൾപ്പെടെ സദസ്സിന്റെ ഒരു വലിയ ഭാഗം നിലത്തു പരമ്പുകളിട്ട് ഇരിക്കുന്നു. പരിപാടിക്ക് അവർ എത്ര സൂക്ഷ്മമായ ശ്രദ്ധയാണു കൊടുക്കുന്നത്! അനേകം പുതിയവർക്ക് അദ്ധ്യയനത്തിന് ഉപയോഗിക്കാൻ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ഇല്ലാത്തതുകൊണ്ട് അവർ ഖണ്ഡിക വായിക്കുമ്പോൾ സൂക്ഷ്മശ്രദ്ധ കൊടുക്കുന്നു. അദ്ധ്യയനനിർവാഹകൻ ചോദിക്കുന്ന ചോദ്യങ്ങളോടുള്ള പ്രതികരണമായി മിക്ക കൈകളും ഉയർത്തപ്പെടുന്നു.
അമ്പത്തൊൻപതു പ്രസംഗകരുള്ള മറെറാരു സഭയിൽ 140-ൽപരം പേർ ക്രമമായി ഹാജരാകുന്നു. അവർ സാധാരണഗതിയിൽ ഒരു തുറസ്സായ മട്ടുപ്പാവിൽ യോഗം കൂടുന്നു. എന്നാൽ മഴയുള്ളപ്പോൾ സഭ ഒരു ചെറിയ ബഹുശാലാഭവനത്തിന്റെ രണ്ടു മുറികളിൽ ഞെരുങ്ങിക്കടക്കുന്നു. സദസ്സു നിറഞ്ഞുകവിഞ്ഞ് ഇടനാഴിയിലേക്കും അടുക്കളയിലേക്കും ബാൽക്കണിയിലേക്കും വ്യാപിച്ചുതുടങ്ങുന്നു. വീണ്ടും, അനേകം യുവജനങ്ങൾ ഉൾപ്പെടെ എല്ലാവരും ഏകാഗ്രമായി പരിപാടി കേൾക്കുമ്പോഴത്തെ വിലമതിപ്പും ശ്രദ്ധയും കുറിക്കൊള്ളാതിരിക്കാൻ ഒരുവനു നിർവാഹമില്ല.
മൊസാംബിക്കിൽ ഭാവിവളർച്ചക്കുള്ള സാദ്ധ്യത സമ്മേളനങ്ങളിലേതിലുമധികം മറെറാരിടത്തും പ്രകടമല്ല. അടുത്ത കാലത്ത് നഗരമദ്ധ്യത്തിലെ പഴയ കാളപ്പോരിന്റെ രംഗഭൂമിയിൽ ഒരു സർക്കിട്ട് സമ്മേളനം നടത്തപ്പെട്ടു. സമ്മേളനസെഷനുകളിൽ 10,000-ത്തിൽപരം പേർ ഹാജരായപ്പോൾ ഏതാണ്ടു 3,000 പ്രസംഗകരുടെ ഭാഗത്തെ വിസ്മയം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
“കൊയ്ത്തു വലുതാകുന്നു”
അങ്ങനെയുള്ള അനുഭവങ്ങൾ മൊസാംബിക്കിൽ ഇനിയും വളരെയധികം വേല ചെയ്യാനുണ്ടെന്നു വ്യക്തമായി സൂചിപ്പിക്കുന്നു. ചില സഭകളെ ബ്രാഞ്ചാഫീസ് അയക്കുന്ന സഞ്ചാരമേൽവിചാരകൻ ആദ്യമായി സന്ദർശിച്ചത് അടുത്ത കാലത്തു മാത്രമായിരുന്നു. സഭകളിൽ ഉചിതമായ സംഘടനാനടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനു വളരെയധികം ആവശ്യമായിരിക്കുന്ന സഹായം അവക്കു ലഭിച്ചുകൊണ്ടാണിരിക്കുന്നത്.
അടുത്ത കാലത്തെ ഗിലയദ് മിഷനറിമാരുടെ വരവും സഭകൾ അതിയായി വിലമതിക്കുന്നു. മാപ്പുട്ടോയിലെ ഒരു മൂപ്പനായ ഫ്രാൻസിസ്ക്കോ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇതു ഞങ്ങൾക്കു മുമ്പോട്ടുള്ള വലിയ ഒരു ചുവടുവെയ്പാണ്. ഞങ്ങൾക്കു തീക്ഷ്ണത ഉണ്ടായിരുന്നു. ഞങ്ങൾക്കു സ്നേഹം ഉണ്ടായിരുന്നു. എന്നാലും ഞങ്ങൾക്ക് അനേകം സംഘടനാ കാര്യങ്ങൾ പിടിയില്ലായിരുന്നു. ഞങ്ങൾക്കു യഥാർത്ഥത്തിൽ ആവശ്യമായിരിക്കുന്നതു കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നു ഞങ്ങളെ പഠിപ്പിക്കുന്നതിനു നേരിട്ടനുഭവപരിചയമുള്ള ഒരാളാണ്. ഇപ്പോൾ മിഷനറിമാർ ഞങ്ങളോടുകൂടെയുള്ളതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.”
മിഷനറിമാർ അവരുടെ ഭാഗത്തു തങ്ങളുടെ സഹോദരൻമാരെ സേവിക്കുന്നതിൽ സന്തോഷമുള്ളവരാണ്. ബ്രസീലിൽ 20 വർഷം സേവിച്ചശേഷം അടുത്ത കാലത്തു മൊസാംബിക്കിൽ നിയമിക്കപ്പെട്ട ഹാൻസ് അത് ഈ വിധത്തിൽ സംഗ്രഹിക്കുന്നു: “മൊസാംബിക്കൻ വയലിലെ പ്രവർത്തനം ഒരു വലിയ പദവിയാണ്! ഞങ്ങൾ ഇവിടെ ബൃഹത്തായ ഒരു വർദ്ധനവിന്റെ വക്കിലാണെന്നുള്ള ബോധം ഞങ്ങൾക്കുണ്ടാകുന്നു. വളരെയധികം വേല ചെയ്യേണ്ടതുണ്ട്. നമുക്കു മാപ്പുട്ടോയിൽത്തന്നെ 10-ഓ 20-ഓ മിഷനറിമാരെ ഉപയോഗിക്കാൻ കഴിയും.”
മൊസാംബിക്കിൽ വർദ്ധിച്ചുവരുന്ന ദിവ്യാധിപത്യ ആക്കം ഒരുവനെ യേശുവിന്റെ അടിയന്തിരവാക്കുകൾ ഓർമ്മിപ്പിക്കുന്നു: “കൊയ്ത്തു വളരെയുണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:37, 38) മൊസാംബിക്കിലെ തന്റെ ദാസൻമാർക്കുവേണ്ടി യഹോവ ആ അടിയന്തിരമായ അഭ്യർത്ഥനക്ക് ഉത്തരംകൊടുക്കുമെന്നു വിശ്വസിക്കാൻ സകല കാരണവുമുണ്ട്.
ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ വടക്കുകിഴക്കൻ മൊസാംബിക്കിൽ 12-ഓ കൂടുതലോ വർഷം തടങ്കൽകേന്ദ്രങ്ങളിൽ ചെലവഴിച്ചു. അവരിൽ ചിലർ അടുത്ത കാലത്തു മാപ്പുട്ടോയിലേക്കു മടങ്ങിപ്പോയപ്പോൾ, അവർക്കുണ്ടായിരുന്ന ഏക ഭൗതികസ്വത്തു തങ്ങളുടെ അരയിൽ ചുററാനുള്ള ഒരു തുണിക്കഷണമായിരുന്നു. അവർക്കു ധാരാളമുണ്ടായിരുന്നതു വിശ്വാസമായിരുന്നു! അടുത്തുള്ള ദേശങ്ങളിലെ തങ്ങളുടെ സഹസാക്ഷികളിൽനിന്നുള്ള ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഉദാരമായ സംഭാവനകൾ ജീവിതത്തിന് ഒരു പുതിയ തുടക്കമിടാൻ അവരെ സഹായിച്ചു.
[അടിക്കുറിപ്പ്]
a ഒരു മനുഷ്യന് ഇവിടെ ഒരു ജോലി കണ്ടെത്താൻ ഭാഗ്യമുണ്ടായെങ്കിൽ, ശരാശരി ശമ്പളം 600 രൂപാമുതൽ 900 രൂപാവരെയാണ്.
[23-ാം പേജിലെ ചിത്രം]
ശനിയാഴ്ച രാവിലെകളിൽ സഭകൾ സാക്ഷീകരണത്തിനു നല്ല കൂട്ടങ്ങൾ വരുന്നത് ആസ്വദിക്കുന്നു
[24-ാം പേജിലെ ചിത്രം]
അഞ്ചുവയസ്സുകാരൻ ഷയ്മിററുവിനെ കാണുക. അവൻ തടങ്കൽപാളയത്തിലാണു ജനിച്ചത്. ഇന്നു ഷയ്മിററുവിന്റെ മാതാപിതാക്കൾ മാപ്പുട്ടോയിൽ തിരിച്ചെത്തിയതിൽ സന്തുഷ്ടരാണ്. ഓരോ വാരത്തിലും ഷയ്മിററുവിന്റെ പിതാവായ ഫ്രാൻസിസ്ക്കോ ഒരു ബൈബിളദ്ധ്യയനത്തിനു മുഴു കുടുംബത്തെയും ഒരുമിച്ചുകൂട്ടുന്നു. മാതാപിതാക്കൻമാർ ഇരുവരും വയൽസേവനത്തിൽ ഫലപ്രദരായി പഠിപ്പിക്കുന്നവരായിരിക്കാൻ തങ്ങളുടെ മക്കളെ പരിശീലിപ്പിച്ചുകൊണ്ടു വളരെയധികം സമയം ചെലവഴിക്കുന്നു. ഷയ്മിററു കേന്ദ്ര കമ്പോളത്തിൽ സാഹിത്യം സമർപ്പിക്കുന്നത് ആസ്വദിക്കുന്നു
[25-ാം പേജിലെ ചിത്രം]
സഭകൾക്ക് ഉപയോഗിക്കുന്നതിനു രാജ്യഹാളുകളില്ലെന്നുള്ള വസ്തുത അവരുടെ പുരോഗതിയെ തടയുന്നില്ല. മിക്കപ്പോഴും പ്രസംഗകരുടെ ഇരട്ടിയിലധികംപേർ യോഗങ്ങൾക്കു ഹാജരാകുന്നു.