ലോകത്തിലെ ഏററവും വലിയ തുറമുഖങ്ങളിലൊന്നിൽ പ്രസംഗിക്കുന്നതിന്റെ വെല്ലുവിളി
യൂറോപ്പിലെ ഏററവും തിരക്കുള്ള നദിയായ റൈൻ വടക്കൻകടലിൽ പ്രവേശിക്കുന്നിടത്തു സ്ഥിതിചെയ്യുന്ന റോട്ടർഡാമിന് ലോകത്തിലെ ഏററവും വലിയ തുറമുഖങ്ങളിലൊന്ന് എന്ന ബഹുമതിയുണ്ട്. ഏതാണ്ട് 500 കപ്പൽക്കമ്പനികളുടെ കപ്പലുകൾ ഇവിടെ എത്തുന്നതുകൊണ്ട് റോട്ടർഡാമിന് ലോകവ്യാപകമായി 800ലധികം ലക്ഷ്യസ്ഥാനങ്ങളുമായി നേരിട്ടുള്ള ബന്ധങ്ങളുണ്ട്. അത് വാസ്തവമായി ഒരു അന്താരാഷ്ട്ര തുറമുഖമാണ്.
എന്നിരുന്നാലും, 650വർഷം പഴക്കമുള്ള ഈ ഡച്ച് തുറമുഖം കപ്പൽലൈനുകളുടെ ഒരു കവലയെക്കാൾ കവിഞ്ഞതാണ്. അത് ആളുകളുടെ ഒരു സംഗമസ്ഥാനംകൂടെയാണ്. ലോകത്തിന്റെ സകല കോണുകളിൽനിന്നും ഓരോ ദിനരാത്രങ്ങളിലും നാവികരുടെ ഒരു ഒഴുക്കുണ്ടാകുന്നു. ഈ നാവികർ നെതർലാൻഡ്സിലെ യഹോവയുടെ സാക്ഷികളുടെ ശ്രദ്ധയിൽനിന്ന് ഒഴിഞ്ഞുപോയിട്ടില്ല. മറെറവിടെയുമുള്ള സാക്ഷികളെപ്പോലെ, അവർ ലോകത്തിലേക്കും ഏററവും നല്ല വാർത്ത—ദൈവരാജ്യം പെട്ടെന്നുതന്നെ ഭൂമിയെ ഒരു പറുദീസായാക്കി മാററുമെന്നുള്ള വാർത്ത—നാവികർ ഉൾപ്പെടെ സകലതരം ആളുകളോടും പ്രസംഗിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.—ദാനിയേൽ 2:44; ലൂക്കോസ് 23:43; 1 തിമൊഥെയോസ് 4:10.
“ഒരു വിപരീത മിഷനറിനിയമനം”
കുറെ വർഷങ്ങൾക്കുമുമ്പ്, നെതർലാൻഡ്സിലെ വാച്ച്ററവർ സൊസൈററി റോട്ടർഡാം തുറമുഖത്തുടനീളം കപ്പൽതോറും പ്രവർത്തിക്കാൻ ആറു മുഴുസമയപ്രസംഗകരോട് അഥവാ പയനിയർമാരോട് ആവശ്യപ്പെട്ടു. പയനിയർമാർ ആകാംക്ഷാപൂർവം അവസരം ഉപയോഗപ്പെടുത്തി. അവർ തുറമുഖ അധികാരികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും തുറമുഖങ്ങളിൽ അവലോകനം നടത്തുകയും തങ്ങൾക്ക് വെല്ലുവിളിപരമായ ഒരു നിയമനമാണുള്ളതെന്ന് പെട്ടെന്നു തിരിച്ചറിയുകയും ചെയ്തു.
“അത് ഒരു വിപരീത മിഷനറിനിയമനംപോലെയാണ്,” തുറമുഖപ്രസംഗത്തെ ഏകോപിപ്പിക്കുന്ന മൈനാർഡ് പറയുന്നു. അദ്ദേഹം എന്താണ് അർത്ഥമാക്കുന്നത്? “സാധാരണയായി ഒരു മിഷനറി ആളുകളുടെ അടുക്കലേക്കു പോകാൻ ഒരു ദീർഘയാത്ര നടത്തുന്നു, എന്നാൽ ഞങ്ങളുടെ കാര്യത്തിൽ, ആളുകൾ ഞങ്ങളുടെ അടുത്തേക്കു വരാൻ ദീർഘയാത്ര നടത്തുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരുപക്ഷേ, ഞങ്ങളുടെ പ്രസംഗപ്രദേശം നിങ്ങൾക്ക് കിട്ടാവുന്നത്ര സാർവദേശീയമാണ്.” പയനിയർമാർ ഈ പ്രത്യേകവേല തുടങ്ങിയ 1983 എന്ന വർഷത്തിൽ റോട്ടർഡാം 71 വ്യത്യസ്തരാജ്യങ്ങളിൽനിന്ന് 30,820 സമുദ്ര യാനപാത്രങ്ങളെ സ്വീകരിച്ചു എന്ന് 1985-ലെ റോട്ടർഡാം യൂറോപോർട്ട വാർഷികപ്പുസ്തകം പ്രസ്താവിച്ചു. അത് സാർവദേശീയംതന്നെ!
ഉചിതമായി, പയനിയർമാരെ നാവികർ വിളിച്ചപ്രകാരം, “തുറമുഖ മിഷനറിമാർ” ഒരു സാർവദേശീയ സ്വാദിനെയും പ്രതിഫലിപ്പിക്കുന്നു. ഗെർട്ട് പീറററും അദ്ദേഹത്തിന്റെ ഭാര്യയായ കാരനും ഡച്ചുകാരാണ്; ദാനിയേലും മൈനാർഡും ഇൻഡോനേഷ്യയിൽനിന്ന് വന്നവരാണ്; സോളമൻ എത്യോപ്യക്കാരനാണ്. അവരുടെ യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ വംശങ്ങൾ എട്ടുഭാഷാതടസ്സങ്ങളെ ഉൾപ്പെടുത്താൻതക്കവണ്ണം വ്യാപകമായിത്തീരുന്നു, എന്നാൽ ഈ വേലയിൽ വിജയിക്കുന്നതിന് അവർ മററു തടസ്സങ്ങളെ തരണംചെയ്യേണ്ടതുണ്ടായിരുന്നു.
“സൈക്കിൾസഭ”
“നിങ്ങൾക്കു കേവലം ഒരു കപ്പൽത്തുറയിലേക്കു നടന്നുചെല്ലാനും ആളുകൾ നിൽക്കുന്ന പലകയിലേക്കു നടന്നുകയറാനും ഒരു കപ്പലിൽ കയറാനും സാദ്ധ്യമല്ല,” ഒരു മുൻ നാവികനായ 32വയസ്സുകാരൻ പീററർ പറയുന്നു. “നിങ്ങൾക്ക് പ്രദേശപെർമിററുകൾ ആവശ്യമാണ്.” അതിന്റെ അർത്ഥം കപ്പൽത്തുറകളിൽ പ്രവേശിക്കാനും കപ്പലുകളിൽ കയറാനുമുള്ള പെർമിററുകൾ എന്നാണ്. “അത് വളരെയധികമായ ചുവപ്പുനാടയായിരുന്നു,” പീററർ അനുസ്മരിക്കുന്നു. “എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ഫോട്ടോകളും ഔദ്യോഗിക മുദ്രകളും സഹിതം എട്ട് പെർമിററുകൾ ലഭിച്ച ശേഷം ഞങ്ങൾ തികഞ്ഞ ഉത്സാഹത്തോടെ പോകാൻ സജ്ജരായിരുന്നു.” അവർ 37 കിലോമീററർ ദൈർഘ്യമുള്ള കപ്പൽത്തുറകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചു, ഓരോന്നും രണ്ടു പയനിയർമാർ വീതം പ്രവർത്തിച്ചു.
എന്നിരുന്നാലും, വളരെയധികം രാജ്യങ്ങളിൽനിന്നു വരുന്ന നാവികർ സംസാരിക്കുന്ന ബഹുലങ്ങളായ ഭാഷകളെ ഒരുവൻ കൈകാര്യംചെയ്യുന്നതെങ്ങനെയാണ്? പയനിയർമാർ 30 ഭാഷകളിൽ ബൈബിൾസാഹിത്യം സംഭരിക്കുകയും അവരുടെ സൈക്കിളുകളിൽ സാദ്ധ്യമാകുന്നടത്തോളം കൊണ്ടുപോകുകയും ചെയ്തെങ്കിലും ഒരിക്കലും വേണ്ടത്ര ഉണ്ടായിരുന്നതായി തോന്നിയില്ല. “ഏതു ഭാഷകൾ നിങ്ങൾക്കാവശ്യമായിരിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻപാടില്ല,” 30വയസ്സുകാരൻ സോളമൻ ഒരു പുഞ്ചിരിയോടെ വിവരിക്കുന്നു. “മിക്കപ്പോഴും നിങ്ങൾ കൊണ്ടുപോകാത്ത ഭാഷകളിൽത്തന്നെയാണ് നാവികർക്ക് പുസ്തകങ്ങൾ വേണ്ടത്, പിന്നീട് അവരുടെ കപ്പലുകൾ ഏതാണ്ട് മൂന്നു മണിക്കൂറിനുള്ളിൽ പോകുമെന്ന് അവർ പറയുന്നു.” നാവികരെ നിരാശപ്പെടുത്താൻ ആഗ്രഹിക്കാതെ, പയനിയർമാരിൽ ഒരാൾ ധൃതിയിൽ ഓടി വേണ്ട പുസ്തകങ്ങൾ എടുത്തുകൊണ്ട് തിരിച്ചുവരുകയും ആകാംക്ഷയുള്ള നാവികർക്ക് കൊടുക്കുകയും ചെയ്യുന്നു. “സൈക്കിളിൽ പോയാൽ മൂന്നുമണിക്കൂറിന്റെ ദൂരമുള്ള ഒരു തുറമുഖത്തിന്റെ ഭാഗങ്ങളിൽ ഞങ്ങൾ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഇതേ പ്രശ്നം പൊന്തിവന്ന സമയത്ത്, ഞങ്ങൾക്ക് മറെറാരു സമീപനം ആവശ്യമായിരുന്നതായി സ്പഷ്ടമായിരുന്നു” എന്ന് പീററർ പറയുന്നു.
തുറമുഖപ്രദേശത്തു പാർക്കുന്ന കുറെ സാക്ഷികൾ ഒരു ദിവസം ഓരോന്നിനും ഒരു വാഷ് ടബ്ബിന്റെ വലിപ്പമുള്ള രണ്ട് സൈക്കിൾ ട്രെയ്ലറുകളുമായി വന്ന് പയനിയർമാരെ അതിശയിപ്പിച്ചു. പയനിയർമാർ ലഭ്യമായ സകല ഭാഷകളിലുമുള്ള സാഹിത്യങ്ങളുംകൊണ്ട് ട്രെയ്ലറുകൾ നിറക്കുകയും അവ തങ്ങളുടെ സൈക്കിളുകളിൽ കൊളുത്തുകയും തുറമുഖത്തേക്കു നീങ്ങുകയും ചെയ്തു. പെട്ടെന്ന് ട്രെയ്ലറുകൾ ഒരു പരിചിതമായ കാഴ്ചയായിത്തീർന്നു. “അവ ഞങ്ങളെ തിരിച്ചറിയിക്കുന്ന കാർഡുകളായിത്തീർന്നു” എന്ന് പയനിയർമാരിൽ ഒരാൾ പറയുന്നു. “ഒരു ഗെയ്ററ് സൂക്ഷിപ്പുകാരൻ ഞങ്ങൾ വരുന്നതു കാണുമ്പോൾ ഗെയ്ററ് തുറക്കുകയും കടന്നുപൊയ്ക്കൊള്ളാൻ കൈവീശിക്കാണിക്കുകയും: ‘അതാ പോകുന്നു സൈക്കിൾസഭ’ എന്ന് വിളിച്ചുപറയുകയും ചെയ്യുന്നു.” മററു സമയങ്ങളിൽ, “സൈക്കിൾ സഭ” തന്റെ നേരെ വരുന്നതു ഒരു കാവൽക്കാരൻ കാണുമ്പോൾ അയാൾ ഗെയ്ററു തുറക്കുകയും “രണ്ടു പോളീഷും ഒരു ചൈനീസും!” എന്നു വിളിച്ചുപറയുകയും ചെയ്യുന്നു. അങ്ങനെയുള്ള സഹായകമായ സൂചനകൾ ശരിയായ ഭാഷകളിലുള്ള സാഹിത്യങ്ങളുമായി കപ്പലിൽ കയറാൻ പയനിയർമാരെ പ്രാപ്തരാക്കുന്നു. എന്നാൽ അവർ ശരിയായ സമയത്തും പോകണം. എന്തുകൊണ്ട്?
കാലോചിതമായ സന്ദേശത്തോടുകൂടിയ സമയോചിതമായ സന്ദർശനങ്ങൾ
രാവിലെയോ ഉച്ചതിരിഞ്ഞോ കാപ്പികുടിക്കാനുള്ള സമയത്തോ ഉച്ചഭക്ഷണസമയത്തോ മാത്രമേ പയനിയർമാർക്ക് കപ്പൽജോലിക്കാരോടു സംസാരിക്കാൻ കഴികയുള്ളു. എന്നാൽ പാചകക്കാർക്ക് വ്യത്യസ്ത ജോലി സമയങ്ങളുണ്ട്. ക്യാപ്ററനെയും മററു ഉദ്യോഗസ്ഥൻമാരെയും ദിവസത്തിലുടനീളം കാണാൻ കഴിയും. മാത്രവുമല്ല, റോട്ടർഡാമിൽ നങ്കൂരമുറപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് കപ്പലുകൾ ബ്രിട്ടീഷ്സമയത്തോടു പററിനിൽക്കുന്നുവെന്ന് പയനിയർമാർക്ക് അറിയാം, തന്നിമിത്തം അവരുടെ ജോലിക്കാർ, ബ്രിട്ടീഷുകാരല്ലാത്ത ജോലിക്കാർ ജോലിക്ക് മടങ്ങിപ്പോകുന്ന സമയത്ത് ഭക്ഷണശാലയിലേക്ക് നീങ്ങുന്നു. പ്രസ്പഷ്ടമായി, ഒരു തുറമുഖപയനിയർക്ക് ഒരു വിശ്വസനീയമായ വാച്ച് ആവശ്യമാണ്.
എന്നിരുന്നാലും, നാവികർ തങ്ങളുടെ വിശ്രമസമയങ്ങൾ ബൈബിൾചർച്ചകൾക്ക് ഉപയോഗിക്കാൻ സന്നദ്ധരാണോ? “പൊതുവേ, അവർ രാജ്യസന്ദേശത്തോട് തുറന്ന മനസ്സുള്ളവരാണെന്ന് ഞാൻ കണ്ടെത്തുന്നു” എന്ന് 31വയസ്സുള്ള ഗെർട്ട് പറയുന്നു. “ഒരുപക്ഷേ അത് അവർ മനുഷ്യഗവൺമെൻറുകളുടെ പരാജയം നേരിട്ടു കാണുന്നതുകൊണ്ടായിരിക്കാം.” ഉദാഹരണത്തിന്, പട്ടിണികിടക്കുന്ന എത്യോപ്യക്കാർക്കുവേണ്ടി തങ്ങൾ ഇറക്കിക്കൊടുത്ത ധാന്യക്കൂമ്പാരങ്ങൾ, അവർ വീണ്ടും സന്ദർശിച്ച സമയമായ മാസങ്ങൾക്കുശേഷവും അവിടെ കിടക്കുകയായിരുന്നുവെന്ന് ചില നാവികർ ഗെർട്ടിനോടു പറയുകയുണ്ടായി, അപ്പോൾമാത്രമേ ധാന്യം ചീയുകയും എലികൾ ബാധിക്കുകയും ചെയ്തുള്ളു. “അനേകം നാവികർക്ക് രാഷ്ട്രീയത്തിൽ പ്രത്യാശ നഷ്ടപ്പെട്ടിരിക്കുന്നതിൽ അതിശയമില്ല,” ഗെർട്ട് സൂചിപ്പിക്കുന്നു. “അതുകൊണ്ട് സകല മനുഷ്യവർഗ്ഗത്തിനുംവേണ്ടിയുള്ള ഏക ഗവൺമെൻറിനെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദത്തം അവർക്ക് ഇഷ്ടപ്പെടുന്നു.”
പീററർ സമ്മതിക്കുന്നു. “പത്തു വർഷം മുമ്പ് തന്റെ ജോലിക്കാർ എന്നെ ഇറക്കിവിടുമായിരുന്നുവെന്നും എന്നാൽ മാറിവരുന്ന ഇന്നത്തെ ലോകാവസ്ഥകൾ ബൈബിളിന്റെ കാലോചിതമായ സന്ദേശത്തിൽ അവരുടെ താത്പര്യം ഉണർത്തിയിരിക്കുന്നുവെന്നും ഒരു ജർമ്മൻ കപ്പിത്താൻ പറയുകയുണ്ടായി.” ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് പേർഷ്യൻഗൾഫിൽവെച്ച് താൻ ജോലി ചെയ്തിരുന്ന സൂപ്പർടാങ്കറിൽ ഒരു റോക്കററു പതിക്കുകയും അതിനെ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്ന് ഒരു കൊറിയൻ കപ്പലിലെ പാചകക്കാരൻ പ്രസ്താവിച്ചു. താൻ ജീവിച്ചിരിക്കുകയാണെങ്കിൽ ദൈവത്തെ അന്വേഷിക്കുമെന്ന് അയാൾ പ്രതിജ്ഞചെയ്തു. അയാൾ അതിജീവിക്കുകതന്നെ ചെയ്തു. പിന്നീട് പയനിയർമാർ അയാളെ റോട്ടർഡാമിൽവെച്ചു കണ്ടുമുട്ടിയപ്പോൾ അവർക്ക് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞ കൊറിയൻഭാഷയിലുള്ള സകല സാഹിത്യവും അയാൾ ആവശ്യപ്പെട്ടു.
മിക്ക കപ്പലുകളും തുറമുഖത്ത് പല ദിവസങ്ങൾ തങ്ങുന്നു. ഇത് ജോലിസമയത്തിനുശേഷമുള്ള തങ്ങളുടെ ബൈബിൾചർച്ചകൾ തുടരുന്നതിന് രണ്ടോ മൂന്നോ അധികമോ പ്രാവശ്യം മടങ്ങിച്ചെല്ലാൻ പയനിയർമാരെ അനുവദിക്കുന്നു. എന്നിരുന്നാലും, ഒരു കപ്പലിന് എൻജിൻകുഴപ്പമുള്ളപ്പോൾ അത് മൂന്നാഴ്ച കെട്ടിയിട്ടേക്കാം. “അത് കമ്പനിക്ക് ക്ഷീണമാണ്,” ഊറിച്ചിരിച്ചുകൊണ്ട് ഒരു പയനിയർ പറയുന്നു, “എന്നാൽ നമ്മുടെ വേലക്ക് നല്ലതാണ്.” അനന്തരം, ബൈബിൾചർച്ചകൾ തുടരുന്നതിനു പുറമേ, പയനിയർമാർ ഭക്ഷണശാലയിൽ “ബൈബിൾ—ഈ തലമുറക്കുവേണ്ടിയുള്ള ഒരു പുസ്തകം” എന്ന സൊസൈററിയുടെ സൈഡ്ള് പരിപാടിയിലൊന്ന് കാണിക്കാനും ക്രമീകരണംചെയ്യുന്നു. ചില നാവികർ റോട്ടർഡാമിലെ യഹോവയുടെ സാക്ഷികളുടെ അനേകം വിദേശഭാഷാകൂട്ടങ്ങളുടെ യോഗങ്ങൾക്കും വരുന്നു. എൻജിൻ വീണ്ടും പ്രവർത്തിക്കുന്നതുവരെ ഇതു തുടരുന്നു. പിന്നീട് ബൈബിളുകൾ അടക്കേണ്ടിയിരിക്കുന്നു. തുറയിൽ കപ്പലിനെ കെട്ടിയിട്ടിരുന്ന കയറുകൾ അഴിക്കുന്നു, കപ്പൽ തുറമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നു—എന്നാൽ പയനിയർമാരുടെ മനസ്സിൽനിന്ന് അപ്രത്യക്ഷമാകുന്നില്ല.
പ്രോൽസാഹകമായ നാവിക കഥകൾ
വർത്തമാനപ്പത്ര ലിസ്ററുകൾമുഖേനയോ തുറമുഖാധികൃതരുടെ പൊതു കമ്പ്യൂട്ടർ സിസ്ററം മുഖേനയോ പയനിയർമാർ തങ്ങൾ സന്ദർശിച്ചിട്ടുള്ള കപ്പലുകളുടെ വരവും പോക്കും അറിഞ്ഞുകൊണ്ടിരിക്കുന്നു. അവയിലൊന്ന് വീണ്ടും വന്നാലുടനെ, കഴിഞ്ഞ സന്ദർശനത്തിനുശേഷം എന്തു സംഭവിച്ചുവെന്നു കണ്ടുപിടിക്കാൻ നാവികരെ സന്ദർശിക്കുന്നതിന് പയനിയർമാർ ആകാംക്ഷയുള്ളവരാണ്. എത്ര പ്രോൽസാഹകമായ കഥകളാണ് നാവികർ പറയുന്നത്!
ഒരു നാവികന്റെ കപ്പൽ തീരത്തുനിന്ന് യാത്ര തിരിച്ചശേഷം അയാൾ തന്റെ കൂട്ടുകപ്പൽജോലിക്കാരിൽ അഞ്ചുപേർക്ക് നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ പ്രതികൾ കൊടുത്തു, ആ ആറു ജോലിക്കാർ ഒരു ബൈബിളദ്ധ്യയനവും നടത്തി. അയാൾ കുടുംബജീവിതത്തെക്കുറിച്ചുള്ള അദ്ധ്യായം ഒരു ഓഡിയോകാസററിൽ റെക്കോർഡ്ചെയ്യുകയും മുഴു ജോലിക്കാരുടെയും പ്രയോജനത്തിനുവേണ്ടി ഭക്ഷണശാലയിൽ പ്ലേ ചെയ്തുകേൾപ്പിക്കുകയും ചെയ്തു. മറെറാരു കപ്പലിൽ, അടുത്തുള്ള ആൻറവെർപ്പ് തുറമുഖത്തെ ഒരു രാജ്യഹാൾ സന്ദർശിച്ചിരുന്ന ഒരു നാവികൻ ഭക്ഷണശാലയുടെ ചുവരിൽ വല്യക്ഷരത്തിൽ “യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ” എന്ന വാക്കുകളുള്ള ഒരു ബാനർ സ്ഥാപിച്ചു. പിന്നീട് താൻ ഒരു ബൈബിൾമീററിംഗ് നടത്തുമ്പോൾ അതിനായി അവിടെ വരാൻ ജോലിക്കാരെ ക്ഷണിച്ചു. ബാനർ താഴെയിറക്കുന്നതിനു മുമ്പ് അയാൾ അടുത്ത മീററിംഗിനു വരാൻ ജോലിക്കാരെ ക്ഷണിച്ചു. അടുത്ത വാരത്തിൽ ജോലിക്കാരും ബാനറും യഥാസ്ഥാനങ്ങളിൽ വീണ്ടും ഉണ്ടായിരുന്നു.
ചില നാവികർ ഒരിക്കലും തങ്ങളുടെ പുസ്തകങ്ങൾ മാററിവെച്ചിരുന്നില്ലെന്നും പയനിയർമാർ കണ്ടെത്തി. “ഒരു വെസ്ററാഫ്രിക്കൻ റേഡിയോ ഓഫീസറായിരുന്ന ഐസക്കിന്റെ മുറിയിലേക്കു ഞങ്ങൾ നടന്നുചെന്നപ്പോൾ ഒരു ഇരിപ്പിടംപോലും കണ്ടെത്തുക പ്രയാസമായിരുന്നു,” മൈനാർഡ് വിവരിക്കുന്നു. “സൊസൈററിയുടെ മാസികകളും പുസ്തകങ്ങളും കോൺകോർഡൻസുകളും എല്ലായിടത്തും തുറന്നുവെച്ചിരുന്നു.” ഐസക്ക് ബൈബിൾചോദ്യങ്ങളുടെ ഒരു ലിസ്ററും തയ്യാറാക്കിവെച്ചിരുന്നു, കാരണം അയാൾ പയനിയർമാരുടെ മടക്കസന്ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു.
എന്നിരുന്നാലും, ചില കപ്പൽജോലിക്കാർ പയനിയർമാർ തങ്ങളെ സന്ദർശിക്കാൻ കാത്തിരിക്കുന്നില്ല. ഒരു രാത്രിയിൽ ഗെർട്ട് ഉറങ്ങാൻ കിടന്നശേഷം അയാളുടെ ഫോൺബെൽ അടിച്ചു.
റിസീവർ എടുക്കാൻ തപ്പിക്കൊണ്ടിരിക്കവേ, ഗെർട്ട് “ഇതാരായിരിക്കാം?” എന്നു പിറുപിറുത്തു.
“ഹലോ, ഇത് താങ്കളുടെ സ്നേഹിതനാണ്!” ഒരു സന്തോഷമുള്ള ശബ്ദം പ്രഖ്യാപിച്ചു.
ഗെർട്ട് ഓർമ്മിക്കാൻ ശ്രമിച്ചു.
“കപ്പലിലെ താങ്കളുടെ സുഹൃത്ത്,” വീണ്ടും ശബ്ദമുണ്ടായി.
“ഇപ്പോൾ രാവിലെ മൂന്നുമണിയാണ്!” ഗെർട്ട് പറഞ്ഞു.
“അതെ, എന്നാൽ എന്റെ കപ്പൽ വീണ്ടും റോട്ടർഡാമിൽ വന്നാലുടനെ താങ്കളെ വിളിക്കാൻ താങ്കൾ എന്നോടു പറഞ്ഞിരുന്നു. ഞാനിതാ വന്നിരിക്കുന്നു!” അധികം താമസിയാതെ, ഗെർട്ട് ദൈവവചനത്തിൽ താത്പര്യമുണ്ടായിരുന്ന ഈ സുഹൃത്തിനെ കണ്ടുമുട്ടാൻ പുറപ്പെട്ടു.
“നിന്റെ അപ്പത്തെ എറിയുക”
നാവികരിൽനിന്ന് പയനിയർമാർക്ക് കിട്ടിയ എഴുത്തുകളിൽ ബൈബിൾസാഹിത്യത്തോടുള്ള വിലമതിപ്പും പ്രകടമാക്കപ്പെടുന്നു. ചുവടെ കൊടുത്തിരിക്കുന്നത് ചില ഉദ്ധൃത ഭാഗങ്ങളാണ്:
‘നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ഞാൻ വായിച്ചുതുടങ്ങിയിരിക്കുന്നു . . . ഇപ്പോൾ എനിക്ക് മുമ്പ് മനസ്സിലാകാതിരുന്ന പല കാര്യങ്ങളും മനസ്സിലാകുന്നുണ്ട്. ഞങ്ങളുടെ കപ്പൽ റോട്ടർഡാമിൽ തിരിച്ചുവരുമെന്ന് ഞാനാശിക്കുന്നു.’—എയ്ഞ്ചലോ.
‘ഞാൻ പുസ്തകം വായിച്ചു, നിങ്ങളുടെ എഴുത്തുകളിൽ ഉത്തരം പറയാൻ കഴിയത്തക്കവണ്ണം ഞാൻ നിങ്ങൾക്ക് ചോദ്യങ്ങൾ അയക്കുകയാണ്.’—ആൽബർട്ടാ
‘ഞാനിപ്പോൾ എല്ലാ ദിവസവും ബൈബിൾ വായിക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തായിരിക്കുന്നതിന് എനിക്ക് സന്തോഷമുണ്ട്. എന്നെ ദൈവത്തിങ്കലേക്കു നയിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തിയിരിക്കുന്നതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നതിലേക്കും ഏററവും നല്ല സംഗതി.’—നിക്കി.
അത്തരം ഹൃദയോദ്ദീപകമായ കത്തുകൾ ബൈബിൾ സഭാപ്രസംഗി 11:1-ൽ പറയുന്നത് പയനിയർമാരെ അനുസ്മരിപ്പിക്കുന്നു: “നിന്റെ അപ്പത്തെ വെള്ളത്തിൻമേൽ എറിക; ഏറിയ നാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.” ചില നാവികർ യഹോവക്കായി നിലയുറപ്പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ അവർ വിശേഷാൽ സന്തോഷിക്കുന്നു.
ദൃഷ്ടാന്തത്തിന്, സൊസൈററിയുടെ പുസ്തകങ്ങളിൽനിന്ന് താൻ പഠിച്ചതിൽ പോളീഷ് നാവികനായ സ്ററാനീഷ്സ്ലാഫ് പുളകിതനായി. അയാൾ പെട്ടെന്ന് ബൈബിൾസാഹിത്യങ്ങളുടെ ഒരു ചെറിയ ലൈബ്രറി സമ്പാദിക്കുകയും സമുദ്രസഞ്ചാരവേളയിൽ അതു മുഴുവൻ പഠിക്കുകയും ചെയ്തു. “ഞങ്ങൾ അയാളിൽനിന്ന് വീണ്ടും വിവരമറിഞ്ഞപ്പോൾ അയാൾ സ്നാപനമേററുവെന്നാണ് അയാൾ എഴുതിയത്,” മൈനാർഡ് പറയുന്നു.
ഒരു ദ്വീപിലെ ഒരു കപ്പൽമേധാവിയായ ഫോക്കർട്ട് റോട്ടർഡാമിൽവെച്ചാണ് ആദ്യം രാജ്യസന്ദേശം കേൾക്കുന്നത്. ഓരോ രണ്ടുമാസത്തിലും അയാൾ ഒരു വാരക്കാലം തുറമുഖത്ത് തിരിച്ചെത്തുകയും തുടർച്ചയായി ഏഴു ദിവസം ബൈബിൾ പഠിക്കുകയും ചെയ്തിരുന്നു. പിന്നീട്, അയാൾ മറെറാരു രണ്ടുമാസത്തെ പര്യടനത്തിന് തിരിക്കുന്നതിനുമുമ്പ് പയനിയർമാർ അയാളുടെ ഷിപ്പിംഗ് റൂട്ടിലുള്ള രാജ്യഹാളുകളുടെ മേൽവിലാസങ്ങൾ അയാൾക്കു കൊടുത്തു. ഫോക്കർട്ട് ഹാളുകൾ സന്ദർശിക്കുകയും തനിക്ക് ലഭിച്ച ഊഷ്മളമായ സ്വാഗതത്താൽ വികാരാധീനനാകുകയും ചെയ്തു. അധികം താമസിയാതെ ഈ കപ്പൽമേധാവി സ്നാപനമേററു, ഇപ്പോൾ യഹോവയെ തീക്ഷ്ണമായി സേവിക്കുകയും ചെയ്യുന്നു.
ഒരു ബ്രിട്ടീഷ് നേവി ഓഫീസറായ മൈക്കിന് നേരത്തെ യഹോവയുടെ സാക്ഷികളുമായി കുറെ സമ്പർക്കമുണ്ടായിരുന്നു. സമുദ്രസഞ്ചാരത്തിലേർപ്പെട്ടിരിക്കെ ബൈബിൾ പഠിച്ചുകൊണ്ടുമിരുന്നു. ഒരിക്കൽ, അയാൾ ജോലിചെയ്തിരുന്ന ചെറുകപ്പൽ റോട്ടർഡാമിൽ നങ്കൂരമിട്ടപ്പോൾ അയാൾ തന്റെ മടക്കാവുന്ന സൈക്കിൾ ഒരു രാജ്യഹാളിൽ പോകാനുപയോഗിച്ചു. താൻ കണ്ട സ്നേഹത്തിലും ഐക്യത്തിലും അയാൾക്ക് മതിപ്പുണ്ടാകുകയും തന്റെ ജോലി ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചിരിക്കുന്നതായി സുഹൃത്തുക്കളോടു പറയുകയും ചെയ്തു. വെറും നാലുവർഷംകൂടെ കഴിഞ്ഞാൽ അയാൾക്ക് ഒരു ഗണ്യമായ പെൻഷൻ കിട്ടുമായിരുന്നുവെങ്കിലും അയാൾ തന്റെ തീരുമാനത്തോടു പററിനിൽക്കുകയും പിന്നീട് സ്നാപനമേൽക്കുകയും ചെയ്തു.
മൈനാർഡ് പറയുന്നു: “യഹോവയെ സേവിക്കാനുള്ള മൈക്കിന്റെയും സ്ററാനിഷ്സ്ലാഫിന്റെയും ഫോക്കർട്ടിന്റെയും മററുള്ളവരുടെയും ആകാംക്ഷ അവരെപ്പോലെയുള്ള നാവികർക്കുവേണ്ടി തുറമുഖത്ത് അന്വേഷിച്ചുകൊണ്ടിരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.”
നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമോ?
ലോകത്തിലെ ഏററവും വലിയ തുറമുഖങ്ങളിലൊന്നിലെ ഏതാണ്ടൊരു ദശാബ്ദത്തിലെ പ്രസംഗത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ആറു “തുറമുഖ പയനിയർമാർ” മുഴുഹൃദയത്തോടെ യോജിക്കുന്നു—നിയമനം വെല്ലുവിളിപരം എന്നാൽ പ്രതിഫലദായകമായിരിക്കുന്നു. “ഓരോ പ്രസംഗദിവസത്തിനും ശേഷം,” മൈനാർഡ് ചുരുക്കിപ്പറയുന്നു, “ആ നാവികരിൽ ചിലർ ഞങ്ങളുടെ സന്ദർശനത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന തോന്നലോടെ ഞങ്ങൾ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നു.”
നിങ്ങളുടെ പ്രദേശത്ത് ഒരു തുറമുഖത്ത് നാവികർ ഒരു സന്ദർശനത്തിനായി കാത്തിരിപ്പുണ്ടായിരിക്കുമോ? ഈ വെല്ലുവിളിപരവും എന്നാൽ പ്രതിഫലദായകവുമായ വേലയിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കേണ്ടതിന് ഒരുപക്ഷേ നിങ്ങളുടെ സഭയിലെ മൂപ്പൻമാർക്ക് ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും.
[20-ാം പേജിലെ ചതുരം]
നിരോധിത പ്രദേശങ്ങളിൽ എത്താൻ ശ്രമിക്കൽ
ഒരു സമീപകാലവർഷത്തിൽ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ള 2,500 കപ്പലുകൾ റോട്ടർഡാമിൽ കിടന്നിരുന്നു. തുറമുഖ പയനിയർമാർ ബൈബിൾ സന്ദേശവുമായി ഈ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനുള്ള ഒരു അവസരമാണതെന്ന് കണ്ടു.
പയനിയർമാർ സന്ദർശിച്ച ആദ്യ ഏഷ്യൻ കപ്പലുകളിൽ ഒന്നിൽ അവർ 23 പുസ്തകങ്ങളുടെ മുഴു കൂട്ടവും സമർപ്പിക്കുകയും ഒരു പ്രതി കിട്ടാഞ്ഞ ചില ജോലിക്കാരെ അസ്വസ്ഥരാക്കുകയും ചെയ്തു. മറെറാരു ഏഷ്യൻ കപ്പലിലെ ഒരു അടുക്കളപ്പണിക്കാരൻ യുവാവ് കൂടുതൽ ജാഗ്രതയുള്ളവനായിരുന്നു. ഒരു പയനിയറിൽനിന്ന് ഒരു പുസ്തകം സ്വീകരിച്ച ശേഷം അതിൻമേൽ ഒരു മേൽവിലാസമെഴുതി ഒരു കടലാസിൽ പൊതിഞ്ഞ് അത് തിരികെ കൊടുത്തു. പയനിയർക്ക് ആശയം മനസ്സിലായി. യുവാവ് പുസ്തകം കൊണ്ടുപോകുന്നത് കൂടുതൽ അപകടകരമായിരുന്നു. അതേ ദിവസംതന്നെ അത് വിദൂരപൂർവദേശത്തേക്ക് തപാലിലിടപ്പെട്ടു.
ആഫ്രിക്കയിൽനിന്നുള്ള ഒരു കപ്പലിൽ ഒരു നാവികൻ സ്വദേശത്തെ സാക്ഷികൾക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ ഒരു ലിസ്ററുമായി വന്നു. അന്നുമുതൽ, ആ നാവികൻ വീട്ടിലേക്കു മടങ്ങുന്ന ഓരോ പ്രാവശ്യവും അയാളുടെ സൂട്ട്കെയ്സിൽ സാഹിത്യം കുത്തിനിറയ്ക്കുന്നു. മറെറാരു ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള ഒരു നാവികനോടൊത്ത് അദ്ധ്യയനം നടത്തുന്ന പയനിയർക്ക് നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിന്റെ മൂന്നുപ്രതി മാത്രം നൽകാൻ കഴിഞ്ഞപ്പോൾ അയാൾ വളരെ നിരാശിതനായി. “അതൊന്നുമില്ല!” കൈകൾകൊണ്ട് ആംഗ്യംകാട്ടിക്കൊണ്ട് നാവികൻ നിരാശയോടെ ഉദ്ഘോഷിച്ചു. “സ്വദേശത്തെ സഹോദരൻമാർക്ക് 1,000 എണ്ണം വേണം!” അയാളുടെ സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടി ഒരു സമയത്ത് 20പ്രതികൾ മാത്രം കൊണ്ടുപോകാൻ പയനിയർമാർ അയാളെ പ്രേരിപ്പിച്ചു.
സാക്ഷികളുടെ വിശ്വാസങ്ങൾ നിമിത്തം അവർ പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തുനിന്ന് ഒരു കപ്പൽ വന്നിട്ടുണ്ടെന്ന് പയനിയർമാർ മനസ്സിലാക്കിയ സമയമായിരുന്നു ഏററവും ഹൃദയസ്പൃക്കായിരുന്നത്. അനേകർക്കും തങ്ങളുടെ ജോലിയും വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. കപ്പലിലെ ഗൃഹവിചാരകൻ ഒരു സാക്ഷിയാണെന്ന് അവർ മനസ്സിലാക്കിയപ്പോൾ അവർ ക്യാപ്ററനെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ കപ്പലിൽ ദുരിതാശ്വാസം അയച്ചുകൊടുക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു. ക്യാപ്ററൻ സമ്മതിച്ചു. ഏതാനും ദിവസംകഴിഞ്ഞ്, നൂറു വലിയ ചാക്കുകളിൽ വസ്ത്രവും ചെരിപ്പുകളും മററു വസ്തുക്കളും ആ രാജ്യത്തെ സാക്ഷികൾക്കായി യാത്രയായി.
[21-ാം പേജിലെ ചതുരം]
കപ്പൽതോറും പ്രസംഗിക്കൽ—ഒരു സ്ത്രീയുടെ വീക്ഷണം
“ആദ്യം പീറററിനോടുകൂടെ പോകാൻ ഞാൻ മടിച്ചു,” പയനിയർമാരുടെ കൂട്ടത്തിലെ ഏക വനിതയായ കാരൻ ഓർമ്മിക്കുന്നു. “എന്തുകൊണ്ടെന്നാൽ നാവികർ മിക്കപ്പോഴും പരുഷരും മത്തുപിടിച്ചവരുമാണെന്നുള്ള കഥകൾ ഞാൻ കേട്ടിരുന്നു. എന്നിരുന്നാലും മിക്കവരും മര്യാദയുള്ളവരാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. മിക്കപ്പോഴും ഒരു നാവികൻ ഞങ്ങൾ വിവാഹിതദമ്പതികളാണെന്ന് മനസ്സിലാക്കിക്കഴിയുമ്പോൾ തന്റെ ഭാര്യയുടെയും കുട്ടികളുടെയും ചിത്രം പുറത്തെടുത്തു കാണിക്കുകയും തന്റെ കുടുംബത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങുകയും ചെയ്യും. ആ വിധത്തിൽ ഞങ്ങൾ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിന്റെ ധാരാളം പ്രതികൾ സമർപ്പിച്ചിട്ടുണ്ട്.”
ഭാര്യാഭർത്താക്കൻമാർ എന്ന നിലയിൽ കപ്പലുകൾ സന്ദർശിക്കുന്നത് കപ്പൽജോലിക്കാരുടെ ഭാര്യമാരെയും ചിലപ്പോൾ നേഴ്സുമാരായി ജോലിചെയ്യുന്ന മററു സ്ത്രീകളെയും സമീപിക്കുന്നത് കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. “സാധാരണയായി അവർ അപരിചിതരോട് ഇടപെടാൻ മടിയുള്ളവരാണ്, എന്നാൽ അവർ എന്നെ കാണുമ്പോൾ സംഭാഷണത്തിലേർപ്പെടാൻ കൂടുതൽ ചായ്വുള്ളവരായിത്തീരുന്നു” എന്ന് കാരൻ പറയുന്നു.
അവളുടെ നിയമനത്തിലെ ഏററവും വലിയ വെല്ലുവിളിയെന്തായിരുന്നു? “കയർ ഗോവണികൾ,” കാരൻ ഉത്തരംപറയുന്നു. “ഞാൻ ആ ദുർബലവസ്തുക്കളെ വെറുത്തു.” അവൾ ആ ഭയത്തെ തരണംചെയ്തോ? “ഉവ്വ്. ഒരിക്കൽ ഒന്നിൽ കയറാൻ ഞാൻ വിമുഖത കാട്ടിയപ്പോൾ പരാഗ്വേയിൽനിന്നുള്ള ഒരു കൂട്ടം നാവികർ നോക്കിനിന്നുകൊണ്ട് വിളിച്ചുകൂകി: ‘നിങ്ങൾക്കു സാധിക്കും. ദൈവത്തിൽ ആശ്രയിക്കമാത്രം ചെയ്യുക.’” “തീർച്ചയായും,” കാരൻ ഒരു പുഞ്ചിരിയോടെ പറയുന്നു, “ആ പ്രസ്താവനക്കുശേഷം കയറുകയല്ലാതെ എനിക്ക് ഗത്യന്തരമില്ലായിരുന്നു.” ആദരവുള്ള അവളുടെ ഭർത്താവ് പറയുന്നു: “നാലുവർഷവും ധാരാളം കയർഗോവണികളും കഴിഞ്ഞപ്പോൾ, അവൾ ഇപ്പോൾ ഒരു നാവികനെപ്പോലെ അവയിൽ കയറുന്നു.”
കാരനും അവളുടെ ഭർത്താവായ പീറററും ഐക്യനാടുകളിൽ 89-ാം വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിൽ സംബന്ധിച്ചു. 1990 സെപ്ററംബർ 28ന്, അവർ ഒരു തുറമുഖത്തോടുകൂടിയ രാജ്യമായ ഇക്വഡോർ എന്ന അവരുടെ പുതിയ നിയമനസ്ഥലത്തേക്ക് തിരിച്ചു. അവർക്ക് വീട്ടിലെപ്പോലെയുള്ള തോന്നൽ ഉണ്ടാകണം.
[22-ാം പേജിലെ ചതുരം]
നിങ്ങൾ ഒരു നാവികനോ?
ലോകത്തിലെ വലിയ തുറമുഖങ്ങളിലൊന്നിൽ നിങ്ങളുടെ കപ്പൽ നങ്കൂരമിട്ടിരിക്കുമ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു ഇംഗ്ലീഷ്ഭാഷായോഗത്തിന് ഹാജരാകാൻ നിങ്ങളാഗ്രഹിക്കുന്നുവോ? എങ്കിൽ, നിലവിലുള്ള ഈ രാജ്യഹാൾ മേൽവിലാസങ്ങളുടെയും യോഗസമയങ്ങളുടെയും ലിസ്ററ് കൈവശംസൂക്ഷിക്കുക:
Hamburg, Schellingstr. 7-9; Saturday, 4:00 p.m.; phone: 040-4208413
Hong Kong, 26 Leighton Road; Sunday, 9:00 a.m.; phone: 5774159
Marseilles, 5 Bis, rue Antoine Maille; Sunday, 10:00 a.m.; phone: 91 79 27 89
Naples, Castel Volturno (40 km north of Naples), Via Napoli, corner of Via Salerno, Parco Campania; Sunday, 2:45 p.m.; phone: 081/5097292
New York, 512 W. 107 Street; Sunday, 4:00 p.m.; phone: 212-662-8143
Rotterdam, Putsestraat 20; Sunday, 10:00 a.m.; phone: 010-41 65 653
Tokyo, 5-5-8 Mita, Minato-ku; Sunday, 4:00 p.m.; phone: 03-3453-0404
Vancouver, 1526 Robson Street; Sunday, 10:00 a.m.; phone: 604-689-9796