നിങ്ങൾക്ക് ഏലിയാവിന്റേതുപോലുള്ള വിശ്വാസമുണ്ടോ?
മനുഷ്യസമൂഹം ഇന്ന് വിശ്വാസത്തിന് തുരങ്കം വച്ചുകൊണ്ടാണിരിക്കുന്നത്. ബുദ്ധിജീവികൾ ദൈവത്തിന്റെ ആസ്തിക്യത്തെത്തന്നെ പുച്ഛിച്ചു തള്ളുന്നു. മതങ്ങളിലെ കപടഭക്തർ ദൈവത്തെ പരിഹാസ വിഷയമാക്കുന്നു. മതേതര ലോകമാകട്ടെ, ദൈവമൊരു പ്രശ്നമേയല്ല എന്ന രീതിയിൽ അധികമധികം പെരുമാറുന്നു. ഇത്തരം മനോഭാവങ്ങൾ ഒരു വ്യക്തിയെ ഭയപ്പെടുത്തുകയോ നിരുൽസാഹിതനാക്കുകയോ അതുമല്ലെങ്കിൽ വിരക്തനാക്കുകയോ ചെയ്താലും ഫലം ഒന്നു തന്നെയാണ്. അയാളുടെ വിശ്വാസം ഒലിച്ചുപോകുന്നു. അപ്പോസ്തലനായ പൗലോസ് വിശ്വാസരാഹിത്യത്തെ “മുറുകെ പററുന്ന പാപം” എന്ന് വിളിച്ചത് അതിശയമല്ല!—എബ്രായർ 12:1.
ഒരുപക്ഷേ അതുകൊണ്ടാണ് ശക്തമായ വിശ്വാസമുണ്ടായിരുന്ന സ്ത്രീപുരുഷൻമാരുടെ ജീവിതത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കാൻ പൗലോസ് പ്രത്യേക ശ്രമം ചെയ്തത്. (എബ്രായർ 11-ാം അദ്ധ്യായം) അത്തരം ദൃഷ്ടാന്തങ്ങൾക്ക് നമ്മെ പ്രചോദിപ്പിക്കാനും നമ്മുടെ വിശ്വാസത്തെ താങ്ങി നിർത്താനും കഴിയും. ഉദാഹരണത്തിന്, നമുക്ക് പ്രവാചകനായ ഏലിയാവിനെ തന്നെ എടുക്കാം, ദീർഘവും സംഭവ ബഹുലവുമായ അവന്റെ പ്രവാചക ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ആഹാബ് രാജാവിന്റെയും അവന്റെ പുറജാതി ഭാര്യയായ ഈസെബെൽ രാജ്ഞിയുടെയും വാഴ്ചക്കാലത്താണ് ഏലിയാവ് ജീവിച്ചിരുന്നത്. ഇന്നത്തെപ്പോലെ അന്നും സത്യദൈവത്തിലുള്ള വിശ്വാസം വളരെ ക്ഷയിച്ചു പോയിരുന്നു.
ദുഷിച്ച പത്തു ഗോത്ര രാജ്യം
അവർ പററിയ ഒരു ജോടി തന്നെയായിരുന്നു! ആഹാബ് പത്തു ഗോത്ര ഇസ്രയേൽ രാജ്യത്തിന്റെ ഏഴാമത്തെ രാജാവായിരുന്നു. അവന്റെ മുൻഗാമികൾ ആറുപേരും ദുഷ്ടരായിരുന്നുവെങ്കിലും ആഹാബ് അവരെക്കാളെല്ലാം മോശമായിരുന്നു. അവൻ ദേശത്തെ ദുഷിച്ച കാളക്കുട്ടി ആരാധനക്ക് ചിരപ്രതിഷ്ഠ നൽകി എന്നു മാത്രമല്ല ഒരു വിദേശ രാജകുമാരിയായിരുന്ന ഈസബെലിനെ വിവാഹം കഴിക്കുകയും അതുവഴി ദേശം അതിനു മുമ്പ് അറിഞ്ഞിട്ടില്ലാത്ത ഏറെ ശക്തമായ ഒരുതരം ബാൽ ആരാധന നടപ്പാക്കുകയും ചെയ്തു.—1 രാജാക്കൻമാർ 16:30-33.
ഈസബേൽ ശൈശവം മുതൽ ബാൽ ആരാധനയിൽ ആമഗ്നയായിരുന്നു. അവളുടെ പിതാവായ എത്ത്-ബാൽ ബാൽ ദേവന്റെ ഭാര്യയായ അസ്ത്തോരെത്തിന്റെ ഒരു പുരോഹിതനുമായിരുന്നു. അയാൾ ഇസ്രയേലിന്റെ തൊട്ടു വടക്ക് സ്ഥിതിചെയ്ത സീദോന്റെ സിംഹാസനം കൈയ്യടക്കിയത് കൊലപാതകങ്ങൾ നടത്തിക്കൊണ്ടാണ്. ഇസ്രയേലിൽ ബാൽ ആരാധന സ്ഥാപിക്കാൻ ഈസെബെൽ ധാർമ്മികമായി ബലഹീനനായിരുന്ന അവളുടെ ഭർത്താവിനെ സ്വാധീനിച്ചു. ഏറെ താമസിയാതെ ദേശത്ത് ആ വ്യാജദൈവത്തിന്റെ 450 പ്രവാചകൻമാരും അശേരാ ദേവിയുടെ 400 പ്രവാചകൻമാരും ഉണ്ടായിരിക്കാൻ ഇടയായി; അവരെല്ലാം രാജാവിന്റെ മേശയിൽ നിന്നു ഭക്ഷിച്ചുപോന്നു. അവരുടെ ആരാധനാ രീതി സത്യദൈവമായ യഹോവയുടെ ദൃഷ്ടിയിൽ എത്ര മ്ലേച്ഛമായിരുന്നു! പുരുഷലിംഗ പ്രതീകങ്ങൾ, ഉർവ്വരതാ ചടങ്ങുകൾ, ക്ഷേത്ര വേശ്യകൾ (സ്ത്രീകളും പുരുഷൻമാരും) ശിശുബലി പോലും—അത്തരം കാര്യങ്ങളായിരുന്നു ഈ ബീഭൽസ മതത്തിന്റെ ചമയങ്ങൾ. ആഹാബിന്റെ അനുഗ്രഹത്തോടെ അതു തടസ്സമില്ലാതെ രാജ്യമൊട്ടാകെ വ്യാപിച്ചു.
ദശലക്ഷക്കണക്കിന് ഇസ്രയേല്യർ ഭൂമിയുടെയും അതിലെ ജലചാക്രിക ക്രമത്തിന്റെയും സ്രഷ്ടാവായ യഹോവയെ മറന്നുകളഞ്ഞു. അവരെ സംബന്ധിച്ചടത്തോളം വേനൽക്കാലത്തിന്റെ അവസാനത്തിൽ മഴ പെയ്യിച്ചുകൊണ്ട് ദേശത്തെ അനുഗ്രഹിച്ചത് ബാൽ ആയിരുന്നു. ഓരോ ആണ്ടിലും വരൾച്ച അവസാനിപ്പിക്കാൻ അവർ ഫലപുഷ്ടിയുടെയും വർഷകാലത്തിന്റെയും ദേവനെന്ന് വിളിക്കപ്പെട്ടിരുന്ന ഈ ‘മേഘ സഞ്ചാരിയിലേക്ക്’ പ്രത്യാശയോടെ നോക്കി. ആണ്ടു തോറും മഴ പെയ്തു, ആണ്ടുതോറും അതിന്റെ ബഹുമതി ബാലിന് ലഭിക്കുകയും ചെയ്തു.
ഏലിയാവ് ഒരു വരൾച്ച പ്രഖ്യാപിക്കുന്നു
സാദ്ധ്യതയനുസരിച്ച്, മഴ പെയ്യാഞ്ഞ ഒരു നീണ്ട വേനൽക്കാലത്തിന്റെ അവസാനത്തിൽ—ബാൽ ദേവൻ ജീവദായകമായ മഴ പെയ്യിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചു തുടങ്ങിയപ്പോഴായിരുന്നു ഏലിയാവ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്.a അവൻ ബൈബിൾ രേഖയിലേക്ക് കടന്നുവരുന്നത് ഒരു ഇടിനാദം പോലെ പൊടുന്നനേയാണ്. അവന്റെ പശ്ചാത്തലത്തെക്കുറിച്ചോ അവന്റെ മാതാപിതാക്കൾ ആരായിരുന്നെന്നോ നമ്മോട് അധികമൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ഒരു ഇടിനാദത്തിൽ നിന്നും വ്യത്യസ്തമായി ഏലിയാവ് ഒരു പെരുമഴയുടെ മുന്നോടിയായിരുന്നില്ല. അവൻ ആഹാബിനോട് ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ സേവിച്ചു നിൽക്കുന്ന ഇസ്രയേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഴയും മഞ്ഞും ഉണ്ടാകയില്ല.”—1 രാജാക്കൻമാർ 17:1.
തികച്ചും ഗ്രാമ്യമായ രോമകുപ്പായമണിഞ്ഞ ഈ മനുഷ്യനെ ഒന്നു ഭാവനയിൽ കാണുക. അവൻ ഗിലെയാദിലെ പരുക്കൻ കുന്നുകളിൽ നിന്നുള്ളവനും സാദ്ധ്യതയനുസരിച്ച് എളിയ ആട്ടിടയൻമാർക്കിടയിൽ വളർത്തപ്പെട്ടവനുമായിരുന്നു. അവൻ ശക്തനായ ആഹാബ് രാജാവിന്റെ മുമ്പിൽ, ഒരുപക്ഷേ കീർത്തിപ്പെട്ട ദന്ത ഭവനവും അതിന്റെ വിചിത്രമായ അലങ്കാര പണികളും ഗംഭീരങ്ങളായ വിഗ്രഹങ്ങളും സഹിതമുള്ള അവന്റെ പടുകൂററൻ കൊട്ടാരത്തിൽ തന്നെ നിന്നു. അവിടെ, കോട്ടകെട്ടിയടച്ചതും തിരക്കേറിയതുമായ ശമര്യാ നഗരത്തിൽ, യഹോവയുടെ ആരാധന ഏതാണ്ട് പാടെ വിസ്മരിക്കപ്പെട്ടിരിക്കുന്നിടത്ത് നിന്നുകൊണ്ട് ആഹാബിന്റെ ബാൽ ദേവൻ ദുർബലനാണെന്ന്, അങ്ങനെയൊരു ദൈവം സ്ഥിതിചെയ്യുന്നില്ലെന്ന് ഏലിയാവ് ആഹാബിനോട് പറയുന്നു. ആ വർഷവും വരും വർഷങ്ങളിലും മഴയോ മഞ്ഞോ ഉണ്ടാകയില്ല എന്ന് ഏലിയാവ് പ്രഖ്യാപിക്കുന്നു!
അവന് അത്തരത്തിലുള്ള വിശ്വാസം എവിടെ നിന്നാണ് ലഭിച്ചത്? അഹങ്കാരിയും വിശ്വാസത്യാഗിയുമായ ആ രാജാവിന്റെ മുമ്പാകെ നിന്നപ്പോൾ അവന് ഭയം തോന്നിയില്ലേ? ഒരുപക്ഷേ തോന്നിയിരിക്കാം. ആയിരത്തിലധികം വർഷങ്ങൾക്കു ശേഷം “ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനായിരുന്നു”വെന്ന് യേശുവിന്റെ അർദ്ധസഹോദരനായ യാക്കോബ് നമുക്ക് ഉറപ്പു നൽകുന്നു. (യാക്കോബ് 5:17) എന്നാൽ ഏലിയാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ സേവിച്ചു നിൽക്കുന്ന ഇസ്രയേലിന്റെ ദൈവമായ യഹോവയാണ” യഹോവയുടെ ദാസനെന്ന നിലയിൽ താൻ ആഹാബിന്റേതിനേക്കാൾ ഉന്നതമായ ഒരു സിംഹാസനത്തിനു—അഖിലാണ്ഡ പരമാധികാരിയുടെ സിംഹാസനത്തിനു—മുമ്പിലാണ് നിൽക്കുന്നതെന്ന് ഏലിയാവിന് അറിയാമായിരുന്നു! അവൻ ആ രാജാസനത്തിന്റെ ഒരു പ്രതിനിധി, ഒരു ദൂതനായിരുന്നു. ഈ കാഴ്ചപ്പാടിൽ യഹോവയുടെ അനുഗ്രഹം നഷ്ടപ്പെട്ട ഒരു നിസ്സാര മാനുഷ ഭരണാധിപനായ ആഹാബിനെ അവൻ എന്തിന് ഭയപ്പെടണം?
യഹോവ ഏലിയാവിന് ഇത്രമേൽ യാഥാർത്ഥ്യമായിരുന്നത് യാദൃച്ഛികമായിട്ടായിരുന്നില്ല. പ്രവാചകൻ തീർച്ചയായും തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ രേഖ പഠിച്ചിട്ടുണ്ടായിരുന്നു. വ്യാജദൈവങ്ങളുടെ ആരാധനയിലേക്ക് യഹൂദൻമാർ തിരിഞ്ഞാൽ താൻ അവരെ വരൾച്ചകൊണ്ടും ക്ഷാമം കൊണ്ടും ശിക്ഷിക്കുമെന്ന് യഹോവ അവർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. (ആവർത്തനം 11:16, 17) യഹോവ എല്ലായ്പ്പോഴും തന്റെ വാക്കു പാലിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നതിനാൽ “മഴ പെയ്യാതിരിക്കേണ്ടതിന്നു” ഏലിയാവ് പ്രാർത്ഥിച്ചു.—യാക്കോബ് 5:17.
മാർഗ്ഗ നിർദ്ദേശം അനുസരിക്കുന്നതിനാൽ വിശ്വാസം പ്രകടമാക്കുന്നു
തൽക്കാലത്തേക്കെങ്കിലും ഏലിയാവിന്റെ പ്രഖ്യാപനം അവനെ മരണകരമായ അപകടത്തിലാക്കി. അവന്റെ വിശ്വാസത്തിന്റെ മറെറാരു ഭാവം ആവശ്യമാക്കിത്തീർത്ത ഒരു സന്ദർഭമായിരുന്നു അത്. ജീവനോടിരിക്കുന്നതിന് അവൻ വിശ്വസ്തതയോടെ യഹോവയുടെ മാർഗ്ഗ നിർദ്ദേശം അനുസരിക്കണമായിരുന്നു. “നീ ഇവിടെ നിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക. തോട്ടിൽ നിന്നു നീ കുടിച്ചുകൊള്ളേണം, അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോട് കൽപ്പിച്ചിരിക്കുന്നു.”—1 രാജാക്കൻമാർ 17:3, 4.
ഏലിയാവ് ഉടൻ തന്നെ അത് അനുസരിച്ചു. തന്റെ ദേശത്തുണ്ടായ വരൾച്ചയെയും ക്ഷാമത്തെയും അതിജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവ അവനുവേണ്ടി ചെയ്ത കരുതലുകളെ അവൻ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഇത് ഒരു തരത്തിലും എളുപ്പമായിരുന്നില്ല. ഒളിവിൽ പോകുന്നതിനെയും മാസങ്ങളോളം തികച്ചും ഒററപ്പെട്ടു കഴിയുന്നതിനെയുമാണ് അത് അർത്ഥമാക്കിയത്. മോശൈക ന്യായപ്രമാണ പ്രകാരം അശുദ്ധമായി കണക്കാക്കിയിരുന്ന ശവം തീനികളായ കാക്കകൾ കൊണ്ടുവരുന്ന മാംസവും അപ്പവും അവൻ തിന്നണമായിരുന്നു. കാക്കകൾ കൊണ്ടുവരുന്നത് ശവമല്ല നിയമാനുസൃതം രക്തം ചോർത്തിക്കളഞ്ഞ മാംസമായിരിക്കും എന്നുള്ളതിന് അവന് യഹോവയെ ആശ്രയിക്കാനേ കഴിയുമായിരുന്നുള്ളു. ദീർഘകാലഘട്ടം നീണ്ടുനിന്ന ഈ അത്ഭുതം അസംഭവ്യമെന്ന് ചില ബൈബിൾ വ്യാഖ്യാതാക്കൾക്ക് തോന്നുകയാൽ മൂലതിരുവെഴുത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അർത്ഥം “കാക്കകൾ” എന്നല്ല “അറബികൾ” എന്നാണ് എന്ന് അവർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ കാക്കകൾ തന്നെയായിരുന്നു ഇതിന് ഏററവും യോജിച്ചത്. ഈ എളിയ, ശുദ്ധിയില്ലാത്ത, പക്ഷികൾ ഭക്ഷണവുമായി മരുഭൂമിയിലേക്ക് പറക്കുന്നത് വാസ്തവത്തിൽ ഏലിയാവിനെ പോററാനാണെന്ന് ആരും സംശയിക്കുകയില്ലായിരുന്നു; ആഹാബും ഈസെബേലും അന്ന് രാജ്യത്തെല്ലായിടത്തും അവനെ അന്വേഷിക്കുകയായിരുന്നു.—1 രാജാക്കൻമാർ 18:3, 4, 10.
വരൾച്ച തുടർന്നപ്പോൾ കെരീത്ത് തോട്ടിലെ വെള്ളം വററിപ്പോകുന്നതിനെപ്പററി ഏലിയാവ് ഉൽക്കണ്ഠപ്പെട്ടിരിക്കാം. വരൾച്ചക്കാലത്ത് ഇസ്രയേലിലെ മിക്ക തോടുകളും വററിപ്പോകുന്നു. “കുറെ ദിവസം കഴിഞ്ഞപ്പോൾ” ഈ തോടും വററിപ്പോയി. തോട്ടിലെ ഒഴുക്ക് ഒരു ചെറുചാലായി ചുരുങ്ങുകയും കുളങ്ങൾ ദിവസേന വററിത്താഴുകയും ചെയ്തപ്പോഴത്തെ ഏലിയാവിന്റെ വികാരങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? വെള്ളം തീരുമ്പോൾ എന്തു സംഭവിക്കും എന്ന് അവൻ അതിശയിച്ചിട്ടുണ്ടാവണം. എന്നിരുന്നാലും ഏലിയാവ് വിശ്വസ്തനായി അവിടെത്തന്നെ പാർത്തു. തോട് വററിയ ശേഷം മാത്രമായിരുന്നു യഹോവ അവന് തുടർന്നുള്ള നിർദ്ദേശങ്ങൾ നൽകിയത്. സാരെഫാത്തിലേക്ക് പോകാൻ പ്രവാചകനോട് പറയപ്പെട്ടു. അവിടെ ഒരു വിധവയുടെ വീട്ടിൽ അവൻ കാലക്ഷേപം കഴിക്കും.—1 രാജാക്കൻമാർ 17:7-9.
സാരെഫാത്ത്! അത് സീദോൻ നഗരത്തിന്റെ അധീനതയിലുള്ള ഒരു പട്ടണമായിരുന്നു. ഈസെബേലിന്റെ സ്വന്തം നഗരം. അവളുടെ പിതാവ് അവിടെ രാജാവായി ഭരിച്ചിരുന്നതാണ്! അവിടം സുരക്ഷിതമായിരിക്കുമോ? ഏലിയാവ് അതേപ്പററി സംശയിച്ചിരിക്കണം. എന്നാൽ “അവൻ എഴുന്നേററ് സാരെഫാത്തിനു പോയി.”—1 രാജാക്കൻമാർ 17:10.
യഹോവ ജീവസന്ധാരണത്തിന് ആവശ്യമായതും ജീവനും നൽകുന്നു
അവന്റെ അനുസരണത്തിന് പെട്ടെന്നു തന്നെ പ്രതിഫലം ലഭിച്ചു. മുൻകൂട്ടിപ്പറയപ്പെട്ടപ്രകാരം അവൻ ആ വിധവയെ കണ്ടുമുട്ടി. തന്റെ നാട്ടുകാർക്കിടയിൽ തീർത്തും ഇല്ലാതിരുന്ന തരം വിശ്വാസം അവൾക്കുണ്ടെന്നും അവനു മനസ്സിലായി. ഈ ദരിദ്രയായ വിധവക്ക് തനിക്കും തന്റെ മകനും വേണ്ടി ഒരു നേരത്തെ ആഹാരത്തിന് ആവശ്യമായ മാവും എണ്ണയുമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ആവശ്യമുള്ളേടത്തോളം കാലം തന്റെ ഭരണിയിലെ എണ്ണയും ഭരണിയിലെ മാവും തീർന്നുപോകാതെ യഹോവ കരുതിക്കൊള്ളും എന്നുള്ള വാഗ്ദത്തത്തിൽ വിശ്വസിച്ച് അവളുടെ ഇല്ലായ്മയിലും ആദ്യം ഏലിയാവിന് അപ്പമുണ്ടാക്കിക്കൊടുക്കാൻ അവൾ മനസ്സു കാണിച്ചു. തന്റെ സ്വന്തം നാളിലെ അവിശ്വസ്തരായ ഇസ്രയേല്യരെ കുററം വിധിച്ചപ്പോൾ ഈ വിധവയുടെ വിശ്വസ്ത ദൃഷ്ടാന്തം യേശു ക്രിസ്തു അനുസ്മരിച്ചത് അതിശയമല്ല.—1 രാജാക്കൻമാർ 17:13-16; ലൂക്കോസ് 4:25, 26.
ഇങ്ങനെയൊരു അത്ഭുതം നടന്നെങ്കിലും ഈ വിധവയുടെയും ഏലിയാവിന്റെയും വിശ്വാസം കഠിനമായി പരിശോധിക്കപ്പെടാൻ പോകയായിരുന്നു. പെട്ടെന്നുതന്നെ അവളുടെ മകൻ മരിച്ചു. ഈ ദുരന്തത്തിന് സത്യദൈവത്തിന്റെ മനുഷ്യനായ ഏലിയാവുമായി ഏതോ ബന്ധമുണ്ട് എന്ന് ഊഹിക്കാൻ മാത്രമേ അതിദുഃഖിതയായിത്തീർന്ന ആ വിധവക്ക് കഴിഞ്ഞുള്ളു. തന്റെ ഏതെങ്കിലും പൂർവ്വകാല പാപത്തിന് താൻ ശിക്ഷിക്കപ്പെടുകയാണോയെന്ന് അവൾ ശങ്കിച്ചു. എന്നാൽ ഏലിയാവ് അവളുടെ പുത്രന്റെ മൃതശരീരം അവളിൽ നിന്ന് ഏററുവാങ്ങി മാളിക മുറിയിലേക്ക് കൊണ്ടുപോയി. യഹോവ അഹോവൃത്തിയിലും അധികം നൽകാൻ കഴിവുള്ളവനാണെന്ന് അവന് അറിയാമായിരുന്നു. യഹോവ ജീവന്റെ തന്നെ ഉറവിടമാണ്! അതുകൊണ്ട് കുട്ടിയുടെ ജീവൻ തിരികെ വരാൻ വേണ്ടി ഏലിയാവ് ആത്മാർത്ഥമായും ആവർത്തിച്ചും പ്രാർത്ഥിച്ചു.
പുനരുത്ഥാനത്തിൽ അത്തരം വിശ്വാസമുണ്ടായിരുന്ന ആദ്യത്തവൻ ഏലിയാവായിരുന്നില്ല, എന്നാൽ ബൈബിൾ രേഖയിൽ ആദ്യമായി ഒരാളെ പുനരുത്ഥാനത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കപ്പെട്ടത് അവനായിരുന്നു. ആ കുട്ടി “ജീവനിലേക്ക് വന്നു”! “നോക്കൂ! നിന്റെ മകൻ ജീവനോടിരിക്കുന്നു” എന്ന ലളിതമായ വാക്കുകളോടെ ഏലിയാവ് പുത്രനെ തന്റെ അടുക്കൽ കൊണ്ടുവന്നപ്പോഴത്തെ ആ അമ്മയുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. നിസ്സംശയമായും കണ്ണുനീരോടെ അവൾ ഇപ്രകാരം പറഞ്ഞു: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിൻമേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു.”—1 രാജാക്കൻമാർ 17:17-24.
“എന്റെ ദൈവം യഹോവയാണ്”
ഏലിയാവ് എന്ന പേരിന്റെ അർത്ഥം “എന്റെ ദൈവം യഹോവയാണ്” എന്നായിരിക്കുന്നത് എത്ര ഹൃദയസ്പർശകവും എത്ര ഉചിതവുമാണ്! വരൾച്ചയുടെയും ക്ഷാമത്തിന്റെയും ഒരു സമയത്ത് യഹോവ അവന് ഭക്ഷണവും പാനീയവും നൽകി; ധാർമ്മികമായി കുഴഞ്ഞിരുന്ന ഒരു സമയത്ത് യഹോവ അവന് ശരിയായ മാർഗ്ഗനിർദ്ദേശം നൽകി; മരണത്തിന്റേതായ ഒരു സമയത്ത് ജീവൻ തിരികെക്കൊടുക്കാൻ യഹോവ അവനെ ഉപയോഗിച്ചു. ഏലിയാവ് തന്റെ ദൈവത്തിൽ വിശ്വാസം അർപ്പിക്കാൻ ആവശ്യമായിരുന്ന ഓരോ സന്ദർഭത്തിലും—തനിക്കുവേണ്ടി കരുതാൻ അവനിൽ ആശ്രയിച്ചുകൊണ്ടും അവന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചുകൊണ്ടും അവന്റെ നാമം വിശുദ്ധീകരിക്കാൻ അവനിൽ ശരണപ്പെട്ടുകൊണ്ടും—യഹോവയിൽ വിശ്വസിക്കാൻ അവന് കൂടുതലായ കാരണങ്ങൾ സമ്മാനിക്കപ്പെട്ടു. തന്റെ ദൈവമായ യഹോവയിൽ നിന്ന് അവൻ കൂടുതൽ പ്രയാസകരവും ഭയാനകവുമായ നിയമനങ്ങൾ സ്വീകരിക്കുന്നതിൽ തുടർന്നപ്പോഴും ഈ മാതൃക തന്നെ യഥാർത്ഥമായി നിലനിന്നു. അവനിലൂടെ പ്രവർത്തിക്കപ്പെട്ട ഏററം പകിട്ടാർന്ന അത്ഭുതങ്ങളിൽ ചിലത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.—1 രാജാക്കൻമാർ 18-ാം അദ്ധ്യായം കാണുക.
ഇന്നത്തെ യഹോവയുടെ ദാസൻമാരെ സംബന്ധിച്ചിടത്തോളം അവസ്ഥ ഏതാണ്ടിതുതന്നെയാണ്. നാം അത്ഭുതകരമായി പോഷിപ്പിക്കപ്പെടുകയോ ആളുകളെ പുനരുത്ഥാനത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കപ്പെടുകയോ ഇല്ലായിരിക്കാം; ഇത് അത്തരം അത്ഭുതങ്ങൾക്കുള്ള കാലഘട്ടമല്ല. എന്നിരുന്നാലും ഏലിയാവിന്റെ നാളിലേതിൽ നിന്ന് യഹോവക്ക് യാതൊരു മാററവും വന്നിട്ടില്ല.—1 കൊരിന്ത്യർ 13:8; യാക്കോബ് 1:17.
നമുക്കും ചിലപ്പോൾ നമ്മെ പേടിപ്പെടുത്തുന്ന ചില നിയമനങ്ങൾ ലഭിച്ചേക്കം, നമ്മുടെ ദൈവദത്തമായ ദൂത് ദുഷ്ക്കരവും ഭയജനകവുമായ ചില പ്രദേശങ്ങളിൽ എത്തിക്കേണ്ടതുണ്ടായിരിക്കാം. നാം പീഡനത്തെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. നാം വിശപ്പ് സഹിക്കേണ്ടതായിപോലും വന്നേക്കാം. എന്നാൽ വിശ്വസ്തരായ വ്യക്തികളുടെ കാര്യത്തിലും അവന്റെ സ്ഥാപനത്തിന്റെ കാര്യത്തിൽ മൊത്തത്തിലും യഹോവ ഇപ്പോഴും തന്റെ ദാസൻമാരെ വഴിനടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്ന് കൂടെക്കൂടെ തെളിയിച്ചിട്ടുണ്ട്. താൻ അവർക്ക് എന്തു നിയമനങ്ങൾ കൊടുത്താലും അതു നിറവേററാനുള്ള ശക്തി അവൻ ഇപ്പോഴും നൽകുന്നു. ഈ കുഴപ്പം പിടിച്ച ലോകത്തിൽ അവരുടെമേൽ വന്നേക്കാവുന്ന ഏതു പരിശോധനയിലും സഹിച്ചുനിൽക്കാനുള്ള സഹായം അവൻ ഇപ്പോഴും നൽകുന്നു.—സങ്കീർത്തനം 55:22.
[അടിക്കുറിപ്പ്]
a ദേശത്ത് “മൂന്നു വർഷവും ആറു മാസവും” മഴ പെയ്തില്ല എന്നാണ് യേശുവും യാക്കോബും പറയുന്നത്. എന്നാൽ ഏലിയാവ് “മൂന്നാം വർഷം” വരൾച്ചയവസാനിപ്പിക്കാൻ ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതായി പറഞ്ഞിരിക്കുന്നു—അതു തീർച്ചയായും അവൻ വരൾച്ച പ്രഖ്യാപിച്ച ദിവസം മുതൽ കണക്കാക്കുമ്പോഴാണ്. അപ്രകാരം മഴയില്ലാത്ത ദീർഘമായ ഒരു വരൾച്ചയുടെ കാലത്തിനു ശേഷമായിരിക്കണം അവൻ ആഹാബിന്റെ മുമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്.—ലൂക്കോസ് 4:25; യാക്കോബ് 5:17; 1 രാജാക്കൻമാർ 18:1.
[18-ാം പേജിലെ ചിത്രം]
ഏലിയാവിനെപ്പോലെ നിങ്ങൾക്ക് യഹോവ തന്റെ ദാസൻമാരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതും എന്നുള്ള വിശ്വാസമുണ്ടോ?