“ജീവജലം” കേപ്വേർഡിയിൽ കുമിളിച്ചുപൊങ്ങുന്നു
“കേപ് വേർഡിയിൽ 1958 എന്ന വർഷം മുതലുള്ള യഹോവയുടെ സാക്ഷികളുടെ ആരാധനയുടെ നിലനിൽപ്പും ആചരണവും ശ്രദ്ധാർഹമായ ഒരു വസ്തുതയാണ്” എന്ന് കേപ് വേർഡി റിപ്പബ്ലിക്കിലെ നീതിന്യായമന്ത്രി വിശദീകരിച്ചു. അദ്ദേഹം തന്റെ ആഫീസിലേക്കു വരുത്തപ്പെട്ട രണ്ടു സാക്ഷികളോടു സംസാരിക്കുകയായിരുന്നു. “യഹോവയുടെ സാക്ഷികളെ നിയമപരമായി അംഗീകരിക്കുന്നതിന് ഇത്രയും കാലം എടുത്തതിൽ ഞങ്ങൾക്ക് ഖേദമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ് നവംബർ 30-ൽ നടത്തപ്പെട്ട ആ മീററിംഗ് കേപ്വേർഡിയിലെ യഹോവയുടെ സാക്ഷികൾ ദീർഘനാൾ ഓർക്കും. അത് ആ രാജ്യത്തിലെ ഒരു നിയമസാധുതയുള്ള സമൂഹമായി യഹോവയുടെ സാക്ഷികളെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ സൂചന നൽകി. എന്നിരുന്നാലും, ഹാജരായിരുന്ന രണ്ട് സാക്ഷികൾക്ക് അത് വ്യക്തിപരമായി വൈകാരികമായ ഒരു അനുഭവമായിരുന്നു, എന്തുകൊണ്ടെന്നാൽ അവരിൽ ഒരാളായിരുന്ന ലൂയിസ് ആൻഡ്രാഡേ വാച്ച്ററവർ സൊസൈററി പ്രസിദ്ധപ്പെടുത്തുന്ന കുറെ ബൈബിൾ സാഹിത്യം കണ്ടുമുട്ടാൻ ഇടയായത് 1958-ൽ ആയിരുന്നു. പ്രസിദ്ധീകരണങ്ങൾ തുടക്കംമുതൽ ഒടുക്കംവരെ വായിച്ച ശേഷം താൻ സത്യം കണ്ടെത്തിയതായി അയാൾ മനസ്സിലാക്കി. ആകാംക്ഷാപൂർവം അയാൾ ഒരു ദീർഘകാല സുഹൃത്തായിരുന്ന ഫ്രാൻസിസ്ക്കോ ററാവാറസിന് താൻ പഠിച്ചതു പങ്കുവെച്ചു. അടുത്ത ഏതാനും ചില വർഷങ്ങളിൽ, അവർ രണ്ടുപേരും വരിസംഖ്യയായി കിട്ടിക്കൊണ്ടിരുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിച്ചുകൊണ്ട് സത്യത്തിന്റെ വെള്ളം ഉൾക്കൊള്ളുന്നതിൽ തുടർന്നു. പത്തുവർഷം കഴിഞ്ഞ് 1968-ൽ കേപ് വേർഡിയിലേക്കുള്ള ഒരു സഞ്ചാരമേൽവിചാരകന്റെ ആദ്യ സന്ദർശനസമയത്ത് അവർ സ്നാപനമേററു.
സഹോദരൻമാരായ ആൻഡ്രാഡേയും ററാവറസും “വരിക! . . . ജീവജലം സൗജന്യമായി സ്വീകരിക്കുക” എന്ന ക്ഷണം മുഴക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു. (വെളിപ്പാട് 22:17) ചിതറിക്കിടക്കുന്ന പ്രയാസമേറിയ തങ്ങളുടെ പ്രദേശത്തിന്റെ വെല്ലുവിളി സ്വീകരിക്കാൻ അവർ സന്നദ്ധരായിരുന്നു. കേപ് വേർഡിയിൽ, ഡാക്കർ, സെനിഗലിനു ഏതാണ്ട് 560 കിലോമീററർ പടിഞ്ഞാറ് അററ്ലാൻറിക്ക് സമുദ്രത്തിലെ പത്തു മുഖ്യദ്വീപുകളും കുറെ ചെറുദ്വീപുകളുമാണ് ഉൾക്കൊണ്ടിരുന്നത്. “ഹരിത മുനമ്പ്” എന്നർത്ഥമുള്ള കേപ് വേർഡി എന്ന പേർ ആദ്യം ആഫ്രിക്കൻ സമുദ്രതീരത്തെ ഉപദ്വീപിനാണ് ബാധകമാക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും മഴവീഴ്ച തുച്ഛമായതിനാൽ ഈ ദ്വീപുകൾ അശേഷം ഹരിതാഭമല്ല, 3,50,000 വരുന്ന നിവാസികൾ വരണ്ട ദേശത്തുനിന്ന് ഉപജീവനം തേടേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 30 വർഷക്കാലത്ത്, മിഷനറിമാരും പ്രത്യേക പയനിയർമാരും മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ ദീപുവാസികൾക്ക് ജീവജലം എത്തിച്ചുകൊടുത്തുകൊണ്ട് കഠിനവേല ചെയ്തിരിക്കുന്നു. അങ്ങനെയുള്ള അദ്ധ്വാനത്തിന്റെ പരിണതഫലം എന്താണ്? അടുത്ത കാലത്ത് പോർട്ടുഗലിൽനിന്നുള്ള ഒരു സഞ്ചാര മേൽവിചാരകൻ കേപ് വേർഡിയിലെ സഭകളിലേക്ക് ഒരു സന്ദർശനം നടത്തി. അദ്ദേഹം കണ്ടെത്തിയതെന്തെന്ന് പറയാൻ നമുക്ക് അദ്ദേഹത്തെ അനുവദിക്കാം.
സാവോ വിസെന്റേ “നിർമ്മലഭാഷ” കേൾക്കുന്നു
കേപ് വേർഡിയിലെ ഞങ്ങളുടെ ആദ്യത്തെ സ്റേറാപ്പ് സാവോ വിസെന്റേ ദ്വീപിലെ പോർട്ടൂ ഗ്രാൻഡേ നഗരമായിരുന്നു. വിമാനത്താവളത്തിൽനിന്ന് പട്ടണത്തിലേക്ക് കാറിൽ പോകുമ്പോൾ പാറകൾ നിറഞ്ഞ കുന്നിൻചെരിവുകൾ കാററടിച്ചുകൊണ്ടുവന്ന മണൽ മൂടിക്കിടക്കുന്നതു ഞങ്ങൾ കണ്ടു. വടക്കേ ആഫ്രിക്കയുടെ മരുഭൂവൽക്കരണം കേപ് വേർഡി ദ്വീപുകൾ വരെ എത്തിക്കഴിഞ്ഞിരുന്നു! ഡിസംബർമുതൽ ഫെബ്രുവരിവരെ ഹാർമാററൻ—സഹാറായിൽനിന്നുള്ള വരണ്ട ഉഷ്ണക്കാററ്—സമുദ്രത്തിനു കുറുകെ അടിക്കുകയും ദ്വീപുകളെ മണലിന്റെയും പൊടിയുടെയും പാളികൾകൊണ്ടു മൂടുകയും ചെയ്യുന്നു. ചില സമയങ്ങളിൽ പൊടിപടലങ്ങൾ വളരെ കട്ടിയുള്ളവയാകയാൽ വിമാനങ്ങൾക്കു പറക്കാൻ സാദ്ധ്യമല്ല. ഹാർമ്മാററൻ വന്നെത്തുമ്പോൾ ശേഷിച്ചിട്ടുള്ള അല്പം സസ്യങ്ങളും കരിഞ്ഞുപോകുന്നു.
എന്നിരുന്നാലും, ആത്മീയമായി പറഞ്ഞാൽ, വെള്ളത്തിന്റെ ഉറവുകൾ അനായാസം ലഭ്യമാണ്. യഹോവയുടെ സാക്ഷികൾ പോർട്ടൂ ഗ്രാൻഡേയിൽ രണ്ടു സഭകൾ സ്ഥാപിച്ചിട്ടുണ്ട്. സത്യത്തിന്റെ ജീവദായകമായ വെള്ളങ്ങളെ സാവോ വിസെന്റേ ദ്വീപിലെ 47,000 നിവാസികളിലേക്ക് എത്തിക്കുന്നതിൽ 167 രാജ്യപ്രസംഗകർ തിരക്കുള്ളവരാണ്. വാരാന്തങ്ങളിൽ, ഏതാണ്ട് 400 പേർ രാജ്യഹാളിലെ ബൈബിളധിഷ്ഠിത യോഗങ്ങൾക്കു വരികയുണ്ടായി.
ഒരാഴ്ച നീണ്ടുനിന്ന സന്ദർശന സമയങ്ങളിൽ, നഗരത്തിലെ ഏററവും നല്ല തീയേറററിൽ നടത്താനിരുന്ന “നിർമ്മലഭാഷാ” ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി ഒരുക്കങ്ങൾ നടത്തപ്പെട്ടുകൊണ്ടിരുന്നു. (സെഫന്യാവ് 3:9) സ്ഥലത്തെ ആളുകളോടു ചേർന്ന് സാൻറൂ ആന്റോൺ, സാവോൺ നിക്കൂളോ എന്നീ ദീപുകളിൽനിന്നുള്ള പ്രതിനിധികൾ ഹാജരിനെ 756 എന്ന അത്യുച്ചത്തിലേക്ക് ഉയർത്തി. ഇരുപത്തിനാലു പേർ സ്നാപനമേററു. കാര്യപരിപാടിയിൽ സാക്ഷികൾ അവതരിപ്പിച്ച ഒരു ബൈബിൾ നാടകം ഉൾപ്പെട്ടിരുന്നു. ഒരു ഫിലിം പ്രൊഡക്ഷന്റെ റിഹേഴ്സൽ ഡയറക്ടറായിരുന്ന ഒരു മനുഷ്യൻ നാടകത്തിന് ഹാജരാകുകയും ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: “ഞങ്ങൾ ഒരു വർഷം പരിശീലിച്ചിട്ടും ഞങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ നാടകത്തിലെ പങ്കാളികൾ വെറും രണ്ടു മാസത്തെ പരിശീലനം കൊണ്ട് വളരെ മെച്ചമായി ചെയ്തു.” കൺവെൻഷന്റെ വിജയപ്രദമായ സമാപനത്തോടെ ഞങ്ങൾക്ക് കേപ് വേർഡി റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ, സാവു ററിയാഗോ ദ്വീപിലെ പ്രയാ നഗരത്തിലേക്ക് നീങ്ങാൻ സമയമായിരുന്നു.
ശുദ്ധീകരിക്കപ്പെട്ട ഒരു ജനം
സമീപവർഷങ്ങളിൽ മററു ദീപുകളിലെ അനേകം നിവാസികൾ തൊഴിലന്വേഷിച്ച് തലസ്ഥാനത്തു തടിച്ചുകൂടിയിട്ടുണ്ട്. തത്ഫലമായി, നഗരപ്രാന്തങ്ങളിൽ ആയിരക്കണക്കിന് അപരിഷ്കൃതമായ കുടിലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു, പരിമിതമായ ജലവിതരണത്തെയും ശുചീകരണ കരുതലുകളെയും കൂടുതലായി ഞെരുക്കിക്കൊണ്ടുതന്നെ. അനേകം കുടുംബങ്ങൾ തങ്ങളുടെ വരുമാനത്തെ പോഷിപ്പിക്കാൻ കോലാടുകളെയും പന്നികളെയും കോഴികളെയും വളർത്തുന്നു. ഇവ തെരുക്കളിൽ സ്വതന്ത്രമായി വിഹരിക്കുന്നതു കാണുക സാധാരണമാണ്. ഇത് രോഗം പടരുന്നതിന് ഹേതുവായിത്തീർന്നിട്ടുണ്ട്.
എന്നിരുന്നാലും, അങ്ങനെയുള്ള പ്രയാസമേറിയ സാഹചര്യങ്ങളുണ്ടായിരുന്നിട്ടും മൊത്തം ഏതാണ്ട് 130 രാജ്യപ്രസംഗകരുള്ള തഴച്ചുവളരുന്ന രണ്ടു സഭകൾ ഇപ്പോൾ പ്രയായിലുണ്ട്. ഈ സന്തുഷ്ടരായ സാക്ഷികൾ ബൈബിളിൽനിന്ന് പഠിച്ചത് ബാധകമാക്കിയതുകൊണ്ട് തീർച്ചയായും ‘പ്രയോജനമനുഭവിച്ചിട്ടുണ്ട്.’ നിർമ്മലരും വിശുദ്ധരുമായ ഒരു ജനമായിരിക്കാൻ ശ്രമിച്ചതിനാൽ നമ്മുടെ സഹോദരൻമാരും അവരുടെ കുട്ടികളും മെച്ചമായ ആരോഗ്യം ആസ്വദിച്ചിരിക്കുന്നു, ആത്മീയമായും ശാരീരികമായും. അവരുടെ ജീവിതം പ്രയാസകരമാണെങ്കിലും, അവർ ആത്മീയമായി സമ്പന്നരാണ്.—യെശയ്യാവ് 48:17; 1 പത്രോസ് 1:15, 16.
ഞങ്ങൾ വന്നെത്തിയപ്പോൾ, സഹോദരൻമാർ തങ്ങളുടെ ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി ഒരുങ്ങുന്നതിൽ തിരക്കുള്ളവരായിരുന്നു. സാവു ററിയാഗോയിൽ എല്ലായിടത്തുനിന്നും അതുപോലെതന്നെ സാൽ, ഫോഗൂ എന്നീ ദീപുകളിൽനിന്നും സാക്ഷികളും താത്പര്യക്കാരും കൺവെൻഷനു വന്നു. 472 എന്ന അത്യുച്ച ഹാജരിനാൽ യഹോവ അവരെ അനുഗ്രഹിച്ചു. തിളങ്ങുന്ന മുഖങ്ങളോടുകൂടിയ അനേകം കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവരും സന്തുഷ്ടരായിരുന്നു! ആ ശ്രദ്ധിക്കുന്ന ജനക്കൂട്ടത്തിൻമദ്ധ്യേ ഞങ്ങൾ ഇരുന്നപ്പോൾ നാം ഒരിക്കലും “ചെറിയ കാര്യങ്ങളുടെ ദിവസത്തെ”(NW) തുച്ഛീകരിക്കരുതെന്ന് സ്പഷ്ടമായിരുന്നു. (സെഖര്യാവ് 4:10) വെറും 30 വർഷംമുമ്പ് സത്യം പഠിച്ച രണ്ടുപേരിൽനിന്നാണ് ഇതെല്ലാം വളർന്നുവന്നിരിക്കുന്നത്.
ദ്വീപു വിട്ടുപോകുന്നതിനുമുമ്പ്, ഞങ്ങൾ നഗരത്തിനു പുറത്ത് വീലാ ആസോമഡാ, ററാറാഫാൾ എന്നീ രണ്ടു ചെറിയ കൂട്ടങ്ങളെ സന്ദർശിക്കാൻ പോയി. ദ്വീപ് കുന്നിൻപുറവും ഊഷരവും വരണ്ടതുമായിരുന്നു. എന്നാൽ അങ്ങുമിങ്ങും തഴച്ചുവളരുന്ന പച്ചസസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തുണ്ടുഭൂമികൾ ഞങ്ങൾ കാണുകയുണ്ടായി—തെങ്ങ്, വാഴ, കപ്പളം, മാവ് മുതലായവയുടെ ഏക്കറുകൾ തന്നെ. ഒരു നാളിൽ മരുഭൂമിപോലും പുഷ്പിക്കുമെന്നുള്ള യെശയ്യാവിന്റെ പ്രവചനം ഇത് ഓർപ്പിച്ചു. (യെശയ്യാവ് 35:1) ഒരു മരുപ്പച്ച പോലെ, സാക്ഷികളുടെ രണ്ടു ചെറിയ കൂട്ടങ്ങൾ ഇപ്പോൾപോലും ആത്മീയമായി വരണ്ട ഒരു ദേശത്ത് ജീവിക്കുന്ന ആയിരങ്ങൾക്ക് ധാരാളം ആത്മീയാഹാരവും പാനീയവും കൊടുക്കുന്നു.
ഫോഗോ ദ്വീപിൽ ജ്വലിക്കുന്ന തീക്ഷ്ണത
അടുത്ത ദ്വീപ് “തീ” എന്നർത്ഥമുള്ള ഫോഗോ ആയിരുന്നു. ആ പേരിനു കാരണം അഗ്നിപർവതത്തോടു ബന്ധപ്പെട്ട അതിന്റെ ഉത്ഭവമാണ്. കാനൂ കൊടുമുടി ഇപ്പോഴും സജീവമായ ഒരു അഗ്നിപർവതമാണ്. അത് സമുദ്രത്തിൽനിന്ന് 2,800 മീററർ അത്യുച്ചത്തിൽ എത്തത്തക്കവണ്ണം മിക്കവാറും തികഞ്ഞ ഒരു കോൺസ്തംഭമായി ഉയർന്നുനിൽക്കുന്നു. ദ്വീപിന് വേണ്ടത്ര മഴവീഴ്ച കിട്ടിക്കഴിഞ്ഞിരുന്നു, അനേക വർഷങ്ങളായി ആദ്യമായിട്ടാണ് അത്ര ശക്തമായിരുന്നത്. ആളുകളുടെ ഇടയിൽ ആഹ്ലാദത്തിന്റെ ഒരു വികാരം ഉണ്ടായിരുന്നു, അവർ സാധാരണയായി കേപ് വേർഡി ഭക്ഷണത്തിലെ മുഖ്യപദാർത്ഥങ്ങളായ പയർ, മാനിയോക് വിളകളുത്പാദിപ്പിക്കുന്നതിൽ തിരക്കുള്ളവരായിരുന്നു.
എന്നിരുന്നാലും, വിലമതിപ്പുണ്ടായിരുന്ന ഈ ആളുകൾ ബൈബിളിൽനിന്നുള്ള സത്യത്തിന്റെ വെള്ളങ്ങൾ ഉൾക്കൊള്ളാൻ സമയമെടുക്കാതിരിക്കത്തക്കവണ്ണം അത്ര തിരക്കുള്ളവരായിരുന്നില്ല. കാറുകൾ കുറവും മോശമായ കണ്ടീഷനിലുമായിരുന്നതിനാൽ ചെന്നെത്തുക പ്രയാസമായിരുന്നിട്ടും മൂന്നു ചെറിയ വ്യത്യസ്തകൂട്ടങ്ങളെ കണ്ടുമുട്ടാൻ ഞങ്ങൾക്കു കഴിഞ്ഞു. മൊത്തം 162 പേർ യോഗങ്ങൾക്കു വന്നപ്പോൾ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടായി, കാരണം ദ്വീപിൽ 42 രാജ്യപ്രസംഗകർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് സഹോദരീസഹോദരൻമാരുടെ ഈ ചെറിയ കൂട്ടത്തിന്റെ തീക്ഷ്ണതയുടെ ഒരു പ്രതിഫലനമായിരുന്നു, അവർ ഫോഗോ ദ്വീപിലെ 32,000 നിവാസികൾക്ക് സത്യത്തിന്റെയും ജീവന്റെയും പ്രതീകാത്മക ജലം എത്തിച്ചുകൊടുക്കുന്നതിന് ഓരോ മാസവും ശരാശരി 15 മണിക്കൂർ ചെലവഴിക്കുന്നു.
ഒരു കത്തോലിക്കാ രാജ്യത്തെ ഫലം
ഞങ്ങൾ ഇനിയും സാൻറൂ ആന്റോൺ, സാവോൺ നിക്കൂളോ എന്നീ ദ്വീപുകളിലെ നമ്മുടെ സഹോദരൻമാരെ സന്ദർശിക്കണമായിരുന്നു. ഈ പേരുകൾ സൂചിപ്പിക്കുന്നതുപോലെ, റോമൻ കത്തോലിക്കാസഭ പല നൂററാണ്ടുകളിൽ ഈ ദ്വീപുകളുടെമേൽ അതിന്റെ സ്വാധീനം പ്രയോഗിച്ചിട്ടുണ്ട്. കേപ് വേർഡിയിലെ മുഖ്യ മതമായി കത്തോലിക്കാമതം നിലനിൽക്കുന്നുവെങ്കിലും ആത്മാർത്ഥതയുള്ള അനേകമാളുകൾ സത്യത്തിന്റെ നവോൻമേഷദായകമായ വെള്ളങ്ങൾക്കുവേണ്ടി ബൈബിളിലേക്ക് തിരിയുന്നുണ്ട്.
സാൻറൂ ആന്റോണിന്റെ എതിരററങ്ങളിലുള്ള രണ്ട് ചെറിയ സഭകളിലെ 49 രാജ്യപ്രസംഗകർ അവിടത്തെ 44,000 നിവാസികളുടെ ആത്മീയാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിന്, കഠിനവേല ചെയ്യുന്നു. പോർട്ടേ നോവോ സഭയിലെ പരസ്യ ബൈബിൾ പ്രസംഗത്തിന് 512പേർ വന്നപ്പോൾ, സാൻറൂ ആന്റോണിലെ ചെമ്മരിയാടുതുല്യരായ അനേകർ സത്യത്തിന്റെ വെള്ളങ്ങൾക്കുവേണ്ടി ദാഹിക്കുകയാണെന്ന് അവിടത്തെ 32 രാജ്യപ്രസംഗകർക്ക് വ്യക്തമായിരുന്നു.
സാവൂൺ നിക്കൂളോ ദ്വീപിലെ വേല പോർട്ടുഗലിലെ ഒരു പയനിയർസഹോദരി കുറെ വർഷങ്ങൾക്കുമുമ്പ് എഴുത്തുകുത്തുമുഖേന ദ്വീപിലെ ഒരു കുടുംബവുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങിയപ്പോഴാണ് ആരംഭിച്ചത്. പിന്നീട് 1978-ൽ പോർട്ടുഗലിലെ മറെറാരു പയനിയർ തന്റെ സ്വദേശദ്വീപായ സാവോൺ നിക്കൂളോയിലെ 15,000 നിവാസികൾക്ക് ബൈബിൾസത്യം പങ്കുവെക്കുന്നതിന് അവിടേക്ക് മടങ്ങാൻ തീരുമാനിച്ചു. അയാൾ ദ്വീപിൽ ആദ്യത്തെ ബൈബിൾമീററിംഗ് നടത്തിയപ്പോൾ, ഹാജർ വെറും ഒരാൾ ആയിരുന്നു—അയാൾ! എന്നാൽ മീററിംഗിൽ അയാൾ നടത്തിയ ആത്മാർത്ഥമായ പ്രാർത്ഥനക്ക് യഹോവയാം ദൈവം ഉത്തരമരുളി. ഞങ്ങളുടെ സന്ദർശന സമയത്ത് യോഗങ്ങൾക്ക് മൊത്തം 335പേർ വന്നത് കണ്ടതിൽ മൂന്നു സഭകളിലെ 48 പ്രസംഗകർ പുളകിതരായി.
ആ ദ്വീപിലെ ആദ്യത്തെ സർക്കിട്ട് സമ്മേളനം ഞങ്ങളുടെ സന്ദർശനവേളയിലാണ് നടത്തപ്പെട്ടത്. സ്ഥലത്തെ തിയേററർ ഞങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കപ്പെട്ടു. നഗര ഉദ്യോഗസ്ഥൻമാർ ഉച്ചഭാഷിണിയും സൗജന്യമായ യാത്രാസൗകര്യവും പ്രദാനംചെയ്തു. ആതിഥേയ സഭയിലെ 19 പ്രസംഗകർ 100 പ്രതിനിധികളുടെ താമസസൗകര്യം ക്രമീകരിക്കുകയും ഹാജരായിരുന്ന 208പേർക്ക് ഭക്ഷണം തയ്യാറാക്കുകയും ചെയ്തു. നമ്മുടെ സഹോദരൻമാർ തങ്ങൾ ദിവസവും അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ഗണ്യമാക്കാതെ, സൊസൈററിയുടെ രാജ്യഹാൾ ഫണ്ടിലേക്ക് ഒരു സംഭാവന കൊടുത്തു.
യഹോവയുടെ സാക്ഷികളുടെ നല്ല നടത്ത ഇവിടെ സുപ്രസിദ്ധമാണ്, ജോലിക്കാർ ആവശ്യമായിവരുമ്പോൾ അനേകം മുതലാളിമാർ അവരെ അന്വേഷിക്കുന്നു. ദൃഷ്ടാന്തത്തിന്, ദ്വീപിലെ ഏക പെട്രോൾ സ്റേറഷന്റെ ഉടമ തനിക്കുവേണ്ടി ജോലിചെയ്യാൻ ഒരു സാക്ഷിയോട് ആവശ്യപ്പെട്ടു, കാരണം അയാൾക്ക് സത്യസന്ധനായ ഒരാളെ വേണമായിരുന്നു. ആ സഹോദരന് അപ്പോൾത്തന്നെ ഒരു ജോലിയുണ്ടായിരുന്നു, എന്നാൽ വേറെയാരെയെങ്കിലും കണ്ടുപിടിക്കാൻ കഴിയുമോയെന്നു നോക്കട്ടെയെന്ന് അയാൾ പറഞ്ഞു. “സ്നാപനമേററ ഒരു സാക്ഷിയാണെങ്കിൽ മാത്രം!” എന്ന് ഉടമ നിർബന്ധം പിടിച്ചു. രണ്ടു മാസം കഴിഞ്ഞ് അയാൾ നമ്മുടെ സഹോദരനോട് “പണം കൈകാര്യം ചെയ്യേണ്ട ആളുകൾ യഹോവയുടെ സാക്ഷികൾമാത്രമാണ്!” എന്ന് പറഞ്ഞു.
അവസാനത്തെ സ്റേറാപ്പ്—സാൽ ദ്വീപ്
ഈ പര്യടനത്തിലെ ഞങ്ങളുടെ അവസാനത്തെ സ്റേറാപ്പ് സാൽ ദ്വീപായിരുന്നു. അതിന്റെ പേരിന്റെ അർത്ഥം “ഉപ്പ്” എന്നാണ്, അത് ഈ ദ്വീപിലെ മുഖ്യ വ്യവസായം എന്താണെന്ന് അനായാസം സൂചിപ്പിക്കുന്നു. ഇവിടത്തെ ചെറിയ സഭയിൽ 22 പ്രസംഗകരുണ്ട്, അവർ 6,500 നിവാസികൾക്ക് രാജ്യസന്ദേശം എത്തിച്ചുകൊടുക്കുന്നതിന് കഠിനവേല ചെയ്യുന്നു. ഈ ദ്വീപുവാസികൾക്ക് സുവാർത്ത എത്തിച്ചുകൊടുക്കുന്നത് ഒരു യഥാർത്ഥ ഉല്ലാസമാണ്, കാരണം മിക്കവാറും എല്ലാ വീടുകളിലും ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു, കുടുംബത്തിലെ പല അംഗങ്ങളോടു സംസാരിക്കാനും കഴിഞ്ഞു.
സാൽ ദ്വീപിലേക്കുള്ള സന്ദർശനത്തോടെ ഞങ്ങളുടെ പര്യടനം പൂർത്തിയായി. കേപ് വേർഡിയിലെ യഹോവയുടെ ഈ വിശ്വസ്ത ദാസരോടുകൂടെ പ്രവർത്തിക്കുന്നത് എന്തൊരു അനുഗ്രഹമായിരുന്നു! ഈ ദ്വീപുകളിൽ ഇപ്പോൾ 561 രാജ്യപ്രസംഗകരുണ്ട്. 1991-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരായ 2,567 പേർ ആത്മീയ കരുതലുകൾ സ്വീകരിക്കുന്നതിൽ തുടരുമ്പോൾ ആ സംഖ്യ തീർച്ചയായും വർദ്ധിക്കും. ഇവിടെ യഹോവയുടെ സാക്ഷികളിൽ മിക്കവർക്കും ഭൗതികമായി ഏറെയൊന്നുമില്ലെങ്കിലും അവർ ആത്മീയമായി സമ്പന്നരും നന്നായി പോഷിപ്പിക്കപ്പെടുന്നവരുമാണ്. യഹോവ തന്റെ മഹത്വത്തിനും സ്തുതിക്കുമായി ഈ ദ്വീപുകളിൽ ജീവജലം ധാരാളമായി കുമിളിച്ചുപൊങ്ങാൻ ഇടയാക്കുന്നതിൽ അവർ എത്ര നന്ദിയുള്ളവരാണ്!
[24-ാം പേജിലെ ഭൂപടം]
(For fully formatted text, see publication.)
കേപ് വേർഡി
സാന്റോ അൻറാവോ
സാവോ വിസെന്റേ
സാവോ നിക്കൊളാവ്
സാൻറാ ലുസിയ
സാൽ
ബോവാ വിസ്ററാ
മായോ
സാവോ ററിയാഗോ
ഫോഗോ
ബ്രാവാ
പ്രയാ
അററ്ലാൻറിക് സമുദ്രം