ദൈവരാജ്യം അനേകർക്ക് അർത്ഥമാക്കുന്നത്
യേശുക്രിസ്തു മിക്കപ്പോഴും ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. ഈ കാര്യം സംബന്ധിച്ച് ചരിത്രകാരനായ എച്ച്. ജി. വെൽസ് ഇങ്ങനെ എഴുതി: “യേശു സ്വർഗ്ഗരാജ്യമെന്ന് താൻ വിളിച്ചതിനെക്കുറിച്ചുള്ള ഉപദേശത്തിന് കൊടുത്ത വമ്പിച്ച പ്രാധാന്യവും മിക്ക ക്രിസ്തീയ സഭകളുടെയും നടപടിയിലും പഠിപ്പിക്കലിലുമുള്ള അതിന്റെ തുലനാത്മകമായ പ്രാധാന്യമില്ലായ്മയും ശ്രദ്ധേയമാണ്. യേശുവിന്റെ മുഖ്യ പഠിപ്പിക്കലായിരുന്നതും ക്രിസ്തീയ വിശ്വാസപ്രമാണങ്ങളിൽ ഇത്ര ചെറിയ പങ്കുവഹിക്കുന്നതുമായ സ്വർഗ്ഗരാജ്യത്തിന്റെ ഈ ഉപദേശം തീർച്ചയായും മനുഷ്യചിന്തയെ ഇളക്കിമറിക്കുകയും മാററം വരുത്തുകയും ചെയ്തിട്ടുള്ള എല്ലാററിലും വെച്ച് മൗലികമായ വ്യത്യാസമുള്ള ഉപദേശങ്ങളിലൊന്നാണ്.”
സഭകൾക്ക് ദൈവരാജ്യത്തെക്കുറിച്ച് ഇത്ര കുറച്ചു പറയാനുള്ളതെന്തുകൊണ്ട്? ഒരു കാരണം രാജ്യത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെന്നുള്ളതായിരിക്കാം. അതിനെക്കുറിച്ച് എന്തു വീക്ഷണങ്ങളാണ് പുലർത്തപ്പെട്ടിട്ടുള്ളത്?
രാജ്യം വീക്ഷിക്കപ്പെട്ടിട്ടുള്ള വിധം
ചിലർ ദൈവരാജ്യം കത്തോലിക്കാസഭയാണെന്ന് വിചാരിച്ചിട്ടുണ്ട്. ബിഷപ്പുമാർ പൊ.യു. (പൊതുയുഗം) 325-ാമാണ്ടിൽ നിഖ്യായിലെ കൗൺസിലിൽവെച്ച് തങ്ങളുടെ തലവനായി കോൺസ്ററൻറയ്ൻചക്രവർത്തിയെ സ്വീകരിച്ച ശേഷം സഭ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടു, രാജ്യം വന്നുകഴിഞ്ഞിരിക്കുകയാണെന്ന് ആളുകളോട് പറയപ്പെട്ടു. അഗസ്ററിന്റെ (പൊ.യു. 354-430) ദൈവശാസ്ത്രപ്രകാരം “സഭയുടെ സ്ഥാപനത്തോടെ ഈ ലോകത്തിൽ ദൈവരാജ്യം തുടങ്ങിക്കഴിഞ്ഞു, ഇപ്പോൾത്തന്നെ സഭയുടെ കൂദാശകളിൽ ഉണ്ടുതാനും” എന്ന് എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നു.
മററുള്ളവർ ദൈവരാജ്യത്തെ ഒരു മനുഷ്യനേട്ടമായി വീക്ഷിക്കുന്നു. അതേ എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പറയുന്നു: “നവീകരണസഭകൾ . . . സ്ഥാപനപരമായ പ്രാദേശിക സഭകളായിത്തീർന്നു, അവ ക്രമത്തിൽ” ദൈവരാജ്യത്തിന്റെ വരവിനെക്കുറിച്ചുള്ള “അന്ത്യകാല പ്രതീക്ഷയെ അമർത്തിക്കളഞ്ഞു.” എച്ച്. ജി. വെൽസ് ഇങ്ങനെ എഴുതി: “മനുഷ്യർ തങ്ങളുടെ ജീവിതത്തിന്റെ ആധാരം ദൈവരാജ്യത്തിൽനിന്നും മനുഷ്യവർഗ്ഗത്തിന്റെ സാഹോദര്യത്തിൽനിന്നും പ്രത്യക്ഷത്തിൽ കൂടുതൽ പ്രവർത്തനനിരതമായ യാഥാർത്ഥ്യങ്ങളായ ഫ്രാൻസ്, ഇംഗ്ലണ്ട്, വിശുദ്ധ റഷ്യ, സ്പെയ്ൻ, പ്രഷ്യ . . . എന്നിവയിലേക്കു മാററി. അവ യൂറോപ്പിലെ യഥാർത്ഥവും ജീവനുള്ളവയുമായ ദൈവങ്ങളായിരുന്നു.”
ആധുനിക കാലങ്ങളിലും, രാജ്യം ലൗകികമാക്കപ്പെട്ടിരിക്കുന്നു. എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ വിശദീകരിക്കുന്നു: “മനുഷ്യൻതന്നെ നിർമ്മാണാത്മകവും സംഘടനാപരവുമായ ഒരു രീതിയിൽ ഭാവിയിലെ പൂർണ്ണതയുള്ള സമുദായത്തെ ഒരുക്കേണ്ടതുണ്ടെന്നും മാനുഷികമായ മുൻകൈ ‘പ്രത്യാശ’യെയും ‘കാത്തിരിപ്പിനെ’യും മാററി സ്ഥാപിക്കുകയാണെന്നുമുള്ള അടിസ്ഥാന മനോഭാവം പ്രകടമാണ്.” “സാമൂഹികസുവിശേഷ”ത്തെ സംബന്ധിച്ച് അതേ പരാമർശഗ്രന്ഥം ഇങ്ങനെ തുടരുന്നു: “ഈ പ്രസ്ഥാനം ദൈവരാജ്യം സംബന്ധിച്ച ക്രിസ്തീയ സന്ദേശത്തെ, മുഖ്യമായി ഒരു ദൈവരാജ്യ നീതിശാസ്ത്രത്തിന്റെ അർത്ഥത്തിൽ സമൂഹത്തിന്റെ മതേതരാവസ്ഥകളെ പുനഃസംഘടിപ്പിക്കാനുള്ള ഒരു പ്രചോദനമായി വീക്ഷിച്ചു.”
അനേകം യഹൂദൻമാരും രാജ്യത്തെ ഒരു മനുഷ്യനേട്ടമായി വീക്ഷിച്ചിരിക്കുന്നു. 1937-ൽ യു.എസ്.എ. യിലെ ഒഹായോ, കൊളംബസിലെ നവീകരണ റബ്ബിമാരുടെ ഒരു കോൺഫറൻസ് ഇങ്ങനെ പറയുകയുണ്ടായി: “ദൈവരാജ്യത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ഭൂമിയിലെ സമാധാനത്തിന്റെയും സ്ഥാപിക്കലിൽ സകല മനുഷ്യരുമായി സഹകരിക്കുകയെന്നതാണ് ഞങ്ങളുടെ ചരിത്രപരമായ ജോലിയെന്ന് ഞങ്ങൾ കരുതുന്നു. ഇതു ഞങ്ങളുടെ മശിഹൈക ലക്ഷ്യമാണ്.”
ദൈവരാജ്യം ഹൃദയത്തിന്റെ ഒരു അവസ്ഥയാണെന്നുള്ളതാണ് പരക്കെ പുലർത്തപ്പെടുന്ന മറെറാരു വീക്ഷണം. ഉദാഹരണത്തിന്, ഐക്യനാടുകളിൽ, 1925-ലെ ദക്ഷിണ ബാപ്ററിസ്ററ് കൺവെൻഷൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവരാജ്യം സകല മാനുഷബന്ധത്തിലും സംഘടിതസമൂഹത്തിന്റെ ഓരോ രൂപത്തിലും സ്ഥാപനത്തിലുമുള്ള വ്യക്തിയുടെ ഹൃദയത്തിലെയും ജീവിതത്തിലെയും ദൈവത്തിന്റെ വാഴ്ചയാണ്. . . . മമനുഷ്യന്റെ ഓരോ ചിന്തയും ഇഷ്ടവും ക്രിസ്തുവിന്റെ ഇഷ്ടത്തോടുള്ള അടിമത്വത്തിലാകുമ്പോൾ ദൈവരാജ്യം പൂർത്തിയായിരിക്കും.”
ആ സ്ഥിതിക്ക്, സഭ ദൈവരാജ്യമാണോ? ലൗകിക മുഖാന്തരങ്ങളാൽ ആ രാജ്യം ആനയിക്കപ്പെടുമോ? അത് ഹൃദയത്തിന്റെ ഒരു അവസ്ഥയാണോ? ദൈവരാജ്യത്തിന് നിങ്ങളെ സംബന്ധിച്ച് എന്തർത്ഥമാക്കാൻ കഴിയും?