ആറു വയസ്സിൽ വെച്ച ഒരു ലക്ഷ്യത്തെ പിന്തുടരൽ
സാന്ദ്രാ കവൻ പറഞ്ഞ പ്രകാരം
അനേകം മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്കുവേണ്ടി സംഗീതമോ നൃത്തമോ പോലെ ഒരു ജീവിതവൃത്തി തെരഞ്ഞെടുക്കുകയും വളരെ ചെറുപ്പത്തിൽത്തന്നെ അവരെ പരിശീലിപ്പിച്ചുതുടങ്ങുകയും ചെയ്യുന്നു. കൃത്യമായി ഇതുതന്നെയാണ് എന്റെ അമ്മ എനിക്കുവേണ്ടി ചെയ്തത്. എനിക്ക് രണ്ടാഴ്ച പ്രായമായിരുന്ന സമയം മുതൽ, എന്നെ സകല ക്രിസ്തീയ യോഗങ്ങൾക്കും വയൽശുശ്രൂഷക്കും കൊണ്ടുപോയിരുന്നു.
എനിക്ക് നാലു വയസ്സായിരുന്നപ്പോൾ, ഞാൻ സ്വന്തമായി പ്രസംഗിക്കാൻ തയ്യാറാണെന്ന് അമ്മ വിചാരിച്ചു. എന്റെ ആദ്യശ്രമം ഞാൻ വ്യക്തമായി ഓർക്കുന്നു. ഞങ്ങൾ ഒരു വലിയ കൃഷിപ്പുരയിലേക്കു കാറിൽ ചെന്നിരുന്നു, അമ്മയും മററുള്ളവരും കാറിൽ കാത്തിരിക്കവേ, ഞാൻ പുറത്തിറങ്ങി വാതിൽക്കലേക്കു നടന്നു. ദയാലുവായ ഒരു സ്ത്രീ ഞാൻ അവർക്കു പത്തു ചെറുപുസ്തകങ്ങൾ സമർപ്പിക്കവേ ശ്രദ്ധിച്ചു. അവയുടെ വിലയായി അവർ എനിക്ക് ഒരു വലിയ സോപ്പുകട്ട തന്നു. അതു ഞാൻ രണ്ടു കൈയും കൂട്ടി പിടിക്കേണ്ടിവന്നു. ഞാൻ പുളകിതയായി!
അതേ വർഷത്തിൽ, 1943-ൽ, വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂൾ, മിഷനറിവേലക്കുവേണ്ടി മുഴുസമയ പയനിയർ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിന് അതിന്റെ വാതിലുകൾ തുറന്നു. മിഷനറിസേവനത്തെ എന്റെ ജീവിതലക്ഷ്യമാക്കാൻ അമ്മ എന്നെ പ്രോൽസാഹിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം അന്ന് യൂറോപ്പിൽ ഉഗ്രമായി നടക്കുകയായിരുന്നു. യൂറോപ്പിൽ തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് എടുത്തുകൊണ്ടുപോകപ്പെട്ട കൊച്ചു കുട്ടികളെക്കുറിച്ച് അമ്മ എന്നോടു പറയുമായിരുന്നു. ഏതു തരം പരിശോധനയെയും ചെറുത്തുനിൽക്കാൻ ഞാൻ ശക്തയായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയാറിലെ വേനൽക്കാലത്തു ഒഹായോ, ക്ലീവ്ലണ്ടിൽ നടന്ന സാർവദേശീയ കൺവെൻഷനിൽ ഞാൻ സ്നാപനമേററു. എനിക്ക് ആറു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും യഹോവക്കായുള്ള എന്റെ സമർപ്പണത്തെ നിറവേററാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. ആ വേനൽക്കാലത്ത് ഞാൻ ആദ്യമായി ഒരു പയനിയർ ആയി സേവിച്ചു. സാൻഡിയേഗോ കാലിഫോർണിയായിൽ നഗര മൈതാനത്ത് ഇരുന്നിരുന്ന ആളുകൾക്ക് ഒരു ദിവസം രാവിലെ 40 മാസികകൾ സമർപ്പിക്കുന്നത് ഞാൻ ഓർക്കുന്നു. ഞാൻ ചെറുതും സംസാരപ്രിയയുമായിരുന്നത് അതിന് വളരെ സഹായകമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.
മിക്കപ്പോഴും ഞങ്ങൾ ബേത്ത്-സരീമിനടുത്ത് പ്രസംഗിച്ചിരുന്നു. അവിടെയായിരുന്നു വാച്ച്ററവർ സൊസൈററിയുടെ രോഗിയായിരുന്ന പ്രസിഡണ്ട്, റതർഫോർഡ് സഹോദരൻ 1942-ലെ മരണത്തിനുമുമ്പ് വർഷകാലങ്ങൾ ചെലവഴിച്ചിരുന്നത്. ഞങ്ങൾ അവിടെ ക്രമമായി സന്ദർശിക്കുകയും മുഴുസമയ സേവകരുമായി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ള സന്തുഷ്ട സന്ദർശനങ്ങൾ വാസ്തവത്തിൽ ഇത്തരം ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു ഞാൻ തീരുമാനിക്കാനിടയാക്കി. പിന്നീട് ഞാൻ ഗിലയദ്സ്കൂളും മിഷനറിസേവനവും എന്റെ ജീവിതലക്ഷ്യമാക്കി.
അടുത്ത വർഷം എന്റെ മാതാപിതാക്കൻമാർ വിവാഹമോചനം നടത്തി. എന്നാൽ മാററംഭവിച്ച കുടുംബസാഹചര്യം ഞങ്ങളുടെ ആത്മീയതയെ തണുപ്പിച്ചില്ല. അമ്മ ഒരു പയനിയർ ആയിരുന്നു, എന്റെ സഹോദരനും എനിക്കും ലഭിക്കുന്ന പരിശീലനത്തെക്കുറിച്ച് വളരെ തത്പരയുമായിരുന്നു. ഞങ്ങളുടെ ചെറിയ ട്രെയ്ലർ ക്രിസ്തീയ സഹോദരീസഹോദരൻമാരുടെ സന്ദർശനങ്ങളാൽ സജീവമായിരുന്നു. ഞാൻ ഗിലയദ് ബിരുദധാരികളെ കാണുന്നതിന് അമ്മ പ്രത്യേകശ്രമം ചെയ്തിരുന്നു. അങ്ങനെയുള്ള ബിരുദധാരികളിൽ രണ്ടുപേർ ലോയിഡ് ബാരിയും മെൽബാ ബാരിയുമായിരുന്നു. അവർ ജപ്പാനിലെ തങ്ങളുടെ വിദേശ നിയമനസ്ഥലത്തേക്കു പോകാൻ കാത്തിരിക്കെ സഞ്ചാരവേലയിൽ സന്ദർശനം നടത്തുകയായിരുന്നു. അവർ എന്നെ—ഒരു മിഷനറിയാകാൻ കാംക്ഷിച്ച ഒരു കൊച്ചു പെൺകുട്ടിയെ—പ്രോൽസാഹിപ്പിക്കുന്നതിന് സമയമെടുക്കുകയും അത് എന്നിൽ യഥാർത്ഥ മതിപ്പുളവാക്കുകയും ചെയ്തു.
എനിക്ക് പത്തു വയസ്സായപ്പോൾ അമ്മ ആദരണീയനായ ഒരു സാക്ഷിയെ വിവാഹം കഴിച്ചു, അയാളും ഒരു പയനിയർശുശ്രൂഷകനായിരുന്നു. അദ്ദേഹം എന്റെ സഹോദരനെയും എന്നെയും കടലാസിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ഹൃദയത്തിലും ദത്തെടുത്തു. യഹോവയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സേവനത്തിലുള്ള തീക്ഷ്ണതയും വളരെ സാംക്രമികമായിരുന്നു.
കുട്ടികളായിരുന്ന ഞങ്ങളെ രണ്ടുപേരെയും പ്രയാസമേറിയ യൗവനവർഷങ്ങളിൽ വഴിനടത്തുന്നതിന് അച്ഛനും അമ്മയും ഒരു ടീമായി പ്രവർത്തിച്ചു. ഞങ്ങളുടെ ഭവനം ഞാൻ പ്രിയങ്കരമായി പിന്തിരിഞ്ഞുനോക്കുന്ന ഒരു ആത്മീയ സങ്കേതമായിരുന്നു. രണ്ടു മക്കളെ വളർത്തവേ ഒരു ചെറിയ ആദായം കൊണ്ട് അവർക്ക് പയനിയറിംഗ് നടത്തുന്നത് എളുപ്പമായിരുന്നില്ല; അതിന് ആത്മത്യാഗം ആവശ്യമായിരുന്നു. എന്നാൽ അമ്മയും അച്ഛനും യഹോവയെ ആശ്രയിക്കുകയും രാജ്യതാത്പര്യങ്ങളെ ഒന്നാമതു കരുതുകയും ചെയ്തു.
ഞാൻ 1950-ൽ ന്യൂയോർക്കിൽ നടന്ന സാർവദേശീയ സമ്മേളനം എത്ര നന്നായി ഓർക്കുന്നു! അച്ഛൻ ബാങ്കിൽനിന്ന് ഒരു ലോൺ എടുത്തു. ചെലവുവഹിക്കുന്നതിന് സഹായമായി ഞങ്ങൾ മൂന്നു യാത്രക്കാരെ കാറിൽ കയററി. അമ്മയും അച്ഛനും എന്റെ സഹോദരനും ഞാനും സാൻ ഡിയേഗോ മുതൽ ന്യൂയോർക്ക് വരെ മുഴു ദൂരവും മുൻസീററിൽ ഇരുന്നു, അതേസമയം മററുള്ളവർ പിമ്പിൽ ഇരുന്നു. അച്ഛന്റെ മുതലാളി രണ്ടാഴ്ചത്തെ അവധി നൽകാൻ വിസമ്മതിച്ചതുകൊണ്ട് ആ കൺവെൻഷനിലെ സംബന്ധിക്കൽ അച്ഛന്റെ ജോലി നഷ്ടപ്പെടുത്തി. എന്നാൽ അച്ഛൻ ഞങ്ങൾക്ക് ഉറപ്പുനൽകിയതുപോലെ, യഹോവ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരുമായിരുന്നു. അവൻ സാധിച്ചുതരികതന്നെ ചെയ്തു. അച്ഛൻ ബാങ്ക്ലോൺ അടക്കുന്നതിന് കാർ വിററു. പിന്നീട് അച്ഛന് മെച്ചപ്പെട്ട ഒരു ജോലി കിട്ടി. ഇതും സമാനമായ അനുഭവങ്ങളും എന്റെ ഭർത്താവും ഞാനും വർഷങ്ങൾക്കുശേഷം പ്രയാസമേറിയ സാഹചര്യങ്ങളെ അഭിമുഖീകരിച്ചപ്പോൾ അമൂല്യമെന്നു തെളിഞ്ഞു.
ന്യൂയോർക്കിൽനിന്നുള്ള ഞങ്ങളുടെ മടക്കയാത്രയിൽ ഞങ്ങൾ രാജ്യ കൃഷിയിടം സന്ദർശിച്ചു, അവിടെ ഞാൻ ആദ്യമായി ഗിലയദ് സ്കൂൾ കണ്ടു. ക്ലാസ്മുറികളിൽ ഒന്നിൽ നിന്നുകൊണ്ട് എന്നോടുതന്നെ, ‘എനിക്ക് 11 വയസ്സുപോലുമായില്ല. ഞാൻ ഒരിക്കലും ഇവിടെ വരാനിടയാകുകയില്ല. അർമ്മഗെദ്ദോനായിരിക്കും ആദ്യം വരിക’ എന്ന് പറയുന്നത് ഞാൻ ഓർക്കുന്നു. എന്നാൽ ആ സന്ദർശനം ഗിലയദിനെ എന്റെ ലക്ഷ്യമാക്കുന്നതിന് എന്നെ എന്നെത്തേതിലും കൂടുതൽ ഉറപ്പുള്ളവളാക്കി.
എന്റെ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കൽ
സ്കൂളിലുടനീളം ഓരോ വേനലവധിക്കും ഒന്നാം ക്ലാസ്സ്മുതൽ ഞാൻ പയനിയറിംഗ് നടത്തി. പിന്നീട് ഹൈസ്കൂൾ പൂർത്തിയാക്കിയശേഷം രണ്ടാഴ്ച കഴിഞ്ഞ് 1957 ജൂണിൽ ഞാൻ ഒരു നിരന്തര പയനിയറായിത്തീർന്നു.
ആയിരത്തിത്തൊള്ളായിരത്തി അൻപത്തേഴിൽ ലോസ് ആൻജലിസ് കൺവെൻഷനിൽ ഗിലയദിൽ തത്പരരായവർക്കുവേണ്ടി നടത്തപ്പെട്ട ഡിസ്ട്രിക്ററ് കൺവെൻഷൻമീററിംഗ് എനിക്ക് പ്രത്യേകമായ ഒന്നായിരുന്നു. ആ മീററിംഗിനുവേണ്ടി ഞാൻ കൂടാരത്തിലേക്ക് നടക്കവേ, എനിക്ക് ആറുവയസ്സായിരുന്നപ്പോൾ മുതൽ എനിക്കറിയാമായിരുന്ന പ്രായംകുറഞ്ഞ ഒരു സഹോദരനായിരുന്ന ബില്ലിനെ ഞാൻ കണ്ടുമുട്ടി. കഴിഞ്ഞ വർഷത്തിൽ അയാൾ ആവശ്യം ഏറെയുണ്ടായിരുന്ന ലൂസിയാനായിൽ സേവിക്കുന്നതിന് ദൂരെ പോയിരുന്നു. ഞങ്ങളിരുവരും മിഷനറിസേവനത്തിൽ എത്ര തത്പരരായിരുന്നുവെന്ന് കണ്ടതിൽ ഞങ്ങൾ അതിശയിച്ചുപോയി. ആറുമാസം കഴിഞ്ഞ് ഞങ്ങൾ അതിനെ ഒരു സംയുക്തപദ്ധതിയാക്കാൻ തീരുമാനിച്ചു. ഒരു നിയമനത്തിനുവേണ്ടി ഞങ്ങൾ സൊസൈററിക്ക് എഴുതുകയും ഞങ്ങളുടെ വിവാഹത്തിന് ഒരു മാസം മുമ്പ് വെസ്ററ് വെർജീനിയായിലെ റാംനെയിൽ ഒന്നു കിട്ടുകയും ചെയ്തു.
ഞങ്ങൾ 1958-ലെ ന്യൂയോർക്ക് കൺവെൻഷനിലേക്കു പോകുന്ന വഴിക്ക് അങ്ങോട്ടു താമസം മാററി. കൺവെൻഷൻസമയത്ത് ഞങ്ങൾ ഗിലയദിൽ തത്പരരായവർക്കുവേണ്ടിയുള്ള മീററിംഗിൽ സംബന്ധിച്ചു. നൂറുകണക്കിനാളുകൾ ഹാജരായിട്ടുണ്ടായിരുന്നു. ആ ജനക്കൂട്ടത്തെ നോക്കിയപ്പോൾ ഗിലയദിലേക്ക് വിളിക്കപ്പെടുന്നതിനുള്ള ഞങ്ങളുടെ പ്രതീക്ഷ തുച്ഛമാണെന്ന് ഞങ്ങൾക്കു തോന്നി. എന്നിരുന്നാലും ഞങ്ങൾ ഒരു പ്രാഥമിക അപേക്ഷ അയച്ചു, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 ആഴ്ചയേ ആയിരുന്നുള്ളുവെങ്കിലും. അടുത്ത വർഷം ഫിലദൽഫിയയിലെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ ഞങ്ങൾ രണ്ടാമതൊരു അപേക്ഷ കൊടുത്തു.
ബില്ലും ഞാനും പ്രയാസകരമായ സാഹചര്യങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിന് യഹോവയെ ആശ്രയിക്കാൻ റാംനെയിൽവച്ച് പഠിച്ചു. റാംനെ ഏതാണ്ട് 2,000 നിവാസികളുള്ള ഒരു പട്ടണമായിരുന്നു. ജോലി കണ്ടെത്തുക അസാധ്യമായിരുന്നു. ഞങ്ങൾ കാലിഫോർണിയാ കാലാവസ്ഥക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ട, സ്വദേശത്തുണ്ടാക്കിയ 16 അടി നീളമുള്ള ഒരു ട്രെയ്ലറിൽ താമസിച്ചു. ഞങ്ങൾക്ക് പൈപ്പ്വെള്ളമോ താപക്രമീകരണമോ റഫ്രിജറേറററോ ഇല്ലായിരുന്നു. ഉള്ളിൽ വളരെ തണുപ്പായിരുന്നതുകൊണ്ട് വെള്ളം കിട്ടുന്നതിന് ഞങ്ങൾ തൊട്ടിയിലെ ഐസ് പൊട്ടിക്കണമായിരുന്നു. സഹോദരൻമാർ വേട്ടയാടിക്കൊണ്ടുവന്ന ഭക്ഷണം ഞങ്ങൾക്കു പങ്കുവെച്ചുകൊണ്ട് അവർ ഞങ്ങളെ കഴിവതു സഹായിച്ചു. ഞങ്ങൾ മാനിനെയും അമേരിക്കൻ കരടിയെയും അണ്ണാനെയും ഭക്ഷിച്ചു. ഞങ്ങൾക്ക് യാതൊന്നും ഭക്ഷിക്കാൻ ഉണ്ടായിരിക്കയില്ലെന്ന് വിചാരിച്ച ഒന്നിലധികം ദിവസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സേവനം കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഞങ്ങൾ ഞങ്ങളുടെ വീടിന്റെ വാതിലിനു മുമ്പിൽ കുറെ ആപ്പിളുകളോ പാൽക്കട്ടിയോ വെച്ചിരിക്കുന്നതു കാണുമായിരുന്നു.
ഞങ്ങൾ ഒൻപതുമാസം പലപ്പോഴും തീരെ അപര്യാപ്തമായിരുന്ന കുറഞ്ഞ വരുമാനം കൊണ്ടു ജീവിച്ചു. ഒടുവിൽ, മേരിലാൻഡിലെ ബാൾട്ടിമോറിലേക്ക് മാറുന്നത് ബുദ്ധിയായിരിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു. അവിടെ ബില്ലിന് ജോലി കണ്ടെത്താൻ കഴിയുമായിരുന്നു. ഞങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഞങ്ങൾ സഹോദരൻമാരോടു പറഞ്ഞപ്പോൾ, അവരും ഞങ്ങളും കരഞ്ഞു. അതുകൊണ്ട് കുറേക്കൂടെ പിടിച്ചുനിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അതിനുശേഷം ഉടൻതന്നെ ഏതാണ്ട് 60 കിലോമീററർ ദൂരെ മേരിലാൻഡിലെ വെസ്റേറൺപോർട്ടിലുള്ള ഒരു സൂപ്പർമാർക്കററിന്റെ മാനേജരായിരുന്ന ഒരു സാക്ഷി ബില്ലിന് ഒരു അംശകാലജോലി വാഗ്ദാനംചെയ്തു. അതേ മാസത്തിൽത്തന്നെ ഞങ്ങളുടെ ബൈബിളദ്ധ്യേതാക്കളിലൊരാൾ ഒരു വലിയ കൽക്കരിസ്റേറാവ് സഹിതം എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ ഒരു ചെറിയ മനോഹര ഭവനം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു. അപ്പോഴാണ് മലാഖി 3:10 എന്റെ പ്രിയങ്കരമായ തിരുവെഴുത്തായിത്തീർന്നത്. യഹോവ ഞങ്ങളുടെ പ്രതീക്ഷകൾക്കതീതമായി ഞങ്ങൾക്ക് ഒരു അനുഗ്രഹം പകർന്നുതന്നിരുന്നു.
ഒടുവിൽ ഗിലയദ്!
ഞങ്ങളുടെ ജീവിതത്തിലെ ഏററവും ആവേശകരമായ ദിവസങ്ങളിലൊന്ന് ഞങ്ങൾക്ക് ഗിലയദിലേക്ക് ക്ഷണം കിട്ടിയ 1959 നവംബറിലെ ആ ദിവസമായിരുന്നു. ഞങ്ങൾ 35-ാമത്തെ ക്ലാസ്സിലേക്ക് ക്ഷണിക്കപ്പെട്ടു, അതായിരുന്നു രാജ്യകൃഷിയിടത്തിൽ നടത്തിയ അവസാനത്തെ ക്ലാസ്സ്. ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ സന്ദർശിച്ചിരുന്ന അതേ ക്ലാസ്മുറിയിൽ ഞാൻ നിന്നപ്പോൾ വാക്കുകൾക്ക് ഉചിതമായി വർണ്ണിക്കാൻ കഴിയാത്ത ഊഷ്മളവും സന്തുഷ്ടവുമായ ഒരു വികാരമായിരുന്നു എനിക്കുണ്ടായിരുന്നത്.
ഗിലയദ് ഒരു ആത്മീയ മരുപ്പച്ചയായിരുന്നു. അത് അഞ്ചു മാസം പുതിയ ലോകത്തിൽ ജീവിക്കുന്നതുപോലെയായിരുന്നു. ജീവിതത്തിൽ നാം എന്തിനെങ്കിലുംവേണ്ടി വർഷങ്ങൾ കാത്തിരുന്നിട്ട് അത് നാം പ്രതീക്ഷിച്ചതിലും മെച്ചമാണെന്ന് കണ്ടെത്തുന്നത് അപൂർവമാണ്. എന്നാൽ ഗിലയദ് അതുതന്നെയായിരുന്നു.
ഞങ്ങൾ ഇൻഡ്യയിലേക്ക് നിയമിക്കപ്പെട്ടു, എന്നാൽ ഒടുവിൽ ഞങ്ങൾക്ക് വിസാ നിഷേധിക്കപ്പെട്ടു. അതുകൊണ്ട് ന്യൂയോർക്ക് നഗരത്തിൽ ഒരു വർഷം കാത്തിരുന്ന ശേഷം വാച്ച്ററവർ സൊസൈററി ഞങ്ങളെ വീണ്ടും നോർത്ത് ആഫ്രിക്കയിൽ മൊറോക്കോയിൽ നിയമിച്ചു.
മൊറോക്കോയിൽ മിഷനറിമാർ
മൊറോക്കോയിൽ ഞങ്ങൾ സന്തോഷകരമായ 24 വർഷങ്ങൾ ചെലവഴിച്ചു, ചെന്നെത്തിയ ഉടനെ ജനങ്ങളുമായി സ്നേഹത്തിലാകുകയും ചെയ്തു. ഞങ്ങൾ ഫ്രഞ്ചും സ്പാനീഷും ഭാഷകൾ പഠിച്ചു, ആ ഭാഷകൾ അവിടെ വസിക്കുന്ന അനേകം ദേശക്കാരോട് ആശയവിനിയമം നടത്താൻ ഞങ്ങളെ സഹായിച്ചു. ഏറെയും മററു രാജ്യങ്ങളിൽനിന്ന് വന്നവരായിരുന്നു രാജ്യസന്ദേശത്തോട് പ്രതികരിച്ചത്.
ഞാൻ ബൈബിളദ്ധ്യയനം നടത്തിയ ഒരു സ്ത്രീ കാസാബ്ലാങ്കായിലെ ഒരു നൈററ്ക്ലബ്ബിൽ നിയമിക്കപ്പെട്ടിരുന്ന ഒരു സ്പാനീഷ് ഫമ്ലൻകോ നർത്തകിയായിരുന്നു. ബൈബിൾതത്വങ്ങൾ പഠിച്ചശേഷം, അവൾ ആരോടുകൂടെ ജീവിച്ചിരുന്നോ ആ കാബെറെ ഉടമയെ ഉപേക്ഷിക്കുകയും സ്പെയിനിലേക്കു മടങ്ങുകയും ചെയ്തു. അവിടെ അവൾ തന്റെ കുടുംബത്തിലെ സകലരോടും സാക്ഷീകരിക്കുകയും അവരിൽ ചിലർ അവൾ പങ്കുവെച്ച ബൈബിൾ സത്യങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം അവൾ കാസാബ്ലാങ്കായിലേക്ക് മടങ്ങുകയും അവിടെ 1990-ലെ അവളുടെ മരണംവരെ ദൈവത്തോടു വിശ്വസ്തയായി നിലനിൽക്കുകയും ചെയ്തു.
മൊറോക്കോയിലെ ഞങ്ങളുടെ ആദ്യത്തെ ഏതാനുംചില വർഷങ്ങളിൽ രാജ്യപ്രസംഗകരുടെ എണ്ണത്തിൽ വർദ്ധനവുകൾ ഉണ്ടായി. എന്നിരുന്നാലും, വിദേശികൾക്ക് ജോലിയും ഭവനപെർമിററുകളും കിട്ടുക പ്രയാസമായിത്തീർന്നപ്പോൾ യൂറോപ്പിലേക്ക് സാക്ഷികളുടെ ഒരു പ്രയാണമുണ്ടായി. ഞങ്ങൾ അദ്ധ്യയനം നടത്തിയ ചിലർ ഇപ്പോൾ ന്യൂസീലണ്ടിലും കാനഡായിലും ഐക്യനാടുകളിലും ബൾഗേറിയായിലും റഷ്യയിലും ഫ്രാൻസിലും ഉണ്ട്, അവരിൽ ചിലർ മുഴുസമയശുശ്രൂഷയിൽ പങ്കെടുക്കുന്നുമുണ്ട്.
പെട്ടെന്ന് 1973 ഏപ്രിലിൽ മൊറോക്കോയിലെ നമ്മുടെ പ്രസംഗവേല നിരോധിക്കപ്പെട്ടു. അത് എന്തൊരു അടിയായിരുന്നു! ഒരു വ്യാഴാഴ്ച സന്ധ്യാസമയത്ത് ഞങ്ങൾ വീട്ടിൽ പോകാൻ സമയമായി എന്ന് അറിയിക്കാൻ ലൈററുകൾ അണച്ചതുവരെ രാജ്യഹാളിൽ ഒരു സന്തുഷ്ടകൂട്ടമായി കൂടിയിരുന്നു. അങ്ങനെയുള്ള തുറന്ന ക്രിസ്തീയ കൂട്ടായ്മക്ക് ആ ലൈററുകൾ ഇനി ഒരിക്കലും പ്രകാശിച്ചുകാണുകയില്ലെന്ന് ഞങ്ങൾ ഒട്ടും അറിഞ്ഞിരുന്നില്ല. നിരോധനാവസ്ഥകളിൽ ഞങ്ങളുടെ യോഗങ്ങളും സർക്കിട്ട് സമ്മേളനങ്ങളും സ്വകാര്യഭവനങ്ങളിലെ ചെറിയ കൂട്ടങ്ങളായി പരിമിതമാക്കപ്പെട്ടിരുന്നു. ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്ക് സംബന്ധിക്കുന്നതിന് സാക്ഷികൾ ഒന്നുകിൽ ഫ്രാൻസിലേക്കോ അല്ലെങ്കിൽ സ്പെയിനിലേക്കോ യാത്രചെയ്തു.
ഞങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ, മൊറോക്കോയിൽ ശേഷിച്ച ചുരുക്കം ചില സാക്ഷികൾ അന്യോന്യം തികച്ചും സ്നേഹബന്ധത്തിലായി. അതുകൊണ്ട് വാച്ച്ററവർ സൊസൈററി ഒടുവിൽ ബ്രാഞ്ചാഫീസ് നിർത്തലാക്കാനും ഞങ്ങളെ മറെറവിടെയെങ്കിലും നിയമിക്കാനും തീരുമാനിച്ചപ്പോൾ ഞങ്ങളെല്ലാം വളരെയധികം കണ്ണുനീർ പൊഴിച്ചു.
സെൻട്രൽ ആഫ്രിക്കയിലേക്ക്
ഞങ്ങളുടെ പുതിയ നിയമനസ്ഥലം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആയിരുന്നു. നോർത്ത് ആഫ്രിക്കയെ അപേക്ഷിച്ച് എന്തു ഭയങ്കര മാററം! മൊറോക്കോയിക്ക് ഏറെയും ദക്ഷിണ കാലിഫോർണിയായിലേതുപോലെയുള്ള കാലാവസ്ഥ ഉണ്ടെന്നിരിക്കെ, ഇപ്പോൾ ഞങ്ങൾ ചൂടും ആവിയുമുള്ള ഉഷ്ണമേഖലകളിൽ ചെന്നെത്തി.
പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ഞാൻ ഇഴജന്തുക്കളോടുള്ള എന്റെ ഭയത്തെ നിയന്ത്രിക്കണമായിരുന്നു. മൂന്നു സന്ദർഭങ്ങളിൽ ഞാൻ ഒരു വാതിലിലൂടെ നടന്നുപോയപ്പോൾ ഒരു പല്ലി എന്റെ തലയിൽ വീണു. ചില സമയങ്ങളിൽ, ഒരു ബൈബിളദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു എലി ഞങ്ങളോടു ചേരാൻ തീരുമാനിക്കുമായിരുന്നു! ഞാൻ ചാടിയോടിപ്പോകാൻ ആഗ്രഹിച്ചെങ്കിലും മി. എലിയിൽനിന്ന് ഒരിക്കലും കണ്ണുപറിക്കാതെയും അവൻ മാറിപ്പോകാൻ തീരുമാനിക്കുന്നതുവരെ എന്റെ ബുക്ക്ബാഗും പാദങ്ങളും തറയിൽനിന്ന് മാററിവെച്ചും കൊണ്ട് എന്നേത്തന്നെ നിയന്ത്രിക്കാൻ ഞാൻ പഠിച്ചു. നാം കേവലം പററിനിൽക്കുന്നുവെങ്കിൽ നമുക്ക് എന്തിനോടും പരിചയമാകാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തി.
ഞങ്ങൾ അവിടെ ആറുമാസം ചെലവഴിച്ചപ്പോൾ ഞങ്ങളുടെ വേല നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് റേഡിയോയിൽ ഒരു അറിയിപ്പുണ്ടായി. അങ്ങനെ ഞങ്ങളുടെ രാജ്യഹാളുകൾ അടക്കപ്പെട്ടു, വിട്ടുപോകാൻ മിഷനറിമാരോട് ആവശ്യപ്പെട്ടു. വേറൊരു മൂന്നുവർഷംകൂടെ താമസിക്കാൻ ഞങ്ങൾക്കും മറെറാരു ദമ്പതികൾക്കും മാത്രമേ സാധിച്ചുള്ളു. അനന്തരം ഒരു ഞായറാഴ്ച രാവിലെ ഞങ്ങളുടെ വീക്ഷാഗോപുര അദ്ധ്യയന സമയത്ത് സായുധപോലീസ് വന്ന് ഞങ്ങളെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കു കൊണ്ടുപോയി. അവർ സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചുവെങ്കിലും എന്റെ ഭർത്താവായ ബിൽ ഉൾപ്പെടെ 23 സഹോദരൻമാരെ പിടിച്ചുവെച്ചു. ആറുദിവസം കഴിഞ്ഞ് വീട്ടിൽപോയി സാധനങ്ങൾ പായ്ക്ക്ചെയ്യാൻ വേണ്ടി അദ്ദേഹത്തെ വിട്ടയച്ചു; മൂന്നു ദിവസം കഴിഞ്ഞ് ഗവൺമെൻറ് കല്പനയനുസരിച്ച് 1989 മെയ്യിൽ ഞങ്ങൾ രാജ്യം വിട്ടു. ഞങ്ങളെ യാത്രയയക്കാൻ ഞങ്ങളുടെ സ്നേഹമയികളായ അനേകം സഹോദരൻമാർ വന്നുകൂടിയ വിമാനത്താവളത്തിൽ അത് കണ്ണുനീർ നിറഞ്ഞ മറെറാരു വേർപാടായിരുന്നു.
ഒടുവിൽ സിയെറാ ലിയോണിലേക്ക്
ഞങ്ങളുടെ ഇപ്പോഴത്തെ നിയമനസ്ഥലം വെസ്ററ് ആഫ്രിക്കയിലെ സിയെറാ ലിയോൺ ആണ്, മനോഹരമായ വെള്ളമണൽ നിറഞ്ഞ കടൽപ്പുറങ്ങളോടുകൂടിയ ഒരു രമണീയമായ രാജ്യമാണിത്. ആളുകൾ വളരെ സൗഹാർദ്ദതയുള്ളവരാണ്, വയൽശുശ്രൂഷ ഒരു ഉല്ലാസമാണ്. മിക്കപ്പോഴും ഒരു മാവിന്റെയോ തെങ്ങിന്റെയോ തണലിൽ ഓരോ വീട്ടിലും ഇരിക്കാൻ ഞങ്ങൾ ക്ഷണിക്കപ്പെടുന്നു. ദൈവത്തെക്കുറിച്ചു സംസാരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു, ഒത്തുനോക്കുന്നതിന് അവരുടെ സ്വന്തം ബൈബിൾപ്രതി എടുത്തുകൊണ്ടുവരികയും ചെയ്യുന്നു.
ബില്ലും ഞാനും ഫ്രീടൗൺ ബെഥേൽ ഭവനത്തിലാണ് പ്രവർത്തിക്കുന്നത്. ഞാൻ ഒരു റിസപ്ഷനിസ്ററായി സേവിക്കുകയും വരിസംഖ്യകളും സഭാകണക്കുകളും കൈകാര്യംചെയ്യുകയും ചെയ്യുന്നു. നമ്മുടെ പ്രസംഗവേല നിരോധിക്കപ്പെട്ട രാജ്യങ്ങളിൽ 16വർഷം സേവിച്ചശേഷം സ്വതന്ത്രമായി വേല ചെയ്യാവുന്നതും അഭിവൃദ്ധിയുള്ളതുമായ ഒരു രാജ്യത്ത് ആയിരിക്കുന്നത് പുതുമയാണ്.
ഞാൻ 1991 ജൂണിൽ 30 വർഷത്തെ മിഷനറിസേവനം പൂർത്തിയാക്കി. സത്യമായി അമ്മ എന്റെ മുമ്പാകെ മൂല്യവത്തായ ഒരു ലക്ഷ്യമാണ് വെച്ചത്! ഇന്ന് അവർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, വീണ്ടും അവരോട് “അമ്മേ നന്ദി!” എന്നു പറയാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു. സന്തോഷകരമായി, എനിക്ക് ഇപ്പോഴും “നന്ദി, അച്ഛാ!” എന്നു പറയാൻ കഴിയും.
[27-ാം പേജിലെ സാന്ദ്രാ കവന്റെ ചിത്രം]
[27-ാം പേജിലെ ചിത്രം, സാന്ദ്രാ കവന്റെ കുട്ടിക്കാലും]
[28-ാം പേജിലെ ചിത്രം]
ന്യൂയോർക്ക് കൺവെൻഷൻ, 1958
[29-ാം പേജിലെ ചിത്രം]
35-ാം ക്ലാസ്—1960 ജൂലൈ
[30-ാം പേജിലെ ചിത്രം]
ബില്ലും സാന്ദ്രാ കവനും, 1991