‘ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളൽ’
“അവർ ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.” (യോഹന്നാൻ 17:3, NW.) തന്റെ സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥനയിൽ യേശു അങ്ങനെയാണ് പറഞ്ഞത്, ഈ വിധത്തിൽ അവൻ നിത്യജീവൻ നേടുന്നതിനുള്ള ഒരു മുൻവ്യവസ്ഥ കാണിച്ചുകൊടുത്തു. എന്നിരുന്നാലും ബൈബിളിന്റെ മിക്ക ഭാഷാന്തരങ്ങളും പ്രസ്താവിക്കുന്നതുപോലെ “ദൈവത്തെ . . . അറിയുക” എന്നതിനു പകരം പുതിയലോക ഭാഷാന്തരം “ദൈവത്തെ . . . കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുക” എന്ന് ഈ വാക്യം വിവർത്തനം ചെയ്യുന്നതെന്തുകൊണ്ട്?—യോഹന്നാൻ 17:3ന്റെ അടിക്കുറിപ്പും കാണുക.
ഇവിടെ ‘അറിവ് ഉൾക്കൊള്ളുക’ എന്നോ “അറിയുക” എന്നോ ഭാഷാന്തരംചെയ്തിരിക്കുന്ന ഗ്രീക്ക് പദം ജിനോസ്ക്കോ എന്ന ക്രിയയുടെ ഒരു രൂപമാണ്. പുതിയലോക ഭാഷാന്തരത്തിന്റെ വിവർത്തനം ആ പദത്തിന്റെ അർത്ഥം സാദ്ധ്യമാകുന്നടത്തോളം പൂർണ്ണമായി വ്യക്തമാക്കാൻ ഉദ്ദേശിച്ചിരിക്കുന്നു. ജിനോസ്ക്കോയുടെ അടിസ്ഥാന അർത്ഥം “അറിയുക” എന്നാണ്, എന്നാൽ ഗ്രീക്ക് പദത്തിന് വിവിധ അർത്ഥവ്യാപ്തികളുണ്ട്. പിൻവരുന്ന നിർവചനങ്ങൾ കുറിക്കൊള്ളുക:
“ജിനോസ്ക്കോ (γινωσκω) അറിവ് ഉൾക്കൊള്ളുന്നതിനെ, അറിയാനിടയാകുന്നതിനെ, തിരിച്ചറിയുന്നതിനെ, ഗ്രഹിക്കുന്നതിനെ, അല്ലെങ്കിൽ പൂർണ്ണമായി മനസ്സിലാക്കുന്നതിനെ അർത്ഥമാക്കുന്നു.” (പുതിയനിയമ പദങ്ങളുടെ വ്യാഖ്യാന നിഘണ്ടു, ഡബ്ലിയൂ. ഈ. വൈൻ) അതുകൊണ്ട് ജിനോസ്ക്കോ ‘അറിവ് ഉൾക്കൊള്ളുക’ എന്ന് വിവർത്തനം ചെയ്യുന്നത് പുതിയലോക ഭാഷാന്തരത്തിന്റെ വിമർശകർ കുററപ്പെടുത്തിയിട്ടുള്ളതുപോലെ, ‘ബൈബിളിന് മാററം വരുത്തുകയല്ല.’ ഈ വാക്കിന് ഉണ്ടായിരിക്കാൻ കഴിയുന്ന വിവിധ അർത്ഥവ്യാപ്തികളുടെ ഒരു പരിചിന്തനത്തിൽ സുപ്രസിദ്ധ ലെക്സിക്കോഗ്രാഫറായ ജെയിംസ് ഹോപ്പ് മൗൾട്ടൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “γινωσκω എന്ന വർത്തമാനകാല ലളിതപദം കാലദൈർഘ്യമുള്ളതാണ്, ‘അറിവ് ഉൾക്കൊണ്ടുകൊണ്ടിരിക്കലാണ്.’”—(എ ഗ്രാമർ ഓഫ് ദി ന്യൂ റെറസ്ററമെൻറ് ഗ്രീക്ക്)
ഗ്രീക്ക് പുതിയനിയമത്തിന്റെ ഒരു വ്യാകരണ വിശകലനം യോഹന്നാൻ 17:3ൽ കാണപ്പെടുന്ന പ്രകാരം ജിനോസ്ക്കോ “ഒരു തുടർച്ചയായ പ്രക്രിയയെ സൂചിപ്പിക്കുന്നു” എന്നു വിശദീകരിക്കുന്നു. ഈ ഗ്രീക്ക് പദത്തെക്കുറിച്ചുള്ള കൂടുതലായ ഒരു അഭിപ്രായം മാർവിൻ ആർ. വിൻസെൻറിന്റെ പുതിയ നിയമത്തിലെ പദപഠനങ്ങളിൽ കാണപ്പെടുന്നു. അത് പറയുന്നു: “നിത്യജീവനിൽ അറിവ് അല്ലെങ്കിൽ അറിവിന്റെ അന്വേഷണം ഉൾപ്പെട്ടിരിക്കുന്നു, കാരണം വർത്തമാനകാലം ഒരു തുടർച്ചയെ, പടിപടിയായുള്ള ഒരു ഗ്രഹണത്തെ സൂചിപ്പിക്കുന്നു.” (ചെരിഞ്ഞ അക്ഷരം അദ്ദേഹത്തിന്റേത്.) എ.ററി. റോബർട്ട്സന്റെ പുതിയ നിയമത്തിലെ പദചിത്രങ്ങൾ, പദത്തിന്റെ “അറിഞ്ഞുകൊണ്ടേയിരിക്കുക” എന്നുള്ള പരിഭാഷയെ സൂചിപ്പിക്കുന്നു.
അതുകൊണ്ട്, മൂലഗ്രീക്കിൽ, യോഹന്നാൻ 17:3-ലെ യേശുവിന്റെ വാക്കുകൾ സത്യദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അറിയാൻ തുടർച്ചയായ ശ്രമം നടത്തുന്നതിനെ അർത്ഥമാക്കുന്നു. ഇത് പുതിയലോക ഭാഷാന്തരത്തിന്റെ വിവർത്തനത്തിൽ നന്നായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ദൈവവചനം ഉത്സാഹപൂർവം പഠിക്കുന്നതിനാലും അതിലെ പ്രമാണങ്ങളുമായി നമ്മുടെ ജീവിതത്തെ അനുസരണപൂർവം അനുരൂപപ്പെടുത്തുന്നതിനാലുമാണ് നാം ഈ അറിവ് സമ്പാദിക്കുന്നത്. (ഹോശേയ 4:1, 2; 8:2; 2 തിമൊഥെയോസ് 3:16, 17 താരതമ്യപ്പെടുത്തുക.) ദൈവത്തിന്റെയും അവന്റെ പുത്രന്റെയും വ്യക്തിത്വങ്ങൾ പരിചിതമാക്കുകയും അനന്തരം അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ എത്ര വിശിഷ്ടമായ ഒരു പ്രതിഫലം കാത്തിരിക്കുന്നു? നിത്യജീവൻതന്നെ!