ഇൻഡ്യൻ സമുദ്രത്തിലെ ദ്വീപുകൾ സുവാർത്ത കേൾക്കുന്നു
മഡഗാസ്കറിനോടുള്ള ബന്ധത്തിൽ പശ്ചിമ ഇൻഡ്യൻ സമുദ്രത്തിൽ ഒരു വൃത്താംശമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നതും 39ലക്ഷം ചതുരശ്ര കിലോമീറററിൽ വ്യാപിച്ചുകിടക്കുന്നതുമാണ് റോഡ്രിഗ്സ്, മൗറീഷ്യസ്, റീയൂണിയൻ, സെയ്ഷെൽസ്, മേയോട്ട്, കാമറോസ് എന്നീ ദ്വീപുകൾ. ഇത്ര വലിയ വിസ്തൃതിയുള്ളതാണെങ്കിലും, ഈ ദ്വീപുകൾക്കു മൊത്തം 7,300 ചതുരശ്ര കിലോമീററർ കരപ്രദേശം മാത്രമേയുള്ളു. 23ലക്ഷം വരുന്ന ജനസംഖ്യയോടെ ഈ ദ്വീപുകൾ ലോകത്തിലെ ഏററവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ പെട്ടവയാണ്.
ഈ ജനസംഖ്യയിൽ ഏതാണ്ട് 2,900 യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്നു. അവർ ദ്വീപവാസികളോട് ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്നതിന് ഉത്സാഹപൂർവം പ്രവർത്തിക്കുന്നു. ഒററപ്പെട്ടുകിടക്കുന്നതിനാൽ ഈ സാക്ഷികൾ മൗറീഷ്യസ്, വക്കോസിലെ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസ് ക്രമീകരിക്കുന്ന സഞ്ചാര മേൽവിചാരകൻമാരുടെ സന്ദർശനങ്ങളെയും വാർഷിക സമ്മേളനങ്ങളെയും വിശേഷാൽ വിലമതിക്കുന്നു. ഇവ അവർക്ക് യഥാർത്ഥമായി യെശയ്യാവ് 42:10-ലെ വാക്കുകളുടെ അർത്ഥം ആസ്വദിക്കാൻ കഴിയുന്ന അവസരങ്ങളാണ്. “സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അററത്തുനിന്ന് അവനു സ്തുതിയും പാടുവിൻ.”
അടുത്ത കാലത്ത്, ബ്രാഞ്ചാഫീസിൽനിന്നുള്ള പ്രതിനിധികൾ സഭകൾ സന്ദർശിക്കുന്നതിനും പ്രത്യേക ഏകദിന സമ്മേളനങ്ങളുടെ വാർഷിക പരമ്പര നടത്തുന്നതിനും ദ്വീപുകളിലേക്കു സഞ്ചരിച്ചു. 1 പത്രോസ് 1:15-നെ അടിസ്ഥാനപ്പെടുത്തി “നിങ്ങളുടെ സകല നടത്തയിലും വിശുദ്ധരായിത്തീരുവിൻ” എന്ന വിഷയമായിരുന്നു സമ്മേളനങ്ങളിൽ വിശേഷവൽക്കരിക്കപ്പെട്ടത്. വിസ്തൃതമായ സമുദ്രത്തെ പിന്നിടുന്നതിന് സഞ്ചാരം ഏറിയപങ്കും വിമാനത്തിലായിരുന്നു—ചിലപ്പോൾ ആധുനിക ജംബോ ജററുകളിലും എന്നാൽ മിക്കപ്പോഴും പ്രൊപ്പല്ലർ കൊണ്ടു ഓടിക്കുന്ന വളരെ ചെറിയ വിമാനത്തിലും. ഇരട്ടപ്പായ്മരക്കപ്പലുകളും ചെറുകപ്പലുകളും ഉപയോഗിക്കപ്പെട്ടു. ഞങ്ങളോടുകൂടെ വന്ന് വിദൂര ഇൻഡ്യൻ സമുദ്രത്തിലെ ദ്വീപുകൾ സുവാർത്ത കേൾക്കുന്നതതെങ്ങനെയെന്ന് കാണുക.!
ആദ്യത്തെ സ്റേറാപ്പ്—റോഡ്രിഗ്സ്
മൗറീഷ്യസിൽനിന്ന് ഒന്നര മണിക്കൂർനേരത്തെ പറക്കലിനുശേഷം ഞങ്ങൾ ഒരു പവിഴപ്പുററു കാണുന്നു. അത് ഇൻഡ്യൻ സമുദ്രത്തിലെ ഒരു ചെറിയ കരക്കു ചുററുമായുള്ള ആഴംകുറഞ്ഞ ഒരു വലിയ തടാകത്തിന്റെ പുറത്തെ അരികാണ്. ഇതാണ് ഞങ്ങളുടെ ആദ്യത്തെ സ്റേറാപ്പ്, റോഡ്രിഗ്സ് ദ്വീപുകൾ.
വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത് കരയിൽനിന്ന് ഉന്തിനിൽക്കുന്ന ഒരു പവിഴപ്പുററിലാണ്, പ്വാൻറ് കോറേയ്ൽ എന്നാണ് അത് വിളിക്കപ്പെടുന്നത്. ഈ പ്രദേശത്ത് പുററ് വളരെ കട്ടിയുള്ളതാകയാൽ കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാൻ അത് കട്ടകളായി അറുത്തുകീറാൻ കഴിയും. ഒരു ചെറിയ ബസ് വിമാനത്താവളത്തിൽനിന്ന് നമ്മെ വീതികുറഞ്ഞ് വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു റോഡിലൂടെ പോർട്ട് മാററൂറിൻ എന്ന പ്രധാന പട്ടണത്തിലെത്തിക്കുന്നു. ഒരു ഘട്ടത്തിൽ നമുക്ക് ദ്വീപിനക്കരെ വിദൂരത്തിലുള്ള പവിഴപ്പുററുകളും നീല തടാകങ്ങളും പാറ നിറഞ്ഞ സമുദ്രതീരവും കാണാം. മഴക്കാലം അവസാനിച്ചിരുന്നതുകൊണ്ട് കുന്നിൻചെരിവുകൾ സുഷിരിതമായ പരുക്കൻ പുല്ലുകൾ മൂടിക്കിടക്കുകയാണ്, മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളെയും ചെമ്മരിയാടുകളെയും കോലാടുകളെയും അങ്ങുമിങ്ങും കാണുകയും ചെയ്യാം.
പോർട്ട് മാററുറിന്റെ മദ്ധ്യത്തിലുള്ള ഭംഗിയുള്ള ഒരു ചെറിയ രാജ്യഹോളാണ് പ്രത്യേക ഏകദിന സമ്മേളനത്തിന്റെ സ്ഥലം. റോഡ്രിഗ്സിൽ ആദ്യമായി വേല തുടങ്ങിയത് 1964-ൽ ആയിരുന്നു. ഇപ്പോൾ, 37,000 വരുന്ന ജനസംഖ്യക്കിടയിൽ സുവാർത്തയുടെ 36 പ്രസംഗകരുണ്ട്. 53പേർ ഹാജരാകുന്നതും 18 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ സ്നാപനമേൽക്കുന്നതും കാണുന്നത് എന്തൊരു സന്തോഷമായിരുന്നു. അവന്റെ അമ്മക്ക് എഴുതാനോ വായിക്കാനോ കഴിവില്ലാഞ്ഞിട്ടും 1969-ൽ സത്യം സ്വീകരിച്ചു. കുടുംബത്തിലെ എതിർപ്പുണ്ടായിരുന്നിട്ടും അവർ യഹോവയെ സേവിക്കുന്നതിൽ തുടർന്നിരിക്കുന്നു. ഇപ്പോൾ അവരുടെ മക്കളിൽ രണ്ടുപേർ യഹോവക്ക് സമർപ്പിക്കപ്പെട്ടവരാണ്.
സമ്മേളനത്തിനുശേഷം, ഞങ്ങൾ ദ്വീപിൽ പ്രസംഗിച്ചുകൊണ്ട് ഒരു വാരം ചെലവഴിക്കുന്നു. ഇവിടെ റോഡ്രിഗ്സിലും സംസാരിക്കുന്ന ഭാഷ മൗറീഷ്യൻ ക്രെയോൾ ആയതുകൊണ്ട് ഞങ്ങൾ അതാണ് സംസാരിക്കുന്നത്. ഒരു ബസ്യാത്രയും ഒരു നടപ്പും ഞങ്ങളെ ഞങ്ങളുടെ പ്രദേശത്ത് എത്തിക്കുന്നു—ഉയർന്ന പ്രദേശത്തെ വഴിയിലൂടെ സമുദ്രത്തിലേക്കു വ്യാപിച്ചുകിടക്കുന്ന പച്ചനിറഞ്ഞ ഒരു താഴ്വരയാണത്. എന്തൊരു വിശിഷ്ടമായ കാഴ്ച—ററർക്വോയ്സ് തടാകവും, വെളുത്ത പവിഴപ്പുററും പശ്ചാത്തലത്തിലെ നീലിച്ച ആഴക്കടലും! സമൃദ്ധവും മലിനീകരണമേശാത്തതുമായ വായുവിനാൽ ഉത്തേജിതരായി ഞങ്ങൾ ഇപ്പോൾ പോകാൻ ഒരുങ്ങിയിരിക്കുകയാണ്.
താഴ്വരയിലെ അനേകം ചെറിയ ഭവനങ്ങളിലെത്തുന്നതിന് ഞങ്ങൾ വയലുകളിലൂടെയുള്ള ചെറുവഴികൾ താണ്ടുകയും ചെളിനിറഞ്ഞ ഒരു അരുവി അങ്ങോട്ടുമിങ്ങോട്ടും കടക്കുകയും ചെയ്യുന്നു. ഓരോ ഭവനത്തിലും ഞങ്ങൾക്ക് ഹാർദ്ദമായ സ്വീകരണം ലഭിക്കുന്നു, പെട്ടെന്ന് വരാൻ പോകുന്ന രാജ്യാനുഗ്രഹങ്ങളെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കാനും സാധിക്കുന്നു. അധികം താമസിയാതെ ഞങ്ങൾ താഴ്വരയിൽ വളരെ താഴെയെത്തുന്നു, ഇപ്പോൾ വീട്ടിൽ പോകാൻ സമയമായിരിക്കുകയാണ്. അതിന്റെ അർത്ഥം കൂടുതൽ കയററമെന്നും മണിക്കൂറുകളിലെ നടപ്പെന്നുമാണ്, എന്നാൽ തദ്ദേശീയമായ അതിഥിപ്രിയം ഞങ്ങളുടെ സഹായത്തിനെത്തുന്നു—ഞങ്ങൾക്ക് ഒരു ജീപ്പിന്റെ പുറകിൽ ഒരു സൗജന്യയാത്ര വാഗ്ദാനംചെയ്യപ്പെടുന്നു.
ആ പ്രയാസകരമായ യാത്രക്കു ശേഷം, വക്കോസിലെ മനോഹരമായ ബെഥേൽ ഭവനത്തിലേക്ക് മടങ്ങിപ്പോകാൻ ഞങ്ങൾക്ക് സന്തോഷമാണ്. രണ്ട് പ്രത്യേക സമ്മേളനദിനങ്ങളാണ് മുനിസിപ്പൽ ഹോളിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. ആദ്യദിവസം 760 പേർ വരുന്നു. അവർ ദീപിലെ 12 സഭകളിൽ പകുതിയിൽനിന്നുള്ളവരാണ്. അടുത്ത ദിവസം ഞങ്ങൾ മറേറ ആറ് സഭകളിൽനിന്നുള്ള 786 ആളുകൾക്ക് അതേ പരിപാടി പങ്കുവെക്കുന്നു. വാരാന്തത്തിൽ നാലു പുതിയവർ സ്നാപനമേൽക്കുന്നു. ദ്വീപവാസികൾക്ക് സുവാർത്ത എത്തിക്കുന്നതിൽ പങ്കെടുക്കുന്ന 30 പ്രത്യേക പയനിയർമാരും 50 നിരന്തര പയനിയർമാരുമുണ്ട്.
വിദൂര സെയ്ഷെൽസ്
ക്രെയോൾ ഭാഷയിൽ “വിദൂര സെയ്ഷെൽ ദ്വീപുകൾ” എന്നർത്ഥമുള്ള ഴോൾ എൽവെനീൻ സെസൽ എന്നു വിളിക്കപ്പെടുന്ന മാഹി ദ്വീപിലേക്ക് നേരേ വടക്കോട്ട് പുറങ്കടലിനുമീതെ ഒരു ആയിരത്തിയറുനൂറു കിലോമീററർ പറക്കാൻ ഞങ്ങൾക്ക് സമയമായിരിക്കുകയാണ്. ദൂരംനിമിത്തം ബ്രാഞ്ചാഫീസിന് വർഷത്തിൽ രണ്ട് സന്ദർശനങ്ങളേ ക്രമീകരിക്കാൻ കഴിയൂ. പ്രത്യേക സമ്മേളന ദിനവും സർക്കിട്ട് സമ്മേളനവും വസന്തത്തിൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഡിസ്ട്രിക്ററ് കൺവെൻഷൻ വർഷത്തിൽ ഒടുവിൽ നടത്തപ്പെടുന്നു. ഇപ്പോൾ ഒക്ടോബർ മദ്ധ്യത്തിൽ, ഞങ്ങൾ ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി ഇവിടെ വന്നിരിക്കുകയാണ്, തുടർന്ന് ഒരാഴ്ചത്തെ സഭാസന്ദർശനമുണ്ടായിരിക്കും. ഇവിടെയും ഞങ്ങൾക്ക് ഞങ്ങളുടെ മൗറീഷ്യൻ ക്രെയോൾ ഉപയോഗിക്കാൻ കഴിയും.
അടുത്തുള്ള പ്രാലൻ ദ്വീപുകളിൽനിന്നും ലാ ഡീഗിൽനിന്നുമുള്ള സഹോദരൻമാർ വന്നുകഴിഞ്ഞു. 12 ദേശങ്ങൾ പ്രതിനിധാനംചെയ്യപ്പെടുന്നത് എത്ര ആവേശകരമാണ്! സാക്ഷികളിലൊരാളുടെ വീടിന്റെ പിൻപിലെ ഒരു ഗരാജ് പുതുക്കിപ്പണിത സ്ഥലത്തെ രാജ്യഹോളാണ് സമ്മേളനസ്ഥലം. സന്ദർശകരുൾപ്പെടെ ആറ് സഹോദരൻമാർക്കു മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ യോഗ്യതയുള്ളുവെന്നതുകൊണ്ട് നാലു ദിവസങ്ങളിൽ പല പ്രസംഗങ്ങൾ ചെയ്യാനുള്ള പദവി ചിലർക്കുണ്ട്. കൺവെൻഷന്റെ അവസാന ദിവസം 216പേർ ഹാജരാകുന്നത് കാണുന്നതിൽ 81 പ്രസംഗകർ പുളകിതരാകുന്നു.
കൺവെൻഷനുശേഷം, മാഹിയിൽനിന്ന് 40 കിലോമീററർ വടക്കുകിഴക്കുള്ള പ്രാലനിലേക്കു പോകാൻ ഞങ്ങൾ ഒരു പായ്മരക്കപ്പൽ പിടിക്കുന്നു. 18മീററർ നീളമുള്ള ഈ കപ്പൽ തക്കാമഹാക്ക് തടികൊണ്ടുണ്ടാക്കപ്പെട്ടതാണ്. അഴകാർന്ന ഈ കപ്പലിന് 50 യാത്രക്കാരെയും ഏതാണ്ട് 36 മെട്രിക്ക് ടൺ ചരക്കും കയററാൻ കഴിയും. ഞങ്ങൾ മാഹി തുറമുഖം വിട്ട് വിദൂര ചക്രവാളത്തിൽ പ്രാലന്റെ ബാഹ്യരേഖയിലേക്ക് കപ്പലിന്റെ അണിയം തിരിക്കവേ രണ്ട് പായ്മരങ്ങളിൽനിന്ന് തരംഗിതമാകുന്ന വെളുത്ത പായ്കളാൽ സഹായിക്കപ്പെടുന്ന ഡീസൽ എൻജിന്റെ തള്ളൽശക്തി ഞങ്ങൾക്ക് അറിയാൻ കഴിയും.
രണ്ടര മണിക്കൂർ കഴിഞ്ഞ് മനോഹരമായ സെൻറ് ആൻ ഉൾക്കടലിലെ കൂടുതൽ ശാന്തമായ വെള്ളങ്ങളിലേക്ക് പ്രവേശിക്കാൻ ഞങ്ങൾ പാറനിറഞ്ഞ മുനമ്പിനെ ചുററുന്നു. നീണ്ട ജെട്ടിയിലേക്ക് ഞങ്ങൾ കാലുകുത്തുമ്പോൾ നമ്മുടെ സഹോദരൻമാർ കാത്തുനിൽക്കുന്നതു ഞങ്ങൾ കാണുന്നു. ഈ ചെറിയ ദ്വീപിൽ 13 പ്രസംഗകരുണ്ട്. മററു ഭാഗങ്ങളിൽനിന്ന് 8 സന്ദർശകർ വന്നു. അങ്ങനെ പ്രത്യേക പ്രസംഗത്തിനുവേണ്ടി ചെറിയ ഹോൾ 39പേരെക്കൊണ്ട് നിറയുന്നത് ഞങ്ങൾ കാണുന്നത് ആവേശത്തോടെയാണ്. വളർച്ചക്കുള്ള എന്തൊരു സാദ്ധ്യത!
ഇവിടെ പ്രാലിനിൽ ആയിരിക്കെ ഞങ്ങൾ മനോഹരമായ വാളി ഡേ മാ സന്ദർശിക്കേണ്ടിയിരിക്കുന്നു. ഇത് ഇരട്ടത്തേങ്ങാപ്പനയുടെ ഭവനമാണ്. അതിലാണ് ലോകത്തിലേക്കും ഏററവും വലിയ വിത്തുള്ളത്, ഓരോന്നിനും 20 കിലോഗ്രാം വരെ തൂക്കം. വനത്തിലെ ശീതളമായ ഹരിതഛായയിൽ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഈ പനകൾ നാം കാണുന്നു. സന്ദർശകർക്കായുള്ള ഔദ്യോഗിക കുറിപ്പുകൾ, ഒടുവിൽ 1968-ൽ അളന്നപ്പോൾ ഏററവും ഉയരമുള്ള ഒന്നിന് 31 മീററർ ഉയരമുണ്ടായിരുന്നുവെന്ന് വിശദീകരിക്കുന്നു. ഈ ഉയരമുള്ള വൃക്ഷങ്ങളിൽ ചിലതിന് 800വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു വൃക്ഷം ഫലംകായിക്കുന്നതിന് 25 വർഷമെടുക്കും. കായ് മൂക്കുന്നതിന് 7 വർഷമെടുക്കും. “ഫോട്ടോകൾ മാത്രം എടുക്കുക, പാദമുദ്രകൾമാത്രം അവശേഷിപ്പിക്കുക” എന്ന് ലഘുപത്രിക മുന്നറിയിപ്പുനൽകുന്നതിൽ അതിശയിക്കാനില്ല.”
അടുത്തദിവസം രാവിലെ ഏഴുമണിക്ക്, ഞങ്ങൾ ലാ ഡീഗ് എന്ന ചെറുദ്വീപിലേക്ക് ഒരു വള്ളത്തിൽ പോകുന്നു. ജട്ടിയിൽ അനേകം ചെറുവള്ളങ്ങൾ കൂടിക്കിടപ്പുണ്ട്. അവയാണ് 2,000 നിവാസികൾക്കും ബാഹ്യലോകത്തിനുമിടക്കുള്ള ജീവധാര. ഞങ്ങളെ 1975 മുതൽ ഈ ദ്വീപുകളിലുള്ള സ്വിററ്സർലണ്ടിൽനിന്നുള്ള ഒരു വൃദ്ധ ദമ്പതികൾ കണ്ടുമുട്ടുന്നു. കാളവണ്ടി“ടാക്സി” പിടിക്കുന്നതിനു പകരം ഞങ്ങൾ കടലും മഴയും തഴുകി മിനുസപ്പെടുത്തിയ ഇളംചുവപ്പായ ഗംഭീര കരിങ്കല്ലോടുകൂടിയ കടപ്പുറത്തുകൂടെ നടക്കുന്നു. ഒരു ചെറിയ പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങൾ അപൂർവമായ കറുത്ത ഈച്ചപിടിയൻ വർദ്ധിച്ചുപെരുകുന്ന ചെറിയ റിസേർവ് വനത്തിലൂടെ നടന്ന് ചില താത്പര്യക്കാരുടെ വീടുകളിലെത്തുന്നു. ക്രെയോൾ ഭാഷയിൽ നടത്തപ്പെട്ട പ്രസംഗം കേൾക്കുന്നതിന് 13 പേർ കൂടിവരുന്നു. തങ്ങൾക്ക് ആത്മീയമായി പുരോഗതി പ്രാപിക്കാൻ കഴിയത്തക്കവണ്ണം തങ്ങളുടെ വിവാഹം നിയമപരമാക്കാനുള്ള സകല ക്രമീകരണവും ചെയ്തിരിക്കുന്ന ഒരു ദമ്പതികളെ ഞങ്ങൾ കണ്ടുമുട്ടുന്നു. സത്യത്തിൽ, ഈ വളരെ വിദൂര ദ്വീപുകളിൽ പോലും യഹോവ ജനതകളിലെ അഭികാമ്യരെ കൊണ്ടുവരികയാണ്.
തിരികെ റീയൂണിയനിൽ
ഈ പര്യടനത്തിൽ നാം സന്ദർശിക്കുന്ന അത്യന്തം വികസിതമായ ദ്വീപാണ് റീയൂണിയൻ. കരയോടു സമീപിക്കുമ്പോൾ നാം തലസ്ഥാനമായ സെയിൻറ്-ഡെനിസിൽനിന്നു വരുന്ന ഗതാഗതം മുററിയ നാലു ലെയ്നുള്ള പെരുവഴി കാണുന്നു. സമുദ്രത്തിനും പർവതത്തിനുമിടക്കുള്ള സ്ഥലം നിറയെ ഉയരമേറിയ കെട്ടിടങ്ങളാണ്. ഈ ദ്വീപ് ഏതാണ്ട് 5,80,000 ആളുകളുടെ ഭവനമാണ്, രാജ്യസാക്ഷീകരണത്തിന്റെ ഒരു ഉത്പാദകമായ വയലാണെന്ന് തെളിയുകയും ചെയ്തിരിക്കുന്നു. (മത്തായി 9:37, 38) ഇപ്പോൾ 21 സഭകളിലായി തീക്ഷ്ണതയുള്ള ഏതാണ്ട് 2,000 സുവാർത്താപ്രസംഗകരുണ്ട്.
പ്രത്യേക സമ്മേളനദിനം മറച്ചുകെട്ടിയ ഒരു വലിയ സ്റേറഡിയത്തിലാണ് നടത്തപ്പെടുന്നത്. 3,332പേർ ഹാജരായതു കാണുന്നതിൽ ഞങ്ങൾ സന്തോഷമുള്ളവരാണ്, 67 പുതിയവർ സ്നാപനത്തിനുവേണ്ടി തങ്ങളേത്തന്നെ ഏല്പിച്ചുകൊടുത്തത് എന്തൊരു രോമാഞ്ചമാണുളവാക്കിയത്! ദ്വീപിലെ മിഷനറിമാരുമായി സഹവാസമനുഭവിച്ച ശേഷം ഞങ്ങൾ ഞങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
മേയോട്ട്—സുഗന്ധദ്വീപ്
രണ്ടു മണിക്കൂർ നേരത്തെ പറക്കലിനുശേഷം, 40 സീററുകളുള്ള ഞങ്ങളുടെ ജററ് പാമാൻസി എയർപോർട്ടിലേക്കുള്ള ഇറക്കം തുടങ്ങുന്നു, അത് മേയോട്ടിന്റെ തലസ്ഥാനമായ സാവോദ്സിയിലേക്കുള്ള 1.9 കിലോമീററർ വരമ്പിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ചെറുദ്വീപിലാണ്. നീലാകാശവും വെൺമേഘങ്ങളും തഴച്ചുനിൽക്കുന്ന പർവതസാനുക്കളും നീലവർണ്ണമായ ആഴക്കടലും സമാധാനപൂർണ്ണമായ ഒരു ഉഷ്ണമേഖലാ പറുദീസയുടെ ചിത്രം നൽകുന്നതിന് ഒത്തുചേരുന്നു. സമുചിതമായി, മേയോട്ട് ഇലാംഗ്-ഇലാംഗ് വൃക്ഷത്തിന്റെ ആസ്വാദ്യമായ സൗരഭ്യം നിമിത്തം സുഗന്ധദ്വീപ് എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുഷ്പങ്ങളുടെ സത്ത് ലോകപ്രസിദ്ധമായ സുഗന്ധങ്ങളുടെ അടിസ്ഥാനമായി ഫ്രാൻസിലേക്ക് അയക്കപ്പെടുന്നു.
പ്രധാനദ്വീപിലേക്ക് ഒരു ബാർജിൽ 15മിനിററ് മാത്രം സഞ്ചരിച്ചാൽ മതി. മിഷനറിഭവനത്തിൽ അല്പം ലഘുഭക്ഷണം കഴിച്ചശേഷം 19 കിലോമീററർ ദൂരെ ദ്വീപിന്റെ മറുഭാഗത്ത് ഒരു പുസ്തകാദ്ധ്യയനത്തിന് ഞങ്ങൾ ക്ഷണിക്കപ്പെടുന്നു. വിശ്രമദായകമായ ഒരു സന്ദർശനം സംബന്ധിച്ച ഞങ്ങളുടെ പ്രതീക്ഷകൾക്ക് അത് അന്ത്യം കുറിച്ചു. ഞങ്ങൾ ഇടുങ്ങിയ വഴിയിലൂടെ ഭയാനകമായ ഒരു യാത്രക്ക് തുറന്ന ജീപ്പിലേക്ക് കയറുന്നു. ഞങ്ങൾ ആളുകളെയും പശുക്കളെയും മററു വാഹനങ്ങളെയും കഷ്ടിച്ച് ഒഴിഞ്ഞുപോകുന്നതായി തോന്നുന്നു. എന്നാൽ ഞങ്ങളുടെ ഫ്രഞ്ച് ഡ്രൈവർക്ക് വഴിയറിയാം. പെട്ടെന്ന് ഞങ്ങൾ ഷിക്കോണിയിൽ എത്തുന്നു, അവിടെ അദ്ധ്യയനം നടക്കുന്ന വീട്ടിലെ കുടുംബത്തെ ഞങ്ങൾ കണ്ടുമുട്ടുന്നു.
ഒരു മുൻ മുസ്ലീം പിതാവ് തന്റെ എട്ടു മക്കളെ പരിചയപ്പെടുത്തുന്നു. അയാളുടെ ഏററവും ഇളയ മകൻ, ഒരു നാലുവയസ്സുകാരൻ, പരമ്പരാഗത അഭിവാദനമെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കിയത് ഞങ്ങൾക്കു നൽകുന്നു. അവൻ ഒരു കൈവെള്ളയിൽ മറേറ കൈയുടെ പിൻഭാഗം വെച്ച് ഞങ്ങളുടെ മുമ്പാകെ കൂപ്പിനിൽക്കുന്നു. ഞങ്ങൾ ആദ്യം അവന് ഹസ്തദാനംചെയ്യാൻ ശ്രമിക്കുന്നു, അനന്തരം എന്റെ ഭാര്യ അവന്റെ കൈകൾ അവളുടെ തലയിൽ വെക്കാൻ ശ്രമിക്കുന്നു. പയ്യൻ വലിയ വട്ടക്കണ്ണുകളുമായി ക്ഷമാപൂർവം കാത്തുനിൽക്കുന്നു, നിസ്സംശയമായി ഞങ്ങൾ ചെയ്യുന്നത് എന്താണെന്ന് അതിശയിച്ചുകൊണ്ടുതന്നെ. ഒടുവിൽ ഞങ്ങൾ ശരിയായതുചെയ്യുന്നു—ഞങ്ങൾ അവന്റെ കൈകൾ അവന്റെ തലയിൽ വെക്കുന്നു. 14പേരുടെ ഹാജരോടെ അദ്ധ്യയനം തുടങ്ങുന്നു. പകുതിയായപ്പോൾ ഒരു താത്പര്യക്കാരൻ വന്ന് എല്ലാവർക്കും കൈ കൊടുക്കുന്നു. അതും അവരുടെ ആചാരങ്ങളിലൊന്നാണെന്ന് സ്പഷ്ടം.
ഇപ്പോൾ ഇരുട്ടു വീണുതുടങ്ങിയ ഗ്രാമപ്രദേശത്തുകൂടെ ഞങ്ങൾ മടക്കയാത്ര നടത്തവേ, വലിയ പഴവവ്വാലുകൾ അവയുടെ നിശാഭക്ഷണത്തിനുവേണ്ടി വൃക്ഷങ്ങളെ ലാക്കാക്കി പറക്കുന്നത് ഞങ്ങൾ കാണുന്നു. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിയിൽ വീണുകിടക്കുന്ന രൂക്ഷഗന്ധമുള്ള ചക്കപ്പഴത്തിന്റെ മണവും മാങ്ങാ, ഓമക്കാ, പേരക്കാ എന്നിവയുടെ മധുരഗന്ധവും ഞങ്ങൾക്കനുഭവപ്പെടുന്നു. ഇത് കുറുക്കന്റേതുപോലെയുള്ള മുഖവും നീണ്ടു വളഞ്ഞ് പിടികൂടാവുന്ന വാലുകളുമുള്ള കുരങ്ങുസമാനമൃഗങ്ങളായ ലീമെറുകളുടെ ഒരു വാസകേന്ദ്രമാണ്. ഞങ്ങൾ കുന്നിൻമുകളിലേക്ക് ചുററിവളഞ്ഞുചെല്ലുമ്പോൾ കിടിലംകൊള്ളിക്കുന്ന ഒരു കാഴ്ച ഞങ്ങളെ വിരുന്നൂട്ടുന്നു. ഓറഞ്ച് ചുവപ്പു കലർന്ന പൂർണ്ണചന്ദ്രൻ ഉൾക്കടലിനുമീതെ ഉയർന്നുകഴിഞ്ഞിരുന്നു, നിശ്ചലവെള്ളങ്ങളിൽ ഇടവിട്ടു മിന്നുന്ന ഒരു പ്രതിഛായ പതിപ്പിച്ചുകൊണ്ടുതന്നെ. അത് കണ്ടാസ്വദിക്കുന്നതിന് ഞങ്ങളുടെ ഡ്രൈവർപോലും വേഗത കുറക്കുന്നു. യാത്രയുടെ ശേഷിച്ച സമയത്തെല്ലാം ഓരോ വഴിത്തിരിവിലും ഞങ്ങൾ അതു കാണാൻ നോക്കുന്നു.
അടുത്ത പ്രഭാതത്തിൽ ഞങ്ങൾ മിഷനറിമാരോടുകൂടെ പ്രസംഗിക്കാൻ പോകുന്നു. ആദ്യമായി ഞങ്ങൾ ഒരു അദ്ധ്യാപകനും നല്ല ഫ്രഞ്ച് സംസാരിക്കുന്നവനുമായ ഒരു ചെറുപ്പക്കാരനെ സന്ദർശിക്കുന്നു. അയാൾ തറയിലാണ് ഇരിക്കുന്നത്, ഞങ്ങൾ അയാളുടെ കിടക്കയിലും. അടുത്ത അദ്ധ്യയനവും ഒരു ചെറുപ്പക്കാരനാണ്. അയാൾ തന്റെ ചെറിയ മുറിയുടെ തറയിലെ തന്റെ മെത്തയിൽ ഇരിക്കാൻ ഞങ്ങളെ ക്ഷണിക്കുന്നു. അല്പനേരം കഴിഞ്ഞ് ഞങ്ങളുടെ കാലിലെ വേദനയും ഞങ്ങളുടെ പുറത്തുകൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പും അവഗണിക്കാൻ ശ്രമിച്ചിട്ടും ഞങ്ങൾ പുളയാൻ തുടങ്ങുന്നു. അടുത്ത വീട്ടിലെ റേഡിയോയിൽ ഏററവും ഒടുവിലത്തെ പോപ്പ്ഗാനങ്ങൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ, ഭാഗികമായി ഫ്രഞ്ചിലും ഭാഗികമായി മഹോറിയനിലും നടത്തിയ അദ്ധ്യയനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമല്ല.
ഞങ്ങളുടെ അടുത്ത സന്ദർശനം അടുത്തുള്ള കാമറോസിൽനിന്നുള്ള ഒരു ചെറുപ്പക്കാരനാണ്. അയാൾ ഫ്രഞ്ച് നന്നായി സംസാരിക്കാത്തതിന് ക്ഷമായാചനം നടത്തുകയും തന്റെ ലഘുപത്രിക പുറത്തെടുക്കുകയും ചെയ്യുന്നു, അദ്ധ്യയനത്തിന് ഒരുങ്ങിയിരിക്കുകയുമാണ്. മിഷനറി ചിലത് എന്നോട് വിശദീകരിക്കുന്നതിൽ തുടരുമ്പോൾ അയാൾ ഇടക്കുകയറി താൻ ഖണ്ഡിക വായിക്കാൻ പോകുകയാണെന്നു പറയുന്നു. ശബ്ദമുണ്ടാക്കാതിരിക്കാൻ അയാൾ മര്യാദയോടെ ഞങ്ങളോടു പറയുന്നു. ഇവരെല്ലാം മുസ്ലീങ്ങളാണ്, എന്നാൽ അവർ ബൈബിളിൽനിന്ന് പഠിക്കുന്നതിനെ യഥാർത്ഥമായി വിലമതിക്കുന്നു.
വളരെയധികം യുവാക്കൾ പഠിക്കുന്നതെന്തുകൊണ്ടെന്നും വളരെ കുറച്ച് സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ മാത്രം അങ്ങനെ ചെയ്യുന്നതെന്തുകൊണ്ടെന്നും ഞങ്ങൾ അതിശയിക്കുന്നു. ഇത് സാമൂഹികവും കുടുംബപരവുമായ പാരമ്പര്യങ്ങളുടെ ഫലമാണെന്ന് ഞങ്ങളോടു പറയപ്പെടുന്നു. ബഹുഭാര്യാത്വം മതപരമായും സാമൂഹികമായും അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാലും ഓരോ ഭാര്യയും അവളുടെ സ്വന്തം വീട്ടിൽ പാർക്കുന്നതിനാലും പിതാവിന്റെ സ്വാധീനം തുച്ഛമാണ്; ഭാര്യയാണ് ഭരണംനടത്തുന്നത്. പെൺകുട്ടികൾ പരമ്പരാഗതമായി വിവാഹം വരെ അമ്മയുടെ വീട്ടിൽ കഴിയുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. മറിച്ച് പുത്രൻമാർ താരുണ്യപ്രായത്തിൽ വീടുവിട്ടുപോകുകയും തങ്ങളുടെ സ്വന്തം ബാംഗാ അഥവാ കുടിൽ നിർമ്മിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ മററു ആൺകുട്ടികളോടുകൂടെ ഒരു ബാംഗായിൽ വസിക്കുന്നു. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് ആഗ്രഹിക്കുന്നുവെങ്കിൽ പഠിക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ പെൺകുട്ടികൾക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യമില്ല.
ഞായറാഴ്ചയാണ് പ്രത്യേകസമ്മേളനദിനം. തുടക്കത്തിൽ കാലാവസ്ഥ നല്ലതായിരുന്നു തുടക്കത്തിൽ, എന്നാൽ ഉച്ചയായപ്പോഴേക്ക് മേഘങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു. പെട്ടെന്നുതന്നെ മഴ കോരിച്ചൊരിയാൻ തുടങ്ങുന്നു. അത് കാര്യങ്ങളെ ശീതളമാക്കുകമാത്രം ചെയ്തതുകൊണ്ട് ആരും അധികമൊന്നും കാര്യമാക്കുന്നതായി തോന്നുന്നില്ല. വീണ്ടും ഇവിടെ 36 പ്രസംഗകരും പയനിയർമാരും, 83പേർ ഹാജരായതും 3 പുതിയവർ സ്നാപനമേൽക്കുന്നതും കാണുന്നതിൽ സന്തോഷിക്കവേ സമൃദ്ധമായ ആത്മീയ അനുഗ്രഹമാണ് നാം കാണുന്നത്.
അവരുടെ ഭാഷയിൽ ഭൂമിയിലെ ജീവിതം എന്നേക്കും ആസ്വദിക്കുക എന്ന ലഘുപത്രിക പ്രസിദ്ധപ്പെടുത്തിയത് ഒരു പ്രധാന സംഭവമാണ്. അത് മഹോറിയൻഭാഷയിലെ ഏക വീക്ഷാഗോപുര പ്രസിദ്ധീകരണം മാത്രമല്ല, ആ ഭാഷയിൽ ഇതഃപര്യന്തമുള്ള ഏതെങ്കിലും തരം പ്രസിദ്ധീകരണവും കൂടെയാണ്. അതിൽ റോമൻ പാഠത്തിൻകീഴിൽ അറബി അക്ഷരങ്ങൾ എഴുതിയിരിക്കുന്നു. ആളുകൾ സ്കൂളിൽ അറബി അക്ഷരങ്ങൾ പഠിക്കുന്നുണ്ട്, എന്നാൽ അറബി ഭാഷ പഠിക്കുന്നില്ല. അവർക്ക് അറബിയിലുള്ള പ്രാർത്ഥനകൾ ഉരുവിടാനും അറബിയിൽ ഖുറാൻ വായിക്കാനും കഴിയും; എന്നിരുന്നാലും അവർ ഉച്ചരിക്കുന്നതെന്തെന്ന് അവർ ഗ്രഹിക്കുന്നില്ല. അവർ ലഘുപത്രികയിൽ അറബി അക്ഷരങ്ങൾ വായിക്കുമ്പോൾ അവർക്ക് അത് മനസ്സിലാക്കാൻ കഴിയുന്നതിൽ അവർ അതിശയിക്കുകയാണ്. അവർ വായിക്കുന്നത് യഥാർത്ഥത്തിൽ ഉച്ചാരണാനുസരണം അറബിയക്ഷരത്തിലെഴുതിയ മഹോറിയൻ ഭാഷയാണ്. അവർ വായിക്കുന്നതിന്റെ അർത്ഥം ഗ്രഹിക്കുമ്പോൾ അവരുടെ മുഖം പ്രകാശിക്കുന്നതു കാണുന്നത് ഒരു സന്തോഷമാണ്.
ലഘുപത്രികകൾ ആളുകൾക്ക് അനായാസം സമർപ്പിക്കപ്പെടുന്നു. പുറംഗ്രാമങ്ങളിലൊന്നിൽ ഞങ്ങൾ ഒരു സ്ത്രീയോടു പ്രസംഗിക്കുമ്പോൾ ഒരു മനുഷ്യൻ ഞങ്ങളെ സമീപിക്കുന്നു. അയാൾ നമ്മുടെ സഹോദരനോട് വളരെ ശക്തമായി മഹോറിയനിൽ സംസാരിച്ചുതുടങ്ങുന്നു. അയാൾക്ക് വളരെ എതിർപ്പുണ്ടെന്ന് ഞങ്ങൾക്കു തോന്നുന്നു. ധാരാളം ആംഗ്യം കാണിച്ചുകൊണ്ട് ആ മനുഷ്യൻ തുടരുന്നു. ആ മനുഷ്യൻ “നിങ്ങൾ വർഷത്തിലൊരിക്കൽ മാത്രം ഞങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ ഞങ്ങളോടു പറയുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ നിങ്ങൾക്കെങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? നിങ്ങൾക്കെങ്ങനെ കഴിയും? ഈ കാര്യങ്ങളെക്കുറിച്ചു ഞങ്ങളോടു സംസാരിക്കാൻ നിങ്ങൾ കൂടെക്കൂടെ വരണം” എന്ന് പരാതി പറയുകയാണെന്ന് സഹോദരൻ പിന്നീട് വിശദീകരിക്കുന്നു.
ആ അന്തിമ വാക്കുകൾ ഞങ്ങളുടെ വികാരത്തെയും പ്രകടിപ്പിക്കുന്നു. യഹോവ തീർച്ചയായും രാജ്യ സുവാർത്ത മുഖാന്തരം സകല ജനതകളിലെയും അഭികാമ്യരെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. വിസ്തൃതമായ വലിയ സമുദ്രങ്ങളാൽ വേർപെടുത്തപ്പെട്ടിരിക്കുന്നുവെങ്കിലും ദ്വീപവാസികൾ തങ്ങളുടെ സ്രഷ്ടാവും സ്വർഗ്ഗീയ പിതാവുമായ യഹോവയാം ദൈവത്തിന് അർപ്പിക്കപ്പെടുന്ന ശക്തമായ സ്തുതിഘോഷത്തോട് തങ്ങളുടെ ശബ്ദങ്ങളും കൂട്ടുകയാണ്.—ഹഗ്ഗായി 2:7.
[21-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
സെയ്ഷെൽസ്
ഇൻഡ്യൻ സമുദ്രം
കാമറോസ്
മേയോട്ട്
മഡഗാസ്കർ
മൗറീഷ്യസ്
റീയൂണിയൻ
റോഡ്രിഗ്സ്
[23-ാം പേജിലെ ചിത്രം]
സെൻറ് ആൻ ഉൾക്കടലിലെ പ്രാലിനിലെ മുനമ്പ്
[24-ാം പേജിലെ ചിത്രം]
സെയ്ഷെല്ലിലെ ലാ ഡീഗിലെ ഒരു കാളവണ്ടി “ടാക്സി”
[25-ാം പേജിലെ ചിത്രം]
മേയോട്ടിൽ പുതിയ ലഘുപത്രിക കൊണ്ടു പ്രസംഗിക്കുന്നു