പ്രതിമകൾക്കു നിങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാൻ കഴിയുമോ?
ഈജിപ്ററിലെയും ബാബിലോണിലെയും ഗ്രീസിലെയും നിരവധി പ്രതിമകൾകൊണ്ട് ഇന്നത്തെ കാഴ്ചബംഗ്ലാവുകൾ നിറഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് തീക്ഷ്ണമായ പൂജയുടെ വിഷയമായിരുന്ന പ്രതിമകൾ കേവലം പുരാതന കലാവസ്തുക്കൾ എന്ന നിലയിൽ പ്രദർശിപ്പിക്കപ്പെടുകയാണ്. അവയുടെ ശക്തി അവയെ ആരാധിച്ചവരുടെ ഭാവനയിൽ മാത്രമായിരുന്നു. അവയെ ആരാധിച്ച ആളുകൾ ഒടുവിൽ മൺമറഞ്ഞപ്പോൾ ആ പ്രതിമകളുടെ സങ്കല്പിതശക്തിയും അപ്രത്യക്ഷമായി. പ്രതിമകൾ ശക്തിയില്ലാത്തവയെന്ന നിലയിൽ തുറന്നുകാട്ടപ്പെട്ടു—സത്യത്തിൽ അവ എല്ലായ്പ്പോഴും അങ്ങനെതന്നെയായിരുന്നു—മരംകൊണ്ടോ കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉള്ള നിർജ്ജീവവസ്തുക്കൾ.
ഇന്ന് ആളുകൾ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പ്രതിമകളെ സംബന്ധിച്ചെന്ത്? ഈ പ്രതിമകൾ പുരാതന ഈജിപ്ററിലെയും ബാബിലോണിലെയും ഗ്രീസിലെയും പ്രതിമകളെക്കാൾ അല്പമെങ്കിലും ശക്തി കൂടുതലുള്ളവയാണോ? മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതിൽ അവ വാസ്തവത്തിൽ സഹായകമായിരുന്നിട്ടുണ്ടോ?
ഓരോ തലമുറയും കടന്നുപോകുമ്പോൾ മനുഷ്യവർഗ്ഗം ദൈവത്തിൽനിന്ന് കൂടുതൽ കൂടുതൽ അകന്നുപോകുന്നതായി തോന്നുന്നു. ലോകത്തിലെ സകല പ്രതിമകൾക്കും അതുസംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? ആരും ശ്രദ്ധിച്ചില്ലെങ്കിൽ അവയിൽ പൊടിപിടിക്കുകയും ഒടുവിൽ ദ്രവിക്കുകയും ചെയ്യുന്നു അല്ലെങ്കിൽ ജീർണ്ണിക്കുന്നു. അവക്ക് സ്വന്തകാര്യം നോക്കാൻ കഴികയില്ല, മനുഷ്യർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്ന കാര്യം പറകയും വേണ്ട. എന്നിരുന്നാലും, അതിലും പ്രധാനമായി, ഈ സംഗതി സംബന്ധിച്ച് ബൈബിളിന് എന്താണ് പറയാനുള്ളത്?
ചെലവേറിയത്, വിപുലം, എന്നാൽ ഉപയോഗശൂന്യം
ബൈബിൾ പ്രതിമകളെ ഉപയോഗശൂന്യവും ദൈവത്തോട് കൂടുതൽ അടുക്കുന്നതിന് അവയുടെ ഭക്തരെ സഹായിക്കുന്നതിൽ തികച്ചും പ്രാപ്തിയില്ലാത്തവയുമെന്ന നിലയിൽ തുറന്നുകാട്ടുന്നത് ആശ്ചര്യമല്ല. മതപരമായ പ്രതിമകൾ സാധാരണയായി ചെലവേറിയവയും സങ്കീർണ്ണവുമാണെങ്കിലും അവയുടെ യഥാർത്ഥ മൂല്യം പ്രകടമാക്കിക്കൊണ്ട് ബൈബിൾ പറയുന്നു: “അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുമാകുന്നു; മനുഷ്യരുടെ കൈവേലതന്നേ. അവെക്ക് വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവെക്ക് കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെതന്നെ.”—സങ്കീർത്തനം 115:4-8.
ബൈബിൾ വിഗ്രഹങ്ങളെ വിലയില്ലാത്തവയായി തുറന്നുകാട്ടുന്നുവെന്നു മാത്രമല്ല, അത് പ്രതിമകളെയും അവയുടെ ആരാധകരെയും കുററം വിധിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നു: “അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്ക് നടപ്പാൻ വഹിയായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്വാൻ അവെക്ക് കഴികയില്ല. ഗുണംചെയ്വാനും അവെക്ക് പ്രാപ്തിയില്ല. ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു; തട്ടാൻമാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല. അവ മായയും വ്യർത്ഥ പ്രവൃത്തിയുംതന്നെ.”—യിരെമ്യാവ് 10:5, 14, 15.
കത്തോലിക്കാ വീക്ഷണം
മതപരമായ പ്രതിമകളുടെ മുമ്പിൽ കുമ്പിടുകയും പ്രാർത്ഥിക്കുകയും അവക്ക് മെഴുകുതിരികൾ കത്തിക്കുകയും അവയെ ചുംബിക്കുകയും ചെയ്യുന്ന അനേകർ വിഗ്രഹാരാധകർ എന്നോ പ്രതിമാരാധകർ എന്നോ തങ്ങളേത്തന്നെ വീക്ഷിക്കുന്നില്ല എന്നത് സത്യംതന്നെ. ദൃഷ്ടാന്തത്തിന്, പ്രതിമകൾക്കുതന്നെ എന്തെങ്കിലും ദിവ്യത്വം ഉള്ളതുകൊണ്ടല്ല, പിന്നെയോ അവ ആരെ പ്രതിനിധാനം ചെയ്യുന്നുവെന്നതുകൊണ്ടാണ് തങ്ങൾ ക്രിസ്തുവിന്റെയും മറിയയുടെയും പ്രതിമകളെ പൂജിക്കുന്നതെന്ന് കത്തോലിക്കർ അവകാശപ്പെടുന്നു. “റോമൻകത്തോലിക്കാ സഭയിൽ പ്രതിമകളാൽ പ്രതിനിധാനംചെയ്യപ്പെടുന്ന ആളുകളുടെ പ്രതീകങ്ങളെന്ന നിലയിലാണ് പ്രതിമകൾ പൂജിക്കപ്പെടുന്നത്” എന്ന് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പ്രസ്താവിക്കുന്നു. പൂജ ഗുണത്തിൽ ദൈവത്തോടുതന്നെ കടപ്പെട്ടിരിക്കുന്നതിൽ താണതായിരിക്കുന്നടത്തോളം കാലം ഒരു പ്രതിമയെ പൂജിക്കുന്നത് ഉചിതമാണെന്ന് കത്തോലിക്കാ വൈദികർ പ്രസംഗിച്ചിട്ടുണ്ട്.
ഈ പ്രതിമകൾ പൂജിക്കപ്പെടുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. അങ്ങനെയുള്ള പൂജ “ഒരു ആരാധാനാക്രിയയാണ്” എന്ന് ദി ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ പോലും സമ്മതിക്കുന്നു. എന്നിരുന്നാലും, “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്തു ദൈവത്തെ സമീപിക്കുന്നതിനുള്ള സഹായങ്ങളെന്ന നിലയിൽ പ്രതിമകളുടെ ഉപയോഗത്തെ വിലക്കി. (യോഹന്നാൻ 14:6) അപ്പോൾ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെ നിരസിച്ചത് അതിശയമല്ല.
എന്നിരുന്നാലും, ഇന്ന് ക്രൈസ്തവലോകത്തിലെ മതങ്ങളാണ് പ്രതിമകളുടെ ബാഹുല്യത്തിൽ മറെറല്ലാ മതങ്ങൾക്കും മുന്നിൽ നിൽക്കുന്നത്. അതെ, ഒരു പ്രതിമക്ക് പൂജ അർപ്പിക്കുന്നതിന്റെ മൗഢ്യത്തെ തുറന്നുകാട്ടുന്ന ചരിത്രപരവും തിരുവെഴുത്തുപരവുമായ തെളിവുകളെല്ലാമുണ്ടായിട്ടും ലോകവ്യാപകമായി ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവർ ദൈവത്തെ കണ്ടെത്താനുള്ള തങ്ങളുടെ ആത്മാർത്ഥമായ അന്വേഷണത്തിൽ പ്രതിമകളുടെ മുമ്പിൽ കുമ്പിടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽ തുടരുന്നു. എന്തുകൊണ്ട്?
ഒരു ശത്രുവിനാൽ കുരുക്കിലാക്കപ്പെട്ടിരിക്കുന്നു
തന്റെ നാളിലെ പ്രതിമാരാധകർ “കാണാതവണ്ണം അവരുടെ കണ്ണുകളും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളും അടക്കപ്പെട്ടിരു”ന്നതുകൊണ്ട് തങ്ങളുടെ പ്രവൃത്തികളുടെ മൗഢ്യം കാണുന്നതിൽ പരാജയപ്പെട്ടിരുന്നതായി യെശയ്യാപ്രവാചകൻ പ്രസ്താവിച്ചു. (യെശയ്യാവ് 44:18) ആരാണ് മനുഷ്യരുടെമേൽ അത്തരമൊരു സ്വാധീനം പ്രയോഗിക്കാൻ സാദ്ധ്യതയുള്ളത്? ക്രി.വ. 754ലെ വിഗ്രഹഭഞ്ജകമായ കൗൺസിൽ സത്യദൈവത്തിൽനിന്ന് മനുഷ്യനെ പ്രലോഭിപ്പിച്ചകററാൻ സാത്താൻ അവതരിപ്പിച്ചതാണ് പ്രതിമകളുടെ പൂജയെന്ന് പ്രഖ്യാപിച്ചു. ഈ നിഗമനം ശരിയായിരുന്നോ?
അതെ, എന്തുകൊണ്ടെന്നാൽ അത് നിശ്വസ്ത ബൈബിളിനോട് യോജിക്കുന്നു, അത് സത്യം “പ്രകാശിക്കാതിരിക്കാൻ” ദൈവത്തിന്റെ മുഖ്യ ശത്രുവായ പിശാചായ സാത്താൻ ആളുകളുടെ “മനസ്സുകളെ കുരുടാക്കിയിരിക്കുന്നു” എന്ന് നൂററാണ്ടുകൾക്കുമുമ്പേ പ്രസ്താവിച്ചു. (2 കൊരിന്ത്യർ 4:4) അതുകൊണ്ട് ഒരു പ്രതിമയെ പൂജിക്കുമ്പോൾ, ദൈവത്തോടു കൂടുതൽ അടുക്കുന്നതിനു പകരം ഒരുവൻ യഥാർത്ഥത്തിൽ ഭൂതങ്ങളുടെ താത്പര്യങ്ങൾക്ക് സേവിക്കുകയാണു ചെയ്യുന്നത്.—1 കൊരിന്ത്യർ 10:19, 20.
ദൈവത്തോടു കൂടുതൽ അടുക്കൽ
ദൈവത്തോടു കൂടുതൽ അടുക്കുന്നതിന് പ്രതിമകൾക്ക് നമ്മെ സഹായിക്കാൻ കഴികയില്ല. മഹാസ്രഷ്ടാവായ യഹോവയാം ദൈവം പ്രതിമകളുടെ പൂജയെ വെറുക്കുന്നു. (ആവർത്തനം 7:25) “യഹോവ സമ്പൂർണ്ണമായ ഭക്തി കൃത്യമായി ആവശ്യപ്പെടുന്ന ഒരു ദൈവമാകുന്നു.” (നഹൂം 1:2, NW) അവൻ പറയുന്നു: “ഞാൻ യഹോവ അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.” (യെശയ്യാവ് 42:8) അതിൻപ്രകാരം, പ്രതിമകൾക്കു പൂജയർപ്പിക്കുന്നവർ “ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല” എന്ന് ബൈബിൾ മുന്നറിയിപ്പുനൽകുന്നു.—ഗലാത്യർ 5:19-21.
എന്നിരുന്നാലും, യഹോവ കരുണയും ക്ഷമയുമുള്ള ഒരു ദൈവവുമാകുന്നു. തങ്ങളുടെ വിഗ്രഹങ്ങളിൽനിന്ന് ദൈവത്തിങ്കലേക്കു തിരിയുകയും തങ്ങളുടെ വിഗ്രഹാരാധനാപരമായ ആചാരങ്ങൾ നിർത്തിയശേഷം നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തവരെക്കുറിച്ച് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:9-11; 1 തെസ്സലോനീക്യർ 1:9) അവർ യേശുവിന്റെ വാക്കുകൾ അനുസരിച്ചു: “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാണ്.”—യോഹന്നാൻ 4:24, NW.
ദൈവത്തോടു കൂടുതൽ അടുക്കുക പ്രയാസമല്ലെന്ന് ബൈബിളിന്റെ ഉത്സുകമായ ഒരു പഠനം വെളിപ്പെടുത്തും. (പ്രവൃത്തികൾ 17:26-28) അവന് ഊഷ്മളവും സ്നേഹനിർഭരവും സമീപിക്കാവുന്നതുമായ ഒരു വ്യക്തിത്വമാണുള്ളത്, അവനുമായി ഒരു അടുത്ത ബന്ധം വികസിപ്പിച്ചെടുക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു, അതു പ്രതീക്ഷിക്കുകയും ചെയ്യുന്നു.—യെശയ്യാവ് 1:18.
ഒരു വ്യക്തിയെന്ന നിലയിൽ നമ്മുടെ സ്വർഗ്ഗീയ പിതാവിനെക്കുറിച്ച് അറിയാനും യഹോവയെന്ന അവന്റെ നാമത്തെയും അവന്റെ ഗുണങ്ങളെയും മനുഷ്യവർഗ്ഗത്തോടുള്ള അവന്റെ ഇടപെടലുകളെയും കുറിച്ച് പഠിക്കാനും യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്. അവന്റെ വചനമാകുന്ന ബൈബിളിന്റെ പേജുകളിലൂടെ ദൈവത്തെ സമീപിക്കുന്നതിന് നിങ്ങൾക്ക് യഥാർത്ഥത്തിൽ പ്രതിമകളോ ചിത്രങ്ങളോ പോലുള്ള ചാക്ഷുഷസഹായികൾ ആവശ്യമില്ലാത്തതെന്തുകൊണ്ടെന്ന് നിങ്ങൾ ഗ്രഹിക്കാനിടയാകും. അതെ, “ദൈവത്തോട് അടുത്തുചെല്ലുവിൻ, എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും.”—യാക്കോബ് 4:8.
[6-ാം പേജിലെ ചതുരം]
ചരിത്രകാരൻമാർ പ്രസ്താവിക്കുന്നത് . . .
◻ “ക്രി.മു. ആറാം നൂററാണ്ടിൽ സ്ഥാപിക്കപ്പെട്ട ബുദ്ധമതം ക്രി.വ. ഒന്നാം നൂററാണ്ടുവരെ അതിന്റെ സ്ഥാപകന്റെ ആദ്യത്തെ പ്രതിമ കണ്ടില്ലെന്നുള്ളത് സുവിദിതമായ ഒരു വസ്തുതയാണ്.”
“നൂററാണ്ടുകളോളം ഹൈന്ദവപാരമ്പര്യം അത്യന്താപേക്ഷിതമായി വിഗ്രഹമോ പ്രതിമകളോ ഇല്ലാത്തതായിരുന്നു.”
“ഹിന്ദുമതവും ബുദ്ധമതവും വിഗ്രഹമോ പ്രതിമകളോ ഇല്ലാത്തതായി തുടക്കമിടുകയും ക്രമേണ മാത്രം അവയുടെ ആരാധനയിലേക്ക് പ്രതിമകളെ സ്വീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനിത്വവും അങ്ങനെതന്നെ ചെയ്തു.”—ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ, മെർച്ചാ എലിയഡിനാൽ വിരചിതം.
◻ “ദൈവത്തിന്റെ സത്യാരാധന പ്രതിമകളില്ലാത്തതായിരുന്നുവെന്ന് വിവിധ ബൈബിൾവിവരണങ്ങളിൽനിന്ന് സ്പഷ്ടമാണ്. . . . പുതിയ നിയമത്തിലും അന്യ ദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും ആരാധന വിലക്കപ്പെട്ടിരിക്കുന്നു.”—ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ.
◻ “ആദിമക്രിസ്ത്യാനികളുടെ ആരാധനയിൽ പ്രതിമകൾ അറിയപ്പെട്ടിരുന്നില്ല.”—മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപ്പീഡിയാ ഓഫ് ബിബ്ലിക്കൽ തിയൊളോജിക്കൽ ആൻഡ് എക്ലിസ്യാസ്ററിക്കൽ ലിറററേച്ചർ.
◻ “പുതിയ നിയമത്തിലോ ക്രിസ്ത്യാനിത്വത്തിന്റെ ആദിമ യുഗത്തിലെ ഏതെങ്കിലും യഥാർത്ഥ എഴുത്തുകളിലോ, പരസ്യമായിട്ടുള്ളതോ സ്വകാര്യമായിട്ടുള്ളതോ ആയാലും ക്രിസ്ത്യാനികളുടെ ആരാധനയിൽ പ്രതിമകളുടെയോ ചിത്രങ്ങളുടെയോ ഉപയോഗത്തിന്റെ യാതൊരു ലാഞ്ചനയും കണ്ടെത്താൻ കഴിയില്ല.”—ഏലിയാസ് ബഞ്ചമിൻ സാൻഫോർഡിനാൽ വിരചിതമായ എ കൺസൈസ് സൈക്ലോപ്പീഡിയാ ഓഫ് റിലിജിയസ് നോളജ്.
◻ “ആദിമ ക്രിസ്ത്യാനികൾ പള്ളികളിൽ പ്രതിമകൾ വെക്കുന്നതിനെക്കുറിച്ചുള്ള കേവലമായ ഒരു നിർദ്ദേശത്തെ പോലും ഭീതിയോടെ വീക്ഷിക്കുമായിരുന്നു, അവയുടെ മുമ്പിൽ കുമ്പിടുന്നതോ പ്രാർത്ഥിക്കുന്നതോ വിഗ്രഹാരാധനയായിത്തന്നെ പരിഗണിക്കുകയും ചെയ്യുമായിരുന്നു.”—ഹിസ്റററി ഓഫ് ദി ക്രിസ്ററ്യൻ ചർച്ച്, ജോൺ ഫെസ്ററർ ഹേസ്ററിനാൽ വിരചിതം.
◻ “ആദിമസഭയിൽ, ക്രിസ്തുവിന്റെയും വിശുദ്ധൻമാരുടെയും ചിത്രങ്ങൾ നിർമ്മിക്കുന്നതും പൂജിക്കുന്നതും സ്ഥിരമായി എതിർക്കപ്പെട്ടിരുന്നു.”—ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ.
◻ “ആദിമസഭ കലയെ വെറുത്തിരുന്നില്ലെങ്കിലും അതിന് ക്രിസ്തുവിന്റെ പ്രതിമകൾ ഇല്ലായിരുന്നു.”—ഷാഫ് ഹെർസോഗ് എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയസ് നോളജ്.
[7-ാം പേജിലെ ചിത്രം]
“പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കു”ന്നവരെ ദൈവം അന്വേഷിക്കുന്നുണ്ടെന്ന് യേശു ഊന്നിപ്പറഞ്ഞു