യുദ്ധത്താൽ ചീന്തപ്പെട്ട ലൈബീരിയയിൽ നിർമ്മലത പാലിക്കൽ
ഒരു ദൃക്സാക്ഷി പറഞ്ഞത്
“ആനകൾ വഴക്കടിക്കുമ്പോൾ പുല്ലും കഷ്ടപ്പെടുന്നു.” ലൈബീരിയായിൽ അടുത്ത കാലത്തു നടന്ന യുദ്ധത്തിൽ സംഭവിച്ചതിനെ ആ പശ്ചിമാഫ്രിക്കൻ പഴമൊഴി എത്ര നന്നായി സംഗ്രഹിക്കുന്നു! ഏതാണ്ട് 20,000 പേർക്ക് ജീവഹാനി സംഭവിച്ചു. രാജ്യത്തെ 26ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയും അഭയാർത്ഥികളായി. കഷ്ടപ്പെട്ടവരിൽ മിക്കവരും പടയാളികളല്ലായിരുന്നു, അവർ പുല്ല്—നിരുപദ്രവികളായ പുരുഷൻമാരും സ്ത്രീകളും കുട്ടികളും—ആയിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതു ഡിസംബറിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലൈബീരിയായിലുണ്ടായിരുന്ന ഏകദേശം 2000 യഹോവയുടെ സാക്ഷികൾ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവുകൾ ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഭാവിയിലേക്ക് ദൃഢവിശ്വാസത്തോടെ മുമ്പോട്ടു നോക്കുകയുമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, അവർ ‘കഷ്ടപ്പെട്ട പുല്ലിന്റെ’ ഭാഗമായിരുന്നു.
യുദ്ധത്തിന്റെ വ്യാപനം
കോട്ട് ഡെൽവോയറുമായുള്ള ലൈബീരിയായുടെ അതിർത്തിയിലാണ് യുദ്ധം തുടങ്ങിയത്. പെട്ടെന്ന് അഭയാർത്ഥികൾ അഞ്ചുലക്ഷത്തിൽപരം വരുന്ന നിവാസികളോടുകൂടിയ ഒരു നഗരമായ മണ്ട്രോവിയായിലേക്ക് പലായനംചെയ്യാൻ തുടങ്ങി. 1990 മാർച്ചുമുതൽ മെയ്വരെ പോരാട്ടം തെക്കോട്ടുനീങ്ങിയപ്പോൾ യഹോവയുടെ സാക്ഷികളുടെ മിഷനറിമാരെ ആദ്യം ഗാന്റെയിൽനിന്നും പിന്നീട് ബാംഗെയിൽനിന്നും ഒഴിപ്പിച്ചു. ഈ പട്ടണത്തിൽനിന്ന് അവസാനം പോയ ജനങ്ങളിൽ പെട്ടവരായിരുന്നു അവർ. 1990 ജൂലൈ 2ന് സായുധസൈന്യങ്ങൾ മണ്ട്രോവിയയിലേക്ക് നീങ്ങിയപ്പോൾ യുദ്ധം മൂർദ്ധന്യത്തിലെത്തി.
തുടർന്നുവന്ന ഭീകരതകൾ അനുഭവിക്കാൻ ആരും ഒരുങ്ങിയിട്ടില്ലായിരുന്നു. വേറിട്ട മൂന്ന് സൈന്യങ്ങൾ വലിയ പീരങ്കികളും റോക്കററുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ച് അവസാനം വരെ തെരുവിൽ യുദ്ധംചെയ്തു. വെറുക്കപ്പെട്ട ഒരു ഗോത്രത്തിലെ അംഗങ്ങളായതുകൊണ്ട് കൊല്ലപ്പെടാഞ്ഞവർ നിരന്തര ദ്രോഹത്തിനും പരിശോധനകൾക്കും വിധേയമാക്കപ്പെട്ടു. ഓഗസ്ററിലെ ഒരു രാത്രിയിൽ സെൻറ്പീറേറഴ്സ് ലൂഥറൻ പള്ളിയിൽ അഭയം തേടിയ 600ൽപരം സ്ത്രീപുരുഷൻമാരും കുട്ടികളും യുദ്ധഭ്രാന്തുപിടിച്ച വധസൈന്യങ്ങളാൽ സംഹരിക്കപ്പെട്ടു.
നൂറുകണക്കിനാളുകൾ യുദ്ധരംഗത്തുനിന്ന് ഉടുതുണിയുമായി ഓടി. കുടുംബങ്ങൾ വേർപിരിഞ്ഞു, പിന്നീട് മാസങ്ങളോളം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതുമില്ല. മണ്ട്രോവിയായിലെ മുഴു ജനസംഖ്യയും മാറിപ്പോകുന്നതുപോലെ തോന്നി, ഒഴിഞ്ഞ വീടുകളിൽ പടയാളികളും നഗരത്തിന്റെ മററു ഭാഗങ്ങളിൽനിന്ന് ഓടിവന്ന അഭയാർത്ഥികളും പാർത്തു. മണ്ട്രോവിയായുടെ ജനസംഖ്യയിൽ പകുതിയിലധികവും അഭയാർത്ഥികളായി. മിക്കവർക്കും തങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല കുറഞ്ഞപക്ഷം ഒരു ബന്ധുവെങ്കിലും മരണത്തിൽ നഷ്ടപ്പെടുകയും ചെയ്തു. ചിലർക്ക് അനേകർ നഷ്ടപ്പെട്ടു.
വേറെ അഞ്ച് പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പടയാളികളെ അയക്കുന്ന ഘട്ടത്തോളം അത്ര വലിയ പ്രതിസന്ധിയിൽ സാഹചര്യം എത്തി. 1990 ഒക്ടോബർ അവസാനം ആയപ്പോഴേക്ക് പോരാട്ടത്തിലധികവും ശമിച്ചു. എന്നാൽ എരിഞ്ഞടങ്ങിയ നഗരത്തിൻമേൽ പ്രേതവസ്ത്രം പോലെ ക്ഷാമമാകുന്ന ഭൂതം ആവസിച്ചു. ഒരു ഘട്ടത്തിൽ മണ്ട്രോവിയായിലെ അഞ്ചുവയസ്സിൽ താണ കുട്ടികളുടെ മിക്കവാറും മൂന്നിലൊന്ന് വികലപോഷിതരായിരുന്നുവെന്നും പ്രതിദിനം നൂറിലധികംപേർ മരിക്കുന്നുണ്ടായിരുന്നുവെന്നും ദുരിതാശ്വാസപ്രവർത്തക ഏജൻസികൾ റിപ്പോർട്ടുചെയ്തു. ലാഭക്കൊതിയൻമാർ കാര്യങ്ങൾ ഒട്ടും എളുപ്പമാക്കിത്തീർത്തില്ല; അനേകർ ദുരിതാശ്വാസത്തിന് കിട്ടിയ അരി മോഷ്ടിക്കുകയും അനന്തരം ഒരു കപ്പ് അരിക്ക് 500 രൂപക്ക് വിൽക്കുകയും ചെയ്തു. എന്നും രോഗബാധ, വിശേഷിച്ച് നഗരത്തിലെ ജലവിതരണം, ശുചീകരണം, വൈദ്യുതിസേവനങ്ങൾ എന്നിവ പൂർണ്ണമായി നശിപ്പിക്കപ്പെട്ടതുകൊണ്ട് കോളറാ ഉണ്ടായിരുന്നു. മണ്ട്രോവിയായിൽ പാർത്തിരുന്ന ഏകദേശം ആയിരത്തോളം യഹോവയുടെ സാക്ഷികൾക്കും ഭയങ്കര ദുരിതമുണ്ടായി. ഭൂരിപക്ഷവും നഗരത്തിൽനിന്ന് ഓടി ഗ്രാമപ്രദേശത്തേക്കുപോയി. അതേസമയം മററു ചിലർ കപ്പലിൽ ഘാനായിലേക്കും ലൈബീരിയായിലേക്കും അല്ലെങ്കിൽ റോഡുമാർഗ്ഗം കോട്ട് ഡെൽവോയറിലേക്കോ സിയെറാ ലിയോണിലേക്കോ പോയി. 1990 ജൂലൈ മുതൽ ഡിസംബർ വരെ 30ൽപരം സാക്ഷികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ചിലർ വെടിയേററു മരിച്ചു. രോഗത്തിന്റെയും പട്ടിണിയുടെയും ഫലങ്ങളാൽ മററു ചിലർ മരിച്ചു. ശുശ്രൂഷാപരിശീലനസ്കൂളിൽനിന്നു ബിരുദമെടുത്ത അമേരിക്കൻ മിഷനറിമാരായിരുന്ന അലൻ ബാററിയും ആർതർ ലോസണും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി തോന്നുന്നു. ഹാ, ബൈബിളധിഷ്ഠിത പുനരുത്ഥാനപ്രത്യാശ ആ ഭയങ്കര സമയത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ നഷ്ടപ്പെട്ടവർക്ക് ആശ്വാസപ്രദമാണ്!—പ്രവൃത്തികൾ 24:15.
ക്രിസ്തീയ സാഹോദര്യം പ്രവർത്തനത്തിൽ
യുദ്ധം ഉഗ്രമായി നടക്കവേ, അഭയാർത്ഥികളായിത്തീർന്ന അനേകം സാക്ഷികൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചാഫീസിലേക്കോ പട്ടണത്തിനു മറുവശത്തുള്ള ഒരു മിഷനറിഭവനത്തിലേക്കോ അഭയത്തിനായി ഓടിച്ചെന്നു. ചിലർ ആ പ്രദേശത്തെ പടയാളികൾ കൊന്നുകൊണ്ടിരുന്ന ഒരു ഗോത്രത്തിലെ അംഗങ്ങളായിരുന്നതുകൊണ്ട് സംരക്ഷണം തേടി. മിക്കവർക്കും ബ്രാഞ്ചിൽ ജോലിനിയമനങ്ങൾ കൊടുത്തു, അവർ പാചകവും ശുചീകരണവും സംബന്ധിച്ച് സഹായിക്കുന്നതിൽ വിലപ്പെട്ടവരായിരുന്നു. ബാഹ്യസാഹചര്യങ്ങൾ അനുവദിച്ചപ്പോൾ മററു ചിലർ അടുത്തുള്ള ചതുപ്പുപ്രദേശങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ശേഖരിക്കാൻ നിയോഗിക്കപ്പട്ടു.
മിഷനറിമാരുടെ കിടക്കമുറികളിലും ഇടനാഴികളിലും ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറിലും ഓഫീസുകളിലുമെല്ലാം ആളുകൾ കിടന്നുറങ്ങി. ഞങ്ങൾ കക്കൂസുകൾ കുഴിക്കുകയും സംരക്ഷിക്കുകയും ചെയ്തു. നേഴ്സുമാരായി സേവിക്കാൻ സ്ത്രീകൾ നിയോഗിക്കപ്പെട്ടു. അവർ മലേറിയായുടെയും പനിയുടെയും അനേകം കേസുകളിൽ വിജയപ്രദമായി ശുശ്രൂഷിച്ചു. മിക്കപ്പോഴും വയററിളക്കം ഒരു പ്രശ്നമായിരുന്നു.
ഞങ്ങൾ ബോംബ് ഡ്രില്ലുകൾ ഉൾപ്പെടെ പ്രത്യേക ഭവന നടപടികൾ ക്രമീകരിച്ചു. അങ്ങനെ എതിർസൈന്യങ്ങൾ കനത്ത പീരങ്കിഷെല്ലുകൾ വർഷിച്ചപ്പോൾ ഞങ്ങൾ പെട്ടെന്ന് ബ്രാഞ്ചിലെ സംരക്ഷിത പ്രദേശങ്ങളിലെത്താൻ പരിശീലിപ്പിക്കപ്പെട്ടു. ഞങ്ങളുടെ 3മീററർ ഉയരമുള്ള മതിൽ കുറെ സംരക്ഷണമായിരുന്നെങ്കിലും തട്ടിത്തെറിച്ചുവരുന്ന വെടിയുണ്ടകളെ പുറന്തള്ളാൻ അവ അപര്യാപ്തമായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ മേൽപ്പുര അതിലുണ്ടായ ദ്വാരങ്ങൾ നിമിത്തം കുരുമുളകുപൊടി കുടഞ്ഞിടാനുള്ള ഡപ്പിയുടെ സുഷിരങ്ങൾപോലെയായി!
ഒരു വെറുക്കപ്പെട്ട ഗോത്രത്തിൽ പെട്ടവരായിരുന്നതുകൊണ്ട് സഹ സാക്ഷികളെ കൊല്ലാൻ മററുള്ളവർ ശ്രമിച്ചപ്പോൾ അവരിൽനിന്ന് അവരെ രക്ഷിക്കാൻ അനേകം സാക്ഷികൾ ജീവനെ അപകടപ്പെടുത്തി. ഒരു ദിവസം ഒരു ക്രിസ്തീയ സഹോദരി നിറഞ്ഞ കണ്ണുകളോടെ തന്റെ ശേഷിച്ച മക്കളുമായി ബ്രാഞ്ചാഫീസിലേക്കു വന്നു, ഒന്ന് രണ്ടാഴ്ച പ്രായമുള്ള ഒരു ശിശു ആയിരുന്നു. അവരുടെ ഭർത്താവും യുവ പുത്രനും അവരുടെ കൺമുമ്പിൽ വെടിയേററു മരിച്ചതേയുണ്ടായിരുന്നുള്ളു. അവരെയും അവരുടെ മററു മക്കളെയും തെരയാൻ കൊലയാളികൾ മടങ്ങിവന്നപ്പോൾ മറെറാരു സാക്ഷി അവരെ വിജയകരമായി ഒളിപ്പിച്ചിരുന്നു.
മറെറാരു കുടുംബം സ്നാപനമേൽക്കാത്ത ഒരു പ്രസംഗകയുമായി ബ്രാഞ്ചാഫീസിൽ വന്നു. തന്റെ ഗോത്രക്കാരാൽ കൊല്ലപ്പെടുന്നതിൽനിന്ന് ആ കുടുംബത്തെ സംരക്ഷിക്കാൻ അവർ സഹായിച്ചിരുന്നു. പിന്നീട് സാഹചര്യത്തിന് മാററം വരുകയും സ്നാപനമേൽക്കാത്ത പ്രസംഗക അപകടത്തിലായപ്പോൾ ആ കുടുംബം അവരുടെ ഗോത്രക്കാരിൽനിന്ന് അവരെ രക്ഷിച്ചു.
സായുധ ഭടൻമാരെ പരിസരങ്ങൾ പരിശോധിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നതിൽനിന്ന് തടയാൻ മിഷനറിമാർ ബ്രാഞ്ചാഫീസിലേക്കുള്ള ഗേററിങ്കൽവെച്ച് അവരോട് ആവർത്തിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കൽ കുപിതമായ ഒരു ജനക്കൂട്ടം ഞങ്ങൾ ഒരു പ്രത്യേക ഗോത്രത്തിലെ ഒളിച്ചുനടക്കുന്ന അംഗങ്ങളാണെന്ന് ശഠിച്ചുകൊണ്ട് ഞങ്ങളുടെ നേരെ തോക്കുചൂണ്ടി നിന്നു. ഞങ്ങൾ നടത്തിക്കൊണ്ടിരുന്ന ക്രിസ്തീയ യോഗത്തിൽ ഇരിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത തദ്ദേശീയ സാക്ഷികൾ ശാന്തമായി പെരുമാറുന്നതു കണ്ടതിൽ അവർ അതിശയിച്ചുപോയി. അവർ വീടു പരിശോധിച്ചു, എന്നാൽ അവർ അന്വേഷിച്ചത് അവർ കണ്ടെത്തിയില്ല. ഞങ്ങൾ ഒളിവിൽ നടക്കുന്ന പടയാളികളോ അവരുടെ ഏതെങ്കിലും ശത്രുവോ അല്ലെന്ന് നുഴഞ്ഞുകയററക്കാർക്ക് ഉറപ്പുകൊടുക്കാൻ ഞങ്ങൾക്ക് എപ്പോഴും കഴിഞ്ഞിരുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ ഞങ്ങൾ നിഷ്പക്ഷരായിരുന്നു.
ഒരിക്കൽ ഒരു കനത്ത പോരാട്ട സമയത്ത്, മരിക്കാറായ ഒരു കാൻസർരോഗിയായിരുന്ന ഒരു സഹോദരനെയും കൊണ്ട് സാക്ഷികളുടെ ഒരു കൂട്ടം ബ്രാഞ്ചിലേക്കു വന്നു. സങ്കടകരമെന്നു പറയട്ടെ, അയാൾ പിന്നീട് താമസിയാതെ മരിച്ചു. മുററത്ത് ഒരു ശവക്കുഴിയുണ്ടാക്കി, എത്ര വികാരനിർഭരമായ ഒരു ശവസംസ്കാരശുശ്രൂഷയാണ് ഞങ്ങൾ നടത്തിയത്! ആ സഹോദരൻ അനേകം വർഷത്തെ വിശ്വസ്ത സേവനമുള്ള ഏററവും നല്ല തദ്ദേശീയ മൂപ്പൻമാരിൽ ഒരാളായിരുന്നു. അഭയാർത്ഥികളായ നൂറ് ആളുകൾ സ്മാരകപ്രസംഗം കേൾക്കാൻ ലോബിയിൽ കൂടിവന്നു. വെടി നടന്നുകൊണ്ടിരിക്കെയാണ് പ്രസംഗം നടത്തപ്പെട്ടത്.
ഭക്ഷണവും വെള്ളവും ലഭിക്കൽ
ഭക്ഷ്യവിതരണം വളരെ പരിമിതമായിരുന്നു. യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ കച്ചവടക്കാർ സാധനങ്ങുളടെ ഇറക്കുമതി നിർത്തിയിരുന്നു. അങ്ങനെ നഗരത്തിൽ വളരെ കുറച്ചു ഭക്ഷ്യവസ്തുക്കൾ മാത്രമേ ശേഷിച്ചിരുന്നുള്ളു. ബ്രാഞ്ചിലെ ഞങ്ങളുടെ ഭക്ഷ്യശേഖരം 12 അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിന് അനേകം മാസങ്ങളിലേക്കു നിൽക്കുമായിരുന്നു. എന്നാൽ സഹായം അത്യധികം ആവശ്യമായിരുന്ന സാക്ഷികളല്ലാത്ത അയൽക്കാരുൾപ്പെടെ 200ആളുകൾ വരെയാണ് ചിലപ്പോൾ ഞങ്ങളോടുകൂടെ പാർത്തിരുന്നത്. എല്ലാവർക്കും പ്രതിദിനം ഒരു ചെറിയ ഭക്ഷണമായി വിതരണം പരിമിതപ്പെടുത്തിയിരുന്നു. ഞങ്ങൾ അങ്ങനെയുള്ള റേഷൻകൊണ്ട് പല മാസങ്ങളിൽ നിലനിന്നു. എല്ലാവരും വിശപ്പനുഭവിച്ചു. ശിശുക്കൾ എല്ലും തോലും മാത്രമായി, മാതാപിതാക്കളുടെ കൈകളിൽ തൂങ്ങി നീങ്ങുന്നവർ.
പെട്ടെന്ന് ഞങ്ങളുടെ ഭക്ഷ്യശേഖരം തീർന്നുകൊണ്ടിരുന്നു. ഞങ്ങൾക്ക് കൂടുതൽ എവിടെനിന്ന് വാങ്ങാൻ കഴിയുമായിരുന്നു? മണ്ട്രോവിയായിൽ യാതൊരു കടയും തുറന്നിരുന്നില്ല. ഒരുവൻ എവിടെ നോക്കിയാലും പട്ടിണി കിടക്കുന്ന ആളുകൾ ആഹാരം തേടി തെരുവുകളിൽ ചുററിത്തിരിയുകയായിരുന്നു. ആളുകൾ പട്ടിയും പൂച്ചയും എലിയും ഉൾപ്പെടെ എന്തും തിന്നു. ബ്രാഞ്ചിൽനിന്നുള്ള രണ്ട് മിഷനറിമാർ പോരാട്ടം അവസാനിച്ച 40 മൈലകലെയുള്ള ഒരു പട്ടണമായ കാക്കാട്ടായിലേക്കു പോകാൻ തീരുമാനിച്ചു.
അവർ തങ്ങളേത്തന്നെ യഹോവയുടെ സാക്ഷികളാണെന്ന് തിരിച്ചറിയിക്കാൻ കാറിന്റെ ജനാലകളിൽ വീക്ഷാഗോപുര മാസികകളും ബോർഡുകളും ഒട്ടിച്ചുവെച്ചു. പല ചെക്ക്പോസ്ററുകൾ കടന്നുപോയ ശേഷം അവരെ നെഞ്ചിൽ ഗ്രനേഡുകളും വശത്ത് ഒരു റിവോൾവറും തൂക്കിയിട്ടിരുന്ന തടിച്ചുകൊഴുത്ത ഒരു വലിയ മനുഷ്യൻ തടഞ്ഞു. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് അവർ തിരിച്ചറിയിക്കുകയും കുറച്ച് ഭക്ഷ്യപദാർത്ഥങ്ങൾ വാങ്ങാൻ കാക്കാട്ടായിലേക്കുപോകാൻ ആഗ്രഹിക്കുന്നുവെന്നും അയാളോടു പറയുകയും ചെയ്തു.
“എന്റെ പിന്നാലെ വരൂ,” അയാൾ പറഞ്ഞു. “ഞാൻ ഇവിടത്തെ യുദ്ധത്തിന്റെ കമാൻഡറാണ്.” അയാൾ അവരെ തന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്കു കൊണ്ടുപോയി. അവർ അഭയാർത്ഥികളെ പാർപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഞങ്ങളുടെ ബ്രാഞ്ചിലേക്ക് 100 പൗണ്ടു വീതം കൊള്ളുന്ന 20 ചാക്ക് അരി വിട്ടുകൊടുക്കാൻ അയാൾ തന്റെ ആൾക്കാരോട് ആജ്ഞാപിച്ചു! കൂടാതെ കാക്കാട്ടായിലേക്കു പോകാൻ ഒരു പെർമിററും അവർക്ക് കൊടുത്തു. ശേഷിച്ച ചെക്ക്പോസ്ററുകളിലൂടെ സുരക്ഷിതമായി അവരെ കടത്തിക്കൊണ്ടുപോകാൻ ഒരു സായുധ കാവൽഭടനെ നിയോഗിക്കുകയും ചെയ്തു.
കാക്കാട്ടായിൽ അവർ ഒരു കടയുണ്ടായിരുന്ന നമ്മുടെ ക്രിസ്തീയസഹോദരൻ ഏബ്രഹാമിനെ കണ്ടു. അയാൾ പാൽപൊടി, പഞ്ചസാര, ടിന്നിലടച്ച സസ്യഭക്ഷ്യങ്ങൾ, എന്നിവയും മററ് അവശ്യവസ്തുക്കളും ഉൾപ്പെടെ ഭക്ഷ്യവിഭവങ്ങൾ ഞങ്ങൾക്കുവേണ്ടി കൂനകൂട്ടിവെച്ചിരുന്നു. നമ്മുടെ സഹോദരങ്ങളുടെ യാത്രയിൽ അവർ പരിപാലിക്കപ്പെട്ട വിധം കാണുന്നത് യഥാർത്ഥത്തിൽ അത്ഭുതകരമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും ഭക്ഷ്യപദാർത്ഥങ്ങൾ പങ്കുവെച്ചതിൽ യഹോവ പ്രസാദിച്ചിരിക്കണം, എന്തുകൊണ്ടെന്നാൽ ഇപ്പോൾ ഞങ്ങളുടെ ഭക്ഷ്യശേഖരം കുറവുനികത്തിക്കൊണ്ടിരുന്നു.—സദൃശവാക്യങ്ങൾ 11:25.
മണ്ട്രോവിയായുടെ മറുഭാഗത്ത് ഒരു മിഷനറിഭവനത്തിലെ മിഷനറിമാർ അഭയാർത്ഥികളെ പരിപാലിക്കുന്നുണ്ടായിരുന്നു. അവർക്കും അപ്രതീക്ഷിത ഉറവുകളിൽനിന്ന് സഹായം ലഭിച്ചു. ദൃഷ്ടാന്തത്തിന്, ഏതാണ്ട് 16വർഷം മുമ്പ് ഒരു പടയാളിയുടെ പ്രദേശത്ത് സേവിച്ച ഒരു മിഷനറിയെക്കുറിച്ച് ഓർത്ത ആ പടയാളിയിൽനിന്ന് ആ മിഷനറിക്ക് മൂന്നു ചാക്ക് അരി കിട്ടി. പോരാട്ടം നടത്തിക്കൊണ്ടിരുന്ന കക്ഷികളിലൊന്നിന്റെ നേതാവുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയശേഷം മറെറാരു മിഷനറിക്ക് നാലു ചാക്ക് അരി കിട്ടി.
ഒരു ഘട്ടത്തിൽ വെള്ളത്തിന്റെ ദൗർലഭ്യം നിമിത്തം ബ്രാഞ്ചിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്ന് തോന്നി. ഞങ്ങളുടെ കിണർ മാത്രമായിരുന്നു ഒരു കാലത്തേക്ക് ജനസമുദായത്തിലെ അനേകർക്ക് കുടിവെള്ളത്തിന്റെ ഏക ഉറവ്. എന്നിരുന്നാലും, ഞങ്ങളുടെ പമ്പിന്റെ ഇലക്ട്രിക്ക് ജനറേററർ പ്ലാൻറിന്റെ ഇന്ധനശേഖരം തീരാൻ തുടങ്ങി. പോരാട്ടത്തിന്റെ ആദ്യദിവസങ്ങളിൽ ബ്രാഞ്ചിൽ സംരക്ഷണം കിട്ടിയിരുന്ന ഒരു മനുഷ്യൻ ഞങ്ങളുടെ പ്രശ്നത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ അയാൾക്കുവേണ്ടി ചെയ്തിരുന്നതിനോടുള്ള വിലമതിപ്പിൽ അയാൾ ഞങ്ങൾക്കുവേണ്ടി ഇന്ധനം കണ്ടെത്തി. അങ്ങനെ ഞങ്ങളുടെ വെള്ളം ഒരിക്കലും തീർന്നുപോയില്ല.
ആത്മീയബലം നിലനിർത്തൽ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ഒക്ടോബറിൽ മിഷനറിമാരായ ഞങ്ങളിൽ അവസാനത്തെയാളും ലൈബീരിയാ വിടാൻ പ്രേരിപ്പിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ മനസ്സിലെ പ്രമുഖമായ വിചാരം ഞങ്ങളുടെ സഹോദരീസഹോദരൻമാർ എങ്ങനെ സാഹചര്യത്തെ നേരിടുമെന്നതായിരുന്നു. ആ സമയം മുതൽ ഞങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടുകളിൽനിന്ന് അവർ തിരക്കോടെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് തെളിവുണ്ട്.
യുദ്ധത്തിനു മുമ്പ് ഓരോ സാക്ഷിയും മാസംതോറും ശുശ്രൂഷയിൽ ചെലവഴിച്ചത് ഏതാണ്ട് 17 മണിക്കൂറായിരുന്നു. എന്നിരുന്നാലും, യുദ്ധകാലത്ത് വനത്തിൽപോയി ഭക്ഷണം തേടേണ്ടതിന്റെ നിരന്തരമായ ആവശ്യമുണ്ടായിരുന്നിട്ടും ചില സഭകളിലെ സാക്ഷികൾക്ക് 20-ൽ പരം മണിക്കൂർ ഓരോ പ്രസംഗകനുമുണ്ടായിരുന്നു! മാത്രവുമല്ല, വീക്ഷാഗോപുര മാസികയുടെ കുറവുനിമിത്തം ഞായറാഴ്ചത്തെ അദ്ധ്യയനത്തിന് കൂടുതൽ പ്രതികൾ വിതരണം ചെയ്യുന്നതിനുവേണ്ടി നമ്മുടെ സഹോദരിമാരിൽ അനേകർ അദ്ധ്യയനലേഖനങ്ങൾ കൈകൊണ്ടു പകർത്തിയെടുത്തു.
മണ്ട്രോവിയായോട് ഏററവുമടുത്ത നാലു സഭകൾ നഗരത്തിലെ യുദ്ധത്തിൽനിന്ന് ഓടി രക്ഷപ്പെട്ടിരുന്ന സാക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഈ സുഹൃത്തുക്കൾക്ക് സർവസ്വവും നഷ്ടപ്പെട്ടു, കാരണം എന്തെങ്കിലും എടുക്കുന്നതിന് തങ്ങളുടെ ഭവനങ്ങളിൽ തിരിച്ചുചെല്ലാൻ അവർക്കു കഴിഞ്ഞില്ല. യഥാർത്ഥത്തിൽ, അനേകർ മാസങ്ങളോളം തങ്ങളുടെ സ്വന്തം മക്കളിൽനിന്നും മാതാപിതാക്കളിൽനിന്നും അകലെ യുദ്ധനിരകളുടെ എതിർവശങ്ങളിൽപോലുമായിരുന്നു! യേശുവിന്റെ മരണത്തിന്റെ മാർച്ച് 30ലെ സസ്മാരകത്തിന് ഈ നാലു സഭകളിൽ മൊത്തം 1,473 പേരുടെ ഹാജർ ഉണ്ടായിരുന്നു.
ഏതാനും ആഴ്ചകൾക്കുമുമ്പ് വിശപ്പിനാൽ തീരെ നടക്കാൻപാടില്ലാത്തവണ്ണം അത്ര ശാരീരികമായി ക്ഷീണിതരായിരുന്നിട്ടുപോലും മണ്ട്രോവിയായിൽ ശേഷിച്ചിരുന്ന 300ഓ അധികമോ സാക്ഷികൾ സ്മാരകത്തിന്റെ മാസത്തിൽ സഹായപയനിയറിംഗ് നടത്താൻ ഒരു പ്രത്യേക ശ്രമം നടത്തി. അവർ ആളുകളെ സ്മാരകത്തിനു ക്ഷണിക്കാൻ കഠിനവേല ചെയ്യുകയും 1,116പേർ ഹാജരാകുകയും ചെയ്തു.
മണ്ട്രോവിയായിലെ ഒരു ക്രിസ്തീയമൂപ്പൻ ഇങ്ങനെ വിശദീകരിച്ചു: “1990 ഡിസംബർ മുതൽ ഞങ്ങൾ ഞങ്ങളുടെ രാജ്യഹാളിൽ കൂടിവരാൻ തുടങ്ങുന്നതിന് തീരുമാനിച്ചു. ഞങ്ങളുടെ ആദ്യഹാജർ 17 ആയിരുന്നു. പിന്നീട് അത് 40 ആയി ഉയർന്നു. അത് കുറേക്കാലം 40കളിൽ തുടർന്നു. അനന്തരം ഫെബ്രുവരി 24ന് ഞങ്ങളുടെ ഹാജർ 65ലേക്ക് ഉയർന്നു, ഒരാഴ്ചക്കുശേഷം 85ലേക്കും. മാർച്ചിൽ സഹായപയനിയറിംഗ് നടത്താനുള്ള ആഹ്വാനത്തിന് സഭയിലുള്ള മിക്കവാറുമെല്ലാവരും ചെവികൊടുത്തു.”
മററുള്ളവരുടെ പരിപാലനം
“ഞങ്ങളുടെ പള്ളിയിലെ സഹോദരൻമാർ യുദ്ധകാലത്ത് അന്യോന്യം (എതിർഗോത്രക്കാരെ) കൊല്ലുന്നതിൽ തിരക്കുള്ളവർ ആയിരുന്നു”വെന്ന് സാക്ഷികളിലൊരാളുടെ സാക്ഷിയല്ലാത്ത ഒരു ബന്ധു പ്രസ്താവിച്ചു, “സഹവിശ്വാസികൾക്കുവേണ്ടി ചെലവിടാൻ സമയമില്ലാതെ.” യഹോവയുടെ ജനത്തിൽ സാഹചര്യം എത്ര വ്യത്യസ്തമായിരുന്നു!
ദൃഷ്ടാന്തത്തിന്, ഒരു അയൽദുരിതാശ്വാസ ററീമിന്റെ ചെയർമാൻ 1991 ഫെബ്രുവരിയിൽ ബ്രാഞ്ചിന്റെ മേൽനോട്ടംവഹിച്ചിരുന്ന സഹോദരൻമാർക്ക് ഇങ്ങനെ എഴുതി: “ഞങ്ങളുടെ ആളുകൾക്കായുള്ള ഭക്ഷ്യവിതരണസമയത്ത് ഞങ്ങൾക്ക് നിങ്ങൾ തുടർന്നു തന്നുകൊണ്ടിരിക്കുന്ന സംഭരണസൗകര്യങ്ങൾക്കുവേണ്ടി നിങ്ങളോടും നിങ്ങളുടെ സ്ഥാപനത്തോടുമുള്ള നന്ദിയുടെ ഒരു അടയാളമാണ് ഈ കത്ത്. നിങ്ങളുടെ മനുഷ്യത്വപരമായ ഔദാര്യം ഒരു സമൂഹമെന്ന നിലയിൽ രാജ്യത്ത് സമാധാനവും സൻമനസ്സും കൈവരുത്താനുള്ള നിങ്ങളുടെ സന്നദ്ധതയെ പ്രകടമാക്കുന്നു. നിങ്ങളുടെ നല്ല സേവനങ്ങൾ തുടരുക.”
തങ്ങളുടെ ലൈബീരിയൻസഹോദരൻമാരുടെ ആവശ്യങ്ങളോട് മററു രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ പെട്ടെന്ന് പ്രതികരിച്ചു. പശ്ചിമാഫ്രിക്കയിലെ സിയെറാ ലിയോൺ, കോട്ട് ഡെൽവോയർ, യൂറോപ്പിലെ നെതർലാൻഡ്സ്, ഇററലി, ഐക്യനാടുകൾ എന്നിവപോലുള്ള രാജ്യങ്ങളിൽനിന്ന് ദുരിതാശ്വാസ സഹായം എത്തിക്കപ്പെട്ടു.
വെറുക്കപ്പെട്ട ഒരു ഗോത്രത്തിലെ അംഗമായിരുന്നതുകൊണ്ട് കൊല്ലപ്പെട്ട ഒരു സഹോദരിയുടെ മകളായ ഒരു കൊച്ചുബാലിക തനിക്ക് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചു: “നിങ്ങൾ എനിക്ക് അയച്ചുതന്ന സകല വസ്തുക്കൾക്കും വളരെയധികം നന്ദി പറയുന്നു. നിങ്ങൾ എന്റെ അമ്മ സമീപത്തുള്ളതുപോലെയുള്ള തോന്നലുളവാക്കുന്നു. എനിക്ക് അമ്മയും എന്റെ കൊച്ചു സഹോദരനും യുദ്ധത്തിൽ നഷ്ടപ്പെട്ടു. നിങ്ങളെയെല്ലാം അനുഗ്രഹിക്കാൻ ഞാൻ യഹോവയോടു പ്രാർത്ഥിക്കുന്നു. എനിക്ക് 11 വയസ്സുണ്ട്.”
ഗോത്രപരമായ വംശോല്പത്തി നിമിത്തം മാസങ്ങളോളം ഒളിച്ചുനടക്കേണ്ടിവന്ന, ഭാര്യസഹിതം ആറംഗങ്ങളുള്ള ഒരു കുടുംബത്തോടുകൂടിയ ഒരു സഹോദരൻ തനിക്കു കിട്ടിയ സഹായത്തിലുള്ള നന്ദിയോടെ ഇങ്ങനെ എഴുതി: “ഞങ്ങൾ കൊള്ളയടിക്കാനും അവരുടെ വസ്തുക്കളെടുത്തു വിൽക്കാനും ആളുകളുടെ ഭവനങ്ങളിൽ ഭേദിച്ചുകടന്നില്ല. എന്നിരുന്നാലും ഞങ്ങൾക്കുള്ള അല്പം ബുദ്ധിപൂർവം ഉപയോഗിക്കാൻ ഞങ്ങൾക്കറിയാവുന്നതുകൊണ്ട്, ഞങ്ങളുടെ അയൽക്കാരിൽനിന്ന് വ്യത്യസ്തമായി, എല്ലാ ദിവസവും ഭക്ഷിക്കാൻ ഞങ്ങൾക്ക് എന്തെങ്കിലും ഉണ്ടായിരുന്നു. ഇത് ഞങ്ങൾ യഹോവയിൽനിന്ന് പഠിച്ചതാണ്.”
തന്റെ ഭാര്യയും രണ്ടു കുട്ടികളുമായി കോട്ട് ഡെൽവോയറിലേക്ക് ഓടിപ്പോയ ഒരു സഹോദരന്റെ മനോഭാവവും വളരെ മതിപ്പുളവാക്കുന്നതായിരുന്നു. അയാൾ ഒരു നല്ല വീട് പിമ്പിൽ വിട്ടിരുന്നു, അത് തുടർന്ന് എരിഞ്ഞടങ്ങി. തന്റെ വീടല്ല, തന്റെ ദിവ്യാധിപത്യഗ്രനഥശേഖരം നഷ്ടപ്പെട്ടതിലാണ് തനിക്ക് ഏററവും വേദന എന്ന് അയാൾ പറഞ്ഞു!
വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നു
പിന്തിരിഞ്ഞുനോക്കുമ്പോൾ യഹോവ ഞങ്ങളെ വിലപ്പെട്ട അനേകം പാഠങ്ങൾ പഠിപ്പിച്ചുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ നിർമ്മലത പാലിക്കുകയും അതിജീവിക്കുകയും ചെയ്തവരെയും അതുപോലെതന്നെ നിർമ്മലതപാലിക്കുകയും മരിക്കുകയും ചെയ്തവരെയും വ്യക്തിപരമായി അറിയുന്നതിനാൽ അപ്പോസ്തലനായ പൗലോസിന്റെ മാനസികഭാവം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വിലമതിക്കാൻ ഞാൻ പഠിച്ചു, അവൻ ഇങ്ങനെയാണ് എഴുതിയത്: “നാം ജീവിച്ചാലും യഹോവക്കായി ജീവിക്കുന്നു, നാം മരിച്ചാലും നാം യഹോവക്കായി മരിക്കുന്നു. അതുകൊണ്ട് നാം ജീവിച്ചാലും നാം മരിച്ചാലും നാം യഹോവക്കുള്ളവരാണ്.”—റോമർ 14:8, NW.
മറെറാരു ദീർഘകാല മിഷനറി ഇങ്ങനെ സൂചിപ്പിച്ചു: “ഇതെല്ലാം മുഖേന യഹോവ നിസ്തുലനായ ഒരു സഹായി ആണെന്ന് ഞങ്ങൾ പഠിച്ചു. പൗലോസ് പറഞ്ഞതുപോലെതന്നെ: ‘ഞങ്ങളിൽ അല്ല മരിച്ചവരെ ഉയർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്ന് ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.’” (2 കൊരിന്ത്യർ 1:9; സങ്കീർത്തനം 30:10) അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “യഹോവയുടെ ജനം തീർച്ചയായും യേശു പ്രദീപ്തമാക്കിയ ആത്മത്യാഗപരമായ സ്നേഹം ധരിച്ചിരിക്കുന്ന ഒരു സഹോദരവർഗ്ഗമാണ് എന്ന് യുദ്ധം ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു.”—യോഹന്നാൻ 13:35.
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ഒക്ടോബറിലെ യുദ്ധസമയത്ത് രാജ്യം വിടേണ്ടിവന്ന മിഷനറിമാരായ ഞങ്ങളിൽ ചിലർക്ക് ലൈബീരിയക്കാരിയായ ഒരു സഹോദരിയിൽനിന്ന് ലഭിച്ച ഒരു എഴുത്ത് നമ്മുടെ ക്രിസ്തീയ സഹോദരവർഗ്ഗത്തിന്റെ ബലത്തെ നന്നായി ചിത്രീകരിക്കുന്നു. “നിങ്ങളെല്ലാം ലൈബീരിയയിലേക്ക് താമസിയാതെ തിരികെ വരണമെന്നും നമുക്ക് ഒരു സമ്മേളനം നടത്താൻ കഴിയണമെന്നുമുള്ളതാണ് ഞങ്ങളുടെ പ്രാർത്ഥന” എന്ന് അവൾ എഴുതി. “ഹാ, എനിക്ക് ആ ദിവസത്തിനുവേണ്ടി കാത്തിരിക്കാൻകഴിയുന്നില്ല. അതിനെക്കുറിച്ചുള്ള ചിന്തതന്നെ എന്നെ സന്തുഷ്ടയാക്കുന്നു.”
ലൈബീരിയായിൽ ക്രിസ്തീയപ്രവർത്തനത്തിന്റെ പതിവായ നടപടിക്രമം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടുകാണുന്നത് അത്ഭുതകരമായിരിക്കും. നമ്മുടെ സഹോദരി പറഞ്ഞത് ശരിയാണ്; മിഷനറിമാരുടെയും മററ് അഭയാർത്ഥികളുടെയും മടങ്ങിവരുവിനുശേഷമുള്ള മണ്ട്രോവിയായിലെ ആദ്യസമ്മേളനം സന്തോഷകരമായ ഒന്നായിരിക്കും. അതുസംബന്ധിച്ചു സംശയമില്ല! (w92 1/1)
[27-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ലൈബീരിയാ
മണ്ട്രോവിയാ
കാക്കാട്ടാ
ബാംഗെ
ഗാന്റെ
സിയെറാ ലിയോൺ
ഗിനിയ
കോട്ട് ഡെൽവോയർ
അററ്ലാൻറിക് സമുദ്രം
[28-ാം പേജിലെ ചിത്രം]
യുദ്ധകാലത്ത് അഭയാർത്ഥികളാക്കപ്പെട്ട സാക്ഷികളുടെ കുട്ടികൾ ബ്രാഞ്ചാഫീസിൽ
[31-ാം പേജിലെ ചിത്രം]
ലൈബീരിയക്കാരായ അഭയാർത്ഥികൾ കോട്ട് ഡെൽവോയറിലെ സാക്ഷികൾ സംഭാവനചെയ്ത വസ്ത്രങ്ങൾ പരിശോധിക്കുന്നു