വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 3/15 പേ. 14-18
  • യഹോവയോട്‌ പററിനിൽക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയോട്‌ പററിനിൽക്കുക
  • വീക്ഷാഗോപുരം—1992
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവോദ്ദേശ്യപ്രകാരമുള്ള പ്രതികരണം
  • യഹോവയോട്‌ അടുത്തുനിൽക്കുന്നതിന്റെ ദൃഷ്‌ടാന്തങ്ങൾ
  • യേശു, നമ്മുടെ മാതൃകാപുരുഷൻ
  • നമ്മുടെ ഭാരങ്ങൾ യഹോവയുടെമേൽ ഇടുക
  • പ്രാർത്ഥനയും പ്രത്യാശയും തുടരും
  • നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    2003 വീക്ഷാഗോപുരം
  • നിങ്ങൾക്കു ദൈവത്തോട്‌ അടുക്കാൻ കഴിയുന്ന വിധം
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • വിശ്വസ്‌ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ
    വീക്ഷാഗോപുരം—1999
  • പ്രാർഥനയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലുക
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
വീക്ഷാഗോപുരം—1992
w92 3/15 പേ. 14-18

യഹോവയോട്‌ പററിനിൽക്കുക

“പ്രാർത്ഥനയിൽ ഉററിരിക്കുക.”—റോമർ 12:12.

1. പ്രാർത്ഥനസംബന്ധിച്ച്‌ യഹോവയുടെ ഇഷ്‌ടം എന്താണ്‌, പ്രാർത്ഥനസംബന്ധിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ എന്തു പ്രോൽസാഹനം നൽകി?

യഹോവ തന്റെ സകല വിശ്വസ്‌ത ജനത്തിനും “പ്രത്യാശ നൽകുന്ന ദൈവ”മാകുന്നു. “പ്രാർത്ഥന കേൾക്കുന്നവൻ” എന്ന നിലയിൽ അവൻ അവരുടെ മുമ്പാകെ വെക്കുന്ന സന്തോഷകരമായ പ്രത്യാശ പ്രാപിക്കാൻ സഹായത്തിനായുള്ള അവരുടെ അഭ്യർഥനകൾ അവൻ കേൾക്കുന്നു. (റോമർ 15:13; സങ്കീർത്തനം 65:2) ആഗ്രഹിക്കുന്ന ഏതു സമയത്തും തന്റെ അടുക്കലേക്കു വരാൻ അവൻ തന്റെ ദാസൻമാരെയെല്ലാം തന്റെ വചനമായ ബൈബിളിലൂടെ പ്രോൽസാഹിപ്പിക്കുന്നു. അവൻ എല്ലായ്‌പ്പോഴും അവരുടെ ഉള്ളിന്റെ ഉള്ളിലെ താത്‌പര്യങ്ങൾ സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ അവിടെയുണ്ട്‌. യഥാർത്ഥത്തിൽ, “പ്രാർത്ഥനയിൽ ഉററിരിക്കുക” എന്നും “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നും പറഞ്ഞുകൊണ്ട്‌ അവൻ അവരെ പ്രോൽസാഹിപ്പിക്കുന്നു.a (റോമർ 12:12; 1 തെസ്സലോനീക്യർ 5:17) സകല ക്രിസ്‌ത്യാനികളും തങ്ങളുടെ ഹൃദയം അവങ്കൽ പകർന്നുകൊണ്ടും അവന്റെ പ്രിയപുത്രനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ അങ്ങനെ ചെയ്‌തുകൊണ്ടും നിരന്തരം പ്രാർത്ഥനയിൽ തന്നെ വിളിച്ചപേക്ഷിക്കണമെന്നുള്ളത്‌ യഹോവയുടെ ഇഷ്‌ടമാണ്‌.—യോഹന്നാൻ 14:6, 13, 14.

2, 3. (എ) “പ്രാർത്ഥനയിൽ ഉററിരിക്കാൻ” ദൈവം നമ്മെ ഉദ്‌ബോധിപ്പിച്ചതെന്തുകൊണ്ട്‌? (ബി) നാം പ്രാർത്ഥിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന്‌ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

2 ദൈവം നമുക്ക്‌ ഈ ഉദ്‌ബോധനം നൽകുന്നതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ജീവിതസമ്മർദ്ദങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും നാം പ്രാർത്ഥിക്കാൻ മറന്നുപോകത്തക്കവണ്ണം അത്രക്ക്‌ നമ്മെ ഭാരപ്പെടുത്താൻ കഴിയും. അല്ലെങ്കിൽ പ്രശ്‌നങ്ങൾ നമ്മെ ആകുലീകരിക്കുകയും പ്രത്യാശയിൽ സന്തോഷിക്കുന്നതു നിർത്തിക്കളയാനും പ്രാർത്ഥനയിൽനിന്ന്‌ വിരമിക്കാനും ഇടയാക്കുകയും ചെയ്‌തേക്കാം. ഈ കാര്യങ്ങളുടെ വീക്ഷണത്തിൽ, പ്രാർത്ഥിക്കാനും സഹായത്തിന്റെയും ആശ്വാസത്തിന്റെയും ഉറവായ നമ്മുടെ ദൈവമായ യഹോവയോട്‌ വളരെ അടുത്തുചെല്ലാനും നമ്മെ പ്രോൽസാഹിപ്പിക്കുന്ന ഓർമ്മിപ്പിക്കലുകൾ നമുക്കാവശ്യമാണ്‌.

3 ശിഷ്യനായിരുന്ന യാക്കോബ്‌ ഇങ്ങനെ എഴുതി: “ദൈവത്തോട്‌ അടുത്തുചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തുവരും..” (യാക്കോബ്‌ 4:8) അതെ, നമ്മുടെ അപൂർണ്ണമായ മാനുഷാവസ്ഥയുണ്ടെങ്കിലും അവനോടുള്ള നമ്മുടെ ആശയപ്രകടനങ്ങൾ കേൾക്കാൻ പാടില്ലാത്തവണ്ണം അവൻ വളരെ ഉയർന്നവനോ വളരെ അകന്നവനോ അല്ല. (പ്രവൃത്തികൾ 17:27) മാത്രവുമല്ല, അവൻ ഉദാസീനനോ അശ്രദ്ധനോ അല്ല. സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവയുടെ കണ്ണു നീതിമാൻമാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.”—സങ്കീർത്തനം 34:15; 1 പത്രോസ്‌ 3:12.

4. പ്രാർത്ഥനയിലുള്ള യഹോവയുടെ ശ്രദ്ധയെ എങ്ങനെ ദൃഷ്‌ടാന്തീകരിക്കാം?

4 യഹോവ പ്രാർത്ഥന ക്ഷണിക്കുന്നു. നിരവധി ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ആൾക്കൂട്ടത്തോട്‌ നമുക്ക്‌ ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്‌. മററുള്ളവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട്‌ നിങ്ങൾ അവിടെയുണ്ട്‌. നിങ്ങളുടെ റോൾ ഒരു നിരീക്ഷകന്റേതാണ്‌. എന്നാൽ ആരെങ്കിലും നിങ്ങളുടെ പേർ പറഞ്ഞുകൊണ്ട്‌ നിങ്ങളിലേക്കു തിരിയുകയും തന്റെ വാക്കുകൾ നിങ്ങളിലേക്കു തിരിച്ചുവിടുകയും ചെയ്യുന്നു. ഇത്‌ ഒരു പ്രത്യേക വിധത്തിൽ നിങ്ങളുടെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നു. സമാനമായി, തന്റെ ജനം എവിടെയായിരുന്നാലും ദൈവം എപ്പോഴും അവരെ ശ്രദ്ധിക്കുന്നു. (2 ദിനവൃത്താന്തം 16:9; സദൃശവാക്യങ്ങൾ 15:3) അതുകൊണ്ട്‌ അവൻ സംരക്ഷണാത്‌മകമായും താത്‌പര്യപൂർവവും നിരീക്ഷിച്ചുകൊണ്ട്‌ നമ്മുടെ വാക്കുകൾ കേൾക്കുന്നു. ഏതായാലും, നാം പ്രാർത്ഥനയിൽ ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ അവന്റെ ശ്രദ്ധ പിടിച്ചുനിർത്തപ്പെടുന്നു, ഇപ്പോൾ അവൻ ഒരു വ്യക്തമായ വിധത്തിൽ നമ്മിൽ കേന്ദ്രീകരിക്കപ്പെടുന്നു. തന്റെ ശക്തികളാൽ യഹോവക്ക്‌ മമനുഷ്യന്റെ ഹൃദയത്തിന്റെയും മനസ്സിന്റെയും ഗൂഢമായ ഉള്ളറകളിൽ അർപ്പിക്കപ്പെടുന്ന നിശബ്‌ദമായ അപേക്ഷകൾപോലും ശ്രദ്ധിക്കാനും ഗ്രഹിക്കാനും കഴിയും. ആത്‌മാർത്ഥമായി തന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും തന്നോട്‌ അടുത്തുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന എല്ലാവരോടും താൻ അടുത്തുചെല്ലുമെന്ന്‌ ദൈവം നമുക്ക്‌ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 145:18.

ദൈവോദ്ദേശ്യപ്രകാരമുള്ള പ്രതികരണം

5. (എ) “പ്രാർത്ഥനയിൽ ഉററിരിക്കാ”നുള്ള ബുദ്ധിയുപദേശം നമ്മുടെ പ്രാർത്ഥനകൾ സംബന്ധിച്ച്‌ എന്ത്‌ സൂചിപ്പിക്കുന്നു? (ബി) ദൈവം പ്രാർത്ഥനകൾക്ക്‌ എങ്ങനെ ഉത്തരംനൽകുന്നു?

5 പ്രാർത്ഥനയിൽ ഉററിരിക്കാനുള്ള ബുദ്ധിയുപദേശം യഹോവ ചില സമയങ്ങളിൽ തന്റെ പ്രതികരണം പ്രകടമാകുന്നതിനുമുമ്പ്‌ കുറേ കാലത്തേക്ക്‌ പ്രാർത്ഥിച്ചുകൊണ്ടിരിക്കാൻ നമ്മെ അനുവദിച്ചേക്കാമെന്ന്‌ സൂചിപ്പിക്കുന്നു. അത്യാവശ്യമായിരിക്കുന്നതും ദീർഘനാൾ വിളംബംവരുത്തപ്പെട്ടതുമായി തോന്നിയേക്കാവുന്ന ആനുകൂല്യത്തിനോ സ്‌നേഹദയക്കോ വേണ്ടി ദൈവത്തോടപേക്ഷിക്കുന്നതിൽ നാം ക്ഷീണിക്കാൻ പ്രവണത കാട്ടുകപോലും ചെയ്‌തേക്കാം. അതുകൊണ്ട്‌ അങ്ങനെയുള്ള ഏതെങ്കിലും ചായ്‌വിന്‌ വഴങ്ങാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കാൻ യഹോവയാം ദൈവം നമ്മോട്‌ അഭ്യർത്ഥിക്കുന്നു. അവൻ നമ്മുടെ പ്രാർത്ഥനകളെ ആദരിക്കുന്നുവെന്നും കേവലം നാം ചിന്തിച്ചതല്ല നമ്മുടെ യഥാർത്ഥ ആവശ്യം സാധിച്ചുതരുമെന്നുമുള്ള വിശ്വാസത്തോടെ നമ്മുടെ കാര്യങ്ങളെക്കുറിച്ച്‌ അവനോട്‌ അപേക്ഷിച്ചുകൊണ്ടിരിക്കുന്നതിൽ തുടരണം. യഹോവയാം ദൈവം തന്റെ ഉദ്ദേശ്യപ്രകാരം നമ്മുടെ അപേക്ഷകളെ സമീകരിക്കുന്നുവെന്നതിന്‌ സംശയമില്ല. ദൃഷ്‌ടാന്തത്തിന്‌, മററുള്ളവർ നമ്മുടെ അപേക്ഷകളാൽ ബാധിക്കപ്പെട്ടേക്കാം. ഒരു സൈക്കിളിനുവേണ്ടി അപേക്ഷിക്കുന്ന കുട്ടിയുള്ള ഒരു പിതാവിന്റെ സംഗതിയോട്‌ നമുക്ക്‌ ഈ സംഗതിയെ ഉപമിക്കാം. താൻ ആ പുത്രനുവേണ്ടി ഒരു സൈക്കിൾ വാങ്ങിയാൽ തന്റെ മറെറ പുത്രനും ഒന്ന്‌ ആഗ്രഹിച്ചേക്കാം എന്ന്‌ പിതാവിന്‌ അറിയാം. ഒരു പുത്രൻ ഒരു സൈക്കിൾ ഉണ്ടായിരിക്കാൻ തക്ക പ്രായമില്ലാത്തവനായിരിക്കാമെന്നുള്ളതുകൊണ്ട്‌ ആ പ്രത്യേക സമയത്ത്‌ യാതൊന്നും വാങ്ങാതിരിക്കാൻ പിതാവ്‌ തീരുമാനിച്ചേക്കാം. സമാനമായ ഒരു രീതിയിൽ തന്റെ ഉദ്ദേശ്യത്തിന്റെയും കാര്യങ്ങളുടെ സമയനിർണ്ണയത്തിന്റെയും വെളിച്ചത്തിൽ നമുക്കും മററുള്ളവർക്കും യഥാർത്ഥത്തിൽ ഏററവും നല്ലതെന്താണെന്ന്‌ നമ്മുടെ സ്വർഗ്ഗീയ പിതാവ്‌ തീരുമാനിക്കുന്നു.—സങ്കീർത്തനം 84:8, 11; ഹബക്കൂക്ക്‌ 2:3 താരതമ്യപ്പെടുത്തുക.

6. പ്രാർത്ഥനസംബന്ധിച്ച്‌ യേശു എന്തു ദൃഷ്‌ടാന്തം നൽകി, പ്രാർത്ഥനയിലെ സ്ഥിരോത്‌സാഹം എന്തു പ്രകടമാക്കുന്നു?

6 തന്റെ ശിഷ്യൻമാർ “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേ”ണ്ടതിന്റെ ആവശ്യകതസംബന്ധിച്ച്‌ യേശു പറഞ്ഞ ദൃഷ്‌ടാന്തം ശ്രദ്ധാർഹമാണ്‌. ഒരു വിധവ നീതി കിട്ടാൻ കഴിയാതെ ഒടുവിൽ നീതി ലഭിക്കുന്നതുവരെ ഒരു മനുഷ്യന്യായാധിപനോട്‌ അപേക്ഷിക്കുന്നതിൽ ഉററിരുന്നു. യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “തീർച്ചയായും അപ്പോൾ ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി നീതി നടത്തപ്പെടാൻ ഇടയാക്കുകയില്ലേ?” (ലൂക്കോസ്‌ 18:1-7, NW) പ്രാർത്ഥനയിലുള്ള നമ്മുടെ സ്ഥിരോത്‌സാഹം നമ്മുടെ വിശ്വാസത്തെ, യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ, അവനോട്‌ അടുത്തുനിൽക്കുന്നതിനും പരിണതഫലം അവന്റെ കൈകളിൽ വിട്ടുകൊണ്ട്‌ അപേക്ഷിക്കുന്നതിനുമുള്ള നമ്മുടെ സന്നദ്ധതയെ, പ്രകടമാക്കുന്നു.—എബ്രായർ 11:6.

യഹോവയോട്‌ അടുത്തുനിൽക്കുന്നതിന്റെ ദൃഷ്‌ടാന്തങ്ങൾ

7. യഹോവയോട്‌ അടുത്തുനിൽക്കുന്നതിലുള്ള ഹാബേലിന്റെ വിശ്വാസത്തെ നമുക്ക്‌ എങ്ങനെ അനുകരിക്കാം?

7 ദൈവദാസൻമാർ നടത്തിയ പ്രാർത്ഥനകളുടെ വിവരണങ്ങൾ ബൈബിളിൽ ധാരാളമുണ്ട്‌. ഇവ “നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്ക്‌ തിരുവെഴുത്തുകളാലുളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു.” (റോമർ 15:4) യഹോവയോട്‌ അടുത്തുനിന്നവരുടെ ചില ദൃഷ്‌ടാന്തങ്ങൾ പരിചിന്തിക്കുന്നതിനാൽ നമ്മുടെ പ്രത്യാശ ബലിഷ്‌ഠമാകുന്നു. ഹാബേൽ ദൈവത്തിന്‌ സ്വീകാര്യമായ ഒരു യാഗം അർപ്പിച്ചു, പ്രാർത്ഥനയെക്കുറിച്ച്‌ റിപ്പോർട്ടുചെയ്‌തിട്ടില്ലെങ്കിലും തന്റെ യാഗം സ്വീകരിക്കപ്പെടണമെന്ന്‌ യഹോവയോട്‌ അവൻ അഭ്യർത്ഥിച്ചിരിക്കാനിടയുണ്ട്‌. എബ്രായർ 11:4 പറയുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്‌ കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്‌ നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു.” ഉല്‌പത്തി 3:15-ലെ വാഗ്‌ദത്തം ഹാബേലിന്‌ അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക്‌ അറിയാവുന്നതിനോട്‌ താരതമ്യപ്പെടുത്തുമ്പോൾ അവന്‌ വളരെ കുറച്ചേ അറിയാമായിരുന്നുള്ളു. ഹാബേൽ തനിക്കുണ്ടായിരുന്ന അറിവനുസരിച്ചു പ്രവർത്തിച്ചു. അതുപോലെ ഇന്ന്‌ ദൈവത്തിന്റെ സത്യത്തിൽ പുതുതായി താത്‌പര്യമുള്ള ചിലർക്ക്‌ ഇതുവരെയും വളരെയധികമായ അറിവുണ്ടായിട്ടില്ല, എന്നാൽ അവർ പ്രാർത്ഥിക്കുകയും ഹാബേലിനെപ്പോലെ തങ്ങൾക്കുള്ള അറിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അതെ, അവർ വിശ്വാസത്തോടെ പ്രവർത്തിക്കുന്നു.

8. അബ്രാഹാം യഹോവയോട്‌ അടുത്തുനിന്നുവെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്‌, നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?

8 ദൈവത്തിന്റെ മറെറാരു വിശ്വസ്‌ത ദാസൻ അബ്രാഹാമായിരുന്നു, “വിശ്വാസമുള്ള എല്ലാവരുടെയും പിതാവ്‌.” (റോമർ 4:11, NW) ഇന്ന്‌, എന്നത്തേതിലുമധികമായി, നമുക്ക്‌ ശക്തമായ വിശ്വാസമാവശ്യമാണ്‌, അബ്രാഹാമിനെപ്പോലെ നാം വിശ്വാസത്തോടെ പ്രാർത്ഥിക്കേണ്ടതുണ്ട്‌. അവൻ യഹോവക്ക്‌ “ഒരു യാഗപീഠം പണിയുകയും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്‌തു”വെന്ന്‌ ഉല്‌പത്തി 12:8 (NW) പറയുന്നു. അബ്രാഹാമിന്‌ ദൈവനാമം അറിയാമായിരുന്നു, അത്‌ പ്രാർത്ഥനയിൽ ഉപയോഗിക്കുകയും ചെയ്‌തു. കൂടെക്കൂടെ അവൻ ആത്‌മാർത്ഥമായി പ്രാർത്ഥനയിൽ ഉററിരുന്നു, “നിത്യദൈവമായ യഹോവയുടെ നാമ”ത്തെ വിളിച്ചപേക്ഷിച്ചുകൊണ്ടുതന്നെ. (ഉല്‌പത്തി 13:4; 21:33) അബ്രാഹാം എന്തിന്‌ കീർത്തിപ്പെട്ടവനായോ ആ വിശ്വാസത്തോടെ അവൻ ദൈവത്തെ വിളിച്ചപേക്ഷിക്കുകയായിരുന്നു. (എബ്രായർ 11:17-19) രാജ്യപ്രത്യാശയിൽ അതിയായി സന്തോഷിച്ചുകൊണ്ടിരിക്കാൻ പ്രാർത്ഥന അബ്രാഹാമിനെ സഹായിച്ചു. പ്രാർത്ഥനയിൽ ഉററിരിക്കുന്നതിലുള്ള അബ്രാഹാമിന്റെ ദൃഷ്‌ടാന്തം നാം അനുസരിക്കുന്നുണ്ടോ?

9. ദാവീദിന്റെ പ്രാർത്ഥനകൾ ഇന്ന്‌ ദൈവജനത്തിന്‌ വളരെ പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) യഹോവയോട്‌ അടുത്തുനിൽക്കാൻ ദാവീദ്‌ പ്രാർത്ഥിച്ചതുപോലെ നാം പ്രാർത്ഥിക്കുന്നതിൽനിന്ന്‌ എന്ത്‌ ഫലമുണ്ടായേക്കാം?

9 പ്രാർത്ഥനയിൽ ഉററിരിക്കുന്നതിൽ ദാവീദ്‌ മുന്തിനിന്നിരുന്നു. അവന്റെ സങ്കീർത്തനങ്ങൾ പ്രാർത്ഥനകളിൽ എന്തടങ്ങിയിരിക്കണമെന്ന്‌ ഉദാഹരിക്കുന്നു. ദൃഷ്‌ടാന്തത്തിന്‌, രക്ഷയോ വിടുതലോ (3:7, 8; 60:5), മാർഗ്ഗദർശനമോ, (25:4, 5), സംരക്ഷണമോ (17:8) പാപങ്ങളുടെ മോചനമോ (25:7, 11, 18) ഒരു നിർമ്മല ഹൃദയമോ (51:10) പോലെയുള്ള കാര്യങ്ങൾക്കുവേണ്ടി ദൈവദാസൻമാർക്ക്‌ ഉചിതമായി പ്രാർത്ഥിക്കാൻ കഴിയും. ദാവീദിന്‌ പീഡ അനുഭവപ്പെട്ടപ്പോൾ അവൻ പ്രാർത്ഥിച്ചു: “അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ.” (86:4) സമാനമായി നമുക്ക്‌ ഹൃദയത്തിന്റെ സന്തോഷത്തിനായി പ്രാർത്ഥിക്കാൻ കഴിയും, നമ്മുടെ പ്രത്യാശയിൽ നാം സന്തോഷിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നുവെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ. ദാവീദ്‌ യഹോവയോട്‌ അടുത്തുനിൽക്കുകയും “എന്റെ ഉള്ളം നിന്നോടു പററിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു”വെന്ന്‌ പ്രാർത്ഥിക്കുകയും ചെയ്‌തു. (63:8) ദാവീദിനെപ്പോലെ നാം യഹോവയോടു അടുത്തുനിൽക്കുമോ? എങ്കിൽ അവൻ നമ്മെയും പിന്താങ്ങും.

10. സങ്കീർത്തനക്കാരനായ ആസാഫിന്‌ ഒരു ഘട്ടത്തിൽ എന്തു തെററായ ചിന്തകൾ ഉണ്ടായിരുന്നു, എന്നാൽ അവൻ എന്ത്‌ തിരിച്ചറിയാനിടയായി?

10 നാം യഹോവയോട്‌ അടുത്തുനിൽക്കണമെങ്കിൽ, നാം ദുഷ്‌ടൻമാരുടെ സ്വൈരവും ധനാസക്തവുമായ ജീവിതം നിമിത്തം അസൂയപ്പെടുന്നത്‌ ഒഴിവാക്കേണ്ടയാവശ്യമുണ്ട്‌. സങ്കീർത്തനക്കാരനായ ആസാഫ്‌ ഒരു ഘട്ടത്തിൽ യഹോവയെ സേവിക്കുന്നത്‌ മൂല്യവത്തല്ലെന്ന്‌ വിചാരിച്ചു, എന്തുകൊണ്ടെന്നാൽ ദുഷ്‌ടൻമാർ “നിത്യം സ്വസ്ഥത അനുഭവിച്ചു”കൊണ്ടിരിക്കുന്നു. എന്നിട്ടും തന്റെ ന്യായവാദം തെററാണെന്നും ദുഷ്‌ടൻമാർ “വഴുവഴുപ്പിൽ” ആണെന്നും അവൻ മനസ്സിലാക്കി. യഹോവയോട്‌ അടുത്തുനിൽക്കുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ലെന്ന്‌ അവൻ തിരിച്ചറിഞ്ഞു. അവൻ ദൈവത്തോട്‌ ഈ വിധത്തിൽ പ്രസ്‌താവിച്ചു: “ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. ഇതാ നിന്നോട്‌ അകന്നിരിക്കുന്നവർ നശിച്ചുപോകും; . . . എന്നാൽ ദൈവത്തോട്‌ അടുത്തിരിക്കുന്നത്‌ എനിക്കു നല്ലത്‌. നിന്റെ സകല പ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്‌ ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.” (സങ്കീർത്തനം 73:12, 13, 18, 23, 27, 28) പ്രത്യാശയില്ലാത്ത ആളുകളായ ദുഷ്‌ടൻമാരുടെ അല്ലലില്ലാത്ത ജീവിതത്തെക്കുറിച്ച്‌ അസൂയപ്പെടുന്നതിനു പകരം, യഹോവയോട്‌ അടുത്തുനിൽക്കുന്നതിൽ നമുക്ക്‌ ആസാഫിനെ അനുകരിക്കാം.

11. ദാനിയേൽ യഹോവയോട്‌ അടുത്തുനിൽക്കുന്നതിന്റെ ഒരു നല്ല മാതൃകയായിരിക്കുന്നതെന്തുകൊണ്ട്‌, നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാൻ കഴിയും?

11 ദാനിയേൽ പ്രാർത്ഥനസംബന്ധിച്ച ഔദ്യോഗിക നിയന്ത്രണങ്ങൾ അവഗണിക്കുകനിമിത്തം സിംഹക്കുഴിയിലാകുന്നതിന്റെ അപകടത്തെ അഭിമുഖീകരിച്ചപ്പോൾപ്പോലും പ്രാർത്ഥനയിൽ ദൃഢനിശ്ചയത്തോടെ ഉററിരുന്നു. എന്നാൽ യഹോവ “തന്റെ ദൂതനെ അയച്ചു അവയുടെ വായടച്ചു” ദാനിയേലിനെ രക്ഷിച്ചു. (ദാനിയേൽ 6:7-10, 22, 27) പ്രാർത്ഥനയിൽ ഉററിരുന്നതുകൊണ്ട്‌ ദാനിയേൽ അതിയായി അനുഗ്രഹിക്കപ്പെട്ടു. നാമും പ്രാർത്ഥനയിൽ ഉററിരിക്കുന്നുവോ, വിശേഷാൽ നമ്മുടെ രാജ്യപ്രസംഗത്തിൽ എതിർപ്പിനെ അഭിമുഖീകരിക്കുമ്പോൾ?

യേശു, നമ്മുടെ മാതൃകാപുരുഷൻ

12. (എ) യേശു തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ പ്രാർത്ഥനസംബന്ധിച്ച്‌ എന്ത്‌ മാതൃക വെച്ചു, ഇതിന്‌ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ പ്രയോജനംചെയ്യാൻ കഴിയും? (ബി യേശുവിന്റെ മാതൃകാപ്രാർത്ഥന പ്രാർത്ഥനസംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

12 യേശു തന്റെ ഭൗമികശുശ്രൂഷയുടെ തുടക്കം മുതൽതന്നെ പ്രാർത്ഥിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. സ്‌നാപനമേററപ്പോഴത്തെ അവന്റെ പ്രാർത്ഥനാനിരതമായ മനോഭാവം ആധുനികകാലങ്ങളിൽ ജലസ്‌നാപനത്തിനു വിധേയമാകുന്നവർക്ക്‌ നല്ല ദൃഷ്‌ടാന്തം വെച്ചു. (ലൂക്കോസ്‌ 3:21, 22) ഒരുവന്‌ ജലസ്‌നാപനത്താൽ പ്രതീകമാക്കപ്പെടുന്നതു നിറവേററാൻ ദൈവസഹായത്തിനുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും. പ്രാർത്ഥനയിൽ യഹോവയെ സമീപിക്കുന്നതിന്‌ യേശുവും മററുള്ളവരെ സഹായിച്ചു. യേശു പ്രാർത്ഥിച്ചുകൊണ്ട്‌ ഒരു പ്രത്യേകസ്ഥലത്തായിരുന്ന ഒരു സന്ദർഭത്തിൽ അവന്റെ ശിഷ്യൻമാരിലൊരാൾ പിന്നീട്‌ അവനോടു പറഞ്ഞു: “കർത്താവേ, . . . ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ” അപ്പോൾ യേശു മാതൃകാപ്രാർത്ഥനയെന്ന്‌ സാധാരണയായി അറിയപ്പെടുന്നത്‌ പ്രതിപാദിച്ചു. അതിൽ വിഷയങ്ങളുടെ ക്രമം ദൈവനാമത്തിനും ഉദ്ദേശ്യത്തിനും മുൻഗണന കൊടുക്കപ്പെടണമെന്ന്‌ പ്രകടമാക്കുന്നു. (ലൂക്കോസ്‌11:1-4) അങ്ങനെ, നമ്മുടെ പ്രാർത്ഥനകളിൽ “പ്രാധാന്യമേറിയ കാര്യങ്ങളെ” അവഗണിക്കാതെ നാം കാഴ്‌ചപ്പാടും സമനിലയും നിലനിർത്തേണ്ടയാവശ്യമുണ്ട്‌. (ഫിലിപ്പിയർ 1:9, 10, NW) തീർച്ചയായും, പ്രത്യേക ആവശ്യത്തിന്റെ അല്ലെങ്കിൽ ഒരു പ്രത്യേക പ്രശ്‌നം കൈകാര്യംചെയ്യേണ്ട ആവശ്യമുള്ള സമയങ്ങൾ ഉണ്ടായിരിക്കാം. യേശുവിനെപ്പോലെ, ചില നിയമനങ്ങൾ നിറവേററുന്നതിനോ പ്രത്യേക പീഡാനുഭവങ്ങളെയോ അപകടങ്ങളെയോ അഭിമുഖീകരിക്കുന്നതിനോ ശക്തി തേടുന്നതിന്‌ പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കാവുന്നതാണ്‌. (മത്തായി 26:36-44) യഥാർത്ഥത്തിൽ, വ്യക്തിപരമായ പ്രാർത്ഥനയിൽ, ഫലത്തിൽ ജീവിതത്തിന്റെ സകല വശങ്ങളും ഉൾപ്പെട്ടേക്കാം.

13. യേശു മററുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ പ്രാധാന്യം പ്രകടമാക്കിയതെങ്ങനെ?

13 യേശു തന്റെ ദൃഷ്‌ടാന്തത്താൽ മററുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം പ്രകടമാക്കി. തന്നേപ്പോലെതന്നെ തന്റെ ശിഷ്യൻമാരും ദ്വേഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (യോഹന്നാൻ 15:18-20; 1 പത്രോസ്‌ 5:9) അതുകൊണ്ട്‌ “ദുഷ്‌ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം” എന്ന്‌ അവൻ ദൈവത്തോട്‌ അപേക്ഷിച്ചു. (യോഹന്നാൻ 17:9, 11, 15, 20) പത്രോസിന്റെ മുമ്പാകെ സ്ഥിതിചെയ്‌ത പ്രത്യേക പരിശോധനയെക്കുറിച്ച്‌ അറിഞ്ഞുകൊണ്ട്‌ “ഞാനോ നിന്റെ വിശ്വാസം പൊയ്‌പ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു”വെന്ന്‌ അവൻ അവനോടു പറഞ്ഞു. (ലൂക്കോസ്‌ 22:32) നമ്മുടെ സ്വന്തം പ്രശ്‌നങ്ങളെയും താത്‌പര്യങ്ങളെയും കുറിച്ചുമാത്രമല്ല, മററുള്ളവരെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ നമ്മുടെ സഹോദരൻമാർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ ഉററിരിക്കുന്നുവെങ്കിൽ അത്‌ എത്ര പ്രയോജനകരമായിരിക്കും.—ഫിലിപ്പിയർ 2:4; കൊലോസ്യർ 1:9, 10.

14. യേശു തന്റെ ഭൗമികശുശ്രൂഷയിലുടനീളം യഹോവയോട്‌ വളരെ അടുത്തുനിന്നുവെന്ന്‌ നാം എങ്ങനെ അറിയുന്നു, നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാൻ കഴിയും?

14 യേശു തന്റെ ശുശ്രൂഷയിലുടനീളം പ്രാർത്ഥനയിൽ ഉററിരിക്കുകയും യഹോവയോട്‌ വളരെ അടുത്തുനിൽക്കുകയും ചെയ്‌തു. (എബ്രായർ 5:7-10) അപ്പോസ്‌തലനായ പത്രോസ്‌ പ്രവൃത്തികൾ 2:25-28ൽ (NW) സങ്കീർത്തനം 16:8 ഉദ്ധരിക്കുകയും കർത്താവായ യേശുക്രിസ്‌തുവിന്‌ അത്‌ ബാധകമാക്കുകയും ചെയ്യുന്നു: “അവനെക്കുറിച്ച്‌ ദാവീദ്‌ പറയുന്നു, ‘ഞാൻ നിരന്തരം യഹോവയെ എന്റെ കണ്ണുകൾക്കു മുമ്പിൽ വെച്ചിരുന്നു; എന്തുകൊണ്ടെന്നാൽ ഞാൻ ഒരിക്കലും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്‌ അവൻ എന്റെ വലതുഭാഗത്തുണ്ട്‌.” നമുക്ക്‌ അതുപോലെ ചെയ്യാൻ കഴിയും. നമ്മോട്‌ അടുത്തിരിക്കാൻ നമുക്ക്‌ ദൈവത്തോട്‌ പ്രാർത്ഥിക്കാൻ കഴിയും. മാനസികമായി അവനെ നിരന്തരം നമ്മുടെ കൺമുമ്പിൽ നിർത്തിക്കൊണ്ട്‌ നമുക്ക്‌ യഹോവയിലുള്ള വിശ്വാസം പ്രകടമാക്കാൻ കഴിയും. (സങ്കീർത്തനം 110:5; യെശയ്യാവ്‌ 41:10, 13 താരതമ്യപ്പെടുത്തുക.) അപ്പോൾ നാം എല്ലാത്തരം കുഴപ്പങ്ങളും ഒഴിവാക്കുന്നതായിരിക്കും, എന്തെന്നാൽ യഹോവ നമ്മെ പിന്താങ്ങും, നാം ഒരിക്കലും ഇളകിപ്പോകയില്ല.

15. (എ) എന്തുസംബന്ധിച്ചു നാം ഒരിക്കലും പ്രാർത്ഥനയിൽ ഉററിരിക്കാൻ പരാജയപ്പെടരുത്‌? (ബി) നമ്മുടെ നന്ദിസംബന്ധിച്ച്‌ എന്തു മുന്നറിയിപ്പ്‌ നൽകപ്പെട്ടിരിക്കുന്നു?

15 നമ്മോടുള്ള യഹോവയുടെ സകല നൻമകൾക്കുംവേണ്ടി, അതെ “അതിമഹത്തായ ദൈവകൃപ”ക്കുവേണ്ടി യഹോവക്ക്‌ നന്ദി പ്രകടമാക്കുന്നതിൽ നമുക്ക്‌ ഒരിക്കലും പരാജയപ്പെടാതിരിക്കാം, ആ നൻമകളിലുൾപ്പെടുന്നതാണ്‌ നമ്മുടെ പാപങ്ങൾക്കുവേണ്ടിയുള്ള ഒരു മറുവിലയാഗമായുള്ള അവന്റെ പുത്രന്റെ ദാനവും. (2 കൊരിന്ത്യർ 9:14, 15; മർക്കോസ്‌ 10:45; യോഹന്നാൻ 3:16; റോമർ 8:32; 1 യോഹന്നാൻ 4:9, 10) തീർച്ചയായും യേശുവിന്റെ നാമത്തിൽ നമ്മുടെ “ദൈവവും പിതാവുമായവന്‌ എല്ലായ്‌പ്പോഴും എല്ലാററിനുംവേണ്ടിയും സ്‌തോത്രം ചെയ്‌തുകൊൾവിൻ.” (എഫേസ്യർ 5:19, 20; കൊലോസ്യർ 4:2; 1 തെസ്സലോനീക്യർ 5:18) നമുക്കില്ലാത്തവയിലോ നമ്മുടെ വ്യക്തിപരമായ പ്രശ്‌നങ്ങളിലോ വളരെ ശ്രദ്ധാലുക്കളായിരിക്കുന്നതിനാൽ നമുക്കുള്ളവക്കുവേണ്ടിയുള്ള നമ്മുടെ നന്ദി മോശമായിപ്പോകാൻ അനുവദിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം.

നമ്മുടെ ഭാരങ്ങൾ യഹോവയുടെമേൽ ഇടുക

16. ചില ഭാരങ്ങൾ നമ്മെ വിഷമിപ്പിക്കുമ്പോൾ, നാം എന്തു ചെയ്യണം?

16 പ്രാർത്ഥനയിലുള്ള സ്ഥിരനിഷ്‌ഠ നമ്മുടെ ഭക്തിയുടെ ആഴത്തെ പ്രകടമാക്കുന്നു. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ അവനിൽനിന്ന്‌ ഒരു ഉത്തരം വരുന്നതിനുമുമ്പുപോലും നമ്മുടെമേലുള്ള ഫലം നല്ലതാണ്‌. എന്തെങ്കിലും ഭാരം നമ്മുടെ മനസ്സുകളെ വിഷമിപ്പിക്കുന്നുവെങ്കിൽ, “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും” എന്ന ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട്‌ നമുക്ക്‌ യഹോവയോട്‌ അടുത്തുനിൽക്കാൻ കഴിയും. (സങ്കീർത്തനം 55:22) ദൈവത്തിലുള്ള പൂർണ്ണവിശ്വാസത്തോടെ നമ്മുടെ എല്ലാ ഭാരങ്ങളും—ഉത്‌ക്കണ്‌ഠകളും വ്യഥകളും നിരാശകളും ഭയങ്ങളും മററും—ദൈവത്തിൻമേൽ ഇടുന്നതിനാൽ നമുക്ക്‌ ഹൃദയത്തിന്റെ ഒരു ശാന്തത, “സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം” ലഭിക്കും.—ഫിലിപ്പിയർ 4:4, 7; സങ്കീർത്തനം 68:19; മർക്കോസ്‌ 11:24. 1 പത്രോസ്‌ 5:7.

17. നമുക്ക്‌ എങ്ങനെ ദൈവസമാധാനം നേടാവുന്നതാണ്‌?

17 ഈ ദൈവസമാധാനം ക്ഷണത്തിൽ വരുന്നുവോ? നമുക്ക്‌ പെട്ടെന്ന്‌ കുറെ ആശ്വാസം ലഭിച്ചേക്കാമെങ്കിലും പരിശുദ്ധാത്‌മാവിനുവേണ്ടി പ്രാർത്ഥിക്കാൻ യേശു പറഞ്ഞത്‌ ഇവിടെയും സത്യമാണ്‌: “ചോദിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്ക്‌ നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്ക്‌ തുറക്കപ്പെടും.” (ലൂക്കോസ്‌ 11:9-13, NW) നാം ഉത്‌ക്കണ്‌ഠ നീക്കിക്കളയുന്ന മാർഗ്ഗം പരിശുദ്ധാത്‌മാവായതുകൊണ്ട്‌ നമ്മുടെ ഭാരങ്ങൾ സംബന്ധിച്ച്‌ ദൈവസമാധാനത്തിനുവേണ്ടിയും ദൈവ സഹായത്തിനുവേണ്ടിയും ചോദിക്കുന്നതിൽ നാം ഉററിരിക്കേണ്ടതുണ്ട്‌. പ്രാർത്ഥനയിലെ സ്ഥിരനിഷ്‌ഠയാൽ നമുക്ക്‌ അഭിലഷിക്കപ്പെട്ട ആശ്വാസവും ഹൃദയത്തിന്റെ ശാന്തതയും ലഭിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

18. ഒരു പ്രത്യേക സാഹചര്യത്തിൽ എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന്‌ നമുക്ക്‌ കൃത്യമായി അറിയാൻപാടില്ലെങ്കിൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യുന്നു?

18 എന്നാൽ എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന്‌ നമുക്ക്‌ അറിയാൻപാടില്ലെങ്കിലോ? നമ്മുടെ സാഹചര്യത്തെ നാം പൂർണ്ണമായി മനസ്സിലാക്കാത്തതുകൊണ്ട്‌ അല്ലെങ്കിൽ യഹോവയുടെ മുമ്പാകെ എന്തവതരിപ്പിക്കണമെന്ന്‌ നമുക്ക്‌ നിശ്ചയമില്ലാത്തതുകൊണ്ട്‌ നമ്മുടെ ഉള്ളിലെ ഞരക്കങ്ങൾ മിക്കപ്പോഴും പ്രകടിപ്പിക്കപ്പെടാതിരിക്കുന്നു. ഇവിടെയാണ്‌ പരിശുദ്ധാത്‌മാവിന്‌ നമുക്കുവേണ്ടി ഇടപെടാൻ കഴിയുന്നത്‌. പൗലോസ്‌ എഴുതി: “വേണ്ടപോലെ എന്തിനുവേണ്ടി നാം പ്രാർത്ഥിക്കണമെന്നുള്ള പ്രശ്‌നം നമുക്കറിയാൻ പാടില്ല, എന്നാൽ ഉച്ചരിക്കപ്പെടാത്ത ഞരക്കങ്ങളാൽ ആത്‌മാവുതന്നെ നമുക്കുവേണ്ടി വാദിക്കുന്നു.” (റോമർ 8:26, NW) എങ്ങനെ? നമ്മുടെ സാഹചര്യത്തോടു ബന്ധമുള്ള നിശ്വസ്‌തപ്രവചനങ്ങളും പ്രാർത്ഥനകളും ദൈവവചനത്തിലുണ്ട്‌. അവ നമുക്കുവേണ്ടി പക്ഷവാദം നടത്താൻ അവൻ അനുവദിക്കുന്നു എന്നതുപോലെതന്നെ. അവൻ അവയെ നാം പ്രാർത്ഥിക്കുന്നവയായി സ്വീകരിക്കുന്നു. നമ്മുടെ കാര്യത്തിൽ അവയുടെ അർത്ഥം നാം അറിയണമെന്നുമാത്രം, അതനുസരിച്ച്‌ അവൻ അവയെ നിറവേററുന്നു.

പ്രാർത്ഥനയും പ്രത്യാശയും തുടരും

19. പ്രാർത്ഥനയും പ്രത്യാശയും എന്നേക്കും തുടരുന്നതെന്തുകൊണ്ട്‌?

19 നമ്മുടെ സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥന എന്നേക്കും തുടരും, വിശേഷിച്ച്‌, പുതിയ ലോകത്തോടും അതിന്റെ സകല അനുഗ്രഹങ്ങളോടുമുള്ള നന്ദി സംബന്ധിച്ച്‌. (യെശയ്യാവ്‌ 65:24; വെളിപ്പാട്‌ 21:5) നാം പ്രത്യാശയിലും തുടർന്നു സന്തോഷിക്കും, എന്തെന്നാൽ ഏതെങ്കിലും രൂപത്തിൽ പ്രത്യാശ എന്നേക്കും നിലനിൽക്കും. (1 കൊരിന്ത്യർ 13:13) യഹോവ ഭൂമിയെ സംബന്ധിച്ച്‌ സ്വയം ചുമത്തിയ വിശ്രമദിന ശബത്തിൻകീഴിലല്ലാത്തപ്പോൾ അവൻ ഏതു പുതിയ സംഗതികൾ ആനയിക്കുമെന്ന്‌ നമുക്ക്‌ സങ്കൽപ്പിക്കാൻപോലും കഴിയുകയില്ല. (ഉല്‌പത്തി 2:2, 3) സകല നിത്യതയിലും അവന്‌ തന്റെ ജനത്തിനുവേണ്ടി സ്‌നേഹപൂർവകമായ അതിശയകാര്യങ്ങൾ ഭാവിയിലുണ്ടായിരിക്കും. ദൈവേഷ്‌ടം ചെയ്യുന്ന മാർഗ്ഗത്തിൽ ഭാവി അവർക്ക്‌ മഹത്തായ കാര്യങ്ങൾ കൈവരുത്താനിരിക്കുകയാണ്‌.

20. നമ്മുടെ തീരുമാനം എന്തായിരിക്കണം, എന്തുകൊണ്ട്‌?

20 നമ്മുടെ മുമ്പാകെ ഇത്ര പുളകപ്രദമായ പ്രത്യാശ ഉള്ളതുകൊണ്ട്‌ പ്രാർത്ഥനയിൽ ഉററിരുന്നുകൊണ്ട്‌ നമുക്കെല്ലാം യഹോവയോട്‌ അടുത്തുനിൽക്കാം. നമ്മുടെ സകല അനുഗ്രഹങ്ങൾക്കുംവേണ്ടി നമ്മുടെ സ്വർഗ്ഗീയ പിതാവിന്‌ നന്ദികൊടുക്കുന്നതിൽനിന്ന്‌ ഒരിക്കലും നമുക്ക്‌ വിരമിക്കാതിരിക്കാം. തക്ക സമയത്ത്‌, നമ്മുടെ പ്രതീക്ഷകൾ നമുക്ക്‌ സങ്കൽപ്പിക്കാനോ പ്രതീക്ഷിക്കാനോ കഴിഞ്ഞിട്ടുള്ളതിൽപരമായി സന്തോഷകരമായി സാക്ഷാത്‌ക്കരിക്കപ്പെടും, എന്തെന്നാൽ “നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ” യഹോവക്കു കഴിയും. (എഫേസ്യർ 3:20) അപ്പോൾ, ഇതിന്റെ വീക്ഷണത്തിൽ, നമുക്ക്‌ “പ്രാർത്ഥന കേൾക്കുന്നവനായ” നമ്മുടെ ദൈവമാം യഹോവക്ക്‌ സകല നിത്യതയിലും സകല സ്‌തുതിയും മഹത്വവും നന്ദിയും കൊടുക്കാം! (w91 12/15)

[അടിക്കുറിപ്പ്‌]

a വെബ്‌സ്‌റററിന്റെ പുതിയ പര്യായ പദനിഘണ്ടു അനുസരിച്ച്‌ “Persevere (ഉററിരിക്കുക) മിക്കവാറും എല്ലായ്‌പ്പോഴും ഒരു ആദരണീയമായ ഗുണത്തെ അർത്ഥമാക്കുന്നു; അത്‌ പരാജയത്താലോ സംശയങ്ങളാലോ പ്രയാസങ്ങളാലോ നിരുത്‌സാഹപ്പെടുന്നതിനുള്ള വിസമ്മതത്തെയും ഒരു ലക്ഷ്യത്തിന്റെ അഥവാ യത്‌നത്തിന്റെ ഉറച്ച അല്ലെങ്കിൽ നിർബന്ധശീലമായ അന്വേഷണത്തെയും സൂചിപ്പിക്കുന്നു.”

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ നാം പ്രാർത്ഥനയിൽ ഉററിരിക്കേണ്ടതെന്തുകൊണ്ട്‌?

◻ നാം ക്രിസ്‌തുവിന്റെ കാലത്തിനുമുമ്പത്തെ പ്രാർത്ഥനയുടെ ദൃഷ്‌ടാന്തങ്ങളിൽനിന്ന്‌ എന്തു പഠിക്കുന്നു?

◻ യേശുവിന്റെ ദൃഷ്‌ടാന്തം പ്രാർത്ഥനസംബന്ധിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

◻ നമുക്ക്‌ യഹോവയുടെമേൽ നമ്മുടെ ഭാരങ്ങൾ എങ്ങനെ ഇടാൻ കഴിയും, എന്തു ഫലത്തോടെ?

[17-ാം പേജിലെ ചിത്രം]

സിംഹക്കുഴിയിലിടുന്നതിന്റെ ഭീഷണിയുണ്ടായിരുന്നിട്ടും ദാനിയേൽ പ്രാർത്ഥനയിൽ ഉററിരുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക