ദക്ഷിണാഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ സുവാർത്ത എത്തുന്നു
കുപിതരായ ജനക്കൂട്ടങ്ങൾ, ലഹള അമർത്താൻ പൊലീസ്, കണ്ണീർവാതകം. സമീപവർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ പട്ടണങ്ങളും നഗരങ്ങളും അങ്ങനെയുള്ള ലഹളകളാൽ ശിഥിലമാക്കപ്പെട്ടിരിക്കുകയാണ്. ജനസംഖ്യയുടെ 40-ൽപരം ശതമാനം നിവസിക്കുന്ന ഗ്രാമപ്രദേശങ്ങൾ പോലും രാഷ്ട്രീയ ആക്രമത്തിന്റെ കെടുതികളിൽനിന്ന് രക്ഷപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഇതിന്റെയെല്ലാം മദ്ധ്യേ, യഹോവയുടെ സാക്ഷികൾ “സമാധാന സുവാർത്ത” ഘോഷിക്കുന്നതിൽ തുടർന്നിരിക്കുന്നു.—എഫേസ്യർ 6:15, NW.
വർഷങ്ങളായി യഹോവയുടെ സാക്ഷികൾ വിശേഷാൽ ഗ്രാമജനതതിയെ ലക്ഷ്യംവെച്ചുകൊണ്ട് ഒരു വാർഷിക ത്രിമാസ പ്രസംഗപ്രസ്ഥാനം നടത്തിപ്പോരുന്നു. ദൃഷ്ടാന്തത്തിന്, 1990-ൽ 334 സഭകളിൽനിന്നുള്ള 12,000ത്തിലധികം രാജ്യപ്രസംഗകർ പ്രസ്ഥാനത്തിൽ പങ്കെടുത്തു. സ്വാഭാവികമായി, ദക്ഷിണാഫ്രിക്കയിലെ ഈ ചിതറിപ്പാർക്കുന്ന ഗ്രാമവാസികളെ സമീപിക്കുന്നതിന് അനേകം തടസ്സങ്ങൾ തരണംചെയ്യേണ്ടതുണ്ട്.
മററുള്ളവയുടെ കൂട്ടത്തിൽ, സാക്ഷികൾ വിവിധങ്ങളായ അനവധി സംസ്കാരങ്ങളും ഭാഷകളുമായി ഇടപെടേണ്ടിയിരിക്കുന്നു. അത് എത്ര വൈവിദ്ധ്യമാർന്ന സങ്കലനമാണ്! ദൃഷ്ടാന്തത്തിന്, ഇംഗ്ലീഷും ആഫ്രിക്കാൻസും, അതുപോലെതന്നെ പെഡീയും സോതോസും സോംഗെയും ററ്സ്വാനെയും വെൻഡാസും കോസെയും സുളൂസും സംസാരിക്കുന്ന കർഷകരുണ്ട്. ഓരോ കൂട്ടത്തിനും അതിന്റെ വ്യതിരിക്തമായ സ്വന്തം സംസ്കാരവും ഭാഷയുമുണ്ട്. വലിയ ദൂരങ്ങളും കുലുക്കമുണ്ടാക്കുന്ന റോഡുകളും ഉൾപ്പെട്ടിരിക്കുന്നു. ഇതെല്ലാം ആത്മത്യാഗത്തിന്റെ ആത്മാവും ഗണ്യമായ സമയത്തിന്റെയും പണത്തിന്റെയും ചെലവും ആവശ്യമാക്കിത്തീർക്കുന്നു. എന്നിരുന്നാലും, ചെയ്യപ്പെട്ട ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. പ്രസംഗവേലയുടെ ഈ അസാധാരണ വശത്തിന്റെ പ്രയാസങ്ങളെയും വിജയങ്ങളെയും കുറിച്ച് ഞങ്ങൾ നിങ്ങളോട് അല്പം പറയട്ടെ.—മലാഖി 3:10 താരതമ്യപ്പെടുത്തുക.
സുളുലാൻഡിലെ ഒരു “സണ്ടേസ്കൂൾ”
ഉഷ്ണമേഖലാ സുളുലാൻഡിന്റെ മദ്ധ്യഭാഗത്തുതന്നെയാണ് അഗാധമായ ഉംവോട്ടിനദിയുടെ താഴ്വര സ്ഥിതിചെയ്യുന്നത്. മേഞ്ഞ സുളു വീടുകളുടെ കൂട്ടങ്ങൾ വിദൂരങ്ങളിലേക്ക് നീണ്ടുപോകുന്നത് ചെങ്കുത്തുകളിൽനിന്ന് ഒരുവനു കാണാൻ കഴിയും. 1984-ലെ ഒരു ഞായറാഴ്ച രണ്ട് രാജ്യപ്രസംഗകർ വളഞ്ഞുതിരിഞ്ഞുപോകുന്ന പൊടിനിറഞ്ഞ റോഡിലൂടെ ഈ താഴ്വരയിലെത്തി. ആ പ്രദേശത്തിന് ക്വാസാററാനെ (സാത്താന്റെ സ്ഥലം) എന്ന പരിഹാസപ്പേർ കിട്ടത്തക്കവണ്ണം അത് വളരെ ചൂടും നനവുമുള്ളതാണ്—പിശാചു തീ കൂട്ടിക്കൊണ്ടിരിക്കുന്ന നരകാഗ്നിയുടെ സ്പഷ്ടമായ ഒരു പരാമർശംതന്നെ!
വിയർപ്പിൽ കുളിച്ച് സഹോദരൻമാർ ഡോറീസ് എന്നു പേരുള്ള ഒരു സ്ത്രീയെ സമീപിച്ചു, അവർ ഒരു സണ്ടേസ്കൂൾ ക്ലാസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. രാജ്യസന്ദേശം കേട്ടശേഷം ഡോറീസ് ഏതാണ്ട് 40 ചെറുപ്പക്കാർ അടങ്ങുന്ന തന്റെ കൂട്ടത്തോടു പ്രസംഗിക്കാൻ പെട്ടെന്നുതന്നെ സാക്ഷികളെ ക്ഷണിച്ചു. ഫലമെന്തായിരുന്നു? അടുത്ത ആഴ്ചയിൽ സ്ഥലത്തെ സ്കൂളിന്റെ ഉപയോഗത്തിനുവേണ്ടി എന്റെ ബൈബിൾകഥാപുസ്തകം എന്ന പ്രസിദ്ധീകരണത്തിന്റെ 70 പ്രതികളുമായി സഹോദരൻമാർ മടങ്ങിവന്നു. ഏതാനും ആഴ്ചകൾക്കകം, സണ്ടേസ്കൂൾ അന്തരീക്ഷം ഒരു ബൈബിളദ്ധ്യയനകൂട്ടത്തിന്റേതായി മാറി. പള്ളിഗീതങ്ങൾക്കുപകരം ഉല്ലാസപ്രദമായ സ്വാഭാവിക സ്വരൈക്യത്തോടെ ആഫ്രിക്കൻരീതിയിൽ രാജ്യഗീതങ്ങൾ ആലപിക്കപ്പെട്ടു. പെട്ടെന്ന് കൂട്ടം 60-ൽപരം പേരായി വളർന്നു. “ഈ സണ്ടേസ്കൂളിനെ സത്യാരാധനയുടെ ഒരു സ്ഥലമായി രൂപാന്തരപ്പെടുത്തുന്നതിൽ പങ്കെടുക്കുന്നത് ഹൃദയോദ്ദീപകമായ എന്തോരു അനുഭവമായിരുന്നു” എന്ന് ഒരു സഹോദരൻ ഉദ്ഘോഷിച്ചു.
പൊടിനിറഞ്ഞ ബുഷ്ഫെൽററിൽ
രാഷ്ട്രീയ പ്രക്ഷോഭണത്തിലെ സഭകളുടെ ഇടപെടൽ നിമിത്തം വെള്ളക്കാരായ അനേകം കർഷകർ ഒരു ബൈബിൾസന്ദേശവുമായി തങ്ങളെ സമീപിക്കുന്ന ഏതൊരാളെയും ജാഗ്രതയോടെ അല്ലെങ്കിൽ സംശയത്തോടെ പോലും വീക്ഷിക്കുന്നു. ട്രാൻസ്വാളിന്റെ ഒരു ഭാഗത്ത് സുവാർത്ത പ്രസംഗിക്കുന്നതിന് ഏതാണ്ട് 640 കിലോമീററർ സഞ്ചരിച്ച ജോഹാന്നസ്ബർഗ്ഗിൽനിന്നുള്ള ഒരു കൂട്ടത്തിന്റെ ഈ റിപ്പോർട്ട് ശ്രദ്ധിക്കുക.
“നിമ്ന്നോന്നതമായ ബുഷ്ഫെൽററിലൂടെ ഇപ്പോൾ ഏതാണ്ട് നാലു മണിക്കൂറോളം ഞങ്ങൾ സഞ്ചരിച്ചിരിക്കുന്നു. ആഫ്രിക്കൻ വെയിലിൽ മിന്നിപ്രകാശിക്കുന്ന ഒരു മരീചിക നേരെയുള്ള റോഡിൽ നൃത്തംവെക്കുന്നു. പെട്ടെന്ന് ററാറിട്ട റോഡ് ചെളിനിറഞ്ഞ ചാലുകളും കുഴികളുമുള്ള റോഡിന് വഴിമാറുന്നു. ഒടുവിൽ മണൽനിറഞ്ഞ ഒരു വഴിത്താര ഒരു കൃഷിയിടത്തിലേക്കു ഞങ്ങളെ നയിക്കുന്നു.
“‘ഗുഡ്മോണിംഗ്, മെനീർ,’ തടിച്ച ഒരു കർഷകനെ അഭിവാദനംചെയ്തുകൊണ്ട് ഞങ്ങൾ പറയുന്നു.
“‘മോണിംഗ്,’ കഠോരസ്വരത്തിലുള്ള മറുപടി വരുന്നു. ‘ഞാൻ നിങ്ങളെ സഹായിക്കട്ടെയോ?’
“ഞങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം, ഞങ്ങളുടെ സന്ദർശനത്തിന്റെ കാരണം ഞങ്ങൾ വിശദമാക്കുന്നു. ഞങ്ങൾ പറഞ്ഞുതീരുന്നതിനു മുമ്പ് അയാൾ അലറുകയാണ്: ‘ഞങ്ങളുടെ ഡൂമിനി [ശുശ്രൂഷകൻ] നിങ്ങളെക്കുറിച്ച് എനിക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ട്! നിങ്ങളെല്ലാം കമ്മ്യൂണിസ്ററുകാരും എതിർക്രിസ്തുക്കളുമാണ്. ഉടൻ ഇവിടെനിന്നിറങ്ങിക്കൊള്ളണം, അല്ലെങ്കിൽ ഞാൻ . . . !’
“ഏതു നിമിഷത്തിലും കർഷകൻ അക്രമാസക്തനാകാമെന്ന് അയാളുടെ നിലപാട് സൂചിപ്പിക്കുന്നു. ഗത്യന്തരമില്ലാതെ ഞങ്ങൾ സ്ഥലം വിടുന്നതിനും ‘ഞങ്ങളുടെ പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയുന്നതിനും’ ഞങ്ങൾ തീരുമാനിക്കുന്നു. (മത്തായി 10:14) തികച്ചും അക്ഷരീയമായി ഇതു ചെയ്യുന്നതിന് വേണ്ടത്ര പൊടിയുണ്ട്.
“അടുത്ത കൃഷിയിടത്തിലും പ്രതികരണം ഇതുതന്നെയാണ്. അപ്പോൾ സ്ഥലത്തു വസിക്കുന്ന ഡച്ച് റിഫോംഡ് ചർച്ചിലെ ശുശ്രൂഷകൻ സ്ഥലത്തെ റെറലിഫോൺലൈൻ തിരക്കോടെ ഉപയോഗിച്ചുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അയാൾ പരിസരത്ത് നേരിടാൻ പോകുന്ന ‘അപകടത്തെ’ക്കുറിച്ച് ‘തന്റെ ആട്ടിൻകൂട്ട’ത്തിനു മുന്നറിയിപ്പുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ തനിക്കുതന്നെ താത്പര്യമില്ലെങ്കിലും, ‘ഉവ്വ്, നിങ്ങൾക്ക് എന്റെ തൊഴിലാളികളോട് സംസാരിക്കാം’ എന്നു പറയുന്ന ഒരു കർഷകനെ ഞങ്ങൾ കണ്ടുമുട്ടുന്നു.
“ഞങ്ങൾ അതിനുവേണ്ടിത്തന്നെ കാത്തിരിക്കുകയായിരുന്നു. ഒരു അക്കേഷ്യാമരത്തിനടുത്ത് ഏതാണ്ട് പത്തോളം ചെറിയ മൺകുടിലുകൾ കട്ടകെട്ടിനിൽക്കുന്നു. ഞങ്ങളുടെ കാറിന്റെ ബോണററിൽ സാഹിത്യത്തിന്റെ ഭംഗിയുള്ള അട്ടികൾ അടുക്കുമ്പോൾ ജിജ്ഞാസനിറഞ്ഞ കണ്ണുകൾ കുടിലുകളിൽനിന്ന് ഒളിഞ്ഞുനോക്കുന്നത് ഞങ്ങൾ കാണുന്നു. ബൈബിളുകളുടെ ഒരു അട്ടി, നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ മറെറാരു അട്ടി, എന്റെ ബൈബിൾകഥാപുസ്തകത്തിന്റെ ഒരു കൂന, കൂടാതെ വിവിധ ലഘുപത്രികകളും—പ്രദർശനം പൂർത്തിയായി. നമ്മുടെ വരവിനെക്കുറിച്ചറിയിക്കാൻ സ്ഥലത്തെ ആൺകുട്ടികളിൽ ഒരാൾ ഓടുന്നു. പെട്ടെന്ന് ഏതാണ്ട് 30 പേരുടെ ഒരു കൂട്ടം സന്ദേശം കേൾക്കുന്നതിന് കാറിനുചുററും കൂടുന്നു.
ററ്സ്വാനാഭാഷയിൽ റെക്കോർഡുചെയ്തുവെച്ചിരിക്കുന്ന ഒരു പ്രഭാഷണം അവരെ കേൾപ്പിക്കുന്നു. ദൈവരാജ്യത്തിന്റെയും പറുദീസാപ്രത്യാശയുടെയും സുവാർത്ത തങ്ങളുടെ സ്വന്തം ഭാഷയിൽ കേൾക്കുന്നതിന് ഈ ആളുകൾ എത്ര സന്തോഷമുള്ളവരാണ്. സാഹിത്യങ്ങൾ കാണിക്കുമ്പോൾ വളരെയധികം ആവേശപൂർവകമായ സംഭാഷണം നടക്കുന്നു. അധികംതാമസിയാതെ ഞങ്ങൾക്ക് കൈകാര്യംചെയ്യാൻ കഴിയാത്തതുപോലെ സമർപ്പണം നടക്കുന്നു. ഒരു പ്രായമുള്ള മനുഷ്യൻ റേറപ്റെക്കോർഡറിനു പോലും ഒരു വില പറയുന്നു. സുവാർത്തയോടുള്ള വിലമതിപ്പ് ചെറിയ അനേകം വിധങ്ങളിൽ—ഒരു ലജ്ജിതപുഞ്ചിരിയിലും ഒരു സ്പർശനത്തിലും മൃദുലമായ ഒരു ‘നന്ദി’യിലും—പ്രതിഫലിക്കുമ്പോൾ ഞങ്ങൾ അഗാധമായി വികാരതരളിതരാകുന്നു.
കുട്ടികൾ സ്വതഃപ്രേരിതരായി ക്രമരഹിതമായി അണിനിരന്ന് പരമ്പരാഗതമായ ഒരു യാത്രാവന്ദനഗീതം ആലപിക്കുന്നു. പെട്ടെന്ന്, പൊടിനിറഞ്ഞ, ചാലുകീറിയ റോഡുകളും ചിലപ്പോഴത്തെ നിഷേധാത്മകപ്രതികരണങ്ങളും അഗണ്യമായിത്തീരുന്നു. അത് തികച്ചും ശ്രമത്തിനു തക്ക വിലയുള്ളതായിരുന്നു.
ഒരു തലവൻ ഒരു കല്പന പുറപ്പെടുവിക്കുന്നു
കിഴക്കൻ പട്ടണമായ പീററ് റെററീറിനടുത്തുള്ള ഒരു ഗ്രോത്രപ്രദേശത്ത് പ്രസംഗിക്കാനുള്ള ഒരു നിയമനം സോവെറേറായിൽനിന്നുള്ള ഒരു സഭക്കുണ്ടായിരുന്നു. അവിടത്തെ ആചാരം ഒരു സന്ദർശകൻ ആദ്യം പ്രദേശത്തെ എൻഡൂനെയോട് (തലവൻ) തന്റെ കാര്യം പ്രസ്താവിക്കണമെന്ന് നിർദ്ദേശിക്കുന്നു. സഹോദരൻമാർ ആ ക്രമീകരണം അനുസരിച്ചു. തലവൻ അവരെ ഊഷ്മളമായി സ്വാഗതംചെയ്യുകയും തന്റെ സ്വന്തം ഭവനത്തിൽ അവർക്ക് താമസസൗകര്യം കൊടുക്കുകയും പോലും ചെയ്തത് എന്തോരതിശയമായിരുന്നു. കൂടാതെ, പ്രസംഗകർക്ക് വീടുതോറും കൊണ്ടുപോകുന്നതിന് അദ്ദേഹം ഒരു കുറിപ്പ് അഥവാ മുഖവുര എഴുതുകയും ചെയ്തു, അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇവർ ദൈവരാജ്യത്തിന്റെ പ്രസംഗകരാണ്. അവരെ നിങ്ങളുടെ വീട്ടിൽ കൈക്കൊള്ളുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യുക.”
ആ ഞായറാഴ്ച ഉച്ചതിരിഞ്ഞ് തലവന്റെ വീട്ടുമുററത്ത് ഒരു പരസ്യപ്രസംഗം നടത്താൻ ക്രമീകരിക്കത്തക്കവണ്ണം പ്രതികരണം അത്ര അധികമായിരുന്നു. തുറസ്സായ “ഹാൾ” നിറഞ്ഞിരുന്നു. ഗീതത്തോടും പ്രാർത്ഥനയോടുംകൂടെ യോഗം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. മററു ഗ്രാമപ്രദേശങ്ങളിൽ അനുകൂല പ്രകൃതമുണ്ടായിരുന്നവരുമായി സമാനമായ അനുഭവങ്ങൾ ആസ്വദിക്കപ്പെട്ടു.
അങ്ങനെയുള്ള ഒരാൾ ബോഫുതററ്സ്വാനായുടെ വരൾച ബാധിച്ച കോണിലെ ഒരു ചെറുഗ്രാമമായ പിററ്സെഡിസുലേയനിലെ നഥനയേൽ എന്നയാളായിരുന്നു. അയാൾ ഫലകരമായി ഉല്പന്നങ്ങൾ കൃഷിചെയ്യുന്നതിന് സ്ഥലത്തെ ആളുകളെ പഠിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയിൽ ഏർപ്പെട്ടിരുന്ന ഒരു സാമൂഹ്യവികസനപ്രവർത്തകനായിരുന്നു. അയാൾ ഈ വരണ്ട പ്രദേശത്തെ ഒരു പറുദീസായാക്കി മാററുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഒരു ആഗോളപറുദീസാ പെട്ടെന്നു സംജാതമാകുമെന്ന് അയാൾ മനസ്സിലാക്കിയപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. പ്രസംഗകർ അയാളെ കാണിച്ച ഓരോ തിരുവെഴുത്തും അയാൾ ആകാംക്ഷാപൂർവം എഴുതിയെടുത്തു. നഥനയേൽ പെട്ടെന്ന് 30 കിലോമീററർ ദൂരത്തിലുള്ള ഏററവുമടുത്ത സഭയുമായി സമ്പർക്കത്തിലാക്കപ്പെട്ടു.
അനേകം സത്യാന്വേഷകരെ സന്തോഷപൂർവം സഹായിക്കുന്നു
“ആത്മീയവിശപ്പുള്ള ഒരാളെ സത്യം പഠിക്കുന്നതിൽനിന്ന് ദാരിദ്ര്യം തടയുന്നില്ലെന്ന് യഹോവ ഞങ്ങൾക്കു കാണിച്ചുതന്നു” എന്ന് മോനിക്ക എന്ന ഒരു പയനിയർ അഥവാ മുഴുസമയ രാജ്യപ്രഘോഷക പറയുന്നു. അവൾ രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ ഓറഞ്ച് ഫ്രീ സ്റേറററിലുള്ള തുറസ്സായ സമതലങ്ങളിൽ അങ്ങോളമിങ്ങോളം കൃഷിയിടങ്ങൾതോറും പ്രസംഗിക്കുന്ന ഒരു പയനിയർസംഘത്തിന്റെ ഭാഗമായിരുന്നു. സുവാർത്ത ഈ ആളുകളിലേക്കെത്തിക്കുന്നതിന് തങ്ങളേത്തന്നെ ചെലവിടുന്നതുസംബന്ധിച്ച് ഈ പയനിയർമാർ എങ്ങനെയാണ് വിചാരിച്ചത്? “ഞങ്ങൾക്കനുഭവപ്പെട്ട കാര്യങ്ങൾക്ക് ആർക്ക് ഒരു വില നിർണ്ണയിക്കാൻ കഴിയും?,” അവർ പ്രതിവചിച്ചു. തീർച്ചയായും പയനിയർമാരുടെ ശ്രമത്തിന് അവർക്ക് ആത്മീയമായി നല്ല പ്രതിഫലം കിട്ടി.
വായിക്കാനുള്ള അപ്രാപ്തിപോലും തിരുവെഴുത്തുസത്യം പഠിക്കുന്നതിൽനിന്ന് ആത്മീയവിശപ്പുള്ള ഒരാളെ തടയുന്നില്ല. നല്ല ചിത്രങ്ങളോടുകൂടിയ, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക എന്ന ലഘുപത്രിക അക്ഷരജ്ഞാനമില്ലാത്തവർ അല്ലെങ്കിൽ വളരെ കുറച്ചുമാത്രം വായിക്കാൻ കഴിയുന്നവർ നന്നായി സ്വീകരിക്കുന്നു. ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ പറുദീസയുടെ നിറമാർന്ന ചിത്രങ്ങളാൽ ആകൃഷ്ടരാകുന്നു. അങ്ങനെയുള്ള വിവരങ്ങൾ അച്ചടിക്കുന്നതിൽ സഹായിക്കുന്ന ഒരു മുഴുസമയപ്രവർത്തകൻ ഇങ്ങനെ പ്രസ്താവിച്ചു: “ഈ ലഘുപത്രിക ഒരു യാഥാർത്ഥ്യമെന്ന നിലയിൽ പറുദീസയെ കാണുന്നതിന് ആളുകളെ സഹായിക്കുകയും ബൈബിളിനോടുള്ള അവരുടെ സ്വാഭാവിക ഭയാദരവു വർദ്ധിപ്പിക്കുകയും ചെയ്യുന്നു.”
ഇതേ കാരണത്താൽ എന്റെ ബൈബിൾകഥാപുസ്തകം എന്ന പ്രസിദ്ധീകരണം വളരെ ജനപ്രീതിയുള്ളതായിരിക്കുന്നു. ലെബോവയുടെ ഒരു വിദൂരഗോത്രപ്രദേശത്ത് ഭാഗികമായി അന്ധനായിരുന്ന ഒരു വൃദ്ധനും അയാളുടെ ഭാര്യക്കും സെപടിഭാഷയിലുള്ള ഈ പുസ്തകത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നതായി കണ്ടെത്തിയതിൽ നമ്മുടെ ആത്മീയ സഹോദരിമാരിൽ രണ്ടുപേർ അതിശയിച്ചുപോയി. ഈ ഇണകൾ തദ്ദേശീയരായ കുട്ടികളെ പഠിപ്പിക്കുന്നതിന് തങ്ങളുടെ പാഠപ്പുസ്തകമായി അതുപയോഗിച്ചു. യഥാർത്ഥത്തിൽ, ആ പുസ്തകം കീറിമുറിഞ്ഞുപോകത്തക്കവണ്ണം അത്ര നന്നായി അതു പഠിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു പുതിയ പ്രതി കിട്ടിയതിൽ അവർ എത്ര സന്തോഷിച്ചു!
അങ്ങനെ യഥാർത്ഥ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ സത്യത്തിനുവേണ്ടി വിശക്കുന്ന ആളുകളെ സഹായിക്കുന്നതിൽ ഒരു വലിയ ആവശ്യം നിറവേററിക്കൊണ്ടിരിക്കുന്നു. കൗതുകകരമായി, തെക്കൻ ആഫ്രിക്കയിലെ അനേകം പ്രാദേശികഭാഷകളിൽ അച്ചടിക്കുന്ന പുസ്തകങ്ങളുടെ വലിയ പങ്കും ഉല്പാദിപ്പിക്കുന്നത് വാച്ച്ററവർ സൊസൈററിയാണ്. 1990-ൽത്തന്നെ സൊസൈററി പ്രസിദ്ധീകരിച്ച 1,13,529 പുസ്തകങ്ങളും ലഘുപത്രികകളും മാസികകളും ദക്ഷിണാഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ വിതരണംചെയ്യപ്പെട്ടു.
അദ്ധ്വാനഫലം
ഈ നല്ല അനുഭവങ്ങളും സാഹിത്യസമർപ്പണങ്ങളും ദക്ഷിണാഫ്രിക്കയുടെ ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കന്ന ഫലങ്ങളുളവാക്കിയിട്ടുണ്ടോ? തീർച്ചയായുമുണ്ട്. 1989നുശേഷം ദക്ഷിണാഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ സുവാർത്ത ഘോഷിച്ചതിന്റെ നേരിട്ടുള്ള ഫലമായി നാലു സഭകളും ഒററപ്പെട്ട ഒൻപതു കൂട്ടങ്ങളും രൂപവൽക്കരിക്കപ്പെട്ടിട്ടുണ്ട്. താൽക്കാലിക പ്രത്യേക പയനിയർമാരും നിരന്തര പയനിയർമാരുമാണ് ഈ വേലയുടെ അധികപങ്കിനും നേതൃത്വം വഹിച്ചത്.
സൂളുലാൻഡിലെ ആ വിദൂര താഴ്വരയിലെ ഡോറീസിനെയും അവരുടെ സണ്ടേസ്കൂളിനെയും നിങ്ങൾ ഓർക്കുന്നുണ്ടോ? ഇന്ന് അവർ സമർപ്പിതയും സ്നാപനമേററവളുമായ യഹോവയുടെ ഒരു സാക്ഷിയാണ്. മാത്രവുമല്ല, ഒൻപതു രാജ്യപ്രസംഗകരുടെ തഴച്ചുവളരുന്ന ഒരു കൂട്ടം അവിടെ ആത്മീയപുരോഗതി വരുത്തുന്നതിൽ തുടർന്നുകൊണ്ടിരിക്കുന്നു. ഡോറീസിന്റെ വീട്ടിൽ നടത്തുന്ന യോഗങ്ങൾക്ക് അനേകം പുതിയവർ ഹാജരാകുന്നുണ്ട്. 1990 ഡിസംബറിൽ ഡർബനിൽ നടത്തപ്പെട്ട ഡിസ്ട്രിക്ററ് കൺവെൻഷനിൽ അവർ ബൈബിളദ്ധ്യയനം നടത്തിയ ഏഴുപേർ സ്നാപനമേററു.
അങ്ങനെയുള്ള ഫലങ്ങൾ ദക്ഷിണാഫ്രിക്കയിലെ രാജ്യപ്രസംഗകർക്ക് ഹൃദയോഷ്മളമായ ഒരു പ്രചോദനമാണ്. അവർ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ കാര്യമായെടുക്കുന്നു: “അവസരം കിട്ടുമ്പോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്യുക.” (ഗലാത്യർ 6:10) അതെ, ഭൂമിയുടെ ഈ “വിദൂരഭാഗത്തെ” ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്നവർ ഉൾപ്പെടെ പരമാർത്ഥഹൃദയമുള്ള സകലരെയും സമീപിക്കാൻ യഹോവയുടെ ഈ ദാസൻമാർ ഉറച്ചിരിക്കുകയാണ്.—പ്രവൃത്തികൾ 1:8. (w91 11/15)
[24-ാം പേജിലെ ഭൂപടം⁄ചിത്രങ്ങൾ]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ലെബോവ
ട്രാൻസ്വാൾ
സോവെറേറാ
പീററ് റെററീർ
ബോഫുതററ്സ്വാനാ
ഓറഞ്ച് ഫ്രീ സ്റേറററ്