ആത്മനിയന്ത്രണം—വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
“പ്രതികരണമായി നിങ്ങൾ സകല ആത്മാർത്ഥശ്രമവും സംഭാവനചെയ്യുന്നതിനാൽ നിങ്ങളുടെ വിശ്വാസത്തിന് സൽഗുണവും, നിങ്ങളുടെ സൽഗുണത്തിന് പരിജ്ഞാനവും, നിങ്ങളുടെ പരിജ്ഞാനത്തിന് ആത്മനിയന്ത്രണവും പ്രദാനംചെയ്യുക.”—2 പത്രോസ് 1:5, 6, NW.
1. പത്തൊൻപതാം നൂററാണ്ടിൽ ശാരീരികമായ ആത്മനിയന്ത്രണത്തിന്റെ ഏതു ശ്രദ്ധേയമായ പ്രദർശനം നടന്നു?
നിസ്സംശമായി ശാരീരികനിയന്ത്രണത്തിന്റെ അത്യന്തം വിസ്മയകരമായ പ്രദർശനങ്ങളിലൊന്ന് നടത്തിയത് 19-ാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയിൽ ജീവിച്ചിരുന്ന ചാൾസ് ബ്ലോണ്ടിൻ ആയിരുന്നു. ഒരു റിപ്പോർട്ടനുസരിച്ച്, അദ്ദേഹം പലപ്രാവശ്യം നൈജീറിയാ വെള്ളച്ചാട്ടത്തിന് കുറുകെ കടന്നു, ആദ്യം 1859-ൽ 340മീററർ നീളത്തിലും വെള്ളത്തിൽനിന്ന് 50മീററർ ഉയരത്തിലും വലിച്ചുകെട്ടിയിരുന്ന ഒരു ഞാണിൻമേലായിരുന്നു. അതിനുശേഷം അദ്ദേഹം ഓരോ പ്രാവശ്യവും തന്റെ പ്രാപ്തിയുടെ വ്യത്യസ്തമായ ഒരു പ്രദർശിപ്പിക്കലിൽ അങ്ങനെ ചെയ്തു: കണ്ണുകെട്ടിയും ഒരു ചാക്കിൽ കയറിയും ഒററച്ചക്രകൈവണ്ടി ഉരുട്ടിക്കൊണ്ടും പൊയ്ക്കാലിമേലും തന്റെ പുറത്ത് ഒരു മനുഷ്യനെ വഹിച്ചുകൊണ്ടും. മറെറാരു രംഗവിധാനത്തിൽ അദ്ദേഹം നിലത്തുനിന്ന് 52മീററർ ഉയരത്തിൽ വലിച്ചുകെട്ടിയിരുന്ന ഒരു കയറിൽ പൊയ്ക്കാലിമേൽ തലകുത്തി മറിഞ്ഞു. അങ്ങനെയുള്ള സമനില നിലനിർത്തുന്നതിന് അത്യന്തം വലിയ ശാരീരിക ആത്മനിയന്ത്രണം ആവശ്യമാണ്. ബ്ലോണ്ടിന്റെ കഠിനയത്നത്തിന് പ്രശസ്തിയും ധനവും പ്രതിഫലം കൊടുക്കപ്പെട്ടു.
2. ശാരീരികനിയന്ത്രണം ആവശ്യമാക്കിത്തീർക്കുന്ന വേറെ ഏതു പ്രവർത്തനരൂപങ്ങളുണ്ട്?
2 ആ പ്രദർശനങ്ങൾ ആവർത്തിക്കുന്നതിനോട് അധികംപേർക്ക് അടുത്തുവരാൻ പോലും കഴികയില്ലെങ്കിലും തൊഴിൽപരമായ വൈദഗ്ദ്ധ്യങ്ങളുടെ പ്രയോഗത്തിലും സ്പോർട്ട്സിലും ശാരീരികമായ ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം നമുക്കെല്ലാം സുവ്യക്തമാണ്. ദൃഷ്ടാന്തത്തിന്, പരേതനായ പ്രശസ്ത പിയാനോവിദഗ്ദ്ധനായിരുന്ന വ്ളാഡിമിർ ഹൊറോവിററ്സിന്റെ സാങ്കേതികവൈദഗ്ദ്ധ്യത്തെ വർണ്ണിക്കവേ, ഒരു സംഗീതജ്ഞൻ ഇങ്ങനെ പറഞ്ഞു: “എന്നെസംബന്ധിച്ച് വശ്യമായ സംഗതി, പൂർണ്ണനിയന്ത്രണത്തിന്റെ ഒരു ബോധം . . . കെട്ടഴിച്ചുവിടപ്പെടുന്ന അവിശ്വസനീയമായ ഒരു ഊർജ്ജബോധം, ആയിരുന്നു.” ഹൊറോവിററ്സിനെക്കുറിച്ചുള്ള മറെറാരു റിപ്പോർട്ട് “പൂർണ്ണനിയന്ത്രണത്തിൽ പറക്കുന്ന വിരലുകളുടെ എട്ടു ദശാബ്ദങ്ങളെ”ക്കുറിച്ചു പറഞ്ഞു.
3. (എ) സമയവും ശ്രമവും ശ്രദ്ധയും അത്യന്തം ആവശ്യമാക്കിത്തീർക്കുന്ന നിയന്ത്രണരൂപമെന്താണ്, അത് എങ്ങനെ നിർവചിക്കപ്പെടുന്നു? (ബി) ബൈബിളിൽ “ആത്മനിയന്ത്രണം” എന്ന് വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥമെന്ത്?
3 അങ്ങനെയുള്ള വൈദഗ്ദ്ധ്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്, വലിയ ശ്രമം ആവശ്യമാണ്. എന്നിരുന്നാലും, കൂടുതൽ പ്രധാനവും വെല്ലുവിളിപരവുമാണ് ആത്മനിയന്ത്രണം. അത് “ഒരുവന്റെ സ്വന്തം ആവേശങ്ങളുടെയോ വികാരങ്ങളുടെയോ ആഗ്രഹങ്ങളുടെയോ മേൽ പ്രയോഗിക്കപ്പെടുന്ന നിയന്ത്രണം” എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ 2 പത്രോസ് 1:6-ലും മററുള്ളടങ്ങളിലും “ആത്മനിയന്ത്രണം” എന്ന് വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന പദം “തന്റെ ആഗ്രഹങ്ങളെയും വികാരങ്ങളെയും, വിശേഷാൽ തന്റെ ഭോഗാസക്തമായ തൃഷ്ണകളെ, നിയന്ത്രിക്കുന്ന ഒരുവന്റെ സൽഗുണ”മെന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ ആത്മനിയന്ത്രണം “മനുഷ്യ നേട്ടത്തിന്റെ പാരമ്യം” എന്നുപോലും വിളിക്കപ്പെട്ടിട്ടുണ്ട്.
ആത്മനിയന്ത്രണം വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
4. ആത്മനിയന്ത്രണത്തിന്റെ അഭാവം ഏതു ദുഷ്ഫലം കൊയ്തിരിക്കുന്നു?
4 ആത്മനിയന്ത്രണത്തിന്റെ അഭാവം എന്തോരു വിളയാണ് കൊയ്തുകൊണ്ടിരിക്കുന്നത്? ഇന്നു ലോകത്തിലെ അനേകം കുഴപ്പങ്ങളും മുഖ്യമായി ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തമുള്ളവയാണ്. സത്യമായി, ‘ഇടപെടാൻ പ്രയാസമായ വിഷമകരമായ കാലങ്ങൾ’ ഉണ്ടായിരിക്കുന്ന “അന്ത്യനാളുകളി”ലാണ് നാമിന്ന് ജീവിക്കുന്നത്. ആളുകൾ മിക്കപ്പോഴും അത്യാഗ്രഹം നിമിത്തം “ആത്മനിയന്ത്രണമില്ലാത്തവരാണ്,” അതിന്റെ ഒരു രൂപമാണ് “ദൈവസ്നേഹികളായിരിക്കുന്നതിനു പകരം” ഉല്ലാസ സ്നേഹികളായിരിക്കുന്നത്. (2 തിമൊഥെയോസ് 3:1-5) ഏറെയും കടുത്ത ദുർന്നടത്ത നിമിത്തം കഴിഞ്ഞ സേവനവർഷത്തിൽ ക്രിസ്തീയസഭയുമായുള്ള സഹവാസത്തിൽനിന്ന് 40,000ത്തിൽപരം വ്യക്തികളെ പുറത്താക്കിയതിനാൽ ഈ ഗൗരവാവഹമായ സത്യം നമ്മെ ശക്തമായി ഗ്രഹിപ്പിച്ചുതന്നിട്ടുണ്ട്. അധികമായും ലൈംഗികദുർമ്മാർഗ്ഗത്താലാണെങ്കിലും ആത്മനിയന്ത്രണം പാലിക്കുന്നതിലുള്ള പരാജയം നിമിത്തം ശാസന കൊടുക്കപ്പെട്ട അനേകരെയും ഇവരോടു കൂട്ടേണ്ടതാണ്. ദീർഘകാലമായി മൂപ്പൻമാരായിരുന്ന ചിലർക്ക് ഇതേ കാരണത്താൽ മേൽവിചാരകൻമാരെന്ന നിലയിലുള്ള അവരുടെ സകല പദവികളും നഷ്ടമായെന്നുള്ള വസ്തുതയും ഗൗരവാവഹമാണ്.
5. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെ എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിയും?
5 ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഒരു കാറിനാൽ ദൃഷ്ടാന്തീകരിക്കാവുന്നതാണ്. ചലിക്കാൻ പ്രാപ്തമാക്കുന്ന നാലു ചക്രങ്ങളും ആ ചക്രങ്ങളെ അതിശീഘ്രം കറക്കാൻ കഴിയുന്ന ശക്തമായ ഒരു എൻജിനും അവയുടെ ചലനം നിർത്താൻകഴിയുന്ന ബ്രേക്കുകളും അതിനുണ്ട്. സ്ററിയറിംഗ് വീലിന്റെയും ആക്സിലറേറററിന്റെയും ബ്രേക്കുകളുടെയും നിയന്ത്രിത ഉപയോഗത്താൽ ആ ചക്രങ്ങൾ എങ്ങോട്ടു പോകണമെന്നും അവ എത്ര വേഗത്തിൽ കറങ്ങണമെന്നും അവ എപ്പോൾ നിൽക്കണമെന്നും തീരുമാനിക്കാൻ ഡ്രൈവറുടെ സീററിൽ ഒരാളില്ലെങ്കിൽ അപകടം സംഭവിക്കാം.
6. (എ) സ്നേഹത്തെ സംബന്ധിച്ച ഏതു മാനദണ്ഡം ഉചിതമായി ആത്മനിയന്ത്രണത്തിന് ബാധകമാക്കാവുന്നതാണ്? (ബി) നാം ഏതു കൂടുതലായ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കണം?
6 ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം അധികമായി ഊന്നിപ്പറയുക പ്രയാസമായിരിക്കും. 1 കൊരിന്ത്യർ 13:1-3-ൽ അപ്പോസ്തലനായ പൗലോസ് സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞത് ഉചിതമായി ആത്മനിയന്ത്രണത്തെക്കുറിച്ചും പറയാവുന്നതാണ്. പരസ്യപ്രസംഗകരെന്ന നിലയിൽ നാം എത്ര വാചാലരായിരുന്നാലും, നല്ല പഠനശീലങ്ങളിലൂടെ നാം എത്രയധികം പരിജ്ഞാനവും വിശ്വാസവും നേടിയാലും, മററുള്ളവരുടെ പ്രയോജനത്തിനുവേണ്ടി നാം ഏതു പ്രവൃത്തികൾ ചെയ്തുകൊണ്ടിരുന്നാലും, നാം ആത്മനിയന്ത്രണം പാലിക്കുന്നില്ലെങ്കിൽ, അതെല്ലാം വ്യർത്ഥമാണ്. നാം പൗലോസിന്റെ വാക്കുകൾ ഓർത്തിരിക്കണം: “ഒരു ഓട്ടത്തിൽ ഓട്ടക്കാരെല്ലാം ഓടുന്നുവെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനംകിട്ടുന്നുള്ളുവെന്ന് നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾക്ക് അത് നേടാവുന്ന ഒരു വിധത്തിൽ ഓടുക. തന്നെയുമല്ല, ഒരു മത്സരത്തിൽ പങ്കെടുക്കുന്ന ഏതു മനുഷ്യനും സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു.” (1 കൊരിന്ത്യർ 9:24, 25, NW) “താൻ നിൽക്കുന്നുവെന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്ന 1 കൊരിന്ത്യർ 10:12-ലെ പൗലോസിന്റെ മുന്നറിയിപ്പ് സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ സഹായിക്കുന്നു.
മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
7. (എ) ആത്മനിയന്ത്രണത്തിന്റെ അഭാവം മനുഷ്യവർഗ്ഗത്തിന് കീഴ്പോട്ടുള്ള ഗതിയിൽ തുടക്കമിട്ടുകൊടുത്തതെങ്ങനെ? (ബി) ആത്മനിയന്ത്രണത്തിന്റെ അഭാവത്തിന്റെ വേറെ ഏത് ആദിമദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകൾ നമുക്കു നൽകുന്നു?
7 ആദാം തന്റെ പ്രവർത്തനങ്ങളെ ഭരിക്കാൻ ന്യായത്തിനു പകരം വികാരത്തെ അനുവദിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കുന്നതിൽ പരാജയപ്പെട്ടു. തത്ഫലമായി, “പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.” (റോമർ 5:12) ആദ്യത്തെ കൊലപാതകവും ആത്മനിയന്ത്രണത്തിന്റെ അഭാവംകൊണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ യഹോവയാം ദൈവം കയീന് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തിരുന്നു: ‘നീ കോപത്താൽ ചൂടാകുന്നതെന്തുകൊണ്ട്, നിന്റെ മുഖം വാടുന്നതെന്തുകൊണ്ട്? പാപം വാതിൽക്കൽ പതുങ്ങിക്കിടക്കുകയാകുന്നു, നീ അതിനെ കീഴടക്കുമോ?’ കയീൻ പാപത്തെ കീഴടക്കാഞ്ഞതുകൊണ്ട് അവൻ തന്റെ സഹോദരനായ ഹാബേലിനെ കൊലചെയ്തു. (ഉല്പത്തി 4:6-12, NW) ലോത്തിന്റെ ഭാര്യയും ആത്മനിയന്ത്രണം പാലിക്കുന്നതിൽ പരാജയപ്പെട്ടു. പിറകോട്ടു നോക്കുന്നതിനുള്ള പ്രലോഭനത്തെ അവൾക്ക് ചെറുത്തുനിൽക്കാൻ ഒട്ടും കഴിഞ്ഞില്ല. അവളുടെ ആത്മനിയന്ത്രണത്തിന്റെ അഭാവം അവൾക്ക് എന്തു നഷ്ടം വരുത്തി? എന്തിന്, അവളുടെ ജീവൻതന്നെ!—ഉല്പത്തി 19:17, 26.
8. പഴയ കാലത്തെ ഏതു മൂന്നു മനുഷ്യരുടെ അനുഭവങ്ങൾ ആത്മനിയന്ത്രണത്തിന്റെ ആവശ്യംസംബന്ധിച്ച് നമുക്ക് മുന്നറിയിപ്പുകൾ നൽകുന്നു?
8 യാക്കോബിന്റെ ആദ്യജാത പുത്രനായിരുന്ന രൂബേന്റെ ആത്മനിയന്ത്രണത്തിന്റെ അഭാവം നിമിത്തം അവന് ജൻമാവകാശം നഷ്ടപ്പെട്ടു. അവൻ യാക്കോബിന്റെ വെപ്പാട്ടിമാരിൽ ഒരാളുമായി ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ട് തന്റെ അപ്പന്റെ കിടക്കയെ അശുദ്ധമാക്കി. (ഉല്പത്തി 35:22; 49:3, 4; 1 ദിനവൃത്താന്തങ്ങൾ 5:1) ഇസ്രായേല്യർ അവരുടെ പിറുപിറുപ്പും പരാതിയും മത്സരവുംകൊണ്ട് മോശയെ പരീക്ഷിച്ച രീതിയാൽ അവന് കോപം വന്നതുകൊണ്ട് വാഗ്ദത്തനാട്ടിൽ പ്രവേശിക്കുന്നതിന്റെ അതിയായി അഭിലഷിക്കപ്പെട്ട പദവി അവന് നിഷേധിക്കപ്പെട്ടു. (സംഖ്യാപുസ്തകം 20:1-13; ആവർത്തനം 32:50-52) ‘ദൈവത്തിന്റെ സ്വന്തം ഹൃദയത്തിന് യോജിച്ച ഒരു മനുഷ്യനായിരുന്ന’ വിശ്വസ്ത രാജാവായിരുന്ന ദാവീദുപോലും ഒരു സന്ദർഭത്തിലെ അവന്റെ ആത്മനിയന്ത്രണത്തിന്റെ അഭാവം നിമിത്തം അഗാധമായ കുഴപ്പത്തിലകപ്പെട്ടു. (1 ശമുവേൽ 13:14; 2 ശമുവേൽ 12:7-14) അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളെല്ലാം നമുക്ക് ആത്മനിയന്ത്രണം പ്രയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് ആരോഗ്യാവഹമായ മുന്നറിയിപ്പുകൾ നൽകുന്നു.
നാം നിയന്ത്രിക്കേണ്ട ആവശ്യമുള്ളത്
9. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ചില തിരുവെഴുത്തുകൾ ഏവ?
9 ഒന്നാമതായി, ആത്മനിയന്ത്രണത്തിൽ നമ്മുടെ ചിന്തകളും വികാരങ്ങളും ഉൾപ്പെടുന്നു. ഇവ തിരുവെഴുത്തുകളിൽ മിക്കപ്പോഴും “ഹൃദയം” എന്നും “വൃക്കകൾ” എന്നുമുള്ള പദങ്ങളുടെ ആലങ്കാരിക ഉപയോഗത്താൽ പരാമർശിക്കപ്പെടുന്നു. നാം നമ്മുടെ മനസ്സുകളെ എന്തിൽ വ്യാപരിക്കാൻ അനുവദിക്കുന്നുവോ അത് യഹോവയെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ശ്രമത്തെ ഒന്നുകിൽ സഹായിക്കുന്നു അല്ലെങ്കിൽ തടസ്സപ്പെടുത്തുന്നു. സത്യവും നിർമ്മലവും സൽഗുണവുമായ കാര്യങ്ങൾ പരിചിന്തിച്ചുകൊണ്ടിരിക്കാൻ ഫിലിപ്പിയർ 4:8-ൽ കാണപ്പെടുന്ന തിരുവെഴുത്തുബുദ്ധിയുപദേശം അനുസരിക്കുന്നതിന്, ആത്മനിയന്ത്രണം ആവശ്യമാണ്. സങ്കീർത്തനക്കാരനായ ദാവീദ് പ്രാർത്ഥനയിൽ സമാനമായ വികാരങ്ങൾ പ്രകടമാക്കിക്കൊണ്ട് പറഞ്ഞു: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ ഹൃദയത്തിലെ ധ്യാനം . . . നിനക്ക് പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീർത്തനം 19:14) കൂട്ടുകാരനുള്ള യാതൊന്നും ആഗ്രഹിക്കരുതെന്നുള്ള പത്താമത്തെ കല്പന ഒരുവന്റെ ചിന്തകളുടെ നിയന്ത്രണം ആവശ്യമാക്കിത്തീർത്തു. (പുറപ്പാട് 20:17) “ഒരു സ്ത്രീയോട് ഒരു വികാരം തോന്നത്തക്കവണ്ണം അവളെ നോക്കിക്കൊണ്ടിരിക്കുന്ന ഏവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു”വെന്ന് പറഞ്ഞപ്പോൾ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കേണ്ടതിന്റെ ഗൗരവം യേശു ഊന്നിപ്പറഞ്ഞു.—മത്തായി 5:28 NW.
10. ഏതു ബൈബിൾവാക്യങ്ങൾ നമ്മുടെ സംസാരത്തെ നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽകൊടുക്കുന്നു?
10 ആത്മനിയന്ത്രണത്തിൽ നമ്മുടെ വാക്കുകളും നമ്മുടെ സംസാരവും കൂടെ ഉൾപ്പെടുന്നു. നമ്മുടെ നാവുകളുടെ നിയന്ത്രണം പാലിക്കാൻ നമുക്ക് ബുദ്ധിയുപദേശം നൽകുന്ന തിരുവെഴുത്തുകൾ തീർച്ചയായും അനേകമാണ്. ദൃഷ്ടാന്തമായി, “ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലുമല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ.” (സഭാപ്രസംഗി 5:2) “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” (സദൃശവാക്യങ്ങൾ 10:19) “ആവശ്യംപോലെ ആത്മികവർദ്ധനക്കായി നല്ല വാക്കല്ലാതെ ആകാത്തതൊന്നും നിങ്ങളുടെ വായിൽനിന്ന് പുറപ്പെടരുത്. എല്ലാ . . . കൂററാരവും ദൂഷണവും സകല ദുർഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.” നമ്മിൽനിന്ന് മൗഢ്യസംസാരവും അസഭ്യതമാശയും നീക്കംചെയ്യാൻ പൗലോസ് തുടർന്നു ബുദ്ധിയുപദേശിക്കുന്നു.—എഫേസ്യർ 4:29, 31; 5:3, 4.
11. യാക്കോബ് നാവിനെ നിയന്ത്രിക്കുന്ന പ്രശ്നം കൈകാര്യംചെയ്യുന്നതെങ്ങനെ?
11 യേശുവിന്റെ ഒരു അർദ്ധസഹോദരനായിരുന്ന യാക്കോബ് അനിയന്ത്രിതസംസാരത്തെ കുററംവിധിക്കുകയും നാവിനെ നിയന്ത്രിക്കുന്നത് എത്ര പ്രയാസമാണെന്ന് പ്രകടമാക്കുകയും ചെയ്യുന്നു. അവൻ പറയുന്നു: “അങ്ങനെതന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പുപറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീതന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന് തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കുകയും ചെയ്യുന്നു. മൃഗം, പക്ഷി ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യർക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നുതന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരൻമാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.”—യാക്കോബ് 3:5-10.
12, 13. നമ്മുടെ പ്രവർത്തനങ്ങളെയും നടത്തയെയും നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം പ്രകടമാക്കുന്ന ചില തിരുവെഴുത്തുകൾ ഏവ?
12 തീർച്ചയായും, ആത്മനിയന്ത്രണത്തിൽ നമ്മുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വലിയ ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്ന ഒരു മണ്ഡലം വിപരീതലിംഗവർഗ്ഗത്തിൽപെട്ടവരുമായുള്ള നമ്മുടെ ബന്ധങ്ങളോടു ബന്ധപ്പെട്ടതാണ്. ക്രിസ്ത്യാനികൾ ഇങ്ങനെ കല്പിക്കപ്പെട്ടിരിക്കുന്നു: “ലൈംഗികദുർമ്മാർഗ്ഗം വിട്ടോടുക.” (1 കൊരിന്ത്യർ 6:18, ന്യൂ ഇൻറർനാഷനൽ വേർഷൻ) തങ്ങളുടെ ലൈംഗികതാത്പര്യം തങ്ങളുടെ സ്വന്തം ഭാര്യമാരിൽ പരിമിതപ്പെടുത്താൻ ഭർത്താക്കൻമാർ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു, ഭാഗികമായി ഇങ്ങനെ പറയപ്പെട്ടുകൊണ്ട്: “നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണററിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.” (സദൃശവാക്യങ്ങൾ 5:15-20) “ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” എന്ന് നമ്മോടു വ്യക്തമായി പറയപ്പെട്ടിരിക്കുന്നു. (എബ്രായർ 13:4) ഏകാകിത്വത്തിന്റെ വരം നട്ടുവളർത്തുന്നവർക്ക് ആത്മനിയന്ത്രണം വിശേഷാൽ ആവശ്യമാണ്.—മത്തായി 19:11, 12; 1 കൊരിന്ത്യർ 7:37.
13 പൊതുവേ “സുവർണ്ണനിയമം” എന്നു പറയപ്പെടുന്നത് നല്കിയപ്പോൾ യേശു സഹമനുഷ്യരോടുള്ള നമ്മുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മുഴു സംഗതിയും സംഗ്രഹിച്ചുപറഞ്ഞു. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ; ന്യായപ്രമാണവും പ്രവാചകൻമാരും ഇതുതന്നെ.” (മത്തായി 7:12) സത്യമായി, നമ്മുടെ സ്വാർത്ഥ ചായ്വുകൾ അല്ലെങ്കിൽ ബാഹ്യസമ്മർദ്ദങ്ങൾ അല്ലെങ്കിൽ പ്രലോഭനങ്ങൾ അവർ നമ്മോടു പെരുമാറാൻ നാമാഗ്രഹിക്കുന്ന വിധത്തിൽനിന്ന് വ്യത്യസ്തമായി അവരോടു നാം പെരുമാറാനിടയാക്കരുത്.
14. ദൈവവചനം ഭക്ഷണവും പാനീയവും സംബന്ധിച്ച് എന്ത് ബുദ്ധിയുപദേശം നൽകുന്നു?
14 ഇനി ഭക്ഷണവും പാനീയവും സംബന്ധിച്ച ആത്മനിയന്ത്രണത്തിന്റെ സംഗതിയുണ്ട്. ദൈവവചനം ജ്ഞാനപൂർവം ബുദ്ധിയുപദേശിക്കുന്നു: “വീഞ്ഞുകുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.” (സദൃശവാക്യങ്ങൾ 23:20) വിശേഷിച്ച് നമ്മുടെ നാളിനെസംബന്ധിച്ച് യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്ന് കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കോസ് 21:34, 35) അതെ, ആത്മനിയന്ത്രണത്തിൽ നമ്മുടെ ചിന്തകളും നമ്മുടെ വികാരങ്ങളും അതുപോലെതന്നെ നമ്മുടെ വാക്കുകളും നമ്മുടെ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
ആത്മനിയന്ത്രണം വളരെയധികമായ വെല്ലുവിളിയായിരിക്കുന്നതിന്റെ കാരണം
15. ക്രിസ്ത്യാനികൾ ആത്മനിയന്ത്രണം പാലിക്കുന്നതിനോടുള്ള സാത്താന്റെ എതിർപ്പിന്റെ യാഥാർത്ഥ്യത്തെ തിരുവെഴുത്തുകൾ വിശദമാക്കുന്നതെങ്ങനെ?
15 എല്ലാ ക്രിസ്ത്യാനികൾക്കുമറിയാവുന്നതുപോലെ, നമ്മുടെ ആത്മനിയന്ത്രണപാലനത്തിനെതിരെ അണിനിരന്നിരിക്കുന്ന മൂന്ന് പ്രബലശക്തികൾ ഉള്ളതുകൊണ്ട് ആത്മനിയന്ത്രണം അനായാസം വരുന്നില്ല. ഒന്നാമതായി, സാത്താനും അവന്റെ ഭൂതങ്ങളുമുണ്ട്. അവരുടെ ഉൺമ സംബന്ധിച്ച് തിരുവെഴുത്തുകൾ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. അങ്ങനെ, യൂദാ യേശുവിനെ ഒററിക്കൊടുക്കാൻ പുറത്തുപോയതിനു തൊട്ടുമുമ്പ് അവനിൽ “സാത്താൻ പ്രവേശിച്ചു”വെന്ന് നാം വായിക്കുന്നു. (യോഹന്നാൻ 13:27) അപ്പോസ്തലനായ പത്രോസ് അനന്യാസിനോട് ഇങ്ങനെ ചോദിച്ചു: “പരിശുദ്ധാത്മാവിനോടു വ്യാജംകാണിപ്പാനും . . . സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?” (പ്രവൃത്തികൾ 5:3) ഏററവും ഉചിതമായി പത്രോസ് ഇങ്ങനെയും മുന്നറിയിപ്പുനൽകി: “ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടുക്കുന്നു.”—1 പത്രോസ് 5:8.
16. ഈ ലോകത്തെസംബന്ധിച്ച് ക്രിസ്ത്യാനികൾ ആത്മനിയന്ത്രണം പാലിക്കേണ്ടതെന്തുകൊണ്ട്?
16 ആത്മനിയന്ത്രണം പാലിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളിൽ ക്രിസ്ത്യാനികൾ പിശാചായ സാത്താനാകുന്ന “ദുഷ്ടന്റെ അധികാരത്തിൽ” കിടക്കുന്ന ലോകത്തോടും പൊരുതേണ്ടതാണ്. അതിനെസംബന്ധിച്ച്, അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം, ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” നാം ആത്മനിയന്ത്രണം പാലിക്കുകയും ലോകത്തെ സ്നേഹിക്കാനുള്ള ഏതു പ്രവണതയെയും ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്യാത്ത പക്ഷം, പൗലോസിന്റെ ഒരു കാലത്തെ സഹപ്രവർത്തകനായിരുന്ന ദേമാസ് ചെയ്തതുപോലെ നാം അതിന്റെ സ്വാധീനത്തിന് വഴങ്ങിപ്പോകും.—1 യോഹന്നാൻ 2:15-17; 5:19; 2 തിമൊഥെയോസ് 4:10.
17. ആത്മനിയന്ത്രണംസംബന്ധിച്ച ഏതു പ്രശ്നം സഹിതമാണ് നാം ജനിച്ചിരിക്കുന്നത്?
17 അവകാശപ്പെടുത്തിയിരിക്കുന്ന നമ്മുടെ സ്വന്തം ജഡികദൗർബല്യങ്ങളോടും കൃത്യവിലോപങ്ങളോടും വിജയകരമായി പോരാടുന്നതിനും ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് ആത്മനിയന്ത്രണം ആവശ്യമാണ്. “മമനുഷ്യന്റെ ഹൃദയചായ്വ് അവന്റെ ബാല്യംമുതൽ ചീത്തയാണ്” എന്ന വസ്തുതയിൽനിന്നും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. (ഉല്പത്തി 8:21, NW) ദാവീദ്രാജാവിനെപ്പോലെ, ‘അകൃത്യത്തിൽ പ്രസവവേദനയോടെ നാം ജനിപ്പിക്കപ്പെട്ടു, പാപത്തിൽ നമ്മുടെ അമ്മമാർ നമ്മെ ഗർഭംധരിച്ചു.’ (സങ്കീർത്തനം 51:5) ഒരു നവജാതശിശുവിന് ആത്മനിയന്ത്രണത്തെക്കുറിച്ച് യാതൊന്നും അറിയാൻപാടില്ല. അതിന് എന്തെങ്കിലും വേണ്ടപ്പോൾ അതു കിട്ടുന്നതുവരെ അതു കരഞ്ഞുകൊണ്ടിരിക്കുന്നു. ശിശുപരിശീലനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: ‘കുട്ടികൾ മുതിർന്നവരിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു വിധത്തിൽ ചിന്തിക്കുന്നു. കുട്ടികൾ സ്വാർഥപ്രിയരാണ്, മിക്കപ്പോഴും “മറെറാരാളുടെ സ്ഥാനത്ത് തങ്ങളേത്തന്നെ നിർത്താൻ” അവർ അപ്രാപ്തരായതുകൊണ്ട് ഏററവും യുക്തിപൂർവകമായ പ്രേരണയോടും അവർ പ്രതികരണമുള്ളവരല്ല.’ വാസ്തവമായി, “ഒരു ബാലന്റെ ഹൃദയത്തോട് ഭോഷത്വം പററിയിരിക്കുന്നു.” എന്നിരുന്നാലും “ശിക്ഷെക്കുള്ള വടി”യുടെ പ്രയോഗത്താൽ അവൻ അനുസരിക്കേണ്ട നിയമങ്ങളുണ്ടെന്നും സ്വാർത്ഥത നീക്കംചെയ്യേണ്ടതാണെന്നും അവൻ ക്രമേണ മനസ്സിലാക്കുന്നു.—സദൃശവാക്യങ്ങൾ 22:15.
18. (എ) യേശു പറയുന്നതനുസരിച്ച്, ആലങ്കാരിക ഹൃദയത്തിൽ ഏത് പ്രവണതകൾ വസിക്കുന്നു? (ബി) പൗലോസിന്റെ ഏതു വാക്കുകൾ ആത്മനിയന്ത്രണം പാലിക്കുന്നതിലെ പ്രശ്നം സംബന്ധിച്ച് അവന്റെ അറിവ് പ്രകടമാക്കുന്നു?
18 അതെ, ആത്മനിയന്ത്രണം പാലിക്കേണ്ടിവരുമ്പോൾ നമ്മുടെ ജൻമസിദ്ധ സ്വാർത്ഥപ്രവണതകൾ നമുക്ക് ഒരു വെല്ലുവിളിയായിത്തീരുന്നു. ആ പ്രവണതകൾ ആലങ്കാരികഹൃദയത്തിലാണ് വസിക്കുന്നത്, അതിനെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.” (മത്തായി 15:19) അതുകൊണ്ടാണ് പൗലോസ് ഇങ്ങനെ എഴുതിയത്: “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നൻമ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിൻമയത്രെ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നുവെങ്കിലോ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.” (റോമർ 7:19, 20) എന്നിരുന്നാലും, ഇത് നിരാശാജനകമായ ഒരു സാഹചര്യമല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ പൗലോസ് ഇങ്ങനെ എഴുതി: “മററുള്ളവരോടു പ്രസംഗിച്ച ശേഷം ഞാൻതന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രെ ചെയ്യുന്നതു.” അവന്റെ ശരീരത്തെ ദണ്ഡിപ്പിക്കുന്നതിന് ആത്മനിയന്ത്രണം ആവശ്യമായിരുന്നു.—1 കൊരിന്ത്യർ 9:27.
19. താൻ തന്റെ ശരീരത്തെ ദണ്ഡിപ്പിച്ചുവെന്ന് പൗലോസിന് ഉചിതമായി പറയാൻകഴിഞ്ഞതെന്തുകൊണ്ട്?
19 താൻ തന്റെ ശരീരത്തെ ദണ്ഡിപ്പിച്ചുവെന്ന് ഉചിതമായി പൗലോസിനു പറയാൻ കഴിഞ്ഞു, എന്തുകൊണ്ടെന്നാൽ ഉന്നത രക്തസമ്മർദ്ദം, ഞരമ്പുവൈകല്യങ്ങൾ, നിദ്രാരാഹിത്യം, തലവേദനകൾ, ദഹനക്കുറവ് മുതലായ ശാരീരികഘടകങ്ങൾ ആത്മനിയന്ത്രണപാലനത്തെ സങ്കീർണ്ണമാക്കുന്നു. അടുത്ത ലേഖനത്തിൽ നാം ആത്മനിയന്ത്രണം പാലിക്കാൻ നമ്മെ തുണക്കുന്ന ഗുണങ്ങളും സഹായങ്ങളും പരിചിന്തിക്കുന്നതായിരിക്കും. (w91 11/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ആത്മനിയന്ത്രണം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ ആത്മനിയന്ത്രണത്തിന്റെ അഭാവം നിമിത്തം നഷ്ടമനുഭവിച്ച ചിലരുടെ ദൃഷ്ടാന്തങ്ങളേവ?
◻ ഏതു മണ്ഡലങ്ങളിൽ നാം ആത്മനിയന്ത്രണം പാലിക്കേണ്ടതാണ്?
◻ ഏതു മൂന്നു ശത്രുക്കൾ ആത്മനിയന്ത്രണം പാലിക്കുന്നതു നമുക്കു പ്രയാസമാക്കിത്തീർക്കുന്നു?
[8-ാം പേജിലെ ചാൾസ് ബ്ലോണ്ടിന്റെ ചിത്രം]
[കടപ്പാട്]
Historical Pictures Service
[10-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ ഭക്ഷണവും പാനീയവും സംബന്ധിച്ച് ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്
[11-ാം പേജിലെ ചിത്രം]
ആത്മനിയന്ത്രണം ഹാനികരമായ കുശുകുശുപ്പിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ നമ്മെ സഹായിക്കും