യഹോവയുടെ ഭൗമിക സ്ഥാപനത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
നന്നായി ചെത്തി മിനുക്കിയെടുത്ത ഉജ്ജ്വലമായ ഒരു വജ്രത്തെ നോക്കുക, നിങ്ങൾ എന്തു കാണുന്നു? യഥാർത്ഥത്തിൽ സുന്ദരമായ ഒരു രത്നം. എന്നാൽ ഇപ്പോൾ ഒരു സൂക്ഷ്മദർശിനിയിലൂടെ അതിനെ നോക്കുക, നിങ്ങൾ എന്തു കാണുന്നു? സാദ്ധ്യതയനുസരിച്ച് ചില പോറലുകളോ പൊട്ടലുകളോ അല്ലെങ്കിൽ പോരായ്മകളോ കണ്ടേക്കാം.
സൂക്ഷ്മദർശിനിയുടെ കീഴിൽ അത് എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങൾ ആ വജ്രം നശിപ്പിക്കുകയോ ഉപേക്ഷിച്ചു കളയുകയോ ചെയ്യുമോ? തീർച്ചയായും ഇല്ല! സൂക്ഷ്മദർശിനിയിൽ നിന്ന് ഒരു ചുവട് മാറിനിൽക്കുക, മററു രത്നങ്ങളെക്കാൾ അതിനെ ശ്രേഷ്ഠമാക്കുന്ന അതിന്റെ സൗന്ദര്യവും അസാധാരണ ശോഭയും നിങ്ങൾക്ക് ഇപ്പോഴും വിലമതിക്കാൻ കഴിയും.
ഒരു വജ്രം പോലെ യഹോവയുടെ ഭൗമിക സ്ഥാപനം പല വിധങ്ങളിലും മുന്തിയതായി നിലകൊള്ളുന്നു. ഭൂമിയിലെ മററ് യാതൊരു സ്ഥാപനവും സ്രഷ്ടാവുമായി അടുത്ത ഒരു ബന്ധം ആസ്വദിക്കുന്നില്ല. ഒന്നാം നൂററാണ്ടിലെ സ്വർഗ്ഗീയ പ്രത്യാശ വച്ചുപുലർത്തിയിരുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്കുള്ള ഒരു ലേഖനത്തിൽ ഈ പ്രത്യേക ബന്ധത്തെ അപ്പോസ്തലനായ പത്രോസ് പരാമർശിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ഒരു തെരഞ്ഞെടുക്കപ്പെട്ട ജാതിയും ഒരു രാജകീയ പുരോഹിത വർഗ്ഗവും ഒരു വിശുദ്ധ ജനതയും ഒരു പ്രത്യേക സമ്പത്തായ ജനവുമാകുന്നു.” (1 പത്രോസ് 2:9) ഇന്ന് ഭൂമിയിലെ നിത്യജീവന്റെ പ്രത്യശയോടുകൂടിയ “വേറെആടുകളുടെ” ഒരു മഹാപുരുഷാരം ദൈവത്തെ ആരാധിക്കുന്നതിൽ “വിശുദ്ധ ജനതയിൽ” ശേഷിപ്പുള്ളവരോട് ചേർന്നിരിക്കുന്നു. (യോഹന്നാൻ 10:16) ഈ രണ്ടു കൂട്ടങ്ങളും കൂടെ ചേർന്ന് സുന്ദരവും അസാധാരണ ശോഭയുള്ളതുമായ ഒരു രത്നം പോലെ മുന്തിനിൽക്കുന്ന ഒരു സ്ഥാപനമായിത്തീർന്നിരിക്കുന്നു.
മററുള്ളവരെ വിമർശന ദൃഷ്ടിയോടെ വീക്ഷിക്കുന്നത് ഒഴിവാക്കുക
എന്നാൽ ഈ ലോകവ്യാപകസ്ഥാപനം അപൂർണ്ണരായ മനുഷ്യർ ചേർന്നുള്ളതാണ് എന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് നാം അതിനെ ഒരു ആലങ്കാരിക സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചാൽ എന്തു സംഭവിക്കും? അതെ, അതിന്റെ ഭാഗമായിരിക്കുന്ന വ്യക്തികളിൽ നാം പാപത്തിലേക്കുള്ള ചായ്വുകളും വ്യക്തിപരമായ ബലഹീനതകളും കാണും.—റോമർ 3:23.
തനിക്ക് അത്തരം ബലഹീനതകൾ ഉണ്ടായിരുന്നെന്ന് അപ്പോസ്തലനായ പൗലോസ് സമ്മതിച്ചു. അവൻ പറഞ്ഞു: “ശരിയായത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾ ചീത്തയായത് എന്നിലുണ്ട്.” (റോമർ 7:21) എല്ലാ ക്രിസ്ത്യാനികളും ഈ തരത്തിലുള്ള സംഘർഷം അനുഭവിക്കേണ്ടി വരുന്നു. എല്ലാവരും തെററുകൾ വരുത്തുന്നു. മാത്രവുമല്ല ഒരിക്കൽ അല്ലെങ്കിൽ മറെറാരിക്കൽ മററാരുടെയെങ്കിലും തെററിന്റെ ഫലമായി അനേകർ കഷ്ടം അനുഭവിക്കേണ്ടി വരുന്നു. സഹക്രിസ്ത്യാനികളുടെ ബലഹീനതകളും അപൂർണ്ണതകളും വെളിച്ചത്തു വരുമ്പോൾ നാം നിരുൽസാഹിതരാവുകയോ ധാരണകൾ പാടെ തിരുത്തുകയോ ചെയ്യേണ്ടതുണ്ടോ? അത് യഹോവയുടെ സ്ഥാപനത്തോടുള്ള നമ്മുടെ വിലമതിപ്പ് കുറക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല! മറിച്ച്, നാം സൂക്ഷ്മദർശിനിയിൽ നിന്ന് ഒരു ചുവട് മാറി നിൽക്കുകയാണ് വേണ്ടത്, വ്യക്തികളുടെ അപൂർണ്ണതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുക.
പരിശുദ്ധാത്മാവ് ആരുടെമേൽ പ്രവർത്തിക്കുന്നുവോ അത്തരം ആളുകളെ തിരിച്ചറിയിക്കുന്ന പല സവിശേഷതകളും തിരുവെഴുത്തുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം സൗമ്യത, ആത്മനിയന്ത്രണം” എന്നിവ അവയിൽ ചിലതാണ്. (ഗലാത്യർ 5:22, 23) അതിന് വിപരീതമായി ഈ ലോകത്തിലെ മതപരവും രാഷ്ട്രീയവും വ്യാപാരപരവുമായ സ്ഥാപനങ്ങൾ മിക്കപ്പോഴും ജഡത്തിന്റെ പ്രവൃത്തികൾ എന്ന് ബൈബിൾ പരാമർശിക്കുന്നവ പ്രകടമാക്കുന്നു: “പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത്” എന്നിവപോലുള്ള കാര്യങ്ങൾ. (ഗലാത്യർ 5:20, 21) അങ്ങനെ സാധാരണ പാറക്കഷണങ്ങൾക്കിടയിൽ ഒരു വെട്ടിത്തിളങ്ങുന്ന വജ്രം പോലെ ആത്മീയമായി ദുഷിച്ച ഒരു ലോകത്തിൻമദ്ധ്യേ യഹോവയുടെ ജനം തിളങ്ങി നിൽക്കുന്നു.—മത്തായി 5:14-16.
“ഒരേ മനസ്സിൽ ഉചിതമായി യോജിപ്പിക്കപ്പെട്ടവർ”
ഒരു വജ്രത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത നന്നായി പററികൂടിയിരിക്കുന്നതും കെട്ടുറപ്പുള്ളതുമായ അതിന്റെ ആററം ഘടനയാണ്. സമാനമായി യഹോവയുടെ സ്ഥാപനം ഉപദേശപരമായും സാഹോദര്യത്തിലും അതുല്യമായ ഐക്യം പ്രകടമാക്കുന്നു. ആ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നവർ ബൈബളിൽ 1 കൊരിന്ത്യർ 1:10-ൽ കാണപ്പെടുന്ന ഉപദേശം ബാധകമാക്കുന്നു. അതിപ്രകാരം പ്രസ്താവിക്കുന്നു: “സഹോദരൻമാരെ, നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കുകയും നിങ്ങളുടെയിടയിൽ ഭിന്നതയുണ്ടാകാതെ നിങ്ങൾ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുകയും വേണമെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.”
കൂടാതെ യഹോവയുടെ സാക്ഷികൾക്ക് വർഗ്ഗീയ മുൻവിധികൾക്കും ദേശീയ അഹന്തക്കും അതീതരായിരിക്കാൻ കഴിഞ്ഞിരിക്കുന്നു. “ഉയരത്തിൽ നിന്നുള്ള ജ്ഞാന”മുള്ളതിനാൽ അവർ ‘പക്ഷപാതപരമായി’ പെരുമാറുന്നില്ല. (യാക്കോബ് 3:17) അപൂർണ്ണരായ മനുഷ്യർ ചേർന്നുള്ള ഒരു സ്ഥാപനത്തിൽ ഇതു സംബന്ധിച്ച് യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി നാം അവന് മഹത്വം കൊടുക്കുന്നു.
ഇതിന് നേരെ വിപരീതമായി, ദി ക്രിസ്ത്യൻ സെഞ്ച്വറി എന്ന മാസിക 1990 എന്ന വർഷത്തെക്കുറിച്ച് സംസാരിക്കുകയിൽ “ലോകം ഇന്ന് മുമ്പെന്നത്തെതിനേക്കാൾ അധികമായി മതവിഭാഗങ്ങളാലും മതവിശ്വാസങ്ങളോട് അടുത്തു ബന്ധപ്പെട്ട വർഗ്ഗീയമോ ദേശീയമോ ആയ വികാരങ്ങളാലും ഭിന്നിക്കപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുകയുണ്ടായി. ഇൻഡ്യ മുതൽ യൂറോപ്പുവരെയും മദ്ധ്യപൂർവ്വദേശം മുതൽ പസഫിക് വരെയും മിക്കപ്പോഴും രാഷ്ട്രീയ തിരിമറികൾ സൃഷ്ടിച്ചുകൊണ്ട് മതം വർഗ്ഗീയവും ദേശീയവുമായ താൽപ്പര്യങ്ങളിൽ കൂടികലർന്നിരിക്കുന്നു.” വ്യക്തമായും, ദൈവത്തെ സേവിക്കാനാഗ്രഹിക്കുന്നവർ യഹോവയുടെ ആത്മാവും അനുഗ്രഹവും എന്തിൻമേൽ ഉണ്ടോ ആ ഏകസ്ഥാപനത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു.
‘ഞാൻ നിന്റെ നെററി ഒരു വജ്രം പോലെയാക്കിയിരിക്കുന്നു’
പ്രകൃതിയിൽ കാണപ്പെടുന്ന വസ്തുക്കളിൽ മനുഷ്യന് അറിവുള്ളതിലേക്കും ഏററം കടുപ്പമുള്ള വസ്തു വജ്രമാണ്. മററു കടുപ്പമുള്ള വസ്തുക്കളിൽ കൊത്തുപണി ചെയ്യുന്നതിന് വജ്രം ഉപയോഗിക്കുന്നതിനെ ബൈബിൾ പരാമർശിക്കുന്നു. (യിരെമ്യാവ് 17:1) യെഹെസ്ക്കേലിനോടുള്ള യഹോവയുടെ വാക്കുകളും കുറിക്കൊള്ളുക: “നോക്കൂ! ഞാൻ നിന്റെ മുഖം അവരുടെ മുഖംപോലെ തന്നെ കടുപ്പവും നിന്റെ നെററി അവരുടെ നെററിപോലെതന്നെ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്റെ നെററി തീക്കല്ലിനേക്കാൾ കടുപ്പമുള്ള വജ്രം പോലെ ആക്കിയിരിക്കുന്നു.” (യെഹെസ്ക്കേൽ 3:8, 9) കടുംപിടുത്തക്കാരായിരുന്ന ഒരു ജനത്തോട് പ്രവചിക്കാൻ കഴിയത്തക്കവണ്ണം യഹോവ യെഹെസ്ക്കേലിന് വജ്രംപോലെയുള്ള ദൃഢത നൽകി.—യെഹെസ്ക്കേൽ 2:6.
സമാനമായി ഇന്ന് ‘വലിയ എതിർപ്പിൻ മുമ്പിൽ യഹോവ തന്റെ ജനത്തിന് വജ്രസമാനമായ ദൃഢത നൽകിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ നിയമം മൂലമുള്ള നിരോധനങ്ങളും ജനക്കൂട്ടത്താലുള്ള ആക്രമണങ്ങളും കൊലയും പ്രഹരങ്ങളും അനായാസമായ തടവു ശിക്ഷയും പീഡനവും വധശിക്ഷയും സഹിച്ചിരിക്കുന്നു. എന്നിരുന്നാലും തങ്ങളുടെ വിശ്വാസം അഭേദ്യമാണെന്ന് അവർ തെളിയിച്ചിരിക്കുന്നു.
“എന്റെ സ്വന്തം ദാസൻമാർ സന്തോഷിക്കും”
മനുഷ്യർക്ക് “ദൈവിക ഭക്തിയുടെ ഒരു രൂപം” ഉണ്ടായിരിക്കുകയും എന്നാൽ “അതിന്റെ ശക്തിയില്ലാതിരിക്കുകയും” ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയോസ് 3:1, 5) “പ്രോട്ടസ്ററൻറുകാരും കത്തോലിക്കരും യഹൂദൻമാരും തങ്ങളുടെ പള്ളികളിലും സിനഗോഗുകളിലും ആളുകൾ കുറഞ്ഞു വരുന്നതിനെപ്പററി ഉൽക്കണ്ഠാകുലരാണെന്ന്” ഒരു ന്യൂസ് പേപ്പർ റിപ്പോർട്ടു ചെയ്യുന്നു. നേരെമറിച്ച്, യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ഗൗരവമുള്ള പഠിതാക്കളാണ്. എണ്ണത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന അവർ ചെറുപ്പക്കാരും പ്രായമായവരും പുരുഷൻമാരും സ്ത്രീകളും എല്ലാവരും വാരംതോറും പല മീററിംഗുകളിൽ സംബന്ധിക്കുന്നു. പത്രാധിപർക്കുള്ള ഒരു കത്ത് അവരെപ്പററി ഇപ്രകാരം പറഞ്ഞു: “അവർക്കുള്ളതിൽ ഏററം വിലപ്പെട്ടത് അവരുടെ മതമാണ്, അത് മററുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണ് അവരുടെ ഏക താൽപ്പര്യം.”
അത്തരമൊരു മനോഭാവം യഹോവയുടെ സ്ഥാപനം ഒരു വിലപിടിപ്പുള്ള വജ്രം പോലെ ശോഭിക്കാൻ ഇടയാക്കുന്നു. അതിന്റെ ബഹുമതി അപൂർണ്ണ മനുഷ്യരെ തന്റെ ആത്മാവിനാൽ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്ന ആ ഒരുവന് ഉള്ളതാണ്.
യെശയ്യാ പ്രവാചകൻ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “പരമാധികാര കർത്താവായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഭക്ഷിക്കും . . . നോക്കൂ! എന്റെ സ്വന്തം ദാസൻമാർ പാനം ചെയ്യും . . . നോക്കൂ! എന്റെ സ്വന്തം ദാസൻമാർ സന്തോഷിക്കും . . . നോക്കൂ! എന്റെ സ്വന്തം ദാസൻമാർ നല്ല ഹൃദയാവസ്ഥ നിമിത്തം സന്തോഷം കൊണ്ട് ആർപ്പു വിളിക്കും.’”—യെശയ്യാവ് 65:13, 14.
ഇന്ന് നാം ഈ പ്രവചനത്തിന്റെ നിവൃത്തി കാണുന്നു. ഒരു അസാധാരണമായ വിധത്തിൽ ദൈവം തന്റെ ജനത്തിനുവേണ്ടി കരുതുന്നു! അതുകൊണ്ട് നിങ്ങൾ അവരോടുകൂടെ സഹവസിക്കുന്നുവെങ്കിൽ ഏതെങ്കിലും നിഷേധാത്മകമായ ചിന്ത നിങ്ങളുടെ സന്തോഷത്തെ കവർന്നുകളയാൻ അനുവദിക്കരുത്. ചിത്രം മുഴുവനായി കാണുകയും ഇത് ഓർമ്മിക്കുകയും ചെയ്യുക: ഭൂമിയിൽ ദൈവത്തിന്റെ പ്രത്യേക കരുതലും സംരക്ഷണവും ആസ്വദിക്കുന്ന വേറൊരു സ്ഥാപനവും ഇല്ല. അതിന്റെ ഭാഗമായിരിക്കുന്നതിനുള്ള നിങ്ങളുടെ പദവിയെ ഒരു നിധിയായി എന്നും കണക്കാക്കുക. (w91 11/1)