രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സത്യാന്വേഷികൾ അനൗപചാരിക സാക്ഷീകരണത്തോട് പ്രതികരിക്കുന്നു
ചെമ്മരിയാടു തുല്യരായ ആളുകൾ നല്ല ഇടയന്റെ ശബ്ദത്തിന് ചെവികൊടുക്കുമെന്ന് ബൈബിൾ നമ്മോട് പറയുന്നു. (യോഹന്നാൻ 10:27) ബ്രിട്ടൻ ഉൾപ്പെടെ പല രാജ്യങ്ങളിലും അവസ്ഥ ഇതായിരുന്നിട്ടുണ്ട്.
◻ ഉദാഹരണത്തിന്, 1988 ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് യഹോവയുടെ സാക്ഷികളിലൊരാളായ പമീല ഓഫീസിലെ ടെലിഫോണിലൂടെ അതേ കമ്പനിയിൽ ഇംഗ്ലണ്ടിന്റെ മറെറാരു ഭാഗത്ത് ജോലി ചെയ്യുന്ന ഒരു സെയിൽസ്മാനോട് സംസാരിച്ചു. സംഭാഷണത്തിന്റെ അവസാനം ആ മനുഷ്യൻ ചോദിച്ചു: “നിങ്ങൾ ക്രിസ്തുമസ്സിന് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയോ?” “ഇല്ല!”, എന്ന് പമീല പറഞ്ഞു. “നിങ്ങൾ അൽപ്പം താമസിച്ചു പോയില്ലേ?” അയാൾ ചോദിച്ചു. “ഞാൻ ക്രിസ്തുമസ്സ് ആഘോഷിക്കാറില്ല,” പമീല മറുപടി പറഞ്ഞു. അത് അസാധാരണമായിരിക്കുന്നെന്നും ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നും അയാൾ ചോദിച്ചു. താൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നും യേശുവിന്റെ ജൻമദിനം ആഘോഷിക്കാൻ ബൈബിളിൽ കൽപ്പനയില്ലെന്നും മാത്രവുമല്ല യേശു ഡിസംബർ 25-ന് അല്ല ജനിച്ചതെന്നും ക്രിസ്തുമസ്സ് ഒരു പുറജാതി ആഘോഷമാണെന്നും അവൾ വിശദീകരിച്ചു. ഇതെല്ലാം വളരെ രസകരമായിരിക്കുന്നു എന്ന് ഫോൺ വിളിച്ചയാൾ പറഞ്ഞു.
മൂന്നു മാസങ്ങൾക്കുശേഷം വീണ്ടും അയാൾ ഫോണിൽ വിളിച്ചപ്പോൾ അയാൾ പറഞ്ഞു: “ക്രിസ്തുമസ്സിന് മുമ്പ് എന്നോട് സംസാരിച്ചതും നിങ്ങൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നില്ല എന്ന് പറഞ്ഞതും ഓർമ്മിക്കുന്നുണ്ടോ? കൊള്ളാം, ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!” ക്രിസ്തുമസ്സ് കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം രണ്ടു സാക്ഷികൾ അയാളുടെ വീട് സന്ദർശിച്ചു. അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു, ഒരു ബൈബിൾ അദ്ധ്യയനവും ആരംഭിച്ചു. അയാൾ വളരെ വേഗം പഠനത്തിൽ പുരോഗമിച്ചു. തന്നോടൊപ്പം വസിച്ചിരുന്ന പെൺകുട്ടിയോട് ആ ജീവിതശൈലി യഹോവക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞുകൊണ്ട് അയാൾ വേർപിരിഞ്ഞു. ഇപ്പോൾ അവർ രണ്ടുപേരും രാജ്യഹാളിലെ മീററിംഗിൽ സംബന്ധിക്കുന്നുണ്ടായിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോൾ അവർ സ്നാപനമേൽക്കാത്ത പ്രസാധകരായി അംഗീകരിക്കപ്പെട്ടു, 1990 ആരംഭത്തിൽ അവർ വിവാഹിതരായി. പിന്നീട് അവർ ഒരുമിച്ച് സ്നാപനമേററു. ടെലിഫോണിലൂടെയുള്ള ഒരു ഹ്രസ്വമായ അനൗപചാരിക സാക്ഷീകരണത്തിന്റെ നല്ല ഫലം!
◻ ഇംഗ്ലണ്ടിൽ അനൗപചാരിക സാക്ഷീകരണം നടത്തിയ മറെറാരു സഹോദരിയെയും യഹോവ അനുഗ്രഹിച്ചു. ഒരു ഇൻഷ്വറൻസുകാരൻ വീട്ടുവാതിൽക്കൽ വന്നപ്പോൾ നല്ല ആരോഗ്യവും സന്തുഷ്ടിയും നിത്യജീവനും സംബന്ധിച്ച് ഉറപ്പു ലഭിക്കാൻ അയാൾക്ക് താൽപ്പര്യമുണ്ടോ എന്ന് സഹോദരി അയാളോട് ചോദിച്ചു. തനിക്ക് താൽപ്പര്യമുണ്ടെന്നും ഏതു ഇൻഷ്വറൻസ് പോളിസിയെപ്പററിയാണ് അവൾ സംസാരിക്കുന്നതെന്നും അയാൾ ചോദിച്ചു. പരദീസാ ഭൂമിയിലെ നിത്യജീവനെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം ബൈബിളിൽ നിന്ന് കാണിച്ചുകൊടുക്കപ്പെട്ടപ്പോൾ “നിങ്ങൾക്ക് പരദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയും”, എന്ന പുസ്തകം അയാൾ സ്വീകരിക്കുകയും ആ പ്രസിദ്ധീകരണം ഒററ രാത്രികൊണ്ട് വായിച്ചു തീർക്കുകയും ചെയ്തു. അയാൾ ആ സഹോദരിയെ വീണ്ടും സന്ദർശിച്ചപ്പോൾ ആ പുസ്തകത്തിലെ വിവരങ്ങൾ അത്ഭുതകരമായിരിക്കുന്നുവെന്നും അത് വിശ്വസിക്കാൻ മാത്രം തനിക്ക് വിശ്വാസമുണ്ടായിരുന്നാൽ കൊള്ളാമായിരുന്നെന്നും അയാൾ പറഞ്ഞു. അയാൾ ബൈബിൾ പഠിക്കുകയും രാജ്യഹാളിലെ മീററിംഗുകൾക്ക് ഹാജരാകാവുകയും ചെയ്യേണ്ടതുണ്ടെന്ന് അവൾ വിശദീകരിച്ചു. ഒരു ബൈബിൾ അദ്ധ്യയനം ആരംഭിക്കുകയും അയാൾ മീററിംഗുകൾക്ക് ഹാജരായിത്തുടങ്ങുകയും ചെയ്തു. ആ വർഷം ശരത്ക്കാലത്ത് അയാൾ സ്നാപനമേററു. ഒരു വർഷത്തിനു ശേഷം അയാൾക്ക് ആദ്യം സാക്ഷ്യം കൊടുത്ത സഹോദരിയുടെ പുത്രിയെ അയാൾ വിവാഹം ചെയ്തു. “അതുകൊണ്ട് ഒരു അനൗപചാരിക സാക്ഷീകരണത്തിലൂടെ എനിക്ക് ഒരു സഹോദരനെയും ഒരു മരുമകനെയും ലഭിച്ചു” എന്ന് ആ സഹോദരി പറയുന്നു.
അനൗപചാരിക സാക്ഷീകരണത്തിലൂടെ ബൈബിൾ സത്യങ്ങൾ എത്തിച്ചു കൊടുക്കപ്പെടുമ്പോൾ സത്യാന്വേഷികൾ പ്രതികരിക്കുന്നു എന്നത് ഒരു വാസ്തവമാണ്. യേശു പറഞ്ഞപ്രകാരം അവന്റെ ആടുകൾ അവന്റെ ശബ്ദം ശ്രവിക്കുന്നു. (w91 11/1)