പ്രതികാരം ചെയ്യുന്നത് തെററാണോ?
ഐക്യനാടുകളിലെ ഒരു ഹൈവേയിൽ ഒരു കാർ ഡ്രൈവർ മറെറാരു കാറിന് വഴി മാറിക്കൊടുക്കാൻ അല്പം വൈകി. രണ്ടാമത്തെ കാറിന്റെ ഡ്രൈവർ മറേറ കാറിന് നേരെ വെടി വയ്ക്കുകയും നിരപരാധിയായ ഒരു യാത്രക്കാരനെ കൊല്ലുകയും ചെയ്തുകൊണ്ട് പകരം വീട്ടി.
ഒരു കൗമാരപ്രായക്കാരി പെൺകുട്ടി സ്കൂൾ നാടകത്തിലെ തന്റെ ഭാഗം മറെറാരു പെൺകുട്ടിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. അവൾ മറെറാരു സ്കൂളിലെ ഒരു ആൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് അവളുടെ ബോയ്ഫ്രണ്ടിനോട് പറഞ്ഞുകൊണ്ട് ആദ്യം പറഞ്ഞ പെൺകുട്ടി തിരിച്ചടിച്ചു. അങ്ങനെ ആ പെൺകുട്ടിക്ക് തന്റെ ബോയ്ഫ്രണ്ടുമായി ഉണ്ടായിരുന്ന നല്ല ബന്ധം തകർത്തു.
തങ്ങൾ ദ്രോഹിക്കപ്പെട്ടതായി വിചാരിക്കുമ്പോൾ തിരിച്ചടി കൊടുക്കുന്നതിനെ അനേകമാളുകൾ ന്യായീകരിക്കുന്നു. ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ അവർ ഈ മുദ്രാവാക്യം അനുസരിക്കുന്നു: “കോപവെറി പിടിക്കരുത്, തിരിച്ചടി കൊടുക്കുക മാത്രം ചെയ്യുക.” ഇന്ന് അയൽക്കാരോടുള്ള സ്നേഹം തീരെ കുറഞ്ഞുപോയിരിക്കുന്നു, പ്രതികാരത്തിന്റെ ആത്മാവാകട്ടെ വർദ്ധിച്ചു വരുന്നു.—മത്തായി 24:12.
എന്നാൽ നിങ്ങൾ പ്രതികാരത്തെ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതികാരം ചെയ്യുന്നത് തെററാണെന്ന് ഒരുപക്ഷേ തത്വത്തിൽ നിങ്ങൾ അംഗീകരിച്ചേക്കാം. എന്നാൽ അഭക്തമായ ഒരു ലോകത്ത് ജീവിക്കുമ്പോൾ പ്രതികാരത്തിന് വിപരീതമായ ക്ഷമ മിക്കപ്പോഴും അപ്രായോഗികമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങൾ കബളിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ആരെങ്കിലും നിങ്ങളെ അവഗണിക്കുകയോ മററുള്ളവരോട് നിങ്ങളെപ്പററി മോശമായി സംസാരിക്കുകയോ ചെയ്താൽ നിങ്ങൾക്ക് പ്രതികാരേച്ഛ ഉണ്ടാകുന്നുവോ? നിങ്ങൾ പ്രതികാരം ചെയ്യുന്നവരോ ക്ഷമിക്കുന്നവരോ?
പ്രതികാരേച്ഛ ഉപദ്രവം ചെയ്യുന്നു
തീർച്ചയായും തെററുകളുടെ കാഠിന്യത്തിന് ഏററക്കുറച്ചിലുകളുണ്ട്. പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന മിക്കയാളുകളും കൊള്ളയടിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ പരാമർശിക്കപ്പെട്ട “തെററുകൾ” നിസ്സാരങ്ങളായിരുന്നു. എന്നാൽ പ്രതികാരം ചെയ്യാൻ തീരുമാനിച്ചയാളുകൾക്ക് അവ വളരെ വലുതായിത്തന്നെ തോന്നി.
നാം ഒരു പ്രതികാര മനോഭാവം നട്ടുവളർത്തരുത് എന്ന് ബൈബിൾ പറയുന്നു. സദൃശവാക്യങ്ങൾ 24:29 ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “‘അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യാൻ പോവുകയാണ് എന്ന് പറയരുത്’” എന്തുകൊണ്ട് അരുത്? അത്തരമൊരു മനോഭാവം വൈകാരികമായും ശാരീരികമായും ഉപദ്രവകരമാണ് എന്നതാണ് ഒരു സംഗതി. പ്രതികാര ചിന്തകൾ മനസ്സമാധാനം കെടുത്തുകയും ശരിയായ ചിന്തയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ പത്രവാർത്ത പരിഗണിക്കുക: “നാല്പത് വർഷം മുമ്പ് തങ്ങൾ കുട്ടികളായിരിക്കുമ്പോൾ ആരംഭിച്ച വഴക്ക് രണ്ട് കൃഷിക്കാർ തങ്ങളുടെ ട്രക്കുകളിലിരുന്ന് പരസ്പരം വെടിവച്ചു കൊന്നുകൊണ്ട് അവസാനിപ്പിച്ചിരിക്കുന്നു.” ഈ രണ്ടു പുരുഷൻമാരുടെയും ജീവിതത്തിലുടനീളം അവരുടെ ചിന്തകൾ വ്രണം നിറഞ്ഞ പ്രതികാര വാഞ്ഛയാൽ വിഷം നിറഞ്ഞതാക്കപ്പെട്ടതിനെപ്പററി ചിന്തിക്കുക.—സദൃശവാക്യങ്ങൾ 14:29, 30.
പ്രതികാരത്തിന്റെ ആത്മാവ് വളർത്തരുതാത്തതിന്റെ മറെറാരു കാരണം തെററു ചെയ്യുന്നവർക്ക്—ഗുരുതരമായ തെററു ചെയ്യുന്നവർക്കുപോലും—മാററം വരുത്താൻ കഴിയും എന്നതാണ്. ഉദാഹരണത്തിന് അപ്പോസ്തലനായ പൗലോസ് ശിഷ്യനായ സ്തെഫാനോസിന്റെ ‘വധത്തെ അംഗീകരിക്കുകയും’ ‘കർത്താവിന്റെ ശിഷ്യൻമാർക്ക് എതിരെ ഭീഷണിയും കൊലയും നിശ്വസിക്കുകയും ചെയ്തു.’ എന്നാൽ അവൻ മാററം വരുത്തി. വർഷങ്ങൾക്ക് ശേഷം അപ്പോസ്തലനായ പത്രോസ്—അവന്റെ ജീവനും പൗലോസിന്റെ ആദ്യകാലത്തെ പ്രവർത്തനത്താൽ അപകടത്തിലാക്കപ്പെട്ടിരുന്നു—അവനെ “നമ്മുടെ പ്രിയ സഹോദരനായ പൗലോസ്” എന്ന് വിളിച്ചു (പ്രവൃത്തികൾ 8:1; 9:1; 2 പത്രോസ് 3:15) ക്രിസ്ത്യാനികൾക്ക് വേണമെങ്കിൽ പൗലോസിനെതിരെ പ്രതികാരം ചെയ്യാൻ ശ്രമിക്കാമായിരുന്നു, പ്രത്യേകിച്ച് അവൻ അന്ധനായി ഡമസ്ക്കോസിൽ കഴിഞ്ഞുകൂടിയപ്പോൾ. (പ്രവൃത്തികൾ 9:3-15) അത് എത്രയോ ദാരുണമായ ഒരു തെററായിരിക്കുമായിരുന്നു!
അതുകൊണ്ട് റോമർ 12:20-ൽ പൗലോസിന് ഇപ്രകാരം ബുദ്ധ്യുപദേശിക്കാൻ കഴിഞ്ഞു: “നിന്റെ ശത്രുവിന് വിശക്കുന്നുവെങ്കിൽ ഭക്ഷണം കൊടുക്കുക; അവന് ദാഹിക്കുന്നുവെങ്കിൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുക.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം നമ്മുടെ ശത്രുവിനോട് പ്രതികാരം ചെയ്യുന്നുവെങ്കിൽ നാം അയാളുടെ മനോഭാവത്തെ കഠിനമാക്കുകയും നമ്മോടുള്ള അയാളുടെ ശത്രുത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മോട് തെററു ചെയ്യുകയോ നമ്മെ ഉപദ്രവിക്കുകയോ ചെയ്യുന്ന ഒരുവന് നാം നൻമ ചെയ്യുന്നുവെങ്കിൽ നാം അയാളുടെ മനോഭാവത്തെ മയപ്പെടുത്തുകയും നമ്മുടെ ഒരു മുൻശത്രുവിനെ ഒരു മിത്രമാക്കി മാററിയെടുക്കുകയും ചെയ്തേക്കാം.
നമ്മുടെ തന്നെ ബലഹീനതകൾ തിരിച്ചറിയുന്നതും പ്രതികാരേച്ഛയിലേക്ക് നയിക്കുന്ന നീരസത്തെ കീഴടക്കാൻ നമ്മെ സഹായിക്കും. സങ്കീർത്തനക്കാരൻ ഇപ്രകാരം ചോദിച്ചു: “യാഹേ, യഹോവെ നീ അകൃത്യങ്ങളെയാണ് നോക്കുന്നതെങ്കിൽ ആർക്ക് നിൽക്കാൻ കഴിയും?” (സങ്കീർത്തനം 130:3) നാമെല്ലാവരും മററുള്ളവരെ ദ്രോഹിക്കുകയോ മററുള്ളവരോട് തെററു ചെയ്യുകയോ ചെയ്തിട്ടുണ്ട്. അവർ നമ്മോട് പ്രതികാരം ചെയ്യാൻ ശ്രമിക്കാത്തപ്പോൾ നാം അതിൽ സന്തുഷ്ടരായിരുന്നില്ലേ? അപ്പോൾ നാം അതുപോലെയുള്ള ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലേ? യേശു ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളും അതുപോലെ അവർക്ക് ചെയ്തു കൊടുക്കുക.—മത്തായി 7:12.
“തിൻമയെ ദ്വേഷിക്കുക” എന്ന് ബൈബിൾ പറയുന്നു എന്നതു സത്യം തന്നെ. (സങ്കീർത്തനം 97:10; ആമോസ് 5:15) എന്നാൽ തിൻമ ചെയ്യുന്നവനെ (വ്യക്തിയെ) ദ്വേഷിക്കാൻ അതു നമ്മോട് പറയുന്നില്ല. വാസ്തവത്തിൽ യേശു നമ്മോട് ഇപ്രകാരം കല്പിച്ചു “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” (മത്തായി 5:44) ദ്രോഹത്തിന് പകരം നാം ദ്രോഹം ചെയ്യുന്നുവെങ്കിൽ നാം ദുഷ്പ്രവൃത്തിക്കാരന്റെ ആത്മാവിനെയാണ് പകർത്തുന്നത്. ഒരു പുരാതന സദൃശവാക്യം ഇപ്രകാരം പറയുന്നു: “‘ഞാൻ തിൻമയ്ക്കു പകരം വീട്ടും എന്ന് നീ പറയരുത്! യഹോവയിൽ പ്രത്യാശിക്കുക, അവൻ നിന്നെ രക്ഷിക്കും. (സദൃശവാക്യങ്ങൾ 20:22) എത്ര ജ്ഞാനപൂർവ്വകമായ ഒരു മനോഭാവം! ദുഷ്പ്രവൃത്തിക്കാരെ അനുകരിക്കാനുള്ള പ്രലോഭനത്തെ ചെറുത്തുകൊണ്ട് ജയശാലികളെന്ന് തെളിയിക്കുന്നത് എത്രയോ മെച്ചമാണ്.—യോഹന്നാൻ 16:33; റോമർ 12:17, 21.
ശിക്ഷ—ആരാൽ?
തീർച്ചയായും ചില പ്രവൃത്തികൾ വ്യക്തിപരമായ അപമാനത്തേക്കാളും ദ്രോഹത്തേക്കാളും ഗുരുതരമാണ്. നാം ഒരു കുററകൃത്യത്തിന്റെ ഇരയായിത്തീരുന്നുവെങ്കിലെന്ത്? സ്വാഭാവികമായും, നീതി നടപ്പാക്കാൻവേണ്ടി നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് നാം വിചാരിച്ചേക്കാം. എന്നാൽ എന്ത്? ചില സമൂഹങ്ങളിൽ അതു വ്യക്തിപരമായി തന്നെ കൈകാര്യം ചെയ്യുന്നതും പ്രതികാരം ചെയ്യുന്നതും അസാധാരണമല്ല. എന്നാൽ അത്തരം സമൂഹങ്ങൾ മിക്കപ്പോഴും രക്തപങ്കിലമായ കുടിപ്പകകളുടെ ഫലമായി തകർന്നുപോയിട്ടുണ്ട്. ഇന്ന് നല്ല കാരണത്തോടെ ദൈവത്തിന്റെ നിയമങ്ങളും മിക്കയിടങ്ങളിലെയും മാനുഷ നിയമങ്ങളും കുററകൃത്യങ്ങൾക്കെതിരെ വ്യക്തിപരമായ നിലയിൽ പ്രതികാരം ചെയ്യാൻ ആളുകളെ അനുവദിക്കുന്നില്ല. അത്തരം വ്യക്തിപരമായ അക്രമപ്രവർത്തനങ്ങൾ കൂടുതൽ അക്രമത്തെ ജനിപ്പിക്കുകയേയുള്ളു.
അങ്ങനെയെങ്കിൽ ഒരു കുററകൃത്യത്തിന് ഇരയായിത്തീരുന്നയാൾ തിരിച്ച് ഒന്നും ചെയ്യാതെ അതു സഹിച്ചുകൊണ്ടിരിക്കണമോ? അവശ്യം അങ്ങനെയായിരിക്കുന്നില്ല. നാം തന്നെയോ നമ്മുടെ വസ്തുവകകളോ ആക്രമിക്കപ്പെടുമ്പോൾ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരിലേക്ക് തിരിയാൻ കഴിയും. പോലീസിനെ വിളിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ജോലിസ്ഥലത്താണെങ്കിൽ മേലന്വേഷകന്റെ അടുത്തേക്ക് പോവുക. സ്ക്കൂളിലാണെങ്കിൽ പ്രധാന അദ്ധ്യാപകനെ കാണാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അവർ അവിടെയായിരിക്കുന്നതിന്റെ ഒരു കാരണം അതാണ്—നീതി ഉയർത്തിപ്പിടിക്കുക എന്നതുതന്നെ. ഗവൺമെൻറ് അധികാരികൾ “തിൻമ ചെയ്തുകൊണ്ടിരിക്കുന്നവർക്കെതിരെ പ്രതികാരം ചെയ്യാനുള്ള ദൈവത്തിന്റെ ശുശ്രൂഷകനാണെന്ന്” ബൈബിൾ നമ്മോട് പറയുന്നു. (റോമർ 13:4) ഗവൺമെൻറ് അധികാരം നടത്തണമെന്നും ദുഷ്കൃത്യം തടയണമെന്നും ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കണമെന്നും നീതി ആവശ്യപ്പെടുന്നു.
ചിലപ്പോൾ നീതി നടപ്പാക്കി കിട്ടുന്നത് വളരെ സാവധാനത്തിലാണെന്നത് സത്യംതന്നെ. ലോകാവസ്ഥകൾ കണ്ടു മടുത്ത ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “നീതി മിക്കപ്പോഴും വൈകിയെത്തുന്ന ഒരു ട്രെയിൻ പോലെയാണ്.” ചിലപ്പോൾ ട്രെയിൻ ഒരിക്കലും വന്നെത്താതെയുമിരുന്നേക്കാം. അധികാരികൾക്ക് അവരെ നിയന്ത്രിക്കാൻ കഴിയാത്തവണ്ണം അനീതി ചെയ്യുന്നവർ അത്രമാത്രം ശക്തരായിരുന്നേക്കാം. അപ്പോഴും ജ്ഞാനപൂർവ്വകമായ ഗതി ആത്മനിയന്ത്രണമാണ്. “മൂഢൻ തന്റെ രോഷം മുഴുവൻ വെളിപ്പെടുത്തുന്നു ജ്ഞാനിയോ അവസാനം വരെ അതിനെ അടക്കി വയ്ക്കുന്നു,” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 29:11.
പ്രതികാരം—ആരാൽ?
അപ്രകാരം പ്രതികാരം ചെയ്യുന്നതിൽ നിന്ന് നമ്മെത്തന്നെ നിയന്ത്രിക്കുന്നത് നമുക്ക് പ്രയോജനം കൈവരുത്തുന്നു. നീതി നടപ്പാക്കപ്പെടേണ്ടതുണ്ടെങ്കിൽ ദൈവം തക്കസമയത്ത് അതു ചെയ്യുമെന്നുള്ള തിരിച്ചറിവോടെ നമുക്ക് ശാന്തമായി കാത്തിരിക്കാൻ കഴിയും. ദുഷ്പ്രവൃത്തികൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ അതു കൊടിയ ദുഷ്ടതയിലേക്ക് നയിക്കുമെന്ന് യഹോവയ്ക്കറിയാം. (സഭാപ്രസംഗി 8:11) കഠിനഹൃദയരായ ദുഷ്പ്രവൃത്തിക്കാർ മനുഷ്യവർഗ്ഗത്തെ എക്കാലവും പീഡിപ്പിക്കാൻ അവൻ അനുവദിക്കുകയില്ല. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് നമ്മെ ഇപ്രകാരം ബുദ്ധ്യുപദേശിച്ചത്: “പ്രിയമുള്ളവരെ, നിങ്ങൾ തന്നെ പ്രതികാരം ചെയ്യരുത്, എന്നാൽ കോപത്തിന് ഇടം കൊടുക്കുവിൻ എന്തുകൊണ്ടെന്നാൽ ‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം കൊടുക്കും, എന്ന് യഹോവ പറയുന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.” (റോമർ 12:19) വാസ്തവത്തിൽ സ്രഷ്ടാവിന്റെ ഭാഗത്തെ ഒരു പ്രതികാര ദിവസത്തെപ്പററി ബൈബിൾ സംസാരിക്കുന്നു. ഈ പ്രതികാര ദിവസം എന്തായിരിക്കും? ദൈവത്തിന്റെ ഭാഗത്തെ പ്രതികാരത്തിന്റെ ലക്ഷ്യങ്ങൾ ആരായിരിക്കും? അടുത്ത ലേഖനത്തിൽ നാം അതു ചർച്ച ചെയ്യുന്നതായിരിക്കും. (w91 11/1)
[4-ാം പേജിലെ ചതുരം]
പ്രതികാരേച്ഛ നിയന്ത്രിക്കാൻ, ഓർമ്മിക്കുക
◻ നീതി നടപ്പാക്കുന്നതിൽ ദൈവത്തിന് താല്പര്യമുണ്ട്
◻ പ്രതികാര വാഞ്ഛ വച്ചു പുലർത്തുന്നത് ഉപദ്രവകരമാണ്
◻ ദയ കാണിക്കുന്നത് മിക്കപ്പോഴും മററുള്ളവരുമായുള്ള പ്രശ്നങ്ങൾ ലഘൂകരിക്കും
◻ നമ്മുടെ തന്നെ അനേകം ലംഘനങ്ങൾ അവഗണിക്കപ്പെട്ടിട്ടുണ്ട്
◻ തെററു ചെയ്യുന്നവർ മാററം വരുത്തിയേക്കാം
◻ ലോകത്തിന്റെ വഴികളെ ചെറുക്കുന്നതിനാൽ നാം അതിനെ ജയിച്ചടക്കുന്നു