വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിരിക്കുക!
തീത്തോസിൽനിന്നുള്ള സവിശേഷാശയങ്ങൾ
ക്രേത്ത എന്ന മെഡിറററേനിയൻ ദ്വീപിലെ ക്രിസ്തീയസഭകൾക്ക് ആത്മീയശ്രദ്ധ ആവശ്യമായിരുന്നു. അവരെ ആർക്കു സഹായിക്കാൻ കഴിയും? എന്തിന്, അപ്പോസ്തലനായ പൗലോസിന്റെ സഹപ്രവർത്തകനായ തീത്തോസിനുതന്നെ! അവൻ ധൈര്യമുള്ളവനും പഠിപ്പിക്കാൻ യോഗ്യതയുള്ളവനും സൽപ്രവൃത്തികളിൽ തീക്ഷ്ണതയുള്ളവനും വിശ്വാസത്തിൽ ആരോഗ്യമുള്ളവനുമായിരുന്നു.
റോമിലെ തന്റെ ഒന്നാമത്തെയും രണ്ടാമത്തെയും തടവുവാസങ്ങൾക്കിടക്കാണ് പൗലോസ് ക്രേത്ത സന്ദർശിച്ചത്. ചില കാര്യങ്ങൾ തിരുത്തുന്നതിനും സഭാമൂപ്പൻമാരെ നിയമിക്കുന്നതിനുംവേണ്ടി അവൻ തീത്തോസിനെ ദ്വീപിൽ വിട്ടു. വ്യാജോപദേഷ്ടാക്കൻമാരെ ശാസിക്കാനും നല്ല മാതൃകവെക്കാനുംകൂടെ തീത്തോസിനോട് ആവശ്യപ്പെട്ടു. തീത്തോസിനുള്ള പൗലോസിന്റെ ലേഖനത്തിൽ ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നു, അത് ക്രി.വ. 61നും 64നും ഇടക്ക് മക്കദോന്യയിൽനിന്നായിരിക്കാം അയക്കപ്പെട്ടത്. അപ്പോസ്തലന്റെ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കലിന് ധൈര്യവും തീക്ഷ്ണതയും ആത്മീയാരോഗ്യവുമുള്ളവരായിരിക്കുന്നതിന് ഇക്കാലത്തെ മേൽവിചാരകൻമാരെയും സഹവിശ്വാസികളെയും സഹായിക്കാൻകഴിയും.
മേൽവിചാരകൻമാരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
മേൽവിചാരകൻമാരെ നിയമിക്കേണ്ടതും ഗുരുതരമായ ചില പ്രശ്നങ്ങൾ കൈകാര്യംചെയ്യേണ്ടതും ആവശ്യമായിരുന്നു. (തീത്തോസ് 1:1-16) ഒരു മേൽവിചാരകനായുള്ള നിയമനത്തിന്, ഒരു മനുഷ്യൻ കുററാരോപണവിമുക്തനും വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ മാതൃകായോഗ്യനും അതിഥിപ്രിയനും സമനിലയുള്ളവനും ആത്മനിയന്ത്രണമുള്ളവനും ആയിരിക്കേണ്ടിയിരുന്നു. അവൻ സത്യം പഠിപ്പിക്കുകയും വിരുദ്ധവീക്ഷണങ്ങൾ പുലർത്തുന്നവരെ ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യണമായിരുന്നു. ധൈര്യം വേണമായിരുന്നു. കാരണം സഭകളിലെ അനുസരണംകെട്ടവരെ നിശ്ശബ്ദരാക്കണമായിരുന്നു. പരിച്ഛേദനയോടു പററിനിന്നവരെ സംബന്ധിച്ച് വിശേഷാൽ അങ്ങനെതന്നെയായിരുന്നു, എന്തുകൊണ്ടെന്നാൽ അവർ മുഴുകുടുംബങ്ങളെയും മറിച്ചുകളഞ്ഞിരുന്നു. സഭകൾ ആത്മീയാരോഗ്യമുള്ളവയായി നിലകൊള്ളുന്നതിന്, സഗൗരവമായ ശാസന ആവശ്യമായിരുന്നു. സഭയെ പുഷ്ടിപ്പെടുത്തുന്നതിന് ശാസനയും പ്രബോധനവും കൊടുക്കാനുള്ള ധൈര്യം ഇന്ന് ക്രിസ്തീയ മേൽവിചാരകൻമാർക്കും ഉണ്ടായിരിക്കേണ്ടതാണ്.
ആരോഗ്യാവഹമായ പഠിപ്പിക്കൽ ബാധകമാക്കുക
തീത്തോസ് ആത്മീയമായി ആരോഗ്യാവഹമായ പഠിപ്പിക്കൽ ബാധകമാക്കണമായിരുന്നു. (2:1-15) വൃദ്ധൻമാർ മിതശീലത്തിലും ഗൗരവത്തിലും സുബോധത്തിലും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും മാതൃകായോഗ്യരായിരിക്കണമായിരുന്നു. വൃദ്ധസ്ത്രീകൾ “പെരുമാററത്തിൽ ആദരണീയർ” ആയിരിക്കണമായിരുന്നു. “നൻമ പഠിപ്പിക്കുന്നവർ” എന്ന നിലയിൽ അവർക്ക് ഭാര്യമാരും അമ്മമാരുമെന്ന നിലയിൽ തങ്ങളുടെ കടമകളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കാൻ ഇളയ സ്ത്രീകളെ സഹായിക്കാൻ കഴിയുമായിരുന്നു. ചെറുപ്പക്കാരായ പുരുഷൻമാർ സുബോധമുള്ളവരായിരിക്കണമായിരുന്നു. അടിമകൾ ദൈവത്തിന്റെ ഉപദേശത്തിന് ഭൂഷണമായിരിക്കുന്ന ഒരു രീതിയിൽ തങ്ങളുടെ ഉടമകൾക്ക് കീഴ്പെട്ടിരിക്കണമായിരുന്നു. ക്രിസ്ത്യാനികളെല്ലാം അഭക്തി പരിത്യജിക്കുകയും ഈ വ്യവസ്ഥിതിയിൽ സുബോധത്തോടെ ജീവിക്കുകയും ചെയ്യണമായിരുന്നു. അതേസമയം അവർ ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും മഹത്തായ പ്രത്യക്ഷതക്കുവേണ്ടി കാത്തിരിക്കണമായിരുന്നു. ക്രിസ്തു “സകലതരം അധർമ്മത്തിൽനിന്നും നമ്മെ വിടുവിക്കേണ്ടതിനും വിശേഷാൽ തന്റെ സ്വന്തവും സൽപ്രവൃത്തികൾക്കു തീക്ഷ്ണതയുള്ളതുമായ ഒരു ജനത്തെ തനിക്കുവേണ്ടി ശുദ്ധീകരിക്കേണ്ടതിനും തന്നെത്താൻ നമുക്കുവേണ്ടി ഏൽപ്പിച്ചുതന്നു.” അങ്ങനെയുള്ള ആരോഗ്യാവഹമായ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട് നമുക്കും ‘ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കാം.’
പൗലോസിന്റെ സമാപനബുദ്ധിയുപദേശം ആത്മീയാരോഗ്യത്തെ പ്രോൽസാഹിപ്പിക്കുന്നു. (3:1-15) ഭരണാധിപൻമാരോട് ഉചിതമായ കീഴ്പെടൽ പ്രകടമാക്കേണ്ടതും ന്യായബോധം നട്ടുവളർത്തേണ്ടതും ആവശ്യമാണ്. ക്രിസ്ത്യാനികൾക്ക് നിത്യജീവന്റെ പ്രത്യാശയുണ്ട്. അവരുടെ മനസ്സുകൾ സൽപ്രവൃത്തികളിൽ പതിപ്പിക്കാൻ പ്രോൽസാഹിപ്പിക്കുന്നതിന് പൗലോസിന്റെ വാക്കുകൾ ഊന്നിപ്പറയണമായിരുന്നു. വിമൂഢമായ ചോദ്യങ്ങളും ന്യായപ്രമാണം സംബന്ധിച്ച തർക്കങ്ങളും ഒഴിവാക്കണമായിരുന്നു. കക്ഷിപിരിവിനു പ്രോൽസാഹിപ്പിക്കുന്ന ഒരുവനെ രണ്ടു പ്രാവശ്യം ബുദ്ധിയുപദേശിച്ച ശേഷം തള്ളണമായിരുന്നു. മൂപ്പൻമാർ ഇന്ന് അങ്ങനെയുള്ള ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുമ്പോൾ അവരും അവരുടെ സഹവിശ്വാസികളും വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലകൊള്ളും. (w91 2⁄15)
[10-ാം പേജിലെ ചതുരം/ചിത്രം]
വീഞ്ഞിന് അടിമപ്പെടാത്തവർ: സ്ത്രീകൾ സഭയിലെ പുരുഷൻമാരെ പഠിപ്പിക്കാൻപാടില്ലെങ്കിലും പ്രായക്കൂടുതലുള്ള സ്ത്രീകൾക്ക് ഇളയസ്ത്രീകളെ സ്വകാര്യമായി ഉപദേശിക്കാൻ കഴിയും. എന്നാൽ ഈ കാര്യത്തിൽ ഫലപ്രദരായിരിക്കുന്നതിന് പ്രായക്കൂടുതലുള്ള സ്ത്രീകൾ പൗലോസിന്റെ ഈ വാക്കുകൾ അനുസരിക്കണം: “പ്രായമുള്ള സ്ത്രീകൾ പെരുമാററത്തിൽ ആദരണീയരും ഏഷണി പറയാത്തവരും ധാരാളം വീഞ്ഞിന് അടിമപ്പെടാത്തവരും നൻമ പഠിപ്പിക്കുന്നവരുമായിരിക്കട്ടെ.” (തീത്തോസ് 2:1-5; 1 തിമൊഥെയോസ് 2:11-14) കുടിയുടെ ഫലങ്ങളെ സംബന്ധിച്ച ഉൽക്കണ്ഠ നിമിത്തം മേൽവിചാരകൻമാരും ശുശ്രൂഷാദാസൻമാരും പ്രായക്കൂടുതലുള്ള സ്ത്രീകളും ധാരാളം വീഞ്ഞിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കാതെ മിതത്വമുള്ളവരായിരിക്കണം. (1തിമൊഥെയോസ് 3:2,3, 8, 11) എല്ലാ ക്രിസ്ത്യാനികളും മദ്യമത്ത് ഒഴിവാക്കുകയും സുവാർത്താപ്രസംഗമാകുന്ന “വിശുദ്ധവേല” ചെയ്യുമ്പോൾ ലഹരിപാനീയങ്ങൾ കുടിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും വേണം.—റോമർ 15:16; സദൃശവാക്യങ്ങൾ 23:20, 21.