നിർമ്മലഭാഷ ആരാധകരുടെ ഒരു മഹാപുരുഷാരത്തെ ഏകീഭവിപ്പിക്കുന്നു
ദൈവദത്തമായ നിർമ്മലഭാഷ ക്രിസ്തീയ ഐക്യത്തിന് ഒരു സ്വാധീനശക്തിയാണ്. പശ്ചിമബർലിനിൽ 1990 ജൂലൈ 24-27 വരെ, ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ സംബന്ധിച്ച എല്ലാവർക്കും അതിന്റെ തെളിവ് പ്രകടമായിരുന്നു, എന്തുകൊണ്ടെന്നാൽ 64 വ്യത്യസ്തരാജ്യങ്ങളിൽനിന്നുള്ള സാക്ഷികൾ സന്നിഹിതരായിരുന്നു.
“ദൈവികഭക്തി”ഡിസ്ട്രിക്ററ് കൺവെൻഷനുകൾ 1989ലെ വേനൽക്കാലത്ത് പോളണ്ടിൽ നടത്തപ്പെട്ടപ്പോൾ റഷ്യയിൽനിന്നും ചെക്കോസ്ലൊവേക്യയിൽനിന്നും ആയിരക്കണക്കിനു പ്രതിനിധികൾ വന്നു, എന്നാൽ പൂർവജർമ്മനിയിൽനിന്ന് നൂറുകണക്കിന് ആളുകൾ മാത്രമേ ഹാജരായുള്ളു. അതിനുശേഷം ലോകാവസ്ഥ രാഷ്ട്രീയമായി എത്രയധികം മാറിയിരിക്കുന്നു! ഇത്തവണ പൂർവജർമ്മനിയിൽനിന്നുള്ള ഏതാണ്ട് 30,000 പ്രതിനിധികൾ പശ്ചിമബർലിനിലെ ഒളിംബിയാ സ്റേറഡിയത്തിൽ സാക്ഷികളോടുകൂടെ സമ്മേളിച്ചു. ഈ കൺവെൻഷൻ ലോകത്തിന്റെ മററു ഭാഗങ്ങളിൽ സാധാരണയായി വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെട്ട നൂറുകണക്കിന് കൺവെൻഷനുകളുടെ മാതൃകയായിരുന്നു.
ചൊവ്വാഴ്ച തന്റെ സ്വാഗതപ്രസംഗത്തിൽ നിർമ്മലഭാഷ സംസാരിക്കുന്നതിൽ പുരോഗതി നേടാൻ യഹോവയുടെ സാക്ഷികളെ സഹായിക്കുന്നതിൽ 1919 മുതൽ കൺവെൻഷനുകൾ വഹിച്ചിട്ടുള്ള പങ്ക് അദ്ധ്യക്ഷൻ വിവരിച്ചു. ഈ കൺവെൻഷനും അതുപോലെ നിർമ്മലഭാഷ സംസാരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള തങ്ങളുടെ പ്രാപ്തിയിൽ പുരോഗതി നേടാൻ ഹാജരായിരിക്കുന്ന എല്ലാവരെയും സഹായിക്കും. തങ്ങളുടെ ചമയവും നടത്തയും മുഖാന്തരം യഹോവയുടെ ജനം നിർമ്മലഭാഷ സംസാരിക്കുന്നതിൽ അവർ വരുത്തിയിട്ടുള്ള പുരോഗതി പ്രത്യക്ഷമാക്കുന്നുവെന്ന് അദ്ദേഹം പ്രതിനിധികളെ ഓർമ്മപ്പെടുത്തി.
“സകല ജനതകൾക്കുംവേണ്ടി ഒരു നിർമ്മലഭാഷ”
കൺവെൻഷനിലെ മുഖ്യവിഷയപ്രസംഗം സമുചിതമായി മേൽപ്പറഞ്ഞ വിഷയം വിശേഷവൽക്കരിച്ചു. അത് സെഫന്യാവ് 3:9-നെ അടിസ്ഥാനമാക്കിയായിരുന്നു, അവിടെ ദൈവം ഇപ്രകാരം വാഗ്ദത്തം ചെയ്തു: “‘അപ്പോൾ ഞാൻ ജനങ്ങൾക്ക് നിർമ്മലഭാഷയിലേക്കുള്ള ഒരു മാററം നൽകും. അവർ എല്ലാവരും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിനും തോളോടുതോൾ ചേർന്ന് അവനെ സേവിക്കേണ്ടതിനുംതന്നെ.” നിർമ്മല ഭാഷയിൽ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച സത്യത്തിന്റെ ഉചിതമായ ഒരു ഗ്രാഹ്യവും വിലമതിപ്പും ഉൾപ്പെടുന്നു. യഹോവക്കു മാത്രമേ തന്റെ പരിശുദ്ധാത്മാവു മുഖാന്തരം ഇതു പ്രദാനംചെയ്യാൻ കഴികയുള്ളു. സകല ധാർമ്മിക അശുദ്ധിയിൽനിന്നും സ്വതന്ത്രമായ നിർമ്മലഭാഷ പഠിക്കുന്നതിനുള്ള പ്രചോദനം സത്യത്തോടുള്ള സ്നേഹം ആയിരിക്കണം.
അതിലുപരി, നിർമ്മലഭാഷ സംസാരിക്കുന്നത് വെറുതെ ഒരു നിശ്ചിതപദസഞ്ചയം ഉപയോഗിക്കുന്നതിന്റെ സംഗതിയല്ല. പിന്നെയോ നമ്മുടെ ജീവിതഗതി നമ്മുടെ അധരങ്ങളിൽനിന്ന് വരുന്നതിനോടു പൊരുത്തത്തിൽ ആയിരിക്കണം. വാസ്തവത്തിൽ, നമ്മുടെ ശബ്ദത്തിന്റെ ഈണവും മുഖഭാവവും ആംഗ്യങ്ങളും പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ നാം അകമെ എന്താണെന്ന് അവ പ്രതിഫലിപ്പിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന നിർമ്മലഭാഷക്കൊപ്പം നിൽക്കുന്നതിന് നമുക്ക് സ്ഥിരമായ ഒരു പഠനപരിപാടി ഉണ്ടായിരിക്കണം, എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും ക്രമമായി ഹാജരാകുകയും വേണം.
നിർമ്മലഭാഷ പഠിക്കൽ
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുള്ള ഒരു പ്രസംഗം ഊന്നിപ്പറഞ്ഞതുപോലെ നിർമ്മലഭാഷ പഠിക്കുന്നത് “അടിസ്ഥാനങ്ങളിൽനിന്ന് പക്വതയിലേക്കു പുരോഗമിക്കു”ന്നതിനെ അർത്ഥമാക്കുന്നു. നാം ആത്മീയമായി അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ വളർച്ച അത്യന്താപേക്ഷിതമാണ്. അത് ആത്മീയ പുരോഗതിക്കായുള്ള എല്ലാ കരുതലുകളും പ്രയോജനപ്പെടുത്തുന്നതിനെയും അനുദിനം ബൈബിൾതത്വങ്ങൾ ബാധകമാക്കുന്നതിനെയും അർത്ഥമാക്കുന്നു.
നിർമ്മലഭാഷയിൽ വിദഗ്ദ്ധരായിത്തീരുന്നതിന് നാം “യഹോവയാൽ പഠിപ്പിക്കപ്പെട്ടവ”രായിരിക്കണം, വ്യാഴാഴ്ച രാവിലത്തെ ഒരു സിംപോസിയത്തിന്റെ വിഷയംതന്നെ. ഇത് എങ്ങനെ “യേശുക്രിസ്തുവിനാൽ ദൃഷ്ടാന്തീകരിക്കപ്പെട്ടു”വെന്ന് ആദ്യത്തെ പ്രസംഗകൻ പ്രകടമാക്കി, യേശു യഹോവയാൽ പഠിപ്പിക്കപ്പെട്ടിരുന്നുവെന്നത് അവന്റെ വാക്കുകളിലും പ്രവർത്തനങ്ങളിലും പ്രകടമായിരുന്നുവെന്നുതന്നെ. അതുകൊണ്ട് അവൻ എങ്ങനെ പഠിപ്പിച്ചുവെന്നതിൽ നാം അവനെ അനുകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ, യേശു എല്ലായ്പ്പോഴും തന്റെ പിതാവിന്റെ ഇഷ്ടത്തിന് കീഴ്പ്പെട്ടതുപോലെ നാമും കീഴ്പ്പെടണം.
യഹോവ യോഗങ്ങളും സമ്മേളനങ്ങളും മുഖാന്തരം എങ്ങനെ പഠിപ്പിക്കുന്നുവെന്ന് അടുത്ത മൂന്നു പ്രസംഗകർ പ്രകടമാക്കി. നാം അഞ്ച് സഭാമീററിംഗുകളിൽനിന്ന് പ്രയോജനമനുഭവിക്കുന്നു, അവയിലൊന്നും അവഗണിക്കുകയുമരുത്. ഓരോ യോഗവും നമ്മുടെ ആത്മീയ അഭിവൃദ്ധിക്ക് ജീവൽപ്രധാനമാണ്. സർക്കിട്ട്സമ്മേളനത്തിലെയും ഡിസ്ട്രിക്ററ് കൺവെൻഷനിലെയും പ്രത്യേകസമ്മേളനദിനത്തിലെയും പരിപാടികൾ മുഖാന്തരവും യഹോവ നമ്മെ പഠിപ്പിക്കുന്നു. ഇവയിൽനിന്നെല്ലാം പ്രയോജനം നേടുന്നതിന് നാം ഏകാഗ്രതയോടെ ശ്രദ്ധിക്കുകയും നാം പഠിക്കുന്നത് പ്രയോഗത്തിൽവരുത്തുകയും ചെയ്യണം.
ഈ സിമ്പോസിയത്തെ തുടർന്ന് “വ്യക്തിപരമായ പഠനത്തിനുവേണ്ടി ത്യാഗം സഹിക്കൽ” എന്ന പ്രസംഗമുണ്ടായിരുന്നു. അതിനായി സമയം കണ്ടെത്തുന്നതിന് നാം പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽനിന്ന് സമയം വിലക്കുവാങ്ങാനുള്ള എഫേസ്യർ 5:15, 16-ലെ ബുദ്ധ്യുപദേശം അനുസരിക്കണം.
നമ്മുടെ നിർമ്മലഭാഷാപഠനത്തിൽ ന്യായമായ ഒരു ലാക്ക് സമർപ്പണവും സ്നാപനവുമാണ്. “നിർമ്മലഭാഷ പഠിക്കുന്നവരുടെ സ്നാപനം” എന്ന പ്രസംഗത്തിൽ ഈ സത്യം വിശേഷവൽക്കരിക്കപ്പെട്ടു. ഈ ഭാഷ അനേകരെ സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. എന്നുവരികിലും, അതിനുശേഷവും ഒരുവൻ തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും പുതിയ വ്യക്തിത്വം ധരിച്ചുകൊണ്ടും ലോകത്തിൽനിന്ന് വേർപെട്ടിരുന്നുകൊണ്ടും യേശുവിന്റെ മാതൃക തുടർന്നു പിൻപറേറണ്ടതുണ്ട്.
കട്ടിയുള്ള ആത്മീയാഹാരം
പ്രവാചകനാടകങ്ങളുടെ നിവൃത്തിയെ അടിസ്ഥാനമാക്കി കട്ടിയുള്ള ആത്മീയാഹാരം സ്വീകരിക്കുന്നതിനും സമ്മേളിതർ സന്തോഷമുള്ളവരായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് പ്രസംഗങ്ങൾ യെഹെസ്ക്കേലിന്റെ പ്രവചനത്തിൽനിന്നെടുത്ത വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു. “യഹോവയുടെ സ്വർഗ്ഗീയരഥം പ്രയാണത്തിൽ” എന്ന ആദ്യത്തേത് മിന്നൽവേഗത്തിൽ നീങ്ങുന്ന ഭീമവും ഉജജ്വലവും ഭയോദ്ദീപകവുമായ സ്വർഗ്ഗീയ വാഹനത്തെ വർണ്ണിച്ചു. അത് യഹോവയുടെ സ്വർഗ്ഗീയ സ്ഥാപനത്തെ ചിത്രീകരിക്കുന്നു, തന്റെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാൻ അതിനെ ഉപയോഗിച്ചുകൊണ്ട് അതിന്റെ ഒരോ ചലനത്തെയും ദൈവം സ്നേഹപൂർവം നയിക്കുന്നുവെന്ന അർത്ഥത്തിൽ അവൻ സവാരിചെയ്യുന്നു. യെഹെസ്ക്കേൽ വിശേഷിച്ചും 1919നു ശേഷമുള്ള ആത്മാഭിഷിക്ത ശേഷിപ്പിനെ ചിത്രീകരിക്കുന്നു. വിശേഷിച്ചും 1935നുശേഷം “മഹാപുരുഷാരം” അവരോട് കൂടിച്ചേർന്നിട്ടുണ്ട്.—വെളിപ്പാട് 7:9.
അടുത്ത പ്രസംഗത്തിന്റെ വിഷയം “ദൃശ്യസ്ഥാപനത്തോടൊപ്പം ഗതിവേഗം കാക്കുക” എന്നതായിരുന്നു. ദൈവത്തിന്റെ ദൃശ്യസ്ഥാപനം അവന്റെ സ്വർഗ്ഗീയരഥസമാനസ്ഥാപനത്തോട് ഒപ്പം പോകുന്നുവെന്നതിൽ തർക്കം ഏതുമില്ല. യെഹെസ്ക്കേൽ ചെയ്തതുപോലെ ഇന്ന് യഹോവയുടെ ദാസൻമാർ അനുസരണപൂർവം ഉദാസീനതയോ പരിഹാസമോ എതിർപ്പുപോലുമോ ഗണ്യമാക്കാതെ അവരുടെ പ്രവാചകനിയോഗം നിർവഹിക്കേണ്ടതുണ്ട്. ഗതിവേഗം കാക്കുന്നത് ഇപ്പോൾ അനേകം അനുഗ്രഹങ്ങളിലേക്കും അതിശീഘ്രം സമീപിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനിലേക്കും നയിക്കുന്നു.
വെള്ളിയാഴ്ച രാവിലെ യെശയ്യാവ് 28-ാം അദ്ധ്യായത്തെ ആസ്പദമാക്കിയുള്ള മൂന്നു പ്രസംഗങ്ങൾ മുഖാന്തരം കട്ടിയായ ആത്മീയാഹാരം പ്രദാനംചെയ്യപ്പെട്ടു. ഇവയിൽ ആദ്യത്തേത് പുരാതന ഇസ്രായേലിലെയും യഹൂദയിലെയും ആത്മീയ മദ്യപൻമാർ ക്രൈസ്തവലോകത്തിലെ ആത്മീയ മദ്യപൻമാരെ ചിത്രീകരിക്കുന്നതായി ശക്തമായ വാക്കുകളിൽ പ്രകടമാക്കി. ആദ്യകൂട്ടം യഹോവയുടെ പ്രതികൂല ന്യായവിധി അനുഭവിച്ചതുപോലെതന്നെ ക്രൈസ്തവലോകത്തിലുള്ളവരും അനുഭവിക്കും.
“അവരുടെ സങ്കേതം—ഒരു നുണ!” എന്ന വിഷയത്തിലുള്ള അടുത്ത പ്രസംഗത്തിൽ ഈ ശക്തമായ മുന്നറിയിപ്പ് അടങ്ങിയിരുന്നു: പുരാതന യഹൂദയുടെ ഈജിപ്ററിലുള്ള ആശ്രയം ഒരു വ്യർത്ഥ സങ്കേതമാണെന്ന് തെളിഞ്ഞതുപോലെതന്നെയായിരിക്കും നമ്മുടെ നാളിലെ രാഷ്ട്രീയ ശക്തികളോടുള്ള ക്രൈസ്തവലോകത്തിന്റെ ചങ്ങാത്തവും. യെശയ്യാ 28-ാം അദ്ധ്യായത്തെ ആസ്പദമാക്കി “യഹോവയുടെ അസാധാരണ വേല സംബന്ധിച്ച മുന്നറിയിപ്പു മുഴക്കുന്നതിൽ തുടരുക” എന്ന മൂന്നാമത്തെ പ്രസംഗം ദൈവജനത്തെ ഉദ്ദേശിച്ചായിരുന്നു. യഹോവ ക്രൈസ്തവലോകത്തോടു ചെയ്യാനിരിക്കുന്നത് ഉചിതമായി അസാധാരണമെന്നു വിളിക്കപ്പെടുന്നു, എന്തെന്നാൽ അവൾക്ക് തികച്ചും ആശ്ചര്യമായി അതു സംഭവിക്കും. ഇന്ന് അഭിഷിക്തക്രിസ്ത്യാനികളുടെ ചെറിയ സംഘത്തിനും നാല്പതു ലക്ഷത്തിലധികം വരുന്ന വേറെയാടുകൾക്കും യഹോവ ഒരു മഹത്വകിരീടമാണ്. (യോഹന്നാൻ 10:16) ഉത്തേജകമായ ഈ വാക്കുകളോടെ പ്രസംഗകൻ ഉപസംഹരിച്ചു: “നമ്മുടെ തീക്ഷ്ണതയും നിശ്ചയവും വിശ്വസ്തതയും നമ്മുടെ ദൈവമായ യഹോവയുടെ നിത്യസ്തുതിക്കു സംഭാവനചെയ്യാൻ ഇടവരട്ടെ!”
നിർമ്മലഭാഷ സംസാരിക്കുന്നത് സഹോദരസ്നേഹം പ്രകടമാക്കുന്നതിനെ അർത്ഥമാക്കുന്നു
നിർമ്മലഭാഷ സംസാരിക്കുന്നത് “അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതയിൽ പരിഗണിക്കു”ന്നതിനെയും അർത്ഥമാക്കുന്നുവെന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് സമ്മേളിതരുടെ മനസ്സിൽ ഗാഢമായി പതിപ്പിക്കപ്പെട്ടു. പിതാവില്ലാത്ത കുട്ടികൾ വ്യക്തിഗതപരിശീലനം സ്വീകരിക്കുന്നതിനാൽ സഹായിക്കപ്പെടാൻ കഴിയും. ദയയുള്ള പ്രോൽസാഹനവാക്കുകളാലും നമ്മുടെ ക്രിസ്തീയ പ്രവർത്തനങ്ങളിലും സാമൂഹ്യകൂട്ടങ്ങളിലും അവരെ ഉൾപ്പെടുത്തുന്നതിനാലും അവർ അർഹിക്കുന്നെങ്കിൽ, യഥാർത്ഥ ആവശ്യമുണ്ടെങ്കിൽ, അവർക്ക് ഭൗതികസഹായം നൽകുന്നതിനാലും നമുക്ക് വിധവമാരോട് പരിഗണനകാണിക്കാൻ കഴിയും. ഈ കാര്യങ്ങൾ എങ്ങനെ നിർവഹിക്കപ്പെടുന്നുവെന്ന് അഭിമുഖങ്ങൾ പ്രകടമാക്കി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഹൃദയഹാരിയായ മറെറാരു പ്രസംഗം “ക്രിസ്ത്യാനികൾ അന്യോന്യം കരുതുന്നതെങ്ങനെ” എന്ന് പ്രകടമാക്കി. യഹോവയുടെ സാക്ഷികൾക്ക് അന്യോന്യം കരുതുന്നതിന്റെ ഒരു വിശിഷ്ടമായ രേഖയുണ്ട്, വിശേഷിച്ചും ചുഴലിക്കാററുകളും ഭൂകമ്പങ്ങളും ആഞ്ഞടിക്കുമ്പോഴും അധികാരികൾക്ക് എഴുതേണ്ട ആവശ്യമുള്ളപ്പോഴും അല്ലെങ്കിൽ പ്രാദേശിക ആവശ്യങ്ങൾ ഉള്ളപ്പോഴും. എന്നാൽ മനുഷ്യ അപൂർണ്ണതകൾ നിമിത്തം പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ നാം മത്തായി 5:23, 24-ലെയും 18:15-17-ലെയും യേശുവിന്റെ ബുദ്ധ്യുപദേശത്തിൽ ഉൾപ്പെട്ടിരിക്കുന്ന തത്വങ്ങൾ ബാധകമാക്കണം. വിശേഷിച്ചും സഹോദരങ്ങൾ തമ്മിൽ വ്യാപാരക്രമീകരണങ്ങളിലേക്കു വരുമ്പോൾ തൊഴിലുടമയോ തൊഴിലാളിയോ ആത്മീയ ബന്ധത്തിൽനിന്ന് മുതലെടുക്കാതിരിക്കുന്നതിന് പരസ്പരബഹുമാനവും ജാഗ്രതയും ആവശ്യമാണ്.
നിർമ്മലഭാഷ സംസാരിക്കുന്നത് നമ്മുടെ നടത്ത സൂക്ഷിക്കുന്നതിനെ അർത്ഥമാക്കുന്നു
നമ്മുടെ നടത്ത സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ആവർത്തിച്ച് ഊന്നിപ്പറയപ്പെട്ടു. അങ്ങനെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആദ്യപ്രസംഗകൻ “ദൈവവചനം കേൾക്കുകയും കാത്തുകൊള്ളുകയും ചെയ്യൽ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. നാം കൺവെൻഷനുകൾക്കു വരുന്നതിന് രണ്ടു മുഖ്യ കാരണങ്ങൾ ഉണ്ടെന്ന് അയാൾ പ്രകടമാക്കി: സൂക്ഷ്മപരിജ്ഞാനം സ്വീകരിക്കുകയും ആ പരിജ്ഞാനമനുസരിച്ച് പ്രവർത്തിക്കാൻ പ്രചോദിപ്പിക്കപ്പെടുകയും.
ബുധനാഴ്ച രാവിലെ ആദ്യപ്രസംഗം “ക്രിസ്തു അധർമ്മത്തെ വെറുത്തു—നിങ്ങളോ?” എന്ന അന്വേഷണാത്മകചോദ്യം അവതരിപ്പിച്ചു. നീതിയെ സ്നേഹിക്കുന്നതു മതിയാകുന്നില്ല. ഒരു നല്ല മനഃസാക്ഷി ഉണ്ടായിരിക്കുന്നതിനും യഹോവയോട് ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനും അവന്റെ നാമത്തിൻമേൽ നിന്ദവരുത്തുന്നത് ഒഴിവാക്കുന്നതിനും അധർമ്മത്തിന്റെ ഫലങ്ങളായ ദുഷിയും മരണവും കൊയ്യുന്നത് ഒഴിവാക്കുന്നതിനും നാം അധർമ്മത്തെ വെറുക്കുകയും വേണം.
“ലോകമിഥ്യകളെ തിരസ്ക്കരിക്കുക, രാജ്യതാത്പര്യങ്ങളെ പിൻപററുക” എന്ന അടുത്ത പ്രസംഗം ആ വിഷയത്തോട് അടുത്തു ബന്ധപ്പെട്ടതായിരുന്നു. സാത്താനും ഹവ്വയും വീണുപോയ ദൂതൻമാരുമെല്ലാം മിഥ്യകളെ പിൻപററി തകർന്നു. ഭൗതികത്വ സ്വപ്നങ്ങളോ നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നവരോ ഉൾപ്പെടുന്ന ലോകമിഥ്യകൾ കടുത്ത ദുഷ്പ്രവൃത്തിയല്ലെങ്കിൽത്തന്നെയും മതിമോഹവിമുക്തിയിൽ കലാശിക്കുന്നു. ഈ മിഥ്യകളെ നിർവീര്യമാക്കുന്നതിന് നാം പഠനവും പ്രാർത്ഥനയും യോഗഹാജരും പരസ്യശുശ്രൂഷയും മുഖാന്തരം രാജ്യയാഥാർത്ഥ്യങ്ങളെ പിൻപറേറണ്ടതുണ്ട്.
നേരുള്ള ക്രിസ്തീയ ജീവിതം നയിക്കുന്നതിന്, ബുധനാഴ്ച ഉച്ചകഴിഞ്ഞ്, “ക്രിസ്ത്യാനികളേ—നിങ്ങളുടെ സാമ്പത്തികനിവൃത്തിക്കുള്ളിൽ നിന്നുകൊണ്ടു ജീവിക്കുക” എന്ന പ്രസംഗത്തിൽ നൽകപ്പെട്ട ബുദ്ധിയുപദേശവും നാം അനുസരിക്കേണ്ടതുണ്ട്. ഇതു ചെയ്യുന്നതിലുള്ള പരാജയത്തിന് ശാരീരികമായും ആത്മീയമായും ദൂഷ്യഫലങ്ങൾ ഉണ്ടായിരിക്കും. അനാവശ്യമായ കടത്തിൽ വീഴാതെ ഒരു യാഥാസ്ഥിതിക ബജററുണ്ടാക്കി അതിനോടു പററിനിൽക്കുന്നതിനാൽ ഒരുവന്റെ സ്വാർത്ഥാഭിലാഷങ്ങൾ നിയന്ത്രിക്കുന്നത് ജ്ഞാനമാർഗ്ഗമാണ്. എല്ലായ്പ്പോഴും നാം ദൈവികഭക്തി നട്ടുവളർത്തേണ്ടയാവശ്യമുണ്ട്. സ്വയംപര്യാപ്തതയോടുകൂടെ ഇത് വലിയ ഒരു ആദായമാർഗ്ഗമാകുന്നു.—1 തിമൊഥെയോസ് 6:6-8.
“നിങ്ങളുടെ സ്നേഹിതർ യഹോവയുടെ സ്നേഹിതരോ?” എന്ന ചൊവ്വാഴ്ചത്തെ പ്രസംഗം നമ്മുടെ സഹവാസം സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വിശേഷവൽക്കരിച്ചു. ക്രിസ്തുസമാനവ്യക്തിത്വം ധരിച്ചിട്ടുള്ളവരും പ്രസംഗവേലയിൽ ഉത്സാഹമുള്ളവരുമായ ക്രിസ്ത്യാനികളായിരിക്കണം നമ്മുടെ സ്നേഹിതർ. ലോകക്കാരായ പരിചയക്കാർ ദൈവത്തിന്റെ സ്നേഹിതരല്ല, നമുക്ക് ഹാനിതട്ടാതെ നമുക്ക് അവരോടു ചങ്ങാത്തം കൂടാൻകഴികയില്ല. നമ്മുടെ സഹവാസങ്ങൾ യഥാർത്ഥത്തിൽ കെട്ടുപണിചെയ്യുന്നതായിരിക്കണമെങ്കിൽ സഭക്കുള്ളിലാണെങ്കിൽപോലും നാം വിവേചനയുള്ളവരായിരിക്കണം.
നടത്ത സംബന്ധിച്ച മേൽപ്പറഞ്ഞ ബുദ്ധ്യുപദേശത്തിന് ആധുനികനാടകം സ്പഷ്ടമായി അടിവരയിട്ടു. “പിശാചിന്റെ കുടില പ്രവൃത്തികളെ വിജയകരമായി നേരിടൽ” എന്നതായിരുന്നു അതിന്റെ വിഷയം.
കുടുംബങ്ങൾക്ക് നിർമ്മലഭാഷാബുദ്ധിയുപദേശം
“മാതാപിതാക്കളേ, നിങ്ങളുടെ കടപ്പാടുകൾ നിറവേററുക” എന്ന ബുധനാഴ്ചത്തെ പ്രസംഗം വളരെയധികം ആവശ്യമായിരുന്നു. മാതാപിതാക്കൾതന്നെ ദൈവത്തിന്റെ ഇഷ്ടം അറിയുകയും അവരുടെ കഴിവിന്റെ പരമാവധി അതു പ്രവർത്തിക്കുകയുംവേണം. അവർ ദൈവവചനം തങ്ങളുടെ മക്കളിൽ പതിപ്പിക്കുകയും വേണം. അതിലുപരി, മക്കളെ ക്രിസ്തീയയോഗങ്ങൾക്കും വയൽശുശ്രൂഷക്കും കൊണ്ടുപോകുന്നതുമാത്രം മതിയാകുന്നില്ല. യഹോവയെ സ്നേഹിക്കാനും ദൈവികകാര്യങ്ങൾ ചെയ്യുന്നതിന്റെ പ്രായോഗികജ്ഞാനം കാണാനും അവർ പഠിപ്പിക്കപ്പെടേണ്ടതുണ്ട്.
അടുത്തത് “കുടുംബം നമ്മുടെ നാളിൽ” എന്ന സിംപോസിയം ആയിരുന്നു. കുടുംബം ദൈവത്തിൽനിന്ന് ഉത്ഭവിച്ചതായി ആദ്യപ്രസംഗകൻ പ്രകടമാക്കി. പിതാക്കൻമാർ ആത്മീയകാര്യങ്ങൾ സംബന്ധിച്ച് നന്നായി ആശയവിനിയമം നടത്തണം. അമ്മമാർ നല്ല ഗൃഹപരിരക്ഷകർ ആയിരിക്കണം, തങ്ങളുടെ മാതാപിതാക്കളോട് സഹകരിച്ചുകൊണ്ട് കുട്ടികൾ യഹോവയോട് ആദരവു പ്രകടമാക്കുകയുംവേണം.
കുടുംബം “പ്രതിയോഗികളുടെ ആക്രമണത്തിൻകീഴിൽ” ആണെന്ന് അടുത്ത പ്രസംഗകൻ പ്രകടമാക്കി. സാമ്പത്തിക ഞെരുക്കങ്ങൾ അതിന്റെ കെടുതി വരുത്തിക്കൂട്ടുന്നു. ജോലിസ്ഥലം തെററു ചെയ്യാനുള്ള പ്രലോഭനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു, മാദ്ധ്യമങ്ങൾ അക്രമത്തിന്റെയും നിയമവിരുദ്ധ ലൈംഗികതയുടെയും ദുർഗന്ധം വമിപ്പിക്കുകയും ഭൗതികത്വത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. പ്രബോധനം നേരത്തെതന്നെ തുടങ്ങേണ്ടതുണ്ട്. ലോകസ്വാധീനങ്ങളെ തരണംചെയ്യുന്നതിന് വലിയ ജാഗ്രത ആവശ്യമാണ്. വാച്ച്ററവർ സൊസൈററി പ്രദാനംചെയ്യുന്ന ദിവ്യാധിപത്യ പണിയായുധങ്ങൾ നന്നായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
കുടുംബത്തിന്റെ ‘പുതിയ ലോകത്തിലേക്കുള്ള സംരക്ഷണം’സംബന്ധിച്ച അടുത്ത പ്രസംഗം മാതാപിതാക്കളുടെ ഗൗരവതരമായ ഉത്തരവാദിത്തത്തിന് വീണ്ടും അടിവരയിട്ടു. കുട്ടികളുടെ പരിശീലനം അങ്ങേയററം ആത്മാർത്ഥതയോടെ നിർവഹിക്കപ്പെടണം. കുടുംബ ബൈബിളദ്ധ്യയനങ്ങൾ സംബന്ധിച്ചും എന്തു പഠിക്കണമെന്നതുസംബന്ധിച്ചും നല്ല ബുദ്ധ്യുപദേശം നൽകപ്പെട്ടു, എല്ലാം കുട്ടികളുടെ ഹൃദയത്തിലെത്തുക എന്ന ഉദ്ദേശ്യത്തിൽത്തന്നെ. അപ്പോൾമാത്രമേ മാതാപിതാക്കൾക്കും മക്കൾക്കും ഒരു കുടുംബമെന്ന നിലയിൽ പുതിയ ലോകത്തിലേക്കു സംരക്ഷിക്കപ്പെടുമെന്ന് പ്രത്യാശിക്കാൻകഴികയുള്ളു.
അനേകം സാക്ഷികൾ വന്നെത്തിയിരിക്കുന്ന ഒരു കുടുംബസാഹചര്യത്തിന് മികച്ച ബുദ്ധിയുപദേശം പ്രദാനംചെയ്യുന്നതായിരുന്നു, “ഒരു ഭിന്നിച്ച കുടുംബത്തിനുള്ളിൽ വിജയിക്കൽ” എന്ന പ്രസംഗം. അവിശ്വാസി എന്നെങ്കിലും ഒരു വിശ്വാസിയായിത്തീർന്നേക്കാമെന്ന പ്രത്യാശ ഒരിക്കലും ഉപേക്ഷിക്കാതിരിക്കാൻ അത്തരം സാഹചര്യങ്ങളിലുള്ളവർ ബുദ്ധിയുപദേശിക്കപ്പെട്ടു. അവിശ്വാസിയായ ഇണയോടുകൂടെ സമയം ചെലവഴിക്കുക, ഒരു ക്രിസ്തീയ പങ്കാളിയിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ അളവുകളിലും നിങ്ങൾ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്ക് മൂപ്പൻമാരിൽനിന്നോ ഒരുപക്ഷേ ഭിന്നിച്ച കുടുംബങ്ങളിലെ മററുള്ളവരിൽനിന്നോ സഹായം നേടാൻ കഴിയും.
മററുള്ളവരോടു നിർമ്മല ഭാഷ സംസാരിക്കൽ
നിർമ്മലഭാഷ മററുള്ളവരെ പഠിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വളരെയധികം ശ്രദ്ധനൽകപ്പെട്ടത് അങ്ങേയററം ഉചിതംതന്നെ. അങ്ങനെ ബുധനാഴ്ച രാവിലെ സമ്മേളിതർ “നിങ്ങളുടെ വിലപ്പെട്ട സമയം ജ്ഞാനപൂർവം ഉപയോഗിക്കുക” എന്ന പ്രസംഗം കേട്ടു, അതു ചെയ്യുന്നതിന് നാം മുൻഗണനകൾ സ്ഥാപിക്കണം. അപ്പോൾ “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക” എന്നു പറയുന്ന മത്തായി 6:33-നു ചേർച്ചയായിത്തന്നെ. വ്യക്തിപരമായ ബൈബിൾപഠനത്തിനും എല്ലാ യോഗങ്ങളിലും സംബന്ധിക്കുന്നതിനും വയൽശുശ്രൂഷയിൽ ക്രമമുള്ളവരായിരിക്കുന്നതിനും സമയം മാററിവെക്കുന്നത് അതിൽ ഉൾപ്പെടുന്നു. ഇത് ഉല്ലാസകരമെങ്കിലും പ്രാധാന്യം കുറഞ്ഞ പ്രവർത്തനങ്ങളിൽനിന്ന് നാം സമയം വിലക്കുവാങ്ങുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ചിലർ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് പല അഭിമുഖങ്ങൾ പ്രകടമാക്കി.
നാം യഹോവയുടെ സാക്ഷികളാണെന്നുള്ളത് ഒരിക്കലും മറക്കരുത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, “എല്ലാ സന്ദർഭത്തിലും നിർമ്മലഭാഷ സംസാരിക്കുന്നതിൽ തുടരുക” എന്ന വിഷയത്തിൻകീഴിൽ നിരവധി പ്രകടനങ്ങൾ അതേ ആശയം മനസ്സിൽ പതിപ്പിച്ചു. തെരുവു സാക്ഷീകരണത്തിലും അനൗപചാരികസാക്ഷീകരണത്തിലും റെറലഫോൺ ഉപയോഗിക്കുന്നതിലൂടെയും ഇത് എങ്ങനെ ചെയ്യാൻകഴിയുമെന്ന് ഈ പ്രകടനങ്ങൾ കാണിച്ചുതന്നു. യഹോവയാം ദൈവത്തോടും നമ്മുടെ അയൽക്കാരനോടുമുള്ള നിസ്വാർത്ഥസ്നേഹം എല്ലാ അവസരത്തിലും നിർമ്മലഭാഷ സംസാരിക്കാൻ നമ്മെ പ്രചോദിപ്പിക്കും.
ഈ വിഷയത്തോട് അടുത്തു ബന്ധമുള്ളതായിരുന്നു “ഒഴിഞ്ഞുമാറാതിരിക്കുന്നവരുടെ അനുഗ്രഹങ്ങൾ” എന്ന അടുത്ത അവതരണം. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പഠിപ്പിക്കൽസ്ഥാപനം ക്രൈസ്തവലോകത്തോടു പ്രകടമായ വ്യത്യാസത്തിൽ നിലകൊള്ളുന്നു. വ്യക്തിപരമായി നാം അധികാരികളിൽനിന്നുള്ള എതിർപ്പും വ്യാപകമായ ഉദാസീനതയും സാമ്പത്തികപ്രശ്നങ്ങളും പോലുള്ള എല്ലാ സമ്മർദ്ദങ്ങളെയും ചെറുത്തുനിൽക്കണം. തിരുവെഴുത്തുകളിൽനിന്ന് ന്യായവാദംചെയ്യൽ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രകടനങ്ങൾ ഈ സമ്മർദ്ദങ്ങളെ എങ്ങനെ തരണംചെയ്യാൻകഴിയുമെന്ന് കാണിച്ചു തന്നു.
തീക്ഷ്ണമായ പ്രസംഗത്തെ പ്രോൽസാഹിപ്പിക്കുന്നതായിരുന്നു തീക്ഷ്ണതയോടെ ദൈവത്തിന്റെ ഇഷ്ടംചെയ്യൽ എന്ന നാടകവും. യേഹു യഹോവയുടെ നാമത്തിനുവേണ്ടി എത്ര തീക്ഷ്ണതയുള്ളവനായിരുന്നുവെന്നും നാം ദൈവത്തിന്റെ വേലക്കുവേണ്ടി സമാനമായ ധൈര്യവും തീക്ഷ്ണതയും പ്രകടമാക്കുന്നത് എത്ര പ്രധാനമാണെന്നും അതു പ്രകടമാക്കി.
കൺവെൻഷൻ റിലീസുകൾ
കൺവെൻഷനിൽ ഇംഗ്ലീഷിലും ജർമ്മൻഭാഷയിലും രണ്ടു പ്രധാന റിലീസുകൾ ഉണ്ടായിരുന്നു. ഈ പ്രസിദ്ധീകരണങ്ങളിൽ ആദ്യത്തേത് “രക്തത്താൽ നിങ്ങളുടെ ജീവനെ രക്ഷിക്കൽ—എങ്ങനെ?” എന്ന പ്രസംഗത്തോടുള്ള ബന്ധത്തിൽ അവതരിപ്പിക്കപ്പെട്ടു. രക്തപ്പകർച്ചകളോടു ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചു പ്രസംഗകൻ ആദ്യം പറഞ്ഞു. രക്തനഷ്ടം പരിഹരിക്കുന്നതിന് രക്തത്തിനു പകരമുള്ള അനേകം ദ്രാവകങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ യഹോവയുടെ സാക്ഷികൾ രക്തം വർജജിക്കുന്നത് അത് അനാരോഗ്യകരമായതുകൊണ്ടല്ല, പിന്നെയോ അതു സ്വീകരിക്കുന്നത് അവിശുദ്ധമായതുകൊണ്ടാണ്. അവർ രക്തം വർജജിക്കുന്നത് അത് മലിനമായിരിക്കാമെന്നതുകൊണ്ടല്ല, പിന്നെയോ അത് ദൈവത്തിന് വിലപ്പെട്ടതായതുകൊണ്ടാണ്. യഥാർത്ഥത്തിൽ ജീവരക്ഷാകരമായ രക്തം യേശുക്രിസ്തുവിന്റെ മറുവിലാരക്തമാണ്. ഉപസംഹാരത്തിൽ, രക്തത്തിന് നിങ്ങളുടെ ജീവനെ രക്ഷിക്കാൻ എങ്ങനെ കഴിയും? എന്ന 32 പേജുള്ള ലഘുപത്രിക പ്രദർശിപ്പിച്ചുകൊണ്ട് പ്രസംഗകൻ തന്റെ ശ്രോതാക്കളെയെല്ലാം പുളകിതരാക്കി.
വിലപ്പെട്ട രണ്ടാമത്തെ റിലീസ് “ജനങ്ങളേ, യഹോവയെ അന്വേഷിക്കുക” എന്ന പ്രസംഗത്തോടുള്ള ബന്ധത്തിൽ ലഭിച്ചു. അധികപങ്കാളുകളും ദൈവത്തെ അന്വേഷിക്കുന്നില്ല. മനുഷ്യൻ ദൈവത്തിന്റെ വചനം അവഗണിച്ചുകൊണ്ട് ദൈവത്തിനുവേണ്ടിയുള്ള അവന്റെ അന്വേഷണം എത്രയധികം തെററായി നയിക്കപ്പെട്ടിരിക്കുന്നുവെന്ന് വിഭിന്നങ്ങളായ അനേകം മതങ്ങളുടെ ആസ്തിക്യം പ്രകടമാക്കുന്നു. ഓരോ വർഷവും നമ്മുടെ സ്മാരകറിപ്പോർട്ടുകൾ പ്രകടമാക്കുന്ന പ്രകാരം യഹോവയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ ദശലക്ഷങ്ങൾ സഹായിക്കപ്പെടേണ്ടിയിരിക്കുന്നു. യഹോവ സത്യത്തിൽ “വലിയ അളവിൽ ക്ഷമിക്കാൻ” മനസ്സുള്ള സ്നേഹവാനും കാരുണ്യവാനുമായ ഒരു ദൈവമാണെന്ന് യെശയ്യാവ് 55:6, 7 പ്രകടമാക്കുന്നു. യഹോവയെ തോളോടുതോൾചേർന്ന് സേവിക്കുന്നതിൽ നമ്മോടു ചേരുന്നതിന് നാം മററുള്ളവരെ സഹായിക്കാൻ അവന്റെ സാക്ഷികളെന്ന നിലയിൽ നമുക്ക് നിർമ്മലഭാഷ നൽകപ്പെട്ടിരിക്കുന്നു.
ജനങ്ങളുടെ കൂട്ടമായുള്ള കുടിയേററം നിമിത്തം യഹോവയുടെ ജനം ഇന്ന് ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. തൽഫലമായി നമ്മുടെ പ്രദേശത്തുള്ള ആളുകൾ എല്ലാത്തരം മതങ്ങളും അവകാശപ്പെട്ടേക്കാം. നമുക്ക് ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ഷിന്റോമതക്കാരെയും മററു പല മതങ്ങളിലുമുള്ളവരെയും സഹായിക്കാൻകഴിയേണ്ടതിന് ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം എന്ന 384 പേജുള്ള മികച്ച പുസ്തകം സൊസൈററി പ്രദാനം ചെയ്തിരിക്കുന്നു. അത് ക്രൈസ്തവലോകത്തിനു വെളിയിലുള്ള പ്രധാന മതങ്ങളുടെ അടിസ്ഥാന ഉപദേശങ്ങൾ ആധികാരികമായി അവതരിപ്പിക്കുന്നു. എന്നാൽ അത് ക്രൈസ്തവലോകത്തിനുള്ളിലുള്ള വ്യാജമതത്തിന്റെ രേഖയും വരച്ചുകാട്ടുന്നു. പല ഭിന്ന മതങ്ങൾ അവകാശപ്പെടുന്ന ആളുകൾക്ക് ബൈബിളദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിന് ഈ പുസ്തകത്തിന് വഴിതുറക്കാൻ കഴിയും.
പരസ്യപ്രസംഗവും ഉപസംഹാര പ്രസ്താവനകളും
വെള്ളിയാഴ്ചത്തെ പരസ്യപ്രസംഗത്തിന്റെ വിഷയം “നിർമ്മലഭാഷയാൽ ഐക്യപ്പെടുക” എന്നതായിരുന്നു. വിവിധങ്ങളായ മൂവായിരം ഭാഷകൾ ഇപ്പോൾ ഐക്യത്തിന് പ്രതിബന്ധമായി പ്രവർത്തിക്കുന്നുവെങ്കിലും നിർമ്മലഭാഷ ശക്തമായ ഒരു ഏകീകരണശക്തിയാണെന്ന് പ്രസംഗകൻ തെളിയിച്ചു. അത് യഹോവയുടെ സാക്ഷികളെ ബാബിലോന്യതെററുകൾക്കെതിരെ കാത്തുസൂക്ഷിച്ചിരിക്കുന്നു, ജീവന്റെയും രക്തത്തിന്റെയും പവിത്രതയോടുള്ള ആദരവ് അവരെ പഠിപ്പിച്ചിരിക്കുന്നു. അവർക്ക് ആത്മീയമായും ശാരീരികമായും പ്രയോജനംചെയ്യുന്ന ബൈബിൾ തത്വങ്ങളനുസരിച്ച് ജീവിക്കാൻ അവരെ സഹായിക്കുകയുംചെയ്തിരിക്കുന്നു. നിർമ്മലഭാഷ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച് എല്ലാവരും ചിന്തയുള്ളവരായിരിക്കേണ്ടത് ആവശ്യമാണ്, എന്തെന്നാൽ അങ്ങനെ ചെയ്യുന്നവർ മാത്രമേ അർമ്മഗെദ്ദോനെ അതിജീവിക്കുകയുള്ളു. സെഫന്യാവ് 2:1-3-ലെ ബുദ്ധ്യുപദേശം അനുസരിക്കുന്നതിന് സമയം നഷ്ടപ്പെടുത്താനില്ല. “പ്രാർത്ഥനയുടെ സംഗതിയിൽ ജാഗരൂകരായി”രിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച കുറെ നല്ല തിരുവെഴുത്തു ബുദ്ധിയുപദേശത്തിനു ശേഷം, “നിർമ്മലഭാഷക്ക് അനുയോജ്യമായി നടക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി ഉപസംഹാരപ്രസ്താവനകൾ വന്നു. ഇപ്പോൾ നിർമ്മലഭാഷക്ക് അനുയോജ്യമായി നടക്കുന്നവരുടെ എണ്ണം യഥാർത്ഥത്തിൽ വർദ്ധിക്കുകയാണ്. ഈ കൺവെൻഷനുകളിൽ സംബന്ധിക്കുന്നവർ അവരുടെ ശുചിത്വവും ക്രമവും സംഘടനാപരമായ യോജിപ്പും മുഖാന്തരം നിർമ്മലഭാഷയോടുള്ള ആദരവു പ്രകടമാക്കിയിരിക്കുന്നു. അച്ചടിച്ച പുതിയ റിലീസുകൾ എല്ലാ യഹോവയുടെ സാക്ഷികളെയും കൂടുതൽ ഫലകരമായി നിർമ്മലഭാഷ പ്രചരിപ്പിക്കാൻ സഹായിക്കും.
അവസാനത്തെ കൺവെൻഷൻ പ്രസംഗകൻ സഹിഷ്ണുതയുടെ ആവശ്യം എല്ലാവരെയും ഓർമ്മപ്പെടുത്തി. ഈ കൺവെൻഷന്റെ ഫലമായി മുന്നേറാനുള്ള തങ്ങളുടെ നിശ്ചയത്തിൽ എല്ലാവരും ബലിഷ്ഠരാക്കപ്പെടണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം തുടർന്ന് ഈ വാക്കുകളിൽ ഉപസംഹരിച്ചു: “നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തെ ഇപ്പോഴും എന്നുമെന്നേക്കും നമുക്കു മഹത്വീകരിക്കാൻ കഴിയേണ്ടതിന് ദൈവദത്തമായ നിർമ്മലഭാഷക്കു ചേർച്ചയിൽ നമുക്ക് തുടർന്നു നടക്കാം!” (w91 1⁄15)
[24-ാം പേജിലെ ചതുരം]
പശ്ചിമബർലിനിലെ കൺവെൻഷന്റെ അത്യുച്ചഹാജർ 44,532 ആയിരുന്നു, 1,018 പേർ സ്നാപനമേററു. സ്നാനാർത്ഥികൾ ഒളിംബിയാ സ്റേറഡിയത്തിൽനിന്നു പുറത്തു കടക്കാൻ 19 മിനിറെറടുത്തു, ഈ സമയത്ത് തുടർച്ചയായ കരഘോഷം ഉണ്ടായി. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രതിനിധികൾക്ക് ഒരു പ്രത്യേകഭാഗമുണ്ടായിരുന്നു. ഇവരിൽ ഏതാണ്ട് 6,000 പേർ അവരുടെ സ്വന്തം ഭാഷയിൽ മുഴുപരിപാടിയും കേട്ടു. ഈ കൺവെൻഷനിൽ പോളണ്ടിൽനിന്നുള്ള 4,500 പേരും ഉണ്ടായിരുന്നു; രണ്ടു ദിവസം ഉച്ചക്കുള്ള ഇടവേളയിൽ ഭരണസംഘത്തിലെ അംഗങ്ങൾ അവരുടെ പ്രയോജനത്തിനായി ഹ്രസ്വ പ്രസംഗങ്ങൾ നടത്തി.
[22, 23 പേജുകളിലെ ചിത്രങ്ങൾ]
1. ഒളിംബിയാ സ്റേറഡിയം, പശ്ചിമ ബർലിൻ
2. അച്ചടിച്ച കൺവെൻഷൻ കാര്യപരിപാടി
3. ഇരുനൂറു ബസുകൾ പൂർവജർമ്മനിയിൽനിന്നുള്ള പ്രതിനിധികളെ കൊണ്ടുവന്നു
4. പോളീഷ് സമ്മേളിതർ അച്ചടിച്ച റിലീസുകൾ ലഭിച്ചതിൽ സന്തുഷ്ടരായിരുന്നു
5. പുഷ്പാലങ്കാരം രംഗം ശോഭനമാക്കി
6. ഭരണസംഘത്തിലെ അംഗങ്ങളിലൊരാളായ ഏ. ഡി. ഷ്രോഡർ പശ്ചിമജർമ്മനിയിലെ കാര്യപരിപാടിയിൽ