“അത്യാഗ്രഹത്തിന്റെ യുഗം”
മനുഷ്യന് സാധാരണ ജലദോഷം നിർമ്മാർജ്ജനം ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ അതിനേക്കാൾ വളരെയധികം സങ്കീർണ്ണമായ വ്യാധിയായ അത്യാഗ്രഹത്തെ ഇല്ലായ്മചെയ്യാൻ എത്രത്തോളം സാദ്ധ്യതയുണ്ട്?
അത്യാഗ്രഹവും സ്വാർത്ഥതയും പഠിക്കേണ്ടതുപോലുമില്ല എന്ന് തോന്നുന്നു—പ്രത്യക്ഷത്തിൽ അവ ചെറുപ്പം മുതൽ ഉണ്ട്. തങ്ങളുടെ കളിപ്പാട്ടങ്ങൾകൊണ്ട് കളിച്ചുകൊണ്ടിരിക്കുന്ന പിച്ചവെച്ചുനടക്കുന്ന രണ്ടു ശിശുക്കളെ നിരീക്ഷിക്കുന്നതിനാൽ നിങ്ങൾക്ക് അത് കാണാൻ കഴിയും.
വ്യക്തിഗതമായ മാനുഷ അത്യാഗ്രഹം വളരെ സാധാരണവും വളരെ ദുഷിച്ചതുമാണ്, എന്നാൽ ദേശീയമോ അന്തർദ്ദേശീയമോ ആയ അത്യാഗ്രഹത്തിന്റെ കാര്യത്തിൽ അത് ദശലക്ഷക്കണക്കിനാളുകളെ ദോഷകരമായി ബാധിക്കുന്നു. ദൃഷ്ടാന്തമായി അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരത്തെ എടുക്കുക. ഇത് ലോകത്തിലെ ഏററവും വലിയ ബിസ്സിനസ്സ് ആണെന്ന് ഒരു സ്പാനിഷ് ഭാഷാ മാസിക അവകാശപ്പെടുന്നു—ഒരു വർഷം 3,000 കോടി ഡോളർ. മയക്കുമരുന്നിന്റെ ദുരുപയോഗത്താൽ ദശലക്ഷക്കണക്കിന് ജീവൻ താറുമാറാകുന്നു, എണ്ണമില്ലാത്ത അകാല മരണങ്ങൾക്കിടയാകുകയും ചെയ്യുന്നു. മയക്കുമരുന്നുവ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വർദ്ധനയുടെ മൂലകാരണമെന്താണ്? നിസ്സംശയമായും അത് അത്യാഗ്രഹമാണ്.
വേൾഡ പ്രസ്സ റിവ്യൂ അത്യാഗ്രഹത്തിന്റെ ഈ പ്രേരകഘടകത്തെ പ്രദീപ്തമാക്കുന്നു. “മയക്കുമരുന്നു വിൽപ്പനയിൽനിന്നുള്ള മുഴു ആദായത്തിലും കഷ്ടിച്ച് 10 മുതൽ 20 വരെ ശതമാനമാണ് ഉൽപ്പാദകരാജ്യങ്ങൾക്കു ലഭിക്കുന്നത്. വേറൊരു 10 ശതമാനം പരീക്ഷണശാലകളിലെയും വാഹനങ്ങളിലെയും ആയുധങ്ങളിലെയും പുനഃനിക്ഷേപം എന്ന നിലയിൽ വ്യാപാരികളിലേക്ക് തിരിച്ചുവിടപ്പെടുന്നു. . . . അവശേഷിക്കുന്നത് ഉപഭോക്തൃരാജ്യങ്ങളിലേക്കും ലോകബാങ്കു പദ്ധതിയുടെ നികുതിസുരക്ഷാകേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നു” എന്ന് തറപ്പിച്ചു പറയുന്ന കാമ്പിയോ 16 എന്ന മാഡ്രിഡ് വർത്തമാനപ്പത്രത്തെ അത് ഉദ്ധരിക്കുന്നു.
ഇത് അത്യാഗ്രഹത്തിന്റെ കാരണം ദാരിദ്ര്യമാണെന്നും, അത്യാഗ്രഹം ദരിദ്രരുടെ അല്ലെങ്കിൽ അധഃസ്ഥിതരുടെ ഒരു സവിശേഷത മാത്രമാണെന്നും ഉള്ള വീക്ഷണത്തെ തെററാക്കുന്നു. പ്രത്യക്ഷത്തിൽ, അത്യാഗ്രഹം യഥാർത്ഥത്തിൽ ദാരിദ്ര്യമേയില്ലാത്തവരുൾപ്പെടെ സമുദായത്തിലെ എല്ലാ കൂട്ടരെയും ഉൾപ്പെടുത്തുന്ന ഒരു സർവവ്യാപകമായ മാനുഷ ദൗർബല്യമാണ്. അത്യാഗ്രഹത്തിന്റെ വിചിത്രമായ സവിശേഷതകളിലൊന്ന് അത് വളരെ വഞ്ചനാത്കമാണെന്നതാണ്—സാധാരണയായി ജീവിതത്തിൽ തങ്ങൾക്കുള്ളതുകൊണ്ട് തൃപ്തരായിരിക്കുന്ന ആളുകൾപോലും അപ്രതീക്ഷിതമായി അവസരം കിട്ടുകയാണെങ്കിൽ അത്യാഗ്രഹം പ്രകടമാക്കും.
കോളം എഴുത്തുകാരനായ മെഗ് ഗ്രീൻഫീൽഡ് ഇപ്രകാരം വിലപിക്കുന്നു: “നിങ്ങൾ ഏതെങ്കിലും ദിവസത്തെ പത്രം തുറന്ന് മഹാൻമാരായ ജൂറിമാരെക്കുറിച്ചും പ്രത്യേക പ്രോസിക്യൂട്ടർമാരെക്കുറിച്ചും ചോദ്യം ചെയ്യപ്പെടാവുന്ന പണപരമായ അവകാശവാദങ്ങളെക്കുറിച്ചും വഞ്ചനാത്മകമായ വില്പനയെക്കുറിച്ചും ചതിപ്രയോഗങ്ങളെക്കുറിച്ചും തന്ത്രപ്രയോഗങ്ങളെക്കുറിച്ചും അതു നിമിത്തമുള്ള ഗണ്യമായ വിഷാദത്തെക്കുറിച്ചും വായിക്കുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ചിലത് അടിസ്ഥാനരഹിതങ്ങളാണെന്നും മററുള്ളവ ഊതിവീർപ്പിച്ചവയാണെന്നും അംഗീകരിച്ചാൽതന്നെ വീണ്ടും വീണ്ടും ആളുകൾ ഒരിക്കലും അനുവദിക്കാൻ പാടില്ലാതിരുന്ന കാര്യങ്ങൾ ചെയ്യുകയും ആ കാര്യങ്ങളിൽനിന്ന് കുഴപ്പംകൂടാതെ രക്ഷപ്പെടുകയും ചെയ്തതായി എനിക്ക് പ്രത്യക്ഷമാണ്. . . . ഇത്രത്തോളം നാം വന്നിരിക്കുകയാണ്: നമ്മുടെ പരോപകാരനിരതത്വത്തിലധികവും സ്വാർത്ഥതയും അത്യാഗ്രഹവും നിറഞ്ഞതാണ്.”
എത്ര വിപുലവ്യാപകം?
നിസ്സംശയമായും അത്യാഗ്രഹം 20-ാം നൂററാണ്ടിലെ ജീവിതസമ്മർദ്ദങ്ങളാൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും അത് മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ പുത്തരിയല്ല. ദി ക്രിസ്ത്യൻ സെൻചുറി, “ഉത്ക്കണ്ഠയുടെ കാലം” എന്ന് വിളിക്കപ്പെട്ടിരുന്ന 1950കളോടും അല്ലെങ്കിൽ “തൻകാര്യ ദശകം” എന്നു വിളിക്കപ്പെട്ടിരുന്ന 1970കളോടും സമാനമായ ഒരു പേര് 1980കളുടെ ദശകത്തിന് നൽകുന്നു. അത് 1980കളെ “അത്യാഗ്രഹത്തിന്റെ യുഗം” എന്നു നാമകരണം ചെയ്യുന്നു!
ഇന്ന് മനുഷ്യർ കൂട്ടംകൂടുന്ന സ്ഥലത്തൊക്കെയും—ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും വലിയ സാമൂഹ്യക്കൂട്ടങ്ങളിലും—അത്യാഗ്രഹം കാണാൻ കഴിയും. അത് അതിന്റെ ദുഷിപ്പിക്കുന്ന സ്വാധീനം വ്യാപാരത്തിലും രാഷ്ട്രീയത്തിലും ലോകത്തിലെ മുഖ്യധാരാമതങ്ങളിൽപോലും കടത്തിവിട്ടിരിക്കുന്നു.
ഒട്ടുമിക്കപ്പോഴും അത്യാഗ്രഹം നിയമവിരുദ്ധമായ അഴിമതി അല്ലെങ്കിൽ വഞ്ചനയായി വികാസം പ്രാപിക്കുന്നു. ദൃഷ്ടാന്തത്തിന് ദി കാൻബറാ ടൈംസ ലോകത്തിലെ കാർ ഇൻഷുറൻസ് വഞ്ചനയുടെ മുൻപന്തിയിൽ നിന്നതിന്റെ ആശങ്കാകുലമായ ബഹുമതി ആസ്ത്രേലിയക്ക് കൊടുക്കുന്നു. ആസ്ത്രേലിയയിലെ ലോ സൊസൈററി ജേണൽ ഇപ്രകാരം പ്രസ്താവിച്ചുകൊണ്ട് ഇതിനെ പിന്താങ്ങുന്നതായി തോന്നുന്നു: “ഇൻഷുർ ചെയ്ത വ്യക്തികളുടെ വഞ്ചനാപരമായ അവകാശവാദങ്ങൾ⁄പ്രസ്താവനകൾ മൂലം ഇൻഷുറൻസ് കമ്പനികൾക്കും പരോക്തമായി ഇൻഷുർ ചെയ്ത വ്യക്തികൾക്കും ഓരോ വർഷവും ദശലക്ഷക്കണക്കിനു ഡോളറുകളുടെ നഷ്ടമുണ്ടാകുന്നു.” ആ ജേണൽ, “ഇത് പ്രത്യേകിച്ച് കൊള്ളിവെപ്പ്, വാർഫിലെ കൊള്ള, കാറുകളുടെയും ഗൃഹവസ്തുക്കളുടെയും ഇൻഷുറൻസ് എന്നിവയുടെ മണ്ഡലങ്ങളിൽ വർദ്ധമാനമായി ഗുരുതരമായിരിക്കുന്ന ഒരു പ്രശ്നമാണ്” എന്ന് കൂട്ടിച്ചേർക്കുന്നു.
അതുകൊണ്ട് അനേകം ആളുകൾ അത്യാഗ്രഹം എന്നെങ്കിലും തുടച്ചുനീക്കപ്പെടുമെന്ന ആശയത്തെ അപഹസിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുന്നത് എളുപ്പമാണ്. എന്തിന്, അത്യാഗ്രഹം എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും ഒരു അത്യാഗ്രഹവിമുക്തമായ ലോകം അസാദ്ധ്യമായ ഒരു സ്വപ്നം മാത്രമാണെന്നും അവർ വിചാരിക്കുന്നു.
അത്യാഗ്രഹം പിഴുതുമാററപ്പെടും
അസാദ്ധ്യമായി ധ്വനിക്കുന്ന മുകളിലത്തെ അവകാശവാദം എന്തടിസ്ഥാനത്തിലാണ് നടത്താൻ കഴിയുന്നത്? അത്യാഗ്രഹവിമുക്തമായ ജീവിതം ഇപ്പോൾതന്നെ നേടുന്നുണ്ട് എന്ന വസ്തുതയിലാണ് അത് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഈ നേട്ടം പൂർണ്ണമല്ലെങ്കിലും ഉചിതമായ വിദ്യാഭ്യാസത്താലും പ്രചോദനത്താലും എന്തു ചെയ്യാൻ കഴിയുമെന്ന് അത് കാണിക്കുകതന്നെ ചെയ്യുന്നു. തുടർന്നു വരുന്ന ലേഖനം അത്യാഗ്രഹമില്ലാത്ത ഒരു മുഴുലോകവും എങ്ങനെയുണ്ടായിരിക്കാൻ കഴിയുമെന്ന് കാണിക്കും. (w90 2⁄15)