വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
വന്ധ്യമെങ്കിലും അത്യാകർഷകമായ യഹൂദാ മരുഭൂമി
നിങ്ങളുടെ സങ്കൽപ്പത്തിലുള്ള വാഗ്ദത്ത നാട്ടിലെ യഹൂദാമരുഭൂമി ഏതു വിധമായിരിക്കും? വിശാലമായ ഒരു നിബിഡ വനത്തെക്കുറിച്ചു ചിലർ ചിന്തിക്കുന്നു. സഹാറാ മരുഭൂമിപോലെ അനന്തമായ ഒരു മണൽപ്പരപ്പ് മററു ചിലർ ഭാവനയിൽ കാണുന്നു.
രണ്ടു രൂപകൽപ്പനകളും മുകളിൽ ചേർത്തിരിക്കുന്ന ചിത്രത്തിൽ നിങ്ങൾ കാണുന്നതുപോലെ ഈ മരുഭൂമിക്ക് ചേരുന്നില്ല. ഈ ദൃശ്യത്തിൽ നിങ്ങൾ കാണുന്നത് യേശുവിനോട് ബന്ധപ്പെട്ട മരുഭൂമിയുടെ ഒരു ഭാഗമാണ്. സാത്താൻ യേശുവിനെ “ലോകത്തിലുള്ള സകല രാജ്യങ്ങളും” കാണിച്ചത് ഈ മലമുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. മരുഭൂമിയുടെ ഒരററത്തു സ്ഥിതിചെയ്യുന്ന ഈ മല കിഴക്കു യോർദ്ദാൻ താഴ്വരയിൽ ഈന്തപ്പനകളാൽ നിബിഡമായ യരീഹോ പട്ടണത്തെ അഭിമുഖീകരിച്ചു നിലകൊള്ളുന്നു.—മത്തായി 3:1; 4:1-11.
ഈ ഉത്തരപൂർവ്വ ഭാഗത്തു നിന്ന് യഹൂദാ മരുഭൂമി ചാവുകടലിന്റെ പശ്ചിമഭാഗത്തേക്ക് വ്യാപിച്ചു കിടക്കുന്നു. യഹോവയുടെ സാക്ഷികളുടെ 1989ലെ കലണ്ടറിന്റെ കവർ മാപ്പ് വീക്ഷിച്ചാൽ ഈ പ്രദേശത്തിന്റെ ചിത്രം നിങ്ങൾക്കു കാണാം. (മുകളിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ ഒരു വലിയ പതിപ്പും കലണ്ടറിലുണ്ട്) യഹൂദ്യ മലകളുടെ കിഴക്കേ ചരിവിൽ ചാവുകലടിന്റെ തീരങ്ങൾ വരെ പത്തു മുതൽ പതിനഞ്ചു മൈൽവരെ വീതിയിൽ മരുഭൂമി സ്ഥിതിചെയ്യുന്നു.
മെഡിറററേനിയൻ കടലിൽ നിന്നു വരുന്ന നീരാവിയിൽ അധികവും ഈ മലകൾ തടഞ്ഞു നിർത്തുന്നു. അതിനാൽ കടുപ്പമില്ലാത്ത ചുണ്ണാമ്പു കല്ലു നിറഞ്ഞ പൂർവ്വഭാഗത്തെ ശൂന്യമായ മലകളിൽ നവമ്പർ ഡിസംബർ എന്നീ ശീതകാല മാസങ്ങളിലൊഴിച്ച് മഴ ലഭിക്കുന്നില്ല. മഴ കിട്ടുമ്പോൾ പുല്ല് മുളച്ചു വരികയും ആട്ടിൻ പററങ്ങൾ ഇവിടെ മേയുകയും ചെയ്യുന്നു. ഇങ്ങനെ 1 ശമുവേൽ 24:3ൽ പരാമർശിച്ചിരിക്കുന്ന “പാറകളിലെ ആട്ടിൻ തൊഴുത്ത്” ഈ പ്രദേശത്തിനു സമുചിതമായി ചേരുന്നു.
ഇവിടെ വളരുന്ന പുല്ല് ഏറെനാൾ നിലനിൽക്കുന്നില്ല. മരുഭൂമിയിൽ നിന്നടിക്കുന്ന കിഴക്കൻകാററ് ഹരിതവർണ്ണം പെട്ടെന്നു വരണ്ട തവിട്ടു നിറമാക്കി മാററുന്നു. പ്രവാചക പരാമർശം ഇത് എത്ര നന്നായി ചിത്രീകരിക്കുന്നു: “പച്ചപ്പുല്ല് ഉണങ്ങുന്നു; പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ അത് അനിശ്ചിതകാലം നിലനിൽക്കുന്നു.”—യെശയ്യാവ് 40:8; 1 പത്രോസ് 1:24, 25.
നാൽപ്പതു രാവും നാൽപ്പതു പകലും ഈ മരുഭൂമിയിലൂടെ അലഞ്ഞു നടന്നപ്പോൾ യേശു ഈ തിരുവെഴുത്ത് അനുസ്മരിച്ചിരിക്കണം. വൃക്ഷ രഹിതമായ പാറകളിലും പിളർപ്പുകളിലും ആഞ്ഞടിക്കുന്ന ചുട്ടുപൊള്ളുന്ന വെയിലിൽ യേശുവിന് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് പരിചിന്തിക്കുക. (യെശയ്യാവ് 32:2) പിന്നീട് “ദൂതൻമാർ അടുത്തു വന്നു അവനെ ശുശ്രൂഷിക്കാൻ തുടങ്ങി” എന്നത് എത്ര അനുയോജ്യമായിരുന്നു!—മത്തായി 4:1-11.
യഹൂദ്യ മരുഭൂമിയുടെ ഊഷരത നിമിത്തവും നിവാസികളുടെ അഭാവം നിമിത്തവും ഇത് പലപ്പോഴും ഒരു അഭയസ്ഥാനമായി ഉപകരിച്ചു. ക്രുദ്ധനായ ശൗൽ രാജാവിൽ നിന്നു പലായനം ചെയ്തപ്പോൾ ദാവീദ് ഇവിടെ സംരക്ഷണം കണ്ടെത്തി. “വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശ”മായി അവൻ അതിനെ വിവരിച്ചു. (സങ്കീർത്തനം 63:1ഉം മേലെഴുത്തും; 1 ശമുവേൽ 23:29) കുറേ സമയത്തേക്ക് അവൻ ഒരു ഗുഹയിൽ ഒളിച്ചിരുന്നു. വാദി ഖരേത്തൂണിലുള്ള (ബേത്ലഹേമിനു കിഴക്കു ഭാഗത്തുനിന്നു ചാവുകടലിന്റെ ദിശയിൽ നീണ്ടു കിടക്കുന്ന ഒരു താഴ്വര) ഉം ക്വത്താഫാ ഗുഹപോലെ ഒരു ഗുഹയായിരിക്കാം ഇത്. (എബ്രായർ 11:32, 38) ഗുഹയിൽ നിന്നുള്ള ഈ ദൃശ്യത്തിൽ വലതുവശത്ത് താഴെയായി അങ്ങിങ്ങായുള്ള പച്ചിലകൾ തേടി ചില കറുത്ത ആടുകൾ നടക്കുന്നത് നിങ്ങൾക്കു കാണാം.
എൻ-ഗെദി എന്ന പ്രദേശത്തെ ഒരു ഗുഹക്കുള്ളിൽ ദാവീദ് ഇരിക്കുമ്പോഴായിരുന്നു ശൗൽ വിസർജ്ജനത്തിനായി അതിനുള്ളിൽ കടന്നത്. ശൗലിന്റെ അങ്കിയുടെ വിളുമ്പ് ദാവീദ് മുറിച്ചെടുത്തുവെങ്കിലും അവൻ “യഹോവയുടെ അഭിഷിക്തനെ” ഉപദ്രവിച്ചില്ല. പിന്നീട് ദാവീദ് ശൗലിനെ വിളിച്ചത് രാജാവ് ഗുഹക്കുപുറത്ത് സമൃദ്ധമായ ഇലച്ചാർത്തിനിടയിൽ എത്തിയപ്പോഴായിരുന്നിരിക്കാം. (1 ശമുവേൽ 24:1-22) ‘ഇവിടെ സമൃദ്ധമായ ഇലച്ചാർത്തോ?’ എന്നു നിങ്ങൾ അതിശയിച്ചേക്കാം.
ഉവ്വ്, ആവശ്യത്തിനു വെള്ളമുള്ളപ്പോൾ ഈ മരുഭൂമിയും പുഷ്പിക്കും. എൻ-ഗെദി ഒരു ഉദാഹരണമാണ്. സുഷിരിതമായ പാറകളിലൂടെ ഊറിയിറങ്ങുന്ന ജലം ചാവുകടലിന്റെ പശ്ചിമ തീരത്തേക്കു തുറക്കുന്ന ഈ താഴ്വരയിൽ നീരുറവുകളായും ജലപാതങ്ങളായും പ്രത്യക്ഷമാകുന്നു. ഇത് എൻ-ഗെദിയെ സസ്യജാലനിബിഡമായ ഒരു അസ്സൽ വനമാക്കിത്തീർക്കുന്നു. ഇവിടം സന്ദർശിക്കുമ്പോൾ അനേകതരം പുഷ്പങ്ങളും പഴങ്ങളും കാണാൻ കഴിയും. കുഴിമുയലുകൾ മുതൽ കാട്ടാടുകൾ വരെ നാനാതരം ജന്തുവർഗ്ഗവും നിങ്ങൾക്കു കാണാൻ കഴിയും; പുള്ളിപ്പുലികൾ പോലും ഈ പ്രദേശത്തുണ്ട്!—1 ശമുവേൽ 24:2; ശലോമോന്റെ ഗീതം 1:14.
ഊഷരമായ യഹൂദാ മരുഭൂമിക്ക് ഇത്രയേറെ പച്ചയണിയാൻ കഴിയുമെന്നുള്ളത് യരൂശലേം ദേവാലയത്തിൽ നിന്നു ജലം നിർഗ്ഗമിക്കുന്നതായുള്ള യെഹസ്ക്കേലിന്റെ ദർശനം നന്നായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹൂദാ മരുഭൂമിയിലൂടെ കിഴക്കോട്ടൊഴുകുന്ന ഒരു നദിയായിത്തീരുന്നതുവരെ പ്രവാഹം വർദ്ധിച്ചു. ഫലമെന്തായിരുന്നു? യെഹെസ്ക്കേൽ എഴുതി: “നോക്കൂ! നദീ തീരത്ത് എല്ലാത്തരം വൃക്ഷങ്ങളും വളരുന്നു . . . അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശമനത്തിനും ഉപകരിക്കുന്നു.” നിർജ്ജീവമായ ചാവുകടലിനെപ്പോലും ഭേദപ്പെടുത്തിക്കൊണ്ട് വെള്ളം അതിലേക്ക് ഒഴുകി.—യെഹെസ്ക്കേൽ 47:1-12; യെശയ്യാവ് 35:1, 6, 7.
അതുകൊണ്ട് യഹൂദാ മരുഭൂമി അർദ്ധ ഊഷരവും ശൂന്യവുമാണെങ്കിലും അനേകം ബൈബിൾ വിവരണങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള അന്തരങ്ങളുടെ ഒരു മനോഹര ദേശവും കൂടെയാണ് അത്.—ലൂക്കോസ് 10:29-37. (w89 11/1)
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.